2013 മാർച്ചിൽ കർദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോ, ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച് മാർപാപ്പയായി സ്ഥാനമേറ്റപ്പോൾ, ലോകത്തെ പുരോഗമനപക്ഷക്കാർ പലരും സന്ദേഹമാണ് പ്രകടിപ്പിച്ചത്. സ്വന്തം രാജ്യമായ അർജന്റീനയിൽ പട്ടാള ഭരണം നിലവിലിരുന്ന കാലത്ത് ജെസ്യൂട്ട് പ്രൊവിൻഷ്യാന സുപ്പീരിയർ (രാജ്യത്തെ ജെസ്യൂട്ട് സന്ന്യാസസമൂഹത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നയാൾ) ആയിരുന്ന അദ്ദേഹം പട്ടാളഭരണത്തെ സംബന്ധിച്ച് ഏറെക്കുറെ നിശബ്ദനായിരുന്നുവെന്നും, അവിടെ അദ്ദേഹം വിമോചന ദൈവശാസ്ത്രജ്ഞർക്കെതിരെയുള്ള നടപടികൾക്ക് നേതൃത്വം കൊടുത്തിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി. (ക്രിസ്തുദർശനത്തിന്റെയും മാർക്സിസത്തിന്റെയും സമന്വയമാണ് വിമോചനദൈവശാസ്ത്രം.)
“നസ്രേത്തിൽ നിന്നുള്ള ആശാരിയുടെ മാതൃക പിന്തുടരുന്ന മാർപാപ്പ ആയിരിക്കില്ല ബെർഗോളിയോ” എന്ന് പ്രമുഖ ഇന്ത്യൻ ജേർണലായ ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലി’യുടെ എഡിറ്റോറിയൽ പ്രവചിച്ചു.
എന്നാൽ പ്രതീക്ഷയ്‌ക്കു വകനൽകുന്ന സൂചനകൾ ആദ്യമാസങ്ങൾ മുതലേ ഉണ്ടായിരുന്നു.
മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടുകൾ കർദിനാളുമാർ എണ്ണുന്ന സമയത്ത്, ബ്രസീലിലെ സാവോ പോളോയിലെ ആർച്ച് ബിഷപ്പ് എമറിറ്റസ് കർദിനാൾ ക്ലൗദിയോ ഊമിസിന്റെ അടുത്തായിരുന്നു താൻ ഇരുന്നത് എന്ന് ഫ്രാൻസിസ് മാർപാപ്പ പിന്നീട് ഓർത്തെടുത്തു. മാർപാപ്പയാകാൻ മൊത്തം 115 കർദിനാളുമാരിൽ മൂന്നിൽ രണ്ടു പേരുടെ വോട്ടാണ് ആവശ്യമായിരുന്നത്-. അതായത് 77 വോട്ടുകൾ. ബെർഗോളിയോയ്‌ക്ക് അനുകൂലമായ വോട്ടുകളുടെ എണ്ണം 77 ആയപ്പോൾ ഉമീസ് ബെർഗോളിയോയെ ആലിംഗനം ചെയ്‌തു ചുംബിച്ചു. “ദരിദ്രരെ മറക്കരുത്” എന്ന് പറഞ്ഞു.
“അപ്പോൾ, ദരിദ്രരെക്കുറിച്ചു ചിന്തിക്കവെ, ഞാൻ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ ഓർത്തു, യുദ്ധങ്ങളെക്കുറിച്ചും… വിശുദ്ധ ഫ്രാൻസിസ് സമാധാനത്തിന്റെ വക്താവും കൂടിയായിരുന്നു. അങ്ങനെയാണ് എന്റെ ഹൃദയത്തിൽ അദ്ദേഹത്തിന്റെ പേരു വന്നത്. എനിക്കദ്ദേഹം ദാരിദ്ര്യത്തിന്റെ പ്രതീകമാണ്, സമാധാനത്തിന്റെ വക്താവുമാണ്.”
ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യത്തെ മാർപാപ്പയായിരുന്നു ബെർഗോളിയോ. സമ്പന്നകുടുംബത്തിൽ ജനിച്ച്, പിതാവിന്റെ സമ്പത്ത് വേണ്ടെന്നു വച്ച് ദാരിദ്ര്യവ്രതം സ്വീകരിച്ച് സന്ന്യാസിയായ ഇറ്റലിക്കാരനായിരുന്നു 1181-–1226 കാലത്ത് ജീവിച്ചിരുന്ന ഫ്രാൻസിസ്. അസ്സീസി എന്ന സ്ഥലത്ത് ജനിച്ചതുകൊണ്ട് അസ്സീസിയിലെ ഫ്രാൻസിസ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
“ദൈവസൃഷ്ടിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഫ്രാൻസിസ് അസ്സീസി നമുക്ക് സമാധാനത്തിന്റെ ചൈതന്യം നൽകുന്നു. ഒരു ദരിദ്ര സഭയെ ആഗ്രഹിച്ച ദരിദ്രനായിരുന്നു അദ്ദേഹം. ദരിദ്രർക്കു വേണ്ടിയുള്ള ഒരു ദരിദ്ര സഭ ഉണ്ടായെങ്കിൽ എന്നു ഞാൻ തീവ്രമായി ആഗ്രഹിച്ചു,” ഫ്രാൻസിസ് മാർപാപ്പ പറയുന്നു.
2013 ആഗസ്തിൽ നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ കാഴ്ചപ്പാടിൽ വന്ന മാറ്റം വിശദീകരിച്ചു. പതിറ്റാണ്ടുകൾക്കു മുമ്പ് അർജന്റീനയിൽ ജെസ്യൂട്ട് പ്രൊവിൻഷ്യാൾ സുപ്പീരിയറായി പ്രവർത്തിച്ച കാലത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “എന്റെ സ്വേച്ഛാധിപത്യപരമായ പ്രവർത്തനരീതിയും അമിതവേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്ന രീതിയും ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കി. ഞാനൊരു തീവ്ര യാഥാസ്ഥിതികനാണെന്ന ആരോപണം ഉണ്ടാകാനും ഇതിടയാക്കി.”
പുതിയ മാർപാപ്പ ഏതു ദിശയിലാകും സഞ്ചരിക്കുക എന്നതിനെപ്പറ്റിയുള്ള സൂചനകൾ തേടിയവർക്ക്, വിമോചന ദൈവശാസ്ത്രത്തിന്റെ ആദ്യകാല വക്താക്കളിലൊരാളായ ഗുസ്താവോ ഗുത്യേരെസുമായി 2013 സെപ്തംബറിൽ അദ്ദേഹം നടത്തിയ കൂടിക്കാഴ്ച വ്യക്തമായ ഒരു അടയാളമായിരുന്നു. വിമോചനദൈവശാസ്‌ത്രത്തെ അടിച്ചമർത്തുക എന്ന നയം സ്വീകരിച്ചവരായിരുന്നു ഫ്രാൻസിസിനു മുമ്പുള്ള രണ്ടു മാർപാപ്പമാരും എന്നത് പരിഗണിക്കുമ്പോൾ ഗുസ്താവോ ഗുത്യേരെസുമായുള്ള കൂടിക്കാഴ്ച വലിയൊരു മാറ്റത്തിന്റെ കുളിർകാറ്റായി. വിമോചന ദൈവശാസ്‌ത്രത്തെ പലരും പലതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട് എങ്കിലും, ദരിദ്രരുടെ ജീവിതസമരങ്ങളുടെയും യാതനകളുടെയും വീക്ഷണകോണില്‍ നിന്നുകൊണ്ട് ക്രൈസ്‌തവവിശ്വാസത്തെ വ്യാഖ്യാനിക്കുന്നതും അനീതിയിലും അസമത്വത്തിലും അധിഷ്‌ഠിതമായ സാമൂഹ്യ-, സാമ്പത്തിക ഘടനകളെ തിന്മകളായി കണക്കാക്കി അവയെ മാറ്റിത്തീർക്കണമെന്നു വാദിക്കുന്നതും വിമോചനദൈവശാസ്‌ത്രത്തിന്റെ കാതലായ തത്വങ്ങളാണെന്നു പറയാം. ലാറ്റിനമേരിക്കയിൽ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്ത് ഇടതുപക്ഷം കൈവരിച്ച വളർച്ചയിൽ വിമോചന ദൈവശാസ്‌ത്രം ആശയം എന്ന നിലയിലും പ്രസ്ഥാനം എന്ന നിലയിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐയേഴ്സിൽ 1936 ഡിസംബർ 17-ന് ജനിച്ച് അവിടെത്തന്നെ 1998-ൽ ആർച്ച്ബിഷപ്പും 2001-ൽ കർദിനാളും ആയ ഹോർഹെ മാരിയോ ബെർഗോളിയോയിൽ വന്ന മാറ്റം, ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ ആർച്ച്ബിഷപ്പായിരുന്ന ഓസ്‌കാർ റൊമേരോയുടെ കഥയെ ഓർമപ്പെടുത്തുന്നതായിരുന്നു. സാമാന്യം യാഥാസ്ഥിതികനായിരുന്ന ഓസ്‌കാർ റൊമേരോ, രാജ്യതലസ്ഥാനമായ സാൻ സാൽവദോറിലെ ആർച്ച്ബിഷപ്പായതിനുശേഷം കൂടുതൽ ഇടതുപക്ഷത്തേക്കു നീങ്ങി. എൽ സാൽവദോറിലെ വലതുപക്ഷ പട്ടാള ഭരണകൂടത്തിന്റെ വിമർശകനായി മാറിയ റൊമേരോയെ വലതുപക്ഷ ഭരണകൂടത്തിന്റെ പിണിയാളുകളായ ഡെത്ത് സ്ക്വാഡ് വെടിവച്ചുകൊല്ലുകയായിരുന്നു.
