കേരളത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും കായികമായ അവസരങ്ങളും അനുഭവങ്ങളും സാധ്യതകളും ഒരുക്കിക്കൊടുത്തുകൊണ്ടുള്ള സാർവത്രികമായ വികേന്ദ്രീകൃതരീതിയാണ് ഇടതുപക്ഷജനകീയ സർക്കാർ നടപ്പിലാക്കിവരുന്നത്. കായിക പ്രവർത്തനങ്ങൾ, പരിശീലനം, മത്സരങ്ങൾ എന്നിവയ്ക്ക് ആധികാരികതയും പ്രാധാന്യവും നൽകി പ്രാദേശികതലംവരെ വ്യാപിപ്പിക്കുന്നതിന് അതീവശ്രദ്ധ നൽകിവരുന്നുണ്ട്. ഇതിലൂടെ കായികപ്രവർത്തന വിനിമയം, പദ്ധതികളുടെ രൂപീകരണം,സാമ്പത്തിക സഹായം എന്നിവ കേവലം പ്രത്യേകഇടങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മുൻകാല പ്രവർത്തനശൈലികളിൽനിന്നും തികച്ചും വ്യത്യസ്തമായി ഇവയെല്ലാം എല്ലായിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് പ്രത്യേക ഇടപെടൽ സ്വീകരിച്ചിട്ടുണ്ട്. ഈ വികേന്ദ്രീകൃതരീതി കായികമേഖല കൂടുതൽ വിശാലമായ നിലയിൽ പ്രസരിതമാക്കുവാനും കേരളത്തിന്റെ സമഗ്രമായ കായിക പുരോഗതിക്ക് പ്രചോദനമാകുന്നനിലയിലേക്ക് പരിവർത്തനപ്പെടുത്തുവാനുമുള്ള ശ്രമങ്ങൾക്ക് പ്രതീക്ഷപകരുന്നു. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ കായിക നയം രൂപീകരിക്കുകയും അതിന്റെ ഗുണഫലം സംസ്ഥാനത്തെ മുഴുവൻ ജനങ്ങളിലേക്കും എത്തിക്കുവാൻവേണ്ടി സമഗ്രമായ പരിശ്രമം നടത്തിവരികയുമാണ് കേരളമിപ്പോൾ. പൊതുസമൂഹത്തിലുള്ള മുഴുവൻ ജനങ്ങളെയും കായികരംഗത്തേക്ക് ആകർഷിക്കുവാനുള്ള പുരോഗമനകാഴ്ചപ്പാടുമായാണ് കായികവകുപ്പ് മുന്നോട്ടുപോകുന്നത്. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും കായിക രംഗത്തോടുള്ള താല്പര്യവും അനുഭാവവും രൂപപ്പെട്ടുവരുവാനുള്ള പ്രവർത്തനങ്ങൾ സാർവത്രികമാക്കേണ്ടതുണ്ട്. ഇത് ഓരോ വ്യക്തിയിലും സ്പോർട്സിനോടും മത്സരങ്ങളോടുമുള്ള താല്പര്യവും പിന്തുണയും അർപ്പണമനോഭാവവുമുള്ള കായിക പ്രേരണാസമീപനം ക്രമേണ രൂപപ്പെടുത്തുന്നു.
