Sunday, April 6, 2025

ad

Homeകവര്‍സ്റ്റോറിഐക്യകേരള പ്രസ്ഥാനവും 
കമ്യൂണിസ്റ്റ് പാർട്ടിയും

ഐക്യകേരള പ്രസ്ഥാനവും 
കമ്യൂണിസ്റ്റ് പാർട്ടിയും

ഡോ. എ.വത്സലൻ

സ്വാതന്ത്ര്യ സമരത്തോടൊപ്പം തന്നെ ഇന്ത്യയിൽ ഭാഷാസംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള പ്രസ്ഥാനവും വളർന്നുവന്നു. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഒരു ദശകക്കാലം ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നമായി മാറിയത് സംസ്ഥാന പുനഃസംഘടനയായിരുന്നു. നാട്ടുരാജ്യങ്ങളെയെല്ലാം ഇന്ത്യൻ യൂണിയനിൽ ചേർത്തെങ്കിലും അവയിൽ ഭൂരിപ ക്ഷവും പൂർണ്ണമായ അവകാശങ്ങളില്ലാത്ത പാർട്ട് ബി, സി സംസ്ഥാനങ്ങളായാണ് നിലനിന്നത്. നേരിട്ട് ബ്രിട്ടീഷ് ഭരണത്തിലുണ്ടായിരുന്ന പ്രവിശ്യകൾ പാർട്ട് എ സംസ്ഥാനങ്ങളായി. ഇവ തമ്മിലുള്ള അസന്തുലിതാവസ്ഥകൾ പ്രധാന ചർച്ചാവിഷയമായി. ഭാഷാസംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ കമ്യൂണിസ്റ്റ് പാർട്ടി സവിശേഷമായ പങ്കാണ് വഹിച്ചത്.

കൊളോണിയൽ കാലത്തെ ബഹുഭാഷാ പ്രവിശ്യകൾക്കുപകരം സ്വതന്ത്ര ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളാണ് നിലവിൽവരേണ്ടതെന്ന ഉറച്ച നിലപാടാണ് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചത്. “മലയാളികൾ, തമിഴർ, ആന്ധ്രക്കാർ മുതലായ ഇന്ത്യയിലെ വിവിധ ഭാഷാവിഭാഗങ്ങൾക്ക് അവരുടേതായ സംസ്ഥാനങ്ങൾ രൂപീകരിച്ചുകിട്ടുകയും കേരളത്തെപ്പോലുള്ള പിന്നണി പ്രദേശങ്ങൾക്ക് അതിവേഗം വികസിക്കാനുള്ള സൗകര്യങ്ങളുണ്ടാക്കുകയും ചെയ്താൽ മാത്രമേ സാമ്രാജ്യാധിപത്യത്തിന്റേയും ഫ്യൂഡലിസത്തിന്റേയും അവശിഷ്ടങ്ങൾ തുടച്ചുനീക്കുന്നതിനും പരിപൂർണ്ണജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും വേണ്ടിയുള്ള സമരത്തിൽക്കൂടി ഇന്ത്യൻ ജനതയുടെ ഐക്യം ഉറപ്പിക്കാൻ കഴിയുകയുള്ളൂ എന്നും പാർട്ടി നിലപാടെടുത്തു.

