ഇങ്ങനെയൊരാൾ ഈ സ്‌ഥാനത്ത്- ഇനി വരുമോ എന്ന ചോദ്യം ബാക്കിവച്ചിട്ടാണ് റോമൻ കത്തോലിക്കാ സഭയുടെ അധ്യക്ഷനായ പോപ്പ് ഫ്രാൻസിസ് വിടപറഞ്ഞത്.
ഇതിനുമുൻപ് ഒരു മാർപാപ്പയും കാണിച്ചിട്ടില്ലാത്ത വ്യക്തിപരമായ ലാളിത്യം മാത്രമായിരുന്നില്ല പോപ്പ് ഫ്രാൻസിസിനെ വ്യത്യസ്തനാക്കിയത്; ലാളിത്യം എന്നത് അതിൽത്തന്നെ ഒരു വലിയ ഗുണമാകുക പ്രയാസവുമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും പുരാതനവും ശക്തവുമായ ഒരു മതസ്‌ഥാപനത്തിന്റെ അധിപനായിരുന്നുകൊണ്ട് മുന്പൊരിക്കലുമില്ലാത്തവിധത്തിൽ മനുഷ്യരെ കാണാൻ ലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു പോപ്പ് ഫ്രാൻസിസ്.
മതസ്‌ഥാപനങ്ങൾക്ക്, മതങ്ങൾക്കൊക്കെ മനുഷ്യരെ സംബന്ധിച്ച് നിർവചനങ്ങളുണ്ട്. അവ അടിസ്ഥാനപരമായി ഞങ്ങളും ബാക്കിയുള്ളവരും എന്ന ഒരു ദ്വന്ദത്തിലാണ് നിലകൊള്ളുക; അതിൽ വെള്ളംചേർക്കാൻ ആരും അനുവദിക്കാറില്ല. ആ വ്യത്യസ്തത നിലനിർത്തിക്കൊണ്ടുള്ള സംവാദങ്ങളും സഹകരണവുമാണ് ഏറ്റവും പുരോഗമനപരമായ സംവിധാനങ്ങൾപോലും നടപ്പിലാക്കുക.
ഇക്കാര്യത്തിൽ യാഥാസ്ഥിതികമായി മാത്രം ചിന്തിച്ചു പരിചയമുള്ള കത്തോലിക്കാ സഭയെ മറ്റൊരു സാധ്യതകൂടി ഉണ്ട് എന്ന കാര്യം മനസിലാക്കിക്കൊടുക്കാനായിരുന്നു പോപ്പ് ഫ്രാൻസിസിന്റെ ശ്രമം. അതിൽ ഒരളവുവരെ അദ്ദേഹം വിജയിക്കുകയും ചെയ്തു. മനുഷ്യനായിരിക്കുക എന്നതു മാത്രമാണ് മനുഷ്യനായി പരിഗണിക്കപ്പെടാനുള്ള യോഗ്യത എന്ന് അദ്ദേഹം സഭയെ പഠിപ്പിച്ചു. ലിംഗം, നിറം, ദേശം, ലൈംഗികാഭിരുചി എന്നിങ്ങനെ സാധാരണഗതിയിൽ മനുഷ്യർ ഗണിക്കുന്ന ഘടകങ്ങൾക്ക് യാതൊരു വിലയുമില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കറുത്തവനും പ്രവാസിയും അടിമയും ജയിൽപ്പുള്ളിയും അഭയാർഥിയും അംഗപരിമിതനും അദ്ദേഹത്തിന്റെ പരിഗണനയിൽ മുൻപിലെത്തി. “അവർ ദൈവസൃഷ്ടികളാണ്, അവരെ വിധിക്കാൻ ഞാനാര്’ എന്ന ചോദ്യത്തിൽ അദ്ദേഹം വിമർശകരെ ഒതുക്കിനിർത്തി.
മനുഷ്യവർഗ്ഗത്തിന്റെ മഹാപ്രയാണചരിത്രത്തിൽ നമ്മുടെ കാലം അടയാളപ്പെടുത്തുന്നവരിൽ ഒരാളായിരിക്കും പോപ്പ് ഫ്രാൻസിസ്. വെറുപ്പിന്റെയും യുദ്ധത്തിന്റെയും ചൂഷണത്തിന്റെയും പ്രായോജകർ ലോകത്തിനുമേൽ പതിവില്ലാത്തവിധം പിടിമുറുക്കുകയും ലോകമെങ്ങും മനുഷ്യരെ ദരിദ്രരും അശരണരും അഭയാർഥികളുമാക്കുകയും ചെയ്യുന്ന കാലത്താണ് ഫ്രാൻസിസ് അവരെ ചെറുത്തുനിന്നതും അരികുവത്കരിക്കപ്പെട്ടവർക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകിയതും.
