ഒരുല്‍പാദന വ്യവസ്ഥയില്‍ നിന്നും മറ്റൊരുല്പാദന വ്യവസ്ഥയിലേക്കുള്ള സംക്രമണദശയില്‍ ഉണ്ടാകുന്ന ധൈഷണികമായ ഉണര്‍വിനെയാണ് പൊതുവില്‍ നവോത്ഥാനമെന്നു പറയുന്നത്. അത് പ്രധാനമായും രണ്ട് വ്യവസ്ഥകള്‍ ഉല്പാദിപ്പിക്കുന്ന മൂല്യസങ്കല്പനങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യത്തില്‍ നിന്നുല്‍ഭവിക്കുന്നതാണ്. ഇതില്‍ നിര്‍ണായകഘടകമായി വര്‍ത്തിക്കുന്നത് സ്വത്തുടമാബന്ധങ്ങളാണ്. സമ്പത്തിന്റെ മുഖ്യഘടകമായിരുന്ന കൃഷിഭൂമി ആദ്യകാലത്ത് പൊതുസ്വത്തായിരുന്നു. അത് പിന്നീട് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലായി. ദേവനും (ദേവസ്വം) പൂജാരിയും (ബ്രഹ്മസ്വം) നാടുവാഴിയും (പണ്ടാരവക/ചേരിക്കല്‍) എന്നിങ്ങനെയായിരുന്നു വിഭജനം. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും നെല്‍ക്കൃഷിക്കുണ്ടായിരുന്ന പ്രാമുഖ്യവും ക്ഷേത്രകേന്ദ്രിതമായ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് രൂപം നല്‍കി. ശിവന്‍, വിഷ്ണു (കൃഷ്ണന്‍), ഭഗവതി/ദേവി, ശാസ്താവ്, സുബ്രഹ്മണ്യന്‍/മുരുകന്‍ എന്നിവരായിരുന്നു പ്രധാന ദേവതകള്‍. ഇവര്‍ക്കായിരുന്നു ഭൂമിയിലെ ഉടമസ്ഥത. പൂജാരിമാരായ ബ്രാഹ്മണര്‍ ദേവന്റെ ഭൂമിയും സ്വന്തം ഭൂമിയും കൈകാര്യം ചെയ്യുന്നവരായതിനാല്‍ കൃഷിഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും അവരുടെ നിയന്ത്രണത്തിലായി. സംസ്കൃതഭാഷയിലുള്ള വേദേതിഹാസങ്ങളിലെ വിജ്ഞാനത്തിന്റെ കുത്തകയും അവര്‍ക്കായിരുന്നു. അത്തരത്തില്‍ ഭൗതികസമ്പത്തിലും ജ്ഞാനസമ്പത്തിലും അവര്‍ക്കുണ്ടായിരുന്ന മേല്‍ക്കൈ അവരെ സമൂഹത്തിലെ അധിപന്മാരാക്കി. ആദ്യകാലത്ത് തൊഴിലിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ സാമൂഹ്യവിഭജനമായ ജാതിയെ ശ്രേണീബദ്ധവും വിവേചനാടിസ്ഥാനത്തിലുള്ളതുമായ ജാതിവ്യവസ്ഥയായി ചിട്ടപ്പെടുത്തി. ഇതിനെയാണ് ജാതി–ജന്മി നാടുവാഴിവ്യവസ്ഥയെന്ന് ഇഎംഎസ് വിശേഷിപ്പിച്ചത്.