നവോത്ഥാനം, ദേശീയപ്രസ്ഥാനം, ഇടതുപക്ഷപ്രസ്ഥാനം എന്നിവയിൽനിന്നും ഊർജ്ജമുൾക്കൊണ്ടാണ് ഐക്യകേരള പ്രസ്ഥാനം മുന്നേറിയത്. തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിലും ബ്രിട്ടീഷ് മലബാറിലും കാസർഗോഡ് താലൂക്കിലുമായി കഴിഞ്ഞിരുന്ന മലയാളികളുടെ മാതൃഭൂമിയായ കേരളം ഒരൊറ്റ ഘടകമാകണമെന്ന അഭിവാഞ്ഛ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതലേ വളർന്നുവന്നിരുന്നു. മലയാളഭാഷയാണ് മലയാളിയുടെ സ്വത്വരൂപീകരണത്തിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലാരംഭിച്ച കേരളീയ നവോത്ഥാനത്തിന്റെ ഫലമായി മലയാളിയുടെ സ്വത്വബോധം വളർന്നുവന്നു. ജാ തീയമായ അസമത്വങ്ങൾ അവസാനിപ്പിക്കുന്നതിനും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിനുംവേണ്ടി പ്രവർത്തിച്ച എസ്എൻഡിപി യോഗം, എൻഎസ്എസ്, നമ്പൂതിരിയോഗക്ഷേമസഭ, കേരളമുസ്ലിം ഐക്യസംഘം തുടങ്ങിയ സംഘടനകൾ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വാർഷികസമ്മേളനങ്ങൾ നടത്തി. സമസ്തകേരള സാഹിത്യപരിഷത്ത്, ജീവൽസാഹിത്യസംഘം, പുരോഗമന സാഹിത്യസമിതി, കേരളകലാമണ്ഡലം, കെപിഎസി തുടങ്ങിയ സാഹിത്യ- കലാ സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും മൂന്നുമേഖലകളിലുമുള്ള എഴുത്തുകാരേയും കലാകാരരേയും ഒന്നിച്ചുചേർത്തു. ഐക്യകേരള പ്രസ്ഥാനത്തിന് മുന്നോടിയായി ഒരു സാഹിത്യകേരളം രൂപപ്പെട്ടിരുന്നു.

1920ൽ നാഗ്-പൂരിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാർഷികസമ്മേളന തീരുമാനപ്രകാരം ഭാഷാടിസ്ഥാനത്തിലുള്ള കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി (KPCC) നിലവിൽ വന്നു. 1928ൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ ചേർന്ന സമ്മേളനത്തിൽ കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമാക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. 1930ലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനവേദികൾ വടക്കൻ കേരളത്തിലായിരുന്നു. തിരുവിതാംകൂറിൽ നിന്ന് വളന്റിയർ സംഘങ്ങൾ മലബാറിലെത്തി. കോഴിക്കോട്ട് നിന്നും പാലക്കാട്ടുനിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹജാഥകൾ നടത്തി. 1947 ഏപ്രിലിൽ കെ കേളപ്പന്റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ ഐക്യകേരള സമ്മേളനം നടന്നു. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസിന്റെ നിലപാടിൽ മാറ്റം വന്നു.

ഭാഷാസംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള മുറവിളി ശക്തമായപ്പോൾ 1948ൽ രൂപീകരിച്ച ധാർ കമ്മീഷൻ, പ്രവിശ്യാ പുനഃസംഘടന ഉടൻ നടത്തുന്നതിനെ എതിർത്തു. നെഹ്റു, പട്ടേൽ, പട്ടാഭി എന്നിവർ ചേർന്ന് തയാറാക്കിയ ജെവിപി റിപ്പോർട്ടും ഭാഷാടിസ്ഥാനതത്വം നിരാകരിച്ചു. 1949 ഫെബ്രുവരിയിൽ ആലുവയിൽ ചേർന്ന ഐക്യകേരള കൺവൻഷൻ കെ കേളപ്പൻ അധ്യക്ഷനായി ഒരു പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ ഐക്യകേരളത്തെക്കുറിച്ച് വ്യക്തമായ ആശയഐക്യം ഉണ്ടായിരുന്നില്ല. ചിലർ ഐക്യകേരളം എന്ന ആശയത്തെത്തന്നെ എതിർത്തു. കെ കേളപ്പന്റെ നേതൃത്വത്തിൽ സർദാർ പട്ടേലിനെക്കണ്ട് സമർപ്പിച്ച നിവേദനത്തിൽ തിരുവിതാംകൂർ, കൊച്ചിപ്രദേശങ്ങളും കുടകും മദിരാശി സംസ്ഥാനത്തിന്റെ ഭാഗങ്ങളായ മലബാർ, നീലഗിരി, തെക്കൻ കർണാടകം എന്നീ പ്രദേശങ്ങളും മയ്യഴിയും ലക്ഷദ്വീപുകളും ഉൾപ്പെട്ട ഒരു പശ്ചിമതീര സംസ്ഥാനമാണ് ആവശ്യപ്പെട്ടത്. 1949 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന തിരു-–കൊച്ചി സംയോജനം ഐക്യകേരള സൃഷ്ടിക്ക് തടസ്സമാണെന്ന് പറഞ്ഞ് കേളപ്പൻ ഐക്യകേരള കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തുടർന്ന് കെ പി കേശവമേനോൻ കമ്മിറ്റിയുടെ പ്രസിഡന്റായി. ഐക്യകേരള കമ്മിറ്റിയുടെ സെക്രട്ടറിമാരിലൊരാൾ കമ്യൂണിസ്റ്റുകാരനായ പി നാരായണൻ നായരായിരുന്നു.

