Wednesday, March 19, 2025

ad

Homeകവര്‍സ്റ്റോറിപുതിയ താഴ്ചകളിലേക്കുവീഴുന്ന സമ്പദ്ഘടനയും ഒളിച്ചോടുന്ന യൂണിയൻ ബജറ്റും

പുതിയ താഴ്ചകളിലേക്കുവീഴുന്ന സമ്പദ്ഘടനയും ഒളിച്ചോടുന്ന യൂണിയൻ ബജറ്റും

ഡോ. കെ എൻ ഹരിലാൽ

ന്ത്യൻ സമ്പദ്ഘടന പുതിയ താഴ്ചകളിലേക്ക് വീഴുകയാണ്. ഇന്ത്യൻ രൂപയുടെ വിദേശ വിനിമയ മൂല്യം എത്രയോ വർഷങ്ങളായി തുടർച്ചയായി ഇടിയുകയാണ്. നിയോലിബറൽ വാഴ്ച രൂപയുടെ വിലയിടിവ് ഒരു സ്ഥിരം പ്രതിഭാസമാക്കി മാറ്റുകയാണ് ചെയ്തത്. സമീപകാലത്ത് അത് പുതിയ താഴ്ചകളിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷം നവംബറിൽ ഒരു ഡോളർ വാങ്ങാൻ 84.36 രൂപ നൽകണമായിരുന്നു. ഈ വർഷം ഫെബ്രുവരിയുടെ തുടക്കത്തിൽ 87.12 രൂപ കൊടുക്കണം ഒരു ഡോളർ സ്വന്തമാക്കാൻ. രൂപയുടെ വിനിമയ മൂല്യം കുത്തനെ ഇടിയാനുള്ള കാരണം ഇന്ത്യൻ ഓഹരി വിപണികളിലെ തകർച്ചയാണ്. വിപണി സൂചികകൾ താഴ്ചകളിലേക്ക് പതിക്കുകയാണ്. ഇന്ത്യൻ ഓഹരി വിപണി തകരാനുള്ള കാരണം, വിദേശ മൂലധന നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ കൂട്ടത്തോടെ വിറ്റഴിച്ച് മൂലധനം പുറത്തേക്ക് കൊണ്ടുപോയതാണ്. വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള പോക്ക് ഓഹരി വിപണിയെയും ഇന്ത്യൻ രൂപയുടെ വിലയെയും ഇടിക്കുകയാണ് ചെയ്തത്. ഓഹരി വിപണിയുടെയും ഇന്ത്യൻ രൂപയുടെയും തകർച്ചയുടെ പ്രത്യാഘാതം വളരെ രൂക്ഷമായിരിക്കും എന്ന കാര്യം നിസ്തർക്കമാണ്. എന്നാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2025–26 ലേക്കുള്ള യൂണിയൻ ബജറ്റ് വരാൻപോകുന്ന വലിയ പ്രതിസന്ധികളെ കണ്ടതായിപ്പോലും ഭാവിക്കുന്നില്ല. ബജറ്റിനു തൊട്ടുമുൻപ് പാർലമെന്റിൽ വെച്ച ഇക്കണോമിക് സർവ്വേ ആഗോളരംഗത്തെ അസ്ഥിരതയെയും അവ ഇന്ത്യയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെയും കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. പക്ഷേ വരുന്ന പ്രശ്നങ്ങളെ നാം എങ്ങനെ നേരിടും എന്ന കാര്യത്തിൽ പൊതുവേ നിശബ്ദമാണ്. വാസ്തവത്തിൽ യൂണിയൻ സർക്കാർ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന തകർച്ചയെ മുൻകൂട്ടി കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്ന കാര്യത്തിലും എന്തെങ്കിലും ധാരണ ഉള്ളതായി കാണുന്നില്ല. പ്രശ്നങ്ങൾ കണ്ടില്ല എന്നു നടിച്ച് അവയെ നേരിടാൻ കൂട്ടാക്കാതെ ഒളിച്ചോടുന്ന ധനമന്ത്രിയെയാണ് യൂണിയൻ ബജറ്റ് 2025–26 ലൂടെ നാം കാണുന്നത്.

രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതിന്റെ ഒരു നേർ പ്രത്യാഘാതം വിലക്കയറ്റമായിരിക്കും. വിലക്കയറ്റം വരുന്ന വഴി വ്യക്തമാണ്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും ഇനിമുതൽ കൂടുതൽ ഇന്ത്യൻ രൂപ നൽകേണ്ടിവരും. പെട്രോൾ, ഡീസൽ, പാചകവാതകം, രാസവളം തുടങ്ങി നാം ഇറക്കുമതിയെ ആശ്രയിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും വിലകൾ ഉയരാതെ തരമില്ല. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിച്ചാൽ അത് സമ്പദ്ഘടനയിലെ വിലകളെ പൊതുവെ ഉയർത്താനാണ് സാധ്യത. ഇന്ധനവിലയ്ക്ക് അത്തരമൊരു പകർച്ചവ്യാധിയുടെ സ്വഭാവമുണ്ട്. കാരണം അത് ഏതാണ്ടെല്ലാ ഉൽപന്നങ്ങളുടെയും ഉൽപാദനച്ചെലവും കടത്തുകൂലിയും വർദ്ധിപ്പിക്കും.

വിലനിലവാരം ഉയരുകയും വിലക്കയറ്റം ഉണ്ടാവുകയും ചെയ്താൽ സർക്കാർ അതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. മുൻപ് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞപ്പോൾ പെട്രോളിയം കമ്പനികൾ നാട്ടിലെ ചില്ലറ വിലകൾ കുറച്ചില്ലല്ലോ എന്ന ന്യായമൊന്നും ഇന്ത്യൻ ഭരണകൂടം അംഗീകരിക്കും എന്ന് തോന്നുന്നില്ല. സ്വാഭാവികമായും നിയോലിബറൽ രീതിയിൽ ചിന്തിച്ചാൽ സർക്കാരിന്റെ ചെലവ് വെട്ടിക്കുറച്ചും, പലിശ നിരക്ക് ഉയർത്തിയും പണ ലഭ്യത കുറച്ചും സമ്പദ്ഘടനയിലെ മൊത്തം ഡിമാൻഡ് (Aggregate demand ) എങ്ങനെയെങ്കിലും കുറയ്ക്കാനായിരിക്കും ശ്രമിക്കുക. സാധനങ്ങൾ വാങ്ങാനും, യാത്ര ചെയ്യാനും, ചരക്കുകടത്താനുമുള്ള ജനങ്ങളുടെ തള്ളിക്കയറ്റം ഒഴിവാക്കുക എന്നതായിരിക്കും തന്ത്രം. സമ്പദ്ഘടനയെ സകല സമ്മർദ്ദ തന്ത്രങ്ങളും ഉപയോഗിച്ച് അമർത്തി ഒതുക്കുക എന്ന സ്ഥിരം നിയോലിബറൽ മോഡൽ ഇടപെടലിനുവേണ്ടി വാദിക്കുന്നവർക്കാവും മുൻകൈ. ഇക്കണോമിക് സർവേയിലും യൂണിയൻ ബജറ്റിലും അതിന്റെ ചില സൂചനകൾ ഉണ്ട്. ധനക്കമ്മിയും പൊതുകടവും കർശനമായി നിയന്ത്രിക്കും എന്ന പ്രഖ്യാപനത്തിൽ ഇത്തരമൊരു സൂചനയുണ്ട് എന്നു കാണാം. സമ്പദ്ഘടനയിൽ വളർച്ച മുരടിക്കുന്നു എന്നു തിരിച്ചറിഞ്ഞിട്ട് സർക്കാരിന്റെ ചെലവുകൾ വർധിപ്പിക്കാൻ മടിക്കുന്നതിന്റെ പിന്നിലെ യുക്തിയും വ്യത്യസ്തമല്ല.