മാർപാപ്പയായ ഫ്രാൻസിസ്, ദരിദ്രർക്കും നീതിക്കും സമാധാനത്തിനും വേണ്ടി ശബ്ദമുയർത്തിയ ഒരാളായിട്ടാണ് അറിയപ്പെട്ടത്. അദ്ദേഹം വിവാഹമോചിതരോടും സ്വവർഗ്ഗാനുരാഗികളോടും കൂടുതൽ തുറന്ന മനോഭാവം സ്വീകരിച്ചു. തൊഴിലാളികൾക്കും കർഷകർക്കും ഭവനരഹിതർക്കും ഭൂരഹിതർക്കും അഭയാർത്ഥികൾക്കും വേണ്ടി നിരന്തരം സംസാരിച്ചു. അമേരിക്കൻ ഭൂഖണ്ഡത്തിൽ സഭ നേതൃത്വം കൊടുത്ത കുറ്റകൃത്യങ്ങൾക്കും, യൂറോപ്യന്മാർ അമേരിക്ക കീഴടക്കിയ കാലത്ത് തദ്ദേശീയ ജനതയ്‌ക്കെതിരെ ചെയ്ത ക്രൂരകൃത്യങ്ങൾക്കും അദ്ദേഹം മാപ്പപേക്ഷിച്ചു. യുദ്ധങ്ങൾക്കെതിരെ ശബ്ദമുയർത്തി. ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്‌തുകൊണ്ടുള്ളതായിരുന്നു പൊതുജനങ്ങൾക്കായി അദ്ദേഹം നടത്തിയ അവസാനത്തെ പ്രസംഗം.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അദ്ദേഹം നിരന്തരം ലോകത്തിനു മുന്നറിയിപ്പ് നൽകി. “Laudato Si” (2015) എന്ന ചാക്രികലേഖനത്തിൽ അദ്ദേഹം ഭൂമി എന്ന നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
മുതലാളിത്തത്തിനെതിരായ ഫ്രാൻസിസ് മാർപാപ്പയുടെ വിമർശനം, നിരവധി പ്രസംഗങ്ങളിലും രചനകളിലുമായി അദ്ദേഹം ആവർത്തിച്ച ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിൽ ഒന്നാണ്. കത്തോലിക്കാ സഭയ്ക്കകത്തും പുറത്തുമുള്ള വലതുപക്ഷക്കാർ ഏറ്റവും കൂടുതൽ എതിർത്തുപോന്നിട്ടുള്ളതും, അവഗണിക്കാൻ ശ്രമിക്കുന്നതും, ഇനിയുള്ള കാലവും എതിർക്കാൻ പോകുന്നതുമായ ഒന്നാണ് അദ്ദേഹത്തിന്റെ മുതലാളിത്ത വിമർശനം.
രണ്ട് പ്രധാനപ്പെട്ട രേഖകളിൽ നിന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇവിടെ ഉദ്ധരിക്കാം: “Evangelii Gaudium” എന്ന അപ്പോസ്തലിക പ്രബോധനമാണ് ഒന്നാമത്തേത്. 2015-ൽ ബൊളീവിയയിൽ നടത്തിയ ഒരു പ്രസംഗമാണ് രണ്ടാമത്തേത്.
ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച ആദ്യത്തെ അപ്പോസ്തലിക പ്രബോധനമായിരുന്നു 2013 നവംബറിൽ പ്രസിദ്ധീകരിച്ച “Evangelii Gaudium” അഥവാ “സുവിശേഷത്തിന്റെ ആനന്ദം”.
