ആർഎസ്എസിന്റെ ഹിന്ദുത്വ രാഷ്‌ട്രീയത്തിന് ആശയപരമായ സ്വാധീനം പുതിയ തലമുറയിൽ ആഴത്തിൽ സൃഷ്‌ടിക്കാൻ മുഖ്യ ഉപാധി വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണമാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെയും സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും എല്ലാ ഘടനയെയും രീതി ശാസ്‌ത്രത്തെയും നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് ഇതിനുള്ള മുഖ്യ ഉപാധി. എൻസിഇആർടിയുടെ പാഠ്യപദ്ധതിയിലും പാഠപുസ്‌തകത്തിലും അടിക്കടി ഉണ്ടാക്കുന്ന വെട്ടിനിരത്തൽ ഈ ലക്ഷ്യത്തോടെയാണ്. രാജ്യത്തിന്റെ ആത്മാവിലാണ് സംഘപരിവാർ കത്തിയാഴ്‌ത്തുന്നത്. രാജ്യം പവിത്രമായി കാണുന്ന മതനിരപേക്ഷത, ജനാധിപത്യ മൂല്യം, ഭരണഘടനാ മൂല്യം, സാമൂഹ്യ ബോധം തുടങ്ങിയ ഗുണങ്ങമാണ് ഇതുവഴി ചോർത്തിക്കളയുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷ മൂല്യവും പുതിയ തലമുറയിൽനിന്ന് മറച്ചുവെക്കാനും അതുവഴി പുതിയ തലമുറയെ ആർഎസ്‌എസ് മുന്നോട്ടുവെക്കുന്ന ഹിന്ദുത്വത്തിന്റെ വക്താക്കളാക്കാനുമുള്ള ഗൂഢനീക്കമാണ് എൻസിഇആർടിയുടേത്.
ഈ അജൻഡയുടെ ഭാഗമാണ് എഴാം ക്ലാസിലെ എൻസിഇആർടി സാമൂഹ്യശാസ്ത്ര പുസ്തകത്തിൽനിന്ന് മുഗൾചരിത്രവും ഡൽഹി സുൽത്താൻമാരെക്കുറിച്ചുമുള്ള ഭാഗങ്ങളും വെട്ടിമാറ്റിയത്. എന്നാൽ കുംഭമേളയെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തി. ഹിന്ദു രാജക്കൻമാർ ഭരിച്ച മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെക്കുറിച്ചുള്ള അധ്യായങ്ങളുമുണ്ട്. മോദിയുടെ തട്ടിപ്പ് പദ്ധതികളായ മേക്ക് ഇൻ ഇന്ത്യ, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ തുടങ്ങിയവും പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തി. ആർഎസ്‌എസിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിലാണ് മുഗൾ ഭരണ കാലഘട്ടത്തെയും മുഗൾ രാജാക്കൻമാരേയും പാഠപുസ്‌തകത്തിൽനിന്ന് എൻസിഇആർടി വെട്ടിമാറ്റിയത്. മധ്യകാല ഇന്ത്യാ ചരിത്രത്തിന്റെ ഹൃദയം എന്നത് മുഗൾ ഭരണകാലമാണ്. ആ കാലം പുതിയ തലമുറ പഠിക്കരുത് എന്ന് ശഠിക്കുന്നത് ചരിത്രത്തെ കീഴ്‌മേൽ മറിക്കലാണ്.
ഇത് ആദ്യമല്ല, പാഠപുസ്‌തകത്തിൽ സംഘപരിവാർ ഭരണം കൈവെക്കുന്നത്. തങ്ങൾക്ക് ഹിതകരമല്ലാത്ത ചരിത്രവും ശാസ്‌ത്ര ചിന്തയും പൂർണമായും പാഠപുസ്‌തകത്തിൽ എൻസിഇആർടി വെട്ടി മാറ്റുകയാണ്.
