Tuesday, March 18, 2025

ad

Homeകവര്‍സ്റ്റോറിപരിസ്ഥിതി ബജറ്റ് 2025–26 
ഹരിത രാഷ്ട്രീയത്തിന്റെ 
പ്രഖ്യാപനം

പരിസ്ഥിതി ബജറ്റ് 2025–26 
ഹരിത രാഷ്ട്രീയത്തിന്റെ 
പ്രഖ്യാപനം

ഡോ ടി എന്‍ സീമ

‘‘പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നേടിയ വിജയങ്ങളോര്‍ത്ത് ഒരുപാട് നമ്മള്‍ അഹങ്കരിക്കരുത്. ഓരോ കീഴടക്കലിനും പ്രകൃതി നമുക്കുമേല്‍ പ്രതികാരം ചെയ്യും. അവയിലോരോ വിജയവും ആദ്യം നമ്മൾ കണക്കാക്കിയ ഫലങ്ങളുണ്ടാക്കും എന്നത് ശരിയാണ്, എന്നാൽ ആ ഫലങ്ങളെ അപ്രസക്തമാക്കുന്ന തരത്തില്‍ തികച്ചും വ്യത്യസ്തവും , മുൻകൂട്ടി പ്രതീക്ഷിക്കാത്തതുമായ പ്രത്യാഘാതങ്ങളുമുണ്ട്. മെസൊപ്പൊട്ടേമിയ, ഗ്രീസ്, ഏഷ്യാമൈനർ, തുടങ്ങിയ സ്ഥലങ്ങളിൽ കൃഷിയോഗ്യമായ ഭൂമി ലഭിക്കാൻവേണ്ടി വനങ്ങൾ നശിപ്പിച്ച ആളുകൾ, കാടുകൾക്കൊപ്പം ഈർപ്പം ശേഖരിക്കുന്ന കേന്ദ്രങ്ങളും സംഭരണികളും നീക്കം ചെയ്തുകൊണ്ട് ഈ രാജ്യങ്ങളുടെ ഇന്നത്തെ വിനാശകരമായ അവസ്ഥയ്ക്ക് അടിത്തറയിടുകയാണെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പർവതങ്ങളുടെ ആൽപ്സിലെ ഇറ്റലിക്കാർ വടക്കൻ ചരിവുകളിൽ വളരെ ശ്രദ്ധാപൂർവ്വം പരിപാലിച്ച പൈൻ വനങ്ങൾ തെക്കൻ ചരിവുകളിലുള്ളവർ ഉപയോഗിച്ചപ്പോൾ, അങ്ങനെ ചെയ്യുന്നതിലൂടെ അവർ തങ്ങളുടെ പ്രദേശത്തെ ക്ഷീര വ്യവസായത്തിന്റെ വേരുകൾ വെട്ടിമാറ്റുകയാണെന്ന് ഒരു സൂചനയും അവർക്ക് ഉണ്ടായിരുന്നില്ല; അങ്ങനെ വർഷത്തിൽ ഭൂരിഭാഗവും തങ്ങളുടെ പർവത നീരുറവകളിൽ വെള്ളം നഷ്ടപ്പെടുന്നുണ്ടെന്ന് അവർക്ക് അപ്പോഴും അറിയില്ലായിരുന്നു. മഴക്കാലത്ത് സമതലങ്ങളിൽ കൂടുതൽ ശക്തമായ വെള്ളപ്പൊക്കം പകരാൻ ഇവയ്ക്ക് കഴിയും.അങ്ങനെ ഓരോ ചുവടുവയ്പിലും നമ്മള്‍ സ്വയം ഓര്‍മ്മിപ്പിക്കേണ്ട ഒരു കാര്യമുണ്ട്,നമ്മള്‍ മറ്റെവിടെ നിന്നോ പ്രകൃതിയെ കീഴടക്കാന്‍ വന്ന വിദേശികളല്ല. നമ്മുടെ മാംസവും രക്തവും തലച്ചോറും പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതി നിയമങ്ങളെ അറിയാനും ശരിയായി പ്രയോഗിക്കാനും മറ്റെല്ലാ ജീവികളെയുംകാള്‍ നമുക്ക് കഴിയുമെന്നതിനാലാണ് പ്രകൃതിക്ക് മേലുള്ള നമ്മുടെ എല്ലാ മേല്‍ക്കയ്യും നിലനില്‍ക്കുന്നത്.’’

