ദുരന്തമുഖത്തും തുടരുന്ന നിർദ്ദയ വിവേചനത്തെയും വ്യതിരിക്തമായ വികസന പന്ഥാവ് വരുത്തുന്ന വ്യഥകളെയും അഭിസംബോധന ചെയ്യുന്ന ബദലുകളുടെ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ 9 കൊല്ലമായി കേരളം ഇച്ഛാശക്തിയോടെ നടപ്പിലാക്കുന്ന വികസന – ക്ഷേമ ബദലുകളുടെ തുടർച്ചയും വളർച്ചയും ഉറപ്പാക്കുന്ന ബജറ്റാണിത്. യൂണിയൻ സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന രാഷ്ട്രീയ പ്രേരിതമായ ധന വിവേചനം യാതൊരു തത്വ ദീക്ഷയുമില്ലാതെ തുടരും എന്ന് യൂണിയൻ സർക്കാർ വ്യക്തമാക്കിയ സന്ദർഭത്തിലായിരുന്നു പുതിയ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു പോയ നാടിന്റെയും മനുഷ്യരുടെയും പുനരധിവാസത്തിനു യൂണിയൻ സർക്കാരിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് കേരള ഹൈക്കോടതിയിൽ അവർ പറഞ്ഞത്.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനുള്ള അവസരമായി ഉപയോഗപ്പെടുത്താൻ വേണ്ട പശ്ചാത്തല സൗകര്യ നിർമ്മിതിയ്ക്ക് ആവശ്യപ്പെട്ട സഹായവും നിഷേധിക്കുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചത്. തുടർച്ചയായി കേരളം നേരിടുന്ന ധന വിവേചനത്തിനു പരിഹാരമായി ആവശ്യപ്പെട്ട പ്രത്യേക പാക്കേജും പരിഗണിച്ചില്ല. ഇങ്ങനെ എന്തൊക്കെ വഴികളിലൂടെ കേരളത്തിന്റെ വളർച്ചയെയും വികസനത്തെയും തടസപ്പെടുത്താമോ ആ വഴികളെല്ലാം സ്വീകരിക്കുന്ന മോദി സർക്കാരിന്റെ സമീപനത്തെ അഭിമുഖീകരിച്ച് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക എന്നത് ക്ഷിപ്ര സാധ്യമായ ഒരു ജോലിയല്ല. ഈ സാഹചര്യത്തിലാണ് ഈ ഉപരോധത്തെയും ചെറുത്തുകൊണ്ടുള്ള ബദലുകൾ മുന്നോട്ടു വെയ്ക്കുന്ന സംസ്ഥാന ബജറ്റിന്റെ പ്രസക്തിയും പ്രാധാന്യവും നാം കാണേണ്ടത്.
തുടരുന്ന വിവേചനം
പ്രചരിപ്പിക്കപ്പെടുന്ന ഒരു ആഖ്യാനമുണ്ട്: കേരളത്തിനു സ്വന്തമായി വരുമാനമൊന്നുമില്ല, യൂണിയൻ സർക്കാർ തരുന്നതാണ് സംസ്ഥാനത്തിന്റെ ആശ്രയം. ഇത് തികച്ചും വാസ്തവ വിരുദ്ധമായ ആഖ്യാനമാണ്. 2025 -–26 ലെ ബജറ്റ് കണക്കുകൾ നമുക്ക് നോക്കാം. വായ്പ ഒഴികെയുള്ള വരുമാനമാണ് പൊതുവിൽ റവന്യൂ വരുമാനം എന്നു പറയുന്നത്. (ചെറിയ വ്യത്യാസമുണ്ട്. നമ്മുടെ വിശകലനത്തെ ബാധിക്കുന്നത്ര ഗണ്യമായ ഒന്നല്ല അത്). എല്ലാ സംസ്ഥാനങ്ങളുടെയും റവന്യൂ വരുമാനത്തിൽ സ്വന്തം വരുമാനവും യൂണിയൻ സർക്കാർ കൈമാറ്റവുമുണ്ട്. ഇക്കൊല്ലം, അതായത് 2024-–25 വർഷത്തിൽ വിവിധ സംസ്ഥാനങ്ങളുടെ ആകെ റവന്യൂ വരുമാനത്തിൽ തനതു വരുമാന, യൂണിയൻ കൈമാറ്റ ചേരുവ സംബന്ധിച്ച് ഒരു ചിത്രം ഇവിടെ കൊടുത്തിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ആകെ റവന്യൂ വരുമാനത്തിന്റെ ശരാശരി 42 ശതമാനം യൂണിയൻ കൈമാറ്റമാണ്. 58 ശതമാനമാണ് തനതു വരുമാനം. കേരളത്തിന്റെ യൂണിയൻ സർക്കാർ വിഹിതം ബജറ്റ് കണക്കുകൾ പ്രകാരം തന്നെ 26 ശതമാനം മാത്രമായിരുന്നു. റവന്യൂ വരുമാനത്തിന്റെ 74 ശതമാനവും സ്വന്തം വരുമാനമായിരുന്നു എന്നു സാരം.
