ഒരു ബജറ്റ് അത് അവതരിപ്പിക്കുന്ന കാലഘട്ടത്തിലെ പ്രശ്നങ്ങളോടും വെല്ലുവിളികളോടുമുള്ള സർക്കാരിന്റെ നയസമീപനം വെളിവാക്കുന്നതാണ്. കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള അവലോകനം 2024-–25 വർഷത്തിലെ സാമ്പത്തിക സർവ്വേയിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ സർവേയിൽ ഇന്ത്യയിലെ കാർഷിക മേഖലയിലെ ഇന്നത്തെ പ്രതിസന്ധികളെ പൂർണമായും മറച്ചുവയ്ക്കാനും വലിയ തോതിൽ അഭിവൃദ്ധി നേടുന്ന ഒരു മേഖല എന്ന ഒരു ചിത്രം വരച്ചുകാട്ടാനുമായിരുന്നു ശ്രമം. കാർഷിക മേഖല വളർച്ചയുടെ ഘട്ടത്തിലാണെന്നും അതിന് കാരണം ഉയരുന്ന ഉൽപാദനക്ഷമതയും വ്യാപിക്കുന്ന വിളവൈവിധ്യവും വളരുന്ന കർഷക വരുമാനവും ആണെന്നായിരുന്നു ഈ സർവേയിലെ വാദം. എന്നാൽ ഈ വാദങ്ങളൊക്കെ തെറ്റാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഒന്നാമതായി, ഇന്ത്യയിലെ കാർഷിക മേഖലയിൽ ഉത്പാദനക്ഷമത ഗണ്യമായി വർദ്ധിക്കുന്നു എന്ന ഒരു തെളിവും നമ്മുടെ പക്കൽ ഇല്ല. കണക്കുകളെ ശാസ്ത്രീയമായ വിശകലനത്തിന് വിധേയമാക്കിയാൽ 2014–-15 മുതൽ 2022-–23 വരെയുള്ള വർഷങ്ങളിലെ ഉത്പാദനക്ഷമതയുടെ വളർച്ച നിരക്ക് അതിന് മുൻപത്തെ പത്ത് വർഷത്തേക്കാൾ അല്പം കുറവായിരുന്നു എന്നതാണ് യാഥാർത്ഥ്യം. രണ്ടാമതായി, കാർഷിക വിളക്രമത്തിൽ വൈവിധ്യം നേടുന്നു എന്നതിനും പ്രത്യേകം തെളിവൊന്നുമില്ല; ചില സംസ്ഥാനങ്ങളിൽ പയർ വർഗ്ഗങ്ങൾ അല്പം കൂടുതലായി കൃഷി ചെയ്യുന്നു എന്നത് ഒഴിച്ചുനിർത്തിയാൽ. വൈവിധ്യം സംഭവിക്കുന്നുണ്ടെങ്കിൽ അത് വിള മേഖലയ്ക്ക് പുറത്ത് ഡയറി, ഫിഷറീസ് എന്നീ മേഖലകളിലാണ്. എന്നാൽ ഈ മേഖലകളിൽ ഏർപ്പെട്ടിട്ടുള്ള കർഷകരുടെയും തൊഴിലാളികളുടെയും എണ്ണം വിള മേഖലയിലേതിനേക്കാൾ വളരെ കുറവാണ്. മൂന്നാമതായി, കൃഷിക്കാരുടെ വരുമാനം വർദ്ധിക്കുന്നു എന്ന വ്യാജ പ്രചാരണം സർക്കാർ അഴിച്ചുവിടുന്നുണ്ടെങ്കിലും ഔദ്യോഗിക കണക്കുകൾ തന്നെ കാണിക്കുന്നത് വരുമാനം യഥാർത്ഥ വിലകളിൽ ഇടിയുകയാണ് എന്നാണ്.
കോവിഡിന് ശേഷമുള്ള മൂന്നുവർഷങ്ങളിൽ കാർഷിക മേഖലയിൽ അല്പം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് വാസ്തവം തന്നെ. എന്നാൽ ഈ വളർച്ചയ്ക്ക് മൂലകാരണം സർക്കാരിന്റെ നയങ്ങളുടെ ഗുണമല്ല; മറിച്ച് ഭാഗ്യവശാൽ വർദ്ധിച്ചുവരുന്ന ആഗോള കാർഷിക വിലകളും കൂടുതൽ അനുകൂലമായ കാലാവസ്ഥയുമാണ്. അതേയവസരത്തിൽ, കാർഷിക മേഖലയെ ആഴത്തിൽ ഗ്രഹിച്ചിട്ടുള്ള ഘടനാപരവും നയപരവുമായ പ്രശ്നങ്ങൾ നിലനിൽക്കുന്നു. കുറഞ്ഞ ഉൽപാദനക്ഷമത, ആഭ്യന്തര വിലകളിലെ വളർച്ചയില്ലായ്മ, ലാഭനിരക്കുകളിലെ കുറവ്, വരുമാനങ്ങളിലെ ഇടിവ്, കുറയുന്ന ഗ്രാമീണ കൂലി നിരക്കുകൾ ഇവയെല്ലാം മൂലം കാർഷിക മേഖലയിൽ നിന്ന് പൊതു സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് എന്തെങ്കിലും ഉത്തേജനം ലഭിക്കും എന്ന് പ്രത്യാശിക്കുക വയ്യ.
