Wednesday, March 19, 2025

ad

Homeകവര്‍സ്റ്റോറിസിപിഐ എം 
പിന്നിട്ട പാതയും
 നിലപാടുകളും

സിപിഐ എം 
പിന്നിട്ട പാതയും
 നിലപാടുകളും

എ വിജയരാഘവൻ

രു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ സിപിഐഎം ലോകത്തിലെ ഏറ്റവും കൂടുതൽ ജനങ്ങളധിവസിക്കുന്ന ഇന്ത്യയിൽ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പൂർണ്ണ മോചനം ഉറപ്പാക്കുന്ന സാമൂഹ്യമാറ്റം സഫലമാക്കാനും ഒരു സോഷ്യലിസ്റ്റ് ഭരണം ഇന്ത്യയിൽ പ്രാവർത്തികമാക്കാനുമുള്ള, ഉൾക്കാഴ്ചയോടെ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയാണ്. ഇന്ത്യൻ സമൂഹഘടനയുടെ സൂക്ഷ്മതലത്തിലുള്ള പഠനത്തിലൂടെ ഇന്ത്യയിലെ മൂർത്ത സാഹചര്യത്തിൽ മാർക്സിസം ലെനിനിസത്തിന്റെ പ്രയോഗ സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു ശതാബ്ദത്തിലധികമായി രാജ്യത്ത് പ്രവർത്തിച്ചുവരുന്ന കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് കഴിഞ്ഞ നൂറ്റാണ്ടിൽ ആറാം ദശകം മുതൽ ആരംഭിച്ച് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന ഉൾപ്പാർട്ടി സമരങ്ങളുടെ ഉൽപ്പന്നം കൂടിയാണ് സിപിഐ എം. സമകാലിക ഇന്ത്യനവസ്ഥയിൽ വിപ്ലവ ശക്തികൾ ലക്ഷ്യമിടുന്ന തന്ത്രപരമായ പരിപ്രേക്ഷ്യം ജനങ്ങൾക്കു മുന്നിൽ സമർപ്പിച്ച് ജനകീയ ജനാധിപത്യം സ്ഥാപിച്ച് സോഷ്യലിസ്റ്റ് പാതയിൽ മുന്നേറാൻ ഇന്ത്യയിലെ തൊഴിലാളികളെയും കർഷകരെയും, ഇതര വിഭാഗങ്ങളിലെ സാധാരണ ജനവിഭാഗങ്ങളെയും ഒരുമിപ്പിക്കാനും സാമൂഹ്യ മാറ്റത്തിന്റെ വഴിയിലൂടെ നയിക്കാനുമുള്ള, പരിശ്രമമാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി പാർട്ടി നടത്തുന്നത്.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത പോരാളികളുടെ ത്യാഗ നിർഭരമായ ഒരു നിര നേതാക്കളാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തുടക്കം മുതൽ നയിച്ചു പോന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കർഷക ജനതയുടെ പ്രശ്നങ്ങൾ ഉന്നയിച്ച്, ഭൂപരിഷ്കരണം,ഭൂപരിധി നിയമങ്ങൾ, പാട്ടം വെട്ടിക്കുറയ്ക്കൽ ഭൂമിയുടെ പുനർവിതരണം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യാനന്തരം വലിയ പ്രക്ഷോഭങ്ങൾ നയിക്കാൻ പാർട്ടിക്ക് കഴിഞ്ഞു. ഭാഷാ സംസ്ഥാന രൂപീകരണത്തിന്റെ വിഷയത്തിൽ ഐക്യകേരളം, വിശാല ആന്ധ്ര,സംയുക്ത മഹാരാഷ്ട്ര, ഐക്യ തമിഴകം എന്നീ വിഷയങ്ങൾ ഉന്നയിച്ച് നടത്തിയ ഇടപെടലുകൾ സമൂഹത്തിൽ പാർട്ടിയുടെ അംഗീകാരം വർദ്ധിപ്പിച്ച ഘടകങ്ങളായിരുന്നു.

സ്വതന്ത്ര ഇന്ത്യയിൽ 1952 ൽ നടന്ന ഒന്നാം തിരഞ്ഞെടുപ്പിൽ പാർലമെന്റിലെ മുഖ്യപ്രതിപക്ഷ ഗ്രൂപ്പായി പാർട്ടിക്ക് മാറാനായത് വർധിതമായ ജനപിന്തുണയുടെ അടയാളമായിരുന്നു. പാർലമെന്റിൽ നെഹ്റു സർക്കാരിന്റെ ജനവിരുദ്ധമായ നിലപാടുകളെ ശക്തമായി എതിർക്കാനും അതിനെതിരായി സമരങ്ങൾ നയിക്കാനും കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. 1957ൽ കേരളത്തിൽ അധികാരത്തിൽ വരാനായതും ഇഎംഎസ് നേതൃത്വം നൽകിയ അന്നത്തെ സംസ്ഥാന ഭരണത്തിന്റെ നേട്ടങ്ങളും ഇന്ത്യയിലെ തൊഴിലാളി-–കർഷക ജനങ്ങളിൽ വലിയ ഉണർവ് ഉണ്ടാക്കിയ ഘടകങ്ങൾ ആയിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ഭരണവർഗ നയങ്ങളെ സംബന്ധിച്ച പൊതുവെയും അതിന്റെ വിദേശനയം, സാമ്പത്തിക നയങ്ങൾ എന്നിവയെ സംബന്ധിച്ച് സവിശേഷമായും പാർട്ടിക്കകത്ത് ചർച്ച ചെയ്യുകയുണ്ടായി. സ്വാഭാവികമായും ഇന്ത്യയുടെ സ്വാതന്ത്ര്യം, ഭരണകൂടത്തിനോട് ആശയപരമായും രാഷ്ട്രീയമായും സ്വീകരിക്കേണ്ട നിലപാടുകൾ തുടങ്ങിയവ സംബന്ധിച്ച് അവിഭക്ത പാർട്ടിയിൽ വിഭിന്നമായ ആശയഗതികൾ രൂപപ്പെടുകയുണ്ടായി. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണത്തിനോട് പരിഷ്കരണ വാദപരവും വിപ്ലവകരവുമായ രണ്ടുവിഷയങ്ങൾ സംബന്ധിച്ചുള്ള ആശയ സംവാദങ്ങൾ പാർട്ടിയുടെ വിവിധ കോൺഗ്രസ്സുകളിൽ നടക്കുകയുണ്ടായി. വിജയവാഡയിൽ 1961ൽ നടന്ന ആറാം പാർട്ടി കോൺഗ്രസ് ആയപ്പോഴേക്കും ഈ അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ മൂർച്ചിച്ചു. ഈ കാലയളവിൽ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് സോവിയറ്റ് യൂണിയനും ചൈനയും തമ്മിലുള്ള തർക്കങ്ങളും രൂപപ്പെട്ടിരുന്നു.

1959 മുതൽ രൂപപ്പെട്ട ഇന്ത്യ – ചൈന അതിർത്തി തർക്കത്തെ തീവ്ര കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിനായും കമ്യൂണിസ്റ്റ് പാർട്ടിക്കകത്തെ വിപ്ലവ കാഴ്ചപ്പാടിനെ ദുർബലപ്പെടുത്താനും എതിർക്കാനും ഉപയോഗപ്പെടുത്തുകയും ചെയ്തു. പാർട്ടിയിലെ റിവിഷനിസത്തെ എതിർക്കുന്ന വിഭാഗം ഇന്ത്യ-– ചൈന അതിർത്തി പ്രശ്നം ഇരുവിഭാഗവും തമ്മിൽ സമാധാനപരമായ ചർച്ചയിലൂടെ പരിഹരിക്കണമെന്നും തീവ്ര ദേശീയ വികാരം ഉയർത്തി യുദ്ധത്തിലൂടെ പരിഹാരം കാണാനാവില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയത്തിൽ പൂർണ്ണമായും കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുന്നവരും സമാധാനപരമായ പരിഹാരത്തിനായി വാദിക്കുന്നവരും എന്ന നിലയിൽ രണ്ട് ചേരിയായി പാർട്ടി മാറുന്ന സ്ഥിതിയുണ്ടായി.

1957ൽ കേരളത്തിൽ അധികാരത്തിൽ വന്ന കേരള സർക്കാരിനെ ജനാധിപത്യ വിരുദ്ധമായി അട്ടിമറിച്ച കോൺഗ്രസ് നിലപാടിന്റെ അനുഭവം ഉണ്ടായിട്ടും എല്ലാ കാര്യങ്ങളിലും കോൺഗ്രസിനോടൊപ്പം നിൽക്കുക എന്ന പാർട്ടിയിലെ വലതുപക്ഷ ചേരി സ്വീകരിച്ച കടുത്ത നിലപാടാണ് പാർട്ടിയുടെ പിളർപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ചൈനാ ചാരൻമാർ എന്ന് മുദ്രകുത്തി നൂറുകണക്കിന് കമ്യൂണിസ്റ്റുകാരെ ജയിലിൽ അടച്ചതിനെ എതിർക്കാനും വിമർശിക്കാനും തയ്യാറാവാത്ത നിലപാടും പാർട്ടിയിലെ വലതുപക്ഷ വിഭാഗം സ്വീകരിച്ചു.

അർത്ഥപൂർണ്ണമായ ഉൾപാർട്ടി ചർച്ചകളിലൂടെ പാർട്ടിക്കകത്തെ ആശയ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഒരു പിളർപ്പ് ഒഴിവാക്കാനുമുള്ള പരിശ്രമമാണ് പാർട്ടിയിലെ പുരോഗമനപക്ഷം സ്വീകരിച്ചത്. എന്നാൽ വലതുപക്ഷ വിഭാഗം പാർട്ടിക്കകത്തെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി പ്രധാനപ്പെട്ട സഖാക്കൾക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുകയാണ് ചെയ്തത്.