എന്നാൽ യഥാർത്ഥത്തിൽ കേരളത്തിന് ഇതു പോലും കിട്ടുന്നില്ല. 2024 നവംബർ വരെയുള്ള യഥാർഥ കണക്കുകൾ താഴെ പട്ടികയിൽ കൊടുത്തിട്ടുണ്ട്. അക്കൗണ്ടന്റ് ജനറലിന്റെ കണക്കുകളാണ് ഈ പട്ടികയ്ക്ക് ആധാരം. 2024 നവംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വാസ്തവത്തിൽ കേരളത്തിനു കിട്ടിയ യൂണിയൻ കൈമാറ്റം ആകെ റവന്യൂ വരുമാനത്തിന്റെ 17.8 ശതമാനം മാത്രമാണെന്ന് കാണാം. താരതമ്യത്തിനായി ചില പ്രധാന സംസ്ഥാനങ്ങളുടെ ഇതേ കാലത്തെ യൂണിയൻ കൈമാറ്റത്തിന്റെ കണക്കുകളും ആ പട്ടികയിൽ കൊടുത്തിട്ടുണ്ട് . ശരാശരി കേരളത്തിന്റെ ഇരട്ടി യൂണിയൻ കൈമാറ്റമായി കിട്ടുന്നവയാണ് പ്രധാന സംസ്ഥാനങ്ങൾ. കേരളം നേരിടുന്ന ധനഅസന്തുലിതാവസ്ഥയുടെ അടിസ്ഥാന കാരണം ഈ വ്യത്യാസമാണ്. 2025- – 26 ലെ ബജറ്റ് കണക്കുകളും ഇതേ ചിത്രമാണ് നൽകുന്നത്.

സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനത്തിൽ
തനതു പിരിവും കേന്ദ്ര കെെമാറ്റവും 2023–2024
(നവംബർ വരെയുള്ള കണക്ക് ശതമാനത്തിൽ)
സംസ്ഥാനം | കേന്ദ്ര കെെമാറ്റം | തനതു പിരിവ് |
ഉത്തർ പ്രദേശ് | 37 % | 63 % |
ബീഹാർ | 40.18% | 59.81% |
പശ്ചിമ ബംഗാൾ | 48.75% | 51.25 % |
ഒഡീഷ | 36.13 % | 63.86 % |
രാജസ്ഥാൻ | 38. 96 % | 61.03 % |
പഞ്ചാബ് | 37. 96 % | 62.03% |
തമിഴ്നാട് | 25 .6 % | 74.39 % |
മഹാരാഷ്ട്ര | 20.18% | 79.81% |
ഹരിയാന | 19 % | 81 % |
കേരളം | 17 . 82 % | 82.18 % |
ഇപ്പോൾ അവതരിപ്പിച്ച ബജറ്റിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ 2025-–26 ലെ ആകെ റവന്യൂ വരുമാനമായ 1,52,351.67 കോടി രൂപയില്‍ 41,691.4 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന യൂണിയന്‍ ട്രാന്‍സ്ഫര്‍. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആകെ റവന്യൂ വരുമാനമായ 1,52,351.67 കോടി രൂപയില്‍ 1,10,660.53 കോടി രൂപയും സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനമാണ്. തനത് നികുതി വരുമാനം 2024-–25 ലെ 81,627.29 കോടി രൂപയില്‍ നിന്നും 91,514.75 കോടി രൂപയായും തനത് നികുതിയേതര വരുമാനം 17,905.65 കോടി രൂപയില്‍ നിന്നും 19,145.53 കോടി രൂപയായും വര്‍ദ്ധിക്കും. വരും കൊല്ലം കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തില്‍ 72.6 ശതമാനവും തനതു വരുമാനമാണ് എന്നു സാരം. യൂണിയന്‍ ട്രാന്‍സ്ഫര്‍ 27.3 ശതമാനം മാത്രമായിരിക്കും . എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി യൂണിയന്‍ സര്‍ക്കാര്‍ കൈമാറ്റം 42 ശതമാനമാണ് എന്നിരിക്കെയാണ് കേരളത്തിനുള്ള ഈ കുറഞ്ഞ കൈമാറ്റം എന്നു കാണണം. സംസ്ഥാനത്തിന്റെ ധന അസന്തുലിതാവസ്ഥയുടെ അടിസ്ഥാന പ്രശ്‌നം ഈ കുറഞ്ഞ യൂണിയന്‍ ട്രാന്‍സ്ഫറാണ് എന്ന വസ്തുത കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. യഥാര്‍ത്ഥ കണക്കുകള്‍ വരുമ്പോള്‍ ബജറ്റ് അനുമാനങ്ങളെക്കാള്‍ യൂണിയന്‍ കൈമാറ്റ തോത് ഇടിയുന്നതാണ് നാം നേരത്തെ കണ്ടത്. നേരത്തെയുള്ള വിവേചനത്തിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരും എന്നതാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്.