യൂണിയൻ ബജറ്റിൽ മനസ്സില്ലാ മനസ്സോടെ പ്രഖ്യാപിക്കുന്ന ചെലവു ചുരുക്കൽ നയങ്ങൾ ഇന്ത്യൻ ഭരണകൂടം അകപ്പെട്ടിരിക്കുന്ന വെെരുദ്ധ്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. യൂണിയൻ ബജറ്റിനു തൊട്ടുമുമ്പ് നടന്ന ചർച്ചകൾ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാവും. പ്രസ്തുത ചർച്ചകളിൽ ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ച കുറയുന്നു എന്ന കാര്യം പൊതുവെ എല്ലാവരും സമ്മതിച്ചിരുന്നു. വളർച്ച മുരടിക്കാൻ കാരണം സമ്പദ്ഘടനയിൽ വേണ്ടത്ര ഡിമാൻഡില്ലാത്തതാണ് എന്ന കാര്യവും എല്ലാവരും ഉണർത്തിക്കുന്നുണ്ടായിരുന്നു. ഡിമാൻഡ് കുറഞ്ഞുപോകുന്നതിന്റെ കാരണമാകട്ടെ അസമത്വത്തിന്റെ വളർച്ചയാണെന്നും കണ്ടിരുന്നു. അതിസമ്പന്നരുടെ വരുമാനവും അവരിൽ നിന്നുണ്ടാവുന്ന അത്യാഡംബര ഉപഭോഗവസ്തുക്കളുടെ ഡിമാൻഡും ഉയരുന്നുണ്ട്. മധ്യവർഗത്തിന്റെയും സാധാരണ ജനങ്ങളുടെയും വരുമാനം വർധിക്കുന്നില്ല. തൊഴിലും കൂലിയും വർധിക്കുന്നില്ല. അതുകൊണ്ട് ഇന്ത്യൻ സമ്പദ്ഘടനയെ ചലിപ്പിക്കാവുന്ന നിലയ്ക്കു ചോദനം ഉയരുന്നില്ല എന്ന കാര്യം പ്രീ ബജറ്റു ചർച്ചകളിൽ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു.

ചോദനം തകരുന്നതിനുപരിഹാരം എന്ന നിലയിൽ നിർദേശിക്കപ്പെട്ട പരിഹാരമാർഗങ്ങളും ശ്രദ്ധേയമാണ്. സാധാരണ ജനങ്ങളുടെ വരുമാനം വർധിപ്പിക്കണം; ജോലിയും കൂലിയും കൂട്ടണം; അതിനു സർക്കാർ ചെലവും പൊതുമേഖലയിലെ മൂലധന നിക്ഷേപവും വർധിപ്പിക്കണം. പലിശനിരക്ക് കുറയ്ക്കണം. വായ്പ കൂടുതൽ നൽകണം; പണം ലഭ്യത ഉയർത്തണം. സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങളാണ് നിർദേശിക്കപ്പെട്ടത്. ഇതിനോടൊപ്പമാണ് സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കണം എന്ന ആവശ്യവും ഉയർന്നത്.

രാഷ്ട്രീയപ്രസ്ഥാനങ്ങളും വ്യാപാരി വ്യവസായി സംഘടനകളും ഒട്ടേറെ വിദഗ്ധരും നിർദേശിച്ച മേൽപറഞ്ഞ പരിഹാര മാർഗത്തിലേക്ക് പോകാൻ യൂണിയൻ ഗവൺമെന്റു ധെെര്യം കാണിക്കുന്നില്ല എന്നതാണ് വാസ്തവം. വളരെ ചെറിയ ശതമാനം ഇടത്തരക്കാരെ ബാധിക്കുന്ന വരുമാന നികുതിയിലെ ഒഴിവുകൾ മാറ്റി നിർത്തിയാൽ പ്രീ ബജറ്റ് ചർച്ചകളിൽ ഉയർന്നുവന്ന നിർദേശങ്ങൾ പൊതുവെ അവഗണിക്കപ്പെട്ടു എന്നാണ് കാണുന്നത്.

ഇന്ത്യയിലെ വ്യാപാരി –വ്യവസായി സംഘടനകൾപോലും സാധാരണ ജനങ്ങളുടെ ചോദനം വർധിപ്പിക്കുന്ന നടപടികൾ ഉണ്ടാവണം എന്നു ആവശ്യപ്പെട്ടിരുന്ന കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഓഹരി വിപണിയിലെ തകർച്ചയും രൂപയുടെ ഇടിവും പണസാഹചര്യത്തിൽ യൂണിയൻ സർക്കാർ ജനങ്ങളുടെ വരുമാനവും ഡിമാൻഡും വർധിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യത തുലോം പരിമിതമാണ്. മറിച്ച് വിദേശഫണ്ടുകളെ തിരിച്ച് ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള നടപടികളാകാം സ്വീകരിക്കുക. അതിനു ഫിനാൻസ് മൂലധനം എന്തൊക്കെ ആവശ്യപ്പെടാറുണ്ടോ അതൊക്കെ ചെയ്യാനാവും സർക്കാർ ശ്രമിക്കുക. വിദേശമൂലധനത്തിന് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും; വിദേശ ഇൻഷുറൻസ് കമ്പനികൾക്കു ചുവപ്പു പരവതാനി വിരിച്ച നടപടി ഇതിന്റെ തുടക്കം മാത്രമാണ്. വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി നിക്ഷേപക്കരാറുകൾ ഒപ്പിടും എന്ന പ്രഖ്യാപനവും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്.

