Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറിവിമോചന ദെെവശാസ്ത്രവും 
ലാറ്റിനമേരിക്കയിലെ
പോരാട്ടങ്ങളും

വിമോചന ദെെവശാസ്ത്രവും 
ലാറ്റിനമേരിക്കയിലെ
പോരാട്ടങ്ങളും

ഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ഒരു വ്യാഴവട്ടം വിശ്വാസികളെ നയിച്ച ഫ്രാൻസിസ്‌ മാർപാപ്പയുടെ മരണം ലോകമെങ്ങുമുള്ള മനുഷ്യസ്‌നേഹികൾ വേദനയോടെയാണ്‌ ഉൾക്കൊണ്ടത്‌. എൺപത്തിയെട്ടുകാരനായ പാപ്പ ഫെബ്രുവരി 14 മുതൽ ഒരു മാസത്തിലധികം ആശുപത്രിയിലായിരുന്നു. ആ ദിവസങ്ങളിൽ ഇടയ്‌ക്ക്‌ അദ്ദേഹത്തിന്റെ സ്ഥിതി മോശമായി. എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതിനെ അതിജീവിച്ച്‌ വത്തിക്കാനിലെ വസതിയിൽ തിരിച്ചെത്തിയ മാർപാപ്പ തിന്മകൾക്കെതിരെ ശബ്ദമുയർത്താൻ ഇനിയും നമ്മോടൊപ്പമുണ്ടാവുമെന്ന പ്രതീക്ഷ നൽകിയിരുന്നു. പക്ഷേ, ലോകത്തിന്‌ തന്റെ അവസാന ഈസ്‌റ്റർ സന്ദേശം നൽകി ഒരുദിവസം തികയുംമുമ്പ്‌ എപ്രിൽ 21ന്‌ പുലർച്ചെ അദ്ദേഹം വിടവാങ്ങി.

അമേരിക്കൻ പിന്തുണയോടെ സയണിസ്‌റ്റ്‌ വംശീയ ഭീകരരാഷ്‌ട്രമായ ഇസ്രയേൽ പലസ്‌തീൻ ജനതയ്‌ക്കെതിരെ തുടരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നാണ്‌ അന്ത്യസന്ദേശത്തിലും ഫ്രാൻസിസ്‌ പാപ്പ അപേക്ഷിച്ചത്‌. സ്‌നേഹത്തിന്റെ ഇടയനായ യേശുവിനെ പിൻപറ്റുന്നു എന്നവകാശപ്പെടുന്ന ചില ക്രൈസ്‌തവ സംഘങ്ങൾ തന്നെ ഇതിന്റെ പേരിൽ മരണാനന്തരം പാപ്പയെ ജിഹാദി എന്നും മറ്റും വിളിച്ച്‌ ആക്ഷേപിക്കുന്നതും ലോകം കണ്ടു. മനുഷ്യരാശി ഇന്ന്‌ എത്തിനിൽക്കുന്ന അപകടകരമായ പിളർപ്പിന്റെ നേർസാക്ഷ്യമായിരുന്നു ആ അവഹേളനം. ഇതര മതസ്ഥരും അവിശ്വാസികളും പോലും ഫ്രാൻസിസ്‌ പാപ്പയെ ഹൃദയത്തിലേറ്റുമ്പോഴാണിത്‌. മാർപാപ്പയായപ്പോൾ ഫ്രാൻസിസ്‌ എന്ന പേര്‌ സ്വീകരിച്ചതും അപ്പോസ്‌തലിക കൊട്ടാരത്തിൽ താമസിക്കാതെ അത്യാവശ്യം സൗകര്യങ്ങൾ മാത്രമുള്ള വത്തിക്കാനിലെ സാന്താ മാർത്താ അതിഥിമന്ദിരത്തിൽ കഴിയാൻ തീരുമാനിച്ചതുംമുതൽ അദ്ദേഹത്തിന്റെ എല്ലാ നടപടികളും നിസ്വരുടെയും വേട്ടയാടപ്പെടുന്നവരുടെയും പക്ഷത്താണ്‌ താൻ എന്ന്‌ പ്രഖ്യാപിക്കുന്നതായിരുന്നു. അതാണ്‌ അദ്ദേഹത്തെ ലോകമെങ്ങുമുള്ള മനുഷ്യസ്‌നേഹികൾക്ക്‌ പ്രിയങ്കരനാക്കിയത്‌. ഏറ്റവുമധികം കത്തോലിക്കരുള്ള തെക്കനമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയായ അദ്ദേഹത്തിന്റെ പിൻഗാമി ആരായിരിക്കും എന്നാണ്‌ ഈ സന്ദർഭത്തിൽ ലോകം ഉറ്റുനോക്കുന്നത്‌. രണ്ടാംലോകയുദ്ധം അവസാനിച്ച ശേഷമുള്ള തലമുറയിൽ നിന്ന്‌ ആദ്യ മാർപാപ്പയായിരിക്കും പുതിയ ആൾ എന്നുമാത്രമാണ്‌ ഇപ്പോൾ പറയാവുന്നത്‌.

യുദ്ധവും വംശീയഭ്രാന്തും സൃഷ്‌ടിക്കുന്ന കെടുതികൾ കുട്ടിക്കാലം മുതൽ അറിഞ്ഞുവളർന്നയാളാണ്‌ ജോർജ്‌ മാരിയോ ബർഗോളിയോ എന്ന ഫ്രാൻസിസ്‌ പാപ്പ. ഫാസിസത്തിന്റെ സ്ഥാപകനായ ബെനിറ്റോ മുസോളിനിയുടെ സ്വേഛാധിപത്യവാഴ്‌ചക്കാലത്ത്‌ 1929ൽ മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്ന്‌ അർജന്റീനയിലേക്ക്‌ രക്ഷപ്പെട്ടയാളാണ്‌ അദ്ദേഹത്തിന്റെ അച്ഛൻ മാരിയോ ജോസ്‌ ബെർഗോഗ്ലിയോ. അതിനാൽ പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും വേദനകൾ ഫ്രാൻസിസ് പാപ്പയ്ക്ക് അന്യമായിരുന്നില്ല. അമ്മ റെജീന മരിയ സിവോരി ജനിച്ചത്‌ അർജന്റീനയിലാണെങ്കിലും അവരുടെ കുടുംബവേരുകൾ വടക്കൻ ഇറ്റലിയിലാണ്‌ (അർജന്റീനക്കാരിൽ 62 ശതമാനംപേരുടെയും കുടുംബവേരുകൾ ഇറ്റലിയിലാണ്‌).

