ഏതൊരു പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും വ്യക്തികൾ കനത്ത സംഭാവന നൽകുന്നുണ്ട്. വ്യക്തികൾ സ്വാഭാവികമായും അവർ ജീവിക്കുന്ന വ്യവസ്ഥിതിയുടെ ഉൽപന്നങ്ങൾ തന്നെയാണ്. പക്ഷേ, വ്യവസ്ഥിതിയോട് അടിവണങ്ങി നിൽക്കാതെ, അതിനെ വിമർശിച്ചും കലഹിച്ചും പുതിയ സാധ്യതകളെക്കുറിച്ച് ചിന്തിച്ചും അവയെ നടപ്പിലാക്കാൻ ശ്രമിച്ചും മുന്നോട്ടുപോകാനുള്ള ചിലരുടെ കഴിവാണ് അവരെ വ്യത്യസ്തരാക്കുന്നത്, പുതിയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കുള്ള ഇന്ധനമായി അവർ മാറുന്നത്. അവർ സമൂഹത്തിൽ സൃഷ്ടിക്കുന്ന ഊർജമാണ് വ്യവസ്ഥിതിയെ മാറ്റിമറിക്കുന്നതിനും പുതിയത് സൃഷ്ടിക്കുന്നതിനുമുള്ള പോരാട്ടങ്ങളിലേക്ക് നയിക്കുന്നത്. ഇത്തരം ചില വ്യക്തികളെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിലും കാണാൻ കഴിയും.
1937 ലാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യഘടകം രൂപീകരിക്കപ്പെട്ടത്. 1939ലെ പാറപ്രം സമ്മേളനത്തിന്റെ ഘട്ടമെത്തുമ്പോഴേക്കും മലബാറിലെ എല്ലാ താലൂക്കുകളിലും കൊച്ചിയിലും തിരുവിതാംകൂറിലും പാർട്ടിക്ക് വേരോട്ടമുണ്ടായിക്കഴിഞ്ഞിരുന്നു. ഈ മുന്നേറ്റത്തിനു പിറകിൽ പ്രവർത്തിച്ച വ്യക്തികൾ അന്ന് ഉയർന്നുവന്ന പുതിയ അവബോധത്തിന്റെ വക്താക്കളുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം സ്വാതന്ത്ര്യസമര പ്രസ്ഥാനവും വർഗ – ബഹുജന സമരങ്ങളും രൂപം കൊണ്ടിരുന്നുവെങ്കിലും 1920 കളിലാണ് അവ ബഹുജന മുന്നേറ്റങ്ങളായി മാറുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗാന്ധിയൻ ആശയങ്ങളോടൊപ്പം 1917ലെ റഷ്യൻ വിപ്ലവം സൃഷ്ടിച്ച സോഷ്യലിസ്റ്റ് ആശയങ്ങളും ജനങ്ങളുടെ ഇടയിൽ എത്തി. ഒരു വശത്ത് ഇന്ത്യൻ ജനതയുടെ ബ്രിട്ടീഷ് മേധാവിത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ജനങ്ങളെ പൊതുവിൽ സ്വാധീനിച്ചെങ്കിൽ ഈ സ്വാതന്ത്ര്യം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മുഴുവൻ സ്വാതന്ത്ര്യമായിരിക്കണമെന്ന ആശയവും വളർന്നുവന്നു. നവോത്ഥാനകാലത്ത് രൂപംകൊണ്ട ജാതിവിരുദ്ധവും സവർണാധിപത്യത്തിനു വിരുദ്ധവുമായ ആശയങ്ങളും സ്ത്രീകളുടെ അവകാശങ്ങളെ ചൊല്ലിയുള്ള കാഴ്ചപ്പാടുകളും ഇതിനോടൊപ്പം ചേർന്നു. വൈക്കം സത്യാഗ്രഹം പോലുള്ള പോരാട്ടങ്ങളിൽ ഇത്തരം കാഴ്ചപ്പാടുകളുടെ ചേരുവകൾ പ്രത്യക്ഷപ്പെട്ടു. ജാതിരഹിതവും നാടുവാഴിത്തരഹിതവും സ്വതന്ത്രവും സാഹോദര്യത്തിലുറച്ചതുമായ പുതിയ ലോകം എന്ന സങ്കല്പം വളർന്നുവന്നു. ഇവയാണ് അക്കാലത്തെ പുതിയ തലമുറയിൽപ്പെട്ട പൊതുപ്രവർത്തകരെ സ്വാധീനിച്ചത്. സോഷ്യലിസം പോലുള്ള ആശയങ്ങളുടെ പ്രചാരണത്തിന് ആവശ്യമായ പശ്ചാത്തലം ഇവയൊരുക്കി.
