1976ല്‍ നടന്ന സര്‍വകലാശാലാ തിരഞ്ഞെടുപ്പുകളില്‍ പാക് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ഇസ്ലാമി ജാമിഅത്ത്–ഇ–തുലബയാണ് വിജയിച്ചത്. പാകിസ്താന്‍ നാഷണല്‍ അലയന്‍സ് (പി.എന്‍.എ) ‘നിസാം–ഇ–മുസ്തഫ’യുടെ (പ്രവാചകവ്യവസ്ഥ) സാക്ഷാത്കാരത്തിനു വേണ്ടി പ്രചാരണം നടത്തിയപ്പോള്‍ ജമാഅത്ത് വിദ്യാര്‍ഥി സംഘടനയാണ് പാകിസ്താനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിഭവോപാധികള്‍ ഭൂട്ടോ സര്‍ക്കാരിനെതിരെ ഒരുമിച്ചുകൂട്ടിയത്. സമരങ്ങളിലൂടെയും മറ്റുവിധത്തിലുള്ള പ്രകടനങ്ങളിലൂടെയും ഭൂട്ടോ ഭരണത്തിനെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കാണ് ഈ മതരാഷ്ട്രീയ വിദ്യാര്‍ഥി സംഘടന വഹിച്ചത്.
1977 ജനുവരി 7 ന്- ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതികള്‍ ഭൂട്ടോ പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് 1977 മാര്‍ച്ച് 7 നും പ്രവിശ്യാ അസംബ്ലികളിലേ തിരഞ്ഞെടുപ്പ് മാര്‍ച്ച് 10 നും നടന്നു. പാകിസ്താനിലെ നാല് പ്രവിശ്യകളില്‍ മൂന്നിലും ഭൂട്ടോയുടെ പി.പി.പി വ്യക്തമായ വിജയം നേടി. എന്നാല്‍ പ്രതിപക്ഷമായ പി.എന്‍.എ യുടെ പൊതുയോഗങ്ങളിലെ ജനസാന്നിധ്യ സൂചനയനുസരിച്ച് ദേശീയ–പ്രവിശ്യാ അസംബ്ലികളില്‍ ഈ മതരാഷ്ട്രീയ മുന്നണിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന് കരുതപ്പെട്ടിരുന്നു. അതിനാല്‍ പി.എന്‍.എ തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിച്ചില്ലെന്നു മാത്രമല്ല, തിരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്ന ആരോപണമുയര്‍ത്തി ഭൂട്ടോയ്ക്കെതിരെ പ്രക്ഷുബ്ധമായ പ്രചരണം നടത്തുകയും അതിന് ദിനംപ്രതി ആക്കം കൂടുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം ഭൂട്ടോയ്ക്ക് ആത്മവിശ്വാസം പകര്‍ന്നപ്പോള്‍ പാക് സൈന്യം പ്രമുഖ നഗരങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരമ്പരകളുമായി പൊരുതുകയായിരുന്നു. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഭൂട്ടോ, പട്ടാള നിയമം നടപ്പിലാക്കി. ഇങ്ങനെയാണ് പാക് സൈന്യം വീണ്ടും രാഷ്ട്രീയ അരങ്ങിലേക്ക് ക്ഷണിച്ചു വരുത്തപ്പെടുന്നത്. (ഷാഹിദ് ജാവേദ് ബുര്‍ക്കി, പാകിസ്താന്‍ അണ്ടര്‍ ഭൂട്ടോ, 1971–1977, മക്മില്ലന്‍, പുറം. 182–183)
തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന ശക്തമായ വിമര്‍ശനത്തോടുള്ള ഭൂട്ടോയുടെ നിഷേധാത്മക സമീപനം പി.എന്‍.എ യുടെ പ്രക്ഷോഭത്തെ കൂടുതല്‍ ജ്വലിപ്പിച്ചു. അതോടെ പി.എന്‍.എ യുടെ മുഖ്യനേതാക്കളില്‍ പലരേയും അറസ്റ്റുചെയ്തു. മതപാര്‍ട്ടികളുമായുള്ള സംഘര്‍ഷം ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരമെന്ന തലത്തില്‍നിന്ന് പതുക്കെ ഒരു ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായി പരിണമിച്ചു. (ഫ്രെഡറിക് ഗ്രെയര്‍, ഇസ്ലാമിസം ഇന്‍ ദി ഇന്ത്യന്‍ സബ്കോണ്‍ഡിനന്റ്: ജമാഅത്തെ ഇസ്ലാമി, പുറം. 38)
