Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറിഅധികാരത്തിന്റെ 
അഴിച്ചുപണിയുടെ ശബ്ദം

അധികാരത്തിന്റെ 
അഴിച്ചുപണിയുടെ ശബ്ദം

1 ചരിത്രം സൃഷ്ടിച്ച പാപ്പ
ത്തോലിക്കാ സഭയുടെ 266–ാമത്തെ മാര്‍പാപ്പയാണ് കാലം ചെയ്തത്. 1200 വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ യൂറോപ്യനല്ലാത്ത മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. ഈശോ സഭയുടെ ആദ്യത്തെ മാര്‍പാപ്പയും; ഇറ്റാലിയന്‍ വംശജനായ ഇദ്ദേഹം ഇറ്റലിയില്‍ നിന്നും മുസോളിനിയുടെ ഫാസിസത്തില്‍ നിന്നും നാടുവിട്ട കുടുംബത്തിലെ അംഗമാണ്. അര്‍ജന്റീനയില്‍ വളര്‍ന്ന അദ്ദേഹം പാപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബെനഡിക്ട് പതിനാറാമന്‍ രാജിവച്ച ഒഴിവിലാണ്. എന്തുകൊണ്ടാണ് 26 വര്‍ഷത്തിലധികം പാപ്പയായിരുന്ന ജോണ്‍പോള്‍ രണ്ടാമനുശേഷം വന്ന ബെനഡിക്ട് എട്ടു കൊല്ലത്തില്‍ താഴെ ഭരണം നടത്തി ആരോഗ്യ കാരണങ്ങള്‍ പറഞ്ഞു രാജിവച്ചത്? പക്ഷേ 2013þല്‍ വിരമിച്ച അദ്ദേഹം 2022 അവസാനമാണ് മരിക്കുന്നത്. പുതിയ പാപ്പയായി പേര് സ്വീകരിക്കുന്നതില്‍ ജോര്‍ജ് ബര്‍ഗോളിയോ ഒരു പുതുമ സൃഷ്ടിച്ചു. ഇന്നുവരെ ആരും സ്വീകരിക്കാത്ത ഫ്രാന്‍സിസ് എന്ന പേരാണ് സ്വീകരിച്ചത്.

മൂന്നാം കുരിശു യുദ്ധത്തില്‍ കുരിശുയുദ്ധക്കാരോട് വിയോജിച്ചുതന്നെ നിയന്ത്രണ രേഖ കടന്നു മാലിക് അല്‍ കമിലിനെ കണ്ടു സുല്‍ത്താനുമായി സൗഹൃദം സൃഷ്ടിച്ച ഫ്രാന്‍സിസ് അസ്സീസിയുടെ പേരാണ് ബര്‍ഗോളിയോ സ്വീകരിച്ചത്. 12 കൊല്ലത്തെ ഫ്രാന്‍സിസിന്റെ ഭരണകാലത്ത് 14 അറബി രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് മുസ്ലിം സഹോദരങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. എന്തുകൊണ്ട് അദ്ദേഹം മുസ്ലീങ്ങളുമായി നല്ല ബന്ധത്തിന് പ്രാധാന്യം നല്‍കി? ലോകത്തിലെ രണ്ടു പ്രധാന മതങ്ങളാണ് 238 കോടിയുള്ള ക്രൈസ്തവരും 190 കോടിയുള്ള ഇസ്ലാം വിശ്വാസികളും. ഈ രണ്ടു മതങ്ങള്‍ തമ്മില്‍ നല്ല ബന്ധം ലോകത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. ഇതിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത് സാമുവല്‍ ഹണ്ടിങ്ടണ്‍ നടത്തിയ പ്രവചനമാണ്. ലോകത്തില്‍ ഇനി ഉണ്ടാകാന്‍ പോകുന്നത് നാഗരികതയുടെ സംഘട്ടനമാണ് എന്നായിരുന്നു പ്രവചനം. അതിലൂടെ അദ്ദേഹം അര്‍ത്ഥമാക്കിയത് യൂറോപ്യന്‍ നാഗരികതയും അറബി നാഗരികതയും ഏറ്റുമുട്ടാനുള്ള സാധ്യതയാണ്. ഈ പ്രതിസന്ധി സംഭവിക്കാതിരിക്കാനുള്ള ക്രിയാത്മക നടപടിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ തുടങ്ങിവച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ചതും സാധാരണ മനുഷ്യരുടെ മനസ്സുകളിൽ മുദ്രപതിപ്പിച്ചതും അദ്ദേഹം ഇരുന്ന കസേരയുടെ സ്ഥാന മഹിമ കൊണ്ടുമാത്രമല്ല, ആ വ്യക്തിത്വത്തിന്റെ തനിമ കൊണ്ടുകൂടിയാണ്. ജാതി, ദേശം, ഗോത്രം, വര്‍ണ്ണം ഇവ അവഗണിച്ച് മനുഷ്യനെ സ്നേഹിക്കുകയും മനുഷ്യന്റെ വേദന മനസ്സിലാക്കിയുണ്ടായ മുറിവില്‍ നിന്ന് സംസാരിക്കുകയും ചെയ്ത മനുഷ്യസ്നേഹി എന്നതാണ് അദ്ദേഹത്തെ ലോകമനഃസാക്ഷിയുടെ ശബ്ദമാക്കിയത്. ഫാസിസത്തെ ഭയന്ന് അഭയാര്‍ഥികളായി അര്‍ജന്റീനയിലേക്ക് കപ്പല്‍ കയറിയ കുടുംബാംഗം എന്ന വിധത്തില്‍ വര്‍ഗീയതകളുടെ സംഘര്‍ഷഫലമായി അഭയാര്‍ഥിയാകുന്നതും ജീവനുവേണ്ടി അലയുന്നതും സൃഷ്ടിച്ച ആകാംക്ഷയും വേദനയും സ്വയം പേറിയാണ് യുദ്ധത്തില്‍ നിന്ന് അഭയം തേടുന്ന മുസ്ലീങ്ങള്‍ക്ക് യൂറോപ്പില്‍ അഭയം നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തത്. ഇതില്‍ പോലും ഒരു ക്രിസ്തീയ വീക്ഷണമുണ്ട്. ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രമല്ല; ക്രിസ്തു മനുഷ്യര്‍ക്കുവേണ്ടിയാണ്, ലോകത്തിനുവേണ്ടിയാണ് എന്ന വീക്ഷണം.

