ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലുണ്ടായ സാമൂഹ്യ – സാമ്പത്തിക മാറ്റങ്ങൾ പുതിയ രാഷ്ട്രീയ മാറ്റങ്ങളിലേക്ക് നയിച്ചു. കൊളോണിയൽ വാഴ്ചയുടെ കീഴിൽ നാടുവാഴിത്തവും മുതലാളിത്തവും ശക്തിപ്രാപിക്കുകയായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും ഭൂപ്രഭുത്വം നിയമപരമായി അവസാനിച്ചെങ്കിലും വാണിജ്യ കൃഷി നടത്തുന്ന ധനികവർഗം ഉയർന്നുവന്നു. പരമ്പരാഗത ജന്മി സമ്പ്രദായം നിലനിന്ന മലബാറിൽ കാണക്കാരും വെറും പാട്ടക്കാരും കുടിയാന്മാരായി നിലനിന്നു. കാണക്കാർക്ക് 1930ലെ നിയമമനുസരിച്ച് സ്ഥിരാവകാശം ലഭിച്ചെങ്കിലും വെറും പാട്ടക്കാർ പഴയ സ്ഥിതിയിൽ തന്നെ തുടർന്നു. ജന്മിമാരുടെ ചവിട്ടടിയിൽ കിടന്ന കർഷകർ വ്യത്യസ്ത രീതിയിൽ സംഘടിക്കുകയും ജന്മിത്തത്തിനും കൊളോണിയൽ വാഴ്ചയ്ക്കുമെതിരെ സമരവുമായി മുന്നോട്ടുവരികയും ചെയ്തു. അതുപോലെ കേരളത്തിൽ വളർന്നുകൊണ്ടിരുന്ന ഫാക്ടറി മുതലാളിത്തത്തിന്റെ സൃഷ്ടിയായ പുതിയ തൊഴിലാളിവർഗം കർഷകരുമായി യോജിച്ച് നടത്തിയ പോരാട്ടങ്ങൾ കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നേറ്റത്തിലും പുതിയ കാൽവെപ്പുകളായി മാറി.
1930കളിൽ കേരളത്തിലുടനീളം നിലനിന്ന പട്ടിണിയുടെയും ക്ഷാമത്തിന്റെയും പശ്ചാത്തലത്തിൽ ദേശീയ പ്രസ്ഥാനത്തിനകത്ത് പ്രവർത്തിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകരുടെയും തൊഴിലാളികളുടെയും മറ്റു ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ വ്യാപകമായ സമരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. കോൺഗ്രസിനകത്ത് തന്നെ പ്രവർത്തിച്ച കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയ നേതൃത്വം 1937 മുതൽ രഹസ്യമായി പ്രവർത്തിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ കയ്യിലായിരുന്നു. 1939ൽ രണ്ടാം ലോക യുദ്ധത്തിൽ ഇന്ത്യയെക്കൂടി പങ്കാളിയാക്കിയ ബ്രിട്ടീഷ് നയം ഈ സമര മുന്നേറ്റങ്ങളെ കൂടുതൽ ചടുലമാക്കി. രൂക്ഷമായ വിലക്കയറ്റവും കൊടിയ ക്ഷാമവും സാധാരണജനങ്ങളുടെ സ്ഥിതി കൂടുതൽ ദാരുണമാക്കി. സമ്പത്ത് മുഴുവൻ സെെനികാവശ്യങ്ങൾക്കായി സർക്കാർ ഉപയോഗിച്ചു. പൂഴ്-ത്തിവെപ്പും കരിഞ്ചന്തയും വ്യാപകമായി. ഭക്ഷ്യക്കമ്മിയുള്ള കേരളംപോലുള്ള പ്രദേശത്ത് ഇത് കനത്ത ആഘാതമാണുണ്ടാക്കിയത്. ഈ അവസ്ഥയോട് ഔദ്യോഗിക കോൺഗ്രസ് നേതൃത്വം ശക്തമായി പ്രതികരിച്ചില്ല. യുദ്ധത്തിന് മുൻപും യുദ്ധ പ്രഖ്യാപനത്തിനുശേഷവും കോൺഗ്രസ് സ്വീകരിച്ച ഈ സമീപനത്തോട് ജനങ്ങൾക്കിടയിൽ ശക്തമായ അഭിപ്രായവ്യത്യാസമുണ്ടായി. ഇത് കോൺഗ്രസിനകത്തു കമ്യൂണിസ്റ്റ് ആശയങ്ങളുടെ വളർച്ചയ്ക്ക് പ്രധാന കാരണമായി. അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതൃത്വവും യുദ്ധവിരുദ്ധ മുന്നേറ്റങ്ങളിൽ സജീവ പങ്കുവഹിച്ചില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ശക്തമായ വിചിന്തനം ഉണ്ടായത്. കേരളത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ് സോഷ്യലിസ്റ്റുകാർ രഹസ്യമായി സമ്മേളിക്കുകയും രാഷ്ട്രീയമായ ആശയവ്യക്തത രൂപപ്പെടുത്താനുതകുന്ന ചർച്ചകളും സംവാദങ്ങളും ക്ലാസുകളും സംഘടിപ്പിക്കുകയും ചെയ്തു. ഈ സമരാനുഭവങ്ങളുടെയും ആശയസംവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് വളരെ രഹസ്യമായി 1939 ഡിസംബർ അവസാനം പിണറായി പാറപ്രത്ത് കെ പി ഗോപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഔപചാരികമായി ജന്മമെടുക്കുന്നത്. ഈ വിവരം 1940 ജനുവരി 26ന് ചുവരെഴുത്തിലൂടെയാണ് പരസ്യപ്പെടുത്തിയത്.
ലോകയുദ്ധത്തിൽ ബ്രിട്ടനുമായി സഹകരിക്കാൻ തയ്യാറല്ലെന്ന കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായ സമരമാരംഭിക്കണമെന്ന് കോൺഗ്രസിലെ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർട്ടിയും വാദിച്ചു. പക്ഷേ കോൺഗ്രസ് നേതൃത്വം അതിന് തയ്യാറായില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി സാമ്രാജ്യത്വത്തെ ശക്തമായി എതിർക്കുന്നതിനുപകരം ബ്രിട്ടനോട് ദാസ്യമനോഭാവം പുലർത്തുന്ന സമീപനമാണ് കോൺഗ്രസ് ഒൗദ്യോഗിക നേതൃത്വം പ്രകടിപ്പിച്ചത്. ഈ നയത്തെ ഫലപ്രദമായി എതിർക്കാനുള്ള പരിപാടി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്കും ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് ഇത്തരുണത്തിൽ ശക്തമായ പരിപാടി മുന്നോട്ടുവെച്ച് സാമ്രാജ്യത്വയുദ്ധത്തെ എതിർക്കാൻ തയ്യാറായത്.
