Wednesday, March 19, 2025

ad

Homeകവര്‍സ്റ്റോറികേരളത്തിന്റെ സമഗ്ര വളർച്ചയ്ക്ക്
 കമ്യൂണിസ്റ്റ് – എൽഡിഎഫ് 
സർക്കാരുകളുടെ സംഭാവനകൾ

കേരളത്തിന്റെ സമഗ്ര വളർച്ചയ്ക്ക്
 കമ്യൂണിസ്റ്റ് – എൽഡിഎഫ് 
സർക്കാരുകളുടെ സംഭാവനകൾ

പിണറായി വിജയൻ

കേരളത്തിന്റെ വളർച്ചയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ചത് താരതമ്യങ്ങൾക്കതീതമായ പങ്കാണ്. പാർട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും മുന്നോട്ടുവയ്ക്കുന്ന ജനകീയ വികസന മാതൃകയെ ലോകം ഉറ്റുനോക്കുകയാണ്. ജന്മിത്വം അവസാനിപ്പിക്കുക, കൃഷിഭൂമി കൃഷിക്കാർക്കു നൽകുക, അയിത്തവും ജാതിചൂഷണവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ശക്തവും സംഘടിതവുമായ രീതിയിൽ മുന്നോട്ടു വച്ച രാഷ്ട്രീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർട്ടിയാണ്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയമടക്കം ഇന്ത്യയുടെ ഘടനയെ പുരോഗമനപരമായി മാറ്റുന്നതിനുള്ള ആവശ്യം മുമ്പോട്ടുവെച്ചതും കമ്യൂണിസ്റ്റ് പാർട്ടിയാണ്. പറഞ്ഞതു നടപ്പാക്കിയെടുക്കാൻ അധികാരത്തിനു പുറത്തുനിന്നപ്പോൾ പോരാട്ടങ്ങളിലൂടെയും അധികാരത്തിൽ വന്നപ്പോൾ നിയമനിർമാണത്തിലൂടെയും ശ്രമിച്ചു.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയം മുതൽ ഭൂപരിഷ്‌കരണം വരെയുള്ള കാര്യങ്ങൾ മുൻനിർത്തി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം ആധുനിക കേരളത്തിന്റെ രൂപീകരണത്തിന്റെ ചരിത്രമാണ്. 1957ൽ കേരളത്തിൽ അധികാരത്തിൽ വന്നപ്പോൾ കാർഷികബന്ധങ്ങളും ഭൂബന്ധങ്ങളും അഴിച്ചുപണിതുകൊണ്ട് വാക്കുപാലിക്കുന്നവർ കമ്യൂണിസ്റ്റുകാരാണെന്ന് ലോകത്തിനു മുമ്പിൽ തെളിയിക്കുകയും ചെയ്തു.

അമിതാധികാര സ്വേഛാധിപത്യ വാഴ്ചയ്‌ക്കെതിരെ മുതൽ വർഗീയ സ്വേഛാധിപത്യ വാഴ്ച സ്ഥാപിക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ വരെ നടന്നതും നടക്കുന്നതുമായ പോരാട്ടങ്ങൾ ഈ കമ്യൂണിസ്റ്റ് ബോധ്യത്തിന്റെ തുടർച്ചയാണ്. സാമ്രാജ്യത്വാധിനിവേശങ്ങളെയും അവയുടെ വഴികളായ ഉദാരവൽക്കരണ-–ആഗോളവൽക്കരണ നയങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നതും, എല്ലാ വിഭാഗം ജനങ്ങളെയും വിഭാഗീയതകൾക്കും വേർതിരിവുകൾക്കുമതീതമായി ഒരുമിപ്പിക്കുന്നതും അതേ ബോധ്യം കൊണ്ടുതന്നെയാണ്.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഗ്രൂപ്പ് രൂപപ്പെടുന്നത് 1937-ൽ കോഴിക്കോടാണ്. പി കൃഷ്ണപിള്ള, ഇ എം എസ്, കെ ദാമോദരൻ, എൻ സി ശേഖർ എന്നീ നാലു പേർ ചേർന്ന് ഈ പാർട്ടി ഉണ്ടാക്കിയപ്പോൾ കേരളത്തിലെ ജനസംഖ്യ ഒന്നേകാൽ കോടിയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ എണ്ണം നാലു മാത്രം! ഇന്ന് കേരളത്തിൽ ഏകദേശം മൂന്നര കോടി ജനങ്ങളുണ്ട്. അവർ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്കു വേണ്ടി ഒരുമിക്കുംവിധം പാർട്ടി ശക്തി പ്രാപിച്ചിരിക്കുന്നു. അഞ്ച് ലക്ഷത്തിലധികം പാർട്ടി അംഗങ്ങൾ, ദശലക്ഷക്കണക്കായ ബഹുജന സംഘടനാ അംഗങ്ങൾ, അതിനുമപ്പുറത്ത് ദശലക്ഷക്കണക്കിന് അനുഭാവികൾ എല്ലാമുള്ള ഒരു വിപ്ലവ ബഹുജനപ്രസ്ഥാനമായി കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വളർന്നു.