ഈ പ്രതിസന്ധി തരണംചെയ്യാന്‍ ഭൂട്ടോ വീണ്ടും മൗദൂദിയുമായി ബന്ധപ്പെട്ടു. 1977 ഏപ്രില്‍ 16 ന് ലാഹോറില്‍ ഭൂട്ടോയും മൗദൂദിയും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. അപ്പോള്‍ ‘നിസാം–ഇ–മുസ്തഫ’ എന്ന ആവശ്യത്തെ മറ്റൊരു രീതിയില്‍ വിഫലീകരിക്കാനുള്ള ‘ഇസ്ലാമിക് കാര്‍ഡ്’ ഭൂട്ടോ പുറത്തെടുത്തു. പാക് നഗരങ്ങളിലെ കാസിനോകളും നിശാക്ലബ്ബുകളും അടച്ചുപൂട്ടി. രാജ്യത്തെ പുനര്‍ ഇസ്ലാമീകരിക്കാനുള്ള ഈ ദുര്‍ബല ഉദ്യമങ്ങളെ മതരാഷ്ട്രവാദികള്‍ അവസരവാദമായിക്കണ്ട് അവഗണിച്ചു. പി.എന്‍.എ യുടെ പ്രക്ഷോഭത്തെ അമര്‍ച്ച ചെയ്യുന്ന നടപടികളിലേക്ക് ഭൂട്ടോ കടക്കുകയും മൗദൂദിയെ അറസ്റ്റുചെയ്യാന്‍ പദ്ധതിയിടുകയും ചെയ്തു. മൗദൂദിയെ അറസ്റ്റുചെയ്താല്‍ രാജ്യവ്യാപകമായി കലാപമുണ്ടാകുമെന്ന് പി.എന്‍.എ താക്കീത് നല്‍കി. ഒടുവില്‍ സൗദി അറേബ്യയുടെ മാധ്യസ്ഥത്തിലാണ് തത്കാലം ഈ രാഷ്ട്രീയ സ്തംഭനം ഒഴിവായത്.
പി.എന്‍.എ യെ പൊതുവിലും പാക് ജമാഅത്തെ ഇസ്ലാമിയെ വിശേഷിച്ചും അമേരിക്കയാണ് പിന്തുണയ്ക്കുന്നതെന്ന കുറ്റാരോപണം അക്കാലത്ത് ഭൂട്ടോ നിരന്തരം ഉന്നയിച്ചിരുന്നു. ഒടുവില്‍ 1977 ജൂലൈ 5 ന് ജനറല്‍ സിയാ–ഉല്‍–ഹഖ് പട്ടാള അട്ടിമറിയിലൂടെ ഭൂട്ടോ സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഈ സവിശേഷ ചരിത്രസന്ദര്‍ഭത്തെക്കുറിച്ച് താരിഖ് അലി എഴുതുന്നു : ‘1951 മുതല്‍ ശീതയുദ്ധാവസാനം (1989–90) വരെ പാകിസ്താനെ സംബന്ധിച്ച ഏതാനും സുപ്രധാനമായ തീരുമാനങ്ങള്‍ മാത്രമാണ് പാക് വരേണ്യ ഭരണവര്‍ഗത്തിന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം വിട്ടുകൊടുത്തിരുന്നത്. ഇതിനൊരു അപവാദമായിരുന്നു, പാകിസ്താനിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ (1971–77), ആണവായുധങ്ങള്‍ ആര്‍ജിക്കുമെന്ന ദൃഢനിശ്ചയം. (1974 ല്‍ പൊഖ്റാനില്‍ ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയപ്പോള്‍ ഭൂട്ടോ പ്രസ്താവിച്ചത്, പാകിസ്താനികള്‍ പുല്ലു തിന്നേണ്ടിവന്നാലും ആണവായുധം നിര്‍മിക്കുമെന്നാണ്.) താരിഖ് അലി തുടരുന്നു : ‘1976 ആഗസ്റ്റില്‍ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെന്‍റി കിസിഞ്ചര്‍ ലാഹോര്‍ സന്ദര്‍ശിച്ചപ്പോള്‍ ഭൂട്ടോയ്ക്ക് ഒരു വാഗ്ദാനം നല്‍കി. പാകിസ്താന്‍ ആണവ പദ്ധതി ഉപേക്ഷിച്ചാല്‍ ഭൗതികവും രാഷ്ട്രീയവുമായ സംരക്ഷണവും പിന്തുണയും ഇസ്ലാമാബാദിന് നല്‍കുമെന്നായിരുന്നു കിസിഞ്ചറിന്റെ വാഗ്ദാനം. പിന്നീട് ഭൂട്ടോ ഇതിനെപ്പറ്റി പറഞ്ഞത്, കിസിഞ്ചര്‍ മുന്നോട്ടുവെച്ചത് സമ്മാനവും ശിക്ഷയും മാറി മാറി നല്‍കുന്ന (കാരറ്റ് ആന്‍ഡ് സ്റ്റിക് പോളിസി) നയമായിരുന്നുവെന്നാണ്. പാകിസ്താന്റെ മര്‍മപ്രധാനമായ താല്പര്യങ്ങളെ ഹനിക്കുന്ന ഈ ആജ്ഞ അംഗീകരിക്കാനാവില്ലെന്നായിരുന്നു ഭൂട്ടോയുടെ മറുപടി. അപ്പോള്‍ കിസിഞ്ചര്‍ ശിക്ഷാദണ്ഡ് പുറത്തെടുത്തു. “ഞങ്ങള്‍ക്ക് നിങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരമാക്കാനും നിങ്ങളെ ഭീകരമായ ഒരു മാതൃകയാക്കി മാറ്റാനും കഴിയും.” കിസിഞ്ചര്‍ ‘വാക്കുപാലിച്ചു’.