ഇത്തരം നിലപാടുകളുടെ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ നിലപാട് സ്വീകരിച്ച നിലകൊണ്ട വിഭാഗം 1964 ഏപ്രിൽ മാസത്തിൽ ചേർന്ന പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്നതും തുടർന്ന് ആന്ധ്ര പ്രദേശിലെ തെന്നാലിയിൽ പ്രത്യേക കൺവെൻഷൻ ചേർന്നതും. തുടർന്ന് 1964 ഡിസംബറിൽ കൽക്കട്ടയിൽ ചേർന്ന ഏഴാം പാർട്ടി കോൺഗ്രസ് സിപിഐ എമ്മിന്റെ പരിപാടിയും ഭരണഘടനയും അംഗീകരിച്ചു. ഇത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രഗതിയിൽ വളർച്ചയുടെ ഒരു പുതിയ കാലത്തെ രൂപപ്പെടുത്തിയ സുപ്രധാന ഘട്ടമാണ്. റിവിഷനിസത്തിനെതിരായ സമരത്തിനായുള്ള ഒരു പ്രത്യേക രേഖയും അടിയന്തര ചുമതലകൾ ഉൾക്കൊള്ളുന്ന രാഷ്ട്രീയ പ്രമേയവും ഈ സമ്മേളനത്തിൽ അംഗീകരിച്ചു.

പാർട്ടി രൂപീകരണത്തിന് ശേഷമുള്ള ഒരു വ്യാഴവട്ടക്കാലം സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായിരുന്നു. ഏഴാം പാർട്ടി കോൺഗ്രസിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ പടിഞ്ഞാറൻ ബംഗാളിലെ പ്രധാന നേതാക്കളെ ജയിലിലടച്ചു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദ തയ്യാറാക്കിയ ധവളപത്രം സിപിഐ എം ചൈനചാരന്മാരും ദേശവിരുദ്ധരും സായുധ അട്ടിമറി നടത്തുന്നവരും ആണെന്ന് പ്രചരിപ്പിക്കുന്നതായിരുന്നു. ഈ ദുഷ്-പ്രചരണത്തെ പാർട്ടിയെ അടിച്ചമർത്താനുള്ള ആയുധമാക്കി. തൃശ്ശൂരിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ദേശീയ നേതൃനിരയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പി ബി അംഗങ്ങൾ 1500ലധികം സിപിഐഎം നേതാക്കളെ എല്ലാ സംഘടനാ തലങ്ങളിലുമുള്ള ഈ നിലയിൽ കൽത്തുറങ്കിലടച്ചു. സിപിഐ നേതൃത്വത്തിൽ സാർവദേശീയതലത്തിൽ നടത്തിയ പ്രചരണം വഴി സോവിയറ്റ് പാർട്ടി ഉൾപ്പെടെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനമാകെ സിപിഐ എം എടുത്തു ചാട്ടക്കാരും പിളർപ്പൻമാരുമാണെന്ന് പ്രചരണം നടത്തി. സാർവദേശീയമായും ദേശീയമായും പാർട്ടി ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടായി. ശരിയായ നിലപാടുമായി ഇന്ത്യൻ രാഷ്ട്രീയ ഘടനയിൽ മാർക്സിസം – – ലെനിനിസത്തിന്റെ വെളിച്ചവുമായി കടന്നു വന്ന സിപിഐ എമ്മിന്റെ പ്രാരംഭ പ്രവർത്തനങ്ങളെ ഏറ്റവും കടുത്ത അടിച്ചമർത്തലിലൂടെ ഇല്ലാതാക്കാൻ ഇന്ത്യൻ ഭരണവർഗവും കമ്യൂണിസ്റ്റ് പാർട്ടിയിലെ വലതുപക്ഷവും ശ്രമിച്ചു. ഒറ്റപ്പെടലിന്റെ ആ സന്ദർഭങ്ങളിൽ സിപിഐ എം തളർന്നു വീണില്ല. ശരിയായ ഒരു വിപ്ലവപാതയിൽ വർഗ ശത്രുവിനെ സംബന്ധിച്ചുള്ള കൃത്യമായ വിലയിരുത്തലുള്ള വിപ്ലവ പാർട്ടി കെട്ടിപ്പടുക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിയ സഖാക്കളെ ഇന്ത്യയിലെ ബഹുജനങ്ങൾ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയാണ് ചെയ്തത്. അതിനുശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് എന്ന നിലയിൽ 1965ലെ കേരളത്തിലെ തിരഞ്ഞെടുപ്പിൽ 45 സീറ്റിൽ സിപിഐ എമ്മും പാർട്ടി പിന്തുണച്ച സ്വതന്ത്രരും വിജയിച്ചപ്പോൾ സിപിഐ കേവലം 3 സീറ്റിലൊതുങ്ങി. പാർട്ടിക്ക് ജനങ്ങളിലുള്ള ആഴത്തിലുള്ള സ്വീകാര്യതയാണ് ഇതിലൂടെ വെളിവായത്. ശരിയായ കമ്യൂണിസ്റ്റ് പാർട്ടി ഏത് എന്ന ജനകീയ വിധിയെഴുത്തിൽ നിർണായകമായ ജനകീയ അംഗീകാരം സിപിഐ എമ്മിന് ലഭിച്ചു.

1967ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് 9 സംസ്ഥാനങ്ങളിൽ ആദ്യമായി ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഉത്തർപ്രദേശ്, പഞ്ചാബ്, ബീഹാർ, പടിഞ്ഞാറൻ ബംഗാൾ തുടങ്ങിയ മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തോറ്റ കോൺഗ്രസ് തെക്കേ ഇന്ത്യയിൽ കേരളത്തിലും തമിഴ്നാട്ടിലും പരാജയപ്പെട്ടു പടിഞ്ഞാറൻ ബംഗാളിലും കേരളത്തിലും പാർട്ടിക്ക് മുഖ്യ പങ്കാളിത്തമുള്ള ഐക്യ മുന്നണി സർക്കാരുകൾ അധികാരത്തിൽ വന്നു. ത്രിപുരയിലും സിപിഐ എമ്മിന് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താനായി. പാർലമെന്റിനകത്തും മികച്ച പ്രതിപക്ഷ ഗ്രൂപ്പായി സിപിഐ എം മാറി. ദേശീയ രാഷ്ട്രീയത്തിൽ ഇടപെടാൻ കഴിയുന്ന ശ്രദ്ധേയമായ ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ പാർട്ടിയിലെ പിളർപ്പിന്റെ തൊട്ടടുത്ത വർഷം തന്നെ സിപിഐ എമ്മിന് സാധിച്ചു.

വർദ്ധിച്ച തോതിൽ വിപുലമാക്കപ്പെട്ട ജനകീയ അധികാരത്തെ വിപുലമായ ബഹുജന മുന്നേറ്റങ്ങൾക്കായി ഉപയോഗപ്പെടുത്താനാണ് പാർട്ടി തുടർന്ന് പരിശ്രമിച്ചത്. പക്ഷേ പാർട്ടിക്കകത്ത് രൂപപ്പെട്ട ഇടത് തീവ്രവാദപരമായ രാഷ്ട്രീയ നിലപാടുകൾ ഈ വളർച്ചയ്ക്ക് തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. ഈ വിഭാഗം തെറ്റായ പ്രത്യയശാസ്ത്ര നിലപാട് സ്വീകരിക്കുക മാത്രമല്ല സായുധ ആക്രമണങ്ങളുടെ വഴിയിലേക്ക് നീങ്ങുകയും ചെയ്തു. പിന്നീട് നക്സലെെറ്റുകൾ എന്നറിയപ്പെടുന്ന ഈ അതിതീവ്ര അവസരവാദത്തിന് ചൈനീസ് പാർട്ടിയുടെ പിന്തുണ ലഭിക്കുകയും ചെയ്തു. ഇത്തരം ഒരു സാഹചര്യത്തിൽ തെളിമയുള്ള സിപിഐഎം നിലപാട് നക്സലിസത്തിന്റെ എടുത്തുചാട്ടത്തിനെതിരെ സ്വീകരിക്കുക എന്നത് ആവശ്യമായിരുന്നു. 1971 ൽ പശ്ചിമ ബംഗാളിലെ ബർദ്വാനിൽ പ്രത്യേക പ്ലീനം വിളിച്ചുചേർത്ത് വിപുലമായ ചർച്ചയ്ക്കു ശേഷം നക്സലെെറ്റ് ആശയങ്ങളെ പാർട്ടി തള്ളിക്കളഞ്ഞു. റിവിഷനിസത്തെ പിന്തുണച്ച സോവിയറ്റ് പാർട്ടി നിലപാടും ഇടതു സെക്ടേറിയൻ നിലപാടിനെ പിന്തുണയ്ക്കുന്ന ചൈനീസ് പാർട്ടി നിലപാടും സിപിഐ എം നിരാകരിച്ചു. തൊഴിലാളി വർഗ സാർവദേശീയത ഉയർത്തിപ്പിടിച്ച്- മാർക്സിസം – ലെനിനസത്തിന്റെ വിപ്ലവ ഉള്ളടക്കത്തോട് വിധേയപ്പെട്ട് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുക എന്ന ശരിയായ തീരുമാനം ബർദ്വാൻ പ്ലീനം അംഗീകരിച്ചു. ചില സംസ്ഥാനങ്ങളിൽ നക്സൽ ആശയങ്ങൾക്കുണ്ടായ സ്വാധീനം പാർട്ടി അടിത്തറക്ക് പരുക്കേൽപ്പിച്ചെങ്കിലും നക്സലൈറ്റ് ആശയധാര രാഷ്ട്രീയമായി സ്വീകാര്യത നഷ്ടപ്പെട്ട ഒന്നായി പിന്നീട് മാറുകയുണ്ടായി. നിരവധി പിളർപ്പുകളിലൂടെയുള്ള അതിന്റെ പിൽക്കാല പരിണാമം സിപിഐഎം നിലപാട് ശരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു.

ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തിനിടയിലും സിപിഐഎം ശക്തിപ്പെടുകയാണ് ഉണ്ടായത്. കേരളത്തിന് പുറമെ പടിഞ്ഞാറൻ ബംഗാളിലും ത്രിപുരയിലും വടക്കൻ മേഖലയിൽ ആസാം ഉൾപ്പെടെ ചില പോക്കറ്റുകളിലും പാർട്ടി മുന്നേറാൻ തുടങ്ങി. പടിഞ്ഞാറൻ ബംഗാളിൽ പാർട്ടിയുടെ വേഗത ഏറിയ വളർച്ച തടയാൻ പാർട്ടിക്കെതിരെ അർദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ച കെട്ടഴിച്ചുവിടുകയാണ് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടി ചെയ്തത്. കേരളത്തിലെ ഇഎം എസ് സർക്കാരിനെ അസ്ഥിരീകരിച്ച് അട്ടിമറിക്കുകയും പടിഞ്ഞാറൻ ബംഗാളിലെ ഇടതു ഗവൺമെന്റിനെ പിരിച്ചുവിടുകയും ചെയ്ത ഇന്ദിരഗാന്ധിയും കൂട്ടരും നക്സലുകളുടെ സഹായത്തോടുകൂടി പാർട്ടി പ്രവർത്തകരെ വ്യാപകമായി കായിക ആക്രമണത്തിന് വിധേയരാക്കി. നിരവധി പാർട്ടി അംഗങ്ങളെയും സഹയാത്രികരെയും കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് നാടുവിടേണ്ട സാഹചര്യം ഉണ്ടായി. 1200 പേർ കൊല്ലപ്പെട്ടു. എന്നാൽ കരുത്ത് ചോരാതെ നിശ്ചയദാർഢ്യവും ജനങ്ങളുമായി ഇഴുകിച്ചേർന്ന പ്രവർത്തനവുമായി പൊതു സമുഹബോധത്തെ പാർട്ടിയുടെ ശരിയായ രാഷ്ട്രീയ നിലപാടിനൊപ്പം നിർത്താൻ സിപിഐ എമ്മിന് കഴിഞ്ഞു. അഗ്നിപരീക്ഷണത്തിന്റെ കാലത്തെ അതിജീവിച്ച് പാർട്ടിക്ക് വിപുലമായ ജനപിന്തുണ ആർജിക്കുവാൻ ഈ അനുഭവങ്ങൾ അടിത്തറയായി മാറി.

സിപിഐ എമ്മിന്റെ ഒമ്പതാം പാർട്ടി കോൺഗ്രസ് ബംഗാൾ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്നു എന്ന മുന്നറിയിപ്പ് നൽകുകയുണ്ടായി. 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ജനാധിപത്യ അവകാശങ്ങൾക്ക് നേരെ കടുത്ത ആക്രമണങ്ങൾ കെട്ടഴിച്ചുവിട്ടു. പ്രതിപക്ഷ പാർട്ടി നേതാക്കളെ രാജ്യവ്യാപകമായി ജയിലിലടച്ചു. പൊലീസ് സ്റ്റേഷനുകൾ കീഴ്പ്പെടുത്തലിന്റെ ഭേദ്യ കേന്ദ്രങ്ങളായി മാറി. പത്രങ്ങൾക്ക് സെൻസർഷിപ്പ് നടപ്പിലാക്കി. സ്വാതന്ത്ര്യവും പൗരാവകാശങ്ങളും മായ്ച്ചു കളഞ്ഞ ആ കാലത്തെ ആക്രമണങ്ങൾക്കെതിരെ കടുത്ത പ്രതിരോധം ഉയർത്താൻ സിപിഐ എം മുന്നിൽ നിന്നു. ജനങ്ങളെയാകെ അടിയന്തരാവസ്ഥക്കെതിരെ അണിനിരത്തിയ അമിതാധികാര വിരുദ്ധ കൂട്ടായ്മയിൽ ചേരാനുമുള്ള രാഷ്ട്രീയനിലപാടുള്ള സിപിഐ എം രൂപപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരാകെ അടിയന്തരാവസ്ഥയെ പിന്തുണച്ചവർ എന്ന സ്ഥിതി വരുമായിരുന്നു. ജനാധിപത്യ ചേരിയാകെ ഒന്നിച്ചുനിന്നപ്പോൾ 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരഗാന്ധി തോൽക്കുകയും കോൺഗ്രസിന്റെ അധികാര കുത്തക നഷ്ടപ്പെടുകയും ചെയ്തു. ഈ പോരാട്ടത്തിൽ സിപിഐഎം നിർണായകമായ പങ്കു വഹിച്ചു.

ശരിയായ രാഷ്ട്രീയ നിലപാടുകളുടെ കരുത്തിൽ വളർച്ചയുടെ ദിശയിലേക്ക് മുന്നേറിയപ്പോൾ കേരളത്തിലും പടിഞ്ഞാറൻ ബംഗാളിലും ത്രിപുരയിലും പാർട്ടിക്ക് ഗവൺമെന്റ് രൂപീകരിക്കാൻ കഴിഞ്ഞു. ഈ വിപുലീകരണത്തിന് സഹായകരമായി 1978 ൽ ജലന്ധറിൽ ചേർന്ന പത്താം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ വളർച്ചയുടെ കാലത്ത് ‘ഇടതുപക്ഷ ജനാധിപത്യ മുന്നണി’ എന്ന ആശയത്തിന് രൂപം നൽകി. ഇതിനാവശ്യമായ ബഹുജന വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ വേണ്ട പരിപാടിക്ക് പടിഞ്ഞാറൻ ബംഗാളിലെ സാൽക്കിയയിൽ ചേർന്ന സംഘടനാ പ്ലീനം രൂപം നൽകി. പിന്നീട് മൂന്നര ദശാബ്ദം ബംഗാളിലും രണ്ടര ദശാബ്ദം ത്രിപുരയിലും അധികാരത്തിൽ തുടരാൻ ഇത് പാർട്ടിക്ക് സഹായകമായി. കേരളത്തിലും പാർട്ടിക്ക് കൃത്യമായ ഇടവേളകളിൽ അധികാരത്തിൽ വരാനായി. വിവിധ ബഹുജന സംഘടനകളിലായി കോടിക്കണക്കിന് ബഹുജനങ്ങളെ പാർട്ടിക്കൊപ്പം എത്തിക്കാനും ഈ സമീപനം സഹായകമായി.

സാർവദേശീയരംഗത്ത് വന്ന ചില സുപ്രധാന മാറ്റങ്ങളും ദേശീയ രാഷ്ട്രീയത്തിൽ വലതുപക്ഷത്തിന്റെ ശക്തിപ്പെടലും പിൽക്കാലത്തെ പാർട്ടി ചരിത്രത്തിലെ സുപ്രധാന അനുഭവങ്ങളാണ്. മൂന്നു പതിറ്റാണ്ട് മുമ്പ് സോവിയറ്റ് ചേരി ഇല്ലാതായതോടെ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ശീതയുദ്ധം അവസാനിക്കുകയും സാമ്രാജ്യത്വ മേൽക്കോയ്മയിലേക്ക് ലോക ശാക്തിക ഘടന മാറുകയുമുണ്ടായി. സോഷ്യലിസത്തിനേറ്റ ഈ തിരിച്ചടിയെ മാർക്സിസത്തിന്റെ പ്രത്യയശാസ്ത്ര തകർച്ചയായി വിശദീകരിക്കാനുള്ള പരിശ്രമം കമ്യൂണിസ്റ്റ് വിരുദ്ധർ ലോകമാസകലം നടത്തി. ലെനിനിസ്റ്റ് സംഘടനാ തത്വങ്ങൾ കാലഹരണപെട്ടു എന്ന നിലപാട് ചില കമ്യൂണിസ്റ്റ് പാർട്ടികൾ പോലും സ്വീകരിക്കുകയും ചെയ്തു. എന്നാൽ സിപിഐ എം ഈ ചരിത്ര സംഭവങ്ങളെ തികഞ്ഞ വർഗ വീക്ഷണത്തോടെ സമീപിക്കാനാണ് തയ്യാറായത്. ചെന്നൈയിൽ ചേർന്ന പതിനാലാം പാർട്ടി കോൺഗ്രസ്സിൽ ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ സംബന്ധിച്ച രേഖയിലൂടെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ഇടയാക്കിയ വസ്തുതകളുടെ ഒരു സൂക്ഷ്മ വിശകലനം നടത്താൻ പാർട്ടി തയ്യാറായി. സോവിയറ്റ് പാർട്ടി യുടെ ഇരുപത്തിയേഴാം പാർട്ടി കോൺഗ്രസിൽ അംഗീകരിച്ച പ്രമേയം മാർക്സിസം – ലെനിനിസത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന് സിപിഐ എം വിമർശിച്ചു. ബാഹ്യമായി സാമ്രാജ്യത്വമായും ആന്തരികമായി മുതലാളിത്ത ഘടകവുമായും വർഗസഹകരണത്തിന് ആഹ്വാനം ചെയ്യുന്നതായിരുന്നു ആ രാഷ്ട്രീയ പ്രമേയം. മാർക്സിസം – ലെനിനിസത്തിൽ നിന്ന് സോവിയറ്റ് പാർട്ടിയുടെ വ്യതിചലനം, സോഷ്യലിസം കെട്ടിപ്പടുക്കുന്നതിൽ സോവിയറ്റ് യൂണിയനിൽ ഉണ്ടായ വീഴ്ചകൾ, സോവിയറ്റ് രാഷ്ട്രത്തെയും പാർട്ടിയെയും സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് ഉയർത്തുന്നതിൽ വന്ന വീഴ്ചകൾ, ഇവയെല്ലാം പാർട്ടിയുടെ പ്രത്യയശാസ്ത്ര പ്രമേയം വിശദമാക്കി. പ്രയോഗത്തിലെ വീഴ്ചകൾ മാർക്സിസം -–ലെനിനിസത്തിന്റെ വീഴ്ചയല്ലെന്ന് അംഗീകരിച്ച പാർട്ടി സോവിയറ്റ് അനുഭവങ്ങളുടെ പാഠം കൂടി ഉൾക്കൊണ്ടുകൊണ്ട് മാർക്സിസ്റ്റ്- – ലെനിനിസ്റ്റ് കാഴ്ചപ്പാടിലൂന്നിനിന്ന് മുന്നോട്ടുപോകുന്നതിനൊപ്പം സോഷ്യലിസത്തിലുള്ള അചഞ്ചല വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. പ്രത്യശാസ്ത്ര പോരാട്ടത്തിന് കരുത്ത് പകരാൻ പിന്നീട് 2000 ഒക്ടോബർ മാസത്തിൽ തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക പാർട്ടി സമ്മേളനം പാർട്ടിയുടെ പരിപാടി കാലോചിതമായി നവീകരിക്കുകയുണ്ടായി. അടിസ്ഥാനപരമായ പ്രത്യയശാസ്ത്ര വീക്ഷണത്തിൽ, ഉറച്ചുനിന്നാണ് ഈ നവീകരണം പാർട്ടി നടത്തിയത്.