സാമ്രാജ്യത്വയുദ്ധത്തിൽ പങ്കെടുക്കുന്നതിന് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയെ ഉപയോഗിച്ച് നടത്തുന്ന ശ്രമങ്ങളെ ഏതു വിധേനയും തടയണമെന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി തന്ത്രങ്ങൾ രൂപപ്പെടുത്തിയത്. 1939ലെ വാർദ്ധാ എഐസിസി യോഗത്തിൽ കമ്യൂണിസ്റ്റ് പ്രതിനിധികൾ അവതരിപ്പിച്ച പ്രമേയത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
മർദ്ദന പ്രതിഷേധ ദിനാചരണം
തൊഴിലാളിസംഘടനകളുടെ ആഹ്വാനപ്രകാരം 1939 ജനുവരി 26ന് (റിപ്പബ്ലിക് ദിനമായി ആചരിക്കുന്ന ദിനം) ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പണിമുടക്ക് നടന്നു. ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ബോംബെയിൽ പണിമുടക്ക് സമരത്തിൽ പങ്കെടുത്തത്. കൽക്കത്ത, അലഹബാദ്, അഹമ്മദാബാദ്, കാൺപൂർ, മദ്രാസ് തുടങ്ങിയ നഗരങ്ങളിലും പണിമുടക്ക് വ്യാപിച്ചു. ബിഹാറിലും മദിരാശിയിലും കർഷകരും വിദ്യാർഥികളും സമരങ്ങളിൽ അണിചേർന്നു. ഈ സമരങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം നൂറ്റിയെൺപതോളം കമ്യൂണിസ്റ്റ് നേതാക്കൾ അറസ്റ്റു ചെയ്യപ്പെട്ടു.
ഈ പശ്ചാത്തലത്തിലാണ് കേരളത്തിലും സമരവേലിയേറ്റങ്ങളുണ്ടായത്. കർഷകരും തൊഴിലാളികളും പണിമുടക്ക് സമരങ്ങളിലേർപ്പെട്ടു. യുദ്ധം വിതച്ച കെടുതികൾക്കെതിരെ വ്യാപക പ്രതിഷേധവും വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്-ത്തിവെപ്പ് തുടങ്ങിയവയ്ക്കെതിരെ ശക്തമായ സമരങ്ങളും വളർന്നുവന്നു. കൂലി കൂടുതലിനുവേണ്ടി തൊഴിലാളികൾ ശബ്ദമുയർത്തുമ്പോൾ തന്നെ സാമ്രാജ്യത്വ യുദ്ധത്തിൽനിന്ന് ബ്രിട്ടൻ പിൻമാറണമെന്ന രാഷ്ട്രീയ മുദ്രാവാക്യവും അവർ ഉയർത്തി. സമരങ്ങൾ ഏകോപിപ്പിക്കാൻ കെ പി ആർ ഗോപാലൻ കൺവീനറായി ഒരു സമിതി മലബാറിൽ രൂപംകൊണ്ടു. സമരം വ്യാപകമായി അടിച്ചമർത്താൻ പൊലീസ് തയ്യാറായപ്പോൾ അതിനെ എന്തുവില കൊടുത്തും ചെറുത്തുതോൽപിക്കാൻ ജനങ്ങൾ മുന്നോട്ടുവന്നു. ഈ പശ്ചാത്തലത്തിലാണ് 1940 സെപ്തംബർ 15ന് മർദ്ദന പ്രതിഷേധദിനമാചരിക്കാൻ ഇടതുപക്ഷ പ്രതിനിധികൾക്ക് ഭൂരിപക്ഷമുണ്ടായിരുന്ന കെപിസിസി തീരുമാനിച്ചത്.
മൊറാഴ, മട്ടന്നൂർ സംഭവങ്ങൾ
മർദ്ദന പ്രതിഷേധ ദിനാചരണം ജില്ലാ മജിസ്ട്രേട്ട് നിരോധിച്ചുവെങ്കിലും നിരോധനാജ്ഞ അവഗണിച്ച് മലബാറിൽ പ്രതിഷേധദിനാചരണം നടന്നു. മൂന്ന് സ്ഥലങ്ങളിൽ ഇത് പൊലീസും ജനക്കൂട്ടവും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിൽ കലാശിച്ചു. മൊറാഴ, മട്ടന്നൂർ, തലശ്ശേരി എന്നിവയായിരുന്നു ആ മൂന്ന് കേന്ദ്രങ്ങൾ. തലശ്ശേരിയിൽ ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിയുതിർക്കുകയും അബു, ചാത്തുക്കുട്ടി എന്നീ യുവാക്കൾ തൽക്ഷണം മരിക്കുകയും ചെയ്തു. മട്ടന്നൂരിൽ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും മൊറാഴയിൽ രണ്ട് പൊലീസുകാരും മരണപ്പെട്ടു.
മൊറാഴയിൽ രണ്ട് പൊലീസുകാരുടെ മരണത്തിൽ കലാശിച്ച സംഭവവികാസങ്ങൾ പിന്നീട് വടക്കേ മലബാറിലുടനീളം വ്യാപകമായ പൊലീസ് നരനായാട്ടിന് വഴിവെച്ചു. കെ പി ആർ ഗോപാലനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. എഐസിസി ഇടപെട്ട് കെപിസിസി പിരിച്ചുവിട്ട് ആന്ധ്രക്കാരനായ നന്ദകോളിയാർ പ്രസിഡന്റായി ഒരു അഡ്ഹോക് കമ്മിറ്റിയെ നിയമിച്ചു.
തലശ്ശേരി സെഷൻസ് കോടതി കെ പി ആറിന് ഏഴുവർഷത്തെ തടവുശിക്ഷയാണ് വിധിച്ചതെങ്കിലും അതിൽ തൃപ്തിവരാത്ത കലക്ടർ ഹെെക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹെെക്കോടതി തികച്ചും രാഷ്ട്രീയമായ ഒരു വിധിയിലൂടെ കെ പി ആറിന് വധശിക്ഷ വിധിച്ചു. പക്ഷേ വ്യാപകമായ ജനരോഷം ഇതിനെതിരെ ഇന്ത്യക്കകത്തും പുറത്തും ഉയർന്നുവന്നു. ബ്രിട്ടീഷ് പാർലമെന്റിലും ഇതിന്റെ അലയൊലികളുണ്ടായി. ഇത് മറ്റൊരു രാഷ്ട്രീയ സമരത്തിന് വഴിയൊരുക്കി. ഗാന്ധിജി, നെഹ്റു, വി വി ഗിരി തുടങ്ങിയ നേതാക്കൾ ഇത്തരമൊരു വിധിക്കെതിരെ ശക്തമായി പ്രതികരിച്ചു. പ്രിവി കൗൺസിലിൽ ഡി എൻ പ്രിട്ട് കെ പി ആറിനുവേണ്ടി വാദിച്ചു. ബ്രിട്ടീഷ് പാർലമെന്റിൽ കമ്യൂണിസ്റ്റ് നേതാവ് ഗല്ലച്ചർ കെ പി ആറിന്റെ വധശിക്ഷക്കെതിരെ ശബ്ദമുയർത്തി. ഈ പശ്ചാത്തലത്തിൽ കെ പി ആറിന്റെ വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റാൻ സാമ്രാജ്യത്വ ഗവൺമെന്റ് നിർബന്ധിതമായി.