യാഥാർഥ്യബോധത്തോടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുകയും മാനവികതയുടെ അടിസ്‌ഥാനത്തിലും ബോധ്യത്തിലും പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. “കൂടുതൽ ജോലി ചെയ്യാൻ കാർ ആവശ്യമായി വരും. പക്ഷേ ദയവുചെയ്ത് ചെറിയ കാറുകൾ വാങ്ങുക; ഈ ലോകത്ത് എത്ര കുഞ്ഞുങ്ങൾ വിശപ്പുമൂലം മരിക്കുന്നു എന്നോർക്കുക’ എന്നാണ് ഒരു വേള ധൂർത്തരായി മാറിയ പുരോഹിതന്മാരോട് അദ്ദേഹം പറഞ്ഞത്.
വിശക്കുന്ന കുഞ്ഞുങ്ങളെപ്പറ്റി, പലസ്തീനിലും ഉക്രെയിനിലും കൊല്ലപ്പെടുന്ന മനുഷ്യരെപ്പറ്റി ലോകത്തെ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന ആ മഹാ ഇടയൻ നിഷേധിക്കപ്പെടുന്ന നീതിയെപ്പറ്റി ആകുലപ്പെട്ടുകൊണ്ടിരുന്നു; അതൊക്കെ മറക്കാനുള്ള ലോകത്തിന്റെ ശ്രമങ്ങൾക്കുമീതെ നിരന്തരം ഓർമ്മപ്പെടുത്തലുമായി അദ്ദേഹം പറന്നുനടന്നു.
കത്തോലിക്കാ സഭയുടെ പരമാധികാരിയായിരിക്കുമ്പോഴും മുതലാളിത്തത്തിന്റെയും അതിന്റെ ചൂഷണ സമ്പ്രദായത്തിന്റെയും നിരന്തര വിമർശകനായിരുന്നു അദ്ദേഹം. ആദ്യം കുറേപ്പേർ പണക്കാരാവട്ടെ, അവരുടെ സമ്പത്തു നിറഞ്ഞൊഴുകുമ്പോൾ അർഹമായത് എല്ലാവർക്കും കിട്ടും എന്നൊരു യുക്തി മുതലാളിത്ത ലോകത്തിന്റേതായുണ്ട്. അതിനെ നിശിതമായ പരിഹാസത്തിന്- അദ്ദേഹം ഇരയാക്കി. “ഗ്ലാസ് നിറഞ്ഞൊഴുകുമെന്നും എല്ലാവർക്കും എല്ലാം ലഭ്യമാകുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ സംഭവിക്കുന്നതോ, ഗ്ലാസിന്റെ വലുപ്പം അദ്‌ഭുതകരമായി കൂടുന്നു,’ എന്ന് പറഞ്ഞുകൊണ്ട് മുതലാളിത്തത്തിന്റെ അടങ്ങാത്ത ആർത്തിയെയും ചൂഷണയുക്തിയെയും അദ്ദേഹം പരിഭാഷപ്പെടുത്തി, എല്ലാവർക്കും കാണാൻ പാകത്തിൽ നഗ്നമാക്കി നിർത്തി; ചൂഷണവ്യവസ്‌ഥിതിയെ, അതിന്റെ വിചിത്ര വാദങ്ങളുടെ പൊള്ളത്തരത്തെ അദ്ദേഹം എല്ലാവർക്കുംവേണ്ടി പൊളിച്ചുകാണിച്ചുകൊടുത്തു.
ചൂഷണശക്തികൾക്കു നേർക്കുനേരെയായിരുന്നില്ല പലപ്പോഴും ഫ്രാൻസിസിന്റെ പോരാട്ടം. അതുകൊണ്ടുതന്നെ ലോകമെങ്ങുമുള്ള മറ്റു വിപ്ലവകാരികൾ വിജയിച്ചതുപോലെ അയാൾ വിജയിച്ചുവോ എന്നറിയില്ല. പക്ഷേ അയാൾ മുറിവേറ്റ മനുഷ്യരിൽ ആശ്വാസം നിറച്ചു, അവരുടെ തപിച്ച ഹൃദയങ്ങളിൽ തണുപ്പു പകർന്നു. പോരാടാൻ അവർക്കു ആത്മവിശ്വാസം കൊടുത്തു.
