Tuesday, March 18, 2025

ad

Homeകവര്‍സ്റ്റോറിഭാവികേരളത്തിന് 
വഴികാട്ടുന്ന ബജറ്റ്

ഭാവികേരളത്തിന് 
വഴികാട്ടുന്ന ബജറ്റ്

കെ എന്‍ ബാലഗോപാല്‍

ണ്ട് ലക്ഷം കോടി രൂപയുടെ വരവും അത്രയുംതന്നെ ചെലവും ഉള്‍ക്കൊള്ളുന്നതാണ് 2025–-26ലെ ബജറ്റ്. അതായത് കേരളമൊരു ടു ട്രില്യണ്‍ ബജറ്റിലേക്ക് വളര്‍ന്നിരിക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് ആദ്യം പറയുവാനുള്ളത്. സംസ്ഥാനത്തിന്റെ ഭാവി വികസനം സംബന്ധിച്ച് വ്യക്തമായ പദ്ധതികളാണ് ഈ ബജറ്റിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. കേരളീയ സമൂഹത്തിലുണ്ടാകുന്ന ഏറ്റവും ചെറിയ മാറ്റങ്ങളുള്‍പ്പെടെ വിശകലനം ചെയ്തും ലോകസാഹചര്യങ്ങള്‍ വിലയിരുത്തിയും വരുംകാല കേരള വികസനത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. നഗരവല്‍ക്കരണത്തിന്റെ തോത് വര്‍ദ്ധിക്കുന്നതും ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം അധികരിക്കുന്നതും വിദേശകുടിയേറ്റം വ്യാപകമാകുന്നതും കേരളത്തിലെ ജനനനിരക്ക് കുത്തനെ ഇടിയുന്നതുമെല്ലാം ബജറ്റ് ഗൗരവത്തോടുകൂടി വിലയിരുത്തുന്നുണ്ട്. ഭാവികേരളത്തിന്റെ വികസന മുന്‍ഗണനകള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്.

2025-–26 ലെ ബജറ്റ് പ്രസംഗം ആരംഭിച്ചത് രൂക്ഷമായ ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. കേന്ദ്രം കേരളത്തിനു മേല്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ഉപരോധത്തിന്റെ സാഹചര്യത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ കാര്യങ്ങള്‍ക്കും പണമെത്തിക്കാന്‍ കേരളത്തിന് കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സാമ്പത്തിക വെല്ലുവിളികളുടെ കാലമായിരുന്നു. സൂക്ഷ്മമായ സാമ്പത്തിക ജാഗ്രതയോടെയും കൃത്യമായ മാനേജ്മെന്റിലൂടെയും നാം മുന്നേറുകയാണുണ്ടായത്. സംസ്ഥാനത്തിന്റെ തനത് വരുമാനം മികച്ചനിലയില്‍ വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. 2020-–21ല്‍ സംസ്ഥാനത്തിന്റെ തനത് വരുമാനം 47,660 കോടി രൂപയായിരുന്നത് 2024-–25 വര്‍ഷം അവസാനിക്കുമ്പോഴേക്കും 81,000 കോടിയായി വര്‍ദ്ധിക്കും. കൂടാതെ 2021-–22 ല്‍ 2.25 ശതമാനമായിരുന്ന റവന്യൂ കമ്മി 2023–-24ല്‍ 1.58 ശതമാനമായി കുറഞ്ഞു. സംസ്ഥാനത്തിനുള്ള അര്‍ഹമായ കേന്ദ്രവിഹിതത്തില്‍ വര്‍ഷം 50,000 കോടി രൂപയിലധികം വെട്ടിക്കുറവ് വരുത്തിയിട്ടും നാം പൊരുതി നില്‍ക്കുകയാണ്.

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഏറ്റെടുക്കുകയും നടപ്പിലാക്കുകയും ചെയ്ത വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. നവകേരളം സൃഷ്ടിക്കുക എന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. വികസന- ക്ഷേമ രംഗത്തും വൈജ്ഞാനിക മേഖലയിലും നാം ഏറെ മുന്നേറി. അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ സംസ്ഥാനത്തുണ്ടായ മാറ്റം അവിശ്വസനീയതയോടെയാണ് പലരും നോക്കിക്കാണുന്നത്.

