2025-26 കേന്ദ്ര ബജറ്റ് സാമ്പത്തിക വളർച്ച മുരടിപ്പിക്കും. അസമത്വം വർദ്ധിപ്പിക്കും. ജനദുരിതം ഏറും. കേരളത്തെ കൂടുതൽ വിഷമത്തിലാക്കും.
2024-–25-ലെ ജിഡിപി വളർച്ച 6.4 ശതമാനം മാത്രമാണ്. 2025-–26-ൽ ഇതിലും താഴാനാണ് സാധ്യത. കാരണം കയറ്റുമതി വർദ്ധിക്കുന്നില്ല. ഉപഭോഗ ചെലവ് ഉയരുന്നില്ല. അതുകൊണ്ട് മുതൽമുടക്കാൻ നിക്ഷേപകർ മടിക്കുന്നു. ഇങ്ങനെയൊരു സന്ദർഭത്തിൽ ചെലവ് ഉയർത്തുകയാണ് ഏതൊരു സർക്കാരും സാധാരണഗതിയിൽ ചെയ്യേണ്ടത്. എന്നാൽ മോദി 2024-–25-ൽ സർക്കാർ ചെലവ് 14.9 ശതമാനം ആയിരുന്നത് 14.1 ശതമാനമായി ചുരുക്കിയിരിക്കുന്നു.
മോദി സർക്കാരിന്റെ എല്ലാ ബജറ്റിലും പൊതുവായി കാണാവുന്ന പ്രവണത ചെലവ് ചുരുക്കലാണ്. ഏക അപവാദം കോവിഡ് കാലത്ത് മാത്രമാണ്. 2011–-12-ൽ സർക്കാർ ചെലവ് ജിഡിപി അനുപാതം 14.38 ശതമാനമായിരുന്നു. ബിജെപി ഭരണത്തിന്റെ ആദ്യ വർഷം 2014-–15-ൽ 13.3 ശതമാനമായി അത് കുറഞ്ഞു.
മോദിയുടെ ഭ്രാന്തൻ നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതകളുംമൂലം സാമ്പത്തിക വളർച്ച തുടർച്ചയായി മന്ദീഭവിച്ചു. അപ്പോഴും കേന്ദ്ര സർക്കാർ ചെലവ് ചുരുക്കുകയെന്ന നയം തന്നെ കൈക്കാണ്ടു. 2017-–18-ൽ അത് 12.25 ശതമാനത്തിൽ എത്തി.
കോവിഡ് വർഷം അത് 17.7 ശതമാനമായി ഉയർന്നു. തുടർന്ന് 2024-–25 ആയപ്പോഴേക്കും 14.9 ശതമാനമായി. ഇതിപ്പോൾ വീണ്ടും ഇടിച്ചിരിക്കുകയാണ്.
എന്തുവന്നാലും കമ്മി കുറയ്ക്കുക എന്നതാണ് ബജറ്റിന്റെ പ്രഥമലക്ഷ്യം. വിദേശമൂലധനത്തെ പ്രീതിപ്പെടുത്താൻ ഇത്തരമൊരു നടപടി കൂടിയേതീരൂ. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ വിദേശ കരുതൽശേഖരത്തിൽ നിന്ന് ഡോളർ ചെലവഴിക്കേണ്ടി വരുന്നു. 70,500 കോടി ഡോളർ ആയിരുന്ന വിദേശ കരുതൽശേഖരത്തിൽ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 7,900 കോടി ഡോളർ ചെലവഴിക്കേണ്ടിവന്നു. കൂടുതൽ വിദേശമൂലധനം ഇന്ത്യയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലേക്കു നീങ്ങാം. അതുകൊണ്ട് ധനക്കമ്മി കുറച്ചേതീരൂ. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കിലും ചെലവ് കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരാണ്.
ചെലവ് ചുരുക്കാതെ കമ്മി കുറയ്ക്കാമായിരുന്നു. പക്ഷേ, കേന്ദ്ര ധനമന്ത്രി ആദായ നികുതിയിൽ ഇളവ് നൽകാനാണു ശ്രമിച്ചത്. ഇടത്തരക്കാർക്ക് സന്തോഷം. കൂടുതൽ വരുമാനം അവരുടെ കൈകളിലിരുന്നാൽ ഉപഭോഗ ചെലവ് ഉയരുമെന്നാണ് സർക്കാരിനു പ്രതീക്ഷ. ഒരു ലക്ഷം കോടി രൂപ ഇങ്ങനെ ഇടത്തരക്കാരുടെയും സമ്പന്നരുടെയും കൈകളിലെത്തും എന്നാണു കണക്കുകൂട്ടൽ.