അതുല്യനായ സംഘാടകൻ
വൈക്കത്തെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച പി കൃഷ്ണപിള്ളയെ വൈക്കം സത്യാഗ്രഹം സ്വാധീനിച്ചിരുന്നുവോ എന്നറിയില്ല. ദാരിദ്ര്യവും കുടുംബവഴക്കുകളും കാരണം സ്കൂൾ പഠനം പൂർത്തിയാക്കുന്നതിനുമുമ്പുതന്നെ നാടുവിട്ടുപോയ കൃഷ്ണപിള്ള എവിടെയെല്ലാമാണ് പോയത് എന്നിപ്പോഴും അറിയില്ല. അലഹാബാദിൽ ഹിന്ദി പഠിച്ചതായി സൂചനകളുണ്ട്. സ്വാതന്ത്ര്യ കുതുകികളായ എല്ലാ ചെറുപ്പക്കാരും അന്ന് ഹിന്ദി പഠിക്കുമായിരുന്നു. അദ്ദേഹം ഇക്കാലത്ത് കണ്ടുമുട്ടിയ വ്യക്തികളെക്കുറിച്ചും നമുക്ക് കൃത്യമായി അറിയില്ല. എന്തായാലും രണ്ടുമൂന്നു വർഷം കഴിഞ്ഞ് 1920കളുടെ അന്ത്യത്തിൽ തിരിച്ചുവന്ന കൃഷ്ണപിള്ള തികച്ചും വ്യത്യസ്തനായ വ്യക്തിയായിരുന്നു. സ്വാതന്ത്ര്യസമര പ്രവർത്തകനായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. അതോടൊപ്പം, ഇന്ത്യൻ ജനതയുടെ ദുരിതമയമായ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അന്ന് ഇന്ത്യയിൽ വളർന്നുവന്ന തീവ്ര ദേശീയവാദി ഗ്രൂപ്പുകളുടെയും സോഷ്യലിസ്റ്റ് പ്രവർത്തകരുടെയും സ്വാധീനം അദ്ദേഹത്തിലുണ്ടായിരുന്നു. അതിനോടൊപ്പം, മറ്റേതെല്ലാം വിധത്തിലുള്ള സ്വാധീനങ്ങളാണ് ഈ കാലയളവിൽ അദ്ദേഹത്തിനുമേൽ പ്രവർത്തിച്ചത് എന്ന് വ്യക്തമല്ല. സാഹിത്യാസ്വാദകൻ, കർണാടക സംഗീതജ്ഞൻ എന്നീ നിലകളിലുള്ള കൃഷ്ണപിള്ളയെ നമുക്കറിയാം. പിന്നീട് നാഗർകോവിലിലെ ഇടലാക്കുടി ജയിലിലായിരുന്നപ്പോൾ ഭക്ഷണം നൽകിയിരുന്ന തങ്കമ്മ എന്ന പെൺകുട്ടി അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായി. അവർ അതിനുശേഷം വളർന്നുവന്ന സ്ത്രീ പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകരിലൊരാളായി മാറി.
1930കളുടെ ആദ്യത്തോടെ കൃഷ്ണപിള്ള സജീവ സ്വാതന്ത്ര്യ സമര പ്രവർത്തകരിലൊരാളായി മാറി. ഉപ്പുസത്യാഗ്രഹത്തിന്റെ ആദ്യം തന്നെ കോഴിക്കോട് കടപ്പുറത്ത് പോലീസുമായുണ്ടായ സംഘർഷത്തിൽ കൃഷ്ണപിള്ള അറസ്റ്റുചെയ്യപ്പെട്ടു. കണ്ണൂർ ജില്ലയിലെ ജയിൽവാസത്തിൽ നിരവധി വിപ്ലവകാരികളുമായി ബന്ധപ്പെടാൻ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹം ഏതെങ്കിലും കാലത്ത് ഗാന്ധിയനായിരുന്നോ എന്നു പറയാൻ കഴിയില്ല. എന്തായാലും ഭഗത് സിങ്ങിനു നൽകിയ വധശിക്ഷയും അതിനോട് ഗാന്ധിജി സ്വീകരിച്ച നിലപാടും കൃഷ്ണപിള്ളയടക്കം നിരവധി പേരിൽ അമർഷമുണ്ടാക്കിയിരുന്നു. ഗാന്ധി – ഇർവിൻ സന്ധിക്കെതിരായും അവർ നിലകൊണ്ടു. കൃഷ്ണപിള്ളയും കെ പി ഗോപാലനുമടക്കമുള്ളവർ മലബാറിൽ തീവ്ര ദേശീയവാദ സംഘടനയായ അനുശീലൻ സമിതിയുടെ ഘടകം സ്ഥാപിക്കാൻ മുൻകയ്യെടുത്തു. പഞ്ചാബിലെ നൗ ജവാൻ സഭയുടെ സ്വാധീനത്തിൽ എ വി കുഞ്ഞമ്പു വടക്കേ മലബാറിൽ യുവ സംഘം സ്ഥാപിച്ചതും ഇക്കാലത്താണ്. തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് ലീഗും രൂപംകൊണ്ടു. ഗാന്ധിസത്തിൽനിന്ന് ഭിന്നമായ രാഷ്ട്രീയ നിലപാടുകൾ കേരളത്തിൽ വ്യാപിക്കുന്നു എന്നാണ് ഇതെല്ലാം കാണിച്ചത്.
കൃഷ്ണപിള്ള ഇടപെട്ട സുപ്രധാനമായ ബഹുജന പ്രവർത്തനവും ഇക്കാലത്തായിരുന്നു. ഗുരുവായൂരിൽ ക്ഷേത്രപ്രവേശനത്തിനുവേണ്ടി നടന്ന സത്യാഗ്രഹത്തിൽ കൃഷ്ണപിള്ള നേതൃത്വപരമായ പങ്കുവഹിച്ചു. കേരളത്തിൽ വളർന്നുവന്ന ബഹുജന പ്രസ്ഥാനങ്ങളും പ്രവർത്തകരുമായി കൃഷ്ണപിള്ളയ്ക്ക് സജീവമായ ബന്ധമുണ്ടായതും അതോടെയാണ്. സംഘാടനത്തിൽ അദ്ദേഹം പ്രദർശിപ്പിച്ച പാടവമാണ് പിന്നീട് 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടപ്പോൾ കൃഷ്ണപിള്ളയെ അതിന്റെ സെക്രട്ടറിയാക്കി മാറ്റിയത്.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് അതിവേഗത്തിലുള്ള വളർച്ചയാണ് ഉണ്ടായത്. മലബാറിലെ എല്ലാ പ്രദേശങ്ങളിലേക്കും കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം വ്യാപിച്ചു. തൊഴിലാളികൾ, കർഷകർ, യുവാക്കൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ തലങ്ങളിലെല്ലാം സോഷ്യലിസ്റ്റ് പ്രവർത്തനം വ്യാപിച്ചു. കൃഷ്ണപിള്ളയുടെ കണ്ണെത്താത്ത ഒരു മേഖലയും ഇവയിൽ ഉണ്ടായില്ല. ഫറോക്കിലും കോഴിക്കോട്ടും ആലപ്പുഴയിലും നടന്ന തൊഴിലാളി സമരങ്ങൾക്ക് കൃഷ്ണപിള്ള തന്നെ നേതൃത്വം നൽകി. പയ്യന്നൂർ മുതൽ തിരുവനന്തപുരം വരെ ഏതാണ്ടെല്ലാ മേഖലകളിലും കൃഷ്ണപിള്ള സഞ്ചരിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. ഇവയെല്ലാം കൂടാതെ പ്രഭാതം പത്രം 1938ൽ പുനരാരംഭിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട കടമകളും കൃഷ്ണപിള്ള ഏറ്റെടുത്തു.