പ്രതീക്ഷയോടെ കായിക നയം നടപ്പിലാക്കുമ്പോൾ
പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 2025 ലെ കേരള സ്പോർട്സ് ഭേദഗതി നിയമത്തിന് അംഗീകാരം നൽകി. നിയമസഭാ സാമാജികർ ഉന്നയിച്ച നിരവധി നിർദ്ദേശങ്ങളും അഭിപ്രായങ്ങളുംകൂടി പരിഗണിച്ചുകൊണ്ടാണ് ബിൽ അംഗീകരിക്കപ്പെട്ടത്. ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ നടപ്പിലാക്കിയ കായിക നയത്തിൽ ഉണ്ടായിട്ടുള്ള നൂതന കാഴ്ചപ്പാടുകളാണ് ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ‘എല്ലാവർക്കും സ്പോർട്സ്’ എന്ന പ്രധാനപ്പെട്ട ആശയത്തെ മുൻനിർത്തി കായികരംഗത്ത് മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്ത് കായിക നയം അവതരിപ്പിക്കുന്നത്. കായിക പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലും പ്രാദേശികതലത്തിൽ മികച്ച കായികസംവിധാനങ്ങൾ ഉറപ്പാക്കുന്നതിലും കായിക നയം ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. വളരെ സമഗ്രവും വികസിതവുമായ കായിക ആവാസ വ്യവസ്ഥ വിഭാവനം ചെയ്യുന്ന സംസ്ഥാനത്തിന്റെ വൈവിധ്യമാർന്ന കായിക ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിന് നൂതനമായ കായിക നയം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കായിക മേഖലയെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുകയും കായികാനുബന്ധ വ്യവസായസംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് കായിക സമ്പദ്ഘടന വിലപ്പെടുത്തുവാനുള്ള ശ്രമങ്ങളും ഫലപ്രദമായി നടന്നുവരികയാണ്. കമ്മ്യൂണിറ്റി സ്പോർട്‌സ്, കായിക സാക്ഷരത തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് എല്ലാ വിഭാഗം ആളുകൾക്കിടയിലും സ്പോർട്സിന്റെ മഹത്തായ സാധ്യതകളെ വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. നിലവിലുള്ള ചട്ടങ്ങൾക്കും നയങ്ങൾക്കും കാലോചിതവും പുരോഗമനാത്മകവുമായ പരിഷ്കാരങ്ങൾ വരുത്തിക്കൊണ്ടാണ് കായിക മേഖലയുടെ സമഗ്ര പുരോഗതി സാധ്യമാക്കുന്ന കായിക നയം കേരളത്തിൽ നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിന്റെ കായിക വികസനനേർസാക്ഷ്യവും പ്രഗതിസൂചകവുമായാണ് കായിക നയത്തെ സംസ്ഥാനസർക്കാർ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. കേരളത്തിലെ കായികപൊതുമണ്ഡലത്തിൽ സമഗ്രമായ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളുടെ സാക്ഷാത്കാരത്തിനുകൂടിയാണ് സർക്കാർ കായികനയം തയ്യാറാക്കിയിട്ടുള്ളത്. കായിക പ്രവർത്തനങ്ങൾ യഥാവിധം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം മെച്ചപ്പെടുകയും രോഗങ്ങൾ കുറയ്ക്കുകയും ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവ് പരമാവധി കുറയ്ക്കുവാനും കഴിയുന്നു. അതോടൊപ്പം ആളുകളെ ഒന്നിപ്പിക്കുന്ന ഒരു പ്രധാന ഉപാധിയായ കായികം സാമൂഹിക ഐക്യം വർധിപ്പിക്കുകയും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും സൗഹൃദവും വളർത്തുകയും ചെയ്യുന്നു. സമഗ്രമായ കായിക നയം സംസ്ഥാനത്തെമ്പാടും നടപ്പിലാക്കുന്നതിലൂടെ വികസന സാധ്യതകൾ രൂപപ്പെടുകയും വ്യത്യസ്ത കായിക മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ച രൂപപ്പെടുകയും ചെയ്യുന്നു. യുവജനങ്ങളാൽ സമ്പന്നമായ കേരളത്തിൽ അടിസ്ഥാന വികസന സാധ്യതകൾ രൂപപ്പെടുന്നതിലൂടെ കൂടുതൽ അവസരങ്ങൾ കൈവരുകയും യുവജനങ്ങളുടെ ഭാവി സുരക്ഷിതമാവുകയും ചെയ്യുന്നു. ഇത് ആളുകളിൽ ഐക്യവും അഭിമാനബോധവും വളർത്തുകയും അച്ചടക്കവും ടീംവർക്കും രൂപപ്പെടുകയും ചെയ്യുന്നു. യുവാക്കളിൽ ലക്ഷ്യബോധം രൂപപ്പെടുത്തുന്നതിനാൽ സാമൂഹികവിപത്തായി മാറിയിട്ടുള്ള ലഹരിഉപയോഗത്തിൽനിന്നും കുറ്റകൃത്യങ്ങളിൽനിന്നും പിന്മാറുവാനും ഇടവരുന്നു.