ചെലവുകൾ: കേന്ദ്ര സംസ്ഥാന താരതമ്യം
2024–25 ലെ ബജറ്റ് കണക്കുകൾ പ്രകാരം യൂണിയൻ സർക്കാരിന്റെ ആകെ ചെലവായി കണക്കു കൂട്ടിയത് 48,20,512 കോടി രൂപയായിരുന്നു. ഇപ്പോൾ പുതുക്കിയ കണക്കുകൾ പ്രകാരം 47,16,487 കോടി രൂപയായി ആകെ ചെലവുകൾ ചുരുങ്ങി. ഇത് വരും വർഷം 50,65,345 കോടി രൂപയായി വർധിക്കും എന്നാണ് 2025–26 ലെ ബജറ്റ് എസ്റ്റിമേറ്റ്. 2024-–25 ലെ ബജറ്റ് എസ്റ്റിമേറ്റിനെ അപേക്ഷിച്ച് കഷ്ടിച്ച് 5 ശതമാനമാണ് വർദ്ധന. ഇതു തന്നെ അവസാന കണക്കുകളിൽ വീണ്ടും ഇടിയും എന്നതാണല്ലോ അനുഭവം. വിലക്കയറ്റ തോതിനെ പോലും അബ്സോർബ് ചെയ്യുന്ന ചെലവ് യൂണിയൻ ബജറ്റ് വിഭാവനം ചെയ്യുന്നില്ല എന്നു സാരം.
എന്നാൽ കേരളത്തിന്റെ 2025-–26 ലെ ചെലവുകൾ എത്രയാണ്? 2023-–24 ൽ 1,59,500 കോടി രൂപയായിരുന്നു ആകെ ചെലവ്. 2024-–25 ൽ ഇത് 1,78,771 കോടി രൂപയായി ഉയർന്നു. വരും കൊല്ലത്തെ ആകെ ചെലവുകൾ 1,98,582 കോടി രൂപയായിരിക്കും. ബജറ്റിൽ പ്രഖ്യാപിച്ച അധിക ചെലവുകൾ ചേർക്കുമ്പോൾ സംസ്ഥാനത്തിന്റെ ചെലവ് 2 ലക്ഷം കോടി രൂപയായി ഉയരുകയാണ്. 2023- – 24 നെ അപേക്ഷിച്ച് 25 ശതമാനം വളർച്ച. നടപ്പുവർഷത്തെ അപേക്ഷിച്ച് വരും കൊല്ലം11.8 ശതമാനത്തിന്റെ വർദ്ധനവ് ചെലവിൽ വരുന്നു എന്നു കാണണം. സർക്കാർ ചെലവുകൾ വർദ്ധിപ്പിച്ച് വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകുക എന്ന തന്ത്രമാണ് കേരള ബജറ്റ് സ്വീകരിക്കുന്നത്. ചെലവു ചുരുക്കി യാന്ത്രിക ധന സൂചകങ്ങളിൽ കൂടുങ്ങിക്കിടക്കുന്ന യാഥാസ്ഥിതിക സമീപനമല്ല ഇടതുപക്ഷ സർക്കാരിന്റെ ധന രീതി എന്നതു വ്യക്തമാക്കുന്ന ബജറ്റാണ് സംസ്ഥാനത്തിന്റേത്.
2023–24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ കൈവരിച്ച 8.2 ശതമാനം വളർച്ച 2025 ൽ 6.4 ശതമാനമായി ചരുങ്ങും എന്നതാണ് സാമ്പത്തിക സർവ്വേ തന്നെ കണക്കു കൂട്ടുന്നത്. സർക്കാർ ചെലവുകളിൽ വർദ്ധനവ് വരുത്തി ഈ സ്ഥിതി വിശേഷത്തെ നേരിടുക എന്ന സമീപനം മോദി സർക്കാർ സ്വീകരിക്കുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സമ്പദ് ഘടനയുടെ വീണ്ടെടുപ്പിൽ സർക്കാർ ചെലവുകളുടെ പങ്ക് നിരാകരിക്കുകയാണ് ബജറ്റ് ചെയ്യുന്നത്. സാധാരണ ജനങ്ങളുടെ ജീവിതത്തിന്റെ ചെലവിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ ഓടിക്കുന്ന ബജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. യൂണിയൻ സർക്കാരിന്റെ ഈ ചെലവ് ചുരുക്കൽ ആരുടെ തലയിലാണ് വീഴുന്നത്?
