ക്രൈസ്തവ മതദർശനത്തെ സമകാലിക ലോകയാഥാർത്ഥ്യങ്ങൾക്കനുസൃതമായി പുനർവ്യാഖ്യാനം ചെയ്യാനുള്ള പരിശ്രമമാണ് ഫ്രാൻസിസ് മാർപാപ്പയെ വ്യത്യസ്തനാക്കുന്നത്. 1960-കളിൽ ജോൺ 23-–ാമൻ മാർപാപ്പയ്ക്കുശേഷം ഫ്രാൻസിസ് മാർപാപ്പയാണ് ഇത്തരമൊരു മതനവീകരണ ദൗത്യം ഏറ്റെടുത്തത്.
ജോൺ മാർപാപ്പയുടെ കാലവും ഫ്രാൻസിസ് മാർപാപ്പയുടെ കാലവും തമ്മിൽ ആറ് പതിറ്റാണ്ടിന്റെ അന്തരമുണ്ട്. അറുപതുകളിൽ കൊളോണിയൽ-–നിയോകൊളോണിയൽ ചൂഷണത്തിന്റെ ഫലമായുള്ള ദാരിദ്ര്യമായിരുന്നു കേന്ദ്ര പ്രശ്നം. ഇന്നും അസമത്വവും ദാരിദ്ര്യവും തന്നെയാണ് കേന്ദ്ര പ്രശ്നം; പക്ഷേ, നിയോലിബറൽ ആഗോളവൽക്കരണത്തിന്റെ കാലമാണ് ഇന്ന്. സാമ്രാജ്യത്വം, കൊളോണിയലിസം, നിയോകൊളോണിയലിസം തുടങ്ങിയവ പൊതുമണ്ഡലങ്ങളിലെ വ്യവഹാരങ്ങളിൽനിന്ന് ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. യൂറോപ്പിലെ സോഷ്യലിസം തകർന്നു. മുതലാളിത്തത്തിനു ബദലില്ലെന്നു വാദിക്കുന്നവരുടെ എണ്ണം കൂടി.
വിമോചന ദൈവദർശനത്തിന്റെ പുനരവതാരം
സോഷ്യലിസത്തിനേറ്റ തിരിച്ചടി ആഗോള തലത്തിൽതന്നെ പുരോഗമന ചിന്താഗതികൾക്ക് തിരിച്ചടിയായി. അറുപതുകളിലും എഴുപതുകളിലും ലിബറേഷൻ തിയോളജി അഥവാ ക്രിസ്തുമത ദർശനത്തിന്റെ വിപ്ലവകരമായ പുനർവ്യാഖ്യാനം ഉച്ഛസ്ഥായിയിൽ ആയിരുന്നു. എന്നാൽ പുതിയ കാലത്ത് ഇതുപോലുള്ള ചിന്താഗതികൾ പുറകോട്ടടിച്ചു. ഇത്തരമൊരു കാലഘട്ടത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ സ്വരം വേറിട്ടു നിന്നത്.
മാര്‍പാപ്പയുടെ ആദ്യ പ്രാമാണിക രേഖയായ “സുവിശേഷത്തിന്റെ ആനന്ദ’ത്തിൽ സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുളള വിമർശനപരമായ വിശകലനം തെളിഞ്ഞു കാണാനാകും. ഭൂരിപക്ഷം ജനങ്ങളുടെയോ മനുഷ്യരാശിയുടെ തന്നെയോ പൊതുതാല്‍പര്യങ്ങളെ പരിഗണിക്കാത്ത ധനമൂലധനത്തിന്റെ ആധിപത്യത്തിലാണ് ആഗോള സമ്പദ്-വ്യവസ്ഥ. പുതിയ സ്വര്‍ണ കാളക്കൂറ്റന്മാര്‍ ആരാധനാവിഗ്രഹങ്ങളായിത്തീര്‍ന്നിരിക്കുന്നു. ഇതിന്റെ ഫലമായി മനുഷ്യർ തമ്മിലുളള സാമ്പത്തിക അകലം ദിനംതോറും വര്‍ദ്ധിച്ചുവരികയാണ്. ലോകത്തുളള മുഴുവന്‍പേരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാനുളള വകയിന്ന് ലോകത്തുണ്ടെങ്കിലും ഭൂരിപക്ഷംപേര്‍ക്കും അവ നിഷേധിക്കപ്പെടുന്നു.