‘ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; ദൈവരാജ്യം അവർക്കുള്ളതാകുന്നു’ എന്ന് പറഞ്ഞാണ് ക്രിസ്തു മലയിലെ പ്രസംഗം ആരംഭിക്കുന്നത്. ക്രിസ്തുവിനു അത് പറയാമായിരുന്നു; അയാൾ ദരിദ്രനുമായിരുന്നു. എന്നാൽ കത്തോലിക്കാ സഭയുടെ അധിപൻ ദരിദ്രനല്ല; ആയിരം മുറികളോ മറ്റോ ഉള്ളതാണ് പോപ്പിന്റെ കൊട്ടാരം. ഫ്രാൻസിസ് പക്ഷേ ക്രിസ്തുവചനം പിന്തുടർന്ന് ആത്മാവിൽ ദരിദ്രനായി; കൊട്ടാരത്തിൽനിന്നൊഴിഞ്ഞുമാറി അടുത്തൊരു രണ്ടുമുറി അപ്പാർട്ട്മെന്റിൽ താമസിച്ചു; ചെറിയ കാറിൽ യാത്ര ചെയ്തു,കൈയിലൊരു ജപമാലയുമായി ഏതൊരാൾക്കും അവകാശപ്പെടാവുന്ന ഒരു ചെറിയ മരപ്പെട്ടിയിൽ കിടന്നു മണ്ണിലേക്ക് മടങ്ങി.
*******
പുരോഗമനവാദികളും യാഥാസ്‌ഥിതികരും അമരത്തു മാറി മാറി വരിക എന്നത് കത്തോലിക്കാ സഭയുടെ പ്രത്യേകതകളിൽ ഒന്നാണ്. ആധുനിക സഭാ ചരിത്രത്തിലെ ഒരു വഴിത്തിരിവായി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ കാലം (1958–-1963) കണക്കാക്കപ്പെടുന്നു, കാരണം അദ്ദേഹം സഭയെ ലോകത്തിനുമുന്നിൽ തുറന്നുകൊടുത്തു. രക്ഷയെക്കുറിച്ചുള്ള യാഥാസ്ഥിതിക സിദ്ധാന്തങ്ങൾ അവർ ഏതാണ്ട് ഉപേക്ഷിച്ചു, മറ്റ് വിശ്വാസങ്ങളുമായി സംഭാഷണം ആരംഭിച്ചു, ആരാധനാക്രമത്തിൽ മാറ്റങ്ങൾ വരുത്തി, പ്രാദേശിക സഭകൾക്ക് കൂടുതൽ പ്രാധാന്യം നൽകി. ജോൺ ഇരുപത്തിമൂന്നാമന്റെ പിൻഗാമിയായി വന്ന പോൾ ആറാമൻ, റോമിന് പുറത്ത് വ്യാപകമായി യാത്ര ചെയ്യുകയും പല രാജ്യങ്ങളിലെയും പല വിശ്വാസങ്ങളിലെയും ജനങ്ങളുമായി ഇടപഴകുകയും ചെയ്തുകൊണ്ട് ആധുനികവത്കരണ പ്രക്രിയ മുന്നോട്ടുകൊണ്ടുപോയി. സമാധാനത്തിനായി വാദിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള നിരവധി യാത്രകൾക്കിടയിൽ 1964-ൽ അദ്ദേഹം ഇന്ത്യയും സന്ദർശിച്ചു.
പോൾ ആറാമൻ മാർപാപ്പയുടെ പിൻഗാമിയായി ജോൺ പോൾ ഒന്നാമൻ മാർപാപ്പ സ്ഥാനമേറ്റെടുത്തു, കേവലം 33 ദിവസം മാത്രം മാർപാപ്പയായിരുന്ന അദ്ദേഹം വളരെ ആദരിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിനുശേഷം 58-–ാം വയസ്സിൽ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട ജോൺ പോൾ രണ്ടാമൻ വിശ്വാസകാര്യങ്ങളിൽ അങ്ങേയറ്റം യാഥാസ്‌ഥിതികനും എന്നാൽ സാമൂഹ്യവ്യവഹാരങ്ങളിൽ പുരോഗമനവാദിയുമായാണ് അറിയപ്പെട്ടിരുന്നത്. ജന്മനാടായ പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിച്ചതിലും കിഴക്കൻ യൂറോപ്പിലും ലോകമെമ്പാടും കമ്യൂണിസ്റ്റ് സ്വാധീനം കുറച്ചതിലും അദ്ദേഹത്തിന് ഒരു പങ്കുണ്ട് എന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നു. 1978 മുതൽ 2005 വരെയുള്ള 27 വർഷത്തെ ഭരണകാലത്ത് ഇന്ത്യ ഉൾപ്പെടെ 129 രാജ്യങ്ങൾ സന്ദർശിച്ച് വ്യത്യസ്ത മത വിശ്വാസങ്ങളുമായി സംഭാഷണത്തിന് തുടക്കമിട്ടു.
ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയായി അധികാരമേറ്റ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ മതത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും മേഖലകളിൽ ഒതുങ്ങി. ആധുനിക കാലത്ത് ആ സ്ഥാനം ഉപേക്ഷിച്ച ആദ്യത്തെ മാർപാപ്പയായ ബെനഡിക്ട് പതിനാറാമന്റെ പിൻഗാമിയായാണ് ഫ്രാൻസിസ് വരുന്നത്.
പോപ്പ് ഫ്രാൻസിസിന്റെ ജീവിത വീക്ഷണം അദ്ദേഹത്തിന്റെ അവസാനത്തെ ചാക്രിക ലേഖനമായ ഫ്രാറ്റെല്ലി ടുട്ടി, അഥവാ ‘എല്ലാ സഹോദരന്മാരും’, വളരെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. സാഹോദര്യം എന്ന വാക്യത്തെ ഉറപ്പിച്ചുനിർത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഒറ്റപ്പെട്ട നിലയിൽ ജീവിതത്തെ നേരിടാൻ ആർക്കും കഴിയില്ല. നാമെല്ലാവരും സഹോദരന്മാരും സഹോദരിമാരുമായ ഒരു മനുഷ്യകുടുംബമായി വേണം സ്വപ്നം കാണാൻ.’
ഇത് അടിസ്‌ഥാനപരമായി ഇടതുപക്ഷ സമീപനമാണ് എന്ന് കാണേണ്ടിവരും. ഓരോരുത്തരും അവനവന്റെ കാര്യം നോക്കുകയും അങ്ങനെ ഓരോരുത്തരും നന്നാവുകയും ചെയ്യുക എന്നതാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും മികച്ച മോഡലുകൾ പോലും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മനുഷ്യവർഗത്തിന്റെ ചരിത്രത്തിൽ അത്തരമൊരു കാര്യം നടന്നിട്ടില്ലെന്നും വർഗ്ഗങ്ങളായി തിരിഞ്ഞ് ചൂഷകരും ചൂഷിതരുമായാണ് മനുഷ്യർ ഇന്നുവരെ നിലനിന്നിട്ടുള്ളത് എന്നും അവർ തമ്മിലുള്ള സംഘർഷമാണ് മനുഷ്യന്റെ ചരിത്രം എന്നും ഇടതുപക്ഷക്കാർ പറയുന്നു; ഒപ്പം ഓരോ സമൂഹവും അതിന്റെ മുന്നോട്ടുള്ള പാത ഒറ്റയ്‌ക്കൊറ്റയ്ക്കല്ല ഒരുമിച്ചുവേണം സ്വപ്നം കാണാൻ എന്നതും ഇടതുപക്ഷ സമീപനമാണ്.
അസ്സീസിയിലെ ഫ്രാൻസിസ് ആയിരുന്നു പോപ്പ് ഫ്രാൻസിസിന്റെ മാതൃക. സമ്പത്തിന്റെയും സൗകര്യങ്ങളുടെയും മടിത്തട്ടിൽ വളർന്നെങ്കിലും മനുഷ്യജീവിതത്തിൽ അവയുടെ അർഥവും ആവശ്യവും പരിമിതമാണെന്നു മനസിലാക്കിയ ക്രിസ്തു ശിഷ്യനാണ് ദരിദ്രരുടെ സുഹൃത്തായിരുന്ന അസ്സീസിയിലെ ഫ്രാൻസിസ്. എല്ലാ ജീവജാലങ്ങൾക്കും പ്രകൃതിയ്ക്കും മനുഷ്യരെപ്പോലെ അവരവരുടേതായ അവകാശങ്ങളുണ്ടെന്നും വിഭവങ്ങളുടെമേൽ മനുഷ്യർക്കു അപരിമിതമായ അവകാശകങ്ങളോ അധികാരങ്ങളോ ഇല്ലെന്നും അദ്ദേഹം വാദിച്ചു. നമ്മൾ ജീവിക്കുന്ന ഭൂമിയെ നമ്മുടെ ആവശ്യങ്ങൾക്ക് മാത്രമായി ചൂഷണം ചെയ്യാൻ മനുഷ്യർക്കു അവകാശമില്ലെന്നും അതിനെ കുറച്ചുകൂടി മെച്ചപ്പെടുത്തി അടുത്ത തലമുറയ്ക്ക് കൈമാറുകയാണ് നമ്മുടെ ഉത്തരവാദിത്തമെന്നും കാറൽ മാർക്സ് പറഞ്ഞതിന്റെ വേറൊരു വ്യാഖ്യാനമായിരുന്നു അസീസിയിലെ ഫ്രാൻസിസിന്റേത്.