“Trickle-down” തിയറികൾ എന്ന പേരിൽ അറിയപ്പെടുന്ന വലതുപക്ഷ സാമ്പത്തികശാസ്‌ത്ര ദർശനങ്ങളെ അദ്ദേഹം ഈ പ്രബോധനത്തിൽ അപലപിച്ചു. “സ്വതന്ത്രവിപണിയാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ച, അനിവാര്യമായും എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒന്നാകുമെന്നും ലോകത്ത് കൂടുതൽ നീതി ഉറപ്പുവരുത്താൻ അത് ഇടയാക്കുമെന്നും വാദിക്കുന്ന trickle-down തിയറികൾക്ക് (സാമ്പത്തികവളർച്ച തുള്ളിതുള്ളിയായി താഴേയ്‌ക്ക് കിനിഞ്ഞിറങ്ങി എല്ലാവർക്കും ഗുണകരമാകും എന്ന സങ്കല്പം)… ഒരിക്കലും വസ്‌തുതകളുടെ പിൻബലം ലഭിച്ചിട്ടില്ല. സാമ്പത്തികശക്തി കയ്യാളുന്നവരുടെ നന്മയിലും, നിലവിലെ സാമ്പത്തികവ്യവസ്ഥയുടെ, പവിത്രമായി കണക്കാക്കപ്പെടുന്ന പ്രവർത്തനങ്ങളിലുമുള്ള അപരിഷ്‌കൃതവും ബാലിശവുമായ വിശ്വാസത്തെയാണ് ഈ സിദ്ധാന്തം പ്രതിഫലിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
“ഒഴിവാക്കലിന്റെ സമ്പദ്‌വ്യവസ്ഥ വേണ്ട”, “പണത്തോടുള്ള പുതിയ വിഗ്രഹാരാധന വേണ്ട”, “സേവനം ചെയ്യുന്നതിനു പകരം ഭരണം നടത്തുന്ന ധനകാര്യ വ്യവസ്ഥ വേണ്ട” (“No to an economy of exclusion’’, “No to the new idolatry of money’’, and “No to a financial system which rules rather than serves”) എന്ന് അദ്ദേഹം തന്റെ പ്രബോധനത്തിൽ പ്രഖ്യാപിച്ചു.
“ഒരു ന്യൂനപക്ഷത്തിന്റെ വരുമാനം കുത്തനെ വളരുമ്പോൾ, സന്തുഷ്ടരായ ആ ചുരുക്കം ചിലരും, അവരുടെ സമൃദ്ധി പ്രാപ്യമല്ലാത്ത ഭൂരിപക്ഷവും തമ്മിലുള്ള വിടവും കുത്തനെ വളരുകയാണ്. വിപണിയുടെ സമ്പൂർണ്ണ സ്വയംഭരണത്തെയും ധനമേഖലയിലുള്ള ഊഹക്കച്ചവടത്തെയും സംരക്ഷിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ ഫലമാണ് ഈ അസന്തുലിതാവസ്ഥ. പൊതുനന്മയ്ക്കായി ജാഗ്രത പാലിക്കാൻ ബാധ്യസ്ഥമായ ഭരണകൂടങ്ങൾക്ക് [വിപണിയുടെമേൽ] ഒരു തരത്തിലുള്ള നിയന്ത്രണവും പ്രയോഗത്തിൽ കൊണ്ടുവരാനുള്ള അവകാശമില്ല എന്ന് ഇത്തരം പ്രത്യയശാസ്‌ത്രങ്ങൾ ശഠിക്കുന്നു. അങ്ങനെ ഒരു പുതിയ സ്വേച്ഛാധിപത്യം ജനിക്കുന്നു. അദൃശ്യവും പലപ്പോഴും അയഥാർത്ഥമെന്നു തോന്നിക്കുന്നതുമായ ഈ സ്വേച്ഛാധിപത്യം, ഏകപക്ഷീയമായും നിരന്തരമായും അതിന്റെ നിയമങ്ങളും ചട്ടങ്ങളും അടിച്ചേൽപ്പിക്കുന്നു.”
ഏകദേശം രണ്ടുവർഷങ്ങൾക്കു ശേഷം 2015 ജൂലൈയിൽ ബൊളീവിയയിൽ നടന്ന ജനകീയ പ്രസ്ഥാനങ്ങളുടെ രണ്ടാം ലോക സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രസംഗിക്കുകയുണ്ടായി. അവിടെ അദ്ദേഹം പറഞ്ഞു:
“ദൈവം തന്റെ ജനത്തിന്റെ നിലവിളി കേൾക്കുന്നുവെന്ന് ബൈബിൾ നമ്മോട് പറയുന്നു. നമ്മുടെ എല്ലാ സഹോദരീസഹോദരന്മാർക്കും ഭൂമി, പാർപ്പിടം, തൊഴിൽ എന്നിവ ഉറപ്പുവരുത്തുക എന്ന ആവശ്യമുയർത്തുന്നതിൽ നിങ്ങളുടെ ശബ്ദത്തിനൊപ്പം എന്റെ ശബ്ദവും ചേർത്തുവയ്ക്കാൻ ഞാനാഗ്രഹിക്കുന്നു. മുമ്പും ഞാൻ പറഞ്ഞിട്ടുള്ളത് ഒരിക്കൽക്കൂടി ആവർത്തിക്കട്ടെ,- ഈ അവകാശങ്ങൾ പവിത്രമാണ്. അവ പ്രധാനമാണ്. അവയ്‌ക്കുവേണ്ടിയുള്ള പോരാട്ടം അത്യന്തം പ്രസക്തമാണ്.”
