കേരള സംസ്ഥാന രൂപീകരണത്തെത്തുടർന്ന് നിയമസഭയിലേക്ക് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയുണ്ടായി. തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ ചരിത്രവിജയം, വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും, കേരള രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നവർക്ക് ഈ വിജയം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. പതിറ്റാണ്ടുകളായി കർഷകരും, തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് നടത്തിയ എണ്ണമറ്റ സമരങ്ങളുടെ ഫലമായി, കേരളത്തിലെ ജനാധിപത്യശക്തികളുടെ നേതൃത്വം, ഈ സമയമാകുമ്പോഴേക്കും, കമ്യൂണിസ്റ്റ് പാർട്ടിയിൽ വന്നു ചേർന്നിരുന്നു എന്നതിന്റെ പ്രകടമായ തെളിവായാണ് തിരഞ്ഞെടുപ്പ് വിജയത്തെ ചരിത്രകാരർ വിലയിരുത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1957 ഏപ്രിൽ 5ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഇ എം എസ് മന്ത്രിസഭ ഒരു നവകേരളം ലക്ഷ്യംവെച്ചുകൊണ്ടുള്ള ഭരണനടപടികൾക്കാണ് പ്രാമുഖ്യം നൽകിയത്.
‘‘ഒരു ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് അടിസ്ഥാന വർഗങ്ങളുടെ താൽപര്യം പരമാവധി സംരക്ഷിക്കാനുതകുന്ന പരിവർത്തനം കൊണ്ടുവരിക’’ എന്നതായിരുന്നു കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഇ എം എസ് വ്യക്തമാക്കുകയുണ്ടായി. അധികാരത്തിലെത്തുന്നതിനുമുമ്പുതന്നെ കേരള വികസനത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടും പരിപാടികളും കമ്യൂണിസ്റ്റ് പാർട്ടി ആവിഷ്കരിച്ചിരുന്നു. 1956 ജൂൺ മാസത്തിൽ തൃശ്ശൂരിൽ വെച്ച് നടന്ന പാർട്ടി സംസ്ഥാന സമ്മേളനം ‘‘പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശങ്ങൾ’’ എന്ന പേരിൽ ഒരു വികസന രേഖ അംഗീകരിക്കുകയുണ്ടായി. ഭൂവുടമസമ്പ്രദായം മാറ്റുക, വിദ്യാഭ്യാസം സാർവത്രികമാക്കുക, വിദേശ മുതലാളി മേധാവിത്വത്തിൽനിന്ന് ഭൗതികവിഭവങ്ങൾ മോചിപ്പിച്ചെടുക്കുക, മൗലിക വ്യവസായങ്ങൾ പൊതുഉടമസ്ഥതയിലാക്കുക, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ആസൂത്രണ നിർവഹണം നടത്തുക, ജനാധിപത്യ അവകാശങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയൊക്കെ ഈ നിർദ്ദേശങ്ങളിൽ ഉൾക്കൊള്ളുന്നവയാണ്. (കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം, ഭാഗം മൂന്ന്, പുറം 164). 1956 ഡിസംബറിൽ ഷൊർണ്ണൂരിൽ ചേർന്ന കേരള കർഷകസംഘം സമ്മേളനവും സമാനമായ ആവശ്യങ്ങൾ മുന്നോട്ടുവെക്കുകയുണ്ടായി. ഒഴിപ്പിക്കൽ തടയുക, ഭൂപരിഷ്കരണം നടപ്പിലാക്കുക, കടഭാരത്തിൽനിന്നും കർഷകരെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കർഷകസംഘം ഉയർത്തിയിരുന്നത്.