ഈ വ്യവസ്ഥയ്ക്ക് വിള്ളലുണ്ടായത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി ഇറക്കുമതി ചെയ്ത യന്ത്രനിര്‍മ്മിത ചരക്കുകളും മൂലധനവും കമ്പോളത്തില്‍ പ്രത്യക്ഷപ്പെട്ടതോടുകൂടിയാണ്. യഹൂദരും യവനരും ചീനരും അറബികളും അതിപ്രാചീനകാലം മുതല്‍ കേരളതീരവുമായി വാണിജ്യബന്ധം പുലര്‍ത്തിയവരായിരുന്നു. എന്നാല്‍ അതൊരിക്കലും വ്യാപാരികളും തദ്ദേശീയരും തമ്മിലുള്ള സംഘര്‍ഷങ്ങളിലെത്തിയിരുന്നില്ല. അതിനൊരു മാറ്റം വരുന്നത് 16–ാം നൂറ്റാണ്ടു മുതല്‍ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും കേരള തീരത്തെത്തിയതോടുകൂടിയാണ്. അപ്പോഴും അത് കേരളത്തിലെ ഉല്പാദനവ്യവസ്ഥയെ സ്വാധീനിക്കാന്‍ പര്യാപ്തമായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി കേരളതീരവുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടുതുടങ്ങി. തദ്ദേശീയ നാടുവാഴികളും മാടമ്പിമാരുമായി സംഘര്‍ഷങ്ങളുമുണ്ടായി (ആറ്റിങ്ങല്‍ കലാപം 1721). അപ്പോഴൊക്കെ കേരളത്തില്‍ നിന്ന് ശേഖരിക്കാവുന്ന കുരുമുളകും മറ്റ് ഉല്പന്നങ്ങളും വാങ്ങുന്നതിലായിരുന്നു അവര്‍ ശ്രദ്ധിച്ചിരുന്നത്. അവരുടെ ഉല്പന്നങ്ങള്‍ ഇവിടേക്ക് ഇറക്കുമതി ചെയ്തിരുന്നില്ല.
പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഇംഗ്ലണ്ടിലുണ്ടായ വ്യാവസായികവിപ്ലവവും പ്രത്യേകിച്ച് യന്ത്രത്തറി കണ്ടുപിടിച്ച് വസ്ത്രോല്പാദനം വര്‍ദ്ധിപ്പിച്ചതും മില്‍ത്തുണിക്ക് കമ്പോളം കണ്ടുപിടിക്കേണ്ടത് ആവശ്യമായി വന്നു. മലബാറില്‍ ടിപ്പുവിന്റെ ഭരണം സ്ഥാപിക്കപ്പെടുന്നത് ഇക്കാലത്താണെങ്കിലും ഭൂവുടമാബന്ധങ്ങളില്‍ ചില മാറ്റങ്ങള്‍ക്കു കാരണമായെന്നതല്ലാതെ ഉല്പാദന വ്യവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ പര്യാപ്തമായിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിലാണ് മില്‍ത്തുണിയോടൊപ്പം പ്രൊട്ടസ്റ്റന്റ് മിഷണറിമാരും കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ലണ്ടന്‍ മിഷണറി സൊസൈറ്റി (എല്‍.എം.എസ്.) 1806þലാണ് ആദ്യത്തെ പള്ളി നാഗര്‍കോവിലിനടുത്ത് സ്ഥാപിക്കുന്നത്. പിന്നീടാണ് സിഎംഎസും, ബാസ്സല്‍ മിഷനും മധ്യകേരളത്തിലും മലബാറിലും പള്ളികള്‍ സ്ഥാപിച്ചത്. പള്ളികളോടൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. മില്‍ത്തുണിയും പാശ്ചാത്യവിദ്യാഭ്യാസവും സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുകയും അത് സാമൂഹികമായ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ചെയ്തു. ഇതാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതല്‍ തെക്കന്‍ തിരുവിതാംകൂറിലുണ്ടായ കലാപത്തിനടിസ്ഥാനം. ‘‘ഊഴിയ വേലക്ക് വിടുതലൈ, മേല്‍ശീലക്ക് ഉരിമൈ” (ഊഴിയവേലയില്‍നിന്ന് മോചനം, മേല്‍ശീല അവകാശം) എന്ന മുദ്രാവാക്യം ഉയര്‍ന്നുവന്നതിങ്ങനെയാണ്. പ്രതിഫലമില്ലാതെ ചെയ്യുന്ന ജോലിയാണ് ഊഴിയവേല. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് പൊതുമരാമത്തു വകുപ്പു രൂപീകരിച്ചപ്പോള്‍ ജോലിക്കാര്‍ക്ക് കൂലി കൊടുക്കുന്ന ഏർപ്പാട് തുടങ്ങി. അതോടെ ഊഴിയവേല അപ്രത്യക്ഷമാകാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കാലത്തുതന്നെ അടിമസമ്പ്രദായവും അടിമക്കച്ചവടവും നിര്‍ത്തലാക്കി. സര്‍ ടി. മാധവറാവു ദിവാനായിരുന്നപ്പോള്‍ ജാതി–മത വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശം ലഭിച്ചു (1865). മിഷണറിമാരുടെ ഉടമസ്ഥതയില്‍ അച്ചടിശാലയും നെയ്ത്തുശാലകളും പള്ളികളും പള്ളിക്കൂടങ്ങളും ആരംഭിച്ചു. ഇവയുടെ നിര്‍മാണത്തിന് തൊഴിലാളികളെ ആവശ്യമായിരുന്നു. ജാതിവ്യവസ്ഥയ്ക്കതീതമായ തൊഴില്‍മേഖലകള്‍ ആവിര്‍ഭവിച്ചപ്പോള്‍ ജാതിവ്യവസ്ഥ ഉല്പാദിപ്പിച്ച മൂല്യസങ്കല്പങ്ങള്‍ക്കും മാറ്റമുണ്ടായി. തുണിയും യന്ത്രസാമഗ്രികളുമെന്ന ചരക്കുകളോടൊപ്പം ഇവ സ്ഥാപിക്കുന്നതിനുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള മൂലധനവും കേരളത്തിലെത്തി.