സാമ്പത്തിക വളർച്ച, എല്ലാവർക്കും നീതി സ്വാഭാവികമായി ലഭ്യമാക്കുമെന്നത് ഫ്രാൻസിസ് മാർപാപ്പ വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ചൊല്ലുകളിലൊന്ന് കിനിഞ്ഞിറങ്ങൽ സിദ്ധാന്തത്തെക്കുറിച്ചുള്ളതാണ്: ‘‘സമ്പത്തിന്റെ കപ്പ് നിറയുമ്പോൾ അത് കവിഞ്ഞൊഴുകി മേശയ്ക്ക് താഴെയിരിക്കുന്നവർക്കും ലഭ്യമാകുമെന്നാണ് പറയുക. എന്നാൽ അങ്ങനെയല്ല അനുഭവം. കാരണം, സമ്പന്നരുടെ കപ്പ് നിരന്തരം വലുതായിക്കൊണ്ടിരിക്കുകയാണ്.’’ ഇതിൽപ്പരം ലളിതമായി കിനിഞ്ഞിറങ്ങൽ സിദ്ധാന്തത്തെ തൊലിയുരിച്ചു കാണിക്കാനാകുമോ? ധനമൂലധനത്തിന് സർവ്വസ്വാതന്ത്ര്യവും കല്പിച്ചുകൊടുക്കുന്ന പുതിയ വ്യവസ്ഥയെ നിരന്തരമായി അദ്ദേഹം വിമർശിച്ചുവന്നു.
നിയോലിബറലിസത്തെക്കുറിച്ചുള്ള നിശിതമായ വിമർശനമാണ് മാർപാപ്പയുടെ സാമ്പത്തിക ദർശനത്തിന്റെ കാതൽ. മാനുഷികമൂല്യങ്ങൾക്കതീതമായി കമ്പോളം സ്വതന്ത്രമാവുകയും വർദ്ധിക്കുന്ന അസമത്വംമൂലം കമ്പോളം കൂടുതൽ കൂടുതൽ പണാധിപത്യത്തിനു കീഴ്പ്പെടുകയും ചെയ്യുമ്പോൾ ക്രൈസ്തവ ധാർമികമൂല്യങ്ങൾ പാലിക്കാൻ കഴിയാതെ വരും. “എല്ലാവരും സഹോദരന്മാർ” എന്ന ചാക്രിക ലേഖനത്തിലാണ് ഈ സംഘർഷം അദ്ദേഹം ഏറ്റവും വ്യക്തമായി പ്രതിപാദിക്കുന്നത്.
ട്രംപിനെപ്പോലുള്ള സങ്കുചിത ദേശീയതയുടെ വക്താക്കൾ ബഹുരാഷ്ട്രവേദികളെ തകർക്കുകയും കൈയൂക്കിന്റെ യുക്തിയിൽ ലോകത്തെ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്ന സമീപകാലത്തെ സ്ഥിതിവിശേഷം അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കി. ട്രംപിന്റെ ഒന്നാം ഭരണകാലത്തും ഇപ്പോഴും ഈ നീരസം അദ്ദേഹം മറച്ചുവച്ചിരുന്നുമില്ല. സ്വാഭാവികമായും യാഥാസ്ഥിതിക മുഖ്യധാരാ സാമ്പത്തികവിദഗ്ധരുടെ നിശിതമായ വിമർശനത്തിന് ഫ്രാൻസിസ് മാർപാപ്പ വിധേയനായി.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം – മാർപാപ്പയുടെ തിരുത്ത്
ഫ്രാൻസിസ് മാർപാപ്പയുടെ സാമൂഹ്യദർശനത്തിലെ നൂതനചിന്താഗതി പരിസ്ഥിതിയെ സംബന്ധിച്ചുള്ളതാണ്. ക്രൈസ്തവ മതദര്‍ശനത്തില്‍ പരിസ്ഥിതി സംബന്ധിച്ച് രണ്ടു ധാരകള്‍ കാണാം. ഒന്നാമത്തേത് ഉല്‍പത്തിപ്പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിലെ 28-–ാം വാക്യമാണ്: ഇവിടെ ദൈവം