ഈ സമരങ്ങൾ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. സ്വാതന്ത്ര്യ സമരം കൂടുതൽ ചടുലമാകുന്നതിന്റെ പരിവർത്തന ഘട്ടമായിരുന്നു ഇത്. തൊഴിലാളികളിലും കർഷകരിലും കൂടുതൽ വർഗബോധം വളർന്നുവരികയും സ്വന്തം അവകാശബോധത്തോടൊപ്പം ഉയർന്ന രാഷ്ട്രീയ ബോധം പ്രകടിപ്പിക്കാൻ അവർ പ്രാപ്തരാവുകയും ചെയ്തതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമായിരുന്നു അത്.
കയ്യൂർ സമരം
കേരളത്തിന്റെ വടക്കേ അറ്റമായ കാസർകോടും ഇക്കാലത്ത് കാർഷിക അസംതൃപ്തിയുടെ കേന്ദ്രമായിരുന്നു. മദ്രാസ് പ്രസിഡൻസിയിലെ സൗത്ത് കാനറ ജില്ലയിൽ ഉൾപ്പെട്ടിരുന്ന ഈ പ്രദേശം പക്ഷേ മലബാറിലെ ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നു. ഇവിടെ സാമ്രാജ്യത്വത്തിന്റെ യുദ്ധക്കൊതിക്കെതിരെയും ജന്മിമാരുടെ പീഡനങ്ങൾക്കെതിരെയും ശക്തമായ ഏറ്റുമുട്ടലുകൾ നടത്തിയ കർഷകർ സെപ്തംബർ 15നെ തുടർന്നുള്ള നരനായാട്ടിനെ ചെറുക്കാൻ സന്നദ്ധരായി. ഈ പശ്ചാത്തലത്തിലാണ് അവിടുത്തെ പ്രാദേശിക കർഷക നേതാക്കളായ ടി വി കുഞ്ഞമ്പു, ടി വി കുഞ്ഞിരാമൻ തുടങ്ങിയവർ അറസ്റ്റു ചെയ്യപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് കയ്യൂർ ഗ്രാമവാസികളായ കർഷകർ ശക്തമായ പ്രകടനം നടത്തി. ഇതിനിടയിൽ പ്രകടനം അടിച്ചമർത്താൻ നിയുക്തനായ ഒരു പൊലീസുകാരൻ ജാഥയുടെ ഇടയിൽവന്നുപെട്ടു. ഭയചകിതനായ ആ പൊലീസുദ്യോഗസ്ഥൻ ആത്മരക്ഷാർത്ഥം കാര്യങ്കോട് പുഴയിലേക്ക് എടുത്തുചാടി. പക്ഷേ തന്റെ ശരീരത്തിലുണ്ടായിരുന്ന കാക്കിവേഷം നീന്തി രക്ഷപ്പെടുന്നതിന് അദ്ദേഹത്തിന് തടസ്സമായി. അങ്ങനെ ആ പുഴയിൽ അയാളുടെ അന്ത്യം സംഭവിച്ചു.
ഇത് പുതിയ നരനായാട്ടിന് വഴിവെച്ചു. കർഷകസംഘത്തോടും കമ്യൂണിസ്റ്റ് പാർട്ടിയോടും കടുത്ത വിദേ-്വഷം പുലർത്തിയ അധികാരികളും ജന്മിമാരും കൊലക്കേസ് രജിസ്റ്റർ ചെയ്ത് വ്യാപകമായി ഗ്രാമങ്ങൾ റെയ്ഡ് ചെയ്തു. കയ്യൂരിൽ സെെ-്വര്യജീവിതം താറുമാറായി. മഠത്തിൽ അപ്പു, പൊടവര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ, കോയിത്താറ്റിൽ ചിരുകണ്ഠൻ, ചൂരിക്കാടൻ കൃഷ്ണൻനായർ എന്നീ അഞ്ചു സഖാക്കൾക്ക് മംഗലാപുരം കോടതി വധശിക്ഷ വിധിച്ചു. ഇതിൽ പ്രായപൂർത്തിയാകാത്തതിനാൽ ചൂരിക്കാടൻ കൃഷ്ണൻനായരെ ദുർഗുണപരിഹാര പാഠശാലയിലേക്ക് അയയ്ക്കാൻ ജഡ്ജി ശുപാർശ ചെയ്തു.
സെപ്തംബർ സമരങ്ങളെന്നപോലെ തന്നെ കയ്യൂർ സമരവും ഇന്ത്യയിലാകമാനം ശ്രദ്ധയാകർഷിച്ചു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടിയും പാർലമെന്റിലെ ലിബറൽ അംഗങ്ങളും കയ്യൂർ സഖാക്കളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ഡി എൻ പ്രിട്ട്, പ്രിവി കൗൺസിലിൽ കയ്യൂർ സഖാക്കൾക്കുവേണ്ടി പ്രതിഫലമില്ലാതെ ഹാജരായി. സാധ്യമായ എല്ലാ ശ്രമങ്ങളും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയെങ്കിലും കയ്യൂർ സഖാക്കളുടെ ജീവൻ രക്ഷിക്കാനായില്ല.
രാജ്യത്തിന്റെ സ്വാതന്ത്ര്യബോധവും ജനിച്ച മണ്ണിനോടുള്ള കൂറും ഉയർത്തിപ്പിടിച്ചുകൊണ്ട് യാതൊരു സങ്കോചവുമില്ലാതെ ധീരരായ നാലു സഖാക്കൾ 1943 മാർച്ച് 29ന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ടു. തൂക്കുമരത്തിലേറുമ്പോഴും തല ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ ഇങ്ക്വിലാബ് സിന്ദാബാദ് ! കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് ! എന്നീ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ മുഴക്കി.
1941ൽ ജനകീയ യുദ്ധ പ്രമേയം കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചു. അതായത്, കോളനിവൽക്കരിക്കപ്പെട്ട ജനതയടക്കം ലോക ജനതയുടെമേലും ജനാധിപത്യ വ്യവസ്ഥയുടെമേലും ഫാസിസം ഉയർത്തിയ ഭീഷണി തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും തയ്യാറാകണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു. ഫാസിസ്റ്റു വിരുദ്ധ നിലപാടുകളിലൂന്നുമ്പോൾ തന്നെ അതിനെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ നടത്തിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടവുമായി പൊരുത്തപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഈ നയം മാറ്റം പാർട്ടിക്കുള്ളിലും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയുണ്ടായി.