തിരുവിതാംകൂറിലെ ദിവാനായിരുന്ന കേണല്‍ മണ്‍റോ സ്വകാര്യ ക്ഷേത്രങ്ങള്‍ ഏറ്റെടുത്ത് സര്‍ക്കാരിന്റേതാക്കി. അവയുടെ ഭരണത്തിനായി ദേവസ്വം വകുപ്പുണ്ടാക്കി. ദേവസ്വം ഭൂമിയെ പണ്ടാരവക ഭൂമിയാക്കി. ഇത്തരത്തിലേറ്റെടുത്ത ഭൂമി ജാതി–മത വ്യത്യാസമില്ലാതെ വ്യക്തികള്‍ക്ക് പാട്ടത്തിന് കൊടുത്തു. ഇതാണ് പണ്ടാരപ്പാട്ടം എന്ന് പറയുന്നത്. ഇത്തരത്തില്‍ ഭൂമി ലഭിച്ച പാട്ടക്കാര്‍ കഠിനാധ്വാനം ചെയ്ത് സമ്പത്തുണ്ടാക്കി. അരനൂറ്റാണ്ടുകഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശവും പിന്തുടര്‍ച്ചാവകാശവും കൈമാറ്റാവകാശം നല്‍കുന്ന പണ്ടാരപ്പാട്ട വിളംബരം (1865) പുറപ്പെടുവിച്ചു. അതായത് സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ നിന്നും വ്യക്തികളുടെ ഉടമസ്ഥതയിലേക്ക് കൃഷിഭൂമി മാറി. കൊച്ചിയില്‍ ദിവാനായിരിക്കെ മണ്‍റോ അവിടെയും സ്വകാര്യ ക്ഷേത്രങ്ങൾ ഏറ്റെടുത്ത് സര്‍ക്കാരിന്റേതാക്കുകയും ഭൂമി വ്യക്തികള്‍ക്ക് പാട്ടത്തിനു നല്‍കുകയും ചെയ്തു. തിരുവിതാംകൂറിലും കൊച്ചിയിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ പ്രസിദ്ധീകരിച്ച ജന്മി–കുടിയാന്‍ വിളംബരങ്ങള്‍ ദേവസ്വംþബ്രഹ്മസ്വം ഭൂമിയില്‍ നിന്നുള്ള കുടിയൊഴിപ്പിക്കല്‍ നിരോധിച്ചു. ഇത് ഒരു സ്വതന്ത്ര കര്‍ഷകവര്‍ഗത്തിന്റെ ഉയര്‍ച്ചയ്ക്കു കാരണമായി. ഇവരില്‍ നിന്നും വളര്‍ന്നുവന്ന മധ്യവര്‍ഗമാണ് സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. ഇതിനു സമാനമായ തരത്തില്‍ മലബാറിലെ ഭൂബന്ധങ്ങളില്‍ മാറ്റം വരാത്തതുകാരണമാണ് അവിടെ മധ്യവര്‍ഗത്തിന്റെ വളര്‍ച്ച മന്ദഗതിയിലായതും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ തുലോം കുറവായതും.