പാർട്ടി സംസ്ഥാന സമ്മേളനവും, കർഷകസംഘം സമ്മേളനവും ഉന്നയിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രകടനപത്രിക മുന്നോട്ടുവെച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി 1957ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതും. അതുകൊണ്ടുതന്നെ പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് മന്ത്രിസഭ പ്രതിജ്ഞാബദ്ധമായിരുന്നു. കേവലം 28 മാസക്കാലം മാത്രമാണ് ഇ എം എസ് മന്ത്രിസഭ അധികാരത്തിലുണ്ടായിരുന്നത്. വളരെ ചുരുങ്ങിയ ഈ കാലയളവിനുള്ളിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ഒട്ടേറെ നിയമനിർമാണങ്ങൾ നടത്തുവാൻ കമ്യൂണിസ്റ്റ് മന്ത്രിസഭക്ക് സാധിച്ചു. അവയെല്ലാം വിശദമായി പ്രതിപാദിക്കാൻ ഇത്തരമൊരു ലേഖനത്തിൽ സാധ്യമല്ല എന്നതുകൊണ്ടുതന്നെ പ്രധാനപ്പെട്ടവയെ സംബന്ധിച്ച് മാത്രമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
കാർഷിക ബന്ധബിൽ
57ലെ ഇ എം എസ് ഗവൺമെന്റിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം കാർഷിക പ്രശ്നങ്ങളിൽ ഗവൺമെന്റ് നടത്തിയ ധീരമായ ഇടപെടലുകളാണ്. കമ്യൂണിസ്റ്റ് പാർട്ടി ഭരണത്തിലെത്തിയത‍് മുതൽ വിറളിപൂണ്ട ജന്മിത്തം, ഒഴിപ്പിക്കൽ അടക്കമുള്ള കർഷകദ്രോഹനടപടികൾ കർശനമാക്കിയിരുന്നു. അധികാരമേറ്റെടുത്തതിന്റെ പിറ്റേദിവസം കുടികിടപ്പുകാരെ ഒഴിപ്പിക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി, 6 –ാം നാളിൽ തന്നെ അത് പ്രാവർത്തികമാക്കുന്നതിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുകയുണ്ടായി. ഒഴിപ്പിക്കൽ ഭീഷണി നേരിട്ടുകൊണ്ടിരുന്ന കർഷകർക്ക് ഏറെ ആശ്വാസം നൽകുന്ന നടപടിയായിരുന്നു അത്. പഴുതുകളില്ലാത്ത കൃത്യതയുള്ള ഒരു സാമൂഹ്യ ഇടപെടലായിരുന്നു പ്രസ്തുത ഓർഡിനൻസ്.
കേരള ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നിയമമെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഒന്നാണ് 1959ലെ കാർഷികബന്ധബിൽ. റവന്യൂമന്ത്രി കെ ആർ ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച ബിൽ എല്ലാത്തരം കുടിയാന്മാർക്കും ഭൂമിയിൽ ഉടമസ്ഥാവകാശം വ്യവസ്ഥ ചെയ്യുകയുണ്ടായി. കെെവശഭൂമിക്ക് പരിധി നിശ്ചയിക്കുന്നതിനും, പരിധി കഴിഞ്ഞുള്ള ഭൂമി (മിച്ച ഭൂമി) സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനുമുള്ള വ്യവസ്ഥകൾ ബില്ലിൽ ഉണ്ടായിരുന്നു. ജന്മിത്തത്തിന്റെ ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരുന്ന കർഷകരെ സംബന്ധിച്ചിടത്തോളം സ്വപ്നസാഫല്യമായിരുന്നു കാർഷികബന്ധബിൽ. അതുകൊണ്ടുതന്നെ കൃഷിക്കാർ ബില്ലിനെ സർവ്വാത്മനാ സ്വാഗതം ചെയ്തു. എന്നാൽ പ്രസ്തുത ബിൽ ഭൂപ്രഭുക്കളുടെയും ഉപരിവർഗത്തിന്റെയും ശക്തമായ എതിർപ്പിനു കാരണമായി. സെലക്ട് കമ്മിറ്റിയുടെ വിശദമായ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം 1959 ജൂലെെ 27ന് ബിൽ പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയച്ചുവെങ്കിലും നാലുദിവസത്തിനകം ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടു. അതോടെ ഒരു സമഗ്ര ഭൂപരിഷ്കരണത്തിനുവേണ്ടിയുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ശ്രമം വിഫലമായി.
വിദ്യാഭ്യാസ നിയമം
കാർഷികബന്ധബിൽ പോലെ 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പുരോഗമനപരവും വിപ്ലവകരവുമായ മറ്റൊരു നടപടിയായിരുന്നു വിദ്യാഭ്യാസ നിയമം. കേരളത്തിൽ അതുവരെ നലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായം തിരുവുതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളിൽ നിലനിന്നതും കൊളോണിയൽ സർക്കാരുകളുടെയും നാട്ടുരാജ്യ സർക്കാരുകളുടെയും താൽപര്യങ്ങൾക്കനുസരിച്ചുള്ളതുമായിരുന്നു. അതിനെ ജനാധിപത്യപരമായി പരിഷ്കരിച്ച് ഒരു പുതിയ സാമൂഹ്യ സൃഷ്ടിക്ക് ഉതകുന്ന വിദ്യാഭ്യാസ സംവിധാനം നടപ്പിലാക്കുക എന്നതായിരുന്നു വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ നിയമത്തിന്റെ ലക്ഷ്യം. കേരളത്തിൽ അന്നുണ്ടായിരുന്ന സ്കൂളുകളിൽ ഭൂരിഭാഗവും സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു. ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത് ആകെയുണ്ടായിരുന്ന 10079 സ്കൂളുകളിൽ 7809 എണ്ണവും എയ്ഡഡ് സ്കൂളുകളായിരുന്നു എന്നാണ്. ഇതിൽ കൂടുതലും ജന്മിമാരുടെയും, മത -– സാമുദായിക സംഘടനകളുടെയും നിയന്ത്രണത്തിലാണ് പ്രവർത്തിച്ചിരുന്നത‍്. ഈ സ്കൂളുകളിൽ യോഗ്യരായ അദ്ധ്യാപകർ വിരളമായിരുന്നു. അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാർക്ക് വേതനം കൃത്യമായി കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് സ്കൂൾ അദ്ധ്യാപകരുടെ ആത്മാഭിമാനവും അന്തസ്സും നിലനിർത്തുക, സ്കൂൾ വിദ്യാഭ്യാസത്തിന് ജനാധിപത്യരമായ അടിത്തറ പ്രദാനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിദ്യാഭ്യാസ ബിൽ കൊണ്ടുവരുന്നത്.
വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി നിയമസഭയിൽ അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിലെ വ്യവസ്ഥകളെല്ലാം തികച്ചും പുരോഗമനപരമായിരുന്നു. സ്കൂളുകളിൽ യോഗ്യതയുള്ളവരെ അദ്ധ്യാപകരായി നിയമിക്കുന്നു എന്നും, അവർക്ക് ന്യായമായ സേവന – വേതന വ്യവസ്ഥകൾ ലഭ്യമാകുന്നു എന്നും സ്കൂൾ വികസനം കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നു എന്നും അതിന‍് ഓരോ സ്കൂളിനും ചുറ്റുവട്ടത്തുള്ള ജനങ്ങളുടെ പിന്തുണ ലഭിക്കുന്നുവെന്നും ഉറപ്പുവരുത്തുന്നതിനാവശ്യമായ വ്യവസ്ഥകൾ ബില്ലിൽ ഉണ്ടായിരുന്നു. യോഗ്യരായ അദ്ധ്യാപകരുടെ പട്ടിക പിഎസ്-സി ഓരോ വർഷവും തയ്യാറാക്കുകയും, അതിൽനിന്ന് തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ മാനേജ്മെന്റിന് അതത് സ്കൂളുകളിൽ ഉള്ള ഒഴിവുകളിൽ നിയമിക്കാമെന്നും ബിൽ വ്യവസ്ഥ ചെയ്തു. ബില്ലിലെ ഈ നിർദ്ദേശത്തെയാണ് തങ്ങളുടെ അവകാശധ്വംസനമായി സ്വകാര്യ മാനേജ്മെന്റുകൾ ദുർവ്യാഖ്യാനം ചെയ്തത്. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വകാര്യ മാനേജ്മെന്റുകളുടെയും, മതസാമുദായിക സംഘടനകളുടെയും ഒപ്പംചേർന്ന് ബില്ലിനെ എതിർക്കുകയുണ്ടായി. എന്നാൽ സുപ്രീംകോടതി വിദ്യാഭ്യാസ ബില്ലിലെ ജനാധിപത്യ വ്യവസ്ഥകളെ അംഗീകരിക്കുകയാണുണ്ടായത്. 1998 മെയ് 22ന് പുറപ്പെടുവിച്ച അന്തിമവിധിയിൽ സ്കൂളുകൾ ഭരിക്കാനുള്ള അവകാശം എന്നാൽ കെടുകാര്യസ്ഥതയുടെ അടിസ്ഥാനത്തിൽ ഭരിക്കുക എന്നർത്ഥമില്ലെന്നും, സർക്കാർ അവയ്ക്ക് ധനസഹായം നൽകുന്നുണ്ടെങ്കിൽ സ്കൂളുകളുടെമേൽ നിബന്ധനകൾ കൊണ്ടുവരാനുള്ള നിയമപരമായ അധികാരം സർക്കാരിനുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
സ്കൂൾ വിദ്യാഭ്യാസത്തെപ്പോലെ തന്നെ, ഉന്നതവിദ്യാഭ്യാസ മേഖലയിലും കമ്യൂണിസ്റ്റ് ഗവൺമെന്റ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുകയുണ്ടായി. കേരള സർവകലാശാല രൂപീകരിക്കുന്നതിനുള്ള നിയമനിർമാണം നടത്തിയതും, സംസ്ഥാനത്തെ മുഴുവൻ കോളേജുകളെയും അതിനോട് അഫിലിയേറ്റ് ചെയ്തതും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏകീകൃത രൂപം ഉണ്ടാക്കിയെടുക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നടപടികളായിരുന്നു.
അധികാരവികേന്ദ്രീകരണം
അധികാരവികേന്ദ്രീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒട്ടേറെ നടപടികളും ഇ എം എസ് മന്ത്രിസഭ കെെക്കൊള്ളുകയുണ്ടായി. ദേശീയതലത്തിൽ അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ, ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, നടന്നുവരുന്ന സമയം കൂടിയായിരുന്നു ഇത്. പ്രാദേശിക വികസന പരിപാടികളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പരിഷ്കാരങ്ങൾ എങ്ങിനെ നടപ്പിലാക്കാം എന്നതായിരുന്നു ആലോചന. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിലെ ആദ്യത്തെ ഭരണപരിഷ്കാര കമ്മീഷൻ രൂപീകൃതമാകുന്നത്. മുഖ്യമന്ത്രി അദ്ധ്യക്ഷനായ പ്രസ്തുത കമ്മീഷനിൽ, മുഖ്യമന്ത്രിയെക്കൂടാതെ 6 അംഗങ്ങൾ കൂടിയുണ്ടായിരുന്നു.