ഭൂമിയുടെ ചരാചരങ്ങള്‍ക്കുമേല്‍ മനുഷ്യനെ അധിപനാക്കുന്നു. ഇതിനെ വ്യാഖ്യാനിച്ചുകൊണ്ടാണ് മനുഷ്യന് പ്രകൃതിയെ എത്രമാത്രം ചൂഷണം ചെയ്യാനും മാറ്റിമറിക്കാനുമുളള സ്വാതന്ത്ര്യമുണ്ട് എന്ന പ്രവര്‍ത്തനരീതിയ്ക്ക് ന്യായം കണ്ടെത്തുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വ്യാഖ്യാനത്തെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഇങ്ങനെ നിരാകരിക്കുന്നു:
‘‘ചിലപ്പോഴെല്ലാം ക്രിസ്ത്യാനികള്‍ വിശുദ്ധഗ്രന്ഥത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്നത് ശരിതന്നെ… മറ്റു സൃഷ്ടികളുടെമേല്‍ സമ്പൂര്‍ണമായി ആധിപത്യം പുലര്‍ത്തുന്നതിനെ നീതീകരിക്കുന്നു എന്ന ആശയത്തെ ശക്തിയുക്തം തളളിക്കളയണം’’. എന്നാല്‍ ഇക്കാര്യത്തിൽ ഉല്‍പത്തി പുസ്തകം രണ്ടാം അധ്യായത്തിലെ പതിനഞ്ചാം വാക്യത്തിലാണ് അദ്ദേഹം ഊന്നുന്നത്. അവിടെ ലോകമായ തോട്ടത്തിൽ കൃഷി ചെയ്യാനും പരിപാലിക്കാനുമാണ് ദൈവം ആവശ്യപ്പെടുന്നത്. പാരിസ്ഥിതിക പരിപാലനമെന്ന ഒരു പരസ്പര ഉത്തരവാദിത്ത ബന്ധം പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടെന്നുളള ചിന്താസരണി ഈ വാക്യത്തിന്റെ വ്യാഖ്യാനത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ഈയൊരു മതദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ “നമ്മുടെ പൊതുഭവനത്തിനു സംഭവിക്കുന്നതെന്ത്’ എന്ന ചാക്രിക ലേഖനത്തിൽ ആഗോള പാരിസ്ഥിതിക തകർച്ചയെ വിശകലനം ചെയ്യുന്നത്.
ഒന്നാം അധ്യായം തന്നെ ഇവ സംബന്ധിച്ചുള്ള വിവരണമാണ്: മലിനീകരണം കാലാവസ്ഥാ വ്യതിയാനത്തിലേയ്ക്കു നയിക്കുന്നു. കാലാവസ്ഥപോലെതന്നെ ഒരു പൊതുനന്മയായ ശുദ്ധജലവും അപകടത്തിലാണ്. പ്രകൃതി വിഭവങ്ങള്‍ പലതും ശോഷിച്ചുകൊണ്ടിരിക്കുകയാണ്. അനതിവിദൂര കാലത്ത് അവയില്‍ പലതും ഉപയോഗിച്ചു തീരും. ജൈവവൈവിധ്യത്തിന്റെ തിരോധാനം മനുഷ്യഭാവിയെ ശുഷ്കമാക്കുന്നു. ഇവയൊക്കെ മനുഷ്യജീവിതത്തിന്റെ ജീവിതഗുണമേന്മയെ അധഃപതിപ്പിക്കുകയും സാമൂഹ്യത്തകര്‍ച്ചയിലേയ്ക്കു നയിക്കുകയും ചെയ്യുന്നു. ഇതിന്റെ തിക്തഫലങ്ങള്‍ ഏറിയകൂറും പേറുന്നത് പാവപ്പെട്ടവരും ദുര്‍ബല വിഭാഗങ്ങളുമാണ്. പക്ഷേ, നാം വിനാശത്തിലേയ്ക്കു നീങ്ങുകയാണെങ്കിലും പ്രതികരണങ്ങള്‍ ഇന്നും ദുര്‍ബലമാണ്.