സമാനതകളില്ലാത്ത കായികവികസനം
ചിട്ടയായതും ശാസ്ത്രീയവുമായ കായികപരിശീലനസംവിധാനങ്ങളിലൂടെ കായികരംഗത്ത് ലോകോത്തരനിലവാരമുള്ള താരങ്ങളെ സംഭാവനചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം കഴിഞ്ഞ 8 വർഷമായി 5000ത്തോളം കോടിരൂപ കായികമേഖലയിൽ മാത്രം മുതൽമുടക്കി അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ളവയിൽ പരിപൂർണ്ണലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഗ്രാമ, നഗര വ്യത്യാസമന്യേ എല്ലാവിഭാഗം ജനങ്ങൾക്കും കായികപരമായ സൗകര്യങ്ങൾ എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ ഉൾപ്പെടെ കഴിവുറ്റ കായികതാരങ്ങൾക്ക് അവരുടെ പ്രതിഭാശേഷി പ്രകടിപ്പിക്കുവാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊടുത്തിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും മികച്ച സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങൾ, സിന്തറ്റിക്-ട്രാക്കുകൾ, ഫുട്ബോൾ ടർഫ്, ഇൻഡോർ സ്റ്റേഡിയങ്ങൾ, അത്യന്താധുനിക സംവിധാനത്തോടുകൂടിയ നീന്തൽകുളങ്ങൾ, ഫിറ്റ്നസ് സെന്ററുകൾ, ഓപ്പൺ ജിമ്മുകൾ തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. വലുതും ചെറുതുമായ 400 ഓളം നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിലവിൽ നടന്നുവരികയാണ്. ഏകകേന്ദ്രിതമായി നിലനിന്നിരുന്ന കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം തദ്ദേശസ്ഥാപനതലത്തിലേക്ക് വ്യാപിപ്പിച്ചതിലൂടെ കായിക മേഖലയിൽ സുപ്രധാന ചുവടുവെപ്പ് നടത്തുവാൻ സാധിച്ചിട്ടുണ്ട്. കേരളത്തിലെ ആയിരത്തിലധികം വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ നിലവിൽവന്നു. ഇതിന്റെ ഏകോപനം മികച്ചരീതിയിൽ നടക്കുന്നതിനുവേണ്ടി സംസ്ഥാനവ്യാപകമായി എല്ലായിടങ്ങളിലും ഒരു കോഡിനേറ്ററെ വീതം നിയമിക്കും. കായിക അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിനും പരിപാലനത്തിനും പരിശീലനത്തിനുമായി പ്രത്യേക ശാസ്ത്രീയധാരണയുള്ള സ്പോർട്സ് ട്രെയിനർമാരെ നിയമിക്കുന്നകാര്യവും പരിഗണിക്കും. കായിക മത്സരരംഗത്ത് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി നിലനിന്നിരുന്ന ക്രമക്കേടുകൾ പരിഹരിക്കുന്നതിനുവേണ്ടി ഇ സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ ആരംഭിച്ചത് രാജ്യത്തിനു തന്നെ മാതൃകയാണ്.