1949 നവംബറിൽ പാലക്കാട്ടുചേർന്ന ഐക്യകേരള സമ്മേളനത്തിൽ മലബാറിലെ കോൺഗ്രസുകാരിൽ ഒരു വിഭാഗം പാർട്ട് എ സ്റ്റേറ്റായ മദിരാശിയിൽപ്പെട്ട മലബാറിനെ തിരുകൊച്ചിയുമായി ചേർക്കരുതെന്ന് വാദിച്ചു. 1952 ജൂണിൽ കെപിസിസി വിഭജിക്കപ്പെട്ട് മലയാളപ്രദേശ് കോൺഗ്രസ് കമ്മിറ്റി, തിരുകൊച്ചി പ്രദേശ് കോൺഗ്രസ് കമ്മിറ്റി എന്നിങ്ങനെ രണ്ടായിത്തീർന്നു. 1953 മെയ് മാസത്തിൽ പാലക്കാട്ട് ചേർന്ന മലബാർ പ്രദേശ് രാഷ്ട്രീയ സമ്മേളനത്തിൽ ആന്ധ്രയെ വേർപെടുത്തിയ അവശിഷ്ടമദിരാശിയോട് തിരുകൊച്ചിയും കൂട്ടിച്ചേർത്ത് ഒരു ‘ദക്ഷിണ സംസ്ഥാനം’ രൂപവൽക്കരിക്കണമെന്നാവശ്യപ്പെട്ടു.

ഭാഷാസംസ്ഥാന വിഷയത്തിൽ ആശയവ്യക്തതയുള്ള നിലപാടാണ് കമ്യൂണിസ്റ്റ് പാർട്ടി ഉയർത്തിപ്പിടിച്ചത്. 1940കളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റി ദേശീയ പ്രശ്നത്തെ സംബന്ധിച്ച് നടത്തിയ വിലയിരുത്തലുകൾ മാർക്സിസ്റ്റ്-–ലെനിനിസ്റ്റ് കാഴ്ചപ്പാടനുസരിച്ച് കേരളത്തിൽ എങ്ങനെ പ്രയോഗിക്കാമെന്ന അന്വേഷണം ‘ഒന്നേകാൽ കോടി മലയാളികൾ’ (1946) എന്ന കൃതിയുടെ രചനയോടെ ഇഎംഎസ് ആരംഭിച്ചു. അതി നെത്തുടർന്നുണ്ടായ ‘കേരളം മലയാളികളുടെ മാതൃഭൂമി’ (1948) “കേരളത്തിലെ ദേശീയ പ്രശ്നം’ (1952) എന്നീ കൃതികളുടെ രചനകൾ ഈ അന്വേഷണത്തിന് കൂടുതൽ തെളിച്ചവും വെളിച്ചവും നൽകി.