ലാറ്റിനമേരിക്കക്കാരനായിരുന്നതുകൊണ്ടുതന്നെ ഇടതുപക്ഷ രാഷ്ട്രീയം പോപ്പ് ഫ്രാൻസിസിന് അന്യമായിരുന്നില്ല. എന്നാൽ കമ്യൂണിസ്റ്റ് രാജ്യമായിരുന്ന പോളണ്ടിൽനിന്നു വന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നിലപാടായിരുന്നില്ല ഫ്രാൻസിസ് പാപ്പയ്ക്ക് ഇടതുപക്ഷത്തോട് ഉണ്ടായിരുന്നത്. അതിനു ചരിത്രപരവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളുണ്ടായിരിക്കാം. ചൂഷണത്തിനെതിരെയും അധികാരദുർവിനിയോഗത്തിനെതിരെയും സഭയുടെ ഒരു വിഭാഗമെങ്കിലും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ചരിത്രം ലാറ്റിനമേരിക്കയ്ക്കുണ്ട്. കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ അങ്ങനെയൊരു സാധ്യത ഉണ്ടായിരുന്നില്ല.
വിമോചന ദൈവശാസ്ത്രത്തിന്റെ ജന്മഭൂമികൂടിയാണ് ലാറ്റിനമേരിക്ക. ഏറ്റവുമധികം കത്തോലിക്കരുള്ള നാട്; ഏകാധിപതികളും പട്ടാളമേധാവികളും ക്രൂരന്മാരായ ഭരണാധികാരികളും കൂടി ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയ ഭൂപ്രദേശം. ഒപ്പം ഇടതുപക്ഷ വിപ്ലവത്തിന്റെ എക്കാലത്തെയും വലിയ ധ്രുവനക്ഷത്രങ്ങൾക്കു ജന്മംകൊടുത്ത നാടും. അങ്ങേയറ്റം വൈരുധ്യങ്ങൾ നിറഞ്ഞ ഈ നാട്ടിൽനിന്നാണ് മനുഷ്യനെ കേന്ദ്ര കഥാപാത്രമാക്കി ഒരു തത്വശാസ്ത്രത്തിന്റെ പ്രായോഗികവഴികൾ പോപ്പ് ഫ്രാൻസിസ് അന്വേഷിച്ചു നടന്നത്.
കമ്യൂണിസ്റ്റോ, വിമോചന ദൈവശാസ്ത്രത്തിന്റെ ആരാധകനോ ആയിരുന്നില്ല പോപ്പ് ഫ്രാൻസിസ്, പക്ഷേ കമ്യൂണിസ്റ്റുകാർ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന നല്ല ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു എന്നുവേണം കരുതാൻ. മുതലാളിത്ത സാമ്പത്തിക ക്രമത്തിൽ വലിയ അഴിച്ചുപണി ആവശ്യമുണ്ട് എന്ന അദ്ദേഹത്തിന്റെ നിലപാടിനെ പരാമർശിച്ചുകൊണ്ട് ‘അദ്ദേഹം ഒരു ലെനിനിസ്റ്റാണ്’ എന്ന് മുതലാളിത്ത ലോകത്തിന്റെ ജിഹ്വയായ, എന്നാൽ ഏറെ ആദരിക്കപ്പെടുന്ന ‘ദി ഇക്കണോമിസ്റ്റ്’ മാസിക വിമർശനമുയർത്തി.