1942ൽ പാർട്ടിയുടെ മേലുണ്ടായിരുന്ന നിരോധനം പിൻവലിക്കപ്പെടുകയും ബോംബെയിൽവെച്ച് 1943ൽ ഒന്നാം പാർട്ടി കോൺഗ്രസ് നടത്താൻ കളങ്ങളൊരുക്കുകയും ചെയ്തു. പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട് എന്നിവർ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിനെതിരെയാണ് കോൺഗ്രസ് അവരുടെ രാഷ്ട്രീയ നിലപാട് കരുപ്പിടിപ്പിച്ചത്. ലോകയുദ്ധത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തകർച്ച ഏറെക്കുറെ വ്യക്തമായിരുന്നു. ആ പശ്ചാത്തലത്തിലുള്ള അനുനയചർച്ചകളുടെ ഭാഗമായാണ് ക്രിപ്സ് ദൗത്യമടക്കമുള്ള ചർച്ചകൾ ഉയർന്നുവന്നത്. ഈ സാഹചര്യത്തിൽ അബ്ദുൾ കലാം ആസാദിന്റെ നേതൃത്വത്തിൽ ബോംബെയിൽ ചേർന്ന എഐസിസി സമ്മേളനം ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ആഗസ്ത് പ്രമേയം എന്ന പേരിൽ അത് അറിയപ്പെട്ടു. പ്രമേയം പാസാക്കിയ ഉടൻ തന്നെ ഗാന്ധിജിയും നെഹ്റുവുമടക്കമുള്ള മുതിർന്ന നേതാക്കൾ അറസ്റ്റു ചെയ്യപ്പെട്ടു. തുടർന്ന് സമരം പ്രാദേശിക നേതാക്കളുടെയും കോൺഗ്രസ് സോഷ്യലിസ്റ്റുകാരുടെയും നേതൃത്വത്തിലാണ് നടന്നത്. സമരത്തിന് ഏകോപിതമായ നേതൃത്വം ഇല്ലാതിരുന്നതുകൊണ്ട് അത് പലയിടത്തും പല രൂപത്തിൽ നടന്നു. 1944ൽ ഗാന്ധിജി ജയിലിൽനിന്ന് പുറത്തുവന്നതിനുശേഷവും ശക്തമായ ഒരു സമരം മുന്നോട്ടുകൊണ്ടുപോകുന്നതിനായുള്ള ആഹ്വാനമുണ്ടായില്ല. മറിച്ച് അനുരഞ്ജനത്തിനുള്ള ശ്രമമാണ് ഉണ്ടായത്.
യുദ്ധം വിതച്ച കൊടിയ ദാരിദ്ര്യത്തിൽനിന്നും ക്ഷാമത്തിൽനിന്നും ജനതയെ രക്ഷിക്കാനാവശ്യമായ നിലപാടുകൾ ഇക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകരും തൊഴിലാളികളും യുവാക്കളുടെ സംഘടനകളുമടങ്ങുന്ന വലിയൊരു സന്നാഹം തന്നെ അതിനായി മുൻകയ്യെടുത്തു പ്രവർത്തിച്ചു. ഭക്ഷ്യക്ഷാമത്തെത്തുടർന്ന് കോളറ പോലുള്ള പകർച്ചവ്യാധികളും നാടു മുഴുവൻ പടർന്നുപിടിക്കുകയായിരുന്നു. അതിനെ നേരിടാൻ യാതൊരു സന്നാഹവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊള്ളുമ്പോഴും നിലം തരിശിടുന്നതിനെ സർക്കാർ എതിർത്തില്ല. അതിനെതിരെ കർഷകർ സംഘടിക്കുകയും മലബാറിന്റെ പല ഭാഗങ്ങളിലും തരിശുഭൂമിയിൽ കൃഷിയിറക്കാൻ ജനങ്ങൾ ശ്രമിച്ചു. കുപ്രസിദ്ധ ജന്മിയായ കരിക്കാട്ടിടം നായനാരുടെ തരിശുഭൂമിയിൽ കൃഷിയിറക്കാനെത്തിയ ജനങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചോടിക്കാൻ ജന്മി തയ്യാറായി. പക്ഷേ കർഷക മുന്നേറ്റത്തിനുമുന്നിൽ ജന്മിക്ക് അടിയറവ് പറയേണ്ടിവന്നു. പഴയ കുറുമ്പ്രനാട് താലൂക്കിലെ കൂത്താളിയിൽ ജന്മിയുടെ വകയായ ആയിരക്കണക്കിന് ഏക്കർ സ്ഥലം ജന്മിയുടെ മരണത്തോടെ സർക്കാരിൽ നിക്ഷിപ്തമായി. അവിടെ കർഷകർ ആവശ്യപ്പെട്ടിട്ടും കൃഷി ചെയ്യാൻ സർക്കാർ അനുവദിച്ചില്ല. കൂത്താളി കൃഷിക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ടുകൊണ്ട് കർഷകർ അവിടെ മഹാസമ്മേളനം നടത്തി. കർഷകസംഘം നേതാക്കൾ പങ്കെടുത്ത ആ സമ്മേളനം വർഷങ്ങളോളം നീണ്ടുനിന്ന സമരത്തിന് തിരികൊളുത്തി.
കണ്ണോങ്കായൽ സമരം
കൂടുതൽ ഭക്ഷേ–്യാൽപ്പാദനമെന്ന ആശയവുമായി ജനങ്ങളെ സംഘടിപ്പിച്ച് 1942നുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ നിരവധിയാണ്. മാങ്ങാട്ട് പറമ്പ്, പരിയാരം, തോലമ്പ്ര തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. കണ്ണോങ്കായൽ സമരം ഇക്കൂട്ടത്തിൽ ഏറെ പ്രസിദ്ധമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊന്നാനി താലൂക്ക് സെക്രട്ടറിയായിരുന്ന എ കെ രാഘവൻ കൂടല്ലൂർ മനക്കാരിൽനിന്നും കണ്ണോങ്കായൽ പാടം ഏറ്റുവാങ്ങി. കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് അരയേക്കർ മുതൽ ഒരേക്കർ വരെ പതിച്ചുനൽകി. വെള്ളം പമ്പുവെച്ച് വറ്റിച്ച് കൃഷിക്കുപയുക്തമാക്കി. പട്ടിണിക്കെതിരായ ചെറുത്തുനിൽപ്പിന്റെ ഏറ്റവും പ്രധാന ഉദാഹരണമാണ് കണ്ണോങ്കായൽ സമരം. കൊച്ചിയിലെയും തിരുവിതാംകൂറിലെയും കർഷകസംഘടനകളും ഇക്കാലത്ത് നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ആനമല കൂട്ടുകൃഷി പരസ്പര സഹായ സഹകരണസംഘം.
തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള ശ്രമങ്ങളും കൂട്ടുകൃഷിയും ഒരു ഭാഗത്ത് നടക്കുമ്പോൾതന്നെ കർഷകരെ കടക്കെണിയിൽനിന്ന് രക്ഷിക്കാനും ഭക്ഷ്യധാന്യങ്ങൾ ന്യായവിലയ്ക്ക് വിതരണം ചെയ്യാനുമായി നൂറിലധികം സഹകരണ സംഘങ്ങളും ഇക്കാലത്ത് രൂപീകരിക്കപ്പെട്ടു. ഉൽപ്പാദകരുടെയും ഉപഭോക്താക്കളുടെയും സഹകരണസംഘങ്ങൾ എന്നറിയപ്പെട്ട ഈ സ്ഥാപനങ്ങൾ ക്ഷാമത്തിന്റെ പിടിയിൽനിന്ന് ജനങ്ങളെ മോചിപ്പിക്കുന്ന ജനകീയ ഉപകരണങ്ങളായി മാറി. അതോടൊപ്പം ഐക്യനാണയ സംഘങ്ങൾ എന്ന പേരിൽ കടക്കെണിയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുതകുന്ന ജനകീയ ബാങ്കിങ് സംവിധാനവും രൂപീകരിക്കപ്പെട്ടു. ഈ സൊസെെറ്റികളുടെ നേതൃത്വത്തിൽ തന്നെയാണ് അനൗദ്യോഗിക റേഷനിങ് സമ്പ്രദായം നടപ്പിലാക്കിയത്.