കിസിഞ്ചറിന്റെ ഭീഷണിയെത്തുടര്‍ന്ന് ആറുമാസത്തിനകം ഭൂട്ടോ സര്‍ക്കാര്‍ അസ്ഥിരീകരിക്കപ്പെടുകയും സൈനിക അട്ടിമറിക്ക് ഇരയാവുകയും ചെയ്തു. ഭൂട്ടോയ്ക്കെതിരെ കൊലപാതകമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തുകയും പാക് സൈന്യത്തിന്റെ ഉത്തരവുകള്‍ ശിരസാവഹിക്കുകയും ചെയ്ത നെറികെട്ട സുപ്രീംകോടതി ജഡ്ജിമാര്‍ 4–3 ഭൂരിപക്ഷത്തില്‍ വധശിക്ഷ ശരിവെക്കുകയും ചെയ്തു. ഇത് പാകിസ്താന്‍ ജനാധിപത്യത്തിന്റെ രണ്ടാം മരണമായിരുന്നു. 1971 ല്‍, ബംഗ്ലാദേശ് വിമോചന സമരകാലത്താണ് പാക് ജനാധിപത്യത്തിന്റെ ആദ്യമൃത്യു സംഭവിച്ചത്. മൂന്നാം ജീവഹാനിയുണ്ടായത്, 1999 ഒക്ടോബറില്‍ നവാസ് ഷെരീഫ് സര്‍ക്കാരിനെ പട്ടാള മേധാവി പര്‍വേസ് മുഷാറഫ് പുറത്താക്കി അധികാരം കരസ്ഥമാക്കിയപ്പോള്‍ ആയിരുന്നു. (താരിഖ് അലി, ക്ലാഷ് ഓഫ് ഫണ്ടമെന്റലിസംസ്, പുറം. 167.)”
അമേരിക്ക ഭൂട്ടോയെ വലിച്ചെറിയാന്‍ തീരുമാനിച്ചപ്പോള്‍തന്നെ പാക് സൈന്യത്തെയാണ് ഉപകരണമാക്കുക എന്ന കാര്യം സ്പഷ്ടമായിരുന്നു. താരിഖ് അലി വിശദീകരിക്കുന്നു : ‘‘ഭൂട്ടോ, വ്യക്തികളുടെ സ്വഭാവവിശേഷം മനസ്സിലാക്കുന്നതില്‍ ദുര്‍ബലനായ വിധികര്‍ത്താവും മുഖസ്തുതിയില്‍ എളുപ്പത്തില്‍ സ്വാധീനിക്കാവുന്ന ഭരണകര്‍ത്താവുമായിരുന്നു. ഉയര്‍ന്ന പദവിയിലുണ്ടായിരുന്ന നാല് ജനറല്‍മാരെ മറികടന്നാണ് ഭൂട്ടോ സിയാ–ഉല്‍–ഹഖിനെ പട്ടാളത്തിന്റെ ഉന്നതപദവിയിലേക്കുയര്‍ത്തിയത്. പെരുമാറ്റത്തില്‍ കൃത്രിമവിനയവും കാപട്യവും സമ്മേളിച്ചിരുന്ന സിയാ–ഉല്‍–ഹഖ് തന്റെ കീശയിലാണെന്ന് ഭൂട്ടോ കരുതി. എന്നാല്‍ സിയ, അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗ് സൈനികസ്ഥാപനത്തില്‍നിന്ന് പരിശീലനം ലഭിച്ച ഓഫീസറായിരുന്നു. 1970 സെപ്തംബറില്‍ ജോര്‍ദാനിലുണ്ടായ പലസ്തീന്‍ പ്രതിരോധത്തെ അമര്‍ച്ച ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരുന്നു സിയാ ഉല്‍ ഹഖ്. അമേരിക്കയും ഇസ്രയേലും ആസൂത്രണം ചെയ്ത ആ സൈനികനീക്കം ജോര്‍ദാന്‍ രാജാവായ ഹുസൈന്‍ ബിന്‍ തലാല്‍ അല്‍ ഹാശിമിനെ രക്ഷിക്കാനായിരുന്നു. അന്ന് ബ്രിഗേഡിയര്‍ സിയയെ ഇസ്ലാമികപ്രേരണകളൊന്നും അലട്ടിയിരുന്നില്ല.’’ (താരിഖ് അലി, പുറം. 189.)