1977 ൽ അധികാരത്തിൽ വന്ന ജനതാപരീക്ഷണത്തിന് കോൺഗ്രസിനെ തോൽപ്പിക്കാനായി ജയപ്രകാശ്നാരായണന്റെ നേതൃത്വത്തിലുള്ള ജനകീയ പ്രസ്ഥാനത്തിന് വലിയ പങ്കുവഹിയ്ക്കാനായി . സിപിഐഎം ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ചാണ് ജനതാ പാർട്ടി രൂപീകരിച്ചത്. ആർഎസ്എസ് നിയന്ത്രിക്കുന്ന ജനസംഘം ജനതാ പാർട്ടിയിലെ എൺപതിലധികം എംപിമാരുള്ള വിഭാഗമായിരുന്നു. അടൽ ബിഹാരി വാജ്പേയിയും എൽ കെ അദ്വാനിയും ആ വിഭാഗത്തുനിന്നും മൊറാർജി സർക്കാരിൽ അംഗമാവുകയും ചെയ്തു. ജനത പാർട്ടി തകർന്നപ്പോൾ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ ഘടനയിൽ തീവ്ര വലതുപക്ഷത്തിന്റെ ബഹുതല സ്പർശിയായ സംഘടനാരൂപമുള്ള ആർഎസ്എസ് പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന ബിജെപിയുടെ രൂപീകരണവും അത് ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമവും ഉണ്ടായി. മറുഭാഗത്ത്, ഇടയ്ക്ക് അധികാരത്തിൽ എത്തിയെങ്കിലും, കോൺഗ്രസ് പാർട്ടിയുടെ സ്വാധീനം ക്രമപ്രവൃദ്ധമായി കുറഞ്ഞു തുടങ്ങിയിരുന്നു. ഈ അവസരം ഉപയോഗിച്ച് ശക്തിപ്പെടാൻ ശ്രമിക്കുന്ന ബിജെപിയുടെ വളർച്ച തടയുക, 1991 മുതൽ കോൺഗ്രസ് നടപ്പിലാക്കിത്തുടങ്ങിയ സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനെതിരായ ബഹുജന പ്രക്ഷോഭം നയിക്കുക എന്നീ ചുമതലകൾ കൂടി ഇടതുപക്ഷ പ്രസ്ഥാനത്തിൽ നിക്ഷിപ്തമാകുകയും ചെയ്തു. അനുദിനം മാറിവരുന്ന സാർവദേശീയവും ദേശീയവുമായ മാറ്റങ്ങളെ സൂക്ഷ്-മാവലോകനം ചെയ്ത് ഇന്ത്യയിൽ സോഷ്യലിസം കെട്ടിപ്പിടിക്കുന്നതിന് ജനങ്ങളെ അണിനിരത്താൻ കമ്യൂണിസ്റ്റുകാർക്ക് ദിശാബോധം നൽകുന്ന പ്രത്യയശാസ്ത്ര വീക്ഷണമാണ് കോഴിക്കോട് പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്.

കോഴിക്കോട്ട് വെച്ച് നടന്ന ഇരുപതാം പാർട്ടി കോൺഗ്രസിൽ‍ സോവിയറ്റ് തകർച്ചക്കുശേഷമുള്ള മാറ്റങ്ങളുടെ അടിസ്ഥാനത്തി‍ൽ പിൽക്കാല ലോക അനുഭവങ്ങളെ സൂക്ഷ്മ വിശകലനം ചെയ്ത് ചില പ്രത്യേയ ശാസ്ത്ര പ്രശ്‌നങ്ങളെ കുറിച്ചുള്ള ഒരു രേഖ അംഗീകരിക്കുകയുണ്ടായി. ആഗോള വത്കരണ കാലത്തെ പ്രവർത്തന രീതികളുടെ രാഷ്ട്രീയവും പ്രത്യയ ശാസ്ത്രവും വിശദീകരിച്ച പ്രസ്തുത രേഖ ആഗോള മൂലധനത്തിന്റെ പുതിയ ചൂഷണ രീതികളെയും പ്രവർത്തന ശൈലികളെയും വിശകലനം ചെയ്തു. 2008 ലെ ലോക മുതലാളിത്ത കുഴപ്പത്തിന്റെ പശ്ചാത്തലത്തിൽ‍ അതിനെ മറികടക്കാൻ‍ മുതലാളിത്തം ശാസ്ത്ര സാങ്കേതിക വിദ്യയെയും പുതിയ പ്രത്യയശാസ്ത്ര രൂപങ്ങളെയും സാംസ്‌കാരിക മൂല്യങ്ങളെയും തങ്ങളുടെ താൽപ്പര്യാനുസൃതം ഉപയോഗപ്പെടുത്തുന്നതിന്റെ രീതി ശാസ്ത്രം പ്രസ്തുത രേഖ പഠന വിധേയമാക്കി. ഉത്തരാധുനികത പോലെയുള്ള മാർക്‌സിസ്റ്റ് വിരുദ്ധ പിന്തിരിപ്പൻ‍ പ്രത്യയശാസ്ത്രങ്ങൾ‍ ഉയർത്തുന്ന വെല്ലുവിളികളെയും അത് ചൂണ്ടിക്കാട്ടി. സോഷ്യൽ ഡെമോക്രസിയുടെ തകർച്ചയും അത് പൂർണമായും മുതലാളിത്തത്തിന് കീഴ്‌പ്പെട്ടതും സംബന്ധിച്ച് ഈ രേഖ വിശദീകരിക്കുകയുണ്ടായി. ഇതിനെതിരായി സോഷ്യലിസ്റ്റ് രാജ്യങ്ങൾ നടത്തുന്ന ചെറുത്തുനിൽപ്പും ചൈന പോലുള്ള രാജ്യങ്ങളുടെ സാമ്പത്തിക മുന്നേറ്റവും ലാറ്റിനമേരിക്കൻ‍ രാജ്യങ്ങളിൽ ഉയർന്നുവന്ന അമേരിക്കൻ‍ അധിനിവേശ വിരുദ്ധ മുന്നേറ്റങ്ങളും ഈ രേഖ പരിശോധിക്കുകയുണ്ടായി. സമകാലിക സാമൂഹ്യ ഘടനയിലെ വിവിധ വിഷയങ്ങളിൽ കൂടുതൽ വലതുപക്ഷ വൽക്കരിച്ചും വർഗീയ വൽക്കരിച്ചും കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് ഒപ്പം നിന്നും സാമാജ്യത്വത്തിന് കീഴ്‌പ്പെടുന്ന ഇന്ത്യൻ ഭരണ വർഗം നമ്മുടെ സാമൂഹിക,- സാമ്പത്തിക ഘടനയിൽ‍ പിടിമുറുക്കുന്നതിനെ ചെറുത്ത് സോഷ്യലിസത്തിലേക്ക് മുന്നേറേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ലോകാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ‍ പാർട്ടി ചൂണ്ടിക്കാണിക്കുകയുണ്ടായി, ഹിന്ദുത്വ കോർപ്പറേറ്റ് അജൻഡ നാട്ടിൽ‍ പിടിമുറുക്കുന്നതിനെതിരെയുള്ള സമര പോരാട്ടങ്ങളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യം ഉയർത്തിപ്പിടിക്കുകയാണ് സിപിഐ എം ചെയ്തത്.

കോൺഗ്രസ് ഭരണത്തിൽ ആഗോളവൽക്കരണ നയങ്ങൾ അതിവേഗം നടപ്പിലാക്കുന്നതിനെ ചെറുക്കുക, പ്രതിരോധിക്കുക, അതോടൊപ്പം ഈ നയവൈകല്യങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന ജനരോഷം തങ്ങൾക്കനുകൂലമാക്കാൻ‍ ഹിന്ദുത്വ ശക്തികൾക്ക് അവസരം നല്കാതിരിക്കുക എന്നീ ദ്വിമുഖ സമീപനം സ്വീകരിച്ച് ഇടതുപക്ഷവും വിവിധ പ്രാദേശിക പാർട്ടികളും ഒത്തുചേർന്ന് ഒരു കൂട്ടായ്മ രൂപപ്പെടുത്തുക എന്ന നിലയിലുള്ള പ്രവർത്തനം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ‍ സി.പി.ഐ എം മുൻകയ്യെടുത്ത് നടത്തുകയുണ്ടായി. രാമജന്മഭൂമി പ്രശ്‌നമുന്നയിച്ച് ഇന്ത്യൻ‍ സമൂഹത്തെ വർഗീയമായി ചേരിതിരിക്കാനാണ് സംഘപരിവാർ‍ ശക്തികൾ‍ രഥയാത്രയും തുടർന്നുള്ള വർഗീയ സംഘർഷങ്ങളും സംഘടിപ്പിച്ചത്. അധികാരത്തിലേക്കുള്ള എളുപ്പവഴി ഇതുവഴി കണ്ടെത്താനാവുമെന്ന വിശ്വാസമാണ് അവർക്കുണ്ടായിരുന്നത്.