കേന്ദ്ര ബജറ്റിന് മുൻപായി നമുക്ക് മുന്നിൽ വന്ന പല വിശകലനങ്ങളിലും ഒരു പ്രവചനം ഉണ്ടായിരുന്നു. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയും തറവില നിയമവിധേയമാക്കുന്നതിനുവേണ്ടിയും കർഷകർ നടത്തിയ സമരങ്ങൾക്കുള്ള ഒരു ശിക്ഷാ നടപടിയായി കാർഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഉയർത്താതെയും, പലപ്പോഴും കുറച്ചും, ഒരു പ്രതിലോമ സമീപനം കേന്ദ്രസർക്കാരിന്റേതായി ഉണ്ടായിരുന്നു. എന്നാൽ 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഗ്രാമീണ മേഖലകളിൽ നിന്ന് ബിജെപിക്ക് നേരിട്ട വലിയ തിരിച്ചടി മൂലം ഈ നിലപാടിൽ നിന്നുള്ള ഒരു പിന്മാറ്റം പലരും പ്രതീക്ഷിച്ചു. എന്നാൽ അടുത്ത വർഷത്തേക്കുള്ള ബജറ്റ് പ്രസംഗം കഴിഞ്ഞപ്പോൾ ഈ പ്രതീക്ഷകളും പ്രത്യാശകളുമൊക്കെ പൂർണമായും ഇല്ലാതായി. കാർഷിക മേഖലക്കെതിരെയുള്ള ധനപരമായ അവഗണന തുടരുന്ന സ്ഥിതിയാണ് ഈ ബജറ്റിലും കാണാൻ കഴിഞ്ഞത്.
നമുക്ക് കാർഷിക ഗവേഷണ മേഖലയിൽ നിന്ന് തുടങ്ങാം. കാരണം സാമ്പത്തിക സർവ്വേയിൽ പറയുന്നതുപോലെ ഉൽപാദനക്ഷമതയും അതിനൊപ്പം കാലാവസ്ഥാപ്രതിരോധവും ഉയരണമെങ്കിൽ കാർഷിക ഗവേഷണ മേഖല ബലപ്പെടണം. എന്നാൽ 2023-–24 മുതൽ 2025-–26 വരെയുള്ള രണ്ട് വർഷങ്ങളിൽ മൊത്തമായി 21 കോടി രൂപ മാത്രമാണ് ഈ മേഖലയ്ക്ക് അധികമായി നൽകിയിട്ടുള്ളത്. എന്നാൽ ഇത് തീർത്തും അശാസ്ത്രീയം എന്ന് എല്ലാവരും കരുതുന്ന പ്രകൃതി കൃഷിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ മിഷനുമായി താരതമ്യം ചെയ്താലോ? പ്രകൃതി കൃഷിക്ക് 2023-–24ൽ 30 കോടി രൂപയായിരുന്നു വിഹിതം. എന്നാൽ ഇത് 2025–-26 ആകുമ്പോൾ 616 കോടി രൂപയായി ഉയരുകയാണ്. ഇതിൽ നിന്നു തന്നെ സർക്കാരിന്റെ തലതിരിഞ്ഞ മുൻഗണനകളും യുക്തിരാഹിത്യങ്ങളോടുള്ള കടുത്ത ആഭിമുഖ്യവും വെളിവാകും.