2 വിമര്‍ശകനായ പാപ്പ
ഫ്രാന്‍സിസ് മാര്‍പാപ്പ 2013þല്‍ സ്ഥാനം സ്വീകരിച്ചിട്ട് അധികം കഴിയാതെ നടത്തിയ ഒരു പ്രസ്താവന ഒരു ഉതപ്പായിരുന്നു. ‘പാപ്പാസ്ഥാനത്തിന്റെ കുഷ്ഠമാണ് അരമന’ (The Court is the Leprosy of The Papacy). ഈ വിമര്‍ശനത്തില്‍ തന്റെ മുന്‍ഗാമി രാജിവച്ചതിന്റെ രഹസ്യമുണ്ട്. വത്തിക്കാന്‍ ഭരണ വ്യവസ്ഥിതിയെക്കുറിച്ച് നടത്തിയ രൂക്ഷമായ ഒരു വിമര്‍ശനമായിരുന്നു അത്.

പാപ്പയുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം സിസ്റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്തവരോടു കൂടി കുര്‍ബാന അര്‍പ്പിച്ചപ്പോള്‍ ഫ്രാന്‍സിസ് ചെയ്ത പ്രഭാഷണം എല്ലാവരെയും അല്പം അമ്പരിപ്പിച്ചതായിരുന്നു. ഫ്രാന്‍സിസ് സഭയെ ബാധിച്ചിരിക്കുന്ന ഗൗരവമായി മാറുന്ന ഒരു രോഗവിവരമാണ് പുറത്തുവിട്ടത്. ആ രോഗത്തിന്റെ പേര് നല്‍കി എഴുതിയത് ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായ ഹെന്റി ടി ലുബാക്കാണ്. ആത്മീയ ലൗകികത (spiritual worldliness) എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. വിശുദ്ധമായി കരുതപ്പെടുന്ന പ്രത്യക്ഷങ്ങളുടെ മറവില്‍ ഒളിക്കുന്ന കാപട്യത്തിന്റെ തട്ടിപ്പായിരുന്നു അത്. മനോഹരമായി അവതരിപ്പിക്കപ്പെടുന്ന ദൈവിക കാര്യങ്ങള്‍ ദൈവമഹത്വമാണോ, അതോ അതൊക്കെ അവതരിപ്പിക്കുന്നവരുടെ വ്യക്തിത്വത്തിന്റെ വിലാസമാണോ എന്ന സംശയത്തിന്റെ ഭീകരമായ അങ്കലാപ്പ്. യേശുക്രിസ്തുവിന്റെ മഹത്വം പ്രഘോഷിക്കുന്നു എന്ന് വരുത്തുന്ന നടപടികള്‍ അത് നടത്തുന്നവരുടെ മഹത്വപ്രകീര്‍ത്തനങ്ങളായി മാറുന്നു എന്ന താക്കീത്.