ഭൂട്ടോയ്ക്ക് ലാഹോര്‍ ഹൈക്കോടതി ബെഞ്ച് 1977 സെപ്തംബര്‍ 3 ന് ജാമ്യം അനുവദിച്ചപ്പോള്‍ സുഹൃത്തുക്കളുമായി കൂടിയാലോചന നടത്താന്‍ അദ്ദേഹം ഇസ്ലാമാബാദില്‍ നിന്ന് ലാഹോറിലേക്ക് പറന്നു. വിമാനം ലാഹോറില്‍ ഇറങ്ങിയപ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് തെരുവുകളില്‍ ഭൂട്ടോയെ വരവേറ്റത്. ലാഹോറില്‍ ദൃശ്യമായ ഈ പിന്തുണ അക്ഷരാര്‍ഥത്തില്‍ ഭൂട്ടോയുടെ മരണവാറന്റായിരുന്നു. ജീവിച്ചിരിക്കുന്ന ഭൂട്ടോ അത്യന്തം ആപത്കാരിയാണെന്ന് സിയയ്ക്ക് അറിയാമായിരുന്നു. രാഷ്ട്രീയമായി ഭൂട്ടോയെ പരാജയപ്പെടുത്തുക എളുപ്പമല്ലെന്നും ജീവിച്ചിരിക്കുന്ന ഭൂട്ടോ പാക് പട്ടാളത്തിന് നിത്യ ഭീഷണിയായിരിക്കുമെന്നും സിയയ്ക്കും അദ്ദേഹത്തോടൊപ്പം നിന്ന മറ്റു ജനറല്‍മാര്‍ക്കും ഉത്തമബോധ്യമുണ്ടായിരുന്നു. താരിഖ് അലി നിരീക്ഷിക്കുന്നതു പോലെ, ‘‘ജീവിച്ചിരിക്കുന്ന ഭൂട്ടോ എന്നെങ്കിലും അധികാരത്തില്‍തിരിച്ചുവരുമെന്ന് സിയ മനസ്സിലാക്കിയിരുന്നു. രണ്ടു വ്യക്തികള്‍, ഒരു ശവപ്പെട്ടി എന്ന മട്ടിലുള്ള അവസ്ഥയായിരുന്നു’’. 1979 ഏപ്രില്‍ 4 ന് റാവല്‍പിണ്ടി ജയിലില്‍ ഭൂട്ടോയെ തൂക്കിലേറ്റി.