1957 ആഗസ്ത് 15നു രൂപീകരിച്ച ഭരണപരിഷ്കാര കമ്മീഷൻ 1958 ജൂലെെ 26ന് അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഭരണരംഗത്ത് ഒരു നിശബ്ദ വിപ്ലവത്തിന് വഴിയൊരുക്കുന്ന നിർദ്ദേശങ്ങളായിരുന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. സംസ്ഥാന ഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങൾ പഞ്ചായത്തുകൾ ആയിരിക്കണമെന്നതായിരുന്നു കമ്മീഷന്റെ ഏറ്റവും പ്രധാന നിർദ്ദേശം. അതിനുമുകളിൽ താലൂക്ക് തലത്തിൽ ഒരു ഉപദേശകസമിതിയും ജില്ലാതലത്തിൽ ജില്ലാ കൗൺസിലുകളും സംഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും കമ്മീഷൻ മുന്നോട്ടുവെച്ചു.
ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരള പഞ്ചായത്ത് ബില്ലും, ജില്ലാ കൗൺസിൽ ബില്ലും നിയമസഭയിൽ മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കുകയുണ്ടായി. പ്രസ്തുത ബില്ലുകൾ പാസാക്കുന്നതിന് മുമ്പ് നിയമസഭ പിരിച്ചുവിടുകയുണ്ടായി എങ്കിലും ബില്ലുകളിലെ വ്യവസ്ഥകൾ അവ എത്ര മാത്രം പുരോഗമനപരവും വിപ്ലവകരവുമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ചികിത്സാ കേന്ദ്രങ്ങളുടെയും കാർഷികപ്രവർത്തനങ്ങളുടെയും നേതൃത്വവും മേൽനോട്ടവും പഞ്ചായത്തുകൾക്ക് നൽകുന്നതിനുള്ള വ്യവസ്ഥകൾ ബില്ലിൽ ഉണ്ടായിരുന്നു. പഞ്ചായത്തുകൾക്ക് നികുതി പിരിക്കുന്നതിനുള്ള അധികാരം നൽകുന്ന വ്യവസ്ഥകളും ബില്ലിൽ കാണാം. പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്കും വനിതകൾക്കും സംവരണം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും പഞ്ചായത്ത് ബില്ലിൽ കാണാം.
ഇന്ത്യയിൽ ഒരു സംസ്ഥാനം അധികാരം ജനങ്ങളിലെത്തിക്കാൻ വേണ്ടി നടത്തിയ ആദ്യശ്രമമായിരുന്നു കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ പഞ്ചായത്ത് ബിൽ. തദ്ദേശ സ്ഥാപനങ്ങൾ എന്ന അന്നുവരെ പ്രചാരത്തിലിരുന്ന പദത്തിനുപകരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്ന പദമാണ് പഞ്ചായത്ത് ബില്ലിലും ജില്ലാ കൗൺസിൽ ബില്ലിലും ഉപയോഗിച്ച് കാണുന്നത്. ബില്ലിൽ വ്യവസ്ഥ ചെയ്ത തരത്തിലുള്ള പഞ്ചായത്ത് സംവിധാനം നടപ്പിൽ വരാൻ പിന്നെയും പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു എന്നത് ഇത്തരുണത്തിൽ പ്രത്യേകം ഓർക്കേണ്ടതാണ്. ബിൽ പാസാക്കുന്നതിനുമുമ്പ് തന്നെ നിയമസഭ പിരിച്ചുവിട്ടതിനാൽ അധികാരവികേന്ദ്രീകരണം എന്നാൽ എന്തെന്ന് അറിയാൻ കേരളത്തിന് ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. (ശ്രീകല എം എസ് 1957–59: വാർത്തകൾക്കപ്പുറം. പുറം 147).
പൊലിസ് നയം: കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ പൊലിസ് നയം ഏറെ ശ്രദ്ധേയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ തന്നെ തൊഴിലാളിസമരങ്ങളിൽ പൊലീസിനെ ഉപയോഗിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു. പുതിയ സർക്കാരിന്റെ പൊലീസ് നയത്തെക്കുറിച്ച് മുഖ്യമന്ത്രി ഇങ്ങനെ പറയുകയുണ്ടായി.