ജനകീയ കൂട്ടായ്മകൾ
ഇക്കാലത്തെ പ്രവർത്തനങ്ങളുടെ മറ്റൊരു പ്രധാന മുഖം വ്യാപകമായ പകർച്ചവ്യാധിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ജനകീയ കൂട്ടായ്മയാണ്. എല്ലാ സർക്കാർ സംവിധാനങ്ങളും സമ്പത്തും യുദ്ധത്തിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ അനാഥമായത് പാവപ്പെട്ട ജനതയാണ്. പകർച്ചവ്യാധിനടമാടുമ്പോൾ ആശുപത്രികളോ ഡോക്ടർമാരോ ആവശ്യത്തിനുള്ള മരുന്നോ ലഭ്യമായിരുന്നില്ല. ഈ അവസ്ഥയ്-ക്ക് പരിഹാരമുണ്ടാക്കാൻ പാർട്ടിയുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ ഗ്രാമഗ്രാമാന്തരങ്ങളിൽ പ്രവർത്തിക്കുകയും ആവശ്യമായ ശുശ്രൂഷകൾ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തു. കോളറ, വസൂരി തുടങ്ങിയ പകർച്ചവ്യാധികളെ നിയന്ത്രിക്കാനും ചെറുക്കാനുമുള്ള ഈ ജനകീയ ക്യാമ്പയിൻ തികച്ചും മാത്യകാപരമായിരുന്നു.
ലോകയുദ്ധ കാലത്തുതന്നെ കൊച്ചിയിലും തിരുവിതാംകൂറിലും രാജാക്കന്മാരുടെ ഭരണത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ശക്തമായ സമരങ്ങൾ നടന്നു. കൊച്ചി രാജ്യത്തിൽപ്പെട്ട എറണാകുളം, ആമ്പല്ലൂർ, ചാലക്കുടി എന്നീ സ്ഥലങ്ങളിൽ വില നിയന്ത്രണ സമ്മേളനങ്ങൾ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൻ സംഘടിപ്പിക്കപ്പെട്ടു. വിലക്കയറ്റത്തിനെതിരെ ശക്തമായ പണിമുടക്ക് സമരങ്ങളും നടന്നു. ഇക്കാലത്ത് കൊച്ചി ഗവൺമെന്റ് അഴിച്ചുവിട്ട കിരാതമർദ്ദനത്തെ അതിജീവിച്ചുകൊണ്ടാണ് അന്തിക്കാട്ടെ ചെത്തുതൊഴിലാളികൾ ട്രേഡ് യൂണിയൻ കെട്ടിപ്പടുത്തത്. സാധനവില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഇക്കാലത്ത് അമ്പലപ്പുഴ– ചേർത്തല പ്രദേശങ്ങളിൽ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ നടത്തിയ സമരങ്ങളും വളരെ ശക്തമായിരുന്നു. കുട്ടനാട്ടിലെ കർഷകത്തൊഴിലാളി പ്രസ്ഥാനം രൂപമെടുത്തതും ഇക്കാലത്താണ്. ആലുവ, ആലപ്പുഴ, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലെ കയർ തൊഴിലാളികളും തിരുവിതാംകൂറിലെ തോട്ടം തൊഴിലാളികളും സമരങ്ങളുമായി മുന്നേറിയതും ഇതേ കാലത്തുതന്നെ ആയിരുന്നു.
തിരുവിതാംകൂറിൽ വ്യാപകമായ പട്ടിണിയെ നേരിടാൻ രാജഭരണത്തിൽ യാതൊരു പോംവഴിയും കാണാത്ത പരിതഃസ്ഥിതിയിലാണ് കമ്യൂണിസ്റ്റ് പാർട്ടി പൂഞ്ഞാറിൽനിന്ന് താലൂക്ക് ആസ്ഥാനമായ പാലായിലേക്ക് പട്ടിണി ജാഥ നടത്താൻ തീരുമാനിച്ചത്. തലേദിവസം ജാഥാംഗങ്ങൾക്ക് പാർട്ടി സെക്രട്ടറി പി ടി പുന്നൂസ് ക്ലാസെടുത്തു. ജാഥ പുറപ്പെട്ടപ്പോൾ പൊലീസ് പിന്തുടർന്ന് ജാഥാംഗങ്ങളെ അറസ്റ്റുചെയ്യുകയും നിരവധി ലോക്കപ്പുകളിൽ മാറിമാറി പാർപ്പിച്ച് ഭീകരമായി മർദ്ദിക്കുകയും ചെയ്തു.
യുദ്ധമവസാനിച്ചശേഷവും ജനങ്ങളുടെ ദുരിതങ്ങൾക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. അതുകൊണ്ടുതന്നെ 1945ന് ശേഷം മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ഒരു പോലെ ശക്തമായ സമരങ്ങൾ പാർട്ടിയുടെ നേതൃത്വത്തിൽ വ്യാപിക്കുന്നത് കാണാം. ആത്യന്തിക സമരത്തിലേക്ക് മുന്നേറുകയെന്ന 1946ലെ (ആഗസ്ത് 5 ) പാർട്ടി പ്രമേയമനുസരിച്ച് കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുവാൻ പാർട്ടി തയ്യാറായി. 1921ൽ ജന്മിത്തത്തിനെതിരെ കലഹിച്ച മാപ്പിള കർഷകരോട് ഈ ഘട്ടത്തിൽ സമരത്തിലേർപ്പെടണമെന്ന് ആഹ്വാനം ചെയ്തു. ഇ എം എസ് എഴുതിയ ‘ആഹ്വാനവും താക്കീതും’ എന്ന ലഘുലേഖ ഇൗയൊരു സാഹചര്യത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത‍്. അഖിലേന്ത്യാ തലത്തിൽ ഇക്കാലത്തുണ്ടായ മാറ്റങ്ങളും കേരളത്തിലെ സമരങ്ങളെ ത്വരിതപ്പെടുത്തി. റോയൽ ഇന്ത്യൻ നേവിയിലെ കലാപങ്ങളും ബോംബെയിലെയും കൽക്കട്ടയിലെയും തൊഴിലാളി സമരങ്ങളും ഇതിൽ പ്രധാനമാണ്. മലബാറിൽ ഭൂവുടമകൾക്കും കൊച്ചിയിലും തിരുവിതാംകൂറിലും ദിവാൻ ഭരണത്തിനെതിരെയും ശക്തമായ മുന്നേറ്റങ്ങൾ ഈ പശ്ചാത്തലത്തിലാണ് നടക്കുന്നത്. തിരുവിതാംകൂറിലെ പുന്നപ്ര–വയലാർ സമരം, മലബാറിലെ കരിവെള്ളൂർ – കാവുമ്പായി –കണ്ടക്കെെ സമരങ്ങൾ, ആറോൺമിൽ സമരം തുടങ്ങിയവ ഇക്കാലത്തെ പ്രധാനപ്പെട്ട ജനകീയ സമരങ്ങളാണ്.