സിയയുടെ പട്ടാള സ്വേച്ഛാധിപത്യത്തെ അമേരിക്ക കൈമെയ് മറന്നു പിന്തുണച്ചു.1970 ല്‍ ജോര്‍ദാനില്‍ പലസ്തീന്‍ വിമോചനപ്പോരാളികളെ നിഷ്ഠുരമായി അടിച്ചമര്‍ത്തിയപ്പോള്‍ ലവലേശം ‘ഇസ്ലാമിക വികാരം’ ഇല്ലാതിരുന്ന സിയ, ഇസ്ലാമിനെ ഒരു പ്രത്യയശാസ്ത്ര കവചമായി ഉപയോഗിച്ചു. ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കിയ പി.എന്‍.എ സഖ്യത്തിന്റെ ആവശ്യമായ ‘നിസാം–ഇ–മുസ്തഫ’ പ്രയോഗത്തില്‍ വരുത്തുമെന്ന് സിയ പ്രഖ്യാപിച്ചു. ഇസ്ലാമിക ശിക്ഷാരീതികള്‍ പ്രയോഗത്തില്‍ കൊണ്ടുവന്നു. പൊതുസ്ഥലങ്ങളില്‍ ചാട്ടയടിയും തൂക്കിക്കൊലയും ആരംഭിച്ചു. 1978 ഡിസംബറില്‍ ശരിഅത്ത് കോടതികളും 1980 ല്‍ ഒരു ‘ശരിഅത്ത് ഫെഡറല്‍ കോടതി’യും സ്ഥാപിച്ചു. ‘കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് ഐഡിയോളജി’ എന്ന പേരിലുള്ള ഉപദേശക സംഘടനയെ പുനഃസംഘടിപ്പിച്ചു. ഇതൊക്കെ ചെയ്തെങ്കിലും സിയയുടെ കൗശലബുദ്ധി, ചില ഉത്തരവുകളും നിലനില്‍ക്കുന്ന ചില നിയമങ്ങളും ശരിഅത്തുമായി അനുരൂപമാക്കിയില്ല. മാര്‍ഷ്യല്‍ ലോ ഉത്തരവും നികുതി വ്യവസ്ഥയും ബാങ്കിങ് സമ്പ്രദായവുമായി ബന്ധപ്പെട്ട നിയമങ്ങളുമായിരുന്നു അവ. ശരിഅത്ത് കോടതികള്‍ക്ക് നിലവിലുള്ള ചില നിയമങ്ങളെ മാറ്റാനോ ഇല്ലാതാക്കാനോ കഴിയില്ലെന്ന് സിയ പ്രഖ്യാപിച്ചു. ശരിഅത്ത് ഫെഡറല്‍ കോടതിയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ 1980–85 കാലയളവില്‍ 28 പ്രാവശ്യം മാറ്റി എഴുതപ്പെട്ടു. അങ്ങനെ സിയ തന്റെ ഐഡിയോളജിയെ ശരിഅത്തിനു മുകളില്‍ പ്രതിഷ്ഠിച്ചു. ജമാഅത്തിനെ സംബന്ധിച്ചിടത്തോളം, ഒരു സമൂഹത്തിലെ ഭൂരിപക്ഷം അംഗങ്ങളും മുസ്ലിങ്ങള്‍ ആയതുകൊണ്ടുമാത്രം ഇസ്ലാമികരാഷ്ട്രം നിലവില്‍ വരില്ല. ഒരു ഇസ്ലാമിക ഭരണക്രമത്തിനു മാത്രമേ, പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ചിട്ടയോടു മാത്രമേ കൂടിയ ഇസ്ലാമികവത്കരണത്തിലൂടെ അത് സാധ്യമാകൂ. സിയാ–ഉല്‍–ഹഖിന്റെ മതഭക്തിയുടെ ആഴം എന്തുതന്നെ ആയാലും രാഷ്ട്രീയവും മതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി അദ്ദേഹത്തിന്റെ വീക്ഷണം മറ്റൊന്നായിരുന്നു. അദ്ദേഹത്തിന്റെ ഇസ്ലാമീകരണ നയോപായങ്ങള്‍ അതിനാല്‍ ഭരണകൂടത്തിന്റെ സ്വഭാവത്തില്‍ സാരവത്തായ മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചില്ല. ബാഹ്യമായ ഇസ്ലാമികവത്കരണ പ്രകടനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഭരണകൂട പ്രകൃതത്തിന്റെ കാര്യത്തില്‍ ഈ പട്ടാള സ്വേച്ഛാധിപതിയുടെ കാഴ്ചപ്പാട് ജിന്നയോട് ഏറെക്കുറെ സാമ്യം പുലര്‍ത്തുന്നതും മതമൗലികവാദികളുടേതില്‍ നിന്ന് ഭിന്നമായതും ആയിരുന്നു. സൈനികവാഴ്ച ഏതാനും വര്‍ഷം പിന്നിട്ടതോടെ ജമാഅത്തെ ഇസ്ലാമിയും സിയയും തമ്മിലുള്ള ഇണക്കം പിണക്കമായി മാറുകയും അന്തിമ വിശകലനത്തില്‍ മുസ്ലിം ദേശീയരാഷ്ട്രവും ഇസ്ലാമിക രാഷ്ട്രവും തമ്മിലുള്ള തര്‍ക്കത്തിലെ മറ്റൊരു ഉപാഖ്യാനമായി പരിണമിക്കുകയുംചെയ്തു. (ഫ്രെഡറിക് ഗ്രെയര്‍, പൊളിറ്റിക്കല്‍ ഇസ്ലാം ഇന്‍ ദ ഇന്ത്യന്‍ സബ്കോണ്‍ഡിനന്റ്, പുറം. 43.) രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ ആദ്യപ്രസംഗത്തില്‍ സിയയുടെ ദൃഢപ്രസ്താവം ഇതായിരുന്നു : ‘‘പി.എന്‍.എ യുടെ പ്രക്ഷോഭകാലത്ത് പ്രകടിപ്പിക്കപ്പെട്ട ഇസ്ലാമിന്റെ പൊരുളും പ്രസരിപ്പും ചേതനയും പ്രശംസനീയമായിരുന്നു. അത് തെളിയിക്കുന്നത് ഇസ്ലാമിന്റെ പേരില്‍ നിലവില്‍ വന്ന ഈ രാജ്യം, ഇസ്ലാമില്‍ ഉറച്ചുനിന്നാല്‍ മാത്രമേ അതിജീവിക്കുകയുള്ളൂ എന്നതാണ്. അതുകൊണ്ടാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനപരമായ മുന്നുപാധിയായി ഞാന്‍ ഇസ്ലാമിക വ്യവസ്ഥ നടപ്പിലാക്കുന്നത്.’
