ബജറ്റ് പ്രസംഗം ‘‘വികസിത ഭാരത’’ത്തിന്റെ ആറ് തത്വങ്ങളെപ്പറ്റി പരാമർശിക്കുന്നുണ്ട്. പൂർണമായും ദാരിദ്ര്യം ഇല്ലാതാക്കൽ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സമഗ്ര ആരോഗ്യ സുരക്ഷ, അർത്ഥവത്തായ തൊഴിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ സ്ത്രീകളെ ഉൾച്ചേർക്കൽ, കർഷകരുടെ ക്ഷേമം എന്നിവയാണവ. ഇതുകൂടാതെ നിർദ്ദിഷ്ട വികസന നടപടികൾ വിശാലമായ 10 മേഖലകളെപ്പറ്റിയും പറയുന്നു. എന്തായാലും ഈ നടപടികൾക്കാവശ്യമായത്ര തുക തന്നെ വകയിരുത്തിയിട്ടില്ലയെന്നാണ് (Allocation) ബജറ്റ് കണക്കുകൾ കാണിക്കുന്നത്. സാമ്പത്തിക തളർച്ചയ്ക്കു മാത്രമല്ല ഉപഭോക്തൃ ഡിമാൻഡിലെ തകർച്ചയ്ക്കും വ്യാപകമായ സ്വീകാര്യത കിട്ടുന്നുണ്ടെന്നത് നിരാശാജനകമാണ്. ദരിദ്രർക്കും താഴ്-ന്ന വിഭാഗങ്ങൾക്കും മധ്യവർഗത്തിനും നീക്കിവയ്ക്കാൻ പറ്റുന്ന വരുമാനം വർധിപ്പിക്കുന്നതിന്, ഡിമാൻഡിന്റെ അടിസ്ഥാനത്തിൽ നടപടികളുണ്ടാകണമെന്ന് അക്കാദമിക, വ്യവസായ സമൂഹങ്ങളിൽനിന്നും സിവിൽ സമൂഹത്തിൽനിന്നും നിർദേശങ്ങൾ വന്നിട്ടുണ്ട്.
വെട്ടിക്കുറയ്ക്കപ്പെട്ട വകയിരുത്തൽ
കാർഷികമേഖലയെ വളർച്ചയുടെ എൻജിൻ എന്നു വിശേഷിപ്പിക്കുമ്പോൾ തന്നെ, കൃഷി–കർഷക ക്ഷേമ വകുപ്പിനായുള്ള വകയിരുത്തലിൽ കാര്യമായ വർധനവ് വരുത്തിയിട്ടില്ല. 2024–25ലെ (ബജറ്റ് എസ്റ്റിമേറ്റ്) 1.22 ലക്ഷം കോടി രൂപയിൽനിന്നും 2025–26ൽ (ബജറ്റ് എസ്റ്റിമേറ്റ്) 1.27 ലക്ഷം കോടി രൂപ. യഥാർഥത്തിൽ, 2024–25ലെ പുതുക്കിയ ബജറ്റിലേതിനേക്കാൾ (1.31 ലക്ഷം കോടി രൂപ) കുറവാണ് നടപ്പുവർഷത്തേക്കുള്ള വകയിരുത്തൽ. കാർഷിക ബജറ്റ് കണക്കുകളിലെവിടെയും എണ്ണക്കുരുക്കളെ സംബന്ധിച്ച ദേശീയ ദൗത്യത്തെക്കുറിച്ചുള്ള പരാമർശം കണ്ടെത്താൻ കഴിയില്ല. ധാന്യവർഗങ്ങൾക്കായുള്ള മിഷനുവേണ്ടിയുള്ള വകയിരുത്തൽ വെറും 