Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിതരിഗാമി തറപറ്റിച്ച 
ജമാഅത്ത് 
ഹിന്ദുത്വ സഖ്യം

തരിഗാമി തറപറ്റിച്ച 
ജമാഅത്ത് 
ഹിന്ദുത്വ സഖ്യം

എ എം ഷിനാസ്

‘‘കാശ്മീരിലെ കുല്‍ഗാം മണ്ഡലത്തിലെ കനല്‍ത്തരിയാണ് താനെന്ന് സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി വീണ്ടും പ്രഘോഷിച്ച തിരഞ്ഞെടുപ്പ് വിജയമാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ രാജ്യം കണ്ടത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് കുല്‍ഗാമില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ തരിഗാമി അനിഷേധ്യ വിജയത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിയത്. 1996 ലാണ് കുല്‍ഗാമില്‍ നിന്ന് ആദ്യമായി തരിഗാമിയെ കാശ്മീരികള്‍ തിരഞ്ഞെടുക്കുന്നത്. 2002, 2008, 2014 വര്‍ഷങ്ങളിലും ജയം ആവര്‍ത്തിച്ച തരിഗാമി, 2024ല്‍ കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി സ്വതന്ത്രനായി രംഗത്തിറക്കിയ സയര്‍ അഹമ്മദ് റെഷിയെയാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ (8000 വോട്ട്) തോല്‍പ്പിച്ചത്.

ഈ തിരഞ്ഞെടുപ്പ് മത്സരത്തിന് രണ്ട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ഒന്ന്, 2019 ല്‍ നിരോധിക്കപ്പെട്ട കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സയര്‍ അഹമ്മദ് റെഷി ആയിരുന്നു പ്രധാന പ്രതിയോഗി. ജമാഅത്തെ ഇസ്ലാമിക്ക് നല്ല വേരോട്ടമുള്ള മണ്ഡലമാണ് കുല്‍ഗാം. രണ്ട്, ബിജെപി എന്ന മത രാഷ്ട്രീയ പാര്‍ട്ടി അതിന്റെ മറുപുറമായ ഒരു ഇസ്ലാമിസ്റ്റ് മത രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കിയ തിരഞ്ഞെടുപ്പായിരുന്നു അത്. കാശ്മീരിലെ കര്‍ഷക, തൊഴിലാളി സമരങ്ങളിലൂടെ തന്റെ യൗവനത്തില്‍ തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ 76 കാരനായ തരിഗാമി തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കര്‍ഷക, തൊഴിലാളി പ്രശ്നങ്ങളും താന്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാശ്മീരിൽ പൊതുവിലും കുല്‍ഗാമിൽ വിശേഷിച്ചും നടത്തിയ വികസന പ്രവര്‍ത്തനങ്ങളുമാണ് ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചത്. ഇസ്ലാമിസം എന്ന രാഷ്ട്രീയ ഇസ്ലാമിന്റെ പ്രയോക്താവും ഉദ്ഘോഷകനുമായ മുഹമ്മദ് റെഷിയാകട്ടെ ‘ഇസ്ലാമിസ്റ്റ് കാര്‍ഡ്’ ആണ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പലപാട് പുറത്തെടുത്തത്. താന്‍ പരാജയപ്പെട്ടാല്‍ അത് ഇസ്ലാമിന്റെ പരാജയമാണെന്ന് റെഷി നാഴികയ്ക്ക് നാല്പതുവട്ടം ആവര്‍ത്തിക്കുകയുണ്ടായി. ഇസ്ലാമിസത്തിന്റെ വര്‍ഗീയവും വിധ്വംസകവുമായ രണോല്‍സുക രാഷ്ട്രീയം കുല്‍ഗാമിലെ ജനങ്ങളെ വികാരവിജൃംഭിതരാക്കുമെന്ന പ്രതീക്ഷയായിരുന്നു കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി വെച്ചുപുലര്‍ത്തിയിരുന്നത്.