ക്ഷേത്രകേന്ദ്രിതമായ കാര്‍ഷിക സമ്പദ്ഘടനയില്‍ കൃഷികാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ക്ഷേത്രം കേന്ദ്രമാക്കിയുള്ള നാട്ടുകൂട്ടങ്ങളായിരുന്നു. ദേവസ്വം ഭൂമി സര്‍ക്കാരേറ്റെടുത്തപ്പോള്‍ നാട്ടുകൂട്ടങ്ങള്‍ക്ക് പ്രസക്തിയില്ലാതായി. തിരുവിതാംകൂറിലെ പ്രബല ജാതികളായ നായന്മാരും ചാന്നാന്മാരും (നാടാര്‍) ഈഴവരും (ചാന്നാര്‍) ഒരുമിച്ചായിരുന്നു നാട്ടുകൂട്ടങ്ങളിലംഗങ്ങളായി കൃഷികാര്യങ്ങള്‍ നോക്കിയിരുന്നത്. ദേവസ്വം ഭൂമി സര്‍ക്കാരിന്റേതാവുകയും ചാന്നാന്‍മാര്‍ക്കും ഈഴവര്‍ക്കും ആ ഭൂമി പാട്ടത്തിനു നല്‍കുകയും ചെയ്തപ്പോള്‍ അത് നായന്മാരുടെ എതിര്‍പ്പിനിടയാക്കി. ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ വകയായപ്പോള്‍ (പദ്മനാഭന്റെ വക) ചാന്നാന്മാര്‍ക്കും ഈഴവര്‍ക്കും അവിടെ പ്രവേശനം നിഷേധിക്കപ്പെട്ടു. ഇതും ജാതിസംഘര്‍ഷങ്ങള്‍ക്കിടയാക്കി. അന്നേവരെ ക്ഷേത്രപ്രവേശനം ഒരു പൊതു പ്രശ്നമേയായിരുന്നില്ല. ക്ഷേത്രപ്രവേശനവും വഴിനടക്കലും പ്രശ്നമായി വന്നത് മണ്‍റോയുടെ നടപടിയോടുകൂടിയാണ്. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്നതിന് മണ്‍റോ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നോ എന്നറിയില്ല. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് സഞ്ചാരവിലക്കില്ലായിരുന്നു. സര്‍ക്കാര്‍ ജോലിക്കും തടസ്സമില്ലായിരുന്നു.
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ ടി മാധവറാവു സര്‍ക്കാരിന്റെ കുത്തക വ്യാപാരമായിരുന്ന കള്ള്, കഞ്ചാവ്, കറുപ്പ്, പുകയില എന്നിവ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുകയും അങ്ങനെ അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇത് ഒരു ധനികവര്‍ഗത്തിന്റെ വളര്‍ച്ചയ്ക്കു കാരണമായി. ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനം കോളേജ് വിദ്യാഭ്യാസത്തിന്റെ തുടക്കം എന്നിവയൊക്കെ മധ്യവര്‍ഗ ബുദ്ധിജീവികളുടെ ഉയര്‍ച്ചയ്ക്കും കാരണമായി. കാര്‍ഷിക–വ്യാപാരമേഖലകളിലെ സമ്പന്നവര്‍ഗത്തിനാണ് ജാതി–ജന്മി–നാടുവാഴി വ്യവസ്ഥയിലെ മൂല്യങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് ബോധ്യമായത്. ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും മുന്നോട്ടുവച്ച ജാതി വിരുദ്ധമായ മാനവിക മൂല്യങ്ങളെ സമൂഹത്തില്‍ പ്രചരിപ്പിച്ച് ജനകീയമാക്കിയത് ഈ മധ്യവര്‍ഗമായിരുന്നു. ഡോ പല്പു, കുമാരനാശാന്‍, ടി കെ മാധവന്‍, സി വി കുഞ്ഞുരാമന്‍, മന്നത്തു പദ്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള തുടങ്ങിയവരെല്ലാംതന്നെ ഈ ബുദ്ധിജീവി വര്‍ഗത്തില്‍പ്പെടുന്നവരായിരുന്നു. സാമുദായിക സംഘടനകളുണ്ടാക്കിയതും മെമ്മോറിയലുകളെന്ന പേരില്‍ നിവേദനങ്ങള്‍ തയാറാക്കിയതും പൗരസമത്വവാദപ്രക്ഷോഭം സംഘടിപ്പിച്ചതും പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കളായതുമെല്ലാം ഇവര്‍ തന്നെയായിരുന്നു.