( ഫ്രെഡറിക് എംഗല്‍സ് – -വാനരനില്‍നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ അദ്ധ്വാനത്തിന്റെ പങ്ക്, -1876)

എംഗല്‍സിന്റെ ഈ ഓര്‍മ്മപ്പെടുത്തലിന് ഒന്നര നൂറ്റാണ്ട് തികയുമ്പോള്‍ മുതലാളിത്തത്തിന്റെ അന്തമില്ലാത്ത ആര്‍ത്തിയും പ്രകൃതിയെക്കുറിച്ചുള്ള അവഗണനയും നിരുത്തരവാദിത്തവും സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനമെന്ന തീവ്ര പ്രകൃതി ദുരന്തത്തിന്റെ നടുവിലാണ് ലോകം. ഇതിന് കാരണക്കാരായ സമ്പന്ന രാജ്യങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ കയ്യൊഴിയുന്ന ഈ കാലത്ത് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു കൊച്ചു സംസ്ഥാനം രാഷ്ട്രീയ ഇച്ഛാശക്തിയോടെ പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് വഴികാട്ടുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന കേരളം, സവിശേഷമായ ഭൂമിശാസ്ത്ര സവിശേഷതകൾ, പ്രകൃതി സൗന്ദര്യം, സമ്പന്നമായ ജൈവവൈവിധ്യം എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇടയ്ക്കിടെയുള്ള വെള്ളപ്പൊക്കം,ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചിൽ, തീരശോഷണം , മഴയുടെ ചാഞ്ചാട്ടം,അതികഠിനമായ വേനലും ഭൂഗര്‍ഭ ജലത്തിന്റെ ലഭ്യതക്കുറവും വരള്‍ച്ചയും തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികള്‍ കേരളം നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങൾ സംസ്ഥാനത്തിന്റെ പ്രകൃതിവിഭവങ്ങളിലും സമ്പദ്‌വ്യവസ്ഥയിലും മനുഷ്യരുടെ ഉപജീവനത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനം നേടിയ സാമൂഹ്യ ക്ഷേമ നേട്ടങ്ങളെയും വികസന വളര്‍ച്ചയെയും ബാധിക്കുന്ന തരത്തില്‍ സുസ്ഥിര വികസനത്തിന്‌ വെല്ലുവിളി സൃഷ്ടിക്കുന്നു. ഈ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്തുക അനിവാര്യമാണ് അതിന് കേരളത്തിന്റെ ഭൂപ്രകൃതിയെയും ആവാസ വ്യവസ്ഥയെയും ജന ജീവിതത്തെയും സുരക്ഷിതമാക്കുന്നതിനുള്ള സമഗ്ര നയവും അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുമാണ് വേണ്ടത് എന്ന സര്‍ക്കാരിന്റെ ഉറച്ച നിലപാടാണ് പരിസ്ഥിതി ബജറ്റ് മുന്നോട്ടുവെയ്ക്കുന്നത്.

വയനാട്ടിൽ അടുത്തിടെയുണ്ടായ അതിതീവ്രമായ പ്രകൃതി ദുരന്തം, ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ തടയുന്നതിന് പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടും പ്രതിരോധത്തില്‍ ഊന്നിക്കൊണ്ടുമുള്ള നയങ്ങളുടെയും ഇടപെടലുകളുടെയും ആവശ്യകത എടുത്തു കാണിക്കുന്നുണ്ട്. പരിസ്ഥിതി ബജറ്റിന്റെ പ്രസക്തി ഈ രേഖ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു:

“പരിസ്ഥിതി ദുർബലത പരിഹരിക്കുക, ദുരന്തനിവാരണ തയ്യാറെടുപ്പ് വർദ്ധിപ്പിക്കുക, ആവാസവ്യവസ്ഥയുണ്ട് പുനഃസ്ഥാപനം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം സംസ്ഥാനത്തിന്റെ വികസന ആസൂത്രണത്തിന്റെ കേന്ദ്രമാണെന്ന് ഉറപ്പാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.”