എന്തുകൊണ്ട് ഈ സ്ഥിതിവിശേഷം എന്നതിനുളള പൂര്‍ണ ഉത്തരം ലഭിക്കണമെങ്കില്‍ മാര്‍പാപ്പയുടെ ആദ്യ പ്രാമാണിക രേഖയായ “സുവിശേഷത്തിന്റെ ആനന്ദ’ത്തിലെ സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുളള വിശകലനം വായിക്കണം: ഉപഭോഗത്തിനായുളള അനന്തമായ ആര്‍ത്തിയാണ് ആധുനിക മനുഷ്യന്റെ സ്വഭാവം. ഈ ഉപഭോക്തൃ സംസ്കാരം അനിവാര്യമാക്കുന്ന സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥയാണ് മുതലാളിത്തം. ഉല്‍പാദനത്തെ നിരന്തരമായി ഉയര്‍ത്തിക്കൊണ്ടല്ലാതെ മുതലാളിത്തത്തിന് വളരാനാവില്ല. ഇങ്ങനെയുണ്ടാകുന്ന അധികഉല്‍പാദനത്തെ വിറ്റഴിക്കണമെങ്കില്‍ ഉപഭോഗതൃഷ്ണ വളര്‍ത്തിയേ പറ്റൂ. വലിച്ചെറിയാവുന്ന ഉല്‍പന്നങ്ങളാണ് അഭികാമ്യം. ആവശ്യത്തിനു വേണ്ടിയല്ലാതെ ആര്‍ത്തിയ്ക്കുവേണ്ടിയായിത്തീരുന്ന ഉല്‍പാദനം. ഏതുല്‍പന്നത്തിന്റെയും വിലയുടെ സിംഹഭാഗവും പരസ്യച്ചെലവുകളായി മാറുന്നു. അങ്ങനെ ആധുനിക സാമൂഹ്യ വ്യവസ്ഥ ഒരു ദുര്‍വ്യയവ്യവസ്ഥയായിത്തീരുന്നു. ഇതാണ് മൂര്‍ച്ഛിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.
പരിഹാരം എങ്ങനെ?
മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ സ്വയം നാശത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുഖ്യമായും രണ്ടുതലത്തിലുളള ഇടപെടലുകളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു നിര്‍ദ്ദേശിക്കാനുളളത്. ആദ്യത്തേത് പരിസ്ഥിതിയെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ നടക്കേണ്ട സംവാദമാണ്. 1992ല്‍ റിയോ ഡി ജെനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയും തുടര്‍ സമ്മേളനങ്ങളും അദ്ദേഹം വിശദമായി പരിശോധിക്കുന്നുണ്ട്. പക്ഷേ, ഈ ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്താത്തതിനു കാരണം അമേരിക്കപോലുളള വികസിതരാജ്യങ്ങള്‍ സ്വീകരിക്കുന്ന സമീപനമാണ് എന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയമില്ല. ഇന്ന് വികസിതരാജ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന കാര്‍ബണ്‍ ക്രെഡിറ്റ് പോലുളള സംവിധാനങ്ങള്‍ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാന്‍ തികച്ചും അപര്യാപ്തമാണ്. ആഗോള പാരിസ്ഥിതിക പ്രതിസന്ധി പരിഹരിക്കാന്‍ പങ്കാളികളാവുക എന്ന ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെങ്കിലും കൂടുതല്‍ ഉത്തരവാദിത്തം വികസിതരാജ്യങ്ങള്‍ക്കാണ്. ഇതോടു ബന്ധപ്പെടുത്തി വികസിതരാജ്യങ്ങളുടെ പാരിസ്ഥിതിക കട ഉത്തരവാദിത്തത്തെക്കുറിച്ച് മാര്‍പാപ്പ പറയുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് “അവികസിതരാജ്യങ്ങള്‍ തിരിച്ചടയ്ക്കാനുളള കടത്തെക്കാള്‍ എത്രയോ വലുതാണ് വികസിത രാജ്യങ്ങള്‍ നല്‍കാനുളള പാരിസ്ഥിതിക കടം’ എന്ന ഫിദല്‍ കാസ്ട്രോയുടെ പ്രഖ്യാപനമാണ്.