1000 കോടി രൂപ മാത്രമാണ്. ഭക്ഷ്യസബ്സിഡിയ്ക്കായി അനുവദിച്ചിട്ടുള്ള വകയിരുത്തൽ കഴിഞ്ഞ വർഷത്തെ അതേ തുക (2 ലക്ഷം കോടി രൂപ) തന്നെയാണ് എന്നത് സൂചിപ്പിക്കുന്നത് ധാന്യങ്ങളെയും എണ്ണകളെയും പൊതുവിതരണ സമ്പ്രദായത്തിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇനി യാതൊരു പ്രതീക്ഷയും വേണ്ട എന്നാണ്. അങ്ങനെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ, സ്ഥിരമായതും താങ്ങാവുന്നതുമായ വിലയ്ക്ക് അവ ഉപഭോക്താക്കൾക്ക് ലഭിക്കുകവഴി അവരുടെ വരുമാനം മറ്റ് ഇനങ്ങൾക്കുകൂടി ചെലവാക്കാൻ കഴിയുമായിരുന്നേനെ. തൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള വകയിരുത്തൽ ഉയർത്തണമെന്നും ഈ പദ്ധതിയ്ക്കു കീഴിലെ കൂലി വർധിപ്പിക്കണമെന്നുള്ള തൊഴിലാളി യൂണിയനുകളുടെയും ഒപ്പം കോർപറേറ്റു മേഖലകളുടെയും ആവശ്യങ്ങളെ അവഗണിച്ചുകൊണ്ട് തൊഴിലുറപ്പു പദ്ധതിയ്ക്കായുള്ള വകയിരുത്തൽ ഇത്തവണയും 86,000 കോടി രൂപയിൽനിന്നും അൽപവുംപോലും വർധിപ്പിക്കാൻ തയ്യാറായില്ല.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച, തൊഴിലും നെെപുണ്യവും സംബന്ധിച്ച പ്രധാനമന്ത്രിയുടെ പാക്കേജ് യഥാർഥത്തിൽ നടപ്പാക്കപ്പെട്ടില്ല. പി എം ഇന്റേൺഷിപ്പ് സ്കീമിനായുള്ള വകയിരുത്തൽ 2024–25ൽ 2000 കോടി രൂപയായിരുന്നത് പക്ഷേ, പുതുക്കിയ ബജറ്റിൽ 380 കോടി രൂപയായി വെട്ടിക്കുറച്ചു. എന്തായാലും ഈ വർഷത്തെ വകയിരുത്തൽ 10,780 കോടി രൂപയായി വർധിപ്പിച്ചത് ഏകദേശം 18 ലക്ഷംപേർക്കേ മതിയാകൂ. നിലവിൽ 1,25,000 രജിസ്ട്രേഷനുകൾ മാത്രമാണുള്ളത്. 5 വർഷത്തിനുള്ളിൽ 1 കോടി ഇന്റേൺഷിപ്പാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നേടുകയാണെങ്കിൽ ഇന്റേൺഷിപ്പായി പ്രതിമാസം 5000 രൂപ മാത്രമേ നൽകാനാവൂ. തൊഴിൽ കിട്ടുമെന്നതിന് യാതൊരുറപ്പുമില്ല.