സുഗമമായ പാതയിലൂടെയായിരുന്നില്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ യാത്ര. എന്തെല്ലാം കടന്നാക്രമണങ്ങൾ, ആരോപണങ്ങൾ, ആക്ഷേപങ്ങൾ, ഗൂഢാലോചനകൾ, തകർക്കൽ ശ്രമങ്ങൾ! ഇവയെയൊക്കെ നേരിട്ടും അതിജീവിച്ചുമാണ് ഇൗ പ്രസ്ഥാനം ജനഹൃദയങ്ങളിൽ അതുല്യമായ സ്ഥാനം നേടിയത്.

കേരളത്തിന്റെ വികസനമെന്നത് എന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യ പരിഗണനാവിഷയങ്ങളിൽ ഒന്നായിരുന്നു. ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പുതന്നെ ഭാവികേരളം എങ്ങനെയാവണമെന്ന് സൂക്ഷ്മമായി ചിന്തിച്ച പ്രസ്ഥാനം കമ്യൂണിസ്റ്റ് പാർട്ടിയാണ്. 1956ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ തൃശൂരിൽ നടന്ന സമ്മേളനം കേവലമായ സംഘടനാ കാര്യങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുകയല്ല ചെയ്തത്. കേരളത്തിന്റെ വികസനത്തിനുള്ള സമഗ്രമായ ഒരു പദ്ധതിയുടെ കരട് രൂപം മുമ്പോട്ടുവെയ്ക്കുക കൂടിയാണ് ചെയ്തത്.

കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ഓരോ മേഖലയിലും എന്തു ചെയ്യണമെന്നതു സംബന്ധിച്ച വ്യക്തമായ ദിശാബോധം ആ സമ്മേളനം മുമ്പോട്ടുവെച്ചു. അടിസ്ഥാന വ്യവസായങ്ങൾ പൊതുഉടമസ്ഥതയിൽ കൊണ്ടുവരേണ്ടതിന്റെയും വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയ്ക്ക് ആ രേഖ അടിവരയിട്ടു. വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല, അധികാര വികേന്ദ്രീകരണം, കാർഷിക പരിഷ്‌കരണം, തൊഴിലാളികളുടെ അവകാശ സംരക്ഷണം എന്നിവ അതിൽ ഊന്നിപ്പറഞ്ഞു. പിൽക്കാല കേരള വികസനത്തിനുള്ള നയരേഖയായി അത് മാറി.

1957 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന തൃശൂർ സമ്മേളനം ആവിഷ്‌കരിച്ച ദിശാബോധത്തിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രികയാണ് പാർട്ടി മുമ്പോട്ടുവെച്ചത്. അധികാരത്തിൽ വന്ന ഘട്ടങ്ങളിൽ ജന്മിത്വത്തിന്റെ വിഷപ്പല്ല് പറിക്കുന്ന രീതിയിൽ കാർഷികബന്ധങ്ങൾ പൊളിച്ചെഴുതിയതും ഭൂപരിഷ്‌കരണം നടപ്പാക്കിയതും വിദ്യാഭ്യാസ പരിഷ്‌കാരം നടപ്പാക്കിയതും അധികാര വികേന്ദ്രീകരണം പ്രാബല്യത്തിൽ കൊണ്ടുവന്നതും ജനകീയാസൂത്രണം ഏർപ്പെടുത്തിയതും സമ്പൂർണ സാക്ഷരതയിലേക്ക് കേരളത്തെ നയിച്ചതുമൊക്കെ അതിന്റെ തുടർച്ചയായാണ്. 1958-ലെ കേരള പഞ്ചായത്ത് ബില്ലും 59-ലെ കേരള ജില്ലാ കൗൺസിൽ ബില്ലുമൊക്കെ ദൂരവ്യാപകമായ മാറ്റമാണ് അധികാരബന്ധങ്ങളിൽ വരുത്തിയത്.