ഐക്യകേരള മുദ്രാവാക്യത്തിന് കമ്യൂണിസ്റ്റ് പാർട്ടി സാമ്രാജ്യത്വ വിരുദ്ധ-ജന്മിത്വ വിരുദ്ധ ഉള്ളടക്കം നൽകി. രാജഭരണവും ജന്മിത്വത്തിന്റെ മറ്റവശിഷ്ടങ്ങളും അവസാനിപ്പിക്കുന്നതിനുവേണ്ടിയും പൂർണ്ണമായ ജനാധിപത്യം നടപ്പാക്കുന്നതിനുവേണ്ടിയുമുള്ള സമരം കൂടിയാണത്. “മലയാളം സംസാരിക്കുന്ന ജനതയ്ക്ക് ഭൂരിപക്ഷമുള്ള മദിരാശിയിലെയും തിരുവിതാംകൂറിലെയും കൊച്ചിയിലെയും അടുത്തടുത്ത് കിടക്കുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കണം ഐക്യകേരളം. കേരളത്തിലെ കൃഷിക്കാർ സ്വപ്നംകണ്ടിരുന്നത് ജന്മിത്വവും രാജത്വവും മർദ്ദനവുമില്ലാത്ത സ്വതന്ത്രമായ ഐക്യ കേരളമായിരുന്നു. തൊഴിലില്ലായ്മയും ചൂഷണവും അവസാനിപ്പിക്കാനും ജീവിക്കാനാവശ്യമായ കൂലിക്കുവേണ്ടി പടവെട്ടുന്നവരും ഐക്യകേരളമെന്ന സ്വപ്നം നെഞ്ചേറ്റി. അക്കാലത്തെ തൊഴിലാളി- പാർട്ടിയോഗങ്ങളിലെല്ലാം ഐക്യകേരളം രൂപവൽക്കരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയങ്ങൾ പാസ്സാക്കിയിരുന്നു ഐക്യകേരള പ്രസ്ഥാനത്തിന്റെ ഭാഗമായി വടക്കൻ കേരളത്തിൽ നടന്ന ഒരു അനുബന്ധസമരമായിരുന്നു കാസർഗോഡ്- മലബാർ സംയോജന പ്രക്ഷോഭം.

കൊച്ചി രാജാവ് 1946 ജൂലൈ 29 ന് കൊച്ചി നിയമസഭയിലേക്ക് അയച്ച ഒരു സന്ദേശത്തിൽ ബ്രിട്ടീഷ് മലബാറും കൊച്ചിയും തിരുവിതാംകൂറും ചേർന്ന് ഐക്യകേരളം രൂപവൽക്കരിക്കുന്നതിനെ സ്വാഗതം ചെയ്തു. ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കൊച്ചി പ്രജാമണ്ഡലം ഉത്തരവാദഭരണദിനമായി ആചരിക്കുന്ന ദിവസമായിരുന്നു അത്. തിരഞ്ഞെടുക്കപ്പെട്ട ഏഴംഗങ്ങൾ മാത്രം സന്നിഹിതരായിരുന്ന സഭയിൽ മഹാരാജാവിന്റെ സന്ദേശം ബ്രിട്ടീഷുകാരനായ ദിവാനാണ് വായിച്ചത്. ഉത്തരവാദഭരണത്തെപ്പറ്റി ഒരക്ഷരം പോലും അതിലുണ്ടായിരുന്നില്ല. ഈ ഐക്യകേരളാശംസകൊണ്ട് തന്റെ കുടുംബം അധികാരം വച്ചൊഴിയുമെന്ന് അർത്ഥമാക്കരുതെന്നും സന്ദേ ശത്തിൽ എടുത്തുപറഞ്ഞിരുന്നു. ദിവാനെ നിയമിക്കുന്നതുൾപ്പെടെയുള്ള സ്വതന്ത്ര അധികാരങ്ങളൊന്നുമില്ലാത്ത കൊച്ചിരാജാവിന്റെ ഈ സന്ദേശത്തെയാണ് “ബ്രിട്ടീഷ് കമ്മട്ടത്തിലടിച്ച കള്ളനാണയം’ എന്ന് ഇംഎംഎസ് വിശേഷിപ്പിച്ചത്.