‘‘നിക്ഷേപ’’മെന്നതുകൊണ്ട് സൂചിപ്പിക്കുന്നത് ‘‘ജനങ്ങളിൽ നിക്ഷേപിക്കുക’’ എന്നൊക്കെയാണ് ഇക്കൂട്ടർ പറയുന്നത് എന്നതാണ് രസകരമായ കാര്യം; സക്ഷാം അംഗൻവാടിക്കും പോഷൺ 2നും വേണ്ടിയുള്ള ചെലവ് ‘അനുയോജ്യമാംവിധം ഉയർത്തും’ എന്നും പറയുന്നുണ്ട്! എന്നാൽ സാക്ഷാം അംഗൻവാടികൾക്കായുള്ള വകയിരുത്തലിൽ കാര്യമായ വർധനവൊന്നുമുണ്ടായിട്ടില്ല. 2024–25ലെ (ബജറ്റ് എസ്റ്റിമേറ്റ്) 21,200 കോടി രൂപയായിരുന്നത്. 2025–26ൽ (ബജറ്റ് എസ്റ്റിമേറ്റ്), 21,960 കോടി രൂപയായി നേരിയ തോതിൽ വർധിപ്പിച്ചു. രണ്ടുവർഷം മുൻപ് 2023–24ലെ യഥാർഥ ചെലവ് 21,810 കോടി രൂപയായിരുന്നു. ഈ ചെലവ് മാനദണ്ഡങ്ങളാകട്ടെ, 2018ൽ അപ്ഡേറ്റ് ചെയ്തിട്ടുമില്ല. എന്നു മാത്രവുമല്ല, പണപ്പെരുപ്പവുമായി ജീവിതച്ചെലവു സൂചികയെ തട്ടിച്ചുനോക്കുകയാണെങ്കിൽ ഉയർന്ന തുകയ്ക്കുള്ള ബജറ്റുകൾ വേണ്ടി വരും. ഓണറേറിയം വർധിപ്പിക്കുകയാണെങ്കിൽ കൂടുതൽ വകയിരുത്തൽ ആവശ്യമായി വരും.
‘‘സമ്പദ്-ഘടനയിലെ നിക്ഷേപം’’ പ്രധാനമായും ഊന്നൽ നൽകുന്നത് സ്വകാര്യ–പൊതുപങ്കാളിത്ത രീതിയിലുള്ള അടിസ്ഥാനസൗകര്യവികസന പദ്ധതികളിലാണ്. ഇത് പരീക്ഷിച്ചുനോക്കിയിട്ടുള്ളതാണെങ്കിലും ഡിമാൻഡ് വർധനവുണ്ടാക്കുന്നതിലോ തൊഴിൽ സൃഷ്ടിക്കുന്നതിലോ ഈ രീതി എന്തെങ്കിലും സംഭാവന നൽകിയതായി കാണുന്നില്ല.
ഡിമാൻഡ് പുനരുജ്ജീവിപ്പിക്കൽ?
മധ്യവർഗത്തിനുള്ള നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ വലിയ ആവേശമുണർത്തുമ്പോഴും ഓർമിക്കേണ്ട പ്രധാനപ്പെട്ട കാര്യം, ഇന്ത്യയിലെ ചെറിയൊരു വിഭാഗം ആളുകൾ മാത്രമേ വ്യക്തിഗത വരുമാന നികുതി നല്-കുന്നവരായുള്ളൂ എന്നതും ഈ നടപടി ഗ്രാമ–നഗര ഡിമാൻഡിനെ പുനരുജ്ജീവിപ്പിക്കാൻ പര്യാപ്തമല്ല എന്നതുമാണ്. കഴിഞ്ഞ ദശകത്തിൽ ഗ്രാമീണവേതനത്തിലുണ്ടായ സ‍്തംഭനാവസ്ഥയും നഗര ഉപഭോഗ ഡിമാൻഡുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ ആശങ്കകളും, അതോടൊപ്പം കാർഷികമേഖലയിലെ തൊഴിലവസരം ഉയരുമ്പോഴും തൊഴിൽ വിപണിയിൽ കാണപ്പെടുന്ന വിപരീതദിശയിലുള്ള ഘടനാപരമായ മാറ്റവും വ്യക്തമാക്കുന്നത്, ഗ്രാമീണമേഖലയിലേക്കും താഴ്-ന്ന വരുമാനക്കാർക്കിടയിലേക്കും കൂടുതൽ തുകയ്ക്കുള്ള വിഭവങ്ങൾ നിർബന്ധമായും നൽകേണ്ടത് അനിവാര്യമാണ് എന്നാണ്. ജനങ്ങളുടെ വരുമാനവും ഡിമാൻഡും വർധിപ്പിക്കാൻ ഒന്നും ചെയ്യുന്നില്ലായെങ്കിൽ സാമ്പത്തിക സർവെ പറയുന്നതുപോലെ, ലാഭം വർധിച്ചുവരുന്നുണ്ടെങ്കിലും,സ്വകാര്യനിക്ഷേപം വരുന്നില്ല എന്ന യാഥാർഥ്യത്തിൻമേൽ വിലപിക്കുന്നതിൽ അർഥമില്ല. അധികവരുമാനത്തിന്റെ സാധ്യതകളുള്ളപ്പോൾ മാത്രമേ നിക്ഷേപം വരികയുള്ളൂ. നിലവിൽ വ്യവസായമേഖല അത്ര ഉന്മേഷകരമല്ലെന്ന് വ്യക്തമാണ്.