പണ്ടാരപ്പാട്ട വിളംബരം ഭൂമിയെ വില്പനച്ചരക്കാക്കി. ആദ്യത്തെ ഭൂമികച്ചവടം മൂന്നാറിലായിരുന്നു. മൂവായിരം ഏക്കര്‍ വനഭൂമി മണ്‍റോ സായിപ്പിന്റെ പൗത്രന്‍ വിലയ്ക്കുവാങ്ങി തേയിലക്കൃഷി തുടങ്ങി. ഇതിലേക്കായി ആയിരക്കണക്കിന് തൊഴിലാളികളെ ആവശ്യമായിവന്നു. സ്വതന്ത്ര തൊഴിലാളിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നിന്നത് ജാതിവ്യവസ്ഥയും കുലത്തൊഴില്‍ ബോധവുമായിരുന്നു. മൂലധനത്തിന്റെ രംഗപ്രവേശം ഈ മൂല്യബോധത്തെ തകര്‍ത്തു. അതിന്റെ ഫലമായി തോട്ടം തൊഴിലാളി ജനിച്ചു. യന്ത്രബോട്ടുകളും തടിമില്ലുകളും ഓട് ഫാക്ടറികളും റബ്ബര്‍ തോട്ടങ്ങളും വന്നതോടെ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. കര്‍ഷകവര്‍ഗം, കച്ചവടവര്‍ഗം, തൊഴിലാളിവര്‍ഗം, ബുദ്ധിജീവികള്‍ എന്നിങ്ങനെ സമൂഹത്തിൽ പുതിയ ജനവിഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇവരെല്ലാം പരമ്പരാഗത മൂല്യങ്ങള്‍ക്കെതിരായിരുന്നു. അച്ചടിയുടെ വ്യാപനം, പത്രപ്രവര്‍ത്തനം, സാഹിത്യരംഗത്തെ നൂതനപ്രവണതകള്‍ (നോവല്‍, നാടകം, കവിത), ഗ്രന്ഥശാലകള്‍ എന്നിവ ഒരു പൊതുമണ്ഡലത്തിന്റെ നിര്‍മിതിക്കിടയാക്കി. തിരുക്കൊച്ചിയിലേതുപോലെ വ്യാപകമല്ലെങ്കിലും മലബാറിലും ഇതിനു സമാനമായ ചലനങ്ങളുണ്ടായി.
മൂലധനം വളരണമെങ്കില്‍ തൊഴിലാളി വേണം. എന്നാല്‍ തൊഴിലാളിയുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ജാതിവ്യവസ്ഥ തടസ്സപ്പെടുത്തുന്നു. ഈ വൈരുദ്ധ്യത്തില്‍ നിന്നാണ് അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്ര തുടങ്ങുന്നത്. ജാതിþമത വ്യത്യാസമില്ലാതെ എല്ലാ രാജവീഥികളിലൂടെയും എല്ലാവര്‍ക്കും സഞ്ചരിക്കാമെന്ന് 1865þല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ സവര്‍ണര്‍ സനാതന മൂല്യസംരക്ഷണത്തിന്റെ പേരില്‍ ഇതിനെ എതിര്‍ത്തു. ഈ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് 1893þല്‍ അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയത്. ഇവിടെ സവര്‍ണര്‍ പരാജയപ്പെട്ടു. എന്നുമാത്രമല്ല നിയമസഭയില്‍ അയ്യങ്കാളി ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രവേശനവും അനുവദിച്ചു. ജാതി–മത വ്യത്യാസമില്ലാതെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 1905þല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. സനാതനധര്‍മ സംരക്ഷകര്‍ അതിനെ എതിര്‍ത്തു. ഉത്തരവ് നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു അയ്യങ്കാളി പഞ്ചമിയേയും കൂട്ടി സ്കൂളിലെത്തിയത്. ഇവിടെയും സവര്‍ണര്‍ പരാജയപ്പെട്ടു. ക്ഷേത്രപ്രവേശനം അയ്യങ്കാളിയുടെ വിഷയമായിരുന്നില്ല. മാനവികതയ്ക്ക് വിരുദ്ധമായ ദൈവികത്വത്തിന് അദ്ദേഹം പരിഗണന നല്‍കിയിരുന്നില്ല. തന്റെ വര്‍ഗത്തിന്റെ അവശതയകറ്റലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി പണിമുടക്ക് 1914ല്‍ അദ്ദേഹം സംഘടിപ്പിച്ചത് കൂലിക്കൂടുതലിനുവേണ്ടിയായിരുന്നില്ല, മറിച്ച് പൗരാവകാശം നേടുന്നതിനുവേണ്ടിയായിരുന്നു. കേരളീയ നവോത്ഥാനത്തിന്റെ സമരമുഖമാണ് അയ്യങ്കാളിയില്‍ തെളിഞ്ഞുകാണുന്നത്.