1936ൽ ജനിച്ച ജോർജ്‌ ബെർഗോളിയോ ഇറ്റലിയിൽ നിന്ന്‌ പുതുതായി രക്ഷപ്പെട്ടുവരുന്ന ബന്ധുക്കളുടെ സംസാരത്തിൽനിന്നും അവിടെ അവശേഷിക്കുന്നവരുടെ കത്തുകളും റേഡിയോ വാർത്തകളും വീട്ടിലുണ്ടാക്കിയ പൊട്ടിത്തെറികളിൽനിന്നും മറ്റും യുദ്ധത്തിന്റെ ഭീകരത അറിഞ്ഞുകൊണ്ടിരുന്നു. മുസോളിനിയെ ചെകുത്താൻ എന്നാണ്‌ ജോർജിന്റെ അമ്മ വിളിച്ചിരുന്നത്‌. ‘ഹിറ്റ്‌ലർ ഒരു ഭീകരജന്തുവാണ്‌’ എന്നും വീട്ടിൽ ആവർത്തിച്ച്‌ കേട്ടുകൊണ്ടിരുന്നു. ഹിറ്റ്‌ലറും മുസോളിനിയും നടപ്പാക്കിയ വംശഹത്യകളെപ്പറ്റി കൂടുതലറിഞ്ഞ്‌ മുതിർന്നപ്പോൾ ജോർജ്‌ നടുങ്ങിയിട്ടുണ്ട്‌. മാർപാപ്പയായശേഷം 2016ൽ പോളണ്ടിലെ ഓഷ്‌വിറ്റ്‌സ്‌, ബിർക്കനാവ്‌ എന്നീ ജൂത തടങ്കൽ പാളയങ്ങളിൽ പോയപ്പോൾ ‘തടവുകാരെ ചുവരിൽ ചാരിനിർത്തി തലയിൽ വെടിവച്ചു കൊന്നയിടത്ത്‌ ഞാൻ ഹൃദയം നുറുങ്ങിനിന്നു’ എന്നാണ്‌ അദ്ദേഹം ആത്മകഥയിൽ(ജീവിതം/എന്റെ ജീവിതകഥ ചരിത്രത്തിലൂടെ) എഴുതിയിട്ടുള്ളത്‌.

നാസികൾ കൊച്ചുകുഞ്ഞുങ്ങളെപ്പോലും തടങ്കൽ പാളയങ്ങളിലയക്കുകയും അവരിൽ വിഷവും മരുന്നുകളും മറ്റും പരീക്ഷിക്കുകയും ചെയ്‌ത ക്രൂരതകൾക്ക്‌ കണക്കില്ല. അത്തരം പീഡനങ്ങൾ അതിജീവിച്ച ലിഡിയ മാക്‌സിമോവിച്ച്‌ വത്തിക്കാനിലെത്തിയപ്പോൾ, അവരുടെ കൈത്തണ്ടയിൽ നാസികൾ പച്ചകുത്തിയ അക്കങ്ങളിൽ ഉൾപ്രേരണയാലെന്നവണ്ണം ചുംബിച്ച അനുഭവം പാപ്പ പങ്കുവച്ചിട്ടുണ്ട്‌. ബെലൊറൂസ്‌ ഒളിപ്പോരാളികളുടെ മകളായിരുന്ന ലിഡിയ നാസികളുടെ പിടിയിലാവുമ്പോൾ മൂന്ന്‌ വയസായിരുന്നു പ്രായം. അതിക്രമങ്ങൾക്കിരയായ ജൂതരുടെ പേരിൽ സ്ഥാപിക്കപ്പെട്ട രാഷ്‌ട്രം വംശീയതയുടെ പകർപ്പായി ഇന്ന്‌ പലസ്‌തീൻ ജനതയോട്‌ സമാന ക്രൂരതകൾ ആവർത്തിക്കുമ്പോഴും അമേരിക്കയിൽ വർണവെറിയോടെ വെള്ളപ്പൊലീസ്‌ കറുത്തവംശക്കാരനായ ജോർജ്‌ ഫ്ലോയ്‌ഡിനെ ശ്വാസംമുട്ടിച്ച്‌ കൊന്നപ്പോഴും പല യൂറോപ്യൻ രാജ്യങ്ങളിലും മനുഷ്യവിരുദ്ധമായ വംശീയത വീണ്ടും പടരുന്നത്‌ കണ്ടപ്പോഴും പാപ്പ പറഞ്ഞൂ: അരുതേ…

ബ്യൂനസ്‌ ഐറിസിലെ സാൻ ലോറെൻസോ ഫുട്‌ബോൾ ക്ലബ്ബിന്റെ ഉറച്ച ആരാധകനായിരുന്ന ജോർജ്‌ ടാംഗോ നൃത്തം പരിശീലിക്കുകയും യുവാൻ അരിയേൻസോയുടെ ഗായകസംഘത്തിന്റെ പാട്ടുകൾ കേൾക്കാൻ ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്ന ചെറുപ്പക്കാരനായിരുന്നു. ബില്യാഡ്-സ്‌ കളിക്കുകയും രാഷ്‌ട്രീയം ചർച്ചചെയ്യുകയും ചെയ്‌തിരുന്നു. പത്തൊൻപതാം വയസിലാണ്‌ പുരോഹിതനാകാൻ തീരുമാനിച്ചത്‌. ഈശോസഭയിൽ ചേരാൻ തീരുമാനിച്ചത്‌ ഇരുപത്തിയൊന്നാം വയസിലായിരുന്നു. അദ്ദേഹം ഈ സഭയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയായത്തീർന്നു എന്നത്‌ ചരിത്രം. 1964 മുതൽ വിവിധ സ്‌കൂളുകളിൽ അദ്ദേഹം സാഹിത്യവും മനഃശാസ്‌ത്രവും മറ്റും പഠിപ്പിച്ചു. തന്റെ വിദ്യാർഥികളെ സർഗാത്മകതയുള്ളവരാക്കാൻ ആഗ്രഹിച്ച ജോർജ്‌, ഹോർഹെ ലൂയിസ്‌ ബോർഹസ്‌ അടക്കം പ്രസിദ്ധ എഴുത്തുകാരെ കുട്ടികളുമായി സംവാദത്തിന്‌ സ്‌കൂളിൽ കൊണ്ടുവരുമായിരുന്നു. ഇതെല്ലാം തന്റെ രൂപീകരണത്തിലും അർത്ഥവത്തായ അനുഭവങ്ങളായിരുന്നു എന്ന്‌ അദ്ദേഹം എഴുതിയിട്ടുണ്ട്‌. 33 വയസാവാൻ ദിവസങ്ങൾ മാത്രമു‌ള്ളപ്പോൾ 1969ലാണ്‌ പുരോഹിതനായത്‌.

പട്ടാള വാഴ്‌ചകളുടെ കാലം
ദാരിദ്ര്യത്തിൽ മുങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കൃഷിഭൂമിയിൽ പകുതിയിലധികവും ഒന്നരശതമാനം മാത്രംവരുന്ന ജന്മികളുടെ കൈവശമായിരുന്നു. ഭരണാധികാരികളാകട്ടെ അമേരിക്കയുടെ താൽപര്യത്തിനു വഴങ്ങുന്ന ജനവിരുദ്ധരായിരുന്നു. ചിലയിടങ്ങളിൽ പട്ടാള സ്വേഛാധിപതികളുടെ ഭരണമായിരുന്നു. പുരോഹിതരിൽ ഭൂരിപക്ഷവും മർദകരുടെ പക്ഷത്തായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ലാറ്റിനമേരിക്കയിലെ ക്രൈസ്‌തവ സമൂഹങ്ങളിൽ പുതിയ വെളിച്ചം പകർന്ന്‌ വിമോചന ദൈവശാസ്‌ത്രം പ്രചരിക്കാനാരംഭിച്ചത്‌. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പക്ഷത്താണ്‌ നിൽക്കേണ്ടതെന്നും ദാരിദ്ര്യം അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളിലും സഭയുണ്ടാവണമെന്നും ഇതിന്റെ വക്താക്കൾ ചൂണ്ടിക്കാട്ടി.