വിഴിഞ്ഞവും ദേശീയപാതയും
അടുത്ത പതിറ്റാണ്ടിലെ കേരളീയ വികസനത്തിന്റെ ചാലകശക്തികള്‍ വിഴിഞ്ഞം തുറമുഖവും ആറു വരി ദേശീയപാതയുമാണ്. ദേശീയപാത പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള ഗതാഗത സമയത്തില്‍ ഗണ്യമായ കുറവുണ്ടാകും. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് രൂപപ്പെടുന്ന വ്യവസായ മേഖലയുടെ ഗുണഫലങ്ങള്‍ കേരളമാകെ എത്തിക്കാന്‍ ദേശീയപാത ഉള്‍പ്പെടെയുള്ള അതിവേഗ ഗതാഗത സൗകര്യങ്ങളിലൂടെ കഴിയും. ഈ ബജറ്റില്‍ തെക്കന്‍ കേരളത്തിന്റെ വികസന രംഗത്ത് മുതല്‍ക്കൂട്ടാകുന്ന വിഴിഞ്ഞം-–കൊല്ലം-–പുനലൂര്‍ വികസന ത്രികോണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാതകളും സംസ്ഥാനപാതകളും എം.സി റോഡുകളും റെയില്‍വേയും ഉള്‍പ്പെടെയുള്ള പ്രധാന സഞ്ചാരപാതകള്‍ക്കുള്ളിലെ വിസ്തൃതമായ ഭൂപ്രദേശത്ത് വലിയ നിക്ഷേപവും വികസനവും കൊണ്ടുവരാന്‍ കഴിയുന്ന ബൃഹദ്പദ്ധതിയാണിത്.

2045-ല്‍ പൂര്‍ത്തിയാകും എന്ന് കരുതിയിരുന്ന വിഴിഞ്ഞം തുറമുഖ വികസനം 2028 ഡിസംബറോടുകൂടി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ട് കഴിഞ്ഞു. പദ്ധതികള്‍ നിശ്ചയിച്ച തീയതിയ്ക്കപ്പുറത്തേക്ക് നീളുന്ന പതിവ് രീതിയില്‍നിന്നും വ്യത്യസ്തമായി നേരത്തെ പൂര്‍ത്തിയാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. മാറുന്ന കേരളത്തിന്റെ ചിത്രമാണിത്. വിവിധ മേഖലകളില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു.

തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 1800 കിലോമീറ്റര്‍ നീളത്തിലുള്ള വെസ്റ്റ് കോസ്റ്റ് കനാലുമായി ബന്ധപ്പെട്ട് സാമ്പത്തിക മേഖലകള്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരം, വ്യവസായം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ ഉല്‍പ്പാദന വര്‍ദ്ധനവ് സാധ്യമാക്കാന്‍ കഴിയും.

ഗ്ലോബല്‍ കേപ്പബിലിറ്റി 
സെന്ററുകള്‍ (ജി സി സി)
ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രങ്ങളാണ് ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (ജിസിസി). ഗവേഷണം, വ്യാപാരം, തൊഴില്‍ പരിശീലനം, ഡിജിറ്റല്‍ ഇടപാടുകള്‍ തുടങ്ങി കോര്‍പ്പറേറ്റുകളുടെ വിവിധോദ്ദേശ്യ കേന്ദ്രങ്ങളായി ഇന്ന് ലോകത്ത് ജിസിസികള്‍ മാറിയിട്ടുണ്ട്. STEM (Science, Technology, Engineering and Mathematics) മേഖലയിലെ ബിരുദധാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ സാങ്കേതികവിദ്യകളും ആഗോള ബിസിനസ്സ് രീതികളും പരിചയപ്പെടാന്‍ ജിസിസികള്‍ പരിശീലനം നല്‍കും. ലോകത്ത് ആകെയുള്ളതിന്റെ 50 ശതമാനം ജിസിസികളും ഇന്നിന്ത്യയിലാണ്. ഈ കേന്ദ്രങ്ങള്‍ 64.6 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വാര്‍ഷിക വരുമാനം നല്‍കുകയും 16 ലക്ഷം പേർക്ക് തൊഴില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ജിസിസി നിക്ഷേപങ്ങളുടെ പ്രധാന കേന്ദ്രമായി മാറാന്‍ കേരളത്തിന് കഴിയും. അഭ്യസ്തവിദ്യരായ യുവതലമുറയുള്ള നമ്മുടെ സംസ്ഥാനത്ത് ജിസിസി മേഖലയെ സ്വാഗതം ചെയ്യേണ്ടതുണ്ട്. 2025-–26 ലെ ബജറ്റില്‍ ഈ മേഖല സംബന്ധിച്ച സാധ്യതാ പഠനങ്ങള്‍ക്കായി പണം നീക്കിവെക്കുകയും ഒരു ജിസിസി കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