തൊഴിലുറപ്പ് പദ്ധതിയുടെ 2023–24ലെ യഥാർത്ഥ ചെലവ് 89,154 കോടി രൂപയായിരുന്നു. ഇക്കൊല്ലവും വരും കൊല്ലവും അത് 86,000 കോടി രൂപയായി കുറയുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലം എന്താണ്? സാമ്പത്തിക സർവേ തന്നെ പറയുന്ന കണക്കുണ്ട്. 2021 ൽ 389.1 കോടി തൊഴിൽ ദിനങ്ങളാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം സൃഷ്ടിക്കപ്പെട്ടത്. എന്നാൽ 2024-–25 സാമ്പത്തിക വർഷം ജനുവരി പത്താം തീയതി വരെയുള്ള കണക്കുകൾ പ്രകാരം 220.11 കോടിയായി തൊഴിൽ ദിനങ്ങൾ ഗണ്യമായി കുറഞ്ഞു. അതായത് നടപ്പു സാമ്പത്തിക വർഷം പരമാവധി 250 കോടി തൊഴിൽ ദിനങ്ങൾ മാത്രമായിരിക്കും തൊഴിലുറപ്പ് പദ്ധതിയിൽ ഉണ്ടാകുക. 2021 നെ അപേക്ഷിച്ച് 140 കോടി തൊഴിൽ ദിനങ്ങൾ ഈ വർഷം കുറവായിരിക്കും എന്നു സാരം.
പ്രധാനമന്ത്രി ആവാസ് യോജന- നഗരം (PMAY-Urban), പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമം (PMAY-Rural) എന്നീ പദ്ധതികൾ വഴിയാണ് യൂണിയൻ സർക്കാർ ഭവന നിർമ്മാണ സഹായം നൽകുന്നത്. PMAY-Urban പദ്ധതിയുടെ 2024–25 ലെ ബജറ്റ് എസ്റ്റിമേറ്റ് 30,171 കോടി രൂപയായിരുന്നു. പുതുക്കിയ കണക്കുകൾ പ്രകാരം ഇത് 13,670 കോടി രൂപ മാത്രമായി ഗണ്യമായി ഇടിയുന്നു. 55 ശതമാനമാണ് ബജറ്റ് വകയിരുത്തലിനേക്കാൾ കുറഞ്ഞത്. 2025–26 ൽ 19,794 കോടി രൂപയാണ് ഈ പദ്ധതിയുടെ വകയിരുത്തൽ. അതായത് കഴിഞ്ഞ ബജറ്റ് വകയിരുത്തലിനേക്കാൾ 30 ശതമാനത്തിൽ അധികം ഇടിവാണ് വരും കൊല്ലം ഉണ്ടാകുന്നത്. കേരളം നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയുടെ മൊത്തം അവകാശവാദവും ഉന്നയിക്കുന്നവരാണല്ലോമോദി സർക്കാരും അതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളും? വാസ്തവത്തിൽ ലൈഫ് പദ്ധതിയ്ക്ക് 2024 ഡിസംബർ മാസം വരെ ആകെ ചെലവിട്ട പണം 18,072.95 കോടി രൂപയാണ്. അതിൽ യൂണിയൻ സർക്കാർ വിഹിതം 2081.69 കോടി രൂപയാണ്. അതായത് 11.5 ശതമാനം. ഇതു വെച്ചാണ് പ്രധാനമന്ത്രിയുടെ പടവും പേരും ഒക്കെ ഇടണം എന്ന കോലാഹലം ഉണ്ടാക്കിയത്. അതു നിൽക്കട്ടെ . ഈ നാമമാത്രമായ യൂണിയൻ വിഹിതത്തിന് ഈ ബജറ്റ് കഴിയുമ്പോൾ എന്താകും സംഭവിക്കുക? അതാണ് യൂണിയൻ സർക്കാർ ബജറ്റിലെ ജനവിരുദ്ധത.
കേരളം കൊടുക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകളെ സംബന്ധിച്ചും സംഘ പരിവാർ കേന്ദ്രങ്ങളുടെ ആഖ്യാനം അതു കേന്ദ്ര പദ്ധതിയാണ് എന്നതാണല്ലോ? കേരളം 62 ലക്ഷം പേർക്കാണ് പ്രതിമാസം 1600 രൂപ വീതം സാമൂഹ്യ സുരക്ഷാ- ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത്. പ്രതിമാസം ഏകദേശം 1000 കോടി രൂപയാണ് ചെലവ്. ഇതിൽ 8.5 ലക്ഷം പേർക്കാണ് നാഷണൽ സോഷ്യൽ അസ്സിസ്റ്റൻസ് പ്രോഗ്രാമിൽ (NSAP) നിന്നും സഹായം കിട്ടുന്നത്. അതു തന്നെ പ്രതിമാസം ശരാശരി 350 രൂപ വീതം. അതും ഇപ്പോൾ ഏതാണ്ട് 500 കോടിയിൽ അധികം രൂപ കുടിശികയുണ്ട്. എന്താണ് NSAP യുടെ വകയിരുത്തലിൽ ഇപ്പോഴത്തെ യൂണിയൻ ബജറ്റിൽ സംഭവിക്കുന്നത്? 2021 ൽ ആകെ ബജറ്റ് ചെലവുകളുടെ 1.2 ശതമാനമായിരുന്നു NSAP വകയിരുത്തൽ. ഇപ്പോൾ അത് 0.2 ശതമാനമായി കുറഞ്ഞു.
