Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിഭീകരാക്രമണത്തോട് 
വിട്ടുവീഴ്ച പാടില്ല

ഭീകരാക്രമണത്തോട് 
വിട്ടുവീഴ്ച പാടില്ല

ബികാഷ് രഞ്ജൻ ഭട്ടാചാര്യ 


പഹൽഗാമിലെ 
ഭീകരാക്രമണത്തെത്തുടർന്ന് 
കേന്ദ്ര സർക്കാർ 
വിളിച്ചുചേർത്ത 
സർവകക്ഷിയോഗത്തിൽ 
സിപിഐ എം 
രാജ്യസഭാ ഉപനേതാവ് 
ബികാഷ് രഞ്ജൻ ഭട്ടാചാര്യ 
നടത്തിയ പ്രസംഗം

26 നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പഹൽഗാമിലെ ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു; ആ ദാരുണ സംഭവത്തിൽ അതീവദുഃഖം രേഖപ്പെടുത്തുന്നു. ഭീകരവാദികളെ തടയാൻ ശ്രമിച്ച തദ്ദേശീയനായ ഒരാളൊഴികെ മറ്റെല്ലാവരും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ്; സാധാരണപൗരരാണ്. മുൻകൂട്ടി ആസൂത്രണം ചെയ്തതും മനുഷ്യത്വരഹിതവുമായ അക്രമപ്രവർത്തനത്തിന്റെ ഇരകളാണ് ആ 26 പേരും. കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിനുവേണ്ടി, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും പരിക്കേറ്റവരോടും ഞങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ചികിത്സയിൽ കഴിയുന്നവരെല്ലാം എത്രയും വേഗം പൂർണമായും സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു.

ഈ പ്രദേശത്ത് ഭീകരത ഉയർത്തുന്ന ഇപ്പോഴും തുടരുന്ന ഭീഷണിയെക്കുറിച്ച് നമ്മെ ഓർമപ്പെടുത്തുന്നതാണ് ഇത്തരമൊരാക്രമണം. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടിലല്ലെന്നും ഈ കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെക്കൊണ്ട് നിയമം അനുശാസിക്കുന്നവിധം മറുപടി പറയിക്കുമെന്നും ഉറപ്പുവരുത്തേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണ്.

ഇരകളുടെ കുടുംബങ്ങൾക്ക് അടിയന്തരമായും സാമ്പത്തികവും മറ്റെല്ലാ വിധത്തിലുമുള്ള സഹായങ്ങൾ എത്തിച്ചുകൊടുക്കണമെന്നും ഭീകരാക്രമണമുണ്ടായ പ്രദേശത്തുനിന്നും വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായി മടങ്ങാൻ വേണ്ട ഉചിതമായ ക്രമീകരണങ്ങളുറപ്പാക്കണമെന്നും ഞങ്ങൾ കേന്ദ്ര സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.

ഈ നിഷ്ഠുരമായ ക്രൂരകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുകയും പിടികൂടുകയും അൽപ്പവും കാലതാമസം കൂടാതെ പ്രോസിക്യൂട്ട് ചെയ്യുകയും വേണം. എന്നാൽ, പെട്ടെന്നുള്ള പ്രതികരണത്തിനപ്പുറം, ‘‘സ്ഥാപനപരമായ, വിപുലമായ തയ്യാറെടുപ്പുകളെ’’ക്കുറിച്ച് പരിശോധിക്കേണ്ടതും ആവശ്യമാണ്.

‘‘ഇന്റലിജൻസ് സംവിധാനത്തിന്റെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിന്റെയും കാര്യക്ഷമത’’യുമായി ബന്ധപ്പെട്ട ഗൗരവസ്വഭാവമുള്ള ചില ചോദ്യങ്ങൾ ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്. ‘‘ഇന്റലിജൻസ് ഏജൻസികളുടെ പങ്കിനെയും പെർഫോമൻസിനെയും സംബന്ധിച്ച സമഗ്രമായ അവലോകനം’’ നടത്തണമെന്ന് ഞങ്ങൾ ഗവൺമെന്റിനോടാവശ്യപ്പെടുന്നു; പ്രത്യേകിച്ചും നടപടിയെടുക്കാവുന്ന വിവരങ്ങളുടെ വിശ്വസനീയതയുടെയും നടപടി കെെക്കൊള്ളാൻ അനുയോജ്യമായ സമയത്തെയും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനം സർക്കാർ നടത്തേണ്ടതുണ്ട്.

ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ സുരക്ഷാസംവിധാനം പതിവ് സേനാവിന്യാസത്തെ മാത്രം ആശ്രയിച്ചുള്ളതായിരിക്കരുത്. സർവെയ്-ലൻസിലും ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിലും താഴെതലത്തിലുള്ള പ്രതികരണ സംവിധാനങ്ങളിലും വന്ന പോരായ്മകൾ കണ്ടെത്തുന്നതിനായി ഗവൺമെന്റ് ഗൗരവതരവും സുതാര്യവുമായ വിലയിരുത്തൽ നടത്തണം. ഈ അവലോകനം താഴെതലങ്ങളിലെ വീഴ്ചകളിൽമാത്രം ഒതുങ്ങിനിൽക്കരുത്; മറിച്ച് തന്ത്രപരവും പ്രവർത്തന സംവിധാനപരവുമായ ചട്ടക്കൂടുകളുമായും ബന്ധപ്പെട്ടതായിരിക്കണം; സംസ്ഥാനങ്ങൾക്കിടയിലെ ഇന്റലിജൻസ് പങ്കുവയ്ക്കലിലും താഴെതലത്തിലെ ഇന്റലിജൻസ് ഇൻപുട്ടുകളിലും എന്തെങ്കിലും പോരായ്മ സംഭവിച്ചോയെന്നും പരിശോധിക്കപ്പെടണം.

ഭീകര പ്രവർത്തനങ്ങൾ ഇല്ലാതാക്കാനും അതിനു പിന്തുണ നൽകുന്ന സംവിധാനങ്ങളെ തകർക്കാനും കേന്ദ്ര സർക്കാർ കെെക്കൊള്ളുന്ന അനുയോജ്യവും നിയമാനുസൃതവുമായ എല്ലാ നടപടികൾക്കും സിപിഐ എമ്മിന്റെ പിന്തുണയുണ്ടാകും. എന്നാൽ ശാശ്വതമായ പരിഹാരത്തിന് കൂടുതൽ വിശാലമായ രാഷ്ട്രീയ സമീപനം വേണമെന്നാണ് ഞങ്ങൾ ഊന്നിപ്പറയാനാഗ്രഹിക്കുന്നത്; അത്തരമൊരു സമീപനം രൂപപ്പെടുത്തുന്നതിന് ജമ്മു കാശ്മീരിലെ ജനങ്ങളുമായും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായും സ്ഥിരമായ ഇടപെടൽ ആവശ്യമാണ്. സുരക്ഷയും വികസനവും ആശയവിനിമയവും ഉൾപ്പെടെയുള്ള ഏകോപിതമായ തന്ത്രമാണ് തീവ്രവാദികളെ ഒറ്റപ്പെടുത്താനും ദീർഘകാലാടിസ്ഥാനത്തിലുള്ള സമാധാനം സ്ഥാപിക്കാനും അവശ്യം വേണ്ടത്.

ആക്രമണത്തെ തുടർന്ന് ഇരകളെ സഹായിക്കാനായി മുന്നോട്ടുവന്ന കാശ്മീരി പൗരർ വഹിച്ച പങ്കും അംഗീകരിക്കപ്പെടേണ്ടതാണ്. അവരുടെ ഐക്യദാർഢ്യവും മാനവികതയും വെളിപ്പെടുത്തുന്നത് പ്രാദേശിക ജനങ്ങൾ ഭീകരവാദത്തിനെതിരെ ഉറച്ചുനിൽക്കുന്നുവെന്നാണ്. അവരുടെ നടപടികൾ അംഗീകരിക്കപ്പെടേണ്ടതാണ്; സർക്കാരിൽനിന്ന് അവർക്ക് പിന്തുണ ലഭിക്കേണ്ടതുമുണ്ട്.

അതേസമയം തന്നെ ഉത്തരവാദിത്തബോധത്തോടെ വാർത്തകൾ റിപ്പോർട്ടു ചെയ്യണമെന്നാണ് ഞങ്ങൾക്ക് മാധ്യമങ്ങളോട് പറയാനുള്ളത്. വെെകാരികവും വർഗീയവൽക്കരിക്കപ്പെട്ടതുമായ റിപ്പോർട്ടിങ് രാജ്യത്തെ വിഭജിക്കണമെന്നാഗ്രഹിക്കുന്നവരെ മാത്രമേ സഹായിക്കുകയുള്ളൂ. വിദേ-്വഷ പ്രഭാഷണങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ തീവ്രവികാരമിളക്കിവിടുന്ന ഉള്ളടക്കങ്ങളും ഫലപ്രദമായി തടയാൻ വേണ്ട നടപടികൾ സർക്കാർ കെെക്കൊള്ളണം.

ദേശീയ ഐക്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ജനാധിപത്യപരവും ഭരണഘടനാപരവുമായ എല്ലാ നടപടികൾക്കും ഞങ്ങളുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഒരിക്കൽ കൂടി ഉറപ്പാക്കുന്നു. നമ്മുടെ ഇന്റലിജൻസ് സംവിധാനവും ആഭ്യന്തര സുരക്ഷാ സംവിധാനവും ഉൾപ്പെടെ എവിടെയെല്ലാം എന്തെല്ലാം പോരായ്മകൾ കണ്ടെത്തുന്നുവോ അവിടെയെല്ലാം സ്ഥാപനപരമായ അവലോകനവും അക്കൗണ്ടബിലിറ്റിയും സുതാര്യതയും വേണമെന്ന് ഞങ്ങൾ തറപ്പിച്ചു പറയുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − eight =

Most Popular