ഇന്ദിരഗാന്ധി കൊല്ലപ്പെട്ടതിന്റെ സഹതാപ തരംഗത്തിലൂടെ അധികാരത്തിലെത്തിയ രാജീവ്‍ഗാന്ധിക്ക് വൻ‍ ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കിലും ഭരണ നിർവ്വഹണത്തിലെ പിടിപ്പുകേട് മൂലം അഴിമതി ആരോപണ വിധേയമാവുകയുണ്ടായി. ആ സർക്കാർ മൃദു ഹിന്ദുത്വ നിലപാടുകളും തുടർച്ചയായി സ്വീകരിച്ചു. ഇത് രാമജന്മ ഭൂമിപ്രശ്‌നം ഹിന്ദുത്വ ശക്തികൾക്ക് ഉപയോഗപ്പെടുത്താൻ‍ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചു. ഇതിനെ തുടർന്ന് കോൺഗ്രസിനകത്തുനിന്ന് വി.പി സിങ്ങിനെ പോലുള്ള നേതാക്കൾ പുറത്തു വന്ന് ജനതാദൾ‍ രൂപീകരിച്ച ഘട്ടത്തിൽ‍ അതിനെ പിന്തുണയ്ക്കുകയാണ് പാർട്ടി ചെയ്തത്. ഒൻപതാം ലോക്-സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിൽ‍ വന്ന വി പി സിങ് മന്ത്രി സഭയിലേക്ക് സിപിഐ എമ്മിനെ ക്ഷണിച്ചപ്പോൾ അത് നിരാകരിച്ച പാർട്ടി, ബിജെപിക്ക് ഭരണപങ്കാളിത്തം ലഭിക്കരുത് എന്ന് ഉറപ്പാക്കുകയും ചെയ്തു. എന്നാൽ‍ ബി.ജെ.പി യും കോൺഗ്രസും ചേർന്നാണ് ആ സർക്കാരിനെ താഴെ ഇറക്കിയത്.

രാജീവ് വധത്തെ തുടർന്ന് നരസിംഹറാവു ഭരണം കഴിഞ്ഞ് പതിനൊന്നാം ലോക്-സഭാ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ‍ രൂപപ്പെട്ട ഐക്യമുണി സർക്കാരിനെ അധികാരത്തിൽ‍ എത്തിക്കാനും ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ‍ സർക്കാർ‍ രൂപീകരിക്കാനും മുൻകയ്യെടുത്തത് സിപിഐ എം ആയിരുന്നു. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന് മറ്റു പാർട്ടികളുടെ അഭിപ്രായം നിരാകരിക്കുകയും ബിജെപി ഇതര കോൺഗ്രസ്സ് ഇതര പാർട്ടികളെയും പ്രാദേശിക പാർട്ടികളെയും യോജിപ്പിച്ച് സർക്കാർ രൂപപ്പെടുത്തുന്നതിൽ‍ സിപിഐ എം നിർണായക പങ്കു വഹിച്ചു. ഈ സർക്കാരുകളെ വീണ്ടും ബിജെപിയും കോൺഗ്രസും ചേർന്ന് അസ്ഥിരപ്പെടുത്തി. തുടർന്ന് അധികാരത്തിൽ‍ എത്തിയ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ‍.ഡി.എ ഭരണത്തിനെതിരായി പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുന്നതിൽ‍ നിർണ്ണായകമായ പങ്ക് വഹിക്കാനും‍ സിപിഐ എമ്മിനു കഴിഞ്ഞു.

2004 ൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണം നിലവിൽ വന്നപ്പോൾ‍ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ‍ അതിനെ പിന്തുണയ്ക്കുകയാണ് പാർട്ടി ചെയ്തത്. ബൂർഷ്വാ പാർലമെന്ററി സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യൻ ഭരണ വ്യവസ്ഥയിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഇടതുപക്ഷത്തിനും ഏറ്റവും കൂടുതൽ അംഗബലം ലഭിക്കുകയും ബിജെപി അധികാരത്തിലെത്താതിരിക്കാൻ ആ കരുത്തിനെ ഉപയോഗപ്പെടുത്തുകയുമാണ് പാർട്ടി ചെയ്തത്. പാർലമെന്റിന് പുറത്ത് സാമ്രാജ്യത്വ ആഗോള വൽക്കരണത്തിനും തീവ്ര ഹിന്ദുത്വത്തിനുമെതിരെ തെരുവിൽ‍ ജനങ്ങളെ അണിനിരത്താനും പാർട്ടിക്ക് കഴിഞ്ഞു. പ്രധാനമായും മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമുള്ള പാർട്ടിയുടെ കരുത്തിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാണ് ദേശീയ രാഷ്ട്രീയ ഘടനയിൽ നിർണായക പങ്ക് വഹിക്കാൻ‍ സിപിഐ എമ്മിന് കഴിഞ്ഞത് എന്നത് ലോകം ശ്രദ്ധിച്ച കാര്യമായിരുന്നു. ബൂർഷ്വാ പാർലമെന്ററി വേദികളെ സമരായുധമാക്കുന്നതിൽ‍ നല്ല മാതൃക സൃഷ്ടിക്കാൻ പാർ‍ലമെന്റിനകത്തെ സിപിഐ എമ്മിന്റെ പ്രവർത്തനവും മൂന്ന് സംസ്ഥാനങ്ങളിലെ സിപിഐ എം നേതൃത്വത്തിലുള്ള സർക്കാരുകളുടെ മികച്ച പ്രവർത്തനം വഴി സാധിച്ചത് പാർട്ടിയുടെ യശസ്സ് വർദ്ധിപ്പിച്ച ഘടകമായിരുന്നു. അതുകൊണ്ടുതന്നെ സിപിഐ എമ്മിന് കേന്ദ്രസർക്കാരിൽ‍ സ്വാധീനം ചെലുത്താൻ‍ കഴിയാത്ത സ്ഥിതിയിലേക്ക് പാർട്ടിയെ ദുർബലപ്പെടുത്താൻ ഇന്ത്യൻ‍ ഭരണവർഗവും അവർ‍ പിന്തുണയ്ക്കുന്ന ബിജെപിയും കോൺഗ്രസ്സുമുൾ‍പ്പെടെയുള്ള ബൂർഷ്വാ പാർട്ടികളും ശ്രമിക്കുകയുണ്ടായി. ഉത്തരാധുനികതയുടെ പ്രത്യയശാസ്ത്ര അടിത്തറയിൽ‍ രൂപപ്പെടുത്തിയ ജാതി-സ്വത്വ രാഷ്ട്രീയത്തെ ഇടതുപക്ഷ രാഷ്ട്രീയ അടിത്തറ തകർക്കാനും ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ബൂർഷ്വാസി നന്നായി ഉപയോഗപ്പെടുത്തി. ഇന്നത്തെ ഇന്ത്യയിൽ‍ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെയും അത് കൈകാര്യം ചെയ്യുന്ന സിപിഐ എം പോലുള്ള പാർട്ടികളുടെയും സ്വീകാര്യതയെ തകർക്കുന്ന ആശയ പരിസരം സൃഷ്ടിക്കുന്നതിൽ‍ കമ്യൂണിസ്റ്റ് വിരുദ്ധർ‍ വിജയിച്ചിരിക്കുന്നു. ഇതിനെ മുറിച്ചുകടക്കാൻ കൂടുതൽ ആശയവ്യക്തതയോടെയുള്ള ജനകീയ മുന്നേറ്റങ്ങൾ‍ ഉണ്ടാകേണ്ടതുണ്ട്.