ഇതിനിടയിലാണ് കമ്യൂണിസ്റ്റുകാരൻ എന്ന നിലയിലുള്ള കൃഷ്ണപിള്ളയുടെ പരിവർത്തനം നടക്കുന്നതും. കമ്യൂണിസ്റ്റ് പാർട്ടിയുമായി അദ്ദേഹത്തിന് നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നോ എന്നിപ്പോഴും വ്യക്തമല്ല. നിരവധി കമ്യൂണിസ്റ്റുകാരുമായി ജയിലിനകത്തും പുറത്തും അദ്ദേഹത്തിന് ബന്ധങ്ങളുണ്ടായിരുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയ ഗ്രന്ഥങ്ങളുമായും അദ്ദേഹത്തിന് പരിചയമുണ്ടായിരുന്നു. ഏതായാലും 1937-ൽ ആദ്യത്തെ കമ്യൂണിസ്റ്റ് ഘടകത്തിന്റെ സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ കാരണവും സംഘടനാ പാടവം തന്നെയാണ്. പിന്നീട് 1939ലെ പാറപ്രം സമ്മേളനത്തിനുശേഷവും കൃഷ്ണപിള്ള സെക്രട്ടറിയായി തുടർന്നു.
വളർന്നുവരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചത് കൃഷ്ണപിള്ളയായിരുന്നുവെന്നു പറയാം. ഇടവിടാതെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള യാത്രകൾ, പോകുന്ന സ്ഥലങ്ങളിലെല്ലാം കമ്യൂണിസ്റ്റ് അവബോധത്തിന്റെയും പ്രക്ഷോഭങ്ങളുടെയും വിത്തുകൾ പാകാനുള്ള കഴിവ്, ഇവയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന പ്രവർത്തകരെ കണ്ടെത്തി ചുമതലകൾ ഏൽപ്പിക്കുകയും ഈ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യാനുള്ള കഴിവ് – ഇവ വേണ്ടുവോളം അദ്ദേഹത്തിനുണ്ടായിരുന്നു. എ വി കുഞ്ഞമ്പു, സി എച്ച് കണാരൻ, എം കെ കേളു, പി ടി പുന്നൂസ്, എം എൻ ഗോവിന്ദൻ നായർ, കെ വി പത്രോസ് തുടങ്ങി നിരവധിപേരെ കണ്ടെത്തി രംഗത്തുകൊണ്ടുവന്നത് കൃഷ്ണപിള്ളയായിരുന്നു. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസത്തിനുശേഷം ഇ എം എസ് നമ്പൂതിരിപ്പാടിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി പൊതുപ്രവർത്തകനാക്കിയത് കൃഷ്ണപിള്ളയായിരുന്നു. എ കെ ജിയിലെയും കെ പി ആർ ഗോപാലനിലെയും പ്രക്ഷോഭകാരികളെ കണ്ടെത്തിയതും കൃഷ്ണപിള്ളയായിരുന്നു. പലപ്പോഴും ആശയ സംഘർഷങ്ങളിൽപെട്ട് ആടിയുലയുമ്പോഴും പ്രസ്ഥാനത്തിന്റെ നിലനിൽപ്പിൽ ഊന്നിയുള്ള നിലപാടും അതിൽ കാണിച്ച കർക്കശ സ്വഭാവവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഈ നിലപാടുകളും സംഘടനാപാടവവും തന്നെയാണ് രൂപംകൊണ്ടതിനുശേഷം ഒരു ദശാബ്ദക്കാലത്തിനകം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ ശക്തിയായി കമ്യൂണിസ്റ്റ് പാർട്ടിയെ മാറ്റിയത്.
1943 ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലേക്ക് കൃഷ്ണപിള്ള തിരഞ്ഞെടുക്കപ്പെട്ടു. 1948ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അധികകാലം നിലനിൽക്കാനായില്ല. കുട്ടനാട്ടിൽ പാർട്ടി പ്രവർത്തനം നടത്തി വരവേ സർപ്പദംശനമേറ്റ് അദ്ദേഹം അന്തരിച്ചു. അതിശക്തമായ ഒരു പ്രസ്ഥാനത്തിന്റെ വേരുകൾ ഉറപ്പിച്ചതിനുശേഷമാണ് അദ്ദേഹം അന്തരിച്ചത്.
അതുല്യനായ മാർക്സിസ്റ്റ്
സൈദ്ധാന്തികനും പ്രചാരകനും
നൂറു വർഷങ്ങൾക്കുമുമ്പാണ് ഇ എം എസ് നമ്പൂതിരിപ്പാട് വൈദിക പഠനം അവസാനിപ്പിച്ച് ഒരു സാധാരണ സ്കൂൾ വിദ്യാർത്ഥിയായത്. സ്വാതന്ത്ര്യസമരത്തിന്റെയും യുവജനപ്രസ്ഥാനത്തിന്റെയും ലോകത്തിലേക്കുള്ള പ്രവേശനവും അതോടെയായിരുന്നു. 1928ൽ പയ്യന്നൂരിൽ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ അദ്ദേഹം വളണ്ടിയറായിരുന്നു. സൈമൺ കമ്മീഷൻ വിരുദ്ധ പ്രക്ഷോഭത്തിലും ഇ എം എസ് പങ്കെടുത്തു. 1929ൽ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം ആദ്യം അവതരിപ്പിക്കുമ്പോൾ അതിന്റെ പിന്നണിയിലുണ്ടായിരുന്നു. ഉപ്പുസത്യാഗ്രഹം ആരംഭിച്ചപ്പോൾ വോളണ്ടിയറായി അറസ്റ്റുചെയ്യപ്പെട്ടു. ജയിലിൽ വച്ച് നിരവധി വിപ്ലവകാരികളെ പരിചയപ്പെട്ടത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചു. ജയിലിൽനിന്ന് പുറത്തുവന്നതിനുശേഷം സാമുദായിക പ്രവർത്തനവുമായുള്ള ബന്ധം വിച്ഛേദിച്ച് പൊതുപ്രവർത്തകനാകാൻ തീരുമാനിച്ചു. അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി.