അന്തര്‍ദേശീയ തലത്തില്‍ മാത്രമല്ല, ദേശീയ, സംസ്ഥാന, മുനിസിപ്പാലിറ്റി (പഞ്ചായത്ത്) തലങ്ങളില്‍ പുതിയ നയങ്ങള്‍ക്കായുളള സംവാദം നടക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാണിക്കുന്നു. ആഗോളസംവാദത്തിലെ വിജയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രാദേശികമായ ഇടപെടല്‍ സാധ്യമാകൂ എന്ന നിലപാട് ശരിയല്ല. ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി ഇടപെടുക എന്നതാണല്ലോ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ കേന്ദ്ര മുദ്രാവാക്യം. ഇത്തരത്തില്‍ ഓരോ രാജ്യത്തിനകത്തും പ്രാദേശികമായി ഇടപെടേണ്ട കാര്യങ്ങളുടെ നീണ്ട ലിസ്റ്റുതന്നെ അദ്ദേഹം നല്‍കുന്നുണ്ട്. അഴിമതി നിര്‍മാര്‍ജനം, മലിനീകരണം തടയല്‍, ദുര്‍വ്യയം ഒഴിവാക്കുന്ന വ്യവസായ ഉല്‍പാദനരീതികളും ഗതാഗത സമ്പ്രദായങ്ങളും കെട്ടിടനിര്‍മ്മാണവും സ്ഥായിയായ കൃഷിയുമെല്ലാം ഇതില്‍പ്പെടും. ഇതിന് അനുഗുണമായ രാഷ്ട്രീയസംസ്കാരം പ്രധാനമാണ്. ‘‘പെട്ടെന്നുളള ഫലങ്ങളില്‍ മാത്രം താല്‍പര്യം കാണിക്കുന്ന രാഷ്ട്രീയം ഹ്രസ്വകാല വളര്‍ച്ചയിലേയ്ക്കേ നയിക്കൂ. ഉപഭോഗ നിലവാരത്തെ ബാധിക്കുന്നതോ വിദേശനിക്ഷേപത്തിന് പ്രയാസമുണ്ടാക്കുന്നതോ ആയ നടപടികളെടുക്കാന്‍ വോട്ടു ബാങ്കില്‍ കണ്ണുളള സര്‍ക്കാരുകള്‍ വൈമനസ്യം കാണിക്കുന്നു… ദീര്‍ഘവീക്ഷണമുളള അജൻഡ ഉള്‍പ്പെടുത്താന്‍ കക്ഷി രാഷ്ട്രീയത്തിന്റെ ഹ്രസ്വദൃഷ്ടി താമസം വരുത്തുന്നു’’.
നമ്മുടെ ഗ്രഹത്തിലെ ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങള്‍ ഭൂമിയ്ക്കാകെയും മനുഷ്യരാശിയുടെ ഭാവിയ്ക്കും പ്രാധാന്യമര്‍ഹിക്കുന്നവയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹം തുടരുന്നു, ‘‘ഉഷ്ണമേഖലയിലെ വനങ്ങളുടെ ആവാസവ്യവസ്ഥിതി വലിയ തോതില്‍ സങ്കീര്‍ണമായ ജൈവവൈവിധ്യമുളളവയാണ്. അവയെ പൂര്‍ണമായി വിലമതിക്കുക ഏതാണ്ട് അസാധ്യമാണ്. ഇത്തരം വനങ്ങള്‍ കൃഷിയ്ക്കു വേണ്ടി കത്തിക്കുകയോ ഇടിച്ചു നിരപ്പാക്കുകയോ ചെയ്യുമ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുളളില്‍ അസംഖ്യം ജീവജാലവംശങ്ങള്‍ നഷ്ടപ്പെടുകയും ആ പ്രദേശങ്ങള്‍ മിക്കപ്പോഴും വരണ്ട മരുഭൂമികളായിത്തീരുകയും ചെയ്യുന്നു…. അസ്പൃശ്യ വനത്തെ മാറ്റി അതിന്റെ സ്ഥാനത്ത് പുതിയ മരങ്ങള്‍ – മിക്കവാറും ഏക വര്‍ഗം – നട്ടു പിടിപ്പിക്കുമ്പോള്‍ അത് ജൈവവൈവിധ്യത്തെ ഗൗരവപൂര്‍ണമാംവിധം നശിപ്പിക്കും’’. ഒറ്റപ്പെട്ടുപോകുന്ന വനപ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന മൃഗങ്ങളുടെ വഴിത്താരകളുടെ പ്രാധാന്യത്തെക്കുറിച്ചും മാര്‍പാപ്പ പരാമര്‍ശിക്കുന്നുണ്ട്. കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെ എങ്ങനെ സംരക്ഷിക്കാം, മണ്ണിനെയും ജലത്തെയും എങ്ങനെ സംരക്ഷിക്കാം, പ്രകൃതി സന്തുലനാവസ്ഥ എങ്ങനെ ഉറപ്പുവരുത്താം എന്നീ കാര്യങ്ങളെക്കുറിച്ച് ഒരു പുതിയ സംവാദത്തിന് തുടക്കംകുറിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ലൗദാത്തോസി എന്ന ചാക്രിക ലേഖനത്തിന് കഴിയും.