യേശുക്രിസ്തു തന്റെ ജീവിതത്തില്‍ ശക്തനായ മതവിമര്‍ശകനായിരുന്നു. സ്വന്തം മതത്തിലെ ചിലരെ പ്രത്യേകിച്ച്, ഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ചു നടന്നവരെ യേശു “കപടനാട്യക്കാരേ” എന്നും “വെള്ളയടിച്ച കുഴിമാടങ്ങളേ” എന്നും വിളിച്ചു. യേശുവിനെ വകവരുത്താന്‍ പുരോഹിതരും ഫരിസേയരും തീരുമാനിച്ചതിന്റെ പിന്നില്‍ നില്‍ക്കുന്നത് ഈ വിമര്‍ശനമാണ്. യേശുവിനു മതമണ്ഡലം കര്‍മ്മങ്ങളുടെ ലോകമായിരുന്നില്ല. മോസ്സസിനെ പോലെ ‘കൊല്ലരുത്’, ‘വ്യഭിചാരം ചെയ്യരുത്’ എന്നല്ല യേശു പറഞ്ഞത്. യേശുവിനു മതം ആന്തരിക തലത്തിലായിരുന്നു. അത് ഉദ്ദേശ്യങ്ങളുടെയും നിശ്ചയങ്ങളുടെയും മണ്ഡലമാണ്. അത് ഒരു മനുഷ്യന്റെ ആന്തരികതയുടെ രഹസ്യ ജീവിതമാണ്, ജീവിതതലമാണ്. എന്റെ ബോധം എന്റെ സ്വകാര്യലോകമാണ്. അത് മറ്റാര്‍ക്കും കാണാനോ അറിയാനോ കഴിയില്ല. കര്‍മ്മങ്ങള്‍ ജനിക്കുന്നത് ഉള്ളിലെ ബോധത്തിന്റെ നിശ്ചയങ്ങളില്‍ നിന്നാണ്. വ്യഭിചാരം ചെയ്യരുത് എന്നല്ല കാമേച്ഛയോടെ നോക്കുക പോലും അരുത് എന്നാണ്. കര്‍മ്മ ശുദ്ധിയല്ല ആന്തരിക ശുദ്ധിയാണ് പ്രധാനം. ജന്മംകൊണ്ട് ആരും വിശുദ്ധരാകുന്നില്ല. നിശ്ചയങ്ങളുടെ മണ്ഡലത്തിലാണ് പുണ്യവും പാപവും പിറക്കുന്നത്.

ഇതേ കാര്യമാണ് ടി. എസ്. എലിയേറ്റ് ‘കത്തീഡ്രലിലെ കൊലപാതകം’ എന്ന നാടകത്തില്‍ അന്ത്യപ്രലോഭനം എന്ന പേരില്‍ പ്രതിപാദിക്കുന്നത്. ഇതാണ് അവസാനത്തെ പ്രലോഭനം. ‘ശരിയായ കാര്യം തെറ്റായ ലക്ഷ്യത്തിനുവേണ്ടി ചെയ്യുക’. പള്ളിയിലെ പ്രസംഗം യേശുവിന്റെ സുവിശേഷം ജനങ്ങള്‍ക്ക് വിളമ്പി കൊടുക്കുന്നതാണ്. പക്ഷേ അത് തന്റെ പേരിനും പണത്തിനും വേണ്ടി ആക്കിയാലോ? അതാണ് ഭീകരമായ വഞ്ചന എന്ന ആത്മവഞ്ചന. ഞാന്‍ എന്നോട് കാണിക്കുന്ന തട്ടിപ്പ്. എന്തുചെയ്യണം എന്നത് പ്രധാനമാകുന്നത് എന്തിന് ചെയ്യുന്നു എന്നതിലാണ്. അവിടെയാണ് വൈശിക തന്ത്രം ജനിക്കുന്നത്; വേശ്യ ചാരിത്ര്യം പ്രസംഗിക്കുന്നത്! ഈ അപകടം സഭയിലുമുണ്ട്. പുണ്യപ്പെട്ട വസ്ത്രങ്ങള്‍ക്കുള്ളില്‍ കച്ചവടവും കാപട്യവും ഒളിഞ്ഞിരിക്കാം. മനുഷ്യമനസ്സിന്റെ ആര്‍ജ്ജവത്തില്‍ വരുന്ന വലിയ അട്ടിമറിയാണിത്. ഈ പ്രശ്നം ഏതു മനുഷ്യനും നേരിടുന്നതാണ്. എല്ലാ ജീവിത മണ്ഡലങ്ങളിലും സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരും ഉണ്ട്. വലിയ വേഷം കെട്ടുകാരും തട്ടിപ്പുകാരും അഭിനയക്കാരും ഉണ്ടാകാം. അകത്തിന്റെ അധികാരകാമത്തിന്റെ പ്രകടനമായി മതത്തിന്റെ നടപടികള്‍ മാറാം. ഏറ്റവും പ്രധാനം സത്യസന്ധതയും ആര്‍ജ്ജവ പ്രകൃതിയുമാണ്. മുഖംമൂടി അണിയുന്ന മനുഷ്യന്‍ എല്ലാ വേദികളിലും കയറിക്കൂടാം. കാപട്യം ഇല്ലാത്ത മനുഷ്യരാവുകയാണ് ഏറെ പ്രധാനം. ഈ ആര്‍ജ്ജവത്തിലാണ് മറ്റ് സുകൃതങ്ങള്‍ ഭൂഷണമാകുന്നത്. ഈ ജീവിത രഹസ്യത്തിന്റെ പേരില്‍ ആരെയും വിധിക്കാന്‍ എളുപ്പമല്ല.