ഈ നൂറ്റാണ്ടിലെ രണ്ടാം ദശകത്തിന്റെ തുടക്കത്തിൽ പശ്ചിമബംഗാളിൽ സിപിഐ എം അധികാരത്തിൽ നിന്ന് പുറത്തായി. ഭൂപരിഷ്കരണം,അധികാര വികേന്ദ്രീകരണം എന്നീ മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ ബംഗാളിലെ ഇടതുപക്ഷ ഭരണത്തെ തകർത്ത് മമത ബാനർജിയെ അധികാരത്തിലെത്തിക്കാൻ ഇന്ത്യയിലെ എല്ലാ വലതുപക്ഷ ശക്തികളും സിപിഐ എം വിരുദ്ധരും ഒന്നിച്ചു ചേരുകയുണ്ടായി. പാർട്ടിക്ക് ഭരണരംഗത്തും സംഘടനാ രംഗത്തും സംഭവിച്ച വീഴ്ചകളും തിരഞ്ഞെടുപ്പ് പരാജയത്തിന് ഇടയാക്കി. പിന്നീട് ആർഎസ്എസും ബിജെപിയും കേന്ദ്രത്തിലെ അധികാരം ദുർവിനിയോഗം ചെയ്തു നടത്തിയ തിരഞ്ഞെടുപ്പിലൂടെ ത്രിപുരയിൽ ഒരു ബിജെപി സർക്കാർ അധികാരത്തിലെത്തിയിരിക്കുകയാണ്. ജനാധിപത്യ അവകാശങ്ങൾ അട്ടിമറിച്ചും കായികമായ അക്രമങ്ങൾ കെട്ടഴിച്ചുവിട്ടും അധികാരമുപയോഗിച്ചും തിരഞ്ഞെടുപ്പ് കൃത്രിമങ്ങൾ നടത്തിയും സിപിഐ എമ്മിനെതിരെ ഈ രണ്ട് സംസ്ഥാനങ്ങളിലും വലിയ കടന്നാക്രമണങ്ങളാണ് ഭരണവർഗം നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഒരു ദശകത്തിലധികമായി ആർഎസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപി അധികാരത്തിലിരിക്കുകയാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളിലേയ്ക്കുമുള്ള ആർഎസ്.എസ്സിന്റെ വ്യാപനമാണ് ഈ ഭരണത്തിലൂടെ നടപ്പാക്കപ്പെടുന്നത്. ലോകത്തിലെ മറ്റ് ഇതര വലതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ നിന്നും വ്യത്യസ്തമായി ബിജെപി ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയല്ലയെന്നതും അത് ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനയായ ആർ‍എസ്എസിന്റെ നയങ്ങളുടെ പരീക്ഷണശാലയായി ഇന്നത്തെ ഇന്ത്യയെ മാറ്റുന്നുവെന്നതും ഏറെ ആശങ്കയുണർത്തുന്ന ഘടകമാണ്. രാമക്ഷേത്ര നിർമ്മാണം, ജമ്മുകാശ്മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കൽ‍, ന്യൂനപക്ഷ മുസ്ലീം വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെ നിരാകരണം, ഏക സിവിൽ‍ കോഡ് നടപ്പിലാക്കൽ‍ തുടങ്ങിയ ആർ‍എസ്എസ് അജൻഡകളുടെ വേഗതയിലുള്ള നടത്തിപ്പ് ഇന്ന് രാജ്യത്ത് സ്ഥിരമായി മതപരമായ ചേരിതിരിവ് ഉണ്ടാക്കിയിരിക്കുന്നു. ഇതിനെ നേരിടാനുള്ള രാഷ്ട്രീയമായ കരുത്ത് ഇന്നത്തെ ഇന്ത്യയിൽ ഒരു രാഷ്ട്രീയപാർട്ടിക്കും സ്വന്തം നിലയിലില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ പത്തുവർഷമായി അധികാരത്തിൽ തുടരുന്ന ബി.ജെ.പി യെ അധികാരത്തിൽ നിന്നിറക്കുക എന്ന അടിയന്തിര ചുമതല നിർവ്വഹിക്കേണ്ടതുണ്ടായിരുന്നു. ഈ ചുമതല നിർവ്വഹിക്കുവാൻ‍ എല്ലാ ദേശീയ പാർട്ടികളുടേതും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള പ്രാദേശിക പാർട്ടികളുടെയും യോജിപ്പ് അനിവാര്യമായിരുന്നു. ഇത്തരമൊരു രാഷ്ട്രീയ കാഴ്ചപ്പാടാണ് പാർട്ടിയുടെ ഇരുപത്തിമൂന്നാം ദേശീയ സമ്മേളനം ഉയർത്തിപ്പിടിച്ചത്. പതിനെട്ടാം ലോക്-സഭാ തിരഞ്ഞെടുപ്പിന് മുൻപായി രൂപപ്പെട്ട ഇന്ത്യ കൂട്ടായ്മയെ ഈ നിലയിൽ‍ ഒരു രാഷ്ട്രീയ സഖ്യമായി രൂപപ്പെടുത്തുന്നതിൽ‍ സി.പി.ഐ എമ്മിന് നിർണായകമായ പങ്കുവഹിക്കാനായി. നാനൂറിലധികം സീറ്റ് ലക്ഷ്യം വെച്ച് ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ ഭേദഗതി ചെയ്ത് ഹിന്ദുത്വ ഇന്ത്യ സൃഷ്ടിക്കാനുള്ള ആർ‍എസ്എസ്- – ബിജെപി ശ്രമം ഇക്കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പിൽ‍ നടക്കാതെ പോയതും സിപിഐ എം കൂടി ഉൾപ്പെട്ട ഇന്ത്യ കൂട്ടായ്മ രൂപപ്പെട്ടതുകൊണ്ടു മാത്രമാണ്. ബിജെപിക്ക് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഭൂരിപക്ഷം നഷ്ടപെട്ടു. തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശരിയായ പ്രയോഗത്തിലൂടെ ഈ കൂട്ടായ്മയിൽ നിർണായക പങ്കുവഹിക്കാൻ സിപിഐ എമ്മിന് സാധിച്ചു.

ഇക്കഴിഞ്ഞ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ജെഡിയു, ടിഡിപി എന്നീ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ആരംഭിച്ച നരേന്ദ്ര മോദിയുടെ മൂന്നാം ഭരണം അതിന്റെ വലതുപക്ഷ നിലപാടുകളുമായി മുന്നോട്ടുപോവുകയാണ്. അമേരിക്കൻ‍ സാമ്രാജ്യത്വത്തോടുള്ള ദാസ്യ മനോഭാവം, കോർപ്പറേറ്റുകൾക്കുള്ള നികുതി ഇളവുകളും ലാഭം വർധിപ്പിക്കാനുള്ള സഹായങ്ങളും, തീവ്ര വർഗീയ നിലപാടിനെ അടിസ്ഥാനമാക്കിയ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ എന്നിവ പിൻതുടരുന്ന മൂന്നാം മോദി ഭരണം സാംസ്‌കാരിക- – വിദ്യാഭ്യാസ മേഖലകളിൽ‍ പൂർണമായും ആർ.എസ്.എസ് അജൻഡയാണ് പ്രാവർത്തികമാക്കുന്നത്. ശാസ്ത്ര – സാങ്കേതിക വളർച്ചയിൽ‍ വൻ കുതിച്ചുചാട്ടമുണ്ടായിട്ടുള്ള ഈ കാലത്ത് പ്രാകൃതകാലത്തെ മൂല്യബോധത്തിലേക്ക് ഇന്ത്യ പിന്തിരിഞ്ഞു നടക്കുന്നത് നാം കാണുകയാണ്. സമൂഹത്തിലെ മഹാ ഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗത്തിന് ഒരു ആശ്വാസവും സംഘപരിവാർ ഭരണത്തിൽ‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. ജനകീയ പ്രതിരോധത്തിന്റെയും സമരങ്ങളുടെയും വഴിയിൽ സാധാരണക്കാരെ അണിനിരത്താനും ഈ ദുരിതകാലത്തെ അതിജീവിക്കാനാവുമെന്ന ആത്മവിശ്വാസം പകർന്നു നല്കാനും കൂടുതൽ പരിശ്രമിക്കേണ്ട ചരിത്ര സന്ദർഭമാണിത്.

കോർപ്പറേറ്റ് – – വർഗീയ കൂട്ടുകെട്ടിന്റെ പിന്തുണയുള്ള കേന്ദ്രഭരണം ഇന്ത്യൻ‍ ഭരണവർഗത്തിന്റെ പിൻബലത്തിലാണ് മുന്നോട്ടു പോകുന്നത്. ഭരണ വർഗത്തിന്റെ ഇന്നത്തെ മുഖ്യ രാഷ്ട്രീയ പാർടി ബി.ജെ.പി യാണ് എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുടെ കരുത്ത്. മറ്റൊരു ഭരണ വർഗ പാർട്ടിയായ കോൺഗ്രസ് മുഖ്യ പ്രതിപക്ഷ പാർട്ടിയാണെങ്കിലും ദൗർബല്യങ്ങൾ‍ നിറഞ്ഞ അതിന്റെ പഴയകാല ശൈലികളിൽ നിന്ന് മാറാൻ‍ ആ പാർട്ടിക്കാവുന്നില്ല. പ്രാദേശിക പാർട്ടികളെ കൂടി ഇന്ത്യ കൂട്ടായ്മയിൽ‍ മതനിരപേക്ഷ ചേരിക്കൊപ്പം അണിനിരത്തിയാണ് ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകാനാവുമെന്ന് ഉറപ്പിച്ചത്. പാർലമെന്റിനകത്ത് കോൺഗ്രസും പ്രാദേശിക പാർട്ടികളും ഇടതുപക്ഷവും ഒരുമിച്ച് ബിജെപിയെ എതിർക്കുന്നത് തുടരുക, തെരുവിൽ‍ തൊഴിലാളി കർഷക ജനവിഭാഗങ്ങളുടെയും ബി.ജെ.പി ഭരണത്തിന്റെ സാമ്പത്തിക നയത്തിന്റെ പ്രയാസമനുഭവിക്കുന്നവരുടേയും പോരാട്ടങ്ങൾ‍ ശക്തിപ്പെടുത്തുക, ഇതിനായി പാർട്ടിയുടെ സ്വതന്ത്രമായ കരുത്തും ഇടതുപക്ഷ ഐക്യവും ശക്തിപ്പെടുത്തുക എന്നരാഷ്ട്രീയ തന്ത്രമാണ് സിപിഐ എം മുന്നോട്ടുവെക്കുന്നത്.

സിപിഐ എം വിവിധ ജനവിഭാഗങ്ങളുടെ വിഷയങ്ങൾ ഉയർത്തി നടത്തിയ പ്രക്ഷോഭങ്ങളിൽ പ്രധാനമാണ് 1970കളിലെ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മിച്ചഭൂമിയിൽ പ്രവേശിച്ച് കേരളത്തിൽ നടത്തിയ സമരങ്ങൾ. അത് അന്നത്തെ മാർക്സിസ്റ്റ് വിരുദ്ധ സർക്കാർ നിയമം നടപ്പിലാക്കാൻ നിർബന്ധിതമാകുന്ന സ്ഥിതിയുണ്ടാക്കി. എകെജി നേതൃത്വം നൽകിയ സമരത്തിനൊടുവിൽ 28 ലക്ഷം പാട്ടക്കൂടിയാൻമാർക്കും നാലര ലക്ഷം കുടികിടപ്പുകാർക്കും കൈവശഭൂമി സ്വന്തമായി കിട്ടി.

അടിയന്തരാവസ്ഥക്കെതിരെ ജെഎൻയു പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ശ്രദ്ധേയമായിരുന്നു.വിദ്യാഭ്യാസ സ്വകാര്യവൽക്കരണം, പ്രീഡിഗ്രി ബോർഡ് എന്നിവയ്ക്കെതിരെ എസ്എഫ്ഐ ശ്രദ്ധേയമായ സമരങ്ങൾ നടത്തുകയുണ്ടായി. മന്ത്രിമാരെ തടയുന്ന ഡിവൈഎഫ്ഐ സമരത്തിൽ കൂത്തുപറമ്പിൽ അഞ്ച് ഡിവൈഎഫ്.ഐ പ്രവർത്തകർ രക്തസാക്ഷികളായി. കർഷകത്തൊഴിലാളി പ്രശ്നമുന്നയിച്ച് സമരംനടത്തിയ സിപിഐ എം പ്രവർത്തകരെ സവർണ ഹിന്ദുക്കൾ കീഴ് വെൺമണിയിൽ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിൽ വ്യാപകമായി നടന്ന മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത ഏഴുപേരെയും ഖമ്മം ജില്ലയിലെ മുദി ഗൊണ്ടയിൽ വെടിവെച്ച് കൊലപ്പെടുത്തി. . മിച്ചഭൂമി പിടിച്ചെടുത്തുകൊണ്ട് സിപിഐ എം പ്രവർത്തകർ ബീഹാറിൽ നടത്തിയ സമരത്തിൽ ഒരു ഡസനോളം പ്രവർത്തകർ ജൻമികളാൽ കൊലചെയ്യപ്പെട്ടു.

