Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറിലോകത്തിന് പ്രതീക്ഷയേകിയ ജീവിതം

ലോകത്തിന് പ്രതീക്ഷയേകിയ ജീവിതം

‘‘ജീവിക്കാൻ പഠിക്കുന്നതിനായി നമ്മളെല്ലാവരും സ്നേഹിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. ഇത് നമ്മളൊരിക്കലും മറക്കാതിരിക്കട്ടെ! ജീവിതത്തിൽ നിന്നും പഠിക്കാവുന്ന ഏറ്റവും വിശിഷ്ടമായ പാഠം അതാണ്. എന്തെന്നാൽ സ്നേഹം സകലതിനെയും കീഴടക്കുന്നു. സ്നേഹിച്ചുകൊണ്ട് അതിരുകളെ ഇല്ലാതാക്കാൻ നമുക്ക് കഴിയും.’’

88–ാമത്തെ വയസ്സിൽ, 2025 ഏപ്രിൽ 21ന് ഈ ലോകത്തോട് വിടപറഞ്ഞ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളാണിത്. പല നിലയിലും വ്യത്യസ്തനായിരുന്നു ആ ഇതിഹാസ പുരുഷൻ. അതിലൊരു വ്യത്യസ്തതയാണ് മാർപാപ്പയായിരിക്കെ തന്റെ ജീവിതം ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റേതായി രണ്ട് ആത്മകഥകളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പുറത്തിറങ്ങിയത്. രണ്ടിന്റെയും അന്തസ്സത്ത ഒന്നാണെങ്കിലും വളരെ വ്യത്യസ്തമായ ശെെലിയിലാണ് രണ്ടും എഴുതപ്പെട്ടത്. ആദ്യത്തേത് ‘‘ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ’’ എന്ന ശീർഷകത്തിൽ മലയാള പരിഭാഷയായി 2024ൽ പുറത്തുവന്നു. ഫാബിയോ മർക്കേസെ റഗോണയാണ് ഫ്രാൻസിസ് പാപ്പയിൽ നിന്ന് അത് കേട്ടെഴുതിയത്.

ഇതിൽനിന്ന് വേറിട്ടൊരു ശെെലിയാണ് 2025ൽ ഫ്രാൻസിസ് മാർപാപ്പ അന്തരിക്കുന്നതിന് മുൻപായി പുറത്തിറങ്ങിയ HOPE (പ്രതീക്ഷ) എന്ന ആത്മകഥ. മാധ്യമപ്രവർത്തകനായ കാർലൊ മുസ്സോയാണ് മാർപാപ്പയുടെ വാക്കുകൾ കേട്ടെഴുതിയത്. ഈ ആത്മകഥ ആരംഭിക്കുന്നത് ടെെറ്റാനിക് കപ്പലിന്റെ തകർച്ചയെക്കുറിച്ചുള്ള വിവരണത്തോടെയാണ്. എന്താണ് ഫ്രാൻസിസ് മാർപാപ്പയും ടെെറ്റാനിക്കും തമ്മിലുള്ള ബന്ധം?