തിരുവിതാകൂർ ഭരണകൂടം ഐക്യകേരളത്തിനെതിരെ നിലപാടെടുത്തു. കൊച്ചിയും മലബാറുമായി ചേർന്നാൽ തിരുവിതാകൂറിന്റെ സാമ്പത്തിക വളർച്ചയും വ്യവസായ വികസനവും താറുമാറാകുമെന്ന് ദിവാൻ സർ സി പി രാമസ്വാമി അയ്യർ പ്രസ്താവിച്ചു. തിരുവിതാംകൂറുകാരെ ഐക്യകേരളത്തിനെതിരെ അണിനിരത്താനായിരുന്നു ദിവാന്റെ ശ്രമങ്ങൾ. 1947 മാർച്ച് 15ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ ദിവാൻ സർ സി പി സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാർ അധികാരം വിട്ടൊഴിയുമ്പോൾ തിരുവിതാംകൂർ സ്വതന്ത്രമായിരിക്കുമെന്ന് സർ സി പി പ്രഖ്യാപിച്ചു. ഉത്തരവാദഭരണത്തിനുപകരം സ്വതന്ത്ര തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണക്രമമായിരിക്കുമെന്ന നിലപാടിനെതിരെ വൻ പ്രതിഷേധമുയർന്നു. കമ്യൂണിസ്റ്റുപാർട്ടി “സർ സി പി ദിവാൻ പദവി ഒഴിയുക’ എന്നും “അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്നും മുദ്രാവാക്യമുയർത്തി.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും കോൺഗ്രസ് അധികാരത്തിലെത്തി ആറുകൊല്ലം കഴിഞ്ഞിട്ടും ഭാഷാസംസ്ഥാനങ്ങൾ രൂപവൽക്കരിക്കാത്തത് ജനങ്ങളിൽ എതിർപ്പും അസംതൃപ്തിയുമുണ്ടാക്കി. ആന്ധ്രയിൽ ജനകീയ പ്രക്ഷോഭം രൂക്ഷമായി. സ്വാതന്ത്ര്യസമര പോരാളിയും ഗാന്ധിയനുമായിരുന്ന പോട്ടി ശ്രീരാമുലു ആന്ധ്ര സംസ്ഥാനം ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തി 1952 ഡിസംബർ 15ന് മരണമടഞ്ഞു. ജനരോഷമുയർന്നപ്പോൾ ആന്ധ്ര സംസ്ഥാനം പ്രഖ്യാപിക്കാൻ യൂണിയൻ ഗവൺമെന്റ് നിർബന്ധിതമായി. ജസ്റ്റിസ് ഫസൽ അലി അധ്യക്ഷനും എച്ച് എൻ ഖുൻസു, കെ എം പണിക്കർ എന്നിവർ അംഗങ്ങളായും ഉള്ള സംസ്ഥാന പുന:സംഘടനാകമ്മീഷൻ രൂപീകൃതമായി.

സംസ്ഥാന പുന:സംഘടനാവിഷയം പാർലമെന്റിലും നിയമസഭകളിലും വാദപ്രതിവാദങ്ങൾക്കിടയാക്കി. മദിരാശി നിയമസഭയിൽ വടക്കേ മലബാറിൽ നിന്നുള്ള കമ്യൂണിസ്റ്റ് മെമ്പർമാരായ കെ പി ഗോപാലൻ, ടി.സി.നാരായണൻ നമ്പ്യാർ, സി എച്ച് കണാരൻ എന്നിവരും കമ്യൂണിസ്റ്റ് പിന്തുണയുള്ള സ്വതന്ത്ര അംഗം വി ആർ കൃഷ്ണയ്യരും മലബാറിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് കാര്യകാരണസഹിതം വിശദീകരിക്കുകയും ഭാഷാടിസ്ഥാനത്തിലുള്ള ഐക്യകേരള സംസ്ഥാനം രൂപവൽക്കരിക്കാൻ എല്ലാവരുടെയും സഹകരണം തേടുകയും ചെയ്തു.