പുന്നപ്ര–വയലാർ സമരം
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അതുല്യമായ ഇതിഹാസമാണ് പുന്നപ്ര– വയലാർ സമരം. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ തിരുവിതാംകൂറിലെ തൊഴിലാളികൾ സ്വന്തം ജീവൻ നൽകിയ ഈ സമരം ഇന്ത്യാ ചരിത്രത്തിലെതന്നെ അനശ്വരസ്മരണകളിലൊന്നാണ്.
1946 ആകുമ്പോഴേക്കും ചേർത്തലയിൽ മാത്രം പതിനൊന്നോളം ട്രേഡ് യൂണിയനുകൾ രൂപം കൊണ്ടിരുന്നു. ആലപ്പുഴയുടെ മറ്റ് മേഖലകളിലും ട്രേഡ് യൂണിയനുകളും കർഷകത്തൊഴിലാളി സംഘടനയും ശക്തി പ്രാപിച്ചു. സി പി രാമസ്വാമി അയ്യർ എന്ന ദിവാന്റെ ഏകാധിപത്യത്തിനെതിരെ സദാ ശബ്ദമുയർത്തിയ കമ്യൂണിസ്റ്റ് പാർട്ടി സ്വതന്ത്ര തിരുവിതാംകൂർ എന്ന അദ്ദേഹത്തിന്റെ ആശയത്തെ നഖശിഖാന്തം എതിർത്തു. മഹാരാജാവിനെ നോക്കുകുത്തിയാക്കി ദിവാൻ സർവസെെന്യാധിപനായി. 1946 ജനുവരി 15നാണ് ദിവാൻ സ്വതന്ത്ര തിരുവിതാംകൂറിൽ നടപ്പാക്കാനുദ്ദേശിക്കുന്ന അമേരിക്കൻ മോഡൽ ഭരണഘടനയുടെ കരട് പുറത്തിറക്കിയത്. ഇതിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ശക്തമായ പ്രക്ഷോഭത്തിന് തിരികൊളുത്തി. രാജഭരണവും ദിവാൻ ഭരണവും അവസാനിപ്പിച്ച് ജനാധിപത്യ ഇന്ത്യയുടെ ഭാഗമാകാൻ പാർട്ടി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിലാകമാനം ശക്തമായ സമരങ്ങൾ നടന്നു. പലയിടങ്ങളിലും പൊലീസ് ക്യാമ്പ് ചെയ്തു. ജനങ്ങൾക്കെതിരെ നായാട്ട് നടത്തുന്ന പൊലീസ് ക്യാമ്പിനെതിരെ ജനങ്ങൾ തിരിഞ്ഞു. ഒക്ടോബർ 24ന് ഉച്ചയ്ക്ക് നിരവധി ജാഥകൾ പുന്നപ്ര പൊലീസ് ക്യാമ്പിലേക്ക് നീങ്ങി. പി കെ ചന്ദ്രാനന്ദന്റെ നേതൃത്വത്തിൽ ജനങ്ങൾ ക്യാമ്പ് വളഞ്ഞു. പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തു. 29 സമരഭടന്മാരും 9 പൊലീസുകാരും മരിച്ചുവീണു. പിറ്റേന്ന് പട്ടാളം മൃതദേഹങ്ങൾ വലിയചുടുകാട്ടിൽ എത്തിച്ചു. മൃതപ്രായരായി കിടന്നവരെ മണ്ണെണ്ണയൊഴിച്ചും വിറക് കൂട്ടിയും കത്തിച്ചു. ഒക്ടോബർ 25ന് അമ്പലപ്പുഴ–ചേർത്തല താലൂക്കുകളിൽ പട്ടാള ഭരണം പ്രഖ്യാപിച്ചു. പട്ടാളം നിരവധി സ്ഥലങ്ങളിൽ സമര സഖാക്കളുമായി ഏറ്റുമുട്ടി. പല സഖാക്കളും മരിച്ചു വീണു. ഒക്ടോബർ 27ന് വയലാറിലെ സമര സഖാക്കളുടെ ക്യാമ്പിന് നേരെ വെടിവെപ്പുണ്ടായി. നാനൂറോളം വരുന്ന സമരസഖാക്കൾക്കുനേരെ പൊലീസുകാർ നിരന്തരമായി വെടിയുതിർത്തു. നൂറ് കണക്കിനാളുകൾ അവിടെത്തന്നെ തൽക്ഷണം മരിച്ചു. വയലാറിന്റെ പല ഭാഗങ്ങളിലുമുള്ള ക്യാമ്പുകൾ പൊലീസ് തകർത്തു. ജനങ്ങൾ ശക്തമായി ചെറുത്തുനിന്നെങ്കിലും പട്ടാളത്തിന്റെ ആയുധശക്തിക്കുമുന്നിൽ അവർ രക്തസാക്ഷികളായി. പി കെ ചന്ദ്രാനന്ദൻ, സി കെ കുമാരപണിക്കർ, കെ സി ജോർജ്, കെ വി പത്രോസ്, സി ജി സദാശിവൻ, ടി വി തോമസ്, സെെമൺ ആശാൻ, ആർ സുഗതൻ, വി എസ് അച്യുതാനന്ദൻ തുടങ്ങി നിരവധി സഖാക്കൾ നേതൃത്വം നൽകിയ പുന്നപ്ര – വയലാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്.