മുസോളിനിയുടെ ഫാസിസ്റ്റ് തേർവാഴ്ചക്കാലത്ത്, 1920കളുടെ ഒടുവിൽ ഇറ്റലിയിൽ നിന്ന് അർജന്റീനയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ പിൻമുറക്കാരനായാണ് 1936ൽ അദ്ദേഹം ജന്മംകൊണ്ടത്. അദ്ദേഹത്തിന്റെ മുത്തശ്ശനും മുത്തശ്ശിയും പിതാവും അർജന്റീനയിലേക്കുള്ള യാത്രയ്ക്കായി ടെെറ്റാനിക്കിലായിരുന്നു ടിക്കറ്റെടുത്തിരുന്നത്. എന്നാൽ കുടുംബത്തിന്റെ വസ്തുവകകളെല്ലാം വിൽപ്പന നടത്താൻ ടെെറ്റാനിക് പുറപ്പെടുന്നതിനുമുൻപ് മുത്തശ്ശന് കഴിയാതിരുന്നതുകൊണ്ട് ആ യാത്ര മുടങ്ങി. പിന്നീട് വസ്തുക്കൾ വിറ്റശേഷം മറ്റൊരു കപ്പലിലാണ് ആ കുടുംബം അർജന്റീനയിലെത്തിയത്. വസ്തുക്കൾ വിൽക്കാൻ കഴിയാതിരുന്നതുമൂലം ടെെറ്റാനിക് യാത്ര മാറ്റിയതാണ് തന്റെ പിറവിക്കുതന്നെ നിമിത്തമായത് എന്നു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ തന്റെ ജീവിതം രേഖപ്പെടുത്താനാരംഭിക്കുന്നത്. ഈ ആത്മകഥയെ ശ്രദ്ധേയമാക്കുന്നത് സ്വജീവിതത്തിലെ സംഭവവിവരണങ്ങളെക്കാളുപരി സ്വന്തം ജീവിത ദർശനംതന്നെ മനോഹരമായി, സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുന്നുവെന്നതാണ്.

ആദ്യ അധ്യായത്തിൽ തന്നെ 1929ലെ ആഗോള മുതലാളിത്ത സാമ്പത്തിക തകർച്ച, മഹാമാന്ദ്യം, തന്റെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്ന് വിവരിക്കുന്നുണ്ട്. കുടുംബം അർജന്റീനയിലേക്ക് പോകുന്നത്, അതിനുംമുൻപ് അവിടെ എത്തി പച്ച പിടിച്ചുകഴിഞ്ഞ പിതാവിന്റെ മാതുലനോടൊപ്പം ജീവിതം കരുപ്പിടിപ്പിക്കാനായിരുന്നു. പക്ഷേ, അപ്പോഴേക്കും രക്താർബുദം ബാധിച്ച് ആ അമ്മാവൻ മരണപ്പെട്ടുവെന്നു മാത്രമല്ല, മഹാമാന്ദ്യം ആ കുടുംബത്തിന്റെ സർവ്വ സ്വത്തുക്കളും കവർന്നെടുക്കുകയും ചെയ്തു. കുടുംബവകയായ കമ്പനിയുടെ യന്ത്രസാമഗ്രികളും ബിസിനസ്സും വീടും എന്തിന്, സെമിത്തേരിയിൽ സ്വന്തമായുണ്ടായിരുന്ന ശവക്കല്ലറപോലും വിറ്റ് ദാരിദ്ര്യത്തിന്റെ കയത്തിൽ പതിച്ചു. ഫാസിസത്തിന്റെയും നാസിസത്തിന്റെ തള്ളിക്കയറ്റത്തിന്റെ ആ കാലത്ത് അതിൽനിന്ന് രക്ഷതേടി മാത്രമല്ല, മഹാമാന്ദ്യം തകർത്ത ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തൊഴിലും കിടപ്പാടവും കണ്ടെത്താനും പതിനായിരക്കണക്കിന് കുടുംബങ്ങൾ പശ്ചിമാർധഗോളത്തിലെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് കുടിയേറിയതായും പോപ്പ് പറഞ്ഞുവയ്ക്കുന്നു. മുതലാളിത്തം സൃഷ്ടിക്കുന്ന ജീവിത ദുരന്തമാണ് അദ്ദേഹം ഇവിടെ പങ്കുവയ്ക്കുന്നത്.