മാറുന്ന ലോകവും 
മാറുന്ന കേരളവും
ഊര്‍ജ്ജോത്പാദന രംഗത്തും വൈജ്ഞാനിക രംഗത്തും വിവരസാങ്കേതികരംഗത്തും ലോകത്ത് നടക്കുന്ന അത്ഭുതകരമായ മാറ്റങ്ങള്‍ക്കൊപ്പം കേരളവും സഞ്ചരിക്കുകയാണ്. ഗ്രീന്‍ ഹൈഡ്രജന്‍, ബയോ എഥനോള്‍ തുടങ്ങി ഊര്‍ജ്ജ രംഗത്ത് കേരളത്തിന് മുതല്‍ക്കൂട്ടാകുന്ന ഇന്ധനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജന്‍ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നതിനായി ഒരു ഹൈഡ്രജന്‍ വാലി സ്ഥാപിക്കും. ഒപ്പംതന്നെ നമ്മുടെ സമ്പദ്-വ്യവസ്ഥയെ ഗുണപരമായി സ്വാധീനിക്കാന്‍ കഴിയുന്ന ഒരു പദ്ധതിയായി ബയോ എഥനോള്‍ നിര്‍മ്മാണത്തെ സര്‍ക്കാര്‍ കാണുന്നു. പെട്രോളിലും ഇതര ഫോസില്‍ ഇന്ധനങ്ങളിലും ജൈവ ഇന്ധനം ചേര്‍ക്കാനുള്ള തീരുമാനം രാജ്യത്ത് നടപ്പിലാവുകയാണ്. ബയോ എഥനോള്‍ സംസ്ഥാനത്ത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അത് പുതിയൊരു സാധ്യത തുറന്നിടും. പ്രതിവര്‍ഷം ആറായിരം മുതല്‍ പതിനായിരം കോടി രൂപയുടെ വരെ ഉല്‍പ്പാദനമുണ്ടാക്കാന്‍ കഴിയുന്ന ഒരു മേഖലയാക്കി ബയോ എഥനോള്‍ മേഖലയെ വികസിപ്പിക്കാനാകും.

കേരളത്തിന്റെ വൈജ്ഞാനിക മേഖലയില്‍ ഘടനാപരമായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാമ്പ്രദായികമായ വിദ്യാഭ്യാസ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം അറിവിനെ ഉല്‍പ്പാദനമാക്കി സംസ്ഥാനത്തിന്റെ സമ്പദ്-വ്യവസ്ഥയ്ക്ക് ഗുണപ്പെടുന്ന തരത്തില്‍ മാറ്റുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഗ്രാഫീന്‍ മേഖലയിലെ ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍, മൈക്രോ ബയോം മികവിന്റെ കേന്ദ്രം, ന്യൂട്രാസ്യൂട്ടിക്കല്‍സ് മികവിന്റെ കേന്ദ്രം, മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം തുടങ്ങിയവയില്‍ ചിലത് ആരംഭിക്കുകയും മറ്റുള്ളവ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. ഇതിന്റെ തുടര്‍ച്ചയായി നിരവധി പദ്ധതികളും മികവിന്റെ കേന്ദ്രങ്ങളും സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.

കേരളത്തിന്റെ സമ്പദ്-വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ വൈജ്ഞാനിക മേഖലയില്‍ നിന്നും ഉല്‍പ്പാദനം സാധ്യമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം രാജ്യത്തു തന്നെ ഏറ്റവും മികച്ചതാണ്. ഇന്ത്യാ ഗവണ്‍മെന്റ് രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തിരുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നു. വായ്പ, സബ്സിഡി, ചുവപ്പുനാടകള്‍ ഒഴിവാക്കിയുള്ള അനുമതികള്‍ തുടങ്ങി ബഹുവിധ പിന്തുണയാണ് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇന്ന് നല്‍കുന്നത്. വ്യവസായസൗഹൃദ അന്തരീക്ഷത്തിലും ഇന്ന് കേരളമാണ് രാജ്യത്ത് ഒന്നാമത്. സംസ്ഥാനത്തുടനീളം വലിയ നിക്ഷേപങ്ങള്‍ നടത്തുവാന്‍ ദേശീയ, അന്തര്‍ദേശീയ കമ്പനികള്‍ കടന്നുവരുന്നു.