“നമുക്ക് മാറ്റം വേണം, യഥാർത്ഥ മാറ്റം, ഘടനാപരമായ മാറ്റം. ഈ വ്യവസ്ഥിതി അസഹനീയമായിത്തീർന്നിരിക്കുന്നു. കർഷകത്തൊഴിലാളികൾക്ക് അത് അസഹനീയമാണ്. തൊഴിലാളികൾക്ക് അത് അസഹനീയമാണ്. ജനസമൂഹങ്ങൾക്ക് അത് അസഹനീയമാണ്. ജനങ്ങൾക്ക് അത് അസഹനീയമാണ്. നമ്മുടെ സഹോദരിയായ ഭൂമിക്ക്, അല്ലെങ്കിൽ വിശുദ്ധ ഫ്രാൻസിസ് പറയുന്നതുപോലെ, ഭൂമി മാതാവിന്, അത് അസഹനീയമാണ്.”
വൻകിട കമ്പനികളുടെയും അന്താരാഷ്‌ട്ര നാണയ നിധി പോലെയുള്ള വായ്പാ ഏജൻസികളുടെയും സ്വതന്ത്ര വ്യാപാരക്കരാറുകളുടെയും ചെലവുചുരുക്കലിന്റെയും സ്വേച്ഛാധിപത്യത്തെ അദ്ദേഹം വിമർശിച്ചു:
“പുതിയ കോളനിഭരണം പലരൂപത്തിൽ വരുന്നുണ്ട്. ചിലപ്പോൾ അത് മാമ്മോനിന്റെ (ധനത്തിന്റെ), പേരില്ലാത്ത, സ്വാധീനമായി കാണപ്പെടുന്നു: കോർപ്പറേഷനുകൾ, വായ്പാ ഏജൻസികൾ, ചില “സ്വതന്ത്ര വ്യാപാര” ഉടമ്പടികൾ, എപ്പോഴും തൊഴിലാളികളെയും ദരിദ്രരെയും അരമുറുക്കിയുടുക്കാൻ നിർബന്ധിതരാക്കുന്ന “ചെലവുചുരുക്കൽ” നടപടികൾ അടിച്ചേൽപ്പിക്കൽ എന്നിങ്ങനെ. “ധനകാര്യ സ്ഥാപനങ്ങളും അന്തർദേശീയ കമ്പനികളും പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ കീഴ്പ്പെടുത്തുന്ന തരത്തിൽ ശക്തമാവുകയാണ്. അവ പ്രാദേശിക ഭരണകൂടങ്ങളെ പ്രത്യേകിച്ചും ദുർബലപ്പെടുത്തുകയാണ്. ഈ ഭരണകൂടങ്ങൾക്ക് തങ്ങളുടെ ജനങ്ങൾക്കു വേണ്ടിയുള്ള വികസനപദ്ധതികൾ നടപ്പാക്കാനുള്ള ശക്തി കുറഞ്ഞുകുറഞ്ഞു വരുന്നതാണ് കാണുന്നത്,” എന്ന് ലാറ്റിനമേരിക്കയിലെ ബിഷപ്പുമാർ [2007-ൽ ബ്രസീലിലെ അപരെസിദയിൽ നടത്തിയ സമ്മേളനത്തിന്റെ രേഖയിൽ] വ്യക്തമായി പറയുന്നു.