കരിവെള്ളൂർ സമരം
ഭക്ഷ്യക്കമ്മി നേരിട്ടിരുന്ന ചിറയ്ക്കൽ താലൂക്കിലെ പയ്യന്നൂരിനടുത്തുള്ള ഗ്രാമമായ കരിവെള്ളൂരിലെ കർഷകർ കൂടുതലും ചിറയ്-ക്കൽ രാജാവിന്റെ കുടിയാന്മാരായിരുന്നു. രാജാവ് പാട്ടമായി പിരിച്ച നെല്ല് ഈ ക്ഷാമകാലത്തും അവിടെ നിന്ന് കടത്തിക്കൊണ്ട് പോകാൻ നിശ്ചയിച്ചു. ജനങ്ങൾ അറിഞ്ഞാൽ ചെറുക്കുമെന്നുള്ളതുകൊണ്ട് എം എസ് പിയുടെ സഹായത്തോടെ ധിക്കാരപരമായി കടത്തിക്കൊണ്ട് പോകാൻ തന്നെ ചിറക്കൽ രാജാവ് തീരുമാനമെടുത്തു. എന്തിനെയും നേരിടാൻ കർഷക വളണ്ടിയർമാർ തീരുമാനിച്ചു. 1946 ഡിസംബർ 20ന് രാവിലെ 45 പേരുള്ള ഒരു പ്ലാറ്റൂൺ എം എസ് പിയും തൊണ്ണൂറ് പോലീസുകാരും സ്ഥലത്തെത്തി. കരിവെള്ളൂരിലും ചുറ്റുമുള്ള പ്രദേശങ്ങളിലും വാർത്ത പരന്നു. കർഷകർ നാലു ഭാഗത്തുനിന്നും ഓടിയടുത്തു. എ വി കുഞ്ഞമ്പു, പി കുഞ്ഞിരാമൻ, കെ കൃഷ്ണൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ കർഷകർ ചെറുത്തുനിൽപ്പ് ആരംഭിച്ചു. പൊലീസ് ജനക്കൂട്ടത്തിനുനേരെ വെടിയുതിർത്തു. തിടിൽ കണ്ണൻ, കീനേരി കുഞ്ഞമ്പു എന്നീ സഖാക്കൾ അവിടെത്തന്നെ രക്തസാക്ഷികളായി. സഖാവ് എ വി കുഞ്ഞമ്പുവിനെ അറസ്റ്റുചെയ്ത് കഠിനമായി മർദ്ദിക്കുകയും അദ്ദേഹം ഉൾപ്പെടെ 196 പേരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കാവുമ്പായി സമരം
പുനം കൃഷി ചെയ്യാനായി തയ്യാറായ ഇരിക്കൂറിനടുത്തുള്ള കാവുമ്പായിയിലെ കർഷകരെ 1946 ഡിസംബർ 30ന് പൊലീസ് വളഞ്ഞു. കാവുമ്പായി കുന്നിൽ കൃഷി ചെയ്യുമെന്ന് ശപഥം ചെയ്ത കർഷകസംഘം നേതാക്കളെയും പ്രവർത്തകരെയും പുറത്തുപോകാൻ കഴിയാത്ത വിധത്തിൽ വലയംചെയ്ത് എം എസ് പിക്കാർ വെടി മുതിർക്കുകയായിരുന്നു. പി കുമാരൻ, മഞ്ഞേരി ഗോവിന്ദൻ നമ്പ്യാർ, തെങ്ങിൽ അപ്പനമ്പ്യാർ, ആലോറമ്പൻ കൃഷ്ണൻ എന്നീ സഖാക്കൾ അവിടെത്തന്നെ മരിച്ചുവീണു. തുടർന്ന് പുളുക്കൂൽ കൃഷ്ണൻ എന്ന സഖാവിനെ തോക്കിൻ ചട്ടകൊണ്ട് അടിച്ച് കൊലപ്പെടുത്തി. കേസിൽ പ്രതികളായി ജയിലിൽ കഴിയവേ സേലം ജയിൽ വെടിവെപ്പിൽ സഖാക്കൾ തളിയൻ രാമൻ നമ്പ്യാർ, ഒ വി അനന്തൻ നമ്പ്യാർ എന്നിവരും രക്തസാക്ഷികളായി.
1947ൽ ഇന്ത്യ സ്വതന്ത്രമായെങ്കിലും സാമ്രാജ്യത്വവിരുദ്ധവും ജന്മിത്തവിരുദ്ധവുമായ സമരങ്ങളുടെ പശ്ചാത്തലത്തിൽ അറസ്റ്റുചെയ്യപ്പെട്ട പലരും മോചികപ്പിക്കപ്പെട്ടില്ല. എ കെ ജിയെ പ്പോലെ പല കമ്യൂണിസ്റ്റ് നേതാക്കളും ഈ സമയത്തും ജയിലിൽ കഴിയുകയായിരുന്നു. ഒളിവിൽനിന്ന് പുറത്തുവന്ന പലരും ആഗസ്ത് 15ന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുകൊണ്ടു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും അനുഭവങ്ങൾ അവരെ മറ്റൊരു സമരത്തിലേക്ക് തള്ളിവിട്ടു.
1948ൽ കൽക്കട്ടയിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസിൽ നടത്തിയ ആഹ്വാനപ്രകാരം ബൂർഷ്വാ–ഭൂപ്രഭു ഭരണകൂടത്തിനെതിരെയുള്ള ശക്തമായ സമരാഹ്വാനം കമ്യൂണിസ്റ്റ് പാർട്ടിയെ മർദ്ദിച്ചൊതുക്കാനുള്ള ഭരണകൂട ശ്രമങ്ങൾളെ കൂടുതൽ തീവ്രമാക്കി. ഇന്ത്യയിലെമ്പാടുമെന്നതുപോലെ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ മർദ്ദിച്ചും വെടിയുതിർത്തും നശിപ്പിക്കാൻ പൊലീസും ഗുണ്ടകളും ശ്രമങ്ങളാരംഭിച്ചു.
തില്ലങ്കേരി, കോറോം, പായം സമരങ്ങൾ
വടക്കേ മലബാറിൽ പല സ്ഥലങ്ങളിലും ഇക്കാലത്ത് ഭക്ഷ്യക്ഷാമം കൊടുമ്പിരികൊള്ളുകയായിരുന്നു. അതിന്റെ ഫലമായി കരിഞ്ചന്തയും പൂഴ്-ത്തിവെപ്പും വ്യാപകമായി അരങ്ങേറി. ഇതിനെതിരെ കർഷക വളണ്ടിയർമാർ രംഗത്തുവന്നു. ഇത് പല സ്ഥലങ്ങളിലും വെടിവെപ്പിനും ലോക്കപ്പ് മർദ്ദനങ്ങൾക്കും കാരണമായി. 1948 ഏപ്രിൽ 14ന് നടന്ന കോ റോം കർഷകമുന്നേറ്റമാണ് ഇതിന് തുടക്കം കുറിച്ചത്. സ്ഥലത്തെ കർഷക നേതാവായ കുഞ്ഞിക്കണ്ണൻ നമ്പ്യാരെ അറസ്റ്റ് ചെയ്തപ്പോൾ കർഷകർ അവിടേക്ക് മാർച്ചുചെയ്തു. പൊലീസ് വെടിവെക്കുകയും ബി പൊക്കൻ എന്ന കർഷകൻ തൽക്ഷണം മരിക്കുകയും ചെയ്തു. കെ രാമൻ, കെ അമ്പു, എം കുഞ്ഞമ്പു എന്നീ സഖാക്കളെ ലോക്കപ്പിലിട്ട് മർദ്ദിച്ചുകൊന്നു. തില്ലങ്കേരിയിൽ പന്ത്രണ്ട് സഖാക്കളാണ് രക്തസാക്ഷികളായത്. പായം സമരത്തിൽ അഞ്ച് കർഷക സഖാക്കൾ രക്തസാക്ഷികളായി. ഇരുപത്തിരണ്ട് കർഷകരുടെ വീടുകൾ ചുട്ടുകരിച്ചു.
ഒഞ്ചിയം, മുനയൻകുന്ന് സമരങ്ങൾ
ഒഞ്ചിയത്ത് എട്ട് സഖാക്കളാണ് രക്തസാക്ഷികളായത്. മുനയൻകുന്നിൽ ആറ് കർഷകർ രക്തസാക്ഷികളായി. ഇക്കാലത്ത് പൊലീസ് ലോക്കപ്പിൽ കിടന്ന് പതിനാറ് സഖാക്കൾ രക്തസാക്ഷികളായിട്ടുണ്ട്. പല കേസിലും പ്രതിപ്പട്ടികയിലുൾപ്പെട്ടവരെ പാർപ്പിച്ച സേലം ജയിലിൽ 1950 ഫെബ്രുവരി 11 ന് നടന്ന മൃഗീയമായ വെടിവെപ്പിൽ 22 പേരാണ് രക്തസാക്ഷികളായത്. സി കണ്ണൻ, കാന്തലോട്ട് കുഞ്ഞമ്പു, എം കണാരൻ, സ്റ്റാലിൻ ബാലൻ, കെ കൃഷ്ണൻ മാസ്റ്റർ തുടങ്ങിയ സഖാക്കൾ വെടിവെപ്പിൽ മരണപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടവരാണ്.