പക്ഷേ, ഉപഭോഗ ചെലവ് വർദ്ധിപ്പിക്കാനുള്ള നല്ല മാർഗ്ഗം ഈ നികുതി പിരിച്ച് പാവപ്പെട്ടവരുടെ പെൻഷനും തൊഴിലുറപ്പും വർദ്ധിപ്പിക്കുകയെന്നതായിരുന്നു. കാരണം ഇവർ പെൻഷനും കൂലിയും പൂർണമായും ചെലഴിക്കും. ഇടത്തരക്കാർ അവരുടെ വരുമാനത്തിൽ ഗണ്യമായ ഭാഗം സമ്പാദിക്കും. ഏതായാലും ഒരു കാര്യം ഉറപ്പ്. അസമത്വം ഇനിയും കുത്തനെ ഉയരും.
സാമൂഹ്യമേഖലകളുടെ അടങ്കൽ കൂടിയോ കുറഞ്ഞോ? ബജറ്റിന്റെ എത്ര ശതമാനമാണ് വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, സാമൂഹ്യക്ഷേമം എന്നിവയ്ക്കായി ചെലവഴിക്കുന്നത്? തുക വർദ്ധിച്ചുവെന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. പക്ഷേ, മൊത്തം ബജറ്റ് ചെലവിൽ ഇവയുടെ വിഹിതം കുറയുകയാണ്. 2017-–18-ൽ വിഹിതം 14.42 ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷം ആയപ്പോഴേക്കും അത് 11.03 ശതമാനമായി കുറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും 10.9 ശതമാനമായി കുറഞ്ഞു. തൊഴിലുറപ്പിനോ സാമൂഹ്യക്ഷേമ പെൻഷനോ വേണ്ടിയുള്ള വകയിരുത്തലിൽ നാമമാത്രമായ വർദ്ധനവരുത്താൻപോലും തയ്യാറായില്ല.
സംസ്ഥാനങ്ങൾക്കു മൊത്തത്തിൽ കൂടുതൽ നൽകിയിട്ടുണ്ടല്ലോ എന്നതാണ് കേന്ദ്ര ധനമന്ത്രിയുടെ അവകാശവാദം. പക്ഷേ, യഥാർത്ഥത്തിൽ എത്ര തന്നു എന്നതാണ് മറ്റൊരു ചോദ്യം. 2024-–25-ൽ 2 ലക്ഷം കോടിയിലേറെ രൂപയാണ് മൊത്തം വകയിരുത്തലിൽ നിന്നു വെട്ടിക്കുറച്ചത്. ഈ വർഷവും അങ്ങനെയൊരു കടുംവെട്ട് നടത്തുമോയെന്നത് മറ്റൊരു കാര്യം. എന്തായാലും കേരളത്തിനു പ്രത്യേകിച്ച് ഒന്നുമില്ല. ജോർജ് കുര്യനും സുരേന്ദ്രനും പറഞ്ഞതാണ് ബിജെപിയുടെ മനോഭാവം.
ജോർജ് കുര്യൻ മന്ത്രി പറഞ്ഞതൊന്നു പരിശോധിക്കാം. അദ്ദേഹം പറയുമ്പോലെ കേരളത്തെ പിന്നോക്ക സംസ്ഥാനമായി പ്രഖ്യാപിക്കാൻ കഴിയില്ല. കേരളം നമ്പർ വൺ ആണ്. നിങ്ങൾക്ക് ഇല്ലെങ്കിലും ഞങ്ങൾക്ക് അതിൽ അഭിമാനമുണ്ട്. ഈ നമ്പർ വൺ കേരളത്തെ സൃഷ്ടിച്ചതിൽ ഒരു പങ്കുമില്ലാത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടെങ്കിൽ അത് നിങ്ങളുടെ പാർട്ടിയും പൂർവ്വഗാമികളുമാണ്. അതുകൊണ്ട് നിങ്ങളെപ്പോലുള്ളവരുടെ കേരളത്തോടുള്ള പുച്ഛത്തിൽ അത്ഭുതമില്ല. കേരളമെന്നു പറയില്ലല്ലോ. ഖേരളം എന്നല്ലേ സംഘികൾ പറയൂ.
കേരളം നമ്പർ വൺ ആകുമ്പോൾ അതിന്റേതായ പ്രശ്നങ്ങളും ഉണ്ടാകും. മറ്റു മഹാഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും അഭിമുഖീകരിക്കേണ്ടിവരില്ലാത്ത രണ്ടാംതലമുറ പ്രശ്നങ്ങളാണ് ഒന്നാമത്തേത്. സാമൂഹ്യ മേഖലകളിൽ ഊന്നിയതുകൊണ്ട് പശ്ചാത്തലസൗകര്യങ്ങളിൽ വേണ്ടത്ര നിക്ഷേപം നടത്താനായില്ല. തന്മൂലം പശ്ചാത്തലസൗകര്യങ്ങളിൽ പിന്നാക്കമാണെന്നതാണ് രണ്ടാമത്തേത്. ഇവയ്ക്കൊക്കെ അടിയന്തരമായി പരിഹരം കണ്ടില്ലെങ്കിൽ നേട്ടങ്ങൾ നിലനിർത്താനാവില്ല.