ഇ എം എസ് എന്നാണ് കമ്യൂണിസ്റ്റുകാരനായത് എന്ന് അദ്ദേഹം സ്വന്തം ആത്മകഥയിൽപോലും പറയുന്നില്ല. കമ്യൂണിസ്റ്റുകാരനാകൽ ഒരു പ്രക്രിയയാണ്. കണ്ണൂർ ജയിലിൽ വച്ച് വിപ്ലവകാരികളുമായുള്ള ചർച്ചകൾ മാർക്സിസത്തിലേക്ക് ഒരു പ്രവേശികയായിരുന്നു. റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ട ചരിത്ര കൃതികളും അദ്ദേഹം വായിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കുവേണ്ടിയുള്ള പ്രവർത്തനം അദ്ദേഹത്തെ കൂടുതൽ കമ്യൂണിസ്റ്റുകാരുമായും മാർക്സിസ്റ്റ് സൈദ്ധാന്തിക രചനകളുമായും പരിചയപ്പെടാൻ സഹായിച്ചു. 1935ൽ മീററ്റിൽ നടന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സമ്മേളനം മാർക്സിസത്തെ അവരുടെ ഔപചാരിക തത്വസംഹിതയായി അംഗീകരിച്ചു. അന്ന് സിഎസ്-പിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഫ്രാക്ഷൻ പ്രവർത്തിച്ചിരുന്നു. അന്നത്തെ പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ആർ ഡി ഭരദ്വാജും എം ബസവപുന്നയ്യയുമായുള്ള ചർച്ചകളും അദ്ദേഹം ഓർമിക്കുന്നു. പി സുന്ദരയ്യയും അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. 1937ൽ പാർട്ടിയുടെ കേരളഘടകം രൂപീകരിക്കുന്നതിനു മുമ്പുതന്നെ കമ്യൂണിസ്റ്റുകാരനായി ഇ എം എസ് മാറിക്കഴിഞ്ഞിരുന്നു.
മാർക്സിസം ജഡമായ അക്കാദമിക് തത്വസംഹിതയല്ല. ലെനിൻ സൂചിപ്പിച്ചതുപോലെ മൂർത്ത സാഹചര്യങ്ങളുടെ മൂർത്തമായ വിശകലനമാണ്. ഈ വസ്തുത ആദ്യകാലം മുതൽ തന്നെ ഇ എം എസ് ഉൾക്കൊണ്ടിരുന്നു. സിഎസ്-പിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കർഷകപ്രസ്ഥാനത്തിൽ ഇ എം എസ് സജീവമായി പങ്കെടുത്തു. ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ ചരിത്രപരമായ ഭൗതികവാദ സമീപനം ഉപയോഗിച്ച് കേരളത്തിലെ ഭൂവുടമ ബന്ധങ്ങളെ അപഗ്രഥിക്കാൻ ഇ എം എസ് ശ്രമിച്ചു. മദ്രാസ് ഗവൺമെന്റ് മലബാറിലെ ഭൂവുടമ ബന്ധങ്ങളെ പഠിക്കാൻ നിയമിച്ച കുട്ടിക്കൃഷ്ണ മേനോൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കു നിയമസഭാ സാമാജികനും കമ്മിറ്റിയിലെ അംഗവും എന്ന നിലയിൽ എഴുതിയ വിയോജനക്കുറിപ്പ് ഇതിന്റെ ആദ്യ സൂചനയാണ്. ഭൂവുടമ ബന്ധങ്ങളിൽ കാതലായ മാറ്റം വരുന്നത് വെറും പാട്ടക്കാർക്ക് അവർ കൃഷി ചെയ്യുന്ന ഭൂമി ലഭിക്കുന്നതിലൂടെയാണെന്നും അതിന് ജന്മിത്വത്തിന്റെ അന്ത്യം അനിവാര്യമാണെന്നും ഇ എം എസ് വാദിച്ചു. ഇതേ വാദഗതികൾ പിന്നീട് എഴുതിയ കേരളത്തിലെ കാർഷിക പ്രശ്നത്തിന്റെ വികാസം എന്ന (ഇംഗ്ലീഷിൽ രചിക്കപ്പെട്ട) ലഘുലേഖയിലും വിശദീകരിച്ചു. കേരളത്തിൽ പിന്നീട് വളർന്നുവന്ന ജന്മി വിരുദ്ധ സമരങ്ങളുടെ അടിത്തറയായി മാറിയത് ഈ ലഘുലേഖയാണ്.