3 സഭയിലെ കമ്യൂണിസ്റ്റ് മാനങ്ങള്‍
അതുകൊണ്ടു കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വവര്‍ഗരതിക്കാരനെ “വിധിക്കാന്‍ ഞാന്‍ ആരാണ്”എന്ന് ചോദിക്കുന്നത്; വ്യഭിചാരിണികള്‍ നിങ്ങള്‍ക്കു മുന്‍പേ സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കും എന്ന് യേശു പറഞ്ഞു. അതുകൊണ്ടുകൂടി ഏത് നിരീശ്വരനുമായും കമ്മ്യൂണിസ്റ്റുമായും സത്യസന്ധമായ ബന്ധങ്ങള്‍ സാധ്യമാണ്. 2022 ഡിസംബറില്‍ ഈശോ സഭക്കാര്‍ നടത്തുന്ന ‘അമേരിക്ക’യുടെ പത്രാധിപര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് ചോദിച്ചു, ‘‘ചിലര്‍ അങ്ങയെ സോഷ്യലിസ്റ്റ് അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റായി കാണുന്നു. അതുമല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് എന്ന് വിളിക്കുന്നു. അത് ശരിയാണോ?” അര്‍ജന്റീനക്കാരന്‍ പാപ്പ പറഞ്ഞു, ‘‘സാമൂഹികശാസ്ത്രപരമായി സുവിശേഷത്തെ കണ്ടാല്‍ ശരിയാണ്, ഞാന്‍ കമ്യൂണിസ്റ്റാണ്. യേശുവും കമ്മ്യൂണിസ്റ്റാണ്.” യേശുവിന്റെ സുവിശേഷത്തില്‍ കമ്മ്യൂണിസവും കാണുന്നു. ‘‘ദരിദ്രരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍” എന്നും ‘‘സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ ഒട്ടകം സൂക്കികുഴയിലൂടെ കടന്നു പോകണം” എന്നും പറഞ്ഞ ക്രിസ്തുവിനെ അങ്ങനെയും കാണുന്നവരുണ്ട് (ലൂക്കാ 6:20, മത്താ. 19:23). ‘‘പണമോഹമാണ് തിന്മയുടെ അടിസ്ഥാനം” എന്ന് എഴുതിയത് വിശുദ്ധ പൗലോസാണ് (കൊളോ. 3:5).

കത്തോലിക്കാ സഭയിലെ 4,06,996 സന്യസ്തപുരുഷന്മാരും 6,50,000 കന്യാസ്ത്രീകളും ജീവിക്കുന്നത് സ്വകാര്യ സ്വത്ത് ഉപേക്ഷിച്ച് ദാരിദ്ര്യ വ്രതം എടുത്താണ്. കന്യാസ്ത്രീ മഠങ്ങളും സന്യസ്തരുടെ കൊവേന്തകളും, സമൂഹത്തിനുള്ളിലെ കമ്യൂണിസ്റ്റ് തുരുത്തുകളാണ്. ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാന അനുഷ്ഠാനം യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ അപ്പം മുറിക്കല്‍ ശുശ്രൂഷ എന്ന കുര്‍ബാനയാണ്. കുര്‍ബാനയില്‍ വാഴ്ത്തപ്പെട്ട അപ്പം സ്വീകരിക്കുന്നതിന് വിശുദ്ധ കമ്യൂണിയന്‍(Holy communion) എന്നാണ് പറയുന്നത്. മനുഷ്യന്‍ അപരനുമായി ബന്ധിതമാകുന്നത് ഈ വിശുദ്ധ കൂട്ടായ്മയുടെ സംഭ്രാതൃത്വത്തിലാണ്. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ചിന്തകനായ നിക്കോളായ് ബര്‍ഡിയേവ് എഴുതി, ‘‘എന്റെ ആഹാരം ഒരു ഭൗതിക പ്രശ്നമാണ്; നിന്റെ ആഹാരം അത് എന്റെ ആത്മീയ പ്രശ്നമാണ്.” അപരന്റെ വിശപ്പിനെ ആത്മീയ പ്രശ്നമാക്കുന്നവരാണ് ക്രൈസ്തവര്‍. സമ്പത്ത് പൂഴ്-ത്തിവയ്ക്കാനല്ല അവശരെയും ദരിദ്രരെയും സംരക്ഷിക്കാനാണ്. ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുന്നത് പ്രാവര്‍ത്തികമാകുന്നത് സഹോദരനെ സ്നേഹിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് ക്രൈസ്തവ ജീവിതത്തിന്റെ അനിവാര്യ അടയാളങ്ങളായി അനാഥ സംരക്ഷണവും, ആതുര സേവനത്തിന്റെ ആശുപത്രികളും, മനുഷ്യപ്രബുദ്ധതയുണ്ടാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടാക്കുന്നത്.

