കേന്ദ്ര ബജറ്റ് അവതരണം സംബന്ധിച്ച് ഒട്ടു മിക്ക മാധ്യമങ്ങളിലും ഇടംനേടിയ വിഷയമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ എട്ടു വര്‍ഷത്തെ ബജറ്റ് അവതരണങ്ങളില്‍ തിളങ്ങിയ സാരികള്‍! ആദ്യ ബജറ്റ് വേളയിലെ മംഗള്‍ഗിരി മുതല്‍ എട്ടാം ബജറ്റ് വേളയിലെ മധുബനി വരെയുള്ള സാരികള്‍ ധരിക്കാനായി തെരഞ്ഞെടുത്തത് അത്യധികം ശ്രേഷ്ഠമായ ഒരു പ്രവൃത്തിയാണെന്നും ഓരോ സംസ്ഥാനങ്ങളിലെ തനത് സംസ്കാരങ്ങളോടുള്ള ധനമന്ത്രിയുടെയും മോദി സര്‍ക്കാരിന്റെയും ആദരവിനെയാണ് അത് പ്രതിഫലിപ്പിക്കുന്നത് എന്നും മറ്റുമുള്ള പ്രശംസകള്‍ മാധ്യമങ്ങള്‍ നിര്‍ലോഭം നല്‍കി. കൈത്തറിയുടെ മഹത്തരമായ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും നാടിന്റെ അഭിമാനം തന്നെയാണ്. എന്നാല്‍ ഓരോ ദിവസവും ഇല്ലായ്മകളുടെയും ദുരിതങ്ങളുടെയും കടുത്ത യാതനകളിലൂടെ കടന്നുപോകുന്ന , ഇന്ത്യയിലെ ജനസംഖ്യയുടെ നാല്‍പ്പത്തിയെട്ടു ശതമാനം വരുന്ന സ്ത്രീസമൂഹത്തിന് ഈ സാരീ പുരാണവുമായി എന്ത് ബന്ധമാണുള്ളത്! ഈ വര്‍ഷത്തെ ഉള്‍പ്പടെയുള്ള കഴിഞ്ഞ എട്ടു ബജറ്റിലൂടെയും ‘സ്ത്രീ ശാക്തീകരണം ‘ നാരീ ശക്തി’ തുടങ്ങിയ വാക്കുകള്‍ ഉപരിപ്ലവമായി ആവര്‍ത്തിക്കുകയല്ലാതെ സാധാരണ കുടുംബങ്ങളുടെ നട്ടെല്ലൊടിക്കുന്ന വര്‍ദ്ധിക്കുന്ന വിലക്കയറ്റം, രൂക്ഷമാകുന്ന തൊഴിലില്ലായ്മ, താങ്ങാനാകാത്ത ചികിത്സാച്ചെലവുകൾ, ഇതിലൂടെയെല്ലാം കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വവും ലിംഗാസമത്വവും തുടങ്ങിയ ഗൗരവമുള്ള പ്രശ്നങ്ങളെ കണ്ടതായി നടിക്കുന്നതേയില്ല.
നരേന്ദ്ര മോദി അധികാരമേറ്റ് രണ്ട് വർഷത്തിന് ശേഷം, 2016 ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ ഇന്ത്യ 144 രാജ്യങ്ങളിൽ 87-–ാം സ്ഥാനത്താണ്. 2024 ആയപ്പോഴേക്കും, സാമ്പത്തിക പങ്കാളിത്തത്തിന്റെയും അവസരത്തിന്റെയും, ആരോഗ്യത്തിന്റെയും അതിജീവനത്തിന്റെയും ഉപസൂചികകളിൽ ഏറ്റവും താഴെയുള്ള അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയുടെ റാങ്ക് 146 രാജ്യങ്ങളിൽ 129-–ാം സ്ഥാനത്തേക്ക് താഴ്ന്നു.
സർക്കാരിന്റെ ലക്ഷ്യം ‘എല്ലാവരുടെയും വികസനമാണ്’(സബ്കാ വികാസ്) എന്നും തങ്ങള്‍ കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു. എന്നാൽ ബജറ്റ് സൂക്ഷ്മമായി പരിശോധിച്ചാൽ ഇവ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങളാണെന്ന് മനസ്സിലാകും.മൊത്തം ബജറ്റ് ചെലവിന്റെ 8.8 ശതമാനവും ജിഡിപിയുടെ ഏകദേശം 1.61 ശതമാനവുമാണ് ജെൻഡർ ബജറ്റിന്റെ എസ്റ്റിമേറ്റ്. എന്നാൽ ജെൻഡർ ബജറ്റിന്റെ പാർട്ട് എ, അതായത് 100 ശതമാനം സ്ത്രീ കേന്ദ്രീകൃത പദ്ധതികൾക്കായി കണക്കാക്കിയ