ഈ സാഹചര്യം കൂടുതല്‍ മികച്ചതാക്കുന്നതിനുവേണ്ടിയുള്ള നടപടികളും പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹായം നല്‍കുന്ന ‘ന്യൂ ഇന്നിംഗ്സ്’, വികേന്ദ്രീകൃത തൊഴിലിടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് നിയര്‍ ഹോം, ചെറു ഗ്രാമങ്ങളിലും പട്ടണങ്ങളിലും കേന്ദ്രീകരിച്ച് സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക് വായ്പാ സഹായം തുടങ്ങി സംരംഭകരെയും വ്യവസായികളെയും പ്രോത്സാഹിപ്പിക്കുന്ന നയസമീപനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നു.

പുതിയ കേരളം പുതിയ സമീപനം
കേരളം അതിവേഗം മാറുകയാണ്. നമ്മുടെ സാമൂഹിക വ്യവഹാരങ്ങളിലും ജനസംഖ്യാഘടനയിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വിദ്യാഭ്യാസ–തൊഴില്‍ രംഗങ്ങളിൽ ലോകമാകെയുണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി കേരളത്തിനും മാറേണ്ടതുണ്ട്. ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് വിദ്യാഭ്യാസത്തിനും തൊഴിലിനുമായി നിരവധിയാളുകള്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. മുന്‍പ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയവരില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള കുടിയേറ്റമാണ് ഇപ്പോള്‍ നടക്കുന്നതില്‍ ചിലതെങ്കിലും. മികച്ച കോഴ്സുകളില്‍ പ്രവേശനം ലഭിച്ചിട്ടോ മെച്ചപ്പെട്ട തൊഴില്‍ ലഭ്യമായിട്ടോ അല്ല പലരും യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നത്. വളരെ പ്രയാസകരമായ പ്രവാസത്തിന്റെ സാഹചര്യം ഉണ്ടായിവരുന്നു. നമ്മുടെ സംസ്ഥാനത്തുതന്നെ വിദഗ്ദ്ധ തൊഴിലാളികളുടേതുള്‍പ്പെടെ നിരവധി ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴാണ് നമ്മുടെ നാട്ടിലേതിനേക്കാള്‍ മോശപ്പെട്ട വേതനത്തില്‍ പലരും വിദേശത്ത് തൊഴിലെടുക്കുന്നത്.

അതുകൊണ്ടുതന്നെ പ്രവാസികളില്‍ ഒരു വിഭാഗം കേരളത്തിലേക്ക് സമീപഭാവിയില്‍ തന്നെ മടങ്ങിവരുന്ന സ്ഥിതി നാം മുന്‍കൂട്ടി കാണേണ്ടതുണ്ട്. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള മേഖലകളില്‍ രൂപപ്പെടുന്ന തൊഴില്‍ സാധ്യതകള്‍ ഇത്തരക്കാര്‍ക്കുകൂടി ഉപയോഗപ്പെടുത്താന്‍ കഴിയണം.

മുനിസിപ്പല്‍ ബോണ്ടുകള്‍; 
സഹകരണ ഭവന പദ്ധതി
ജനങ്ങള്‍ നഗരങ്ങളിലേക്ക് കൂടുതല്‍ അടുക്കുന്നതോടെ പാര്‍പ്പിട പ്രശ്നം, മാലിന്യസംസ്കരണം, റോഡുവികസനവും ഗതാഗതക്കുരുക്കും, വയോജനങ്ങളുടെ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിന് കൂടുതല്‍ ഇടപെടേണ്ടിവരും. കേരളത്തിലെ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും നഗരസ്വഭാവത്തിലേക്ക് മാറുകയാണ്. പത്തോ പതിനഞ്ചോ കിലോമീറ്ററിനുള്ളില്‍ നഗരസ്വഭാവമുള്ള ചെറുപട്ടണങ്ങള്‍ നിരവധിയുള്ള സംസ്ഥാനമാണ് നമ്മുടേത്. ഈ സാഹചര്യത്തില്‍ നഗരസഭകള്‍ക്ക് നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും. അതിനായി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പല്‍ ബോണ്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ നഗരസഭകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ നഗരങ്ങളില്‍ സഹകരണസംഘങ്ങള്‍ രൂപീകരിച്ച് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സബ്സിഡിയോടുകൂടി വായ്പാസഹായം നല്‍കുന്ന ഒരു പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ സാമ്പത്തിക സ്ഥിതിയ്ക്കനുസരിച്ച് വിവിധ കാറ്റഗറികളിലുള്ള ഭവനങ്ങള്‍ വ്യക്തികള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വളരെയധികം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒരു ഭവന പദ്ധതിയാണിത്.