മലബാറില്‍ വാഗ്ഭടാനന്ദന്‍ ചെയ്ത ജാതിവിരുദ്ധ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ധാരാളംപേര്‍ തടിച്ചുകൂടി. പ്രസംഗം കേള്‍ക്കാന്‍ പോയവര്‍ക്ക് ജന്മിമാരും കച്ചവടക്കാരും തൊഴില്‍ നിഷേധിച്ചു. തൊഴിലാളികള്‍ പട്ടിണിയിലായി. അവരുടെ പട്ടിണി അകറ്റുന്നതിനുവേണ്ടി രൂപീകരിച്ചതാണ് ഊരാളുങ്കല്‍ ഐക്യനാണയ സംഘം. അതിന്റെ വികസിത രൂപമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സംഘമായി അത് വളര്‍ന്നിരിക്കുന്നു. കേരളീയ നവോത്ഥാനത്തിന്റെ സഹകരണ പ്രസ്ഥാനമുഖമാണ് ഊരാളുങ്കല്‍ സൊസൈറ്റി.
മുതലാളിത്തത്തിന്റെ വികസിതരൂപമായ സാമ്രാജ്യത്വം ലോകകമ്പോളം കയ്യടക്കുന്നതിനുവേണ്ടിയുള്ള യുദ്ധത്തിലേര്‍പ്പെട്ടു. അതാണ് ഒന്നാം ലോകയുദ്ധം. യുദ്ധത്തിന്റെ ഫലമായി കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. കാര്‍ഷികവിളകളുടെ വിലയിടിഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധിച്ചു. ജനം ദുരിതത്തിലായി. തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്കൂള്‍ ഫീസ് വര്‍ധിപ്പിച്ചു. അതിനെതിരെ വിദ്യാര്‍ഥികള്‍ സമരം ചെയ്തത് പൊലീസ് അടിച്ചമര്‍ത്തി. ഇത് ജനരോഷം വര്‍ദ്ധിപ്പിച്ചു. ‘അരയന്‍’ പത്രം ഇതിനെതിരെ മുഖപ്രസംഗമെഴുതി. പത്രത്തെ നിരോധിക്കുകയും പത്രാധിപരെ ജയിലിലടയ്ക്കുയും ചെയ്തു. ഇതെല്ലാം രാഷ്ട്രീയബോധം വളരുന്നതിനിടയായി. സോവിയറ്റ് – വിപ്ലവവാര്‍ത്തകള്‍ ‘അരയനും’ ‘മിതവാദിയും’ പ്രസിദ്ധീകരിച്ചു. തിരുവിതാംകൂര്‍ രാഷ്ട്രീയ മഹാജനസഭ 1920 ല്‍ കൊല്ലത്ത് സ്ഥാപിക്കപ്പെട്ടു. കേരളത്തെയാകെ യോജിപ്പിച്ചുകൊണ്ട് 1921 ല്‍ ഒറ്റപ്പാലത്തുവച്ച് കെപിസിസി രൂപീകൃതമായി. മലബാര്‍ കലാപത്തിന് നേതൃത്വം കൊടുത്തത് കെപിസിസിയായിരുന്നു. ഈ ഘട്ടംമുതല്‍ സാമൂഹിക പരിഷ്കരണ സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് കെപിസിസിയും കോണ്‍ഗ്രസ് നേതാക്കളുമായിരുന്നു. വൈക്കം സത്യഗ്രഹവും (1924–25) ഗുരുവായൂര്‍ സത്യഗ്രഹവും (1931–32) നടത്തിയത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. സാമുദായിക സംഘടനാ നേതാക്കള്‍ പിന്നില്‍ നിന്നതേയുള്ളൂ.