പാകിസ്താന്റെ ചരിത്രത്തില്‍ ആദ്യമായി മൗദൂദിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ ഭാഗഭാക്കാവുന്നത് സിയയുടെ പട്ടാളവാഴ്ചയുടെ ആരംഭകാലത്താണ്. ഇരുവിഭാഗത്തിനും രാഷ്ട്രീയ–സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ‘സൗകര്യപ്രദമായ വിവാഹം’ ആയിരുന്നു അത്. സൈനികവാഴ്ചയെ അനുകൂലിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം അത്ര സുഖകരമായിരുന്നില്ല. പട്ടാള അട്ടിമറിയെ പ്രതികൂലിച്ചപ്പോഴും ഇസ്ലാമിക ഭരണവ്യവസ്ഥയാണോ ജനാധിപത്യമാണോ തിരഞ്ഞെടുക്കേണ്ടത് എന്ന വിഷമവൃത്തത്തിലായിരുന്നു തുടക്കത്തില്‍ പാക് ജമാഅത്തെ ഇസ്ലാമി. കാരണം, ‘ഇസ്ലാമിനോടൊപ്പം ജനാധിപത്യം’ എന്നതായിരുന്നു പി.എന്‍.എ യുടെ നിലപാട്. സമൂഹിക, സാമ്പത്തികക്രമത്തെ ഇസ്ലാമികവത്കരിക്കുമെന്നും പുതിയ തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും സിയ ഉറപ്പു നല്‍കിയപ്പോഴാണ് ജമാഅത്ത് പട്ടാള ഭരണസംവിധാനാത്തില്‍ ചേര്‍ന്നത് (എന്നാല്‍ ജനാധിപത്യം സിയ വിമാനപകടത്തില്‍ കൊല്ലപ്പെടുന്നതുവരെ പുനഃസ്ഥാപിക്കപ്പെട്ടില്ല).
1973 ല്‍ പാക് ജമാഅത്തെ ഇസ്ലാമിയുടെ രണ്ടാമത്തെ അമീറായി അവരോധിതനായ മിയാന്‍ തുഫൈല്‍, ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ മാത്രമായി ജമാഅത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിലപാടാണെടുത്തത്. പാകിസ്താന്റെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും മതനിരപേക്ഷ സ്വഭാവമുള്ള റിപ്പോര്‍ട്ട് (മുനീര്‍ റിപ്പോര്‍ട്ട്) തയ്യാറാക്കിയ മുനീര്‍ കമ്മീഷനു മുന്‍പാകെ മിയാന്‍ തുഫൈല്‍ പറഞ്ഞത്, ‘‘ഞങ്ങളുടെ മതമാണ് ഞങ്ങളുടെ രാഷ്ട്രീയം, ഞങ്ങളുടെ രാഷ്ട്രീയമാണ് ഞങ്ങളുടെ മതം’’ എന്നായിരുന്നു. പാകിസ്താന്‍ മുന്നോട്ടുപോകണമെങ്കില്‍ മതവും ഭരണകൂടവും തമ്മില്‍ കൃത്യമായ വേര്‍തിരിവ് അനിവാര്യമാണെന്ന മുനീര്‍ കമ്മീഷന്റെ നിരീക്ഷണത്തോടുള്ള പ്രതിവാദമായിരുന്നു അത്.