രണ്ടാം അധ്യായത്തിന്റെ തുടക്കത്തിൽ യുദ്ധത്തെ സംബന്ധിച്ച തന്റെ നിരീക്ഷണം അദ്ദേഹം വായനക്കാരുമായി പങ്കുവയ്ക്കുന്നു: ‘‘കുടിയേറ്റവും യുദ്ധവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. കുടിയേറ്റക്കാരെ ഏറ്റവും കൂടുതൽ സൃഷ്ടിക്കുന്നത് യുദ്ധമാണെന്ന് ശരിയായി തന്നെ പറയപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര്യവും കാരണമാകുന്നുണ്ടെങ്കിലും, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ യുദ്ധം തന്നെയാണ് കുടിയേറ്റങ്ങൾക്ക് മുഖ്യകാരണം; മനുഷ്യന്റെ സ്വന്തം സൃഷ്ടിയായ കണ്ണില്ലാത്ത യുദ്ധത്തിന്റെ അനന്തരഫലമാണ് കുടിയേറ്റം– വിഭവങ്ങളുടെ ന്യായമായ പങ്കുവയ്ക്കലിനെതിരെ, പ്രകൃതിക്കെതിരെ, തങ്ങളുടെതന്നെ ഈ ഭൂഗോളത്തിനെതിരെ നടത്തുന്ന യുദ്ധപ്രഖ്യാപനത്തിന്റെ ദുരന്തം!’’ (Hope പേജ് 15).

കാൽപ്പന്തുകളിയുമായും സംഗീതവുമായും തനിക്കുള്ള ജെെവപരമായ ബന്ധത്തെക്കുറിച്ചും ഈ ആത്മകഥയിൽ ജോർജ് മാരിയൊ ബെർഗോളിയോ, പാപ്പയാകുന്നതിന് മുൻപുള്ള അദ്ദേഹത്തിന്റെ പേര്) വിവരിക്കുന്നുണ്ട്. അർജന്റീനിയൻ ഫുട്ബോൾ താരമായിരുന്ന ഒമർ സിവോരിയും ജോർജിന്റെ മാതാവ് റെജീനയും ഒരേ കുടുംബവൃക്ഷത്തിന്റെ രണ്ടു ശിഖരങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്പോർട്സിനെ സംബന്ധിച്ച തന്റെ കാഴ്ചപ്പാടും മാർപാപ്പ ഇവിടെ പറഞ്ഞുവയ്ക്കുന്നു: ‘‘ഭിന്നിപ്പിക്കുന്നതിലുപരി ഒന്നിപ്പിക്കുന്നതാണ് സ്പോർട്സ്. അത് മതിലുകളല്ല, പാലങ്ങളാണ് പണിയുന്നത്. ’’ (Hope പേജ് 56).
വിദ്യാലയവും അധ്യാപകരും കുട്ടികളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇവിടെ വിവരിക്കന്നുണ്ട് : ‘‘സ്കൂൾ മിസ്ട്രസ് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടൊരു വ്യക്തിത്വമായിരുന്നു, രണ്ടാമത്തെ അമ്മയെപോലെ!’’ (പേജ് 90). ക്ലാസിക്കൽ സംഗീതം കുട്ടിക്കാലം മുതൽ തന്നെ തനിക്കാർജിക്കാൻ കഴിഞ്ഞ ഒരു വികാരമാണെന്നും അതൊരു വരദാനമാണെന്നും അമ്മയിൽനിന്നുള്ള പാരമ്പര്യമാണതെന്നും പാപ്പ പറയുന്നുണ്ട്. പാരമ്പര്യമെന്നാൽ ചാരത്തെ ആരാധിക്കലല്ലെന്നും അത് കത്തുന്ന തീ അണയാതെ നോക്കലാണെന്നും സംഗീതജ്ഞനായ ഗുസ്താവ് മഹ്-ലേറിനെ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു.