വിജയവാഡയിലെ സ്റ്റീൽ മിൽ സ്വകാര്യവൽക്കരണത്തിനെതിരായി നടത്തുന്ന സമരമുൾപ്പെടെ എണ്ണമറ്റ ഇത്തരം പ്രക്ഷോഭങ്ങൾക്ക് ഇപ്പോഴും പാർട്ടി നേതൃത്വം നൽകുകയാണ്. മോഡിക്കെതിരെ പ്രതിപക്ഷം ഇല്ല എന്ന് പ്രചരിപ്പിക്കപ്പെടുമ്പോൾതന്നെ വിവിധ ഇന്ത്യൻ സർവ്വകലാശാലകളിൽ വിദ്യാഭ്യാസത്തിന്റെ ആർഎസ്എസ്-വത്കരണത്തിനെതിരായി ശക്തമായ സമരങ്ങളും നടന്നു. കർഷകരും പാർട്ടി പ്രവർത്തകരും നാസിക്കിൽ നിന്ന് മുംബൈയിലേക്ക് നടത്തിയ ലോങ് മാർച്ച് മോഡി ഭരണത്തിനെതിരായ കർഷക പോരാട്ടത്തിന്റെ തുടക്കമായി മാറി. കർഷക താല്പര്യത്തിനെതിരായ നിയമങ്ങൾ പിൻവലിക്കാൻ ഡൽഹിയിൽ ഈ അടുത്തകാലത്ത് നടന്ന സമരങ്ങൾ സർക്കാരിനെ നിർബന്ധിതമാക്കി. ആഗോളവൽക്കരണ നയങ്ങൾക്കെതിരായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ കൂട്ടായ പണിമുടക്കുകൾ തുടർച്ചയായി ഇന്ത്യയിൽ നടക്കുകയാണ്. സാംസങ് തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശ സംരക്ഷണത്തിനായി നടത്തിയ പ്രക്ഷോഭം വിജയിപ്പിക്കാനായത് അടുത്ത ദിവസങ്ങളിലാണ് . പാർട്ടിയും ബഹുജന സംഘടനകളും ആഗോളവൽക്കരണത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായി വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായ പ്രക്ഷോഭങ്ങളാണ് ഇപ്പോൾ നടത്തിവരുന്നത്. ആശ, അങ്കണവാടി തുടങ്ങിയ സ്കീം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സമരങ്ങൾക്കൊപ്പം ആദിവാസി ഭൂനിയമത്തിനെതിരായ സമരത്തിലും പാർട്ടി മുൻനിരയിലുണ്ട്.

പാർലമെന്ററി സംവിധാനത്തിൽ പങ്കെടുത്തുകൊണ്ട് ആ വേദികളെ സമരായുധമാക്കുന്ന ശൈലി ഫലപ്രദമായി പ്രാവർത്തികമാക്കാൻ‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുകയുണ്ടായി. 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്നപ്പോഴും 1977നുശേഷം കേരളം, പടിഞ്ഞാറൻ‍ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ സിപിഐ എം നേതൃത്വത്തിലുള്ള സർക്കാരുകൾ ഭരണ നിർവ്വഹണം നടത്തിയപ്പോഴും നിലവിലുള്ള ബൂർഷ്വാ സംവിധാനത്തിനകത്ത് ജനോപകാരപ്രദമായ കാര്യങ്ങൾ‍ കമ്യൂണിസ്റ്റുകാർക്ക് അധികാരം കിട്ടുമ്പോൾ‍ നിർവ്വഹിക്കാനാകും എന്ന് തെളിയിച്ചതാണ്. രാജ്യത്ത് തീവ്ര വലതുപക്ഷ ശക്തികൾക്ക് മേധാവിത്വം കിട്ടുകയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ‍ തകർക്കാൻ‍ അവർ നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നു. അതോടൊപ്പം നവലിബറൽ ‍നയങ്ങൾ സാധാരണ മനുഷ്യർക്കുമേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. കേരളത്തിൽ‍ എൽഡിഎഫ് സർക്കാർ പിണറായി വിജയന്റെ നേതൃത്വത്തിൽ‍ അധികാരത്തിൽ‍ തുടരുകയാണ്. ചരിത്രത്തിൽ‍ ആദ്യമായി കേരളത്തിൽ‍ ഒരു ഇടതുപക്ഷ സർക്കാർ തുടർഭരണം നേടിയത് ആ സർക്കാരിന്റെ ജനാനുകൂല നിലപാടുകൾക്കുള്ള അംഗീകാരവുമാണ്.

ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളുടെ ഭരണ നിർവ്വഹണത്തിന്റെ അടിത്തറയിൽ‍ സാമൂഹ്യ തുല്യതയുടെ വിഭവ വിതരണം ഒരു പരിധി വരെ നടത്താൻ‍ കേരളത്തിന് സാധിച്ചു. അത് താഴേക്കിടയിലുള്ള സാധാരണക്കാരന്റെ ജീവിതത്തെ ഗുണപരമായി മാറ്റുകയും ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ‍ വിശ്വോത്തര മുന്നേറ്റം നടത്താൻ‍ കേരളത്തിന് സാധിച്ചു. ഇപ്പോൾ‍ വലിയ തോതിലുള്ള വ്യാവസായിക നിക്ഷേപത്തെ ആകർഷിക്കാനും അടിസ്ഥാന സൗകര്യ വിപുലീകരണം നടത്താനും കേരളത്തിനാവുന്നുണ്ട്. ഈ മുന്നേറ്റം തടയാനും കേരളത്തിന്റെ വിഖ്യാതമായ മതസൗഹാർദ്ദം തകർക്കാനും എല്ലാ പിന്തിരിപ്പൻ ശക്തികളും ഒന്നിക്കുന്ന കാഴ്ചയും നാം കാണുകയാണ്. കേരളത്തിൽ‍ ഇടതുപക്ഷത്തെ തകർക്കുക എന്ന ലക്ഷ്യത്തിനായി ബിജെപി കേന്ദ്രഭരണവും, കോൺഗ്രസും, ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയും അവരെ പിന്തുടരുന്ന വലതുപക്ഷ കുത്തക മാധ്യമങ്ങളും ഒരുമിച്ച് കൈകോർത്തിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ‍ നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാക്കാൻ‍ ഈ ശക്തികൾ ഒന്നിച്ചുനീങ്ങുന്നുണ്ട്. എന്നാൽ‍ കേരളത്തിന്റെ വികസന മുന്നേറ്റങ്ങളെ എല്ലാ നിലയിലും വിപുലപ്പെടുത്തി ജനജീവിതനിലവാരമുയർത്തി മുന്നോട്ടു പോകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിന് ജനകീയ പിന്തുണ വർദ്ധിക്കുകയാണ്. ലോക്-സഭാ ജനവിധിയല്ല ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ കണ്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പ് ആവർത്തിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. സ്വന്തം സീറ്റുകൾ‍ യുഡിഎഫ് നിലനിർത്തിയപ്പോൾ‍ മികച്ച ഭൂരിപക്ഷത്തിന് ചേലക്കരയിൽ എൽഡിഎഫ് വിജയിച്ചതോടെ കേരളത്തിലെ ഇടതുപക്ഷ അടിത്തറക്ക് എളുപ്പത്തിൽ‍ പരിക്കേൽപ്പിക്കാൻ‍ യുഡിഎഫിന് ആവില്ലെന്ന് വ്യക്തമായി.

കേരളത്തിൽ വേരുറപ്പിക്കാൻശ്രമിക്കുന്ന ബിജെപി ചില ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെ നിർത്തി കോൺഗ്രസ് സഹായത്തോടെ ഒരു പാർലമെന്റ് സീറ്റ് വിജയിക്കുകയുണ്ടായി. ഈ കൂട്ടുകെട്ട് വിപുലപ്പെടുത്താൻ കേന്ദ്ര അധികാരത്തെ ബിജെപി ഉപയോഗപ്പെടുത്തുന്നുണ്ട്. ബിജെപിയോട് സമരസപ്പെട്ടും ന്യൂനപക്ഷ വർഗീയതയുടെ എല്ലാ വിഭാഗങ്ങളോടും സന്ധി ചെയ്തും ഇടതുപക്ഷത്തിന്റെ തുടർഭരണം ഇല്ലാതാക്കുക എന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. ഇന്നത്തെ ഇന്ത്യൻ‍ സാഹചര്യത്തിൽ‍ ഇടതുപക്ഷ ബദൽനയങ്ങൾ‍ ഉയർത്തിപ്പിടിച്ച് സാമൂഹ്യ ജീവിതത്തിന്റെ നാനാമേഖലകളിൽ കേരളം ആർജിച്ച വളർച്ചയുടെ അടുത്ത ഘട്ടം ദ്രുതഗതിയിൽ‍ മുന്നോട്ടുകൊണ്ടുപോകാനാണ് കേരളത്തിലെ എൽഡിഎഫ് ഗവണ്മെന്റ് പരിശ്രമിക്കുന്നത്. ഈ ഗവണ്മെന്റിനെതിരെ അരാജക സമരങ്ങൾ‍ നടത്തിയും, മാധ്യമ പിന്തുണയോടെ അസത്യ പ്രചരണങ്ങൾ‍ നടത്തിയും ജനങ്ങളെ ഇളക്കിവിടാൻ വലതുപക്ഷം‍ ശ്രമിക്കുന്നുണ്ട്. ഈ വസ്തുതകൾ‍ തിരിച്ചറിഞ്ഞ് ജനപിന്തുണയോടെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള എൽ‍ഡിഎഫിന്റെ പരിശ്രമം വിജയം കണ്ടു തുടങ്ങിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മുന്നേറ്റം ഉന്നത വിദ്യാഭ്യാസ രംഗത്തും വിപുലപ്പെടുകയാണ്. വൈജ്ഞാനിക സമൂഹം എന്ന കാഴ്ചപ്പാടോടെ മെച്ചപ്പെട്ട തൊഴിൽനൈപുണ്യം അടുത്ത തലമുറയ്ക്ക് ഉറപ്പാക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിൽ‍ മൂലധനം നിക്ഷേപിക്കാൻ‍ ലോകത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം ആളുകൾ‍ കടന്നുവരികയാണ്. കമ്യൂണിസ്റ്റ് വിരുദ്ധരും രാഷ്ട്രീയ എതിരാളികളും പ്രചരിപ്പിക്കുന്നതല്ല കേരളത്തിലെ യാഥാർത്ഥ്യമെന്ന് ഇന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതിസാധാരണക്കാരന് സാമൂഹ്യ തുല്യത ഉറപ്പാക്കാനും അതിദാരിദ്ര്യം ഇല്ലാതാക്കാനും കേരളത്തിന് കഴിയുമ്പോൾ ഇന്ത്യയിലാകെ ഉയർന്നു വരുന്ന വിവിധ വിഭാഗം ജനങ്ങളുടെ പ്രക്ഷോഭ സമരങ്ങൾക്ക് ദിശാ ബോധം നൽകാനും കേരളത്തിന്റെ ബദൽനയങ്ങൾ സഹായകരമാകും.