ബാബറി മസ്‌ജിദ് തകർക്കൽ, ഗുജറാത്തിലെ മുസ്ലിം വംശഹത്യ, മണിപ്പൂർ, ജമ്മുകാശ്‌മീർ വിഷയങ്ങൾ, ദാരിദ്ര്യം തുടങ്ങിയവ പാഠപുസ്‌തകങ്ങളിൽനിന്ന് വെട്ടിമാറ്റിയിരുന്നു.
കോവിഡിന്റെ മറവിലാണ് എൻസിഇആർടി ആദ്യം സിലബസ് അട്ടിമറിച്ചത്. ലോക്‌ഡൗൺ കാരണമുണ്ടായ ക്ലാസ് ദിനക്കുറവ് പരിഹരിക്കാനായി സിലബസ് വെട്ടിച്ചുരുക്കുകയായിരുന്നു. സിബിഎസ്‌സി സിലബസിൽ നിന്നും മുപ്പത് ശതമാനംവരെ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്.
ഫെഡറലിസം, പൗരത്വം, ദേശീയത, മതനിരപേക്ഷത എന്നിവ പ്ലസ് വൺ പൊളിറ്റിക്കൽ സയൻസിലെ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കി. പ്ലസ്‌ടുവിൽനിന്ന് ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതി, സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവ വ്യതിയാനം എന്നിവയും നീക്കി. രാജ്യത്തെ ജനങ്ങളെ വഞ്ചിച്ച നോട്ട് നിരോധനത്തെ സംബന്ധിച്ച പാഠഭാഗം പ്ലസ്‌ടു ക്ലാസിലെ ബിസിനസ് സ്റ്റഡീസിൽ നിന്ന് നീക്കി. ബയോളജിയിൽ നിന്ന് പരിണാമ സിദ്ധാന്തവും സാമ്പത്തികശാസ്ത്രത്തിൽ നിന്ന് വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും നീക്കി. ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി, വൈവിധ്യം, ജാതി, മതം, ലിംഗം തുടങ്ങിയ ഭാഗങ്ങൾ പത്തിലെ സോഷ്യൽ സയൻസിൽ നിന്നും ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുമുള്ള ഭാഗങ്ങൾ ഒമ്പതിൽനിന്നും ഒഴിവാക്കി. ഇതിനുപിന്നാലെയാണ് യുക്തീകരണ പ്രക്രിയ എന്ന ഓമനപ്പേരിൽ പരിണാമ സിദ്ധാന്തം, ആവർത്തന പട്ടിക, ഗാന്ധി വധം, മുഗൾ ഭരണം, ദേശീയ സ്വാതന്ത്ര്യസമരത്തിലെ നായകൻമാരിൽ മുസ്ലിങ്ങൾ, അടിയന്തിരാവസ്ഥ, വ്യവസായ വിപ്ലവം തുടങ്ങിയ അതിപ്രധാനമായ ഭാഗങ്ങൾ നീക്കിയത്. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസുകളിൽ പ്ലസ്‌ടുവരെ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകങ്ങളിൽ ഇന്ത്യ എന്ന് പഠിപ്പിക്കേണ്ട എന്നും ഭാരതം എന്ന് പഠിപ്പിച്ചാൽ മതിയെന്നും തീരുമാനിച്ചു.