കൊട്ടിഘോഷിക്കപ്പെടുന്ന വരുമാന നികുതി ഇളവിന്റെ ഭാരം മുഴുവൻ ഇങ്ങനെ സാധാരണക്കാരുടെ യും സംസ്ഥാനങ്ങളുടെയും തലയിൽ കെട്ടി വെയ്ക്കുന്ന ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. അതേ സമയം കേരളം സർക്കാർ ചെലവുകളുടെ പ്രാധാന്യത്തെ അടിവരയിടുകയാണ് ചെയ്യുന്നത്.
വികസനത്തിലും ക്ഷേമത്തിലും
ഊന്നുന്ന ബദൽ സമീപനം
മുണ്ടക്കൈ -ചൂരൽമല ദുരന്തം അതി തീവ്ര സ്വഭാവമുള്ള ഒന്നാണെന്ന് ഒടുവിൽ യൂണിയൻ സർക്കാരിന് അംഗീകരിക്കേണ്ടി വന്നു. കേരളം സമയബന്ധിതമായി നിയമ പ്രകാരം തയാറാക്കി കൊടുത്ത പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് റിപ്പോർട്ടിൽ 2200 കോടി രൂപയാണ് പുനരധിവാസത്തിനുള്ള ചെലവായി കണക്കാക്കിയിട്ടുള്ളത്. ഇതു പ്രത്യേകമായി ലഭിക്കാൻ കേരളത്തിന് അവകാശമില്ലേ? സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ വാർഷിക വിഹിതത്തിൽ നിന്നും കണ്ടെത്താവുന്ന തുകയാണോ ഇത്?
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേയ്ക്കുള്ള സാധാരണ വാർഷിക വിഹിതം 347 കോടി രൂപയാണ്. ഇതുപയോഗിച്ച് വയനാട് പുനരധിവാസം നടക്കുമെന്നാണോ യൂണിയൻ സർക്കാർ പറയുന്നത്? നേരത്തെ അസാധാരണ ദുരന്തങ്ങളുടെ ഘട്ടത്തിൽ അധിക പ്ലാൻ സഹായം നൽകുകയായിരുന്നു രീതി. പ്ലാനിംഗ് കമ്മീഷനും പ്ലാനുമെല്ലാം ഇല്ലാതായതോടെ ഇതു നിലച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഇക്കാര്യം എടുത്തു പറയുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള പണമാണ്. ആകെ NDRF കോർപസ് ആയി ധനക്കമ്മീഷൻ ശുപാർശ ചെയ്തത് 54,770 കോടി രൂപയാണ്. ഇതിന്റെ 30 ശതമാനം വീണ്ടെടുപ്പിനും പുനർനിർമ്മാണത്തിനുമുള്ള പ്രത്യേക വിൻഡോ ആയി ഉപയോഗിക്കണമെന്നാണ് ധനക്കമ്മീഷൻ ശുപാർശ ചെയ്തത്. അത് 20,539 കോടി രൂപ വരും. ഇതിൽ നിന്നും വയനാട് പുനർനിർമ്മാണത്തിനുള്ള അധിക സഹായം തരാൻ ഒരു തടസവുമില്ല എന്നു കാണണം. കേരളം തനിയെ ഈ പണം കണ്ടെത്തണം എന്ന മോദി സർക്കാരിന്റെ നിലപാട് ഈ പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.
മോദി സർക്കാർ ബജറ്റിൽ പാടെ അവഗണിച്ച വയനാട് പുനരധിവാസത്തിന് കേരള ബജറ്റ് 750 കോടി രൂപ വകയിരുത്തി എന്നത് ചെറിയ കാര്യമല്ല. കേരളത്തോട് ദുരന്ത മുഖത്തും കാണിക്കുന്ന വിവേചനത്തെ നേരിട്ട് വയനാട് പുനരധിവാസം നടപ്പിലാക്കും എന്ന ദൃഢനിശ്ചയമാണ് ബജറ്റ് പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി ആവാസ് യോജനയുടെ വകയിരുത്തലിൽ മോദി സർക്കാർ 30 ശതമാനം കുറവു വരുത്തുമ്പോൾ കേരളം 2025 – 26 ല്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്നതിന് 1,160 കോടി രൂപ ബജറ്റില്‍ വകയിരിത്തിയിരിക്കുന്നു. കേരളത്തിന്റെ പാർപ്പിട പ്രശ്നം ഏറെക്കുറെ ഈ സർക്കാർ കാലയളവിൽ പരിഹരിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം.