കോണ്‍ഗ്രസിനുള്ളില്‍ നിന്നാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടായത്. ആ പാര്‍ട്ടി ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെട്ടു. കര്‍ഷകരേയും തൊഴിലാളികളേയും സംഘടിപ്പിച്ച് വര്‍ഗബോധമുണ്ടാക്കി ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടുക എന്നതായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രംഗപ്രവേശം സാമുദായികസംഘടനകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തി. എല്ലാ ജാതികളിലേയും ഭൂരിപക്ഷം പേരും ദരിദ്രരായിരുന്നു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, തൊഴിലാളികള്‍ എന്നിങ്ങനെയായിരുന്നു അവരുടെ വര്‍ഗ ഘടന. തൊഴിലാളി–കര്‍ഷക ഐക്യമെന്ന ലക്ഷ്യവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഹിന്ദു ഐക്യമെന്ന ലക്ഷ്യവുമായി പ്രബലജാതികളായ നായന്മാരുടേയും ഈഴവരുടേയും സംഘടനകള്‍ നയം മാറ്റി. തിരുവിതാംകൂറില്‍ 1936 ലും കൊച്ചിയിലും മലബാറിലും 1947 ലും ക്ഷേത്രപ്രവേശനമനുവദിച്ചപ്പോള്‍ നായരീഴവ തര്‍ക്കത്തിന് അടിസ്ഥാനമില്ലാതെയായി. പൂജാരി ആരാകണമെന്ന കാര്യത്തില്‍ മാത്രമായി തര്‍ക്കം ഒതുങ്ങി. സര്‍ക്കാര്‍ നിയമനത്തില്‍ ജാതിസംവരണമേര്‍പ്പെടുത്തിയപ്പോള്‍ നായരീഴവ തര്‍ക്കത്തിന്റെ മറ്റൊരു ഘട്ടവും അവസാനിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം മലബാറിലും തിരുക്കൊച്ചിയിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ സാന്നിധ്യമറിയിച്ചു. ഇതിനോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് നായരീഴവ ഐക്യം ഹിന്ദുമഹാമണ്ഡലമായി വികസിച്ചതും ജനസംഘം നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി തിരുവനന്തപുരത്തെത്തി ഇതിന് ആശീര്‍വാദമര്‍പ്പിച്ചതും. ഇതിന്റെ വികസിത രൂപമായിട്ടായിരുന്നു 1959 ലെ വിമോചനസമരമുണ്ടായത്.
ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ ഒരുകാലത്ത് പുരോഗമനപരമായ നിലപാട് സ്വീകരിച്ചിരുന്ന നേതാക്കള്‍ തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രംഗപ്രവേശത്തിനുശേഷം പ്രതിലോമപരമായ നിലപാടിലെത്തിയത്. തങ്ങളുടെ ജാതികളിലെ ദരിദ്ര ഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം ചേരാതിരിക്കുന്നതിനുവേണ്ടി ഒരുകാലത്ത് അവര്‍ ഉച്ചാടനം ചെയ്യാന്‍ ശ്രമിച്ച വിശ്വാസങ്ങളേയും ആചാരങ്ങളേയും സംരക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
നവോത്ഥാനം ഒരു തുടര്‍പ്രക്രിയയാണ്. ഉല്പാദനവ്യവസ്ഥയില്‍ വരുന്ന മാറ്റത്തിനനുസൃതമായി മൂല്യസങ്കല്പനങ്ങളിലും മാറ്റംവരും. ജന്മിത്തം അടിച്ചമര്‍ത്തിവച്ച മാനവികതയേയും ഇപ്പോള്‍ കോര്‍പ്പറേറ്റിസം വില്പനച്ചരക്കാക്കുന്ന മാനവികതയേയും സംരക്ഷിക്കുന്നതിനുള്ള നിരന്തരസമരമാണ് നവോത്ഥാനം. l