‘‘പരമ്പരാഗതമായി പൊലീസിന് രണ്ട് കടമകളാണ് ഉണ്ടായിരുന്നത്. ഒന്ന് ക്രമസമാധാനപാലനം. രണ്ട് ആദ്യം ദേശീയ പ്രസ്ഥാനത്തെയും, പിന്നീട് ഇടതുപക്ഷ പ്രസ്ഥാനത്തെയും അമർച്ച ചെയ്യൽ. ജനാധിപത്യവിരുദ്ധമായ ഈ പാരമ്പര്യം തുടച്ചുനീക്കുന്നതിന് പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ കാഴ്ചപ്പാടിനനുസരിച്ച നടപടികളാണ് ഉണ്ടായത്. തൊഴിൽ തർക്കങ്ങളിലും സമരങ്ങളിലുമുള്ള പൊലീസ് ഇടപെടൽ അവസാനിച്ചു. പ്രതികളെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായുള്ള മൂന്നാം മുറ നിർത്തലാക്കി. കസ്റ്റഡി മർദ്ദനങ്ങൾ നിരോധിച്ചു. തൊഴിൽ തർക്കങ്ങളും മറ്റും ഉടമകളും തൊഴിലാളികളും തമ്മിലുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് നിർദേശിച്ചു. ഗവൺമെന്റ് ജോലി ലഭിക്കാനായി നടത്തിയിരുന്ന പൊലീസ് വെരിഫിക്കേഷൻ വേണ്ടെന്നുവച്ചു. ഗവൺമെന്റ് ഉദ്യോഗങ്ങളിൽ കമ്യൂണിസ്റ്റുകാരും അനുഭാവികളും പ്രവേശിക്കുന്നത് തടയാനായി ഏർപ്പെടുത്തിയതായിരുന്നു പൊലീസ് വെരിഫിക്കേഷൻ. എല്ലാ വധശിക്ഷകളും ഇളവുചെയ്യുന്നതിനും, രാഷ്ട്രീയതടവുകാരെ വിട്ടയക്കുന്നതിനുള്ള തീരുമാനങ്ങൾ കെെക്കൊണ്ടു. ഈ തീരുമാനത്തെതുടർന്നാണ് ശൂരനാട്, ഇടപ്പള്ളി, കൂത്താട്ടുകുളം, കാവുമ്പായി തുടങ്ങിയ കേസുകളിൽപെട്ട സഖാക്കൾ ജയിൽ മോചിതരായത്.
ബ്രിട്ടീഷ് ഭരണകാലം മുതൽ ക്രിമിനൽ ട്രൈബ് (Criminal Tribe) എന്ന് മുദ്രകുത്തി മുസ്ലീം സമുദായത്തോട് അനുവർത്തിച്ചുപോന്ന വിവേചനം ഇ എം എസ് ഗവൺമെന്റ് അവസാനിപ്പിച്ചു. മാത്രവുമല്ല അവരുടെ ആരാധനാലയങ്ങൾ പുതുക്കിപ്പണിയുന്നതിനും പുതിയവ നിർമിക്കുന്നതിനും ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒട്ടേറെ നടപടികളിലൂടെ ഒരു മർദ്ദനോപകരണം എന്ന നിലയിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിഭാഗം എന്ന നിലയിലേക്ക് പൊലീസ് സേനയെ മാറ്റിയെടുക്കാൻ 1957ലെ ഗവൺമെന്റിനു സാധിച്ചു.
വ്യവസായം: പുതുതായി രൂപീകരിച്ച കേരള സംസ്ഥാനത്തിന്റെ വ്യത്യസ്ത പ്രദേശങ്ങൾ തമ്മിൽ വികസനപരമായ അസന്തുലിതാവസ്ഥ നിലനിന്നിരുന്നു. നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് മലബാറും തമ്മിൽ ഇക്കാര്യത്തിലുള്ള അന്തരം ഏറെ പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ പ്രദേശത്തിന്റെയും വ്യാവസായിക പുരോഗതിയും വളർച്ചയും ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു വ്യവസായ നയമായിരുന്നു കമ്യൂണിസ്റ്റ് ഗവൺമെന്റ് പിന്തുടർന്നു പോന്നത്. വൻകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള മൂലധനം സംസ്ഥാന സർക്കാരിന്റെ കെെവശം ഇല്ലാത്തതും, കേന്ദ്ര ഗവൺമെന്റിന്റെ ഇക്കാര്യത്തിലുള്ള നിഷേധാത്മക സമീപനവും, സ്വകാര്യമേഖലയിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനു ഇടയാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികളോട് കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന് ആവശ്യപ്പെടുകയുണ്ടായി. ഇത്തരം നയസമീപനങ്ങളുടെ ഭാഗമായി നടന്ന ചർച്ചകളെ തുടർന്ന് മലബാർ മേഖലയിൽ ആരംഭിച്ച ഒരു വൻകിട വ്യവസായശാലയാണ് ജി ഡി ബിർളയുടെ നേതൃത്വത്തിൽ മാവൂരിൽ തുടങ്ങിയ റയോൺസ് ഫാക്ടറി. 15000 ത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രസ്തുത ഫാക്ടറിക്ക് സാധിച്ചു. മാത്രവുമല്ല ചെറുകിട–വൻകിട വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം കേരളത്തിലുണ്ടെന്ന് വ്യവസായികളെയും നിക്ഷേപകരെയും ബോധ്യപ്പെടുത്താൻ ഈ നടപടിയിലൂടെ ഗവൺമെന്റിന് കഴിഞ്ഞു. 1957–58 കാലയളവിൽ ചെറുകിട ഫാക്ടറികളുടെ എണ്ണത്തിലുണ്ടായ വളർച്ച ഇത് വെളിവാക്കുന്നു. 1957ൽ 1613 ചെറുകിട ഫാക്ടറികൾ ഉണ്ടായിരുന്ന സ്ഥലത്ത് 1958 ആകുമ്പോഴേക്കും അത് 2128 ആയി വർധിച്ചു. ഇതോടൊപ്പം സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായങ്ങളിൽ തൊഴിലാളി പങ്കാളിത്തം ഉറപ്പുവരുത്തിയതും, വ്യവസായ ബോർഡുകൾ സ്ഥാപിച്ചതും വ്യാവസായിക മേഖലക്ക് ഉണർവേകുന്ന നടപടികളായിരുന്നു.