ഇക്കാലത്ത് രാവും പകലും കമ്യൂണിസ്റ്റ് കേന്ദ്രങ്ങളിൽ പൊലീസ് നരനായാട്ട് നടത്തുകയായിരുന്നു. സെെ-്വര്യമായി ജീവിക്കാൻ മനുഷ്യരെ അനുവദിച്ചിരുന്നില്ല. ഏത് സമയത്തും ഏറ്റവും ക്രൂരമായ പൊലീസ് നായാട്ടിന് വിധേയരാകാം എന്ന അവസ്ഥ ഭീകരതയുടെ അന്തരീക്ഷം സൃഷ്ടിച്ചു. ഇത്തരം ഭീകര ഭരണത്തിന്റെ ഒരു മുഖമാണ് പാടിക്കുന്ന് വെടിവെപ്പിലൂടെ അവർ കാട്ടിക്കൊടുത്തത്. 1950 മെയ് 3ന് ജയിലിലും പൊലീസ് ലോക്കപ്പിലും കഴിയുകയായിരുന്ന കയരളത്തെ കെ കെ രയിരു നമ്പ്യാർ, കമ്മാട്ടുമ്മൽ കുട്ട്യപ്പ, മഞ്ഞേരി ഗോവിന്ദൻ നമ്പ്യാർ എന്നിവരെ ക്രൂരതയ്-ക്ക് പേരുകേട്ട സബ് ഇൻസ്പെക്ടർ റേയുടെ നിർദേശപ്രകാരം കണ്ണൂരിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള പാടിക്കുന്ന് എന്ന വിജനമായ സ്ഥലത്ത് കൊണ്ടുപോയി അർദ്ധരാത്രിയിൽ വെടിവച്ചുകൊന്നു. ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക് ആയതിന് ശേഷവും കോൺഗ്രസ് ഭരണത്തിൻ കീഴിൽ കമ്യൂണിസ്റ്റുകാർക്കെതിരെ നടന്ന ക്രൂരതയുടെ ഏറ്റവും നല്ല നിദർശനമാണിത്. അതുപോലെതന്നെ ക്രൂരമായിരുന്നു പ്രഗത്ഭനായ കോൺഗ്രസ് നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രകാരനും പണ്ഡിതനും കേരളത്തിൽ പ്രസ്ഥാനത്തെ വളർത്തിയ നേതാക്കളിലൊരാളുമായ മൊയാരത്ത് ശങ്കരന്റെ രക്തസാക്ഷിത്വം. 1948 മെയ് 13ന് കണ്ണൂരിനടുത്തുവെച്ച് വീട്ടിലേക്ക് നടന്നുപോകവെ, അദ്ദേഹത്തെ പിടികൂടി വഴിയിലും പൊലീസ് ലോക്കപ്പിലുംവെച്ച് മൃഗീയമായി മർദ്ദിച്ച് കൊല്ലുകയാണുണ്ടായത്. മൊയാരത്തിന്റെ രക്തസാക്ഷിത്വം സകലരേയും ഞെട്ടിക്കുന്നതായിരുന്നു. അതുപോലെതന്നെ ശ്രദ്ധ നേടിയ മറ്റൊരു രക്തസാക്ഷിത്വമാണ് നാട്ടികയിലെ സഖാവായിരുന്ന സർദാർ ഗോപാലകൃഷ്ണന്റേത്. ഇന്ത്യ റിപ്പബ്ലിക് ആയ അതേ ദിനത്തിൽ 1950 ജനുവരി 26ന് വലപ്പാട് ലോക്കപ്പിൽ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റാണ് അദ്ദേഹം രക്തസാക്ഷിയായത്.
ശൂരനാട് സമരം
കൊല്ലത്തിനടുത്ത് ശൂരനാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ മീൻ പിടിക്കാനുള്ള അവകാശം ഇല്ലാതാക്കാൻ സ്ഥലത്തെ പ്രമാണിയും ജന്മിയും തീരുമാനിച്ചപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി അതിനെതിരെ ശക്തമായി നിലകൊണ്ടു. ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങി. ശൂരനാട് ഗ്രാമം പൊലീസുകാരെക്കൊണ്ട് നിറഞ്ഞു. ഇരുന്നൂറോളം പൊലീസുകാരും എട്ടു പത്ത് വാഹനങ്ങളും അവിടെ റോന്തുചുറ്റി. അവിടുത്തെ സ്ത്രീകളുടെടെയും പുരുഷന്മാരുടെയും കുഞ്ഞുങ്ങളുടെയും നിലവിളികളായിരുന്നു പിന്നീട് കേട്ടത്. പക്ഷേ എല്ലാ ഭീഷണികളെയും അതിജീവിക്കാൻ പാർട്ടി തീരുമാനിച്ചു. തണ്ടാശ്ശേരി രാഘവൻ, പായിക്കാലിൽ ഗോപാലപിള്ള, പുരുഷോത്തമക്കുറുപ്പ്, പായിക്കാലിൽ രാമൻനായർ, കുഞ്ഞച്ചൻ എന്നീ സഖാക്കൾ രക്തസാക്ഷികളായി.
നിരവധി സംഭവങ്ങൾ ഇതിനിടയിൽ നടന്നു. ക്രൂരമായ മർദ്ദനങ്ങളും വെടിവെപ്പും പീഡനങ്ങളും സഹിച്ചാണ് 1940 മുതൽ 1952 വരെയുള്ള പാർട്ടിയുടെ മുന്നേറ്റം. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം, കൂത്താട്ടുകുളം സമരം, അന്തിക്കാട്ടെ ചെത്തുതൊഴിലാളി സമരം, പീരുമേട്ടിലെ തോട്ടംതൊഴിലാളി സമരം തുടങ്ങി നിരവധി സമരങ്ങൾ ആയിരക്കണക്കിന് സ‍്ത്രീ പുരുഷന്മാർ അണിനിരന്ന് നടത്തിയതായി കാണാം. ഇക്കാലത്തെ സമരങ്ങളുടെ ഏറ്റവും പ്രധാന പ്രത്യേകത അധ്വാനിച്ച് ജീവിക്കാനുള്ള മനുഷ്യന്റെ പ്രാഥമിക അവകാശം സംരക്ഷിക്കുകന്നതിനു വേണ്ടിയുള്ളാതായിരുന്നു. അതോടൊപ്പം സമൂഹത്തിന്റെ ജനാധിപത്യാവകാശം ഉയർത്തിപ്പിടിക്കാൻ ഒരു ജനതയെ സജ്ജരാക്കിയെന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്ത ഏറ്റവും പ്രധാന കടമ. ഇത് അവകാശബോധമുള്ള, സമരസജ്ജരായ, രാഷ്ട്രീയ ബോധ്യമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചു. നീണ്ടുനിന്ന സമരത്തിന്റെയും സഹനത്തിന്റെയും അതിജീവന മാതൃകകളുടെയും ആകെത്തുകയാണ് പിൽക്കാല കേരളം. l