പിന്നീട് 1967-ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് മുൻകൈയുണ്ടായിരുന്ന സര്‍ക്കാരും സമൂലമായ മാറ്റങ്ങൾക്ക് കാരണമായ ഇടപെടലുകളാണ് നടത്തിയത്. ആ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ ബില്‍ കേരളത്തിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ചുവടുവയ്പായിരുന്നു. 1,22,981 ഹെക്ടര്‍ ഭൂമി ഈ കാലയളവില്‍ 2,99,569 കുടുംബങ്ങള്‍ക്കായി വിതരണം ചെയ്തു. ഇതില്‍ 58,923 കുടുംബങ്ങള്‍ പട്ടികജാതി വിഭാഗത്തില്‍പെടുന്നവരായിരുന്നു. കൈവശക്കൃഷി നടത്തിയ വ്യത്യസ്ത തരത്തിലുള്ള കര്‍ഷക വിഭാഗങ്ങള്‍ക്കും ഭൂമിയില്‍ പൂര്‍ണ്ണ ഉടമസ്ഥാവകാശംനല്‍കി. ഈയിനത്തിലും മുന്‍ഗണന ലഭിച്ചത് സമൂഹത്തിലെ പിന്നാക്ക ജനവിഭാഗങ്ങൾക്കായിരുന്നു.

1980 ലാണ് പിന്നീട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേല്‍ക്കുന്നത്. രാജ്യത്ത് ആദ്യമായി കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് ആ സര്‍ക്കാരാണ്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനുതകും വിധം കമ്പോളങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തിക്കൊണ്ട് മാവേലി സ്റ്റോറിന് തുടക്കംകുറിച്ചതും ആ സര്‍ക്കാര്‍ ആയിരുന്നു. 1987 ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സമ്പൂര്‍ണ സാക്ഷരതയിലേക്ക് കേരളത്തെ നയിച്ചു. ക്ഷേമപെന്‍ഷനുകളെ വിപുലപ്പെടുത്തുന്നതിനും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കേരളത്തിന്റെ ഐടി വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ അടിത്തറയിടുന്നതിനും ആ സര്‍ക്കാരിനു കഴിഞ്ഞു.

ആഗോള- ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് അതിതീവ്രമായി നടപ്പിലാക്കി തുടങ്ങിയ ഘട്ടത്തിലാണ് 1996-ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരുന്നത്. ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം ജനാധിപത്യത്തെ മുതലാളിത്തത്തിനു തീറെഴുതിയ ആ കാലത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന അധികാരവികേന്ദ്രീകരണത്തിന്റേതായ ജനകീയാസൂത്രണ ബദൽ ആ സർക്കാർ നടപ്പാക്കി. ജനാധിപത്യ പ്രക്രിയയിലും വികസന പ്രവർത്തനങ്ങളിലും പൊതുജനത്തിനുള്ള പങ്ക് വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനും ഉതകിയ ജനകീയാസൂത്രണ പരിപാടി ലോകശ്രദ്ധയാകർഷിക്കുന്നതായിരുന്നു.

അസമത്വം വളർത്തുന്ന ഉദാരവൽക്കരണ നയങ്ങൾക്കെതിരെ സമഗ്രമായ ജനകീയവികസനത്തിന്റെ ബദൽ നയങ്ങളുമായാണ് 2016-ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും അധികാരമേറ്റത്. പൊതുമേഖലയെ സംരക്ഷിക്കുക, സാമൂഹ്യസുരക്ഷ ശക്തിപ്പെടുത്തുക, ആരോഗ്യ–-വിദ്യാഭ്യാസ മേഖലകളിലെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അടിസ്ഥാന സൗകര്യവികസനം ഊർജ്ജിതമാക്കുക, കാര്‍ഷിക-– വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളിൽ ഊന്നുന്ന നയങ്ങളാണ് ആ സർക്കാർ നടപ്പിലാക്കിയത്. വികസനരംഗത്ത് മുന്നേറ്റങ്ങൾ സൃഷ്ടിക്കുമ്പോഴും കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ സംരക്ഷിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു.