ഹിന്ദുത്വ വർഗീയ ശക്തികൾ‍ ഇപ്പോൾ‍ ഇന്ത്യയിൽ‍ പിന്തുടരുന്ന കോർപ്പറേറ്റ് – വർഗീയ അജൻഡയുടെ പ്രയോഗത്തെ ‘നവ ഫാസിസ്റ്റ് സ്വഭാവമുള്ള’ നയ സമീപനങ്ങൾ‍ എന്നനിലയിൽ‍ പാർട്ടി വിശദീകരിക്കുകയുണ്ടായി. തീവ്ര ഹിന്ദുത്വ അജൻഡക്കൊപ്പം അമിതാധികാര പ്രയോഗങ്ങളിലൂടെ പ്രതിപക്ഷ പാർട്ടികളെയും ജനാധിപത്യത്തെയും അടിച്ചമർത്താൻ‍ ബി.ജെ.പി ഭരണം നടത്തുന്ന നടപടികളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിശകലനം പാർട്ടി നടത്തിയത്. 1930 കളിൽ തീവ്രമായ മുതലാളിത്ത കുഴപ്പത്തിന്റെ ഉൽപ്പന്നമായിരുന്നു ഫാസിസം. സാമ്രാജ്യത്വ ശക്തികൾക്കിടയിലെ പരസ്പര വൈരുദ്ധ്യം രണ്ട് ലോകയുദ്ധങ്ങളായി പരിണമിച്ച കാലമായിരുന്നുഅത്. ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിനെ അട്ടിമറിക്കാനും മേധാവിത്വത്തിനായി യുദ്ധങ്ങൾ‍ ഉണ്ടാക്കാനും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ‍ ആയുധ നിർമ്മാണത്തെ ഉപയോഗപ്പെടുത്താനുമാണ് അന്ന് സാമ്രാജ്യത്വ ശക്തികൾ പരിശ്രമിച്ചത്. അന്നത്തെ സാമ്രാജ്യത്വ ശക്തികളും മുതലാളിത്തവും പൂർണമായും യൂറോപ്പിൽ ഫാസിസത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. തീവ്ര ദേശീയതയുടെയും വംശീയ വിദ്വേഷത്തിന്റെയും കുടിയേറ്റ വിരുദ്ധതയുടെയും മുദ്രാവാക്യങ്ങൾ‍ ഉയർത്തി രൂപപ്പെട്ട തീവ്ര വലതുപക്ഷ രാഷ്ട്രീയ ഘടന ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ‍ പടിഞ്ഞാറൻ‍ രാജ്യങ്ങളിൽ‍ രൂപപ്പെടുകയുണ്ടായി. ഈ ആവശ്യത്തിനായി ഭരണകൂടങ്ങളെ ദീർഘമായ കാലത്തേക്ക് ഉപയോഗപ്പെടുത്താൻ‍ ഈ ശക്തികൾക്ക് ആവുന്നുണ്ട്. ആഗോളവൽക്കരണ കാലത്ത് സാമ്രാജ്യത്വശക്തികളും മൂലധന ശക്തികളും ഇതിനെ പൂർണ്ണമായും പിന്തുണയ്ക്കുകയാണ്. ഇന്നത്തെ ഇന്ത്യൻ‍ രാഷ്ട്രീയ ഘടനയിൽ ആർഎസ്എസ് നിയന്ത്രിക്കുന്ന ബി.ജെ.പി- – സംഘപരിവാർ‍ ശക്തികൾ‍ നവ ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുന്നു എന്ന കാര്യം പാർട്ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവലിബറൽ കാലത്തെ ഫാസിസ്റ്റ് പ്രവർത്തന ശൈലിയാണിത്. എന്നാൽ‍ ഇപ്പോഴും ജനാധിപത്യ തിരഞ്ഞെടുപ്പുകളും ഒരു പരിധി വരെ രാഷ്ട്രീയ, സംഘടനാ പ്രവർത്തന സ്വാതന്ത്യവും, ഇന്ത്യയിൽ‍ നിലനിൽക്കുന്നതുകൊണ്ട് തന്നെ ഇന്ത്യയിൽ പൂർണമായും ഫാസിസ്റ്റ് ഭരണമാണെന്ന് പറയാനുമാകില്ല. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപി ഭരണത്തിൽ‍ ഇത്തരം പ്രവർത്തന രീതികൾ‍ ദൃശ്യമായ സാഹചര്യത്തിൽ ഹിന്ദുത്വ – കോർപ്പറേറ്റ് അമിതാധികാര പ്രവണതകൾ നവ ഫാസിസ്റ്റ് സ്വഭാവത്തിൽ നീങ്ങുമ്പോൾ അതിനെതിരായി ജനങ്ങളെ അണിനിരത്തുക എന്ന നിലപാട് സിപിഐ എം സ്വീകരിക്കുന്നത്.

ഇന്ത്യയിൽ ജനകീയ ജനാധിപത്യ വിപ്ലവ കടമകൾ‍ പൂർത്തീകരിച്ച് സോഷ്യലിസത്തിലേക്ക് നാടിനെ നയിക്കാനുള്ള ചരിത്ര ദൗത്യമാണ് സിപിഐ എമ്മിന് നിർവ്വഹിക്കാനുള്ളത്. കഴിഞ്ഞ ആറ് ദശകങ്ങളിൽ ഭരണ വർഗ നയങ്ങൾ നടപ്പിലാക്കിയതിലൂടെ രൂപപ്പെട്ട രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളിൽ‍ ജനപക്ഷത്ത് ഉറച്ചു നിന്ന് ശരിയായ നിലപാടുകൾ സ്വീകരിക്കാൻ‍ സി.പി.ഐ എമ്മിന് കഴിഞ്ഞു. കടുത്ത ഭരണകൂട അടിച്ചമർത്തലുകളും ഭരണ ശത്രുവിന്റെ കായികമായ അക്രമങ്ങളും നേരിട്ടാണ് പാർടി പ്രവർത്തിച്ചത്. സിപിഐ എമ്മിന്റെ നേരിയ വളർച്ച പോലും ഭരണ വർഗം ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയമായും സാംസ്‌കാരികമായും സാമ്പത്തികമായും സാമൂഹികമായും എല്ലാ രംഗത്തും പുരോഗമന വിരുദ്ധത ഉറപ്പാക്കുന്ന പ്രചരണത്തിലൂടെ, പാർട്ടിയുടെ വളർച്ച തടയാനാണ് ഭരണവർഗം ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ അടിത്തറ മായ്ച്ചുകളയുക എന്നതും ഇക്കൂട്ടരുടെ ലക്ഷ്യമാണ്. തീവ്ര വലതുപക്ഷ അജൻഡകൾക്കെതിരെ വിപുലമായ ജനകീയ പോരാട്ടം സംഘടിപ്പിച്ചുകൊണ്ട് മാത്രമേ ഇതിനെ ചെറുത്തു തോൽപ്പിക്കാനാവൂ. ആറ് പതിറ്റാണ്ടിന്റെ ഉജ്വലമായ ചരിത്ര ഭൂമികയിൽ‍ നിന്ന് പുതിയ പോരാട്ടവഴികൾ‍ കണ്ടെത്താനുള്ള നിശ്ചയദാർഢ്യത്തോടുകൂടിയുള്ള പ്രവർത്തനം കമ്യൂണിസ്റ്റുകാർ‍ ഏറ്റെടുക്കേണ്ട സന്ദർഭമാണിത്. ഇതിന് സഹായകരമായ തീരുമാനങ്ങൾ‍ എടുക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ‍ നടന്നുവരുന്ന പാർട്ടി സമ്മേളനങ്ങളിലൂടെ രൂപപ്പെടുന്നത്. സിപിഐ എമ്മിന്റെ സ്വതന്ത്രമായ വളർച്ചയിൽ‍ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ഈ പ്രവർത്തനം ദ്രുതഗതിയിൽ‍ മുന്നോട്ടുകൊണ്ടുപോകാനാകും. പാർലമെന്റിനകത്ത് അംഗബലത്തിൽ‍ കുറവുണ്ടെങ്കിലും പാർലമെന്റേതര സമരങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തി ഈ ലക്ഷ്യത്തിലേക്ക് നീങ്ങാനാണ് സിപിഐ എം പരിശ്രമിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × two =

Most Popular