ബജറ്റിന്റെ കണക്കുകളിൽ “ക്രോപ്പ് ഹസ്ബൻഡ്രി’ എന്ന ഒരു തലക്കെട്ടുണ്ട്. കാർഷിക മേഖലയിൽ ഉൾപ്പെടുന്ന എല്ലാ പദ്ധതികളെയും സ്ഥാപനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു പൊതു വർഗീകരണം ആണിത്. 2023–-24നും 2025-–26 നും ഇടയ്ക്ക് 5195 കോടി രൂപയുടെ കേവലമായ കുറവാണ് ഈ ഹെഡിൽ വരുത്തിയിട്ടുള്ളത്. ഇതുപോലെ തന്നെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രധാനമന്ത്രി ഫസൽ ബീമാ യോജന എന്ന വിള ഇൻഷുറൻസ് പദ്ധതിക്ക് അടുത്ത വർഷത്തേക്ക് 3622 കോടി രൂപ കുറവായിട്ടാണ് ബജറ്റിൽ വകയിരുത്തൽ. ഈ വിള ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് ഗുജറാത്ത് അടക്കമുള്ള പല സംസ്ഥാനങ്ങളും പിന്മാറിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാർത്ഥ്യവും നമ്മുടെ മുൻപിലുണ്ട്.
ബജറ്റ് പ്രസംഗത്തിൽ പ്രത്യേകം വിളകളെ അടിസ്ഥാനപ്പെടുത്തിയ കുറേയധികം മിഷനുകൾ സ്ഥാപിക്കുന്നു എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ മിഷനുകൾക്കൊക്കെ മാറ്റിവെച്ചിട്ടുള്ള തുക തുലോം തുച്ഛമാണ്. ഉദാഹരണത്തിന് കോട്ടൺ ടെക്നോളജി മിഷന് വകയിരുത്തിയത് വെറും 500 കോടി രൂപ. പയർ വർഗ്ഗങ്ങൾക്കുള്ള മിഷന് മാറ്റിവച്ചത് വെറും 1000 കോടി രൂപ. പഴം- പച്ചക്കറി കൃഷിക്കുള്ള മിഷന് മാറ്റിവച്ചത് വെറും 500 കോടി രൂപ. അതുപോലെ ഹൈബ്രിഡ് വിത്തുകൾക്ക് വേണ്ടിയുള്ള നാഷണൽ മിഷന് മാറ്റിവച്ചത് വെറും 100 കോടി രൂപ. ബീഹാറിൽ തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ഒരു പുതിയ മഖാന ബോർഡ് അവിടെ രൂപീകരിക്കും എന്ന ഒരു രാഷ്ട്രീയ പ്രഖ്യാപനവും ബജറ്റിൽ ഉണ്ട്. ആമ്പലിന്റെ സസ്യ കുടുംബത്തിൽ പെടുന്ന ഒരു വിളയാണ് മഖാന. ഇതിന്റെ കറുത്ത വിത്തുകൾ പൊളിച്ചെടുത്ത് വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് മഖാന. ഈ പ്രഖ്യാപനം വന്നപ്പോൾ എല്ലാവരും ഓർത്തത് കഴിഞ്ഞവർഷം പ്രഖ്യാപിച്ച മഞ്ഞളിന് വേണ്ടിയുള്ള ടർമറിക്ക് ബോർഡാണ്. കഴിഞ്ഞവർഷം നടന്ന ആന്ധ്രപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രഖ്യാപിച്ചതായിരുന്നു ഇത്. ഒരു വർഷമായും ഈ ബോർഡ് രൂപീകരിച്ചിട്ട് പോലുമില്ല. അതേസമയം എത്രയോ കാലമായി നിലവിലുള്ള, ലക്ഷക്കണക്കിന് കർഷകർ ഉൽപാദനം നടത്തുന്ന, മറ്റ് വാണിജ്യവിളകളുടെ ബോർഡുകൾക്ക് ആവശ്യത്തിന് പണം വകയിരുത്തിയിട്ടുമില്ല. കോഫി ബോർഡിൻറെ വിഹിതം മാറ്റമില്ലാതെ തുടരുന്നു. റബ്ബർ ബോർഡിന്റെ വിഹിതം വർദ്ധിച്ചത് വെറും 40 കോടി രൂപ കണ്ട്. സ്പൈസസ് ബോർഡിന്റെ വിഹിതം വർദ്ധിച്ചത് വെറും 24 കോടി രൂപ കണ്ട്. നാളികേര വികസന ബോർഡിന്റെ കാര്യമെടുത്താൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി നാലു കോടി രൂപയുടെ കുറവാണ് വിഹിതത്തിൽ വന്നിട്ടുള്ളത്. രാജ്യത്തെ കൃഷിക്കാരെ വിഡ്ഢികളാക്കുന്ന ഇത്തരം പൊള്ളയായ പ്രഖ്യാപനങ്ങൾക്കെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.