അതിനോട് അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. കമ്യൂണിസ്റ്റുകാർ ഞങ്ങളുടെ പതാക മോഷ്ടിച്ചിരിക്കുകയാണ്. ദരിദ്രന്റെ പതാക ക്രിസ്ത്യാനിയുടേതാണ്.’ പാവപ്പെട്ടവരെ, രോഗികളെ, ആവശ്യക്കാരെ സേവിക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാണിക്കുന്ന സുവിശേഷ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെകൂടി പറഞ്ഞു: “കമ്യൂണിസ്റ്റുകാർ പറയുന്നു അതാണ് കമ്യൂണിസമെന്ന്. അവരോടു ഒരു കാര്യം പറയാനുണ്ട്: അങ്ങനെയെങ്കിൽ നിങ്ങൾ ക്രിസ്ത്യാനികളാണ്.’
ദരിദ്രന്റെ പതാകയെസംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഉദ്ധരണി ഇന്നത്തെ ലോകക്രമത്തിൽ സഭയെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും അടയാളപ്പെടുത്തുന്ന ഒരു വാക്യമാണ്. ദരിദ്രരുടെ പതാകയുയർത്തിക്കൊണ്ടു നടക്കേണ്ട അവകാശപ്പോരാട്ടങ്ങളിൽ ഒപ്പം നിൽക്കാവുന്നവരാണ് കമ്യൂണിസ്റ്റുകാരും ക്രിസ്ത്യാനികളുമെന്ന ധാരണ അദ്ദേഹത്തിൽ രൂഢമൂലമായതിൽ അദ്‌ഭുതത്തിനു അവകാശമില്ല.
“ഞാനോ എന്റെ സഹോദരന്റെ കാവൽക്കാരൻ?’ എന്ന കായേന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് ഒരാളുടെ രാഷ്ട്രീയം നിശ്ചയിക്കുന്നത് എന്ന ബോധ്യമുള്ളയാളാണ് ഈ ലേഖകൻ. ഞാനാണ് എന്റെ സഹോദരന്റെ കാവൽക്കാരൻ എന്ന ഉത്തമബോധ്യമാണ് ഒരാളെ മെച്ചപ്പെട്ട മനുഷ്യനാക്കുന്നത്, ഒരുമിച്ചുള്ള മുന്നേറ്റത്തിന് തയാറാക്കുന്നത്.
വ്യക്തികേന്ദ്രീകൃതമായ മുതലാളിത്ത ചിന്തയുടെ വിപരീത യുക്തിയിലാണ് ക്രിസ്തുവും പോപ്പ് ഫ്രാൻസിസ് എന്ന ക്രിസ്തുവിന്റെ ഭൂമിയിലെ വികാരിയും ചിന്തിച്ചിരുന്നത് എന്ന് കാണാം. അതുകൊണ്ടുതന്നെ യഥാർത്ഥ വിശ്വാസികളും ഇടതുപക്ഷവും ഭൂമിയിലെ മനുഷ്യരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കൈകോർക്കേണ്ടതുണ്ട് എന്നൊരു സന്ദേശം പോപ്പ് ഫ്രാൻസിസിന്റെ ജീവിതത്തിൽനിന്ന് വായിച്ചെടുക്കാവുന്നതാണ്.
പാവപ്പെട്ടവന്റെ പതാക കമ്യൂണിസ്റ്റുകാർ ‘മോഷ്ടിച്ചു’വെങ്കിൽ ഒരുമിച്ചുവേണം സ്വപ്നംകാണാൻ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം അദ്ദേഹം കമ്യൂണിസ്റ്റുകാരിൽനിന്നു ‘മോഷ്ടിച്ച’താണ്.
ദരിദ്രന്റെ കാര്യത്തിൽ ഈ ‘മോഷ്ടാക്കൾ’ക്ക് ഒരുമിച്ചു പ്രവർത്തിക്കാവുന്നതാണ്. കാരണം, അവരുടെ വഴികൾക്കൊരു നേരുണ്ട്. അതായിരുന്നിരിക്കണം ദരിദ്രനുവേണ്ടി പോരാടുന്ന എല്ലാവർക്കും, വിശ്വാസിക്കും അവിശ്വാസിക്കും, കത്തോലിക്കനും കമ്യൂണിസ്റ്റിനും, പാതിരിയ്ക്കും വിപ്ലവകാരിയ്ക്കും ഒരുമിച്ചുപോകാവുന്ന വഴി എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത്.
അതുകൊണ്ടായിരിക്കണം ആ വഴിയെപ്പറ്റി അദ്ദേഹം സംസാരിച്ചിരുന്നത്.
ഇങ്ങനെയൊരാൾ ഇനി വരുമോ എന്നറിഞ്ഞുകൂടാ. l