എന്നാല്‍ മൗലാനാ മൗദൂദിയുടെ മാനദണ്ഡം മറ്റൊന്നായിരുന്നു. അധികാരം സിയയെപ്പോലുള്ള ‘ദൈവഭക്തി’യുള്ള വ്യക്തികള്‍ കൈയാളണമെന്ന കാഴ്ചപ്പാടാണ് മൗദൂദി മുന്നോട്ടുവെച്ചത്. 1978 ആഗസ്ത്- 21 ന് സര്‍ക്കാര്‍ രൂപവത്കരണത്തെ സംബന്ധിച്ച് പി.എന്‍.എ യും സിയയും തമ്മില്‍ ഒരു ഉടമ്പടിയിലെത്തി. ജമാഅത്തെ ഇസ്ലാമിക്ക് പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി, ഇന്‍ഫര്‍മേഷന്‍, ഓയില്‍ ആന്‍ഡ് മിനറല്‍സ്, വാട്ടര്‍, ഇലക്ട്രിസിറ്റി ആന്‍ഡ് പ്ലാനിങ് എന്നീ നാല് പ്രധാന മന്ത്രാലയങ്ങള്‍ കൊടുത്തു. ഒടുവിലത്തെ മന്ത്രാലയം, പാക് ജമാഅത്തെ ഇസ്ലാമിയുടെ നേതൃനിരയിലെ രണ്ടാമനായിരുന്ന അഹമ്മദ് ഖുര്‍ഷിദിനാണ് ലഭിച്ചത്.
ഭൂട്ടോയുടെ വധശിക്ഷ നടപ്പിലാക്കി ഒരു മാസം കഴിഞ്ഞപ്പോള്‍, 1979 ജൂണ്‍ 21 ന് ഈ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടു. മന്ത്രിസഭയിലെ ജമാഅത്തുകാര്‍ രാജിവെച്ചു. 1979 നവംബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പൊതുതിരഞ്ഞെടുപ്പ് നീട്ടിവെച്ചതായിരുന്നു ഒരു കാരണം. അന്നുതൊട്ട് ഒരു ദ്വിമുഖ രാഷ്ട്രീയ നിലപാടാണ് ജമാഅത്ത് കൈക്കൊണ്ടത്. ഇസ്ലാമികവത്കരണ പ്രക്രിയയില്‍ പട്ടാള സര്‍ക്കാര്‍ കാണിക്കുന്ന അലസതയെയും കാലവിളംബത്തെയും ജമാഅത്ത് വിമര്‍ശിച്ചു. അതേസമയം, ജനാധിപത്യ പുനഃസ്ഥാപന പ്രസ്ഥാന (മൂവ്മെന്റ് ഫോര്‍ റീസ്റ്റൊറേഷന്‍ ഓഫ് ഡെമോക്രസി – എം.ആര്‍.ഡി) ത്തില്‍ ചേരാൻ ജമാഅത്ത് വിസമ്മതിക്കുകയും ചെയ്തു. അവരോടൊപ്പം സിയാ–ഉല്‍–ഹഖിനെ പ്രത്യക്ഷമായി പ്രതികൂലിക്കുന്നതില്‍നിന്ന് മാറിനില്‍ക്കുകയും ചെയ്തു. കാരണം, അപ്പോഴേക്കും അഫ്ഗാനിസ്താനിലെ സോവിയറ്റ് അനുകൂല സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആഗോള സന്നാഹങ്ങളോടെയുള്ള ‘ജിഹാദ്’ ആരംഭിച്ചു കഴിഞ്ഞിരുന്നു. ‘സോവിയറ്റ് ചെങ്കരടി’ക്കെതിരെയുള്ള യുദ്ധത്തില്‍ മൗദൂദിസ്റ്റ് സംഘടന അമേരിക്കന്‍ സാമ്രാജ്യത്വവുമായും സിയയുടെ പട്ടാള ഭരണവുമായും സഹകരിച്ചു പ്രവര്‍ത്തിച്ചു.
1950 കളോടെതന്നെ ഒരു ഇസ്ലാമിസ്റ്റ് ത്രികോണ മുന്നണി രൂപമെടുത്തു കഴിഞ്ഞിരുന്നു. വഹാബിസവും മൗദൂദിസവും ഖുത്തുബിസവും (മുസ്ലിം ബ്രദര്‍ഹുഡ്) പ്രക്ഷേപിച്ച ഇസ്ലാമിസ്റ്റ് വ്യവഹാരത്തിന് മുസ്ലിം സമൂഹത്തില്‍ വേരോട്ടമുണ്ടായ കാലമായിരുന്നു അത്. കമ്യൂണിസത്തിനും മുസ്ലിം സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരുന്ന റാഡിക്കല്‍ നാഷണലിസത്തിനുമെതിരെയുള്ള സര്‍വപ്രധാന പ്രത്യയശാസ്ത്ര പുറങ്കോട്ടയായി വാഷിങ്ടണ്‍ ഈ ത്രികോണസ്വരൂപങ്ങളെയാണ് അണിനിരത്തിയത്.