സാമൂഹ്യ സുരക്ഷാ പെൻഷൻ എല്ലാ മാസവും കൊടുക്കാൻ രൂപീകരിച്ച കൈവായ്പ ക്രമീകരണമായിരുന്നു പെൻഷൻ കമ്പനി. ഒരു വർഷത്തിനകം കൊടുത്തു തീർക്കുന്ന ഈ കൈവായ്പ ഒരു ദീർഘകാല കട ബാധ്യതയും ഉണ്ടാക്കുന്നതല്ല. എന്നിട്ടും ആ സംവിധാനത്തെ മോദി സർക്കാർ തകർത്തു. കൊടിയ സാമ്പത്തിക വിവേചനത്തോടൊപ്പം പെൻഷൻ കമ്പനിയെ തകർക്കുകയും ചെയ്തതോടെയാണ് അഞ്ചു മാസം പെൻഷൻ കുടിശ്ശിക വന്നത്. എൽഡിഎഫ് സർക്കാരിൽ നിന്നും ജനങ്ങൾ അതു പ്രതീക്ഷിക്കുന്നില്ല എന്ന വസ്തുത അംഗീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. രണ്ടു മാസത്തെ കുടിശ്ശിക നേരത്തെ കൊടുത്തു കഴിഞ്ഞു. രണ്ടു മാസം ഈ സാമ്പത്തിക വർഷം തന്നെ കൊടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു. കൃത്യമായി കൊടുക്കുന്ന മാസ പെൻഷനോടൊപ്പം കുടിശ്ശിക ഇനത്തിൽ ഈ സമ്പത്തിക വർഷം രണ്ടായിരം കോടി രൂപ കൂടി വിതരം ചെയ്യും എന്നു സാരം. പെൻഷൻ വിതരണത്തിൽ വീഴ്ച ഉണ്ടാകില്ല എന്നു ബജറ്റ് ആവർത്തിച്ചിട്ടുണ്ട്. ഇരുപത്തി അഞ്ചു മാസം കുടിശ്ശികയാക്കി പോയ ആന്റണി സർക്കാരിന്റെയും 18 മാസം കുടിശ്ശികയാക്കി പോയ ഉമ്മൻചാണ്ടി സർക്കാരിന്റെയും വഴിയല്ല ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റേത് എന്നു വ്യക്തം.
കഴിഞ്ഞ എട്ടു കൊല്ലമായി സര്‍ക്കാര്‍ ബോധപൂര്‍വ്വം നടത്തുന്ന ഇടപെടലുകള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. സ്റ്റാര്‍ട് അപ് ഇക്കോ സിസ്റ്റം, മികച്ച ഐടി അന്തരീക്ഷം, വര്‍ദ്ധിക്കുന്ന ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ എന്നിവയെല്ലാം ഈ മാറ്റത്തിന്റെ സൂചനകളാണ്. രാജ്യത്തെ പൊതു പ്രവണതയില്‍ നിന്നും ഭിന്നമായി കേരളത്തിലെ ശമ്പള തൊഴിലുകളുടെ ചേരുവ ഉയര്‍ന്നു. നിക്ഷേപ അന്തരീക്ഷത്തില്‍ വന്ന മാറ്റം പ്രായോഗികമായി പ്രതിഫലിക്കുന്നതാണ് ഇതിനു കാരണമാകുന്നത്. പശ്ചാത്തല സൗകര്യ സൃഷ്ടിയില്‍ കൈവരുന്ന അതിദ്രുത വളര്‍ച്ച സമ്പദ്ഘടനയുടെ കുതിച്ചുചാട്ടത്തിനുവേണ്ട കെല്‍പ്പ് പ്രാദേശിക സമ്പദ് ഘടനയ്ക്ക് പ്രദാനം ചെയ്യുന്നുണ്ട്. ഉയര്‍ന്ന വളര്‍ച്ചയും പ്രതിശീര്‍ഷ വരുമാനവും ഉള്ള സംസ്ഥാനമാണ് കേരളം. നൂറ്റാണ്ടിലെ മഹാ പ്രളയവും കോവിഡ് മഹാമാരിയുടെ കെടുതികളും നേരിട്ട് കേരളം വീണ്ടെടുപ്പിന്റെ പാത കൈവരിക്കുകയാണ്. ഇവിടെ കുടുങ്ങിക്കിടന്നാല്‍ പോര. ഇടത്തരം വരുമാനത്തിന്റെ ഈ കെണിയില്‍ കുടുങ്ങി പ്പോകുന്ന പ്രവണതയെക്കുറിച്ച് ധന ശാസ്ത്ര പണ്ഡിതര്‍ മുന്നറിയിപ്പുകള്‍ പറയുന്നുണ്ട്. അപ്പോള്‍ ഈ സ്ഥിതിയില്‍ നിന്നും മുന്നോട്ടു കുതിക്കുന്നതിന് വേണ്ട നിക്ഷേപവും നൂതനത്വവും കൈവരിക്കാന്‍ നമുക്ക് കഴിയണം. ഇതിനോട് മുഖം തിരിക്കുന്ന മോദി സര്‍ക്കാരിന്റെ സമീപനം വലിയ വെല്ലുവിളിയാണ്.ഇതിനെ ബജറ്റ് ധൈര്യപൂർവ്വം അഭിസംബോധന ചെയ്യുന്നുണ്ട്.