ഇതിനൊക്കെ ആവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തും? ഇപ്പോൾ തന്നെ കേരളത്തിന്റെ ചെലവിന്റെ 65 ശതമാനം നമ്മൾ തന്നെയാണ് കണ്ടെത്തുന്നത്. അതുകൊണ്ട് കേന്ദ്രത്തിന്റെ സഹായം വേണം. വെറുതേയല്ല. ഇവിടെ നിന്നും പിരിച്ചുകൊണ്ടു പോകുന്ന പണത്തിന്റെ 30 ശതമാനം മാത്രമല്ലേ ഇപ്പോൾ കേരളത്തിനു തിരിച്ചുതരുന്നുള്ളൂ. അതിൽ നിന്നു മതി. മുഴുവൻ വേണ്ട. ഇപ്പോൾ നൽകുന്നതിനേക്കാൾ കുറച്ചുകൂടി.
കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങൾക്കു ധനസഹായം നൽകുന്നത് മൂന്ന് രീതികളിലാണ്. (1) ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം. (2) കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി. (3) കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പദ്ധതികളിലൂടെ. ഇതിൽ ധനകാര്യ കമ്മീഷൻ പിന്നോക്കാവസ്ഥ മാനദണ്ഡമായെടുത്താണ് പണം വിതരണം ചെയ്യുന്നത്. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് ഓരോ കമ്മീഷനും കൂടുതൽ കൂടുതൽ പണം അനുവദിക്കുന്നു. മുന്നാക്കം നിൽക്കുന്നവർക്ക് കൂടുതൽ കൂടുതൽ കുറവും. അങ്ങനെ 3.8 ശതമാനം ധനകാര്യ കമ്മീഷന്റെ അവാർഡിൽ വിഹിതമുണ്ടായ കേരളത്തിന് ഇപ്പോൾ 1.9 ശതമാനമായി. എന്തു ചെയ്യാം. ഒരു കമ്മീഷന്റെ അവാർഡ് അല്ലേ. സഹിക്കുകയേ നിർവാഹമുള്ളൂ.
അതുകൊണ്ടാണ് കേന്ദ്രത്തോട് ചോദിക്കുന്നത്. അവിടെയും നമുക്ക് അവഗണനയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യംതന്നെ എടുക്കൂ. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച പദ്ധതികളുടെയെല്ലാം മാനദണ്ഡം പിന്നോക്ക സംസ്ഥാനങ്ങളെ ഊന്നിയാണ്. നമ്മൾ തഴയപ്പെടുന്നു.
ഈ ബജറ്റിൽ പറഞ്ഞ ഹൈസ്കൂളുകളിൽ ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതി എടുക്കൂ. പ്രൈമറി ക്ലാസുകളിൽപ്പോലും ഇന്റർനെറ്റ് എത്തിച്ച നമുക്ക് അതിൽ നിന്ന് എന്തു കിട്ടാൻ? അതുകൊണ്ടാണ് നമ്മൾ ഇന്ത്യയുടെ വ്യത്യസ്തതകൾ കണക്കിലെടുത്ത് ഒരേ ദേശീയ മാനദണ്ഡങ്ങൾ ഇത്തരം സ്കീമുകളിൽ അടിച്ചേൽപ്പിക്കരുതെന്നു പറയുന്നത്. ഓരോ സംസ്ഥാനത്തിനും കേന്ദ്രാവിഷ്കൃത പദ്ധതികൾ സ്വന്തം സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവിഷ്കരിക്കാൻ സ്വാതന്ത്ര്യം വേണമെന്നു പറയുന്നത്. പക്ഷേ, ആരുകേൾക്കാൻ? ഇക്കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരേ അഭിപ്രായക്കാരാണെന്നു പറയട്ടെ. കോൺഗ്രസും ഇത്തരമൊരു സ്വാതന്ത്ര്യം സംസ്ഥാനത്തിന് അനുവദിക്കാൻ തയ്യാറായിരുന്നില്ല.