കേന്ദ്രീകൃത ഭരണകൂടവും ഏകീകൃത ഇന്ത്യൻ കമ്പോളവുമായിരുന്നു ഭരണവർഗ്ഗങ്ങളുടെ പ്രാഥമിക താൽപര്യം. അതേസമയം ദക്ഷിണസംസ്ഥാനവാദം ഉയർത്തിയിരുന്ന മലബാർപ്രദേശ് കോൺഗ്രസ് നേതാവും വ്യവസായ പ്രമുഖനുമായിരുന്ന സാമുവൽ ആറോൺ, ഭാഷാടിസ്ഥാനത്തിലുള്ള ഐക്യകേരളാശയത്തെ രൂക്ഷമായി വിമർശിച്ചു. സ്വാതന്ത്ര്യാനന്തരമുണ്ടായ മാറിയ സാഹചര്യത്തിൽ ഐക്യകേരളം അപ്രായോഗികമാണെന്നും കേരളസംസ്ഥാനം സാമ്പത്തിക ഭദ്രത തികഞ്ഞതായിരിക്കില്ലെന്നും ആറോൺ വാദിച്ചു. ഈ വാദങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട്, ഐക്യകേരളത്തിന് സാമ്പത്തിക ഭദ്രതയുണ്ടാകുമെന്ന് വസ്തുതകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും പിൻബലത്തിൽ എൻ സി ശേഖർ വിശദീകരിച്ചു. ഇന്ത്യയിലെ ദേശീയ പ്രശ്നത്തിന് ജനാധിപത്യപരമായ പരിഹാര മാർഗ്ഗങ്ങളിലൊന്ന് ഭാഷാസംസ്ഥാന രൂപവൽക്കരണമാണെന്ന് കമ്യൂണിസ്റ്റ് പാർട്ടി നിലപാടെടുത്തു.

മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി 1955 സെപ്തംബർ 18ന് കണ്ണൂരിൽ ദക്ഷിണ സംസ്ഥാനാനുകൂലികളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ഈ വിഷയത്തിൽ ഒരു പ്രമുഖ പത്രം ‘മലബാർ കോൺഗ്രസുകാരോട്’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ (18.09.1955) സംസ്ഥാന പുന:സംഘടനാ കമ്മീഷൻ തെളിവെടുപ്പിനുശേഷം ഇത്തരം സമ്മേളനങ്ങൾ നടത്തുന്നത് “കതിരിൽ വളം വെക്കുന്നത് പോലെയാണ്’ എന്ന് ചൂണ്ടിക്കാട്ടി. “കോൺഗ്രസുകാരടക്കമുള്ള ബഹുജനസംഘടനകളുടെയും പൊതുജനനേതാക്കളുടെയും ലക്ഷ്യമായിരുന്ന കേരള സംസ്ഥാനം പിറക്കാറായിരിക്കുന്നു. ഈ അവസരത്തിൽ മലബാറിലെ കോൺഗ്രസ് പ്രസ്ഥാനം കേരളത്തിന്റെ പുരോഗതിക്കെതിരായ ഒരു പ്രക്ഷോഭത്തിൽ സ്വയം ചെന്നുകുടുങ്ങിയത് പരിതാപകരമാണ്. വിധി നിർണ്ണായകമായഘട്ടത്തിൽ കേരളീയ ജനതയുടെ ഉത്തമ താല്പര്യങ്ങളെ വഞ്ചിച്ചുവെന്ന അപരാധം കോൺഗ്രസ് നേതൃത്വത്തിനുണ്ടാവാതിരിക്കട്ടെ. ഈ വൈകിയ വേളയിലെങ്കിലും അവർ തങ്ങളുടെ തെറ്റ് തിരുത്തുമെന്ന് ഞങ്ങളാശിക്കുന്നു’’. ഐക്യകേരളമുണ്ടായാൽ പുരോഗമന ശക്തികൾ അധികാരം പിടിച്ചെടുക്കുമെന്ന് കരുതിയവരാണ് ദക്ഷിണ സംസ്ഥാന വാദം മുഴക്കിയതെന്ന് എകെജി നിരീക്ഷിച്ചു. ഐക്യകേരളമുൾപ്പെടെയുള്ള ഭാഷാ സംസ്ഥാനങ്ങൾക്കുവേണ്ടി പാർലമെന്റിനകത്തും പുറത്തും എകെജി ശക്തമായി വാദിച്ചു. ഐക്യകേരളസമരത്തിന്റെ ഭാഗമായി മറുനാടൻ മലയാളികൾ സംഘടിപ്പിച്ച സമ്മേളനങ്ങളിൽ പലയിടത്തും മുഖ്യപ്രസംഗകൻ എകെജിയായിരുന്നു.