വിഴിഞ്ഞം തുറമുഖം തുറക്കുന്ന വലിയ സാധ്യതകള്‍ പ്രാദേശിക സമ്പദ് ഘടനയില്‍ പ്രതിഫലിക്കണമെങ്കില്‍ കരയില്‍ ചെയ്യേണ്ട അനുബന്ധ വികസന നടപടികളുണ്ട്. അതിനാണ് വിഴിഞ്ഞത്തിനായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്. അതു തന്നില്ല എന്നു മാത്രമല്ല, വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റല്ല, തിരിച്ചടയ്ക്കുമ്പോള്‍ ഉള്ള മൂല്യത്തില്‍ മടക്കിക്കൊടുക്കണ്ട ഓഹരി വായ്പയാണ് എന്ന വിചിത്ര നിലപാട് സ്വീകരിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. തൂത്തുക്കുടിയ്ക്ക് ഈ തിരിച്ചടവ് ബാധ്യത ഇല്ല എന്നു കാണണം. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന്റെ ചട്ടങ്ങള്‍ ഇതിനെ നിര്‍വ്വചിക്കുന്നത് മൂലധന ഗ്രാന്റ് ആയിട്ടാണ്. അതില്‍ ഇപ്പോഴും മാറ്റമില്ല. പക്ഷേ കേരളത്തോട് ഇതാണ് മോദി സര്‍ക്കാരിന്റെ സമീപനം. ഈ നിഷേധത്തെ കേരള ബജറ്റ് അഭിസംബോധന ചെയ്യുന്ന രീതി ശ്രദ്ധേയമാണ്. വിഴിഞ്ഞം–-കൊല്ലം-–പുനലൂര്‍ ട്രയാന്‍ഗുലര്‍ ഇടനാഴിയ്ക്ക് കിഫ്ബി വഴി ആയിരം കോടി രൂപ ചെലവഴിക്കുന്നതിനുള്ള പ്രഖ്യാപനം ഈ ദിശാബോധത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
തീരദേശ പാതയ്ക്കും ജലപാതയ്ക്കും മലയോര ഹൈവെയ്ക്കും കൊടുക്കുന്ന ഊന്നലും ഇതിനോടു ചേര്‍ത്ത് മനസ്സിലാക്കണം. 2025 ല്‍ ദേശീയ പാത 66, ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ ഏതാണ്ട് അസാധ്യം എന്നു കരുതി ഉപേക്ഷിക്കപ്പെട്ട കേരളത്തിലെ ഏറ്റവും ബൃഹത്തായ പശ്ചാത്തല സൗകര്യ നിര്‍മ്മിതി യാഥാര്‍ഥ്യമാകുകയാണ്. ഇവയോടൊപ്പം ബ്രോഡ് ബാന്‍ഡ്, എനര്‍ജി കണക്ടിവിറ്റികളെയും ചേര്‍ക്കുമ്പോഴാണ് കേരളം എങ്ങനെയാണ് മാറുന്നത് എന്നു മനസ്സിലാകുക. നൂതനത്വത്തിലും ആധുനിക സാങ്കേതിക വിദ്യകളിലും അധിഷ്ഠിതമായ ഉയര്‍ന്ന മൂല്യ വര്‍ദ്ധന ശേഷിയുള്ള സംരംഭങ്ങളുടെ സ്‌പ്രെഡിനുള്ള വലിയ സാധ്യതയാണ് തുറക്കുന്നത്. അതിപ്പോള്‍ തന്നെ പ്രകടമാണുതാനും. ചേര്‍ത്തലയിലും പാലക്കാട്ടുമെല്ലാം ഗ്രാമീണ അന്തരീക്ഷത്തില്‍ വളരുന്ന മത്സര ശേഷിയുള്ള ടെക്‌ജെന്‍ഷ്യ പോലുളള സംരംഭങ്ങള്‍ ഇതാണ് കാണിക്കുന്നത്. തെക്കു വടക്ക് നീളത്തിലുള്ള ഒരു അതിദ്രുത മാസ് ട്രാന്‍സ്‌പോര്‍ട്ട് ശൃംഖലയുടെ (Mass Rapid Rail Transport line) അനിവാര്യത ഈ പശ്ചാത്തലത്തില്‍ പരിശോധിക്കണം. ഈ ബജറ്റ് അതിനോടുള്ള ആഭിമുഖ്യം ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതേസമയം മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലാത്ത സാങ്കേതികത്വങ്ങള്‍ പറഞ്ഞാണ് കേരളത്തിനു മോദി സര്‍ക്കാര്‍ ഇതു നിഷേധിക്കുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്.