4 അധികാരവീക്ഷണത്തിന്റെ 
അഴിച്ചുപണി
കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ അധികാര വീക്ഷണം അഴിച്ചുപണിയാന്‍ ശ്രമിച്ച മാര്‍പാപ്പയായിട്ടായിരിക്കും അറിയപ്പെടുക. ഈ മാര്‍പാപ്പയുടെ ഭരണകാലം നിരന്തരമായി സിനഡാലിറ്റി എന്നു വിളിക്കപ്പെട്ട ഈ അഴിച്ചുപണിയുടെ സമ്മേളനങ്ങളുടെ യുഗം ആയിരുന്നു. സിനഡ് എന്ന ഗ്രീക്ക് വാക്കിനര്‍ഥം സമ്മേളിക്കുക, ഒന്നിച്ച് യാത്ര ചെയ്യുക എന്നതാണ്. ജോര്‍ജ് ബര്‍ഗോളിയോ ദൈവശാസ്ത്ര പഠനത്തില്‍ ഡോക്ടറല്‍ ബിരുദത്തിന്റെ പഠനം പൂര്‍ത്തിയാക്കാത്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ പഠന വിഷയം രണ്ടാം ലോകമഹായുദ്ധകാലത്ത് ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു നാസികള്‍ പുറത്താക്കിയ റൊമാനോ ഗര്‍ദീനി എന്ന ദൈവശാസ്ത്രജ്ഞനെപ്പറ്റിയായിരുന്നു.

കത്തോലിക്കാ സഭയില്‍ മാര്‍പാപ്പ നേരിടേണ്ടി വന്ന വലിയ പ്രതിസന്ധി കുട്ടികളെ പീഡിപ്പിച്ച സഭയിലെ വൈദികാധിപത്യ പ്രതിസന്ധിയായിരുന്നു. ലൈംഗിക മണ്ഡലത്തില്‍ സംഭവിച്ച ഈ പ്രതിസന്ധി അധികാര ദുര്‍വിനിയോഗമായിട്ടാണ് വിലയിരുത്തപ്പെട്ടത്. മാത്രമല്ല കത്തോലിക്കാസഭയില്‍ വൈദികര്‍, മെത്രാന്മാര്‍ എന്നിവര്‍ക്ക് റോമാ ചക്രവര്‍ത്തിയുടെ റോമാസാമ്രാജ്യത്വവുമായി ബന്ധപ്പെട്ട അധികാര കാഴ്ചപ്പാടില്‍ വലിയ വ്യതിയാനം ഉണ്ടായി. സീസറിന്റെ അവതാരങ്ങളായി സ്വയം മനസ്സിലാക്കി വൈദിക ശ്രേണികൾ. അധികാരകാമം സഭയെയും ഗൗരവമായി ബാധിച്ചു. ഈ പശ്ചാത്തലത്തിലാണ് അധികാര കാഴ്ചപ്പാടുകള്‍ തിരുത്താന്‍ മാര്‍പാപ്പ സന്നദ്ധനായത്. ഈ സിനഡാലിറ്റി എന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കണ്ടുപിടിത്തമല്ല ആദിമ സഭയുടെ പാരമ്പര്യമായിരുന്നു. ഓര്‍ത്തഡോക്സ് സഭ ഇന്നും ആ പാരമ്പര്യം തുടരുന്നു. ആ പാരമ്പര്യത്തിലേക്ക് മടങ്ങാനാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രമാണ രേഖകള്‍ ആവശ്യപ്പെട്ടത്. അതില്‍ സഭയെ സംബന്ധിക്കുന്ന “ജനതകളുടെ പ്രകാശം” (Lumen Gentium) എന്ന പ്രമാണരേഖയുടെ മൂന്നാം ഭാഗത്ത് പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രമിച്ചത്.