ജനങ്ങളുടെ ആരോഗ്യത്തിനും
കായികക്ഷമതയ്ക്കും മുഖ്യപ്രാധാന്യം
ജീവിതശൈലിരോഗങ്ങളുടെ പറുദീസയായ കേരളത്തിലെ ജനങ്ങൾ എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും എല്ലായ്-പ്പോഴും കഴിയുകയെന്നത് കായികവകുപ്പ് മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്. ആരോഗ്യമുള്ള സമൂഹം രൂപപ്പെട്ടുവരുന്നതിലൂടെ മനുഷ്യരുടെ പ്രവൃത്തികൾക്കും ചിന്തകൾക്കും വ്യക്തതയും വിശാലതയും കൈവരിക്കുവാൻ കഴിയുന്നു. അതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുവാനും പുതിയ ആശയങ്ങളെയും അനുഭവങ്ങളെയും പരിഗണിക്കുവാനും ഓരോ വ്യക്തിക്കും സാധിക്കുന്നു. കായികപരമായ പ്രവർത്തനങ്ങളിൽ ദൈനംദിനം ഏർപ്പെടുന്നതിലൂടെ ഓരോവ്യക്തിയും പോസിറ്റീവായ ജീവിതസമീപനങ്ങൾക്കും പെരുമാറ്റങ്ങൾക്കും അതീതമായി പൊരുത്തപ്പെടുവാൻ തയാറാകും. സംസ്ഥാനത്ത് കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലായിടങ്ങളിലും ആരംഭിച്ചിട്ടുള്ള ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങളിൽ സ്ഥിരമായി എത്തുകയും ഇഷ്ടമുള്ള വിവിധ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ ഓരോ വ്യക്തിക്കും ദിവസവും പുതുമയും സന്തോഷവും ലഭിക്കുന്നു. ഇതുകൂടാതെ സംസ്ഥാനത്ത് നിലവിലുള്ള മറ്റു പൊതുകായികഇടങ്ങൾകൂടി ശാരീരിക ആരോഗ്യപരിപാലനത്തിനുവേണ്ടി ഫലപ്രദമായി ഉപയോഗിക്കുവാൻ ജനങ്ങളെല്ലാവരും തയ്യാറാകുന്നതിലൂടെ ആധുനികകാലത്തെ തിരക്കുപിടിച്ച വ്യവസ്ഥയിൽ സന്തോഷവും ഉന്മേഷവും കൈവരിക്കുന്നതിനിടയാക്കുന്നു. കായികവും വൈജ്ഞാനികവും ഭാഷാപരവും വൈകാരികവും സാമൂഹികവും സർഗാത്മകവുമായ വിവിധ തലങ്ങളിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങളാണ് ഏറ്റവും മെച്ചപ്പെട്ട സാമൂഹിക ജീവിതം കെട്ടിപ്പടുക്കുവാൻ ആളുകളെ പ്രാപ്തരാക്കുന്നത്. ഒരു രാജ്യത്തെ ജനങ്ങളുടെ ഊർജ്ജം ഉൽപാദനപരവും അർത്ഥവത്തായതുമായ ലക്ഷ്യത്തിലേക്ക് എത്തിക്കുവാനുള്ള ഫലപ്രദമായ മാർഗമായി കായിക പങ്കാളിത്തത്തെ ഉപയോഗപ്പെടുത്തുന്ന രീതിയാണ് കായികവകുപ്പ് പിന്തുടരുവാൻ ആലോചിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭൗതികവികസനം, സമാധാനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി കായിക വിനോദ സാധ്യതകളെ എല്ലായിടങ്ങളിലും വ്യാപിപ്പിക്കും. കായിക പ്രവർത്തനങ്ങളിലെ സ്ഥിരമായ പങ്കാളിത്തത്തിലൂടെ കായികക്ഷമത കൈവരിക്കുന്നതിനും നിലനിർത്തുന്നതിനും കഴിയുന്നതോടൊപ്പം ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ സുസ്ഥിതിയിലേക്ക് എത്തിച്ചേരുന്നു. ഇതുകൂടാതെ സഹകരണമനോഭാവം, നേതൃപാടവം, നിയമങ്ങളെ അനുസരിക്കൽ, ജയപരാജയങ്ങളെ മനസ്സിലാക്കൽ തുടങ്ങിയ സാമൂഹിക ഗുണങ്ങൾ കൈവരിക്കുവാനും സഹായകമാകുന്നു. സന്തോഷത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും ലോകസാഹചര്യങ്ങളെ ധൈര്യപൂർവ്വം ഏറ്റെടുക്കുവാനും അഭിമുഖീകരിക്കുവാനും കഴിയുന്ന നവകേരളസമൂഹം രൂപീകരിക്കുകയാണ് ആത്യന്തികമായും ലക്ഷ്യമിടുന്നത്.
