Wednesday, March 4, 2026

ad

Homeആമുഖംആമുഖം

ആമുഖം

ത്തിക്കാനിൽ 267–ാമത്തെ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിരിക്കുകയാണ്. 266–ാമത്തെ മാർപാപ്പ ഏപ്രിൽ 21ന് ലോകത്തോട് വിടപറഞ്ഞതിനെ തുടർന്നാണ് ഇത് അനിവാര്യമായത്. ഫ്രാൻസിസ് മാർപാപ്പ എന്തുകൊണ്ടും വ്യത്യസ്തനായിരുന്നു. ആ പേരിൽതന്നെ വ്യത്യസ്തത കാണാം. കുരിശു യുദ്ധകാലത്തെ അസീസിയിലെ ഫ്രാൻസിസിന്റെ സ്മരണയുണർത്തുന്ന ഫ്രാൻസിസ് എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. ക്രിസ്ത്യൻ–മുസ്ലീം സംഘട്ടനമല്ല, ഐക്യമാണ്, വർഗീയ സംഘർഷങ്ങൾക്കുപകരം മതവിഭാഗങ്ങളുടെ ഐക്യമാണ് വേണ്ടത് എന്ന് വാദിച്ച് കുരിശുയുദ്ധത്തെ എതിർത്ത ക്രിസ്ത്യൻ സന്ന്യാസിയാണ് അസീസിയിലെ ഫ്രാൻസിസ്. ആ പേര് സ്വീകരിച്ചതുവഴി മാർപാപ്പ വലിയൊരു സന്ദേശമാണ് നൽകിയത്. ഈ ലക്കം ചിന്തയുടെ കവർസ്റ്റോറി മഹാനായ ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചാണ്. എം എ ബേബി, ഡോ. ടി എം തോമസ് ഐസക്, ഡോ. പോൾ തേലെക്കാട്ട്, കെ ജെ ജേക്കബ്, എ ശ്യാം, സുബിൻ ഡെന്നീസ്, ജി വിജയകുമാർ എന്നിവരാണ് എഴുതുന്നത്.

വർഗസംഘട്ടനങ്ങളുടെ സ്ഥാനത്ത് ഇനിമേൽ വർഗീയ സംഘട്ടനങ്ങളാണുണ്ടാകാനിടയുള്ളതെന്ന, സോവിയറ്റനന്തരകാലത്തെ മുതലാളിത്തത്തിന്റെ വക്താക്കളുടെ വാക്ധോരണികളെ നിരാകരിക്കുന്ന പ്രഖ്യാപനങ്ങളാണ് മാർപാപ്പയിൽനിന്ന് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഉയർന്നത്. നവലിബറൽ ചൂഷണത്തിനെതിരെ പൊരുതുന്ന ജനങ്ങളുടെ വക്താവായി മാറുകയായിരുന്നു കത്തോലിക്കാ സഭയുടെ ഈ പരമാധ്യക്ഷൻ. സാമ്രാജ്യത്വ കടന്നാക്രമണങ്ങൾ ലോകത്തെവിടെക്കണ്ടാലും അതിനെതിരെ നിഷ്-കരുണം ചാട്ടവാറോങ്ങുന്ന യഥാർഥ ക്രിസ്തു ശിഷ്യനായി മാറുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.

യുദ്ധത്തിന്റെയും പ്രവാസ ജീവിതത്തിന്റെയും കെടുതികൾ നേരിട്ട് അനുഭവിച്ചറിഞ്ഞ ഫ്രാൻസിസ് മാർപാപ്പ എക്കാലത്തും യുദ്ധത്തിനെതിരായിരുന്നു; സമാധാനത്തിന്റെ വക്താവായിരുന്നു. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലകൾക്കെതിരെ ശക്തമായ പ്രതികരണങ്ങളാണ് അദ്ദേഹത്തിൽനിന്നുണ്ടായത്. മരിക്കുന്നതിന് തലേദിവസവും അദ്ദേഹം നൽകിയ ഈസ്റ്റർദിന സന്ദേശത്തിൽ ഗാസയിൽ പിടഞ്ഞുമരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾക്കായി കണ്ണീർ വാർക്കുന്നത് നാം കണ്ടതാണ്.

അക്ഷരാർഥത്തിൽതന്നെ പാവങ്ങളുടെ ഇടയനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. വിമോചന ദെെവശാസ്ത്രത്തിന്റെ ഓരംചേർന്ന് നടന്ന അദ്ദേഹത്തിന് ദരിദ്രപക്ഷത്തല്ലാതെ നിൽക്കാനാവുമായിരുന്നില്ല. പട്ടാള സേ-്വച്ഛാധിപത്യത്തിന്റെ ദുരനുഭവങ്ങൾ കണ്ടും അനുഭവിച്ചും പരിചിതനായിരുന്ന അദ്ദേഹം ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും പക്ഷത്ത് ഉറച്ചുനിൽക്കുകയാണുണ്ടായത്. ശാസ്ത്രീയ ചിന്തയുടെയും മാനവികതയുടെയും വക്താവുമായിരുന്നു അദ്ദേഹം. യൂറോപ്പിന്റെ അതിരുകൾക്കപ്പുറത്തുനിന്ന് ആദ്യമെത്തിയ മാർപാപ്പയുടെ പിൻഗാമിയും അദ്ദേഹത്തെപ്പോലെ തന്നെ മനുഷ്യകഥാനുഗായി ആകുമോയെന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 − 4 =

Most Popular