കൊല്ലത്ത് പ്രഖ്യാപിച്ച ഐടി പാര്‍ക്ക് ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നുണ്ട്. നഗരസഭയുടെ സ്ഥലത്ത് കിഫ്ബി മുതല്‍ മുടക്കില്‍ കിന്‍ഫ്രയാണ് ഈ പാര്‍ക്ക് ഒരുക്കുന്നത്. കിഫ്ബിയുടെ മറ്റൊരു ബൃഹത്തായ റവന്യൂ ജനറേറ്റിങ് പദ്ധതിയായിരിക്കും ഇത്. കിഫ്ബി പദ്ധതികളില്‍ റവന്യൂ ജനറേറ്റിങ് പദ്ധതികളുടെ അനുപാതം ഉയരുന്നതോടെ യൂണിയന്‍ സര്‍ക്കാരിന്റെ ഉപരോധത്തെ മറികടന്ന് സാമൂഹ്യ പശ്ചാത്തല സൗകര്യ നിര്‍മ്മിതിയില്‍ കൂടുതല്‍ പണം മുടക്കാന്‍ കിഫ്ബി പ്രാപ്തമാകും. നഗരസഭയുടെ ഭൂമി ഉപയോഗപ്പെടുത്തി ഒരു വലിയ വികസനം സാധ്യമാക്കുന്നു എന്നതാണ് കൊല്ലം പാര്‍ക്കിന്റെ സവിശേഷത. ഇത്രയും ഭൂമി കണ്ടെത്തുന്നതിനുള്ള ചെലവ് ഇതുവഴി ലാഭിക്കുകയാണ് ചെയ്യുന്നത്. പരോക്ഷമായ വിഭവ സമാഹരണ രീതിയാണിത്. പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റും കൈയിലുളള ഭൂമി ഇപ്രകാരം ഉപയോഗിക്കാനുള്ള വലിയ സാധ്യത ഇതു തുറക്കുന്നുണ്ട്. കൊട്ടാരക്കരയിൽ കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഭൂമി ഉപയോഗപ്പെടുത്തിയുള്ള ഐടി പാർക്കും ഭാവനാപൂർണ്ണമായ ഇടപെടലാണ്.
അടഞ്ഞു കിടക്കുന്ന വീടുകള്‍ ഉപയോഗിക്കാനുള്ള കെ- ഹോം പദ്ധതി ഭാവനാ പൂര്‍ണ്ണമായ ഒന്നാണ്. ഇത് ടൂറിസം മേഖലയില്‍ മാത്രം ഒതുക്കേണ്ടതില്ല. നമ്മുടെ വലിയ ഒരു സമ്പത്താണ് ഇത്തരം വീടുകള്‍. അതുപയോഗപ്പെടുത്തുന്നതു വഴി വലിയ തോതില്‍ വിഭവ സംരക്ഷണവും ധനക്ഷമതയും കൈവരിക്കാന്‍ കഴിയും.
സ്വന്തമായി ഭൂമിയുള്ള സ്റ്റാർട്ട് അപ് / ചെറുകിട സംരംഭകരുടെ ഭൂമി മറ്റുള്ള സംരംഭകർക്ക് ജോലി സ്ഥലമായി ( Co-working Space) കൊടുക്കുന്ന Expand Your Office (EYO)പദ്ധതിയും വലിയ സാധ്യതകളാണ് തുറക്കുന്നത്. നിലവിലുള്ള സംരംഭങ്ങൾക്ക് അധിക വരുമാനം ഉണ്ടാക്കുകയും പുതിയ സംരംഭകർക്ക് ജോലിസ്ഥലം സൃഷ്ടിക്കുകയും ചെയ്യുന്ന ഇരട്ട ഫലമുണ്ടാക്കുന്ന പദ്ധതിയാണിത്. ഭൂമിയുടെ ഭാവനാപൂർണ്ണമായ വിനിയോഗമാണ് ഈ പദ്ധതിയെയും വേറിട്ടതാക്കുന്നത്. സംരംഭകർക്ക് ഭൂമി വാങ്ങുന്നതിനുള്ള KLICK ( Kerala Land Bank for Industrial Corridor Development) പോർട്ടൽ നിർദ്ദേശവും ശ്രദ്ധേയമാണ്.
മുതിർന്ന പൗരരുടെ സംരഭക ശേഷി ഉപയോഗപ്പെടുത്താനുള്ള ന്യൂ ഇന്നിംഗ്സ് പദ്ധതിയും നല്ല ഇടപെടലാണ്. പ്രായംചെന്നവർക്കും അശരണർക്കും ഭിന്നശേഷിക്കാർക്കുമുള്ള വിഹിതത്തിൽ 46 ശതമാനം വർദ്ധനവാണുള്ളത്. ആരോഗ്യ മേഖലയ്ക്ക് 8 ശതമാനവും ഉന്നത വിദ്യാഭ്യാസത്തിന് 13 ശതമാനവും അധിക വകയിരുത്തലുണ്ട്.
ഇങ്ങനെ ഉപരോധ സമാനമായ സാമ്പത്തിക വിവേചനത്തിന്റെ ഘട്ടത്തിലും ക്ഷേമവും വികസനവും ഉറപ്പാക്കുന്ന ബജറ്റാണ് 2025-–2026 ലേ കേരള ബജറ്റ് എന്നു നിസംശയം പറയാം.
അവലംബം
1. Union Budget Documents 2025–-2026
2. Economic Survey 2023-–24, GOI
3. Kerala Budget Documents 2025–-2026, GOK
4. State of State Finances, PRS. November 2024
5. Fifteenth Union FC report
6. Economic Review 2024, KSPB
7. Monthly Key Indicators of Different States, CAG
——————-––––––––––––––––––––
* കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്‌റ്റഡീസിൽ സ്വതന്ത്ര ഗവേഷകനാണ് ലേഖകൻ. l