ടൂറിസം മേഖലയും 
കേരളത്തിന്റെ ഭാവിയും
പ്രകൃതിമനോഹരമായ നമ്മുടെ നാടിന്റെ സമ്പദ്-വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ വിനോദസഞ്ചാര രംഗത്തിന് കഴിയും. ആഭ്യന്തര ടൂറിസ്റ്റുകളെയും വിദേശ ടൂറിസ്റ്റുകളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുംവിധം ടൂറിസം അടിസ്ഥാനസൗകര്യവികസന രംഗത്ത് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മികച്ച സൗകര്യമുള്ള ഹോട്ടല്‍ മുറികളുടെ അപര്യാപ്തതയുണ്ട് എന്നത് കണക്കിലെടുത്ത് ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നതിന് 50 കോടി രൂപവരെ കെ.എഫ്.സി വഴി വായ്പ നല്‍കും. സംസ്ഥാനത്ത് താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ടൂറിസം മേഖലയ്ക്കായി വിട്ടുനല്‍കി വരുമാനമുണ്ടാക്കുന്ന കെ- ഹോംസ് പദ്ധതിയും നടപ്പിലാക്കും.

ഇടതുപക്ഷം എന്ന ഗ്യാരന്റി
കേരളത്തിലെ വികസനത്തിന്റെയും ക്ഷേമത്തിന്റെയും ഗ്യാരന്റി ഇടതുപക്ഷമാണ്. ജീവനക്കാരന്റെയും തൊഴിലാളിയുടെയും കര്‍ഷകന്റെയും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന സാധാരണക്കാരന്റെയും ഗ്യാരന്റിയും ഇടതുപക്ഷംതന്നെ. സാമൂഹ്യസുരക്ഷാ പെന്‍ഷനും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും ലൈഫ് ഭവനനിര്‍മ്മാണ പദ്ധതിയും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നിര്‍വിഘ്നം മുന്നോട്ടുപോകുന്നത് ഈ സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടാണ്. രാജ്യമെമ്പാടും പൊതുമേഖലയെ വിറ്റുതുലയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന സമീപനം സര്‍ക്കാരുകള്‍ സ്വീകരിക്കുമ്പോള്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളം അതിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിക്കുകയാണ്. രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളും സര്‍ക്കാര്‍ ആശുപത്രികളും മാതൃകാ സ്ഥാപനങ്ങളാണ്. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം രാജ്യത്തിന് മാതൃകയാണ്. 2025 നവംബറോട്കൂടി സംസ്ഥാനത്തെ 64,006 അതിദരിദ്ര കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍നിന്നും വിമുക്തമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാവുകയാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായി രണ്ടാം സര്‍ക്കാര്‍ വന്നതുകൊണ്ടാണ് മികച്ച നിലയിലുള്ള ശമ്പളപരിഷ്കരണം ജീവനക്കാര്‍ക്ക് ലഭ്യമായത്. നഷ്ടത്തിലായ കെഎസ്ആര്‍ടിസിയ്ക്ക് 6864 കോടി രൂപയാണ് ഈ സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചുനല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5 വര്‍ഷം കൊണ്ട് നല്‍കിയത് 4,923 കോടി രൂപയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 1220 കോടി രൂപ നല്‍കിയ സ്ഥാനത്താണ് ഈ സര്‍ക്കാര്‍ മൂന്നര വര്‍ഷംകൊണ്ട് അതിന്റെ അഞ്ചിരട്ടിയോളം നല്‍കിയത്. ഈ പ്രതിസന്ധിക്കാലത്തും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണം അനുവദിച്ചുനല്‍കിയ സര്‍ക്കാരാണിത്. അതുകൊണ്ടാണ് കേരളം മുന്നോട്ടുവെയ്ക്കുന്ന ജനകീയ ബദലിന്റെ ഗ്യാരന്റി ഇടതുപക്ഷമാണ് എന്ന് സംശയരഹിതമായി നമ്മള്‍ ഉറക്കെ പറയുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + one =

Most Popular