“പഴയതും പുതിയതുമായ കൊളോണിയലിസം, ദരിദ്ര രാജ്യങ്ങളെ അസംസ്കൃത വസ്തുക്കളുടെയും കുറഞ്ഞ വേതനത്തിനു പണിയെടുക്കുന്ന തൊഴിലാളികളുടെയും ദാതാക്കളാക്കി ചുരുക്കിക്കളയുന്നു. അത് അക്രമം, ദാരിദ്ര്യം, നിർബന്ധിത കുടിയേറ്റം, ഇവയുമായി ബന്ധപ്പെട്ട മറ്റു തിന്മകൾ എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു, എന്തുകൊണ്ടെന്നാൽ, സമ്പന്ന രാജ്യങ്ങളെ സേവിക്കുക എന്ന കർത്തവ്യത്തിൽ വികസ്വര രാജ്യങ്ങളെ ബന്ധിച്ചിടുന്നതുവഴി, കൊളോണിയലിസം ആ രാജ്യങ്ങൾക്ക് സമഗ്രമായ വികസനത്തിനുള്ള അവകാശം നിഷേധിക്കുന്നു. ഇത് അസമത്വമാണ്. അസമത്വമാകട്ടെ, പൊലീസിനോ പട്ടാളത്തിനോ രഹസ്യാന്വേഷണ ഏജൻസികൾക്കോ നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലുള്ള അക്രമം സൃഷ്ടിക്കുന്നു. പഴയതും പുതിയതുമായ കൊളോണിയലിസത്തിന്റെ രൂപങ്ങളോട് നമുക്ക് “NO” പറയാം. ജനങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കൊടുക്കൽവാങ്ങലുകളോട് നമുക്ക് “YES” പറയാം. സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ.”
“ഒഴിവാക്കലിന്റെയും നിസ്സംഗതയുടെയും ആഗോളവത്കരണത്തിനു പകരം, ജനങ്ങളിൽ നിന്നും ഉയിർകൊള്ളുന്നതും ദരിദ്രരിൽ വേരുനാട്ടുന്നതുമായ പ്രത്യാശയുടെ ആഗോളവത്കരണമാണ് വേണ്ടത്.”
അദ്ദേഹം വ്യത്യസ്തമായ ഒരു സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാൻ ആഹ്വാനം ചെയ്തു. പ്രായോഗികമായി നോക്കിയാൽ അത് സോഷ്യലിസത്തിനായുള്ള ഒരു ആഹ്വാനം തന്നെയാണ് എന്നു കാണാവുന്നതാണ്:
“ഒരു യഥാർത്ഥ കമ്യൂണിറ്റേറിയൻ സമ്പദ്‌വ്യവസ്ഥ, ക്രിസ്തുദർശനത്തിൽ നിന്നും പ്രചോദനമുൾക്കൊള്ളുന്ന ഒരു സമ്പദ്‌വ്യവസ്ഥ എന്നു പറയാവുന്ന ഒന്ന്, ജനങ്ങളുടെ അന്തസ്സും പൊതുവിൽ അവരുടെ ദീർഘകാലത്തെ ക്ഷേമവും സമൃദ്ധിയും ഉറപ്പുവരുത്തുന്ന ഒന്നായിരിക്കണം. തൊഴിൽ, പാർപ്പിടം, ഭൂമി എന്നിവയോടൊപ്പം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, പുത്തൻ സാങ്കേതികവിദ്യകൾ, കലയും സംസ്കാരവും, ആശയവിനിമയോപാധികൾ, കായികവിനോദങ്ങളും മറ്റു വിനോദോപാധികളും എന്നിവയുടെ ലഭ്യതയും ഉറപ്പുവരുത്തുന്ന ഒന്നായിരിക്കണം ഈ സമ്പദ്‌വ്യവസ്ഥ. ഇല്ലായ്‌മകളില്ലാത്ത ഒരു ബാല്യകാലം ആസ്വദിക്കാനും, ചെറുപ്പകാലത്തു തന്നെ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും, സജീവമായി പണിയെടുക്കേണ്ട പ്രായത്തിൽ മുഴുവൻ അവകാശങ്ങളോടും കൂടി ജോലി ചെയ്യാനും, പ്രായമായി വിരമിച്ചതിനു ശേഷം അന്തസ്സുള്ള ഒരു വിശ്രമജീവിതം നയിക്കാനും എല്ലാവർക്കും സാധ്യമാകുന്ന സാഹചര്യങ്ങൾ സൃഷ്‌ടിക്കുന്നതാകണം നീതിപൂർവകമായ ഒരു സമ്പദ്‌വ്യവസ്ഥ. ഓരോ വ്യക്തിയുടെയും കഴിവുകളും ആവശ്യങ്ങളും സാമൂഹ്യ ജീവിതത്തിൽ ഉചിതമായ ആവിഷ്കാരം കണ്ടെത്തുന്ന വിധത്തിൽ മനുഷ്യർ പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുകൊണ്ടുതന്നെ മുഴുവൻ ഉത്പാദന-വിതരണ വ്യവസ്ഥയെയും ചിട്ടപ്പെടുത്തുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണിത്.”