1959ൽ ഫിദൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ വിപ്ലവകാരികൾ അധികാരം പിടിച്ചതിനെ തുടർന്ന്‌ ക്യൂബയിലുണ്ടായ മാറ്റങ്ങളും അവർക്ക്‌ പ്രചോദനമായി. കത്തോലിക്കാ സഭയിൽ മാറ്റങ്ങൾക്ക്‌ വഴിതുറന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പകർന്ന ആവേശത്തിൽ നിരവധി യുവവൈദികർ ഇതിന്റെ ഭാഗമായെങ്കിലും ഭരണാധികാരികളോട്‌ വിധേയത്വം പുലർത്തുന്നവർക്കുതന്നെയായിരുന്നു സഭയിൽ ആധിപത്യം. ചിലിയിൽ തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്‌റ്റ്‌ പ്രസിഡന്റ്‌ സാൽവദോർ അലൻഡെ 1973ൽ രക്തസാക്ഷിത്വം വരിക്കുകയും പട്ടാളജനറൽ അഗസ്‌തോ പിനോഷെ സ്വേഛാധിപത്യവാഴ്‌ച ആരംഭിക്കുകയും ചെയ്‌തതോടെ ജനാധിപത്യപരമായ പരിവർത്തനങ്ങൾ അസാധ്യമാണെന്ന ചിന്തയും മേഖലയിൽ വളർന്നു. അതും സഭ ജനാധിപത്യ പോരാട്ടങ്ങൾക്കൊപ്പം നിൽക്കണമെന്ന വാദത്തിന്‌ കരുത്തുപകർന്നു. പൊതുനന്മയും ദരിദ്രരുടെ ഉന്നതിയും ലക്ഷ്യമിട്ടുള്ള വിപ്ലവങ്ങളെ സഭ പിന്തുണയ്‌ക്കേണ്ടതാണെന്ന്‌ 1967ൽ വികസ്വര രാജ്യങ്ങളിലെ 17 മെത്രാന്മാർ(ഒൻപത്‌ പേർ ലാറ്റിനമേരിക്കയിൽ നിന്നായിരുന്നു) ചേർന്ന്‌ പുറത്തിറക്കിയ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. എന്നാൽ പല രാജ്യങ്ങളിലും ജനപക്ഷത്തുനിന്ന മെത്രാന്മാരടക്കം നിരവധി വൈദികരും കടുത്ത പീഡനങ്ങൾക്കിരയായി രക്തസാക്ഷികളായി. നൂറുകണക്കിന്‌ വൈദികരും കന്യാസ്‌ത്രീകളും തടവറയിലടയ്‌ക്കപ്പെട്ടു. പട്ടാള ഭരണത്തിലായിരുന്ന ബ്രസീലിൽ വിമോചന ദൈവശാസ്‌ത്രത്തിന്റെ നായകനായിരുന്ന ബിഷപ്പ്‌ ഹെൽദർ കാമറയുടെ സഹപ്രവർത്തകനും സാമൂഹ്യശാസ്‌ത്രജ്ഞനുമായിരുന്ന ഫാദർ നെറ്റോയെ മരത്തിൽ കെട്ടിത്തൂക്കി പീഡിപ്പിച്ചശേഷം വെടിവച്ചുകൊന്നതുപോലുള്ള സംഭവങ്ങൾ ലോകത്തെ നടുക്കി. ‘എൽസാൽവദോറിലെ രക്തനക്ഷത്രം’ എന്നു വിശേഷിപ്പിക്കപ്പെട്ട ആർച്ച്‌ ബിഷപ്പ്‌ ഓസ്‌കാർ റൊമേരോയെ ആശുപത്രി ചാപ്പലിൽ കുർബാനയർപ്പിക്കുന്നതിനിടെയാണ്‌ വലതുപക്ഷ കൊലയാളി സംഘം വെടിവച്ചുകൊന്നത്‌. ‘ദേശസ്‌നേഹിയാകൂ, ഒരു പുരോഹിതനെ കൊല്ലൂ’ എന്നായിരുന്നു പട്ടാള ഭരണാധികാരികളുടെ പിന്തുണയുണ്ടായിരുന്ന വലതുപക്ഷ കൊലയാളി സംഘങ്ങളുടെ മുദ്രാവാക്യം. അവിടെ മൂന്നു വർഷത്തിനിടെ കൊല്ലപ്പെട്ട പതിനൊന്നാമത്തെ പുരോഹിതനായിരുന്നു ആർച്ച്‌ബിഷപ്പ്‌. രക്തസാക്ഷിത്വംവരിച്ച കൊളംബിയൻ പുരോഹിതൻ കാമിലോ തോറസിനെപ്പോലെ ജനപക്ഷത്തുനിന്ന്‌ സായുധപോരാട്ടത്തിൽ പങ്കെടുത്തവരുമുണ്ട്‌.