ജോർജ് മാരിയോ ബെർഗോളിയോയെ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ഏറെ സ്വാധീനിച്ച ഒരു സ്ത്രീയാണ് എസ്തെർ ബലേസ്ട്രിനൊ ഡി കാരിയേഗ. സ്കൂൾ പഠനത്തിനൊപ്പം ജോർജ് ഒരു റിസർച്ച് ലബോറട്ടറിയിൽ ജോലിയും ചെയ്തിരുന്നു. അവിടത്തെ ബയോമെഡിക്കൽ ഗവേഷകയായിരുന്നു എസ്തെർ. പരാഗേ-്വയിലെ ഗ്രാമീണതൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ഒരു മാർക്സിസ്റ്റ് വിപ്ലവകാരി കൂടിയായിരുന്നു എസ്തെർ. ഫ്രാൻസിസ് പാപ്പ പറയുന്നു: ‘‘എന്നെ ചിന്തിക്കാൻ പഠിപ്പിച്ചത് ആ മഹതിയായിരുന്നു; ചിന്തിക്കുകയെന്ന് ഞാൻ പറയുമ്പോൾ അർഥമാക്കുന്നത് രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുകയെന്നാണ്.’’ (പേജ് 116). ശാസ്ത്രീയ ചിന്തയെക്കുറിച്ച് ശാസ്ത്ര സത്യങ്ങൾ പ്രയോഗത്തിലൂടെ ശരിവയ്ക്കപ്പെടേണ്ടതുണ്ടെന്നും ആ സ്കൂൾ വിദ്യാർഥിയെ അവർ ബോധ്യപ്പെടുത്തി. അക്കാലത്ത് എസ്തെർ പഠിപ്പിച്ച പാഠങ്ങളാണ് പിൽക്കാലത്ത് ജീവിതാന്ത്യംവരെ ശാസ്ത്രീയനിലപാടുകൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. മക്കാർത്തിയിസത്തിന്റെ കാലത്ത് ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് റോസൺബെർഗ് ദമ്പതികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയതിലെ അനീതിയെക്കുറിച്ച് അറിയുന്നത് എസ്തെറിൽ നിന്നാണ്.

അദ്ദേഹത്തിൽ അലിഞ്ഞുചേർന്നിരുന്ന രാഷ്ട്രീയ ചിന്തയുടെ കാതൽ ഈ കൃതിയിൽ വെളിപ്പെടുത്തുന്നുണ്ട്.: ‘‘ഞാനൊരിക്കൽ പറഞ്ഞത്, കമ്യൂണിസ്റ്റുകാർ നമ്മുടെ കൊടി കവർന്നെടുക്കുകയായിരുന്നുവെന്നാണ്; കാരണം ദരിദ്രരുടെ കൊടി ക്രിസ്ത്യാനികളുടേതാണ്; അത് സംശയാതീതമായ സത്യമാണ്. മത്തായിയുടെ സുവിശേഷം 25–ാം അധ്യായത്തിൽ ഇക്കാര്യം പറയുന്നുണ്ട്. ലെനിനും ഏറെ മുൻപുതന്നെ ഈ ആദർശം സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.’’ (പേജ് 117). ഇതുതന്നെയാണ് മറ്റൊരു രീതിയിൽ ഒരു നൂറുവർഷം മുൻപ് ഫ്രെഡറിക് എംഗത്സ് On the History of Early Christiarity (ആദ്യകാല ക്രിസ്തുമതത്തിന്റെ ചരിത്രത്തെക്കുറിച്ച്) എന്ന കൃതിയിൽ പറഞ്ഞുവച്ചതും.