മനുഷ്യരാശിക്ക് മെച്ചപ്പെട്ട ഒരു ഭാവി സാധ്യമാക്കാനായി അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ സംഘടിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു:
“ചൂഷണം ചെയ്യപ്പെടുന്നവരും ദരിദ്രരും പിന്നാക്കംനിൽക്കുന്നവരുമായ നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇപ്പോൾത്തന്നെ നിങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. മനുഷ്യരാശിയുടെ ഭാവി വലിയൊരളവുവരെ നിങ്ങളുടെ കയ്യിലാണ് എന്നു ഞാൻ പറയും. – സംഘടിക്കാനും ക്രിയാത്മകമായ ബദലുകൾ സൃഷ്ടിക്കാനുമുള്ള നിങ്ങളുടെ കഴിവുവഴിയും, തൊഴിലും പാർപ്പിടവും ഭൂമിയും എല്ലാവർക്കും ഉറപ്പുവരുത്താനുള്ള നിങ്ങളുടെ ദൈനംദിന പരിശ്രമങ്ങൾ വഴിയും, പ്രാദേശിക, ദേശീയ, ആഗോള തലങ്ങളിലുള്ള മാറ്റത്തിന്റെ മഹാ പ്രക്രിയകളിലുള്ള നിങ്ങളുടെ സജീവമായ പങ്കാളിത്തം വഴിയുമാണ് ഇത് സാധ്യമാവുക.”
“മനുഷ്യരാശിയുടെ ഭാവി, മഹാന്മാരായ നേതാക്കളുടെയും വൻശക്തികളുടെയും വരേണ്യവർഗക്കാരുടെയും മാത്രം കൈകളിലല്ല. അടിസ്ഥാനപരമായി അത് ജനങ്ങളുടെയും അവരുടെ സംഘടിക്കാനുള്ള കഴിവിന്റെയും കൈകളിലാണ്. നമുക്കൊരുമിച്ച് ഹൃദയത്തിൽ നിന്നു പറയാം: ഒരു കുടുംബത്തിനും പാർപ്പിടമില്ലാതെ വരാൻപാടില്ല, ഒരു ഗ്രാമീണ തൊഴിലാളിക്കും ഭൂമിയില്ലാതെ വരാൻ പാടില്ല, ഒരു തൊഴിലാളിക്കും അവകാശങ്ങളില്ലാതെ വരാൻ പാടില്ല, ഒരു ജനതയ്‌ക്കും പരമാധികാരമില്ലാതെ വരാൻ പാടില്ല, ഒരു വ്യക്തിക്കും അന്തസ്സില്ലാതെ വരാൻ പാടില്ല, ഒരു കുട്ടിക്കും ബാല്യമില്ലാതെ വരാൻ പാടില്ല, യൗവനത്തിലുള്ള ഒരു വ്യക്തിക്കും ഭാവിയില്ലാതെ വരാൻ പാടില്ല, പ്രായമായ ആർക്കും ആദരണീയമായ ഒരു വാർദ്ധക്യകാലം ഇല്ലാതെ വരാൻ പാടില്ല.”
ഈ സന്ദർശനത്തിനിടയിലാണ് ബൊളീവിയൻ സോഷ്യലിസ്റ്റ് നേതാവ് ഈവോ മൊറാലെസ് ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് ഒരു “കമ്യൂണിസ്റ്റ് ക്രൂശിതരൂപം” (മരം കൊണ്ടുണ്ടാക്കിയ ഒരു അരിവാൾ-ചുറ്റികയിൽ കൊത്തിയെടുത്ത ക്രൂശിതരൂപം) സമ്മാനിച്ചത്.