അർജന്റീനയും ഇത്തരം നിഷ്‌ഠുര അതിക്രമങ്ങളിൽ നിന്നു മുക്തമായിരുന്നില്ല. 1976 മാർച്ചിലാണ്‌ അവിടെ ഹോർഹെ റാഫേൽ വിദേല പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചത്‌. ദരിദ്രപക്ഷത്തു ചേർന്ന്‌ പ്രവർത്തിക്കുകയായിരുന്ന ബിഷപ്പ്‌ എൻറിഖെ ആൻഹെലിയ്യി അഞ്ച്‌ മാസത്തിനകം വധിക്കപ്പെട്ടു. ബിഷപ്പ്‌ റോഡപകടത്തിലാണ്‌ മരിച്ചതെന്ന പട്ടാള ഭരണകൂടത്തിന്റെ വാദം അന്നത്തെ ബ്യൂനസ്‌ ഐറിസ്‌ ആർച്ച്‌ ബിഷപ്പ്‌ കർദിനാൾ യുവാൻ കാർലോസ്‌ അറംബുരു അംഗീകരിച്ചതിൽ വിഷമം തോന്നിയെന്ന്‌ ഫ്രാൻസിസ്‌ പാപ്പ ആത്മകഥയിൽ ഓർക്കുന്നുണ്ട്‌. ഈശോസഭയിൽനിന്നകന്ന്‌ ഒരു സന്ന്യാസി സമൂഹമുണ്ടാക്കി ചേരിപ്രദേശത്ത്‌ പ്രവർത്തിക്കുകയായിരുന്ന രണ്ട്‌ വൈദികരെ സൈന്യം തട്ടിക്കൊണ്ടുപോയപ്പോൾ അന്ന്‌ അർജന്റീനയിലെയും ഉറുഗേ-്വയിലെയും ഈശോസഭാ പ്രൊവിൻഷ്യാൾ ആയിരുന്ന ജോർജച്ചൻ ഏറെ ശ്രമിച്ചശേഷമാണ്‌ മാസങ്ങൾക്കു ശേഷമെങ്കിലും അവരെ മോചിപ്പിക്കാനായത്‌. മയക്കുമരുന്ന്‌ നൽകി ബോധംകെടുത്തിയശേഷം അവരെ ബ്യൂനസ്‌ ഐറിസിൽനിന്ന്‌ വളരെ അകലെ ഒരു മൈതാനത്ത്‌ ഉപേക്ഷിക്കുകയായിരുന്നു. ഇക്കാലത്ത്‌ തന്റെ രൂപസാദൃശ്യമുള്ള ഒരു യുവാവിന്‌ രാജ്യത്തിന്‌ പുറത്തുകടക്കാൻ തനിക്കുതന്നെ അപകടമായേക്കാവുന്ന തരത്തിൽ സഹായിക്കാനും അദ്ദേഹം തയ്യാറായി. അയാളെ ളോഹ ധരിപ്പിച്ച്‌ തന്റെ യാത്രാരേഖകൾ നൽകിയാണ്‌ അതിർത്തികടത്തിയത്‌.

എസ്‌തറിന്റെ ഓർമ
അഞ്ച്‌ വർഷം നീണ്ട പട്ടാള ഭരണത്തിൽ പതിനായിരക്കണക്കിനാളുകളെയാണ്‌ കാണാതായത്‌. അവരിൽ ഭൂരിപക്ഷംപേരെയും കടുത്ത പീഡനങ്ങൾക്കുശേഷം ബോധംകെടുത്തി സേനാ വിമാനങ്ങളിലോ കോപ്‌റ്ററുകളിലോ കയറ്റി കടലിൽ തള്ളുകയായിരുന്നു. ഇത്തരത്തിൽ നിഷ്‌ഠുരമായി കൊലചെയ്യപ്പെട്ടവരിൽ തനിക്ക്‌ വളരെ പ്രിയപ്പെട്ട ഇടതുപക്ഷ പ്രവർത്തക എസ്‌തർ ബല്ലെസ്‌ട്രിനോയുമുൾപ്പെട്ടത്‌ ജോർജച്ചനെ വളരെ വേദനിപ്പിച്ചിരുന്നു. അവരാണ്‌ തന്നെ ചിന്തിക്കാൻ പഠിപ്പിച്ചതെന്ന്‌ പാപ്പ അനുസ്‌മരിച്ചിട്ടുണ്ട്‌. അദ്ദേഹം ആദ്യമായി അടുത്തിടപെട്ട കമ്യൂണിസ്‌റ്റായിരുന്നു അവർ. എസ്‌തർ മേധാവിയായിരുന്ന ലബോറട്ടറിയിലെ രാസപരിശോധനാകേന്ദ്രത്തിൽ 1953ൽ നാലുമാസം അദ്ദേഹം പരിശീലനത്തിനുപോയിരുന്നു. പരാഗ്വയിൽനിന്നുള്ള അവർ, ജന്മനാട്ടിലെ പട്ടാള സ്വേച്ഛാധിപതിയുടെ ക്രൂരതകളിൽനിന്ന്‌ രക്ഷപ്പെടാൻ അർജന്റീനയിലേക്ക്‌ കടന്നതാണ്‌. അവരുമായി നടത്തിയ ചർച്ചകളാണ്‌ കൗമാരത്തിൽ ജോർജിന്‌ ലോകത്തെക്കുറിച്ച്‌ പുതിയ ധാരണകൾ നൽകിയത്‌. ആദരണീയയായ നിരീശ്വരവാദിയായിരുന്നു എസ്‌തർ എന്നാണ്‌ പാപ്പ വിശേഷിപ്പിച്ചിട്ടുള്ളത്‌.

എസ്‌തറിൽനിന്ന്‌ കിട്ടുന്ന വായനാവിഭവങ്ങളിൽ അർജന്റീനയിലെ ഇടതുപക്ഷ എഴുത്തുകാരനും സംവിധായകനുമായിരുന്ന ലിയോണിദസ്‌ ബാർലേറ്റയുടെ ലേഖനങ്ങൾ അദ്ദേഹം പ്രത്യേക താൽപ്പര്യത്തോടെ വായിച്ചിരുന്നു. എങ്കിലും താൻ ഒരിക്കലും കമ്യൂണിസ്‌റ്റായിരുന്നില്ലെന്ന്‌ മാർപാപ്പ പറഞ്ഞിട്ടുണ്ട്‌. പട്ടാളം അധികാരം പിടിച്ചപ്പോൾ എസ്‌തറിന്റെ ഗർഭിണിയായ മകളും അവളുടെ ഭർത്താവുമാണ്‌ ആദ്യം പിടിക്കപ്പെട്ടത്‌. അന്ന്‌ ജോർജച്ചനെ വീട്ടിൽ വിളിച്ചുവരുത്തി എസ്‌തർ തന്റെ വിപുലമായ മാർക്‌സിസ്‌റ്റ്‌ പുസ്‌തകശേഖരം അദ്ദേഹത്തിന്റെ ചുമതലയിലുള്ള കോളേജിന്റെ ലൈബ്രറിയിലേക്ക്‌ മാറ്റി. പട്ടാളഭരണകൂടം തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കൾ രൂപീകരിച്ച ‘പ്ലാസ ദെ മയോയിലെ അമ്മമാർ’ എന്ന സംഘടനയെ നയിച്ച്‌ തുടർന്നും എസ്‌തർ പോരാടി. പള്ളികളിലും മറ്റുമാണ്‌ ഇവർ യോഗം ചേർന്നിരുന്നത്‌. 1976 ഡിസംബറിൽ ഒരു യോഗം കഴിഞ്ഞ്‌ പള്ളിയിൽനിന്ന്‌ പുറത്തിറങ്ങിയപ്പോഴാണ്‌ എസ്‌തറും രണ്ട്‌ ഫ്രഞ്ച്‌ സന്ന്യാസിനിമാരുമടക്കം നിരവധി സ്‌ത്രീകളെ രഹസ്യപ്പൊലീസ്‌ പിടികൂടിയത്‌. എസ്‌തറിനും സഹപ്രവർത്തകർക്കുംവേണ്ടി താൻ ചെയ്‌തതൊന്നും ഫലപ്രദമായില്ല എന്ന ദുഃഖം ജോർജച്ചനുണ്ടായിരുന്നു. 2005ലാണ്‌ എസ്‌തറിന്റെ ഭൗതികാവശിഷ്‌ടം തിരിച്ചറിഞ്ഞത്‌. അന്ന്‌ ബ്യൂണസ്‌ ഐറിസിലെ ബിഷപ്പായിരുന്ന അദ്ദേഹം, എസ്‌തറിനെ കസ്‌റ്റഡിയിലെടുത്ത സ്ഥലത്തെ പള്ളിയുടെ സെമിത്തേരിയിൽത്തന്നെ അടക്കംചെയ്യാൻ ഏർപ്പാട്‌ ചെയ്‌തു.