ഇതിനു ഏറ്റവും സഹായകമായി അദ്ദേഹം കണ്ടത് റൊമാനോ ഗര്‍ദീനിയുടെ ചിന്താധാരകളാണ്. അധികാര കാഴ്ചപ്പാട് സോക്രട്ടീസ് സംഭാഷണത്തിലാണ് കാണുന്നത്. അരിസ്റ്റോട്ടിലിന്റെ പൊളിറ്റിക്സ് എന്ന കൃതി പോളിസ് (പട്ടണം) നടത്തിപ്പിന്റെ വ്യവസ്ഥിതിയാണ്. രാഷ്ട്രീയം എന്നത് ഭാഷണ വഴിയാണ് അരിസ്റ്റോട്ടിലിന്. പ്രാകൃതരും അടിമകളുമാണ് രാഷ്ട്രീയത്തെ വിപ്ലവത്തിന്റെ വഴിയായി കാണുന്നത്. പ്രാര്‍ഥനകളുടെ വേദിയാണ് പട്ടണം എന്ന് അദ്ദേഹം എഴുതി പൊളിറ്റിക്സിന്റെ ഏഴാം പുസ്തകത്തില്‍. ഇവിടെ പ്രാര്‍ഥന എന്നതുകൊണ്ട് നിവേദനം, ആവലാതി എന്നൊക്കെയാണ് അര്‍ഥം. ഈ ആവലാതികള്‍ പങ്കുവയ്ക്കുന്ന വേദിയാണ് രാഷ്ട്രീയ വേദി. അവിടെയാണ് ഈ സംഘട്ടന നിവേദനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി നിയമമാര്‍ഗത്തിലൂടെ പരിഹരിക്കുന്നത് ഈ ഭാഷണ വഴി വളരെ സമര്‍ത്ഥമായും വ്യക്തമായും ആധുനികകാലത്ത് അവതരിപ്പിച്ചത് ദെസ്തയേവ്സ്കി തന്റെ നോവലുകളിലാണ്. ഭാഷകളുടെ പലമകളുടെ സമ്മേളനമായ ഈ നോവലുകളെക്കുറിച്ച് സാഹിത്യത്തിന്റെ രാഷ്ട്രീയ വഴി എന്ന് വളരെ വിശദമായി വ്യാഖ്യാനിച്ച പണ്ഡിതനാണ് റഷ്യയില്‍ സ്റ്റാലിന്റെ കാലത്ത് ജീവിച്ച മിഖായേല്‍ ബക്തീന്‍.

ബക്തീന്‍ എഴുതി, ‘‘സംഭാഷണമാണ് എല്ലാ സാഹിത്യ വിമര്‍ശന രചനകളുടെയും പിന്നില്‍.” വ്യക്തിയുടെ അസ്തിത്വം തന്നെ ഒരു സംഭാഷണ ചരിതമാണ്. ഒരു ജീവി തന്നെ ത്തന്നെ ആന്തരികമായി ന്യായീകരിച്ചുകൊണ്ടാണ് ജീവിക്കുന്നത്. അദ്ദേഹം എഴുതി, ‘‘സ്നേഹിക്കാനുള്ള കേവല അനിവാര്യതയുണ്ട്. അത് എനിക്ക് പുറത്തുള്ള അപരനിലൂടെ മാത്രമേ പൂര്‍ത്തിയാക്കാനാവൂ.” അദ്ദേഹത്തിന് ഞാന്‍ എന്നെ കണ്ടെത്തുന്നത് എന്നില്‍ നിന്നു പുറപ്പെട്ടു മാത്രമാണ്. അത് ഞാന്‍ എന്നില്‍ നിന്നിറങ്ങി അപരനെ കണ്ടെത്തിയാണ് ജീവിതം സാര്‍ഥകമാക്കുന്നത്. അത് സംഭവിക്കുന്നതാകട്ടെ സംഭാഷണ വഴിയിലാണ്. അതായത് ഞാന്‍ എന്നെ നിഷേധിച്ചു മാത്രമാണ് നിന്നെ കണ്ടെത്തുന്നത്. സംഭാഷണത്തിന്റെ അവസാനം എല്ലാം അവസാനിക്കുന്നു. ‘‘എനിക്കും അപരനുമിടയില്‍ വാക്ക് ഒരു പാലമാണ്. പാലത്തിന്റെ ഒരറ്റം എന്നെ ആശ്രയിച്ചിരിക്കുന്നു. മറ്റേയറ്റം ഞാന്‍ സംഭാഷിക്കുന്നവനെയും. സംഭാഷിക്കുന്നവനും സംഭാഷണത്തിന്റെ അപരനും ഒന്നുപോലെ പങ്കുവയ്ക്കുന്ന ഇടമാണ് വാക്ക്’’. എന്റെ ബോധം ഉണരുന്നത് അപരന്റെ ബോധം എന്നെ പൊതിയുമ്പോഴാണ്. നാം ഭാഷാകേളിയില്‍ ജീവിക്കണം. ഭാഷയുടെ ലോകം എപ്പോഴും ഭാവിയിലേക്ക് തുറന്നു നില്‍ക്കുന്നു.