അതിനാൽ ഈ ബജറ്റ്, വളർച്ചയിലും തുല്യതയിലും മാറ്റം വരുത്താനുദ്ദേശിച്ചുള്ളതാണെങ്കിൽ തീർച്ചയായും ഏതൊരാളും പ്രതീക്ഷിക്കുന്നത് തൊഴിലുറപ്പ് പദ്ധതിപോലുള്ള പദ്ധതികൾക്കായി വലിയ തോതിൽ ചെലവഴിക്കുകയെന്നതും അതോടൊപ്പം തൊഴിൽ ചെറുകിട പ്രൊജക്ടുകൾക്കായി പുതിയ പദ്ധതികൾ കൊണ്ടുവരികയും, ഒപ്പം തന്നെ സാമൂഹ്യമേഖലയിലെ ചെലവഴിക്കൽ വർധിപ്പിക്കുകയെന്നതുമാണ്. എന്തായാലും ഈ ഭൂരിഭാഗം പദ്ധതികൾക്കും വകുപ്പുകൾക്കും (വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷാ പെൻഷനുകൾ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി) ആയുള്ള ബജറ്റ് വകയിരുത്തൽ സ്തംഭനാവസ്ഥയിലോ നാമമാത്രമോ ആണ്. മൊത്തം ബജറ്റ് കണക്കും വ്യക്തമാക്കുന്നത് ഇതാണ്: നിലവിലെ സാമ്പത്തികസ്ഥിതി ആവശ്യപ്പെടുന്നത്, ഒരു വിപുലീകൃത ബജറ്റ് (Expansionary budget– രാഷ്ട്രീയ, സാമ്പത്തിക വികസനം ഉദ്ദേശിച്ചുള്ള ബജറ്റ്) ആണെങ്കിലും ആദായ നികുതി വരുമാനത്തിലെ പരിഷ്കരണങ്ങൾമൂലം ഒരു ലക്ഷം കോടി രൂപയുടെ മതിപ്പ് റവന്യു നഷ്ടം ഉണ്ടായിയെന്നത് പരിഗണിച്ചശേഷം പ്രതീക്ഷിത ധനക്കമ്മി 2024–25ലെ 4.8 ശതമാനത്തിൽനിന്നും 2024–26ൽ 4.4 ശതമാനമേ കുറഞ്ഞുള്ളൂ എന്നു നമുക്കു കാണാനാകും. ജിഡിപിക്ക് ആനുപാതികമായി മൊത്തം ചെലവ് 2024–25ൽ 14.6 ശതമാനമായിരുന്നത് 2025–26ൽ 14.2 ശതമാനമായി കുറഞ്ഞു; ഒപ്പം മൊത്തം ചെലവിൽ മൂലധനച്ചെലവ് വിഹിതം 27.9 ശതമാനത്തിൽനിന്നും 30.6 ശതമാനമായി വർധിച്ചു. വ്യക്തമായി പറഞ്ഞാൽ, ചെലവഴിക്കൽ വെട്ടിക്കുറച്ചു. ഈ വെട്ടിക്കുറയ്ക്കലുകൾ വീണ്ടും ലക്ഷ്യം വയ്ക്കുന്നത് സാമൂഹ്യമേഖലയെയാണ്. l