സിയ അധികാരം പിടിച്ചെടുത്തതിനു ശേഷവും പാകിസ്താന്റെ ആണവപദ്ധതി അഭംഗുരം തുടര്‍ന്നു. ആദ്യം അതിനെ എതിര്‍ത്തിരുന്ന അമേരിക്ക പിന്നീട് ആണവായുധ നിര്‍മിതിയെ അവഗണിക്കാന്‍ തീരുമാനിച്ചു. കാരണം, അപ്പോഴേക്കും മോസ്കോ അനുകൂല അഫ്ഗാന്‍ ഇടതുപക്ഷം കാബൂളില്‍ ഭരണത്തിലേറിയിരുന്നു. സോവിയറ്റ് യൂണിയനെ അഫ്ഗാനിസ്താനില്‍നിന്ന് തുരത്താന്‍ വേണ്ടി സിയയും സി.ഐ.എ യും ഇസ്ലാമിസ്റ്റുകളും കൈകോര്‍ത്തു. അമേരിക്കയും ബ്രിട്ടനും, സിയ പട്ടാളവാഴ്ചയുടെ 11 വര്‍ഷവും അഫ്ഗാന്‍ ജിഹാദിനുവേണ്ടി പാകിസ്താന് സൈനികവും സാമ്പത്തികവുമായി കൈയയച്ച് പിന്തുണ നല്‍കി. സൗദി അറേബ്യയില്‍ നിന്ന് പെട്രോ ഡോളര്‍ മാത്രമല്ല ബിന്‍ ലാദനെപ്പോലുള്ള യുദ്ധോല്‍സുക ജിഹാദിസത്തിന്റെ പ്രഘോഷകരും അഫ്ഗാന്‍ സംഘര്‍ഷമുഖത്തേക്ക് പ്രവഹിച്ചു. ദേശത്തിന്റെ പരിവൃത്തത്തിനകത്ത് ഒതുങ്ങിനില്‍ക്കുന്ന ജിഹാദികളെയായിരുന്നില്ല വാഷിങ്ടണിന് ആവശ്യം. ദേശാതിര്‍ത്തികള്‍ ഭേദിച്ചുള്ള ഒരു രാജ്യാന്തര ജിഹാദി സംഘത്തിന്റെ സൃഷ്ടിയിലാണ് അമേരിക്ക വ്യാപൃതമായത്. അങ്ങനെ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സുഡാന്‍, ലിബിയ, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമൊക്കെ സോവിയറ്റ് യൂണിയന്‍ എന്ന ‘മതനിഷേധി’യായ ‘തിന്മയുടെ സാമ്രാജ്യ’ത്തിനെതിരെ യുദ്ധം ചെയ്യാന്‍ അമേരിക്ക ജിഹാദിസ്റ്റ് മനക്കൂട്ടുള്ളവരെ അണിരത്തി. 1980 കളില്‍ പാകിസ്താന്റെ ലോജിസ്റ്റിക് പിന്തുണയുടെയും സൗദി അറേബ്യയുടെ പെട്രോഡോളര്‍ സഹായത്തിന്റെയും അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക–സാമ്പത്തിക ബലത്തിന്റെയും തണലില്‍ പാകിസ്താനിലും പാക് – അഫ്ഗാന്‍ അതിര്‍ത്തിയിലും അയ്യായിരത്തോളം ‘മദ്രസ’കളാണ് സ്ഥാപിക്കപ്പെട്ടത്. ഇന്ന് നാം ലോകത്തിന്റെ പലഭാഗങ്ങളിലും കാണുന്ന ജിഹാദി ഇസ്ലാം, മദ്രസകളില്‍ നിന്നുയര്‍ന്നു വന്ന അമേരിക്കന്‍ നിര്‍മിതിയാണ്. അമേരിക്കയുടെ ഭൗമരാഷ്ട്രീയ താല്പര്യങ്ങള്‍ക്കുവേണ്ടി വാഷിങ്ടണ്‍ സൃഷ്ടിച്ച യുദ്ധോല്‍സുക ‘അമേരിക്കന്‍ ഇസ്ലാം’ ആണത്. l