ഈയൊരു സാഹചര്യത്തിലാണ് ഓരോ കേന്ദ്ര ബജറ്റിനു മുമ്പും കേരളത്തിന്റെ ധനമന്ത്രി കേന്ദ്ര സർക്കാരിനു മുന്നിൽ നമ്മുടെ ചില പ്രധാനപ്പെട്ട ആവശ്യങ്ങൾ നിവേദനമായി സമർപ്പിച്ചത്. കേന്ദ്രത്തിന്റെ നേരിട്ടുള്ള പദ്ധതിയായോ പ്രത്യേക സഹായമായോ വേണം ഇവയ്ക്കു പണം നൽകാൻ. ഇത്തവണ വയനാട് ദുരന്തം, വന്യജീവി ആക്രമണം, വിഴിഞ്ഞം, തോട്ടവിളകൾ എന്നിവയ്ക്കായിരുന്നു മുൻഗണന. ബീഹാറിനും മറ്റും എന്തെല്ലാം സഹായങ്ങൾ പ്രത്യേകമായി നൽകി! കേരളത്തിന്റെ നിവേദനത്തിനു കടലാസു വില കല്പിച്ചോ? താങ്കൾ അടക്കം 2 മന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിട്ട്?
ഒക്കെപ്പോട്ടെ. ഒരു AIIMS എങ്കിലും അനുവദിച്ചോ? എവിടെയാണ് ജോർജ് കുര്യൻ AIIMS സ്വാഭാവികമായും ആദ്യം വരേണ്ടത്? അതൊരു ത്രിതീയ ആരോഗ്യ സ്ഥാപനമാണ്. പ്രാഥമിക ആരോഗ്യ മേഖലയിൽ ഒന്നാം നമ്പറായിരിക്കുന്ന കേരളത്തിൽ ഇനി വേണ്ടതു മികവുറ്റ ത്രിതീയ ആരോഗ്യ സ്ഥാപനങ്ങളാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇന്നും മുൻഗണന വേണ്ടത് പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങൾക്കാണല്ലോ. എന്നാൽ അവിടെയെല്ലാം AIIMS സ്ഥാപിച്ചശേഷവും കേരളത്തെ അവഗണിക്കുന്നതിനുള്ള ന്യായമെന്താണ്? കോൺഗ്രസും ഈ ചോദ്യത്തിന് ഉത്തരം നല്കേണ്ടതുണ്ട്? നിങ്ങളല്ലേ കൂടുതൽ കാലം ഇന്ത്യ ഭരിച്ചവർ? ഇത്ര വകതിരിവില്ലാത്തവരാണ് ഡൽഹിയിലിരുന്നു ഭരിക്കുന്നവരും ഭരിച്ചവരും.
ഇനി ഒന്നുകൂടി പറയട്ടേ. നിങ്ങൾ പിന്നോക്കാവസ്ഥയുടെ പേരു പറഞ്ഞ് വാരിക്കോരി കൊടുക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉണ്ടല്ലോ. ഓരോ വർഷം കഴിയുംതോറും ദേശീയ ശരാശരി പ്രതിശീർഷ വരുമാനത്തിൽ നിന്നും അവർ പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്.
ഉദാഹരണത്തിന് ഏതാനും സംസ്ഥാനങ്ങളുടെ ദേശീയ ശരാശരി പ്രതീക്ഷിത വരുമാനമായുള്ള തോതിൽ 1980-നും 1991-നും ഇടയ്ക്ക് വന്ന മാറ്റത്തിന്റെ കണക്ക് പറയട്ടെ. ബീഹാർ 56 ശതമാനത്തിൽ നിന്ന് 29 ശതമാനമായും യുപി 78 ശതമാനത്തിൽ നിന്ന് 42 ശതമാനമായും എംപി 83 ശതമാനത്തിൽ നിന്ന് 71 ശതമാനമായും ഒഡീഷ 81 ശതമാനത്തിൽ നിന്ന് 71 ശതമാനമായും കുറഞ്ഞു. പണം വാരിക്കോരി കൊടുത്തിട്ടു കാര്യമില്ല. നയങ്ങൾ മാറണം. കേരളത്തെ കണ്ടുപഠിക്കാൻ ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളോടു പറഞ്ഞാട്ടെ.
ഇപ്പോൾ മന്ത്രിജിക്കു മനസിലായോ വിടുവായത്തം പറഞ്ഞ പ്രശ്നത്തിന്റെ സങ്കീർണത. വിവരക്കേടു മറയ്ക്കാൻ ജനിച്ച നാടിനെ ഇങ്ങനെ അപമാനിക്കരുത്. താങ്കൾ കേരളത്തിലെ മറ്റു ബിജെപി നേതാക്കളെ അപേക്ഷിച്ച് കുറച്ചു മിതഭാഷിയും വകതിരിവുമുള്ള ആളാണെന്നാണു കരുതിയത്. മറിച്ചു പറയിപ്പിക്കരുത്. l