2019ല്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി കേന്ദ്രഭരണകൂടം എടുത്തുകളഞ്ഞപ്പോള്‍ തരിഗാമിയെ മാസങ്ങളോളം വീട്ടു തടങ്കലിലാക്കിയിരുന്നു. സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെ അന്നത്തെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തടങ്കലിലായ തരിഗാമിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത് അന്ന് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാട് സ്വീകരിച്ചതിനാണ് കേന്ദ്ര ഭരണകൂടം തരിഗാമിയെ വീട്ടില്‍ പൂട്ടിയിട്ടിരുന്നത്. അതേ കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കക്ഷി, കാശ്മീര്‍ പാകിസ്-താന്റെ ഭാഗമാണെന്നും കാശ്മീരിനെ പാകിസ്താനോട് ചേര്‍ക്കണമെന്നും ആരംഭകാലം മുതല്‍ ആവര്‍ത്തിച്ചു വാദിച്ചു പോരുന്ന കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാവിനെയാണ് പിന്തുണച്ചതെന്ന പരമാര്‍ത്ഥം വിരോധാഭാസമായി തോന്നാമെങ്കിലും ഇരുകൂട്ടരും ഒരേ തൂവല്‍ പക്ഷികളാണെന്ന കാര്യം അടിവരയിടുന്നതായിരുന്നു തിരഞ്ഞെടുപ്പ് ചിത്രം.

1949 ല്‍ കുല്‍ഗാമിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച തരിഗാമിയുടെ പ്രഥമ രാഷ്ട്രീയ ഗുരു, ബന്ധുവും കാശ്മീരിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന അബ്ദുല്‍ കരീം വാനി ആണ്. കാശ്മീര്‍ താഴ്-വരയിലെ സാധാരണ കര്‍ഷകരും തൊഴിലാളികളുമായുള്ള ആത്മബന്ധവും ഒരുതരത്തിലുള്ള ആരോപണങ്ങളും ഇന്നേവരെ നേരിട്ടിട്ടില്ലാത്ത കളങ്കമറ്റ രാഷ്ട്രീയ ജീവിതവും വിഘടനവാദ, ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ എക്കാലത്തും എടുത്ത നിര്‍ഭയവും ധീരവുമായ നിലപാടുമാണ് തരിഗാമിയെ കാശ്മീര്‍ രാഷ്ട്രീയത്തില്‍ മഹാമേരുവാക്കിയത്.
ഇസ്ലാമിസ്റ്റുകള്‍ പേര്‍ത്തും പേര്‍ത്തും പറയാറുള്ള ആപ്തവാക്യം ‘ഇസ്ലാമാണ് പരിഹാരം’ എന്നതാണ്. ഈ മിഥ്യാവാചകം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയും കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയും പാക് അധീന കാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയും ഇവയുടെയൊക്കെ മച്ചുനന്മാരായ ഈജിപ്തിലും മറ്റു ചില രാഷ്ട്രങ്ങളിലുമുള്ള മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള മതരാഷ്ട്ര വാദികളും അല്‍ ഖയ്ദ, ഐ.എസ്, അല്‍–ശബാബ്, ലഷ്കര്‍þഇþതൊയ്ബെ,ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഇസ്ലാമിസ്റ്റ് ഭീകര സ്വരൂപങ്ങളും മന്ത്രോച്ചാരണം പോലെ നിരന്തരം ഉരുവിടുന്നതാണ്.

‘ഇസ്ലാമാണ് പരിഹാരം’ എന്നത് മൗലാന മൗദൂദിയുടെ ‘പ്രിയങ്കര പരിഹാര’മായിരുന്നു. പാശ്ചാത്യ മുതലാളിത്തത്തിന്റെ അമിതത്വത്തില്‍ നിന്നും മാര്‍ക്സിസത്തില്‍ നിന്ന് പരിപൂര്‍ണ്ണമായും അകലം പാലിക്കണമെന്ന് അദ്ദേഹം എഴുതി (അബ്ദുല്‍ അ അലാ മൗദൂദി, ദ ഇക്കണോമിക് പ്രോബ്ലം ഓഫ് മാന്‍ ആന്‍ഡ് ഇറ്റ്സ് സൊല്യൂഷന്‍). സമ്പദ് വ്യവസ്ഥയെ ഇസ്ലാമികവല്‍ക്കരിക്കണം എന്നായിരുന്നു മൗദൂദി ആവശ്യപ്പെട്ടിരുന്നത്. മൗദൂദി വിഭാവനം ചെയ്ത ഇസ്ലാമിസ്റ്റ് ഇ. ക്കോണമിയെ കുറിച്ച് ഫ്രെഡറിക് ഗ്രെയര്‍ എഴുതുന്നു : ‘സ്വതന്ത്ര സംരംഭങ്ങളും മത്സരാധിഷ്ഠിതവുമായ ഒരു മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയിലായിരുന്നു മൗദൂദി വിശ്വാസമര്‍പ്പിച്ചിരുന്നത്. ഉത്പ്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥത, ഫലദായകമായ നിക്ഷേപത്തിലൂടെ വന്നുചേരുന്ന ഉചിതവും ന്യായവുമായ ലാഭം, വിതരണവും ആവശ്യവും സംബന്ധിച്ച നിയമങ്ങള്‍ എന്നിവയെല്ലാം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാന സവിശേഷതകളും അനിവാര്യ പ്രവര്‍ത്തന പ്രകൃതവുമാണ്. മുതലാളിത്തത്തിന്റെ നിഷേധാത്മക വശം അതിന്റെ അമിതത്വത്തില്‍ മാത്രമാണ്. കമ്യൂണിസ്റ്റുകാര്‍ പറയുന്നതുപോലെ, സാമൂഹിക – സാമ്പത്തിക ക്രമത്തില്‍ അടിസ്ഥാനപരമായ പരിവര്‍ത്തനമുണ്ടാക്കാനും നീതിനിഷ്ഠവും സമദര്‍ശിയായതുമായ സമ്പത്തിന്റെ വിതരണം സാധ്യമാക്കാനും നിലനില്‍ക്കുന്ന ഉത്പ്പാദനബന്ധങ്ങളില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ല. ഉത്പ്പാദനോപാധികളുടെ ഉടമസ്ഥത ചില വ്യക്തികള്‍ക്കായിത്തീരുന്നത്, മൗദൂദിയുടെ വീക്ഷണ പ്രകാരം ‘പ്രകൃത്യനുസരണമായ കാരണങ്ങള്‍’ കൊണ്ടാണ് (ഇസ്ലാമിക് സാമ്പത്തികശാസ്ത്രം മറ്റൊരിക്കല്‍ വിശദമായി പ്രതിപാദിക്കാം). പാകിസ്താന്‍ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ പാക് ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിയ മുദ്രാവാക്യം ‘ഇസ്ലാമാണ് പരിഹാരം’ എന്നതായിരുന്നു. 1997 ല്‍ അത്തരമൊരു സാഹചര്യം പാകിസ്താന്‍ നേരിട്ടപ്പോള്‍ ജമാഅത്ത് അമീര്‍ ആയിരുന്ന ഖാസി ഹുസൈന്‍ അഹമ്മദ് പിപിപി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിളിച്ചത് ‘അനിസ്ലാമികം’ എന്നായിരുന്നു. എന്നാല്‍ ജമാഅത്തിന് കടുത്ത സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാനുള്ള മൂര്‍ത്തമായ ഒരു പരിഹാരവുമുണ്ടായിരുന്നില്ല.

ഏപ്രില്‍ 27 ന് ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളും പഹല്‍ഗാം ഭീകരാക്രമണം മരത്തില്‍ കയറി പകര്‍ത്തിയ കാശ്മീരിലെ ഒരു പ്രാദേശിക വീഡിയോഗ്രാഫറെ പറ്റിയുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ആ വാര്‍ത്തയില്‍ നിന്നുള്ള ഒരു ഭാഗം പ്രസ്താവ്യമര്‍ഹിക്കുന്നു. ‘ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഒരാള്‍ കാശ്മീര്‍ സ്വദേശിയായ ആദില്‍ തോക്കറാണെന്ന് അന്വേഷണസംഘം ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. 2018ല്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന ആദില്‍ തോക്കര്‍ തുടര്‍ന്ന് പാകിസ്താനിലേക്ക് പോവുകയും ലഷ്കർ ഇ തൊയ്ബയില്‍ ചേരുകയുമായിരുന്നു. ലഷ്കർ ഇ തൊയ്ബയില്‍ നിന്ന് തീവ്രവാദ പരിശീലനം ലഭിച്ചശേഷം 2024ല്‍ കാശ്മീരിലേക്ക് ഇയാള്‍ മടങ്ങിയെത്തി. പാക് ഭീകരവാദികള്‍ക്ക് സഹായവും പഹല്‍ഗാമിലെ ഭൂമിശാസ്-ത്രപരമായ വിവരങ്ങളും നല്‍കിയത് തോക്കറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെടുന്ന ഭീകര സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദീന്‍. 1980 കളുടെ ഒടുവില്‍ കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി രൂപവത്കരിച്ച സായുധ ഭീകരവാദസംഘമാണ് ഹിസ്ബുള്‍ മുജാഹിദീന്‍. ഈ ഭീകരവാദ സംഘത്തിന് പാക് അധീന കാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുമായും പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമിയുമായും നാഭീനാളബന്ധമുണ്ട്. 1989 മുതല്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ. കെ.എല്‍.എഫ്) ആയിരുന്നു കാശ്മീര്‍ വിഘടനവാദമുയര്‍ത്തി മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ഈ സംഘടനയുടെ ആവശ്യം ഇന്ത്യയുടെ ഭാഗമായ കാശ്മീരും പാക് അധീന കാശ്മീരുമുള്‍പ്പെടുന്ന ഭൂപ്രദേശത്തിന്റെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യവും ഒരു പുതുരാഷ്ട്ര സ്ഥാപനവുമായിരുന്നു. എന്നാല്‍ ഹിസ്ബുള്‍ മുജാഹിദിന്റെ ലക്ഷ്യം ഇന്ത്യയിലെ കാശ്മീരിനെ പാകിസ്താൻനോട് കൂട്ടിച്ചേര്‍ക്കുക എന്നതായിരുന്നു. അതുകൊണ്ട് 1990കളില്‍ പാകിസ്താന് ഏറ്റവും പ്രിയങ്കര സംഘടനയായിരുന്നു ഈ ജമാഅത്ത് ഭീകരസംഘം. കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി അക്ഷരാര്‍ത്ഥത്തില്‍ പാക് ജമാഅത്തെ ഇസ്ലാമിയുടെ ഒരു ശാഖയായാണ് പ്രവര്‍ത്തിക്കുന്നത്. അതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കിട്ടുന്നത് ലാഹോറില്‍ നിന്നാണ്. 1991 മുതല്‍ കാശ്മീരി ഭീകരസംഘങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തിയേറിയ സായുധ സംഘമായി ഹിസ്ബുള്‍ മുജാഹിദീന്‍ മാറി.

കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി രൂപവത്കരിക്കപ്പെട്ടപ്പോള്‍ അതൊരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നില്ല. ഇന്ത്യയ്ക്ക് കാശ്മീരിനുമേലുള്ള പരമാധികാരം അന്നും ഇന്നും അത് അംഗീകരിച്ചിട്ടില്ല. മൂന്നു പതിറ്റാണ്ടുകാലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുക്കുകയും ചെയ്തില്ല. കാശ്മീരിനെ ക്രമാനുഗതമായി ഇസ്ലാമികവല്‍ക്കരിക്കുന്നതിലൂടെ അനിവാര്യമായും ഒരു ഇസ്ലാമിക രാഷ്ട്രം ആവിര്‍ഭവിക്കുമെന്നും അതിനെ പാകിസ്താനില്‍ ചേര്‍ക്കാമെന്നുമായിരുന്നു ആ കാലയളവില്‍ ജമാഅത്തിന്റെ മനോഗതം. അതേസമയം ഐക്യരാഷ്ട്രസഭ 1949, 1951, 1957 വര്‍ഷങ്ങളില്‍ കൊണ്ടുവന്ന പ്രമേയങ്ങളിലൂടെ മുന്നോട്ടുവച്ച കാശ്മീരില്‍ ജനഹിതപരിശോധന നടത്തണമെന്ന ഉറച്ച നിലപാടുമെടുത്തു ജമാഅത്തെ ഇസ്ലാമി.

1978ല്‍ ഇറാനില്‍ നടന്ന ഷിയþ ഇസ്ലാമിസ്റ്റ് വിപ്ലവത്തിനു ശേഷമാണ് കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കാലുവെച്ചത്. അതാകട്ടെ കാശ്മീരിനെ ‘ഇന്ത്യയില്‍ നിന്ന് വിമോചിപ്പിക്കാനുള്ള’ സമരരൂപമായാണ് വികസിച്ചത്. 1980 ആഗസ്തില്‍ പാക് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഇസ്ലാമി ജാമിഅത്ത്–ഇ–തുലബ, ഇന്ത്യയില്‍ നിന്ന് സ്വതന്ത്ര്യം നേടാന്‍ ഇറാനിയന്‍ മാതൃകയിലുള്ള ഇസ്ലാമിസ്റ്റ് വിപ്ലവം നടത്താന്‍ കാശ്മീരിലെ യുവാക്കളോട് ആഹ്വാനം ചെയ്തു. അന്നു മുതല്‍ കാശ്മീരിനുമേലുള്ള ഇന്ത്യയുടെ പരമാധികാരം അംഗീകരിക്കാതിരിക്കുന്നത് ജമാഅത്തിന്റെ രാഷ്ട്രീയ പരിപാടിയുടെ ഏക ആശയവും കാര്യക്രമവുമായി മാറി.

യുഎന്‍ പ്രമേയമനുസരിച്ചുള്ള ജനഹിത പരിശോധനയുടെ ഫലം എന്തായാലും ഇന്ത്യയിലെ കാശ്മീരിനെ പാകിസ്താന്റെ അഭേദ്യഭാഗമാക്കണമെന്നതായിരുന്നു ജമാഅത്തിന്റയും ഹിസ്ബുള്‍ മുജാഹിദീന്റെയും ആവശ്യം. ഇക്കാര്യം പ്രധാനമാണ്. കാരണം, യുഎന്‍ പ്രമേയങ്ങളനുസരിച്ച് കാശ്മീരി ജനതയ്ക്ക് ഇന്ത്യയില്‍ തുടരുകയോ (തല്‍സ്ഥിതി നിലനിര്‍ത്തുക) പാകിസ്താനില്‍ ചേരുകയോ ചെയ്യാം. ജമാഅത്തെ ഇസ്ലാമിയും ഹിസ്ബുള്‍ മുജാഹിദീനും പക്ഷേ, പാകിസ്താനുമായി കാശ്മീരിനെ ഏകീകരിക്കണമെന്ന ശാഠ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. കാരണം, കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നത് പാകിസ്താന്‍ എന്ന രാഷ്ട്രത്തിന്റെയും പാക് ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധമായാണ്. അതുകൊണ്ടുതന്നെ കാശ്മീര്‍ പാകിസ്താനോട് കൂട്ടിച്ചേര്‍ക്കണമെന്നത് അത് ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാഭാവിക ആവശ്യമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 1 =

Most Popular