തടവുകാരോടും കരുണ
ഇത്തരത്തിൽ ആശയപരമായി വിയോജിപ്പുള്ളവരോടും സൗഹൃദം പുലർത്താനും രാഷ്‌ട്രീയത്തിനും മതത്തിനും മറ്റ്‌ ഭിന്നതകൾക്കും അതീതമായി പീഡിതരെയും മുറിവേറ്റവരെയും ആശ്വസിപ്പിക്കാനും അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. സഭയും സമൂഹവും അകറ്റി നിർത്തുന്ന തടവുപുള്ളികളെയും എയിഡ്‌സ്‌ രോഗികളെയും ട്രാൻസ്‌ ജെൻഡർ വ്യക്തികളെയും കരുതലോടെ ചേർത്തുനിർത്തിയ മറ്റൊരു മാർപ്പാപ്പ ഉണ്ടായിട്ടില്ല. ബ്യൂണസ്‌ ഐറിസിലെ ബിഷപ്പായിരിക്കെ 2001ലെ പെസഹ ദിനത്തിൽ അദ്ദേഹം ഒരു ആശുപത്രിയിലേക്ക്‌ കടന്നുചെന്ന്‌ 12 എയിഡ്‌സ്‌ രോഗികളുടെ കാൽകഴുകി ചുംബിച്ചത്‌ പുതിയ തുടക്കമായിരുന്നു. 2008ൽ മയക്കുമരുന്നിന്‌ അടിമകളായ 12 യുവാക്കളുടെ പാദങ്ങളാണ്‌ കഴുകിയത്‌. അദ്ദേഹം മാർപ്പാപ്പയായി സ്ഥാനമേറ്റ്‌ ദിവസങ്ങൾക്കകമായിരുന്നു 2013ലെ പെസഹ. ആ ദിനത്തിൽ റോമിന്റെ പ്രാന്തത്തിലുള്ള ഒരു ജയിലിലാണ്‌ അദ്ദേഹം കാൽകഴുകൽ ശുശ്രൂഷ നടത്തിയത്‌. രണ്ട്‌ സ്‌ത്രീകളടക്കം 12 തടവുകാരുടെ പാദങ്ങളാണ്‌ ചുംബിച്ചത്‌. ഒരു മാർപാപ്പ സ്‌ത്രീകളുടെ കാൽകഴുകി ചുംബിക്കുന്നതും ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു. ഇത്‌ പിന്നീട്‌ ലോകമെങ്ങും സഭയിൽ തരംഗമായി. ബ്യൂണസ്‌ ഐറിസിൽ ആർച്ച്‌ ബിഷപ്പായിരിക്കുമ്പോഴും അദ്ദേഹം സ്‌ത്രീകളുടെ പാദക്ഷാളനം നടത്തിയിട്ടുണ്ട്‌. ഇത്തരത്തിൽ കത്തോലിക്കാ സഭയുടെ സാമ്പ്രദായിക രീതികളിൽ വലിയ മാറ്റങ്ങൾക്ക്‌ തുടക്കമിട്ടയാളാണ്‌ ഫ്രാൻസിസ്‌ പാപ്പ.

ആദ്യ ഫ്രാൻസിസ്‌ മാർപാപ്പ
വ്ളാദിമിർ ലെനിൻ, ജവഹർലാൽ നെഹ്‌റു തുടങ്ങിയ നിരീശ്വരവാദികളെപ്പോലും പ്രചോദിപ്പിച്ചിട്ടുള്ളതാണ്‌ അസീസിയിലെ ഫ്രാൻസിസിന്റെ ജീവിതം. സമ്പന്നതയിൽ ജനിച്ച്‌ ദാരിദ്ര്യത്തെ വരിച്ച ആ വിശുദ്ധന്റെ ജീവിതത്തെ ആസ്‌പദമാക്കി കസാൻദ് സാക്കിസ്‌ രചിച്ച നോവലിന്‌ (ദൈവത്തിന്റെ ദരിദ്രൻ) മലയാളത്തിൽപോലും അരഡസനിലധികം പരിഭാഷകളുണ്ട്‌. ക്രൈസ്‌തവ ആത്മീയതയിലും ലോകസാഹിത്യത്തിലും അത്രമാത്രം സ്വാധീനമുളവാക്കിയ അസീസിയിലെ ഫ്രാൻസിസിന്റെ പേര്‌ സ്വീകരിച്ച ആദ്യ മാർപാപ്പയാണ്‌ ഫ്രാൻസിസ്‌ പാപ്പ എന്നതുതന്നെ അദ്ദേഹത്തെ മുൻഗാമികളിൽനിന്ന്‌ ഏറെ വ്യത്യസ്തനാക്കുന്നു. കസാൻസാക്കിസിന്റെ നോവലിൽ ഫ്രാൻസിസിന്റെ എളിമയെ അടയാളപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങളുണ്ട്‌. അതിലൊന്ന്‌ വത്തിക്കാനിൽ ദിവസങ്ങളോളം കാത്തുകെട്ടിക്കിടന്ന്‌ മാർപാപ്പയെ കണ്ടശേഷം അസീസിയിലേക്ക്‌ മടങ്ങിവന്നപ്പോഴുള്ളതാണ്‌. തന്റെ ആശ്രമത്തിനടുത്ത്‌ എത്തിയപ്പോൾ തന്നെ പൊരിയുന്ന ഇറച്ചിയുടെ മണമടിച്ചു. പുറത്തുകണ്ട ഒരു യാചകന്റെ വേഷം ഊരിവാങ്ങി ധരിച്ച്‌ അകത്ത്‌ കയറിപ്പറ്റിയ ഫ്രാൻസിസ്‌ കെഞ്ചിയപ്പോൾ ഒരു നവസന്ന്യാസി അൽപം സൂപ്പും ഒരു റൊട്ടിയും കൊടുത്തു. സൂപ്പിൽ ഫ്രാൻസിസ്‌ ഒരുനുള്ള്‌ ചാരം വാരിയിട്ടപ്പോൾത്തന്നെ അകത്തുള്ളവർക്ക്‌ ആളെ മനസ്സിലായി. ‘രണ്ടുമൂന്ന്‌ സ്‌പൂൺ സൂപ്പ്‌ കുടിച്ചശേഷം ഫ്രാൻസിസ്‌ പറഞ്ഞു: സഹോദരന്മാരേ ക്ഷമിക്കണം. നിങ്ങളീ സമൃദ്ധമായ ഭക്ഷണത്തിന്റെ മുന്നിലിരിക്കുന്നത്‌ കണ്ടിട്ട്‌ എനിക്ക്‌ എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വഴിനീളെ, വീടുകളുടെ വാതിലിൽ മുട്ടിവിളിച്ച്‌ തെണ്ടിനടന്ന ദരിദ്രസന്ന്യാസികളാണോ നിങ്ങൾ? നിങ്ങളെയാണോ ജനങ്ങൾ പുണ്യാളന്മാരായി കരുതിയിരിക്കുന്നത്‌?’’ സഭയും വൈദികരും ആഡംബരങ്ങൾക്കു പിന്നാലെ പോകുന്നതിലുള്ള വേദനയായിരുന്നു അസീസിയിൽ നിന്നുള്ള വിശുദ്ധന്റെ ചോദ്യം. ഇങ്ങനെയൊരാളെ മാതൃകയാക്കിയ ഫ്രാൻസിസ്‌ പാപ്പയ്‌ക്ക്‌ എന്നും ദരിദ്രരുടെ പക്ഷത്തുനിൽക്കാനേ സാധിക്കുമായിരുന്നുള്ളൂ. പ്രകൃതിയേയും സമസ്‌ത ജീവജാലങ്ങളെയും സ്‌നേഹിച്ച ഫ്രാൻസിസ്‌ പുണ്യാളന്റെ ആശയങ്ങളോട്‌ കൂറുപുലർത്തുന്നതായിരുന്നു ഫ്രാൻസിസ്‌ പാപ്പയുടെ പാരിസ്ഥിതിക ചാക്രിക ലേഖനം (2015).