ഭാഷണ സംഘര്‍ഷം ബോധമണ്ഡലത്തിലാണ് സംഭവിക്കുക. ഈ ബോധത്തിന്റെ പാരമ്പര്യത്തിലാണ് മനുഷ്യന്റെ സര്‍ഗാത്മകതയുടെ പുതുമയും, പുതിയ തുടക്കങ്ങളും, പൊറുക്കലും, മറക്കലും സംഭവിക്കുന്നത്. ഭാഷണ സംഘര്‍ഷങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും. ഇവിടെ ഗര്‍ദീനിയുടെ അടിസ്ഥാന തത്വം വചനത്തിനു മാമൂലുകളുടെ മേലുള്ള പ്രാഥമികതയാണ്. വചനത്തിനു എല്ലാം വിധേയപ്പെടണം. പ്രത്യക്ഷത്തില്‍ വിരുദ്ധമായത് എപ്പോഴും അങ്ങനെ ആകണമെന്നില്ല. തിന്മയായി മുദ്രകുത്തുന്നത് നന്മയുടെ വേറൊരു രൂപമാകാം. കള പറിച്ചല്ല പ്രതിസന്ധികള്‍ വിലയിപ്പിക്കേണ്ടത്. വൈവിധ്യങ്ങളെ നിഷേധിച്ചല്ല സംശ്ലേഷിപ്പിച്ചാണ് ഐക്യം ഉണ്ടാക്കേണ്ടത്. ഏത് ഒരുമയും പലമയുടെ ഒരുമയാണ്. പലമയെ അംഗീകരിക്കാനുള്ള തുറന്ന മനസ്സും അവയെ ഒന്നിപ്പിക്കാനുള്ള സര്‍ഗബോധവുമാണ് പ്രധാനം. ഒന്നായത് ഒന്നിപ്പിക്കപ്പെട്ട പലമയേക്കാള്‍ അധികമാണ്. ഈ അധികത്തിന്റെ സര്‍ഗാത്മകതയുടെ പ്രസാദമാണ് ധര്‍മ്മത്തിന്റെയും ആത്മീയതയുടെയും അടിസ്ഥാനം. അത് പ്രകൃതിയുടെ വിധിയെ മറികടക്കുന്നതാണ്. വിധിയോടു രാജിയാകുന്നതല്ല; പ്രകൃതിയെ മനസ്സില്‍ സംസ്കരിക്കാന്‍ കഴിയുന്നത് മനുഷ്യനു മാത്രമാണ്, മനുഷ്യന്‍ പ്രകൃതിയല്ല. മാര്‍ക്സ് തന്റെ 1844þലെ താത്വികവും സാമ്പത്തികവുമായ മാനുസ്ക്രിപ്റ്റില്‍ എഴുതി, ‘‘മനുഷ്യന്‍ പ്രകൃതിയുടെ പുനരുത്ഥാനമാണ്.” പുനരുത്ഥാനത്തിന് പകരം അതിക്രമിക്കുക (transcend) എന്നും അദ്ദേഹം എഴുതി. അതിക്രമണ ശക്തിയും മനുഷ്യബോധത്തില്‍ ഉണ്ട്. ബോധത്തിനു പുറത്ത് ഒന്നുമില്ല. ബോധത്തിന്റെ ആഴത്തില്‍ ഞാനും ഞാനും സംഭാഷണത്തിലാണ്. ഞാനും അപരനും സംഭാഷണത്തിലാണ്. ഈആന്തരിക സംഭാഷണമാണ് ചിന്ത. ആദിയില്‍ സംഭാഷണം ഉണ്ട്. അവിടെ ഏതോ വിശ്വാസം അടിസ്ഥാനപരമായി നിലകൊള്ളുന്നു. അവസാനവാക്ക് പറയലാവാതെ അര്‍ഥം നീട്ടിവയ്ക്കപ്പെടുന്നു.