ഹ്രസ്വകാല അടിസ്ഥാനത്തിൽ ജനങ്ങളുടെ ദുരിതങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതും ദീർഘകാലാടിസ്ഥാനത്തിൽ നാടിന്റെ വികസനം ഉറപ്പാക്കുന്നതും അനിവാര്യമാണ്. പ്രത്യുൽപാദനപരമല്ല എന്ന പലരുടെയും വിമർശനമുണ്ടായിട്ടും സാമൂഹ്യസുരക്ഷ പെൻഷൻ നൽകുന്നത് ആദ്യത്തെ ആവശ്യം നിറവേറാനാണെങ്കിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നത് രണ്ടാമത്തെ ലക്ഷ്യം മുൻനിർത്തിയാണ്. വ്യവസ്ഥാപിതമായ രീതിയിൽ മാത്രം ചിന്തിക്കുക എന്നതു വിട്ട് വികസനത്തിന്, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനു പുതുവഴികൾ തേടുക എന്നിടത്തേക്ക് ഈ ഗവൺമെന്റ് മാറി.

ബജറ്റിലൂടെയുള്ള വിഭവസമാഹരണവും വിനിയോഗവും മാത്രമേ മുമ്പ് ഉണ്ടായിട്ടുള്ളൂ. അത് മതിയാവില്ല എന്നു തിരിച്ചറിഞ്ഞുകൊണ്ട് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് അമ്പതിനായിരം കോടി രൂപയുടെ സമാഹരണത്തിനും വിനിയോഗത്തിനും തക്കവിധം കിഫ്ബിയെ പരിഷ്‌കരിച്ചെടുത്തതും നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെ ഉയർത്തുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഏർപ്പെടുത്തിയതും ഉയർന്ന വിദഗ്ധ ചികിത്സ സാധാരണക്കാരനു വരെ പ്രാപ്യമാക്കുന്ന വിധത്തിൽ ആശുപത്രികളെ രോഗീസൗഹൃദപരമാക്കി ആർദ്രം പദ്ധതി നടപ്പാക്കിയതും ശുദ്ധജലവും ശുദ്ധവായുവും ശുദ്ധ ആഹാരവും ഉറപ്പാക്കുന്ന തരത്തിൽ ഹരിത കേരളം പദ്ധതി നടപ്പാക്കിയതും അന്തിയുറങ്ങാൻ ഇടമില്ലാത്തവരായി കേരളത്തിൽ ആരുമില്ല എന്നുറപ്പാക്കുംവിധം ലൈഫ് പദ്ധതി ആരംഭിച്ചതുമെല്ലാം 1957-ലെ സർക്കാർ നയങ്ങളുടെ തുടർച്ചയും നവീകരണവും ശാക്തീകരണവുമാണ്.

നവോത്ഥാനം ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിത്തുകൾ മുളച്ചത്. നവോത്ഥാനത്തിന്റെ അതുവരെയുള്ള ലക്ഷ്യം സാമുദായികമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കലായിരുന്നെങ്കിൽ സാമ്പത്തിക ഉച്ചനീചത്വങ്ങൾ കൂടി അവസാനിപ്പിക്കുന്ന രാഷ്ട്രീയ ഉള്ളടക്കം കൊടുത്ത് കമ്യൂണിസ്റ്റ് പാർട്ടി അതിനെ ഉയർത്തിയെടുത്തു. കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം വിട്ടുവീഴ്ച ചെയ്യാനാവാത്ത രംഗമാണ് നവോത്ഥാനത്തിന്റേത്. അതുകൊണ്ടുതന്നെ ജാതിയധിഷ്ഠിതമായുള്ള വിവേചനങ്ങൾ, സ്ത്രീവിരുദ്ധമായ നടപടികൾ, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, പ്രാകൃതചര്യകളിലേക്കുള്ള തിരിച്ചുപോക്ക് എന്നിവയോടൊന്നും കമ്യൂണിസ്റ്റ് പാർട്ടിക്ക് സന്ധിയില്ല.

ആ ഉറച്ച നിലപാടും ഇപ്പോഴത്തെ ഗവൺമെന്റ് ഫലപ്രദമാംവിധം ഉയർത്തിപ്പിടിക്കുന്നു. ദളിത് സമുദായത്തിൽപ്പെട്ടവരെ പൂജയ്ക്ക് ക്ഷേത്ര ശ്രീകോവിലുകളിൽ പ്രവേശിപ്പിച്ചത് അടക്കമുള്ള നടപടികൾ ചരിത്രപരമായ പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. ക്ഷേത്രപ്രവേശന വിളംബരത്തിനും ക്ഷേത്രത്തിനടുത്തുള്ള വഴികളിലൂടെയുള്ള യാത്രാ സ്വാതന്ത്ര്യത്തിന്റെയും വേണ്ടിയുള്ള പോരാട്ടത്തിന്റെയുമൊക്കെ തുടർച്ചയായി വരുന്ന, സാമൂഹ്യമുന്നേറ്റത്തിലെ നാഴികക്കല്ലാണിത്.