2025–-26 വാര്‍ഷിക ബജറ്റിനൊപ്പം അവതരിപ്പിച്ച പരിസ്ഥിതി ബജറ്റ് പരിസ്ഥിതി പുന:സ്ഥാപനത്തിനായുള്ള എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രഖ്യാപനമാണ്. ഇന്ത്യയില്‍തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത ഇടപെടലുകളെ സാമ്പത്തിക പ്രക്രിയയുമായി ഏകോപിപ്പിച്ചുകൊണ്ട് സന്തുലിതവും സുസ്ഥിരവുമായ വികസനം ഉറപ്പുവരുത്തുകയാണ് പരിസ്ഥിതി ബജറ്റുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ബജറ്റ് രേഖയുടെ ആമുഖത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്.

“സാമ്പത്തിക ആസൂത്രണത്തിൽ പാരിസ്ഥിതിക പരിഗണനകൾ ഉൾപ്പെടുത്തിക്കൊണ്ട്, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, വിഭവ ശോഷണം തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന കേരള പരിസ്ഥിതി ബജറ്റ്, പരിസ്ഥിതി ഭരണത്തിന് ഒരു മാതൃകയായി കേരളത്തെ സ്ഥാപിക്കുന്നു”.

വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയില്‍ ചെലുത്തുന്ന ആഘാതങ്ങള്‍ വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും അവ തിരുത്തുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നതിനുമുള്ള ആസൂത്രണ ഉപകരണമായി പരിസ്ഥിതി ബജറ്റ് പ്രയോജനപ്പെടുത്താനാവും.

പരിസ്ഥിതി ബജറ്റിന്റെ ലക്ഷ്യം, ഇത് തയ്യാറാക്കാന്‍ സ്വീകരിച്ച രീതി സമ്പ്രദായവും സംസ്ഥാനം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളും, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള വിവിധ വകുപ്പുകള്‍,മിഷനുകള്‍,ഏജന്‍സികള്‍ എന്നിവ നടപ്പിലാക്കുന്ന പരിസ്ഥിതി ഇടപെടലുകള്‍, ദേശീയവും സാര്‍വദേശീയവുമായ പരിസ്ഥിതി പുന:സ്ഥാപന ലക്ഷ്യങ്ങളുമായുള്ള ബന്ധം, വിവിധ സെക്ടറുകളില്‍ നടപ്പാക്കുന്ന പ്രോജക്ടുകളും അവയുടെ വിവരണവും, ഉപസംഹാരവും ഭാവി പരിപ്രേക്ഷ്യവും എന്നിങ്ങനെ അഞ്ച് അധ്യായങ്ങളില്‍ 90 പേജുകളിലായിട്ടാണ് പരിസ്ഥിതി ബജറ്റ് തയാറാക്കിയിട്ടുള്ളത്.വിവിധ വകുപ്പുകളിലായി 10 മേഖലകളിലുള്ള 95 പദ്ധതികൾ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതികളുടെ ആകെ അടങ്കലിന്റെ 68.25% പരിസ്ഥിതി സംബന്ധിയായ ഘടകങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. ഭാവിയിൽ, പാരിസ്ഥിതിക അപകടങ്ങളെയും ദുരന്തങ്ങളെയും നേരിടാൻ കഴിയുന്ന തരത്തിൽ ആവശ്യമുള്ള ഫലങ്ങൾ നൽകുന്നതിനായി കൂടുതൽ വകുപ്പുകളിലേക്കും പദ്ധതിയേതര പദ്ധതികളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപിക്കുന്നത്.

കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുമെന്ന, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി പുനരുജ്ജീവനത്തിനുള്ള വൈവിധ്യമാര്‍ന്ന ഇടപെടലുകള്‍ 2016ല്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്നത്. പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രകടനപത്രിക പ്രഖ്യാപിക്കുന്നുണ്ട്. ഭൂമിയും മണ്ണും വായുവും ജലവും മലിനമാക്കാതെ വികസന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്ന സുസ്ഥിര വികസന പരിപ്രേക്ഷ്യം കേരളത്തിന്റെ പാരിസ്ഥിതിക സമനില വീണ്ടെടുക്കുന്നതില്‍ ഏറ്റവും പ്രധാനമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘവീക്ഷണത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളുടെ നിരവധി ഗുണഫലങ്ങള്‍ ഭരണത്തിന്റെ ഒന്‍പതു വര്‍ഷം തികയുന്ന ഘട്ടത്തില്‍ ചൂണ്ടിക്കാണിക്കാനാകും. കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞു കൊണ്ട് ആവശ്യമായ നയ സമീപനങ്ങളും പ്രായോഗിക പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ പരിസ്ഥിതി ബജറ്റ് 2025-–26 ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു;

1. ഉയരുന്ന സമുദ്ര നിരപ്പും തീരശോഷണവും
2. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും
3. തീവ്രമായ കാലാവസ്ഥാ ചാഞ്ചാട്ടങ്ങള്‍,
4. ശുദ്ധ ജല സ്രോതസുകളുടെ നാശം
5. ജൈവവൈവിധ്യ നാശവും പരിസ്ഥിതിയുടെ തകര്‍ച്ചയും
6. അസ്ഥിരമായ വികസനവും നഗര വത്കരണവും
7. മാലിന്യ പരിപാലന പ്രതിസന്ധിയും ആരോഗ്യ പ്രശ്നങ്ങളും.

മുകളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള വെല്ലുവിളികള്‍ നേരിടുന്നതിനായുള്ള ശ്രമങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ തുടക്കത്തില്‍ ആരംഭിച്ചു.തുടര്‍ ഭരണത്തില്‍ ഈ നടപടികള്‍ കൂടുതല്‍ വിപുലമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തി. ഇതുവരെ സ്വീകരിച്ച നടപടികളുടെ ഫലമായി പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്നതില്‍ കേരളം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ഒരു മിഷന്‍ തന്നെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. 2016 ഡിസംബര്‍ 8 ന് ആരംഭിച്ച ഹരിത കേരളം മിഷന്‍ ജല സ്രോതസ്സുകളുടെ സംരക്ഷണം, ശാസ്ത്രീയ മാലിന്യ സംസ്കരണം, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ സുപ്രധാന പാരിസ്ഥിതിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനായി രൂപം നല്‍കിയതാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളില്‍നിന്നും നാടിനെ പ്രതിരോധിക്കുന്നതിന് പ്രാദേശിക തലം മുതലുള്ള വിപുലമായ ഇടപെടലായിട്ടാണ് ഹരിതകേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ഈ നിലപാടുകളുടെ ശരി ആവര്‍ത്തിച്ചുറപ്പിക്കുന്ന അനുഭവങ്ങളാണ് നാട്ടില്‍ കാണാന്‍ കഴിയുന്നത്. ഹരിത കേരളം എന്ന ദൗത്യത്തിന് തുടക്കം കുറിക്കുമ്പോള്‍ ആ വേദിയില്‍ മുഖ്യമന്ത്രി പങ്കുവെച്ച ആശയം നാട്ടിലെ നീര്‍ച്ചാലുകളിലെ വെള്ളം പോലും കൈക്കുമ്പിളില്‍ എടുത്ത് കുടിക്കാന്‍ കഴിയുന്ന നിലയില്‍ നമ്മുടെ ജല സ്രോതസുകളെ വീണ്ടെടുക്കണമെന്നതാണ്. അന്നത് അസാധ്യമെന്ന് തള്ളിക്കളഞ്ഞവരെ തിരുത്തുന്ന അനുഭവങ്ങളാണ് കേരളത്തിലാകെയുള്ളത്. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടന്ന ‘ ഇനി ഞാനൊഴുകട്ടെ’ എന്ന പുഴ പുനരുജ്ജീവന പദ്ധതിയുടെ സവിശേഷത പരിസ്ഥിതി ബജറ്റ് എടുത്തുപറയുന്നുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം എട്ടു വര്‍ഷം കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികളുടെ ഏകോപനത്തോടെയും ജനകീയ പിന്തുണയോടെയും വീണ്ടെടുത്തത് എഴുപതിനായിരത്തിലധികം കിലോമീറ്റര്‍ നീര്‍ച്ചാലുകളും നാനൂറു കിലോമീറ്ററിലധികം പുഴകളുമാണ്. ജനകീയ പുഴ പുനരുജ്ജീവനത്തിന്റെ ഐതിഹാസിക ചരിത്രമാണ് ഇങ്ങനെ കുറിക്കപ്പെട്ടത്. സുരക്ഷിതമാക്കാം പശ്ചിമഘട്ടം, എന്ന പദ്ധതിയിലൂടെ പശ്ചിമഘട്ട മേഖലയിലെ 230 പഞ്ചായത്തുകളിലെ നീര്‍ച്ചാലുകള്‍ മുഴുവന്‍ മാപ്പ് ചെയ്ത് പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനം ഫലപ്രദമായി നടന്നു വരികയാണ്. വൃക്ഷവത്കരണത്തിന്റെ വിപുലീകരണവും ജൈവ വൈവിധ്യ സംരക്ഷണവും ലക്ഷ്യമാക്കിക്കൊണ്ടുള്ള പച്ചത്തുരുത്തുകള്‍ 1129 ഏക്കറിലായി 3600 എണ്ണം ആയിരിക്കുന്നു. കേരളത്തെ ശുചിത്വ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍,ശുചിത്വ മിഷന്‍,ഖര മാലിന്യ പരിപാലന പ്രോജക്റ്റ്,ക്ലീന്‍ കേരള കമ്പനി തുടങ്ങിയ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പരിസ്ഥിതി ബജറ്റ് പ്രതിപാദിക്കുന്നുണ്ട്.

പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ഏജന്‍സിയായ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമായിത്തന്നെ പരിസ്ഥിതി ബജറ്റ് പരിശോധിക്കുന്നുണ്ട്. ‘സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്നുപോകുന്നതും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ളതുമായ സന്തുലിതവും സുസ്ഥിരവുമായ വികസന പരിപ്രേക്ഷ്യം 2030’ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത് പരിസ്ഥിതി മേഖലയില്‍ ഫലപ്രദമായി ഇടപെടുകയെന്ന ദീര്‍ഘ വീക്ഷണത്തോടെയാണ്.

കണ്ടൽക്കാടുകളുടെ പുനരുദ്ധാരണം, ഇക്കോ-ടൂറിസം തുടങ്ങിയ മറ്റ് ശ്രമങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തോടുള്ള കേരളത്തിന്റെ സമഗ്ര സമീപനത്തെ ബജറ്റ് വ്യക്തമാക്കുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവന്ന് സംസ്ഥാനത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പദവിയിലെത്തിക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ഇടപെടലുകളും വായു മലിനീകരണം കുറയ്ക്കുന്നതിനായുള്ള ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനവും ഡയറക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള ഗ്രീന്‍ ഹൗസ് ഗ്യാസ് ഇന്‍വെന്ററി തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ സമഗ്ര വശങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ഇടപെടലുകളാണെന്ന് കാണാന്‍ കഴിയും. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ 152 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ എന്ന ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനം പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച വിപുലമായ ജനകീയ വിദ്യാഭ്യാസ പരിപാടിയായി മാറിക്കൊണ്ടിരിക്കുകയാണ്.