സംഭാഷണത്തിന്റെ ഈ നടത്തയില്‍ ന്യൂനപക്ഷവുമില്ല, ഭൂരിപക്ഷവുമില്ല. അത് ഒന്നിച്ചുള്ള യാത്രയാണ്. എല്ലാവരും ഒന്നുപോലെ ആദരിക്കപ്പെടുകയും കേള്‍ക്കപ്പെടുകയും ചെയ്യുന്നു. മുന്നോട്ട് പോകാനുള്ള ഇച്ഛയാണ് പ്രധാനം. അഹത്തില്‍ നിന്നു പിന്‍വലിഞ്ഞ് അപരിനിലേക്കുള്ള പുറപ്പാട് യാത്ര. അപരന്‍ നരകമല്ല സ്വര്‍ഗമാണ് എന്ന തിരിച്ചറിവിലാണ് ഐക്യത്തിന്റെ ആനന്ദം ഉണ്ടാകേണ്ടത്. 2024 ഒക്ടോബറില്‍ അവസാനിച്ച വത്തിക്കാനിലെ സിനഡാലിറ്റി സംബന്ധമായ ഔപചാരികമായി മെത്രാന്മാരുടെ സമ്മേളനം ആയിരുന്നു. അതില്‍ 368 പേരുണ്ടായിരുന്നു. സഭയുടെ ചരിത്രത്തില്‍ ആദ്യമായി മെത്രാന്‍മാരുടെ സിനഡിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ 96 പേരെ നാമനിര്‍ദേശം ചെയ്തു. അവരില്‍ വൈദികരും കന്യാസ്ത്രീകളും സാധാരണ വിശ്വാസികളായ സ്ത്രീ പുരുഷന്മാരും ഉണ്ടായിരുന്നു. അവര്‍ക്ക് പൂര്‍ണമായ വോട്ടവകാശവും ഉണ്ടായിരുന്നു. അതിന്റെ പിന്നില്‍ വളരെ തനതായ ഒരു കാഴ്ചപ്പാട് ഉണ്ട്. വിശ്വാസികളാണ് എല്ലാവരും. ആ വിധത്തില്‍ എല്ലാവരും തമ്മില്‍ സമത്വമുണ്ട്. വൈദിക മെത്രാന്‍ പദവിയിലുള്ളവര്‍ അത് ഒരു അധികാരപദവിയല്ല എന്നറിയണം; വിശ്വാസികളുടെ സമൂഹത്തെ സേവിക്കാനുള്ള വിളിയാണ്. ഇവിടെ ആര്‍ക്കും ആധിപത്യമില്ല. എല്ലാവര്‍ക്കും പറയാനും കേള്‍ക്കാനുമുള്ള കടമയുണ്ട്. മനുഷ്യശരീരത്തിലെ ഏറ്റവും ധാര്‍മികമായ ഇന്ദ്രിയം കേള്‍വിയാണ്. അധികാരികള്‍ കേള്‍ക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അവിടെ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ സമത്വമുണ്ട്. കന്യാസ്ത്രീകള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ അംഗീകാരവും ആദരവും നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്. അവസാനമായി ഈ രേഖ ലോകത്തോട് പറയുന്നു ‘‘സംഭാഷണത്തിലൂടെയല്ലാതെ ബലപ്രയോഗത്തിലൂടെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള പ്രലോഭനം” നിലനില്‍ക്കുന്നു.

ഈ മാര്‍പാപ്പയുടെ മൗലിക നയങ്ങളോട് വിയോജിക്കുന്നവര്‍ സഭയിലുണ്ട്. കേരളസഭ തന്നെ ഉദാഹരണമാണല്ലോ. പുരോഗമനവാദികളും യാഥാസ്ഥിതികരും തമ്മിലുള്ള ബലാബലം ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യവും ജീവന്റെ ലക്ഷണവുമാണ്. വിശുദ്ധ അഗസ്റ്റിന്‍ ‘ദൈവനഗരം’ എന്ന കൃതിയില്‍ എഴുതി, ‘‘പുതിയ തുടക്കം ഉണ്ടാക്കാന്‍ മനുഷ്യനെ ദൈവം സൃഷ്ടിച്ചു.” പുതിയ തുടക്കങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് ഫ്രാന്‍സിസ് മാർപാപ്പ കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞു. ആരാണ് ഇനി വരിക? ഷേക്സ്പിയര്‍ എഴുതി, ”കാലത്തിന്റെ ഇഴപ്പുകള്‍ ഇളകിയിരിക്കുന്നു. അത് നേരെയാക്കാന്‍ ഞാന്‍ ജനിച്ചിരിക്കുന്നു.” പുതിയ ജന്മത്തിനു ലോകം കാത്തിരിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 + two =

Most Popular