ജന്മിത്വത്തിന്റെ വിശകലനത്തിൽ ഇ എം എസ് സ്വീകരിച്ച ചരിത്രപരമായ ഭൗതികവാദത്തിന്റെ ഉപയോഗം തന്നെയാണ് പിന്നീടുള്ള ഇടപെടലുകളിലും പ്രതിഫലിച്ചത്. 1940കളിൽ പാക്കിസ്താൻ വാദം ഉന്നയിക്കപ്പെട്ടതോടെ ദേശീയ പ്രശ്നത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഇന്ത്യ ഒരു ബഹുദേശീയ രാഷ്ട്രമാണെന്ന നിലപാടാണ് കമ്യൂണിസ്റ്റ് പാർട്ടി ആദ്യം മുതൽ സ്വീകരിച്ചത്. എങ്കിലും ദേശീയതയുടെ നിർവചനത്തെ സംബന്ധിച്ച വിശദാംശങ്ങളിൽ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. ഇതു പരിഹരിക്കാനായി മൂന്നു ദേശീയതകളെക്കുറിച്ചുള്ള പഠനം നടത്താൻ പാർട്ടി തീരുമാനിച്ചു. കേരളത്തെക്കുറിച്ചുള്ള പഠനം നടത്താൻ നിയോഗിക്കപ്പെട്ടത് ഇ എം എസ് ആയിരുന്നു (ബംഗാളിൽ നിന്ന് ഭവാനി സെന്നും ആന്ധ്രയിൽ നിന്ന് സുന്ദരയ്യയുമായിരുന്നു മറ്റു രണ്ടുപേർ) ഈ പഠനത്തിന്റെ ഫലമായി ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന ലഘുലേഖ പാർട്ടി പ്രസിദ്ധീകരിച്ചു. ഇ എം എസ് തന്നെ പിന്നീട് അതിനെ വിശദീകരിച്ച് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന് മലയാളത്തിലും ഇംഗ്ലീഷിൽ ‘കേരളത്തിലെ ദേശീയ പ്രശ്നം’ എന്നും ഗ്രന്ഥങ്ങൾ രചിച്ചു. പിന്നീടും പലതവണ ഈ ഗ്രന്ഥങ്ങൾ പരിഷ്കരിക്കപ്പെട്ടു.
ഭാഷാപരവും സാംസ്കാരികവും ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ ഐക്യവും ദേശീയ മനോഭാവത്തിന്റെ വളർച്ചയുമാണ് ദേശീയതയുടെ അടിത്തറ എന്ന സ്റ്റാലിന്റെ നിലപാടാണ് ഇ എം എസ് തന്റെ നിലപാടിന് ആധാരമായി സ്വീകരിച്ചത്. സമീപസ്ഥ പ്രദേശങ്ങളിലെ മതവിശ്വാസത്തെയും ദേശീയതയുടെ അടിത്തറയായി ഉപയോഗിക്കാം എന്ന ചിലരുടെ വാദത്തെ ഇ എം എസ് അംഗീകരിച്ചില്ല. സൂക്ഷ്മമായ ചരിത്ര വിശകലനത്തിലൂടെ മലയാളികൾ എന്ന ദേശീയ ജനവിഭാഗവും അവർ താമസിക്കുന്ന കേരളം എന്ന ഭൂമിശാസ്ത്രപരമായ പ്രദേശവും എങ്ങനെ വളർന്നുവന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. അതിന് അന്തിമരൂപം നൽകിയത് നാടുവാഴിത്തത്തിനും കൊളോണിയലിസത്തിനും എതിരായ ബഹുജനപ്രസ്ഥാനങ്ങളും അതിനനുപൂരകമായ ഭാഷയുടെയും സംസ്കാരത്തിന്റെയും വളർച്ചയുമാണ്. പിന്നീട് കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് ശക്തമായ അടിത്തറയാണ് ഇ എം എസ് നൽകിയത്. ഇതിന് ഒരു അനുബന്ധമെന്ന നിലയിൽ സാഹിത്യ നിരൂപകർ അവതരിപ്പിച്ച രൂപഭദ്രതാവാദത്തെ ശക്തമായി വിമർശിക്കുകയും സാഹിത്യത്തിന്റെ ജനകീയ വേരുകളിൽ ഊന്നിനിന്നുകൊണ്ടുള്ള വാദങ്ങൾ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. സംവേദന തലത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ച ചന്തുമേനോന്റെ ‘ഇന്ദുലേഖ’യുടെ പ്രസിദ്ധീകരണം, ജാതിവിരുദ്ധ സമരങ്ങളെ മുന്നോട്ടുകൊണ്ടുവന്ന ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ, നാടുവാഴിത്ത സമരങ്ങളുടെ പ്രതീകമായ മലയാളി മെമ്മോറിയൽ എന്നിവയെ ആധാരമാക്കി ഇ എം എസ് നടത്തിയ കേരള നവോത്ഥാനത്തിന്റെ വിശദീകരണവും ഇതിന്റെ ഭാഗമായിരുന്നു.
കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനുശേഷം ഒരു ദേശീയ ജനവിഭാഗമെന്ന നിലയിൽ കേരളീയരുടെ സർവ്വതോമുഖമായ വികാസവും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ദേശീയതയുടെ വളർച്ചയെന്നാൽ ദേശീയതകളുടെ സ്വയം നിർണയാവകാശത്തിന്റെ വളർച്ചയാണെന്ന ചിലരുടെ വാദം അദ്ദേഹം അംഗീകരിച്ചില്ല. ദേശീയോദ്ഗ്രഥനം നിലനിർത്തിക്കൊണ്ട് സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയം ഭരണാവകാശങ്ങൾ നൽകുകയാണ് വേണ്ടത്. അതിനായി ഭരണഘടനയിൽ മാറ്റങ്ങൾ വേണമെന്നും ഗവർണർമാരുടെ നിയമനം, സംസ്ഥാന നിയമസഭകൾ പിരിച്ചുവിടാനുള്ള അധികാരം തുടങ്ങിയവ റദ്ദാക്കണമെന്നും ഇ എം എസ് നിർദ്ദേശിച്ചു. അധികാര വികേന്ദ്രീകരണത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ധനകാര്യമടക്കമുള്ള അവകാശങ്ങൾക്കുവേണ്ടിയും അദ്ദേഹം നിലകൊണ്ടു. കേന്ദ്രത്തിൽനിന്ന് ജനവിരുദ്ധ നയങ്ങൾ വളർന്നുവരുമ്പോൾ അതിന് ബദൽ നയങ്ങൾ രൂപപ്പെടുത്തണമെന്ന ആശയവും വളർത്തിക്കൊണ്ടുവന്നത് അദ്ദേഹമാണ്. ഇതിന്റെ ഭാഗമായി അധികാര വികേന്ദ്രീകരണത്തിനുവേണ്ടി കേന്ദ്ര ഗവൺമെന്റ് രൂപീകരിച്ച ബൽവന്ത്റായ് മേത്താ കമ്മിറ്റി, അശോക് മേത്താ കമ്മിറ്റി എന്നിവയ്ക്ക് ഇ എം എസ് നൽകിയ നിർദ്ദേശങ്ങൾ പ്രധാനമാണ്.