സാമ്പത്തികം അടക്കമുള്ള രംഗങ്ങളിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ കാലാനുസൃതമായും ഭരണഘടനയുടെ ഫെഡറൽ സത്തയ്ക്ക് നിരക്കുന്ന വിധത്തിലും പരിഷ്‌കരിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇതു കൂടിയേ തീരൂ. ഇക്കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് നമ്മൾ കൈക്കൊള്ളുന്നു. ഐക്യകേരളപ്പിറവിയുടെ കാലത്തു തന്നെ കമ്യൂണിസ്റ്റ് പാർട്ടി മനസ്സിൽ സൂക്ഷിച്ച സ്വപ്‌നങ്ങൾ ഉണ്ട്. അവയെല്ലാം തന്നെ സഫലമാക്കിക്കൊണ്ട് മുമ്പോട്ടുപോകാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ. കേരളമാതൃകയുടെ സദ്ഫലങ്ങൾ പരിരക്ഷിച്ചും ശക്തിപ്പെടുത്തിയും മുന്നോട്ടുപോയി ഭാവി ഭദ്രമാക്കേണ്ടതുണ്ട്.

ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും നയങ്ങളുണ്ടാക്കുന്ന വലിയ പരിമിതികൾക്കും സമ്മർദങ്ങൾക്കും നടുവിലാണ് ഈ ഗവൺമെന്റ് പ്രവർത്തിക്കുന്നത്. അത്തരമൊരു പ്രതികൂല സാഹചര്യമുള്ളതുകൊണ്ട് ഒന്നും ചെയ്യാനാവില്ല എന്ന നിലപാടിലേക്ക് നമ്മൾ പോകുന്നില്ല. ഇവിടെ മുൻ ഇടതുപക്ഷ ഗവണ്മെന്റുകൾ തീർച്ചയായും നമുക്ക് മാതൃകയാണ്. സവിശേഷ ഭരണഘടനയ്ക്കുകീഴിൽ ഒരു രാജ്യത്തിന്റെ ഒരു കോണിൽ ഒരുപാട് പരിമിതികൾക്കുള്ളിൽ പ്രവർത്തിക്കേണ്ടി വന്നെങ്കിലും പ്രതികൂല ഘടകങ്ങൾ ഏറെയുണ്ട് എന്നു പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് പിന്മാറുകയല്ല ആ ഗവൺമെന്റുകൾ ചെയ്തത്. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുക തന്നെയാണ് അന്ന് ചെയ്തത്. ഇന്ന് നാം ചെയ്യുന്നതും അതുതന്നെയാണ്. പരിമിതികൾക്കുള്ളിൽ നിൽക്കുമ്പോഴും ഫലപ്രദമായി പലതും ചെയ്യാമെന്ന് നാം കാട്ടിക്കൊടുക്കുന്നു.

നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കെത്തിച്ചതും തരിശുഭൂമിയെ വിളഭൂമിയാക്കിയതും പൊതുവിതരണരംഗത്ത് ഇടപെട്ട് വിലക്കയറ്റത്തെ പിടിച്ചുനിർത്തിയതും മുതൽ നാടിന്റെ വികസന മുഖച്ഛായ തന്നെ മാറ്റുംവിധം ബജറ്റിന്റെ പരിമിതിയെ കടന്നുനിൽക്കുന്ന വിഭവസമാഹരണം സാധ്യമാക്കുന്നതും അസാധ്യമെന്നു കരുതിയ ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, വ്യവസായ ഇടനാഴി, പവർ ഹൈവേ, മലയോര ഹൈവേ, തീരദേശ പാത, വാട്ടർ മെട്രോ, ഐടി വിസ്തൃതി വ്യാപനം തുടങ്ങിയവയൊക്കെ സാധ്യമാക്കുന്നതുമെല്ലാം ഉയർന്ന രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള ഇടപെടൽ ഫലം കാണും എന്നതിന്റെ സ്ഥിരീകരണമാണ്. വ്യവസായങ്ങൾക്ക് അനുയോജ്യമല്ലെന്ന മുൻവിധി മാറ്റി വ്യവസായസൗഹൃദ സംസ്ഥാനങ്ങളുടെ മുൻനിരയിലേയ്ക്ക് കേരളം എത്തിയിരിക്കുന്നു. ഈ വർഷം കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ വിജയം ആ യാഥാർത്ഥ്യത്തിന് അടിവരചാർത്തി.