പൊതുവിതരണ സമ്പ്രദായം: ന്യായ വില ഷോപ്പുകൾ വ്യാപകമായി ആരംഭിച്ച് പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനുള്ള നടപടികളും കമ്യൂണിസ്റ്റ് ഗവൺമെന്റ് സ്വീകരിക്കുകയുണ്ടായി. ഭക്ഷ്യസാധനങ്ങളുടെ കാര്യത്തിൽ കേരളം എന്നും ഒരു കമ്മി സംസ്ഥാനമായിരുന്നു. ഇ എം എസ് മന്ത്രിസഭ അധികാരത്തിലെത്തിയ നാളുകളിൽ ഭക്ഷ്യക്ഷാമം ഏറെ രൂക്ഷമായി. ഭക്ഷ്യക്ഷാമത്തിനുള്ള പരിഹാരമെന്നോണം കേന്ദ്രം നിർദേശിച്ച ‘ദക്ഷിണ ഭക്ഷ്യമേഖല’ രൂപീകരിച്ച് പ്രവർത്തനം നടത്തിയെങ്കിലും അരിക്ഷാമത്തെ നേരിടാൻ അതിനു കഴിഞ്ഞില്ല. കേരളത്തിനുള്ള അരിവിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്, ഭക്ഷ്യമന്ത്രി കെ സി ജോർജ്, മുഖ്യമന്ത്രി ഇ എം എസിനും ലോക്-സഭയിലെ പ്രതിപക്ഷനേതാവ് എ കെ ജിക്കുമൊപ്പം പല തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചുവെങ്കിലും, കേന്ദ്രം നിഷേധാത്മക നിലപാട് തുടരുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് തമിഴ്നാട്, പഞ്ചാബ്, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് അരിയും ഗോതമ്പും വാങ്ങി ന്യായവില ഷോപ്പുകൾ വഴി വിതരണം ചെയ്യാനുള്ള തീരുമാനം സർക്കാർ കെെക്കൊള്ളുന്നത്. ഈ തീരുമാനത്തിനുശേഷവും കേരളം കേന്ദ്രത്തെ സമീപിക്കുകയും അരിവാങ്ങാൻ സഹായിക്കണമെന്നഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ഇതിനെയും കേന്ദ്ര ഗവൺമെന്റ് നിരുത്സാഹപ്പെടുത്തുകയുണ്ടായി. അതോടെ അരി വാങ്ങുന്നതിന് സ്വകാര്യവ്യാവസായികളെ ആശ്രയിക്കുക എന്നതു മാത്രമായി സർക്കാരിനു മുന്നിലുള്ള ഏക പോംവഴി. അങ്ങനെയാണ് ആന്ധ്രയിൽനിന്നും അരി വാങ്ങിക്കൊണ്ടുവന്ന് ന്യായവിലഷോപ്പുകൾ വഴി വിതരണം ചെയ്ത് രൂക്ഷമായ ഭക്ഷ്യക്ഷാമത്തിനു പരിഹാരം കാണുന്നത്. ജനങ്ങളുടെ പട്ടിണി മാറ്റുന്നതിനായി സർക്കാർ കെെക്കൊണ്ട ധീരമായ ഈ നടപടിയെയാണ് പ്രതിപക്ഷം ‘ആന്ധ്ര അരി കുംഭകോണ’മായി ഉയർത്തിക്കാട്ടിയത്.