തദ്ദേശഭരണ സ്ഥാപനങ്ങളെ ദുരന്ത പ്രതിരോധത്തിനു സാധ്യമായ പദ്ധതി ആസൂത്രണത്തിന് സജ്ജമാക്കുന്നതിനായി നിരന്തര പരിശീലനങ്ങള്‍ കില ഏറ്റെടുത്തു നടത്തുന്നുണ്ട്. ഹരിത കേരളം മിഷന്‍ നടപ്പിലാക്കിയ യുഎന്‍ഡി പി പ്രൊജക്ടിന്റെ ഭാഗമായി കില തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കായി ഗ്രീന്‍ പ്ലാന്‍ മാര്‍ഗരേഖയ്ക്ക് രൂപം നല്‍കിയിരുന്നു. പരിസ്ഥിതിക്കും ജൈവമണ്ഡലത്തിനും നാശമുണ്ടാക്കുന്ന നിരവധി പ്രവർത്തനങ്ങൾക്ക് സുസ്ഥിരമായ ബദലുകൾ നിർദ്ദേശിക്കുന്ന ഗ്രീൻ പ്ലാനുകൾ വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. തദ്ദേശ ഭരണം, കൃഷി, ജല വിഭവം,ടൂറിസം,വൈദ്യുതി,മൃഗ സംരക്ഷണം, വ്യവസായം,സഹകരണം ,വിദ്യാഭ്യാസം തുടങ്ങി ഏതാണ്ടെല്ലാ വകുപ്പുകളിലും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം മിഷന്‍,സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, ശുചിത്വ മിഷന്‍,കുടുംബശ്രീ എന്നിങ്ങനെ വിവിധ ഏജന്‍സികളിലുമായി വ്യാപിച്ചു കിടക്കുന്ന പരിസ്ഥിതി ഇടപെടലുകളും അവ സംബന്ധിച്ച വിലയിരുത്തലുകളുമാണ് പരിസ്ഥിതി ബജറ്റിന്റെ മുഖ്യ ഉള്ളടക്കം. സംസ്ഥാനം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ചും അവയുടെ പ്രതിരോധ നടപടികള്‍ സംബന്ധിച്ചുമുള്ള നയപരമായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പരിസ്ഥിതി ബജറ്റ് എൽഡിഎഫ് സര്‍ക്കാരിന്റെ ഹരിത രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായി മാറുന്നു. ഹരിതവും സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമായ ഒരു ഭാവിയിലേക്കുള്ള മുന്നേറ്റത്തിന് ഊര്‍ജ്ജവും ദിശാബോധവും നല്കാന്‍ കഴിയുന്ന ഒന്നായി കേരള പരിസ്ഥിതി ബജറ്റ് മാറുന്നു.

നവകേരളം പരിസ്ഥിതി സൗഹൃദമാകണം എന്ന കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ പരമായ നവകേരളത്തിന് രൂപം നല്‍കുമ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച അനുഭവങ്ങള്‍കൂടി കണക്കിലെടുത്ത്, ശാസ്ത്രീയവും ജനകീയവുമായി പരിസ്ഥിതി സംരക്ഷണത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കണമെന്ന് നവകേരള നിര്‍മ്മിതി സംബന്ധിച്ച രേഖ നമ്മെ ജാഗ്രതപ്പെടുത്തുന്നുണ്ട്.

പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും പരിസ്ഥിതിയുടെ സുസ്ഥിരതയും രാഷ്ട്രീയ വിഷയങ്ങള്‍ കൂടിയാണ്. മുതലാളിത്തത്തിന്റെ ലാഭക്കൊതി പ്രകൃതിക്കുമേല്‍ സമാനതകളില്ലാത്ത ചൂഷണം അടിച്ചേല്‍പ്പിക്കുമ്പോള്‍ പ്രകൃതി വിഭവങ്ങള്‍ക്കുമേല്‍ ഭൂമിയിലെ മുഴുവന്‍ പേരും അവകാശികളാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും പാരിസ്ഥിതിക ചൂഷണത്തില്‍ നിന്നും പ്രകൃതിയെയും പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരെയും സംരക്ഷിക്കുകയും ചെയ്യുന്നതിലെ രാഷ്ട്രീയമാണ് പരിസ്ഥിതി ബജറ്റിലൂടെ എൽഡിഎഫ് സര്‍ക്കാര്‍ ഉറപ്പിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 − 2 =

Most Popular