ഇന്ത്യൻ ഒാഹരി വിലകളും രൂപയുടെ വിലകളും കുറച്ചുകൂടി ഇടിഞ്ഞുകഴിഞ്ഞാൽ ഉൗഹക്കച്ചവട മൂലധനത്തിനു തിരിച്ചുവരാൻ അരങ്ങൊരുങ്ങും. അവർ നേരത്തെ കുറഞ്ഞ വിലയ്ക്കു വാങ്ങിയ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞാണ് പുറത്തേക്കു പോയത്. നല്ല തോതിൽ ലാഭമെടുത്തു പുറത്തുപോയ ഫണ്ടുകൾ തിരിച്ചുവരുമ്പോൾ അവർക്ക് കുറഞ്ഞ വിലയ്ക്ക് വീണ്ടും ഇന്ത്യൻ ഓഹരികൾ വാങ്ങാം. കൊണ്ടുവരുന്ന ഓരോ ഡോളറിനും കൂടുതൽ ഇന്ത്യൻ രൂപയും ഇന്ത്യൻ ഓഹരികളും വാങ്ങിക്കൂട്ടാം. സ്വാഭാവികമായും അപ്പോൾ ഇന്ത്യൻ ഓഹരി വിലകൾ ഉയരാൻ തുടങ്ങും.

ഇന്ത്യയുടെ വിദേശനാണയശേഖരം വർധിച്ചു. ഇന്ത്യയിലെ ചെറുകിട നിക്ഷേപകർ വീണ്ടും ഓഹരിക്കമ്പോളത്തിലേക്ക് ആകർഷിക്കപ്പെടും. ഒരിക്കൽ കൂടി ഓഹരിപ്പെരുക്കം സൃഷ്ടിക്കപ്പെടും. അതോടൊപ്പം സ്വാഭാവികമായും ധനയാഥാസ്ഥികത്വം ശക്തമായി പിടിമുറുക്കുകയും ചെയ്യും. സർക്കാർ ചെലവുകൾ കുറയ്ക്കാനും ധനക്കമ്മി ചുരുക്കാനുമുള്ള നിർദേശങ്ങൾ അംഗീകരിക്കപ്പെടും. ഒാഹരിപ്പെരുക്കവും തകർച്ചയും സൃഷ്ടിച്ച് ലാഭമെടുക്കുന്ന സാമ്രാജ്യത്വ മൂലധനത്തിന്റെ തന്ത്രത്തിന് ഇന്ത്യാ രാജ്യവും ജനങ്ങളും ഒരിക്കൽകൂടി ഇരയാവും എന്ന കാര്യമാണ് ഇതിലൂടെ വ്യക്തമാവുന്നത്.

എന്നാൽ ഫിനാൻസ് മൂലധനം വ്യാപകമായി ഉപയോഗിക്കുന്ന ഈ ചൂഷണതന്ത്രം എപ്പോഴും ഒരു പോലെ വിജയിക്കണമെന്നില്ല. ഈ തന്ത്രത്തിന്റെ വിജയം അസമത്വവും സാമൂഹ്യ അസ്വാസ്ഥ്യവും വെെരുദ്ധ്യവും കൂടുതൽ രൂക്ഷമാക്കും എന്ന കാര്യത്തിൽ സംശയമില്ല. ഒരു കാര്യം വ്യക്തമാണ് കൂടുതൽ സംഘർഷഭരിതമായ ഭാവിയിലേക്കാണ് ഈ തന്ത്രം ലോകത്തെ നയിക്കുക. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − nine =

Most Popular