പ്രായോഗികതലത്തിൽ തന്റെ ആശയങ്ങളടക്കമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാടുകൾ നടപ്പിൽ വരുത്തുന്നതിനായി ഇ എം എസ് പലതവണ നിയമസഭാ സാമാജികനാവുകയും രണ്ടുതവണ കേരള മുഖ്യമന്ത്രിയാവുകയും ചെയ്തു. സംസ്ഥാന രൂപീകരണത്തിനുശേഷം കേരള വികസനത്തിനുവേണ്ടിയുള്ള നയങ്ങൾ ജനസമ്മതിയോടെ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ശക്തമായ നീക്കങ്ങളാണ് രണ്ടു തവണയും നടന്നത്. അവയെ ചെറുത്തുതോൽപ്പിക്കാൻ മുൻകയ്യെടുത്തത് കേരളത്തിലെ ഭരണവർഗങ്ങളും അവരെ കയ്യയച്ചു പിന്തുണച്ച കേന്ദ്ര ഭരണകൂടവുമാണ്. കമ്യൂണിസ്റ്റു നിലപാടുകളുടെ പ്രയോഗവും കേന്ദ്രഭരണനയങ്ങളും തമ്മിലുള്ള വൈരുദ്ധ്യം സംസ്ഥാന രൂപീകരണത്തിനുശേഷം തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു.
തന്റെ തത്വസംഹിതയായ മാർക്സിസം – ലെനിനിസത്തിന്റെ ഏറ്റവും സമർത്ഥനായ പ്രചാരകനും കൂടിയായിരുന്നു ഇ എം എസ്. നൂറു സഞ്ചികകളിലായി പ്രസിദ്ധീകരിക്കപ്പെട്ട ഇ എം എസിന്റെ രചനകൾ ഈ മേഖലയിലുള്ള അമൂല്യ സമ്പത്താണ്. ഇന്നും ഇ എം എസിന്റെ നിലപാടുകൾക്കും വിശദീകരണങ്ങൾക്കും ലഭിക്കുന്ന വൻതോതിലുള്ള പ്രചാരം ഇതു വിളിച്ചറിയിക്കുന്നു.നവലിബറൽ കാലത്ത് ഈ വെെരുദ്ധ്യങ്ങൾ മൂർധന്യാവസ്ഥയിൽ എത്തുന്ന ഘട്ടത്തിലാണ് അദ്ദേഹം നമ്മെ വിട്ടുപോയത്.
അതുല്യനായ പ്രക്ഷോഭകാരി
തീരെ ചെറിയ പ്രായത്തിൽ തന്നെ എ കെ ഗോപാലൻ കോൺഗ്രസ് പ്രവർത്തകനും വളന്റിയറുമായി മാറിക്കഴിഞ്ഞിരുന്നു. കുറച്ചുകാലം നാട്ടിൽ സ്കൂൾ അധ്യാപകനായിരുന്നുവെങ്കിലും സ്വാതന്ത്ര്യ സമര പോരാളിയെന്ന നിലയിലും ബഹുജന പ്രവർത്തകനെന്ന നിലയിലും പൊതുപ്രവർത്തനത്തോടുള്ള ആഭിമുഖ്യം അദ്ദേഹം കൈവിട്ടില്ല. അതുകൊണ്ടുതന്നെ 1930കൾ മുതൽ കേരളത്തിൽ അലയടിച്ച എല്ലാ പ്രക്ഷോഭസമരങ്ങളുടെയും മുൻപന്തിയിൽ വരാൻ അദ്ദേഹം തയ്യാറുമായിരുന്നു. ആദ്യഘട്ടത്തിൽ സ്കൂൾ അധ്യാപകരുടെ സംഘാടനത്തിൽ പങ്കുവഹിച്ച അദ്ദേഹം യുവജന സംഘടനയുടെയും പ്രവർത്തകനായി. ഗുരുവായൂർ സത്യാഗ്രഹത്തിൽ വോളന്റിയർമാരുടെ നേതാവായും പ്രവർത്തിച്ചു.
ഇതേ കാലത്തു തന്നെയാണ് അദ്ദേഹം കോൺഗ്രസിൽനിന്നും അകലാനാരംഭിക്കുന്നത്. ഉപ്പുസത്യാഗ്രഹത്തിനുശേഷം ഗാന്ധിജി സ്വീകരിച്ച നിലപാടുകൾ തന്നെയായിരുന്നു പ്രധാന പ്രശ്നം. അതിനോടൊപ്പം അക്കാലത്ത് വളർന്നുവന്ന നിരവധി ബഹുജന പ്രക്ഷോഭങ്ങളോട് ഗാന്ധിജി സ്വീകരിച്ച നിലപാടും എ കെ ജിയെ കോൺഗ്രസിൽ നിന്നകറ്റി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ എ കെ ജിയും സിഎസ്-പിയുടെ ഭാഗമായി. ഭക്ഷ്യക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തിൽ 1936ൽ എ കെ ജിയുടെ നേതൃത്വത്തിൽ വടക്കേ മലബാറിൽനിന്ന് മദ്രാസ് വരെ സഞ്ചരിച്ച പട്ടിണി ജാഥ എ കെ ജി എന്ന പ്രക്ഷോഭകാരിയുടെ ഉദയം കൂടിയായിരുന്നു. ആദ്യം തലശ്ശേരിയെ ലക്ഷ്യമാക്കി ആരംഭിച്ച ജാഥ എ കെ ജിയുടെ അതിതീവ്രമായ പ്രസംഗത്തോടെയാണ് മദ്രാസിലേക്ക് നീങ്ങിയത്.