ഫ്രാൻസിസ്‌ മാർപാപ്പയുടെ ഇടപെടലുകളിൽ ഏറ്റവും ആഗോള ശ്രദ്ധ നേടിയത്‌ അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ നടത്തിയതാണ്‌. ബറാക്‌ ഒബാമ അമേരിക്കൻ പ്രസിഡന്റ്‌ ആയിരിക്കെ ക്യൂബ സന്ദർശിക്കാനും പതിറ്റാണ്ടുകളായി ഈ കൊച്ചുദ്വീപ് രാജ്യത്തിനെതിരെ അടിച്ചേൽപ്പിച്ച ഉപരോധത്തിൽ ഇളവുവരുത്താനും തയ്യാറായതിനു പിന്നിൽ ഫ്രാൻസിസ്‌ പാപ്പയുടെ ശ്രമങ്ങളുമുണ്ടായിരുന്നു. അമേരിക്ക–-ക്യൂബ ബന്ധത്തിൽ പാലമായ ഫ്രാൻസിസ്‌ പാപ്പതന്നെ 2015ൽ ക്യൂബ സന്ദർശിക്കുകയും വിപ്ലവനായകൻ ഫിദൽ കാസ്‌ട്രോയുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ 2017ൽ ട്രംപ്‌ അമേരിക്കയുടെ പ്രസിഡന്റായപ്പോൾ ആദ്യം ചെയ്‌ത വിദ്വേഷപ്രവൃത്തികളിലൊന്ന്‌ ക്യൂബയോട്‌ ഒബാമ സ്വീകരിച്ച അനുകൂല നടപടികൾ റദ്ദാക്കുകയായിരുന്നു. ജനതകൾക്കിടയിൽ പാലങ്ങൾ പണിയാതെ മതിലുകൾ നിർമിക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നവർ നല്ല ക്രൈസ്‌തവരല്ല എന്ന്‌ 2016ലെ അമേരിക്കൻ തിരഞ്ഞെടുപ്പ്‌ പ്രചരണകാലത്ത്‌ പാപ്പ പറഞ്ഞതിനുള്ള പ്രതികാരമായിരുന്നു ട്രംപിന്റെ നടപടി. ഫ്രാൻസിസ്‌ പാപ്പയുടെ മറ്റൊരു ശ്രദ്ധേയ കൂടിക്കാഴ്‌ചയായിരുന്നു 2019ൽ ഈജിപ്‌തിലെ അൽ അസ്‌ഹർ പള്ളിയിലെ മുഖ്യ ഇമാം ഷെയ്‌ഖ്‌ അഹമ്മദ്‌ അൽ ത്വയിബുമായി നടത്തിയത്‌. ഇതര ക്രൈസ്‌തവ സഭാവിഭാഗങ്ങളുമായും അദ്ദേഹം സാഹോദര്യം പുലർത്തി.

ശാസ്‌ത്രപക്ഷത്ത്‌
രസതന്ത്രം പഠിക്കുകയും ശാസ്‌ത്രനേട്ടങ്ങളെ മാനിക്കുകയും ചെയ്‌ത പാപ്പയാണ്‌ ഫ്രാൻസിസ്‌. 1969 ജൂലൈ 20ന്‌ മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയപ്പോൾ ആ ചരിത്രനിമിഷം കാണാൻ സാൻ ജോസിലെ സെമിനാരിയിലെ ടെലിവിഷൻ മുറിയിൽ ഉറക്കമിളച്ച്‌ ഇരുന്നവരിൽ ജോർജച്ചനുമുണ്ടായിരുന്നു. 2017 ഒക്ടോബറിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലിരിക്കുന്ന സഞ്ചാരികളുമായി വത്തിക്കാനിലിരുന്ന്‌ സംസാരിച്ചു. മാനവരാശിയുടെ പുരോഗതിക്ക്‌ ശാസ്‌ത്രം അനിവാര്യമാണെന്നും അതിന്‌ അന്താരാഷ്‌ട്ര സഹകരണം അനിവാര്യമാണെന്നും പോപ്പ്‌ പറഞ്ഞു. കോവിഡ്‌ പടർന്ന കാലത്ത്‌ ചില ഭരണാധികാരികളടക്കം ശാസ്‌ത്രവിരുദ്ധ നിലപാടുകൾ പ്രചരിപ്പിച്ചപ്പോൾ വാക്‌സിൻ സ്വീകരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുകയും ദരിദ്രർക്ക്‌ സൗജന്യമായി വാക്‌സിൻ നൽകാൻ വത്തിക്കാനിൽ സൗകര്യം ഒരുക്കുകയും ചെയ്‌തു. ശാസ്‌ത്രസത്യങ്ങൾ തുറന്നുപറഞ്ഞതിന്‌ ബ്രൂണോയെ ചുട്ടുകൊല്ലുകയും ഗലീലിയോയെ പീഡിപ്പിക്കുകയും ചെയ്‌ത സഭയിൽ വെളിച്ചം കടന്നിട്ട്‌ അധികകാലമായിട്ടില്ല. അടിമത്തം ദൈവഹിതമാണ്‌ എന്നതടക്കം മനുഷ്യവിരുദ്ധമായ നിരവധി പ്രബോധനങ്ങൾ പണ്ട്‌ വത്തിക്കാനിൽ നിന്നുണ്ടായിട്ടുണ്ട്‌. അൽമായർക്ക്‌ ബൈബിൾ വായിക്കുന്നതിലുണ്ടായിരുന്ന വിലക്ക്‌ നീക്കിയിട്ട്‌ 80 വർഷം പോലുമായിട്ടില്ല. 1948ൽ പീയൂസ്‌ പന്ത്രണ്ടാമൻ മാർപാപ്പയാണ്‌ ആ നിരോധനം നീക്കിയത്‌.