തൊഴിൽനയം: തൊഴിൽ മേഖലക്ക് ഇ എം എസ് ഗവൺമെന്റ് പ്രത്യേക ശ്രദ്ധ നൽകുകയുണ്ടായി. ക്രിയാത്മകമായ ഒരു തൊഴിൽ നയം നടപ്പിലാക്കി തൊഴിലാളികൾക്ക് വേതന വർധനവ് നടപ്പിൽ വരുത്തി. കൂടുതൽ മേഖലകളിലുള്ള തൊഴിലാളികളെക്കൂടി മിനിമം വേജസ് പരിധിയിൽ കൊണ്ടുവന്നു. തൊഴിൽ തർക്കങ്ങളിൽ പൊലീസ് ഇടപെടാൻ പാടില്ല എന്ന തീരുമാനം നടപ്പിലാക്കി. വിവിധ മേഖലകളിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ സഹകരണ സംഘങ്ങൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. മെയ് ദിനം ശമ്പളത്തോടുകൂടിയ ഒഴിവുദിനമാക്കിക്കൊണ്ട് സാർവദേശീയ തൊഴിലാളിദിനം സമുചിതമായി ആചരിച്ചു.
ഭരണഭാഷ: സംസ്ഥാനത്തെ ഭരണഭാഷ മലയാളമാക്കുന്നതിനുള്ള ശ്രമങ്ങളും ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെ ഗവൺമെന്റ് കെെക്കൊള്ളുകയുണ്ടായി. ഈ ലക്ഷ്യം മുൻനിർത്തി, 1957 ഏപ്രിൽ 31നു കേരളത്തിന്റെ ഔദ്യോഗികഭാഷ മലയാളമാക്കുന്നതിനായി കെെക്കൊള്ളേണ്ട നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാനായി കോങ്ങാട്ടിൽ അച്യുതമേനോൻ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഒരു വർഷത്തിനുള്ളിൽ തന്നെ കമ്മിറ്റി അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഏഴുവർഷം കൊണ്ട് മലയാളം ഔദ്യോഗികഭാഷയാക്കാനുള്ള സമിതിയുടെ നിർദേശങ്ങൾ സർക്കാർ സ്വീകരിച്ചു. എന്നാൽ ഗവൺമെന്റിനെ പിരിച്ചുവിട്ടതോടെ തുടർനടപടികൾ പ്രാവർത്തികമാക്കാൻ സാധിച്ചില്ല.
ഇതുകൂടാതെ മറ്റനേകം പരിഷ്കരണ നടപടികളും കമ്യൂണിസ്റ്റ് ഗവൺമെന്റ് നടപ്പിലാക്കുകയുണ്ടായി. 100 ഏക്കറിൽ കൂടുതലുള്ള സ്വകാര്യവനങ്ങളിൽ മരം മുറിക്കുന്നതോ, മറ്റ് അതിക്രമമോ ശ്രദ്ധയിൽപ്പെട്ടാൽ, അവ ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുന്ന ‘സ്വകാര്യവനം മാനേജ്മെന്റ്’ ഏറ്റെടുക്കൽ ബിൽ ആയിരുന്നു അതിൽ ഒന്ന്. അതുപോലെ, സ്ത്രീധനം എന്ന സാമൂഹികതിന്മ തുടച്ചുനീക്കാൻ വേണ്ടി ‘സ്ത്രീധന നിരോധന ബിൽ’ കൊണ്ടുവന്നു. നിയമമന്ത്രി വി ആർ കൃഷ്ണയ്യർ ആണ് പ്രസ്തുത ബിൽ സഭയിൽ കൊണ്ടുവന്നത്. കമ്യൂണിസ്റ്റ് ഗവൺമെന്റ് കൊണ്ടുവരുന്ന നിയമങ്ങളെ എതിർക്കുന്നതിന് പ്രതിപക്ഷ കക്ഷികൾ ഏതറ്റം വരെയും പോകും എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു സ്ത്രീധന നിരോധന ബില്ലിന്മേൽ നടന്ന ചർച്ചകൾ. ‘‘കുടുംബത്തിൽ സെെ-്വര്യവും സമാധാനവും ഉണ്ടാകാൻ ഏറ്റവും നല്ല ഒരേർപ്പാടാണ് സ്ത്രീധനം’’ എന്ന് ചില പ്രതിപക്ഷകക്ഷി നേതാക്കൾ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രസ്താവിക്കുകയുണ്ടായി. മറ്റു പല പുരോഗമന ബില്ലുകളെയും പോലെ സ്ത്രീധന നിരോധന ബില്ലും, സെലക്ട് കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞ് വരുന്നതിനുമുമ്പ് ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടിരുന്നു.