കരുണയുടെ കാഴ്ചപ്പാട്
ഫ്രാൻസിസ് മാർപാപ്പയുടെ ദർശനത്തിലെ മൂന്നാമത്തെ ശക്തമായ ധാര, ലോകമെമ്പാടും വളർന്നുവരുന്ന നിയോഫാസിസ്റ്റ് വംശീയ – കുടിയേറ്റവിരുദ്ധ ശക്തികളോടുള്ള എതിർപ്പാണ്. കുടിയേറ്റക്കാരുടെ അവകാശങ്ങളെക്കുറിച്ചും അവരോട് കാരുണ്യത്തോടെ പെരുമാറേണ്ടതിനെക്കുറിച്ചും അദ്ദേഹം നിരന്തരം വേവലാതിപ്പെട്ടു. ഇസ്ലാമോഫോബിയയെ എതിർത്തു. ഗാസ കൂട്ടക്കുരുതി തുടങ്ങിയ നാൾ മുതൽ എല്ലാ ദിവസവും അവിടുത്തെ കത്തോലിക്ക പള്ളി ഇടവകക്കാരുമായി മാർപാപ്പ വീഡിയോകോളുകളിൽ ഏർപ്പെടുമായിരുന്നു.
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നൊരു നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നോ? ചില സന്ദർഭങ്ങൾ ഈ ആപ്തവാക്യത്തെ അനുസ്മരിപ്പിക്കുന്നവയാണ്. എന്റെ മനസ്സിൽ വരിക നാലോ അഞ്ചോ വയസുള്ള ഒരു ബാലനോടുള്ള അദ്ദേഹത്തിന്റെ സംസാരമാണ്. അവന്റെ അച്ഛൻ നിരീശ്വരവാദി ആയിരുന്നു. അവൻ പാപ്പയോട് ചോദിച്ച ചോദ്യം മരിച്ചുപോയ അച്ഛൻ സ്വർഗത്തിൽ പോകുമോ എന്നുള്ളതായിരുന്നു. കരയുന്ന കുട്ടിയെ ചേർത്തുപിടിച്ച് ഫ്രാൻസിസ് മാർപാപ്പ അവന്റെ ചെവിട്ടിൽ പറഞ്ഞു-, ‘‘അച്ഛൻ നല്ല മനുഷ്യൻ ആയിരുന്നല്ലോ? നല്ലവരെല്ലാം സ്വർഗത്തിൽ പോകും’’. “ഞാൻ ആരാണ് വിധി കൽപ്പിക്കാൻ?” എന്ന അദ്ദേഹത്തിന്റെ ആത്മഗതവും പ്രസിദ്ധമാണ്.
സ്വാഭാവികമായും ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചവർ പള്ളിയുടെ ഉന്നതശ്രേണിയിൽപ്പോലും ഉണ്ടായിരുന്നു. ലോകത്തെ തീവ്രവലതുപക്ഷ ശക്തികളെല്ലാം ഫ്രാൻസിസ് മാർപാപ്പയുടെ പല നിലപാടുകളെയും ശക്തമായി അപലപിച്ചിട്ടുണ്ട്. പക്ഷേ, ഫ്രാൻസിസ് മാർപാപ്പ അതുകൊണ്ടൊന്നും കുലുങ്ങിയില്ല. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അദ്ദേഹം നടത്തിയ അവസാന പ്രസംഗംപോലും ഗാസയിലെ മനുഷ്യക്കുരുതിക്കെതിരായിട്ടായിരുന്നു എന്നത് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. l