സാമ്പത്തിക സർവ്വേ തന്നെ ഡയറി, ഫിഷറീസ് മേഖലകളിലേക്ക് വൈവിധ്യവൽക്കരണം നടക്കുന്നുണ്ട് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മേഖലകളെയും ബജറ്റ് പാടെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഫിഷറീസ് മേഖലയിലെ അടുത്ത വർഷത്തേക്കുള്ള പൊതു ചെലവ് വർധിക്കാൻ പോകുന്നത് വെറും 87 കോടി രൂപ കണ്ട് മാത്രമാണ്. അതുപോലെ അടുത്ത വർഷത്തേക്കുള്ള മൃഗസംരക്ഷണം, ഡയറി തുടങ്ങിയ മേഖലകൾക്ക് മാറ്റിവച്ചിട്ടുള്ള പൊതുവിഹിതം വെറും 319 കോടി രൂപ കണ്ട് മാത്രമാണ് ഉയരാൻ പോകുന്നത്. ഒരുവശത്ത് ഈ മേഖലകളിൽ വലിയ വളർച്ച നടക്കുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്നു. മറുവശത്ത് ഈ മേഖലകൾക്ക് തുച്ഛമായ പണം മാത്രം മാറ്റിവെച്ചുകൊണ്ട് ഇവിടെ പണിയെടുക്കുന്ന കർഷകരെയും തൊഴിലാളികളെയും സാമ്പത്തികമായി ഞെരുക്കുന്നു.
കാർഷിക മേഖലയിലെ പുതിയൊരു പദ്ധതി പ്രഖ്യാപനമാണ് “പ്രധാനമന്ത്രി ധന ധാന്യ കൃഷി യോജന’. പൊതു വികസന മേഖലയിൽ നിലവിലുള്ള “ആസ്പിറേഷനൽ ഡിസ്ട്രിക്ട് പ്രോഗ്രാം’ എന്ന പദ്ധതിക്ക് സമാനമായി കാർഷിക മേഖലയിൽ അവതരിപ്പിക്കപ്പെടുന്ന പദ്ധതിയാണിത്. ഉൽപാദനക്ഷമതയും വിള സാന്ദ്രതയും കാർഷിക വായ്പകളും ഒരു പരിധിയിൽ കുറവായി നിൽക്കുന്ന ഇന്ത്യയിലെ 100 ജില്ലകളെ തെരഞ്ഞെടുത്ത് അവിടത്തെ കാർഷിക പദ്ധതികളെ ഏകീകൃതമായി സംയോജിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പദ്ധതിയാണ് ഇത് എന്നാണ് ഇതുവരെ മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഈ മാതൃകയിലുള്ള മുൻ പദ്ധതികളിൽ നിന്ന് നമുക്ക് പഠിക്കാനും ആശങ്കപ്പെടാനും വകയുണ്ട്. കൃഷി എന്നത് ഭരണഘടനാപരമായി ഒരു സംസ്ഥാന വിഷയമാണ്. ബജറ്റ് പ്രസംഗത്തിൽ സംസ്ഥാനങ്ങളുമായി യോജിച്ച് നടപ്പിലാക്കും എന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഈ പദ്ധതിയുടെ രൂപകല്പനയും നിർവഹണവും എല്ലാം കേന്ദ്രീകൃതമായി തന്നെ നിലനിൽക്കാനാണ് സാധ്യത. എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമായ ഗൈഡ് ലൈനുകളും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതിനൊക്കെ പുറമേ, പദ്ധതിയുടെ ഒരു വിഹിതം സംസ്ഥാന സർക്കാരുകൾ വഹിക്കണം എന്നും പറയാൻ സാധ്യതയുണ്ട്. ഇതെല്ലാം പലവിധമായ വിമർശനങ്ങൾക്കും ഇപ്പോൾ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ഈ വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടുമില്ല.
ചുരുക്കത്തിൽ ബജറ്റ് പ്രസംഗത്തിൽ കാർഷിക മേഖലയെ കുറിച്ചുള്ള ഒട്ടേറെ പ്രസ്താവനകൾ ഉണ്ടെങ്കിലും അവയ്ക്കൊന്നും ഉപോൽബലകമായ ധനപരമായ വിഹിതം മാറ്റിവെച്ചിട്ടില്ല. നിലവിലെ പദ്ധതികളും പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളും ഒക്കെതന്നെ സാമ്പത്തികമായി കൂടുതൽ ഞെരുക്കപ്പെടും. അതേയവസരത്തിൽ ഇന്ന് കാർഷിക മേഖലയെ ആഴത്തിൽ ഗ്രസിച്ചിട്ടുള്ള പ്രതിസന്ധിയെ സംബന്ധിക്കുന്ന പ്രധാന നിർദ്ദേശങ്ങളും പരിഷ്കരണങ്ങളും അവഗണിക്കപ്പെട്ടു പോവുകയും ചെയ്യും. l