ഫ്രാൻസിസ് പാപ്പ മരിച്ച 2025 ഏപ്രിൽ 21-ന്റെ തലേന്ന്, ഈസ്റ്റർ ഞായറാഴ്‌ച, അദ്ദേഹത്തെ കാണാൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് എത്തിയിരുന്നു. ഡൊണാൾഡ് ട്രംപും വാൻസും നയിക്കുന്ന അമേരിക്കൻ സർക്കാർ കുടിയേറ്റക്കാരെ വലിയ തോതിൽ നാടു കടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ സന്ദർശനം നടന്നത്. കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് ന്യായീകരണമായി മധ്യകാല ക്രിസ്ത്യൻ ദൈവശാസ്‌ത്രത്തിലെ ഒരു തത്വത്തെ വാൻസ് കൂട്ടുപിടിക്കാൻ ശ്രമിച്ചിരുന്നു. അത് തീർത്തും തെറ്റായ വ്യാഖ്യാനമാണ് എന്നു വ്യക്തമാക്കിക്കൊണ്ട് യുഎസിലെ ബിഷപ്പുമാർക്ക് ഫ്രാൻസിസ് മാർപാപ്പ ഈ വർഷം ഫെബ്രുവരിയിൽ ഒരു കത്തെഴുതുകയുണ്ടായി. യേശു ജനിച്ചയുടനെ ജീവനു ഭീഷണിയുണ്ടായിരുന്നതിനാൽ യേശുവും മറിയവും ഔസേപ്പും ഈജിപ്‌തിൽ അഭയാർത്ഥികളായിപ്പോയിരുന്നു എന്ന് കത്തിൽ ചൂണ്ടിക്കാട്ടി. അമേരിക്കൻ സർക്കാർ കുടിയേറ്റക്കാരെ പുറത്താക്കുന്നത് മനുഷ്യാന്തസ്സിനു പരിക്കേൽപ്പിച്ചുകൊണ്ടാണ് എന്നും മാർപാപ്പ പറഞ്ഞു. അതിനു ശേഷവും ജെ ഡി വാൻസ് തന്റെ നിലപാടിൽ മാറ്റം വരുത്തിയിരുന്നില്ല. മാർപാപ്പയെന്ന നിലയിൽ ഫ്രാൻസിസിന്റെ ആദ്യത്തെ വിദേശയാത്ര, വടക്കൻ ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേയ്‌ക്ക് അഭയാർത്ഥികളായി ആയിരക്കണക്കിനാളുകൾ വന്നുചേരുന്ന ലാംപെഡൂസ എന്ന ഇറ്റാലിയൻ ദ്വീപിലേയ്‌ക്കായിരുന്നു എന്നതും സ്‌മരണീയമാണ്.
കേരളത്തിൽ ഉൾപ്പെടെ സഭയ്‌ക്കുള്ളിലെ വലതുപക്ഷക്കാരുടെ കണ്ണിലെ കരടായിരുന്നു ഫ്രാൻസിസ് മാർപാപ്പ. കാസ പോലെയുള്ള തീവ്രവലതുപക്ഷ, വർഗീയ സംഘടനകളുടെ അനുഭാവികളും സമാനമായ ചിന്താഗതി വച്ചുപുലർത്തുന്നവരും ഫ്രാൻസിസ് പാപ്പ മരിച്ചതിനു ശേഷം അദ്ദേഹത്തിനെതിരെ ഓൺലൈൻ ലോകത്ത് ചൊരിയുന്ന അധിക്ഷേപങ്ങൾ ഇതിനു തെളിവാണ്. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ മാർപാപ്പ ശബ്‌ദമുയർത്തിയതും കുടിയേറ്റക്കാരോട് കനിവോടെ പെരുമാറാൻ പാശ്ചാത്യ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടതുമാണ് കേരളത്തിലെ തീവ്രവലതുപക്ഷത്തെ ഏറ്റവുമധികം ചൊടിപ്പിച്ചത് എന്നു വ്യക്തം. മതത്തിന്റെ പേരിലുള്ള കലഹങ്ങളും അക്രമങ്ങളും ഒഴിവാക്കാനും പരസ്പരവിശ്വാസവും ധാരണയും ഊട്ടിയുറപ്പിക്കാനുമായി ഇതരമതസമൂഹങ്ങളുടെ നേതാക്കളുമായി ചർച്ചകൾ നടത്തുന്നതിന് ഫ്രാൻസിസ് പാപ്പ വലിയ പ്രാധാന്യം നൽകിയിരുന്നു. 2019-ൽ കെയ്‌റോയിലെ അൽ-അസ്‌ഹർ യൂണിവേഴ്‌സിറ്റിയുടെ ഗ്രാൻഡ് ഇമാം അഹ്മദ് അൽ-ത്വയ്യിബിനൊപ്പം ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ച “ലോകസമാധാനത്തിനും ഒരുമിച്ചുള്ള ജീവിതത്തിനുമായി മാനവ സാഹോദര്യത്തെപ്പറ്റിയുള്ള രേഖ” ശ്രദ്ധേയമായ ഇടപെടലായിരുന്നു.
ചൂഷണവും അടിച്ചമർത്തലും ഭീമമായ അസമത്വവും ഇല്ലാത്ത, സമാധാനപൂർണ്ണവും നീതിപൂർവകവുമായ ഒരു ലോകം പടുത്തുയർത്താനാഗ്രഹിക്കുന്ന ഒട്ടനവധി പേർക്ക് ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടലുകൾ പ്രചോദനമേകും എന്നത് തീർച്ച. .l
(ട്രൈക്കോണ്ടിനെന്റൽ റിസർച്ചിൽ ഗവേഷകനാണ് ലേഖകൻ.)