കമ്യൂണിസ്റ്റ് സർക്കാരിന്റെ വികസനോന്മുഖ കാഴ്ചപ്പാടിന് പിൻബലം നൽകുന്നതായിരുന്നു ഗവൺമെന്റിന്റെ ആദ്യ ബജറ്റ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കമ്മി രഹിത ബജറ്റ് ആയിരുന്നു ധനമന്ത്രി അച്യുതമേനോൻ സഭയിൽ അവതരിപ്പിച്ചത്. കാർഷിക പരമ്പരാഗത മേഖലകൾക്ക് ഊന്നൽ കൊടുത്ത ഈ ബജറ്റ് വിദ്യാഭ്യാസ–ആരോഗ്യമേലകൾക്കും ഗണ്യമായ പ്രാധാന്യം നൽകുകയുണ്ടായി. പല കാര്യങ്ങളിലും മലബാറും തിരു–കൊച്ചിയും തമ്മിൽ നിലനിന്നിരുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ഒട്ടേറെ നിർദേശങ്ങളും ബജറ്റിലുണ്ടായിരുന്നു. ചികിത്സ രംഗത്ത് മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആരംഭിച്ചതും, മലബാറിലെ ഉദേ-്യാഗസ്ഥരുടെ ശമ്പളം തിരുകൊച്ചിയിലെ നിരക്കിൽ വർധിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്. മലബാറിലെ തടവുകാർക്ക് തിരു കൊച്ചിയിലെ പോലെ 18 ഔൺസ് അരി അനുവദിച്ച് ഉത്തരവായി. വിദ്യാഭ്യാസ സമ്പ്രദായം കേരളമൊട്ടുക്കും ഏകീകരിച്ചു.
ചുരുക്കത്തിൽ, ഭൂപരിഷ്കരണവും വിദ്യാഭ്യാസ, വ്യവസായ നയങ്ങളും അധികാരവികേന്ദ്രീകരണത്തിനായുള്ള പരിശ്രമങ്ങളും ഭരണപരിഷ്കരണത്തിനാവശ്യമായ മറ്റ് നടപടികളും കെെക്കൊള്ളുന്നതിലൂടെ ഐക്യ കേരളത്തിന്റെ സാമ്പത്തിക–സാമൂഹ്യജീവിതത്തിന് അടിത്തറയിടാൻ 57ലെ കമ്യൂണിസ്റ്റ് ഗവൺമെന്റിന് സാധിച്ചു. മാത്രവുമല്ല, വികസനത്തിലും ഭരണത്തിലും വർഗബഹുജന സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ‘ബൂർഷ്വാ ജനാധിപത്യ’ത്തെ പങ്കാളിത്ത ജനാധിപത്യത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ഗവൺമെന്റിന് കഴിഞ്ഞു. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ഫലപ്രദമായ നടപടികളും ഗവ: കെെക്കൊള്ളുകയുണ്ടായി. എല്ലാ കാര്യത്തിലും സ്വയം മാതൃക കാണിക്കുക എന്നത് മന്ത്രിസഭയെ സംബന്ധിച്ചിടത്തോളം ഒരു നയവും പരിപാടിയുമായിരുന്നു. മന്ത്രിമാരുടെയും സ്പീക്കറുടെയും ശമ്പളം 700ൽ നിന്ന് 500 രൂപയായി കുറച്ച തീരുമാനത്തെ ഈയൊരു കാഴ്ചപ്പാടിൽ നിന്നു വേണം കാണാൻ. എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികളും, ജാതി–മത സാമുദായിക ശക്തികളും ഒന്നിച്ചുചേർന്ന് ഗവൺമെന്റിനെതിരെ നടത്തിയ ‘അട്ടിമറി സമരം’ ജനാധിപത്യസംവിധാനത്തെ തന്നെ നിഷ്ക്രിയമാക്കുകയും കേന്ദ്ര സർക്കാരിനെക്കൊണ്ട് കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടുകയും ചെയ്തു. അതുകൊണ്ടുതന്നെ സാമൂഹ്യനീതി ലക്ഷ്യം വച്ച് കൊണ്ടുള്ള പല ഭരണനടപടികളും ശരിയായ രീതിയിൽ നടപ്പിലാക്കുന്നതിന് മന്ത്രിസഭക്ക് സമയം ലഭിച്ചില്ല. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ജാതി മത വർഗീയശക്തികളും ചേർന്നുള്ള ഇന്നത്തെ അവിശുദ്ധ രാഷ്ട്രീയ സഖ്യത്തിന്റെ അടിത്തറ രൂപപ്പെട്ടുവന്നത്. ‘അട്ടിമറി സമര’ത്തിന്റെ നാളുകളിലായിരുന്നു എന്നു കാണാം. എങ്കിലും, പുതിയ കേരളം പടുത്തുയർത്തുന്നതിനായി വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് കമ്യൂണിസ്റ്റ് ഗവൺമെന്റ് നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അതിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിനും വഴിയൊരുക്കിയെന്ന് നിസംശയം പറയാവുന്നതാണ്. l