നിലപാടുകൾ

റ്റുള്ളവരുടെ സംരക്ഷണം ഏറ്റെടുക്കുന്ന ഒരു ദരിദ്ര സഭയേയാണ്‌ അസീസിയിലെ ഫ്രാൻസിസ്‌ സ്വപ്നം കണ്ടതെന്ന്‌ ഫ്രാൻസിസ്‌ പാപ്പ പറയുമായിരുന്നു; സ്വന്തം താൽപര്യങ്ങൾക്ക്‌ വേണ്ടിയല്ലാതെ മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിമാത്രം ഭൗതിക സമ്പത്ത്‌ സ്വീകരിക്കുന്ന സഭയെ. 800 വർഷം കടന്നുപോയിട്ടും അത്‌ സ്വപ്നമായി അവശേഷിക്കുന്നതായും അദ്ദേഹം ദുഃഖിച്ചു. കടിഞ്ഞാണില്ലാത്ത മുതലാളിത്തം ശക്തരെ കൂടുതൽ ശക്തരാക്കുകയും നിസ്സഹായരെ കൂടുതൽ നിസ്സഹായരാക്കുകയും ചെയ്യുന്നതായി പാപ്പ തുറന്നടിച്ചു. അജപാലകരെയാണ്‌ ദൈവജനത്തിനാവശ്യം. അല്ലാതെ, സർക്കാരുദ്യോഗസ്ഥരെപ്പോലെ പെരുമാറുന്ന പുരോഹിതരെയല്ല എന്ന്‌ അഭിമുഖങ്ങളിൽ അദ്ദേഹം ഓർമിപ്പിച്ചു. സ്വസ്ഥതയുടെയും സുഖഭോഗങ്ങളുടെയും പൗരോഹിത്യ പ്രമത്തതയുടെയും കൂടാരങ്ങൾ വിട്ട്‌ തെരുവിലേക്കിറങ്ങണമെന്ന്‌ ഒരിക്കൽ യുവജനങ്ങളോട്‌ ആഹ്വാനംചെയ്‌തു. സഭാ മേലധ്യക്ഷർ പലപ്പോഴും കൊട്ടാര വിദൂഷകരുടെ മുഖസ്‌തുതികളിൽ കോൾമയിർകൊള്ളുന്ന ആത്മാനുരാഗികൾ ആയിരുന്നിട്ടുണ്ടെന്നും അവരെ വഴിതെറ്റിക്കുന്ന കൊട്ടാരവിദൂഷകരാണ്‌ പാപ്പസിയുടെ കുഷ്‌ഠരോഗം എന്നും കടുത്ത ആഭ്യന്തര വിമർശമുയർത്താനും അദ്ദേഹം മടിച്ചില്ല. തന്റെ ദൈവം കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാദൈവം എന്നൊന്നില്ല. ദൈവമേയുള്ളൂ എന്ന പാപ്പയുടെ നിലപാട്‌ ഇതര വിശ്വാസങ്ങളോട്‌ വെറുപ്പ്‌ പടരുന്ന പുതിയ കാലത്ത്‌ വളരെ പ്രസക്തമാണ്‌.


സഫലമാവാത്ത പ്രതീക്ഷകൾ

കത്തോലിക്കാ സഭയിൽ പണ്ട്‌ മാർപാപ്പമാർക്ക്‌ പോലും വിവാഹത്തിന്‌ തടസമുണ്ടായിരുന്നില്ല. 39 മാർപാപ്പമാർ വിവാഹിതരായിരുന്നു. അവിഹിതബന്ധങ്ങളും നിരവധിയുണ്ടായിരുന്നു. രതിയിലേർപ്പെട്ടിരിക്കെ വധിക്കപ്പെട്ട മാർപാപ്പ പോലുമുണ്ട്‌. നിരവധി മെത്രാന്മാരും പുരോഹിതരും വിവാഹിതരായിട്ടുണ്ട്‌. പന്ത്രണ്ടാം നൂറ്റാണ്ടിലാണ്‌ കർക്കശ ബ്രഹ്മചര്യവും വിവാഹവിലക്കും സഭാപൗരോഹിത്യത്തിൽ നടപ്പാക്കപ്പെട്ടത്‌. ഇത്‌ പലപ്പോഴും രഹസ്യമായി ലംഘിക്കപ്പെട്ടിട്ടുണ്ട്‌. പുരോഹിതർ സ്ഥാനം ഉപേക്ഷിച്ച്‌ വിവാഹജീവിതത്തിലേക്ക്‌ കടക്കുന്നതും ഇപ്പോൾ അസാധാരണമല്ല. 1963നും 68നും ഇടയിൽ ഏഴായിരത്തിലധികം വൈദികർ വിവാഹത്തിന്‌ അനുമതി ചോദിച്ചതായി സഭയുടെ ഔദ്യോഗിക രേഖകൾ ഉദ്ധിച്ച്‌ ഫാദർ സെബാസ്‌റ്റ്യൻ കാപ്പൻ 55 വർഷംമുമ്പ്‌ എഴുതിയിട്ടുണ്ട്‌. ഇവരിൽ 5652 പേർക്ക്‌ അനുമതി നൽകി. ഇതിലുമധികമുണ്ടാവും അനുമതി വാങ്ങാതെ വൈദികവൃത്തി ഉപേക്ഷിച്ച്‌ വിവാഹിതരായവർ എന്നായിരുന്നു കാപ്പനച്ചന്റെ കണക്ക്‌. 1970കളിലാണ്‌ ഇത്തരത്തിൽ കൂടുതൽ വൈദികർ കുടുംബജീവിതത്തിലേക്ക്‌ കടന്നത്‌. 1964നും 2004നുമിടയിൽ എഴുപതിനായിരത്തോളം വൈദികർ പല കാരണങ്ങളാൽ വൈദികവൃത്തി ഉപേക്ഷിച്ചതായാണ്‌ രൂപതകളിൽ നിന്നുള്ള കണക്ക്‌. ഈ സാഹചര്യത്തിൽ വിവാഹം കഴിച്ചുകൊണ്ട്‌ വൈദികവൃത്തിയിൽ തുടരാൻ അനുവദിക്കുന്ന തീരുമാനം ഫ്രാൻസിസ്‌ മാർപാപ്പയുടെ കാലത്ത്‌ വത്തിക്കാനിൽനിന്ന്‌ ഉണ്ടാവുമെന്ന്‌ പരിഷ്‌കരണവാദികൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അത്‌ സംഭവിച്ചില്ല.