കായിക കേരളത്തെ
കേന്ദ്രവും മാതൃകയാക്കുന്നു
കായിക വികസനത്തിൽ കേരളം ഏറെ മുന്നിലാണെന്നും കായിക വളർച്ചയ്ക്ക് സംസ്ഥാനം നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിനുതന്നെ മാതൃകയാണെന്നും കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദിൽ സംഘടിപ്പിച്ച ചിന്തൻ ശിബിറിൽ പങ്കെടുത്ത പ്രതിനിധികൾ അഭിപ്രായപ്പെട്ടു. കായികവികസനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ കായികമന്ത്രിമാരുടെ അവലോകനമാണ് ചിന്തൻ ശിബിർ എന്ന പേരിൽ നടത്തിയ സെമിനാർ. പരിപാടിയിൽ പങ്കെടുത്ത കേന്ദ്ര കായികമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ കായിക മന്ത്രിമാരും കേന്ദ്രകായിക മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരും കേരളത്തെ അകമഴിഞ്ഞ് അഭിനന്ദിച്ചു. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കായികരംഗത്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചപ്പോൾ കേരളം കായികരംഗത്തു നടത്തുന്ന പുരോഗമനപരമായ ഇടപെടലുകൾക്കാണ് ഏറ്റവും കൈയടിലഭിച്ചത്. കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികൾ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയും സഹമന്ത്രി രക്ഷാ നിഖിൽ ഖഡ്‌സെയും പ്രത്യേകം പ്രശംസിച്ചു. ഒരു പഞ്ചായത്ത് ഒരു കളിക്കളം, പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ, ഇ സർട്ടിഫിക്കറ്റ്, സ്‌കൂൾ തല കായിക പാഠ്യപദ്ധതി, സ്പോർട്സ് ഇക്കോണമി വികസിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. എല്ലാ പഞ്ചായത്തിലും നിലവാരമുള്ള ഒരു കളിക്കളം എന്ന പദ്ധതി രാജ്യത്താകെ നടപ്പാക്കണമെന്നും അതിനാവശ്യമായ ഫലപ്രദമായ ഇടപെടൽ കേന്ദ്രകായികമന്ത്രാലയം താമസംവിനാ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കായിക സൗഹൃദ നവകേരളം
കഴിഞ്ഞ ഏഴര വർഷത്തിനിടയിൽ എൽ.ഡി.എഫ് സർക്കാർ സ്പോർട്സ് ക്വാട്ടയിൽ നിയമനം നൽകിയവരുടെ എണ്ണം 960 എന്ന സർവ്വകാല റെക്കോർഡിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. പൊതുഭരണവകുപ്പ് ഓരോവർഷവും ഭിന്നശേഷിക്കാരായ താരങ്ങൾ ഉൾപ്പെടെ 50 പേർക്ക് സ്പോർട്സ് ക്വാട്ട നിയമനം നൽകിവരുന്നുണ്ട്.ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് കോളേജ് വിദ്യാർത്ഥികൾക്കായി രാജ്യത്താദ്യമായി തുടങ്ങുന്ന സ്പോർട്സ് ലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓരോ കോളേജുകൾ കേന്ദ്രീകരിച്ചുകൊണ്ട് സ്പോർട്സ് ക്ലബ്ബുകൾ രൂപീകരിക്കുവാനുള്ള ഇടപെടലുകളും സ്വീകരിച്ചിട്ടുണ്ട്. ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി എന്നീ നങ്ങളിലാണ് കോളേജ് ലീഗ് സംഘടിപ്പിക്കുന്നത്. കൗമാരക്കാരുടെ കായികപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ശാരീരികക്ഷമത വർദ്ധിപ്പിക്കുവാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിക്കൊടുക്കുക, വിദ്യാർഥികൾക്കിടയിൽ കായിക കൂട്ടായ്മകൾ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ പദ്ധതി നടത്തുന്നത്. സംസ്ഥാനത്തെ കോളേജുകളെ 4 മേഖലകളായി തിരിച്ച് 3 മുതൽ 6 മാസം വരെ നീളുന്ന ലീഗാണ് നടത്തുക. സംസ്ഥാനത്തെ പ്രതിഭാധനരായ ബോക്സിങ് താരങ്ങളെ വാർത്തെടുക്കുന്നതിനുവേണ്ടി രൂപീകരിച്ച പദ്ധതിയായ പഞ്ച്, ഫുട്‌ബോളിലെ താല്‌പര്യം വർദ്ധിപ്പിക്കുവാനായി ആവിഷ്കരിച്ച പദ്ധതി ഗോൾ, ബാസ്‌കറ്റ്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിനുവേണ്ടി തുടങ്ങിയ ഹൂപ്സ്, അത്ലറ്റിക്സിൽ മികച്ച താരങ്ങളെ കണ്ടെത്തുന്നതിനുവേണ്ടി ആരംഭിച്ച സ്പ്രിന്റ്, ജൂഡോ താരങ്ങൾക്കു വേണ്ടി ആരംഭിച്ച ജൂഡോകോ തുടങ്ങിയ നിരവധി പദ്ധതികൾ വളരെ കാര്യക്ഷമമായരീതിയിൽ കായികയുവജനകാര്യാലയത്തിന്റെ മേൽനോട്ടത്തിൽ നടന്നുവരികയാണ്. സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്പോർട്സ് കേന്ദ്രീകൃതമായ പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായ കേരള സ്പോർട്സ് സ്കൂൾ പാഠ്യപദ്ധതി സമീപന രേഖ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്.
കായികരംഗത്ത് കേരളത്തിന്റെ സമീപകാല മുന്നേറ്റം ശക്തമായ കായിക സംസ്കാരം വളർത്തിയെടുക്കുവാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. കായിക മേഖലയിലെ നിക്ഷേപ സാധ്യതകൾ, ഉദ്ഗ്രഥിതമായ നയരൂപീകരണം, ജനങ്ങളുടെ സജീവമായ പങ്കാളിത്തം എന്നിവയിലൂടെ കേരളം ഇന്ത്യയിലെ കായിക മികവിന്റെ ഉദാത്തമാതൃകയായി മാറിയിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് കായികരംഗത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുവാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ നേട്ടങ്ങൾ മറ്റുള്ള സംസ്ഥാനങ്ങൾക്കുകൂടി പ്രചോദനം നൽകുന്നവയാണ്. കായികവികസനത്തിന്റെ തുടർച്ചയായി അന്താരാഷ്ട്ര ഇവന്റുകൾ സംഘടിപ്പിക്കുവാനും കായിക ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുവാനും കായികതാരങ്ങൾക്ക് ഏറ്റവും മികച്ച പരിശീലന സംവിധാനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുവാനും ആവശ്യമായ ദീർഘകാല പദ്ധതികൾക്ക് സംസ്ഥാനം രൂപംനൽകിവരികയാണ്. സുസ്ഥിരമായ കായിക വിനോദസഞ്ചാരമേഖലയിൽ കേരളത്തിന്റെ ഫലപ്രദമായ ഇടപെടൽ ആഗോള ശ്രദ്ധയാകർഷിക്കുന്നു. ഇത്തരത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുനടപ്പിലാക്കുന്ന ഒരു സജീവ കായികകേന്ദ്രം എന്ന നിലയിൽ വളരുവാനുള്ള സംസ്ഥാനത്തിന്റെ നിരന്തരമായ ഇടപെടൽ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുകയാണ്. l