1955 സെപ്തംബർ 30ന് സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ 16 സംസ്ഥാനങ്ങളും 3 കേന്ദ്രഭരണപ്രദേശങ്ങളും നിർദ്ദേശിക്കപ്പെട്ടു. തെക്കൻ തിരുവിതാംകൂറിലെ അഞ്ച് താലൂക്കുകൾ ഒഴികെയുള്ള തിരു–കൊച്ചിയും മദിരാശി സംസ്ഥാനത്തിലെ മലയാള ഭാഷ സംസാരിക്കുന്ന മലബാർ ജില്ലയും സൗത്ത് കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും കൂട്ടിച്ചേർത്തുകൊണ്ടാണ് കമ്മീഷൻ കേരളാസ്റ്റേറ്റ് ശുപാർശ ചെയ്തത്. തെക്കൻ തിരുവിതാംകൂറിലെ 4 താലൂക്കുകളും (തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്) ചെങ്കോട്ട താലൂക്കിലും ഭൂരിപക്ഷമുണ്ടായിരുന്നത് തമിഴ് ഭാഷ സംസാരിക്കുന്നവരാണെന്നതിനാലാണ് ആ പ്രദേശങ്ങൾ മദിരാശി സ്റ്റേറ്റിനോട് ചേർക്കപ്പെട്ടത്. അന്നത്തെ കാസർഗോഡ് താലൂക്ക് ഒറ്റ യൂണിറ്റായി പരിഗണിച്ചപ്പോൾ ഭൂരിപക്ഷം മലയാളികളാണെന്നതിനാലാണ് കാസർഗോഡ് മലബാറിനോട് ചേർത്ത് കേരള സംസ്ഥാനത്തിലുൾപ്പെടുത്തിയത്.

മലയാളികളുടെ ചിരകാല അഭിലാഷമായിരുന്ന ഐക്യകേരള സംസ്ഥാനം 1956 നവംബർ 1ന് നിലവിൽ വന്നു. കേരളപ്പിറവി ദിനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തിലെ സൂചനകൾ അർത്ഥവത്താണ്. “പരശുരാമന്റേയും ശങ്കരാചാര്യരുടേയും കേരളം വരുവാൻ കൊതിക്കുന്ന പലരും ഈ നാട്ടിലുണ്ട്. അതുപോലെതന്നെ നട്ടുച്ചയ്ക്ക് നിലവിളക്കും കൊളുത്തി അഷ്ടമംഗല്യവുമായി കേരളത്തെ സ്വാഗതം ചെയ്യാൻ സന്നദ്ധരാകുന്നവരും കേരളത്തിൽ അനവധിയാണ്. എന്നാൽ ഇവർ വിഭാവനം ചെയ്യുന്ന കേരളമല്ല ഇന്നു പിറവിയെടുക്കുന്നത്. ജനകീയസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും വേണ്ടി, ഫ്യൂഡലിസത്തോടും സാമ്രാജ്യത്വത്തോടും വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തി വിജയം വരിച്ച ജനങ്ങളുടെ കേരളമാണ് ഇന്ന് പിറവിയെടുത്തിരിക്കുന്നത്.” കമ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്ത മലയാളികളുടെ മാതൃഭൂമിയായ ഭാഷാസംസ്ഥാനമെന്ന നിലയിലാണ് ഐക്യകേരളം നിലവിൽ വന്നത്. കേരളവികസനത്തെ സംബന്ധിച്ചുള്ള അർത്ഥവത്തായ ചിന്തകൾക്ക് തുടക്കമിട്ടത് ഐക്യകേരള പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു. കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ സംബന്ധിച്ചുള്ള ചർച്ചകൾ കേരളത്തിന്റെ വിഭവങ്ങളെയും വികസന സാധ്യതകളെയും കുറിച്ചുള്ള ഗൗരവപൂർണ്ണമായ പഠനങ്ങൾക്ക് കളമൊരുക്കി. അത്തരം പഠനങ്ങളും സംവാദങ്ങളും കണ്ടെത്തലുകളുമാണ് കേരളവികസന മാതൃകയുണ്ടാക്കാൻ അടിത്തറയായത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 1 =

Most Popular