ഈ കാലഘട്ടമത്രയും എ കെ ജി പങ്കെടുത്ത പ്രക്ഷോഭങ്ങളുടെ നാളുകളാണ്. തലശ്ശേരി – വടകര ഭാഗത്തെ ബീഡി തൊഴിലാളികളുടെ സമരം, കോമൺവെൽത്ത് സമരം, ഫറോക്ക് ഓട് തൊഴിലാളികളുടെ സമരം, കർഷക പ്രക്ഷോഭങ്ങൾ, ഏറ്റവും പ്രധാനമായി ആലപ്പുഴ കയർ തൊഴിലാളി സമരം തുടങ്ങിയവയിലെല്ലാം എ കെ ജി പങ്കെടുക്കുകയോ നേതൃത്വം നൽകുകയോ ചെയ്തു. തിരുവിതാംകൂറിലെ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ കെ ജി നടത്തിയ ജാഥ ആലുവ വെച്ച് തടയപ്പെട്ടു. എ കെ ജി ജയിലിലുമായി. 1942ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം നീങ്ങുമ്പോഴാണ് എ കെ ജി ജയിൽമോചിതനാകുന്നത്. വീണ്ടും എ കെ ജി ജയിലിലടയ്ക്കപ്പെട്ടു.1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴും എ കെ ജി ജയിലിലായിരുന്നു.
ഇത്തരത്തിൽ പ്രക്ഷോഭങ്ങളുടെയും ജയിൽവാസങ്ങളുടെയും പരമ്പരയ്ക്കിടയിലാണ് എ കെ ജി ‘വയലാർ സ്റ്റാലിൻ’ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരുടെ സഹോദരീ പുത്രിയായ സുശീലയെ കണ്ടുമുട്ടുന്നത്. അത് പിന്നീട് വിവാഹത്തിൽ കലാശിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം എ കെ ജിയുടെ പ്രവർത്തനത്തിന് വഴിത്തിരിവുണ്ടാകുന്നുണ്ട്. 1952 ൽ ആദ്യത്തെ ലോക്-സഭയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെടുകയും ലോക്സഭയിലെ പാർട്ടി നേതാവായി മാറുകയും ചെയ്ത എ കെ ജി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളായി മാറി. അടിസ്ഥാനവർഗങ്ങളും അവരുടെ പ്രക്ഷോഭങ്ങളും ഉയർത്തിയ ആവശ്യങ്ങൾ പാർലമെന്റിൽ നിരന്തരമായി അവതരിപ്പിച്ച അദ്ദേഹം അടിസ്ഥാനവർഗങ്ങളുടെ പോരാടുന്ന നാവായി കൂടി മാറുകയായിരുന്നു. എങ്കിലും പ്രക്ഷോഭകാരി എന്ന നിലപാട് അദ്ദേഹം കൈവിട്ടില്ല. 1960ൽ ഭൂപരിഷ്കാരം നടപ്പിലാക്കാനായി പട്ടം മന്ത്രിസഭയ്ക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ജാഥയ്ക്ക് എ കെ ജിയാണ് നേതൃത്വം നൽകിയത്. തുടർന്ന് ഭൂപരിഷ്കാരങ്ങളുടെ നഗ്നമായ ലംഘനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ അമരാവതിയിലും ചുരുളി – കീരിത്തോട്ടിലും കുടികിടപ്പുകാരെ ഇറക്കിവിട്ടപ്പോൾ അതിനെതിരായി സ്വന്തം അനാരോഗ്യം പോലും വകവയ്ക്കാതെ എ കെ ജി നടത്തിയ സത്യാഗ്രഹം അഖിലേന്ത്യാ ശ്രദ്ധ പിടിച്ചുപറ്റി. ഭൂപരിഷ്കാരം ഏതെങ്കിലും വിധത്തിൽ നടപ്പിലാക്കണമെന്ന നിലപാടിലേക്ക് ഭരണകക്ഷിയായ കോൺഗ്രസിനെ എത്തിച്ചത് ഈ സത്യാഗ്രഹങ്ങളായിരുന്നു. ഈ സമരങ്ങളിലൂടെയാണ് എ കെ ജി ‘‘പാവങ്ങളുടെ പടത്തലവനായി’’ അറിയപ്പെട്ടത്.
പാർലമെന്റേറിയൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങിക്കേട്ടത് ഇന്ത്യ–ചൈന യുദ്ധവേളയിലായിരുന്നു. ഇന്ത്യൻ ജനതയ്ക്കിടയിൽ ദുരിതം വിതയ്ക്കുന്നതും സാമ്രാജ്യത്വശക്തികൾക്ക് ഏഷ്യയിൽ ഇടപെടാൻ അവസരം നൽകുന്നതും ലോകമാസകലം വളർന്നുവരുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതുമായ യുദ്ധം എത്രയും വേഗം ചർച്ചകൾ വഴി പരിഹരിക്കണമെന്ന് എ കെ ജി പാർലമെന്റിൽ ആവശ്യപ്പെട്ടു. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ ‘ചൈനാ ചാരന്മാർ’ എന്നു മുദ്രയടിച്ച് അറസ്റ്റുചെയ്യുന്നതിനാണ് അന്നത്തെ കോൺഗ്രസ് ഭരണകൂടം ഒരുമ്പെട്ടത്. ഭരണകൂടത്തിന്റെ മർദ്ദന നയങ്ങൾക്കെതിരായും എ കെ ജി പാർലമെന്റിൽ ശബ്ദമുയർത്തി. ഇതിന്റെ തുടർച്ചയായി 1964ൽ എ കെ ജിയടക്കമുള്ളവർ അറസ്റ്റുചെയ്യപ്പെട്ടു. 1967ൽ എ കെ ജി വീണ്ടും പാർലമെന്റിലെത്തിയപ്പോൾ ജനവികാരം ആർക്കൊപ്പമാണെന്ന് പ്രകടമായി.