എൻസിഇആർടിയുടെ 12–-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകത്തിൽ എട്ടാം അധ്യായത്തിൽ ബാബറി മസ്‌ജിദിന്റെ തകർച്ച പഠിപ്പിച്ചിരുന്നു. അന്നത്തെ അച്ചടി മാധ്യമങ്ങളിൽ വന്ന വാർത്തയുടെ കട്ടിങ് കൊളാഷ്, കോടതി വിധിയുടെ ഭാഗം, ബാബറി മസ്‌ജിദ് തകർത്ത ശേഷമുള്ള ഇന്ത്യൻ രാഷ്‌ട്രീയം തുടങ്ങിയവയും ഉണ്ട്. ഈ ചരിത്ര യാഥാർഥ്യം വെട്ടിമാറ്റി രാമക്ഷേത്ര നിർമാണവും രാമജന്മഭൂമി പ്രക്ഷോഭവും ഉൾപ്പെടുത്തി. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അഞ്ച് സവിശേഷ ഘടകങ്ങളിൽ ഒന്നായാണ് രാമജന്മഭൂമി പ്രക്ഷോഭത്തെ വിശേഷിപ്പിക്കുന്നത്. ബാബറി മസ്‌ജിദ് തകർത്തത് ഇന്ത്യൻ ദേശീയത, മതനിരപേക്ഷത എന്നിവയുമായി ബന്ധപ്പെട്ട് വലിയ സംവാദങ്ങൾക്ക് തുടക്കമിട്ടെന്നും ഈ സംഭവങ്ങൾക്ക് ബിജെപിയുടെ ഉയർച്ച, ഹിന്ദുത്വ രാഷ്‌ട്രീയം എന്നിവയുമായി ബന്ധമുണ്ടെന്നുമാണ് പഠിപ്പിച്ചിരുന്നത്. ഇതു മാറ്റി രാജ്യത്തിന്റെ മുഖ്യവിഷയമായി രാമജന്മഭൂമി മാറിയെന്നും രാമജന്മഭൂമി പ്രസ്ഥാനം ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ദിശമാറ്റുകയും സുപ്രിംകോടതി വിധിയോടെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ ഇവ കലാശിച്ചു എന്നും പറയുന്നു. ജനാധിപത്യ അവകാശങ്ങളെക്കുറിച്ചുള്ള പാഠഭാഗത്ത് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പഠിപ്പിച്ചിരുന്നതിലും കാര്യമായ വെട്ടിമാറ്റൽ വരുത്തി.
ആയിരക്കണക്കിന് മുസ്ലിങ്ങളെ ഉന്മൂലനം ചെയ്‌ത ഗുജറാത്ത് വംശഹത്യ ഇന്ന് വീണ്ടും ചർച്ച ചെയ്യുകയാണ്. എമ്പുരാൻ സിനിമയിൽ അതുമായി ബന്ധപ്പെട്ട ഭാഗം വന്നത് സംഘപരിവാർ ശക്തികളെ ഏറെ പ്രകോപിപ്പിച്ചത് നമ്മൾ കണ്ടു. ഇതുമായി ബന്ധപ്പെട്ട പാഠഭാഗമാണ് എടുത്തു കളഞ്ഞത്. വംശഹത്യയിൽ കൊല്ലപ്പെട്ടവർ ഭൂരിപക്ഷവും മുസ്ലിങ്ങളാണെന്ന ഭാഗം പാഠപുസ്‌തകത്തിൽനിന്ന് നീക്കി പകരം ഗുജറാത്തിൽ 2002 ലുണ്ടായ ഗോധ്ര കലാപാനന്തരം ആയിരങ്ങൾ കൊല്ലപ്പെട്ടു എന്നാക്കാനാണ് എൻസിഇആർടി തീരുമാനിച്ചത്. ‘ലിംഗഭേദം, മതം, ജാതി’ എന്ന അധ്യായത്തിൽനിന്ന് വർഗീയ കലാപങ്ങളിലെ ഇരകളിൽ കൂടുതലും മതന്യൂനപക്ഷ വിഭാഗമാണെന്ന ഭാഗത്തും തിരുത്തൽ വരുത്തി. സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകത്തിൽനിന്ന് പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ചുള്ള ദാരിദ്ര്യം, അധികാരമില്ലായ്‌മ തുടങ്ങിയവയും വെട്ടി മാറ്റി. ഹാരപ്പൻ നാഗരികതയുടെ ഉത്‌ഭവം, പതനം എന്നിവ പറയുന്ന അധ്യായത്തിൽനിന്ന് ആര്യൻ കുടിയേറ്റം തള്ളിക്കളയുന്ന പുതിയ കണ്ടെത്തൽ ഉൾപ്പെടുത്തി. ആറാം ക്ലാസിലെ ചരിത്രപുസ്‌തകത്തിൽ ബിർസ മുണ്ടയെ പരിചയപ്പെടുത്തുന്ന അധ്യായത്തിൽ ‘മിഷണറിമാർക്കും ഹിന്ദു ഭൂപ്രഭുക്കൾക്കും ബിർസ എതിരായിരുന്നു’ എന്ന ഭാഗത്തിലെ ഹിന്ദു എന്നത് വെട്ടിമാറ്റി.