സ്‌ത്രീകൾക്ക്‌ പൗരോഹിത്യം നൽകുന്നതിലും ഫ്രാൻസിസ്‌ പാപ്പ നായകനായിരിക്കുമ്പോൾ അനുകൂല നീക്കങ്ങൾ ഉണ്ടായേക്കുമെന്ന്‌ കരുതപ്പെട്ടിരുന്നു. അക്കാര്യത്തിലും സഭയുടെ നിലപാടുകൾ മാറ്റാൻ സാധിച്ചില്ല. എന്നാൽ സുപ്രധാനമായ ചില അധികാരസ്ഥാനങ്ങളിൽ സ്‌ത്രീകളെ അവരോധിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കാലം മുതൽതന്നെ സഭയിൽ സ്‌ത്രീപ്രാതിനിധ്യം വർധിപ്പിക്കാൻ ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതിൽ പ്രകടമായ മുന്നേറ്റമുണ്ടായത്‌ ഫ്രാൻസിസ്‌ പാപ്പയുടെ കാലത്താണ്‌. വത്തിക്കാനിലെ ബിഷപ്പുമാരുടെ സുന്നഹദോസിന്റെ അണ്ടർ സെക്രട്ടറിമാരിൽ ഒരാളായി ഫ്രഞ്ച്‌ കന്യാസ്‌ത്രീ നതാലി ബെഖായെ 2021ൽ നിയമിച്ചതാണ്‌ അതിൽ ഏറ്റവും പ്രധാനം. സുന്നഹദോസിൽ വോട്ടവകാശം ലഭിച്ച ആദ്യ സ്‌ത്രീയാണ്‌ ഈ അൻപത്തിയാറുകാരി. സഭയുടെ നേതൃനിരയിലടക്കം കൂടുതൽ സ്‌ത്രീകളുണ്ടാവണം എന്നാഗ്രഹിച്ചയാളാണ്‌ ഫ്രാൻസിസ്‌ പാപ്പ എന്നാണ്‌ സിസ്‌റ്റർ നതാലി പറയുന്നത്‌. സമാധാനശ്രമങ്ങൾക്കുള്ള താക്കോൽ കൂടിയാണ്‌ സ്‌ത്രീപ്രാതിനിധ്യം. കൂടുതൽ കലുഷമായിവരുന്ന ലോകത്ത്‌ സഭയിലടക്കം സ്‌ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌.

വത്തിക്കാൻ രാഷ്‌ട്രീയം
സഭാ നേതൃത്വത്തിലെ യൂറോപ്യൻ കേന്ദ്രീകരണത്തിൽ മാറ്റമുണ്ടാവുമോ എന്നതും കണ്ടറിയേണ്ടതാണ്‌. ഫ്രാൻസിസ്‌ പാപ്പ ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയെന്ന നിലയിൽ ഏറെ പ്രകീർത്തിക്കപ്പെട്ടെങ്കിലും അദ്ദേഹവും യൂറോപ്യൻ വംശജനായിരുന്നു എന്ന വസ്‌തുതയുണ്ട്‌. അർജന്റീനയിലേക്ക്‌ കുടിയേറിയ ഇറ്റലിക്കാരായിരുന്നല്ലോ അദ്ദേഹത്തിന്റെ മാതാപിതാക്കൾ. കൂടാതെ ഇതുവരെയുണ്ടായിട്ടുള്ള 266 മാർപാപ്പമാരിൽ 217പേരും ഇറ്റലിയിൽ നിന്നായിരുന്നു. ആധുനിക കാലത്ത്‌ മാർപാപ്പമാരെ തീരുമാനിക്കുന്നതിൽ സഭയുടെ രാഷ്‌ട്രീയ താൽപര്യങ്ങളും ഘടകമാവുന്നുണ്ടോ എന്ന്‌ സംശയിക്കപ്പെട്ടാൽ തള്ളാനാവില്ല. കത്തോലിക്കാ സഭ കമ്യൂണിസത്തെ പ്രധാന ഭീഷണിയായി കാണുകയും ഇടതുപക്ഷ ആശയങ്ങളോട്‌ ആഭിമുഖ്യം പുലർത്തിയ വിമോചന ദൈവശാസ്‌ത്രം ദരിദ്രർ കൂടുതലുള്ള രാജ്യങ്ങളിൽ പടരുകയും ചെയ്യുന്ന കാലത്തായിരുന്നു കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ ഭരണത്തിലായിരുന്ന പോളണ്ടിൽ നിന്ന്‌ ആദ്യമായി ഒരാൾ മാർപാപ്പയായത്‌; 1978ൽ ജോൺ പോൾ രണ്ടാമൻ. ഒരു പതിറ്റാണ്ട്‌ പിന്നിട്ടപ്പോഴേക്ക്‌ പോളണ്ടടക്കം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും സോവിയറ്റ്‌ യൂണിയനിലും പ്രതിവിപ്ലവതരംഗത്തിൽ സോഷ്യലിസ്‌റ്റ്‌ ഭരണം തകർന്നു. സോഷ്യലിസ്‌റ്റ്‌ ഭരണകാലത്തെ നേട്ടങ്ങൾ നഷ്‌ടപ്പെടുകയാണ്‌ ഉണ്ടായതെന്ന്‌ പിന്നീട്‌ ജോൺ പോൾ രണ്ടാമനും തിരിച്ചറിഞ്ഞു. സോഷ്യലിസ്‌റ്റ്‌ ചേരിയുടെ തകർച്ചയെ തുടർന്നുണ്ടായ ഏകധ്രുവലോകത്തിലെ അമേരിക്കൻ ആധിപത്യം സൃഷ്‌ടിച്ച യുദ്ധങ്ങളടക്കമുള്ള കെടുതികൾക്കെതിരെ അദ്ദേഹവും വിലപിച്ചു. വിമോചന ദൈവശാസ്‌ത്രം പിറവികൊണ്ട ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഇടതുപക്ഷതരംഗം പടരുന്ന വേളയിലാണ്‌ അർജന്റീനക്കാരനായ ജോർജ്‌ മാരിയോ ബെർഗോളിയോ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്‌. പിന്നാലെ അർജന്റീനയിലടക്കം ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ തീവ്രവലതുപക്ഷക്കാർ അധികാരത്തിലെത്തുന്നത്‌ ലോകം കണ്ടു. എന്തായാലും വത്തിക്കാനിലെ യാഥാസ്ഥിതികമായ അധികാരകേന്ദ്രങ്ങളുടെ രാഷ്‌ട്രീയ താൽപര്യങ്ങൾക്ക്‌ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിൽ പങ്കുണ്ടോ എന്നത്‌ ചരിത്രകാരർ അന്വേഷിക്കട്ടെ. പുതിയ പോപ്പിനെ കണ്ടെത്താനുള്ള കോൺക്ലേവ് വത്തിക്കാനിൽ ചേരുമ്പോൾ ഏറ്റവുമധികം ക്രൈസ്‌തവരുള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നടക്കം പേരുകൾ ഉയർന്നുവന്നിട്ടുണ്ട്‌. ഫലമെന്താവുമെന്ന് വത്തിക്കാനിൽ നിന്ന് വെള്ളപ്പുക ഉയരുന്നതുവരെ നമുക്കു കാത്തിരിക്കാം. l

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + 10 =

Most Popular