ആക്രമണോത്സുക വര്‍ഗീയ അജൻഡകള്‍ രാജ്യത്ത് ശക്തിപ്പെട്ടിരിക്കുകയാണ്. നവലിബറല്‍ നയങ്ങളാവട്ടെ, കൂടുതൽ തീവ്രമായിരിക്കുന്നു. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ തീവ്രമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. കേരള സംസ്ഥാനത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനുള്ള നടപടികളുമായി സംഘപരിവാറും മുന്നോട്ടുപോകുകയാണ്. ഇതിനെയൊക്കെ അതിജീവിക്കാന്‍ ഉതകുന്ന ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാരിന്റെയും പാർട്ടിയുടെയും ഭാഗത്തുനിന്നുണ്ടാവുന്നത്.

സാമ്പത്തികമായി കേരളത്തെ വരിഞ്ഞുമുറുക്കി വികസന പ്രക്രിയകൾക്ക് തടയിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഈ സാമ്പത്തിക ഉപരോധത്തിനെതിരെയും ഫെഡറലിസത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെയും ദേശീയ ശ്രദ്ധ നേടിയ പ്രതിഷേധം കേരള സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ചു. 14 രാഷ്ട്രീയ പാർട്ടികളുടെ ദേശീയ നേതാക്കൾ, ഡൽഹി, പഞ്ചാബ്, തമിഴ്നാട്, ജമ്മു & കശ്മീർ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സമരത്തെ അഭിസംബോധന ചെയ്തു. ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയുടെ ചരിത്രത്തിലെ തന്നെ അവിസ്മരണീയമായ ഏടായി മാറി ഈ സമരം. അതോടൊപ്പം കേന്ദ്രം സൃഷ്ടിക്കുന്ന പ്രതിസന്ധിയെ നിയമപരമായി നേരിടാനുള്ള ശ്രമങ്ങളും സർക്കാർ നടത്തിവരികയാണ്. കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചത്. ട്രഷറിയിലെ നിക്ഷേപവും ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെന്‍ഷന്‍ കമ്പനി സമാഹരിച്ച തുകയും കേരളത്തിന്റെ ബാധ്യതയായാണ് കേന്ദ്രസർക്കാർ ചിത്രീകരിക്കുന്നത്. ഈ അനീതിക്കെതിരെ നിയമപോരാട്ടവുമായി സർക്കാർ മുന്നോട്ടു പോകുന്നു.

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളൊക്കെ ധ്വംസിക്കപ്പെടുന്ന കാലത്ത് അത്തരം നീക്കങ്ങളെ ചെറുത്തു മുമ്പോട്ടുപോവാൻ അചഞ്ചലമായി പൊരുതുന്ന ഏക ശക്തി ഇടതുപക്ഷമാണ്. സംഘപരിവാർ അഴിച്ചുവിടുന്ന വർഗീയതയുടെ കൊടുങ്കാറ്റിനു കടന്നുവരാനാകാത്തവിധം ശക്തമായ കോട്ടയായി കേരളത്തെ സംരക്ഷിക്കുന്നതും ഇടതുപക്ഷമാണ്. എല്ലാ വർഗീയ ശക്തികളോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽ ഡി എഫ് സർക്കാരിനുള്ളത്. വർഗീയകലാപങ്ങളോ സംഘർഷങ്ങളോ സംഭവിക്കാതിരിക്കാൻ ആവശ്യമായ ജാഗ്രതയും നടപടികളും സ്വീകരിച്ച് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് കോട്ടം വരാതെ കാത്തുസൂക്ഷിക്കുന്നു. സമത്വസുന്ദരമായ ലോകത്തിനായി പൊരുതുമെന്ന നിശ്ചയദാർഢ്യവും രാഷ്ട്രീയബോധ്യവുമാണ് നമ്മുടെ കരുത്ത്. ആ ചുമതലയേറ്റെടുത്ത് മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണം. അതിനായി ഒരുമിച്ച് കൂടുതൽ ഐക്യത്തോടെയും ലക്ഷ്യബോധ്യത്തോടെയും മുന്നോട്ടുപോകാം. ധീരതയോടെ നവകേരള സൃഷ്ടിക്കായി നമുക്കു നിലയുറപ്പിക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + six =

Most Popular