വിദ്യാഭ്യാസ മേഖലയിൽ ആർഎസ്‌എസ് ഇടപെടലിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബിജെപി അധികാരത്തിൽവന്ന എല്ലാ സംസ്ഥാനങ്ങളിലും സ്‌കൂൾ വിദ്യാഭ്യാസം കാവിവൽക്കരിച്ചായിരുന്നു ഈ പരീക്ഷണത്തിന്റെ തുടക്കം. യുപി, രാജസ്താൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ആദ്യപരീക്ഷണം. അവിടങ്ങളിലെ ബിജെപി സർക്കാരുകൾ സിലബസ് ഹിന്ദുത്വവൽക്കരിച്ചു. സ്വന്തം സിലബസ് തയ്യാറാക്കി ആർഎസ്‌എസ് നേതൃത്വത്തിൽ സമാന്തര വിദ്യാലയങ്ങൾ തുടങ്ങി. ഒട്ടേറെ ഫണ്ടുകൾ ആ മേഖലയിൽ സർക്കാരുകൾ നൽകി. മുഗളൻമാരെ ചതിയൻമാരും കൊള്ളക്കാരുമായി ചിത്രീകരിച്ചു. അതിലൂടെ കുഞ്ഞുമനസ്സുകളിൽ മുസ്ലിം വിരോധം സൃഷ്‌ടിച്ചു. ശാസ്‌ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളും പൗരോഹിത്യ പരികൽപനകളും കുത്തിനിറച്ചു. വിദ്യാഭ്യാസത്തിന്റെ അടിത്തറയായിരുന്ന മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും ബഹുസ്വരതയും ബഹുഭാഷയും സമത്വവും സിലബസിൽനിന്ന് പുറത്തായി. ഗുജറാത്തിലെ പാഠപുസ്തകത്തിൽ ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കുവാൻ ശ്രമിക്കുന്ന ‘വിദേശീയ’രായി ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും അവതരിപ്പിച്ചു. ദിനനാഥ് ബത്രയുടെ എട്ടോളം പുസ്തകങ്ങൾ പ്രാഥമിക വിദ്യാലയങ്ങളിൽ വിതരണം ചെയ്തു. മധ്യപ്രദേശ് സർക്കാർ സ്‌കൂളുകളിലും മദ്രസകളിലും ഭഗവത്ഗീത പഠിപ്പിക്കണമെന്ന് ഉത്തരവിറക്കി. ആർഎസ്എസിന്റെ പ്രസിദ്ധീകരണമായ ‘ദേവപുത്തർ’ സ്‌കൂളുകളിൽ നിർബന്ധിതമാക്കി. രാജസ്താനിലെ പാഠഭാഗങ്ങളിൽ മുഗൾ ഭരണാധികാരി അക്ബറെ അക്രമകാരിയായി ചിത്രീകരിച്ചു. ഹിന്ദു രാജാക്കന്മാരായ മഹാറാണാപ്രതാപ് അടക്കമുള്ളവരെ വാഴ്‌ത്തുന്ന പാഠഭാഗങ്ങളും ഉൾപ്പെടുത്തി. വിദ്യാർത്ഥികളിൽ ദേശസ്‌നേഹവും ധീരതയും വർധിപ്പിക്കുന്നതിനായി ഉദയ്-പൂരിലെ ഗൗരവ് പ്രതാപ് കേന്ദ്ര എന്ന ആർഎസ്എസ് സ്ഥാപനം സന്ദർശിക്കാൻ സർക്കാർ കൊളേജുകൾക്ക് നിർദേശം നൽകി.