മാർപാപ്പയുടെ സരളമായ എഴുത്തുരീതിക്ക് ഒരുദാഹരണം കൂടിനോക്കാം: ‘‘എനിക്ക് കൃത്യനിഷ്ഠ വളരെ ഇഷ്ടമാണ്; അതൊരു നല്ല ശീലമാണ്; അതാസ്വദിക്കാൻ ഞാൻ പഠിച്ചിരുന്നു. എവിടെയും കൃത്യസമയത്ത് എത്തുകയെന്നത് നല്ല ശീലമാണ്, ആദരവിന്റെ സൂചനയാണ്; അതെന്റെ കടമയായി ഞാൻ കണക്കാക്കുന്നു.’’ (പേജ് 53). പക്ഷേ ഭൂമിയിലേക്കുള്ള തന്റെ വരവ് വെെകിയായിരുന്നുവെന്ന് സരസമായി അദ്ദേഹം തുടർന്നു പറയുന്നു. നിശ്ചിത ദിവസത്തെക്കാൾ ഒരാഴ്ച വെെകി. വിദഗ്ധയായ വയറ്റാട്ടിക്ക് ഡോക്ടറുടെ സേവനം തേടേണ്ടതായി വന്നു. ഡോക്ടറെത്തി പരിശോധിച്ചശേഷം വയറ്റിൽ ബലമായി കുറേനേരം അമർത്തിയതിനെ തുടർന്നാണ് ജനനം നടന്നത്. അഞ്ച് കിലോയോളം കുഞ്ഞിന് ഭാരമുണ്ടായതാണ് പ്രസവം വെെകിയതിന് കാരണമത്രെ! അദ്ദേഹം സരസമായി പറയുന്നത്, ‘‘അമ്മയിൽനിന്നുവിട്ടുമാറാൻ എനിക്ക് ഇഷട്മായിരുന്നില്ല’’ എന്നാണ്.

സ്നേഹത്തിന്റെ മഹാമാന്ത്രികനായ ഫ്രാൻസിസ് മാർപാപ്പ പറയുന്നു: ‘‘സാങ്കൽപ്പികമായ സ്നേഹം എന്നൊന്നില്ല. സ്നേഹം മൂർത്തമായ ഒരാവശ്യമാണ്; ഒരനുഭവമാണ്.’’ തന്റെ മാതാപിതാക്കളെക്കാൾ, സഹോദരീ സഹോദരന്മാരെക്കാൾ ഈ ലോകത്ത് ജീവിച്ചുകഴിഞ്ഞതായി ആത്മകഥയിൽ (പേജ് 182) അദ്ദേഹം രേഖപ്പെടുത്തുന്നു.

‘‘സഭ ക്രിസ്തുവിന്റേതാണ്. ക്രിസ്തു എല്ലാവരുടേതുമാണ്. എല്ലാവർക്കും വേണ്ടിയാണ് അദ്ദേഹം ജീവിച്ചത്.’’ (പേജ് 196) എന്ന സാർവത്രികതയുടെ ആശയവും മാർപാപ്പ മുന്നോട്ടുവയ്ക്കുന്നു. അദ്ദേഹം പറയുന്നു: ‘‘ആർദ്രത ദൗർബല്യമല്ല. അതാണ് ശരിക്കുമുള്ള ബലം’’ (പേജ് 292). ലോകത്തിന് പ്രതീക്ഷ (Hope) പകർന്നു നൽകുന്ന തന്റെ ആത്മകഥയിൽ മഹാനായ ഫ്രാൻസിസ് മാർപാപ്പ കമ്യൂണിസ്റ്റുകാരനായ തുർക്കി കവി നസിം ഹിക്മത്തിന്റെ വരികൾകൂടി ഉദ്ധരിക്കുന്നു: ‘‘മനോഹരമായ കടൽ ഇനിയും താണ്ടേണ്ടിയിരിക്കുന്നത്; അതിമനോഹരമായ കുഞ്ഞ് ഇനിയും ജനിക്കേണ്ടിയിരിക്കുന്നു; അതിസുന്ദരമായ ദിനങ്ങൾ ഇനിയും വന്നിട്ടില്ല; ഞാൻ പറയാനാഗ്രഹിക്കുന്ന അതിസുന്ദരമായ വാക്കുകൾ ഇനിയും ഞാൻ പറഞ്ഞുകഴിഞ്ഞിട്ടില്ല.’’ (പേജ് 284). അസീസിയിലെ പ്രേമഗായകനായ ഫ്രാൻസിസിനെ നെഞ്ചേറ്റിയ ആ മഹാപുരുഷൻ ഈ ലോകത്തിനു നൽകിയ മികച്ച സംഭാവന തന്നെയാണ് Hope. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − sixteen =

Most Popular