1970ൽ മിച്ചഭൂമി സമരത്തിന് നേതൃത്വം കൊടുത്ത് എ കെ ജി വീണ്ടും രംഗത്തു വന്നു. അമ്പലപ്പുഴ വെച്ചു നടന്ന കർഷക – കർഷകത്തൊഴിലാളി സമ്മേളനത്തിൽ എ കെ ജി നടത്തിയ ഉജ്വലമായ പ്രസംഗം ഇപ്പോഴും ആവേശത്തോടെ സ്മരിക്കുന്നവർ നിരവധിയാണ്. തിരുവനന്തപുരം മുടവൻമുകളിലെ തിരുവിതാംകൂർ രാജകുടുംബത്തിന്റെ മിച്ചഭൂമിയിൽ അറുപതുകഴിഞ്ഞ എ കെ ജി മതിൽ ചാടിക്കടന്ന് കൊടിനാട്ടിയപ്പോൾ ഒരു പ്രക്ഷോഭകാരിയുടെ ദൗത്യം എന്താണെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു അദ്ദേഹം. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ഏറ്റവും ആവേശോജ്വലമായ സമരങ്ങളിലൊന്നായിരുന്നു പിന്നീട് വളർന്നുവന്നത്.
1975ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനുശേഷം പാർലമെന്റിൽ എ കെ ജി നടത്തിയ പ്രസംഗം അമിതാധികാര വാഴ്ചയ്ക്കെതിരെ നടത്തിയ ഏറ്റവും ശക്തമായ പ്രഹരമായിരുന്നു. അതേസമയം കേരളത്തിൽ നടന്ന അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടങ്ങളിൽ പലതിലും എ കെ ജി പങ്കെടുത്തു. 1977ൽ അടിയന്തരാവസ്ഥ പിൻവലിക്കുന്നതും തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത ഇന്ദിരാഗാന്ധിക്കും കോൺഗ്രസിനും കനത്ത തിരിച്ചടി നൽകുന്നതും കാണാൻ അദ്ദേഹം ഉണ്ടായിരുന്നില്ല.
മനുഷ്യരുണരുമ്പോൾ
സെെദ്ധാന്തികരും പ്രചാരകരും പ്രക്ഷോഭകാരികളും സംഘാടകരും ചേർന്നാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉടലെടുക്കുന്നത്. ലെനിൻ അവതരിപ്പിച്ച മുഴുവൻ സമയ വിപ്ലവകാരികളുടെ രാഷ്ട്രീയപാർട്ടി എന്നതിലും ഇവരെല്ലാം ഉൾച്ചേർന്നിരിക്കുന്നു. ഭരണവർഗങ്ങളോടും അവരെ താങ്ങിനിർത്തുന്ന വ്യവസ്ഥിതിയോടും ഭരണകൂടത്തോടുമുള്ള ഇടതടവില്ലാത്ത സമരങ്ങളിലൂടെയാണ് വിപ്ലവ ബോധം വളർന്നുവരുന്നത്.
ഇത്തരം സമരങ്ങൾ അവയിലേർപ്പെടുന്ന മനുഷ്യരെ പുനർനിർമിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. തൊഴിലാളികളുടെയും കർഷകരുടെയും അടിച്ചമർത്തപ്പെട്ട ജനതയുടെയും പ്രക്ഷോഭങ്ങളോടൊപ്പം നിൽക്കുകയും പോരാടുകയും ചെയ്യുന്നവർ, തങ്ങൾ ജനിച്ചുവളർന്ന സാഹചര്യങ്ങളിലല്ല പിന്നീട് ജീവിക്കുന്നത്. അതുകൊണ്ട് അവർ വളർന്നുവന്ന ജീവിത സാഹചര്യങ്ങളെ കൈവെടിയുകയും പുതിയൊരു അവബോധത്തിലേക്കു വളർന്നുവരുകയും ചെയ്തുകൊണ്ടു മാത്രമേ അവർക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ. അവരാണ് പ്രക്ഷോഭകാരികളും പ്രചാരകരും സംഘാടകരുമൊക്കെയായി മാറുന്നത്. പരമ്പരാഗത ശൈലിയിൽ തന്നെ ജീവിച്ചുകൊണ്ട് വിപ്ലവ പ്രസ്ഥാനത്തോട് തൊട്ടും തലോടിയും നിൽക്കുന്നവർക്ക്മേൽ സൂചിപ്പിച്ച മൂന്നുമാകാൻ കഴിയില്ല. മാത്രമല്ല, പ്രസ്ഥാനത്തിന്റെ ഭാഗമായി നേരിടുന്ന ചെറിയ ആഘാതങ്ങൾ പോലും അവരെ പിറകോട്ടടിപ്പിക്കും, വിപ്ലവപ്രസ്ഥാനത്തിന്റെ തന്നെ ശത്രുക്കളാക്കും.
മനുഷ്യരുണരുമ്പോൾ ആണ് സാമൂഹ്യ പരിവർത്തനം സാധ്യമാകുന്നത്. ഈ ഉണർവ് ഏറിയും കുറഞ്ഞും ആ കാലഘട്ടത്തിലെ ഓരോ മനുഷ്യരിലും പ്രകടമാകും. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സഹവർത്തിത്വം, ജനാധിപത്യം, മതനിരപേക്ഷത മുതലായ ആശയങ്ങൾ ഈ ഉണർവിന്റെ സൂചനകളാണ്. ഉണരുന്നവരിൽ ചിലർ സാമൂഹ്യ പരിവർത്തന പ്രക്രിയയുടെ നേതൃത്വത്തിലേക്കു കടന്നുവരും. അതവരുടെ ചരിത്ര നിയോഗമാണ്. അത്തരത്തിൽ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃത്വം ചരിത്ര നിയോഗമായി ഏറ്റെടുത്ത മനുഷ്യരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉണർവും ഉശിരും നൽകിയത്. അവരുടെ വ്യക്തിപ്രഭാവം കൊണ്ടുമാത്രമല്ല നാം അവരെ ഓർമിക്കുന്നത്. ആ പ്രഭാവം സാമൂഹ്യ പരിവർത്തന പ്രക്രിയയ്ക്ക് ഊർജം പകരുന്ന ഇന്ധനമായി മാറി എന്നതുകൊണ്ടുകൂടിയാണ്. വ്യക്തികൾ എന്നതിനേക്കാൾ അവർ സമൂഹ പ്രക്രിയയുടെ ഭാഗമാണ്. l