1999ൽ എ ബി വാജ്‌പേയിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ആർഎസ്‌എസ് ദേശീയ കാഴ്‌ചപ്പാട് രൂപപ്പെടുത്തി. കടുത്ത ആർഎസ്‌എസുകാരനായിരുന്ന മാനവ വിഭവശേഷി മന്ത്രി മുരളി മനോഹർ ജോഷിയുടെ പിന്തുണയോടെ കാര്യമായ ഇടപെടൽ ആരംഭിച്ചു. പാഠ്യപദ്ധതി ഹിന്ദുത്വവൽക്കരിക്കുകയും വിദ്യാഭ്യാസ മേഖലയിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു. എന്നാൽ കേന്ദ്രത്തിൽ ഭരണത്തുടർച്ച കിട്ടാതായതും കേരളം ഉൾപ്പെടെയുള്ള ബിജെപി യിതര സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിരോധവും കാരണം ഈ നീക്കം വിജയിപ്പിക്കാനായില്ല. തുടർന്ന് മികച്ച അവസരത്തിനായി കാത്തിരുന്ന ആർഎസ്‌എസ് നേതൃത്വം, നരേന്ദ്രമോദി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ കൂടുതൽ കരുത്തോടെ രംഗത്തു വന്നു. ആ തേരോട്ടമാണ് ഇപ്പോഴും തുടരുന്നത്.
ലോകം അതിവേഗം വളരുകയാണ്. ശാസ്‌ത്ര രംഗത്തും സാങ്കേതിക രംഗത്തും വലിയ മാറ്റങ്ങൾ വന്നു. റോബോട്ടിക്, നിർമിത ബുദ്ധി തുടങ്ങി ശാസ്‌ത്രം വലിയ വളർച്ച നേടുകയാണ്. വിവര വിനിമയത്തിന്റെ അതിരുകൾ ഇല്ലാതാകുന്നു. ഏത് വിവരവും വിരൽത്തുമ്പിലെത്തും. ശാസ്‌ത്ര–-സാങ്കേതിക മേഖലകളിലെ ഈ വിസ്‌ഫോടനത്തെ ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ പുതിയ തലമുറയെ പ്രാപ്‌തമാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പുതിയ ബോധന ശാസ്‌ത്രം. ഏകലോകം എന്ന കാഴ്‌ചപ്പാടിലേക്ക് മനുഷ്യൻ മാറുമ്പോൾ വിദ്യാഭ്യാസവും ഈ കാഴ്‌ചപ്പാടിൽ നവീകരിക്കപ്പെടേണ്ടതുണ്ട്. എന്നാൽ നമ്മുടെ രാജ്യം വിദ്യാഭ്യാസത്തെ പ്രാചീന യുഗത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു. വേദ കാലഘട്ടത്തിലേക്കു മടങ്ങിപ്പോകാനാണ് പുതിയ തലമുറയോട് കേന്ദ്രസർക്കാർ പറയുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം ഈ ലക്ഷ്യത്തോടെയാണ് തയ്യാറാക്കപ്പെട്ടത്. ആർഎസ്‌എസ് ബുദ്ധി കേന്ദ്രങ്ങൾ തയ്യാറാക്കിയ ഈ നയം നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസത്തെ തകർക്കും. ഇതിന്റെ കരടുനയം ആമുഖത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തെ ‘ഭാരത കേന്ദ്രീകൃത’മാക്കണം എന്ന് പറയുന്നുണ്ട്. ആ ലക്ഷ്യമാണ് ഇപ്പോൾ അവർ പ്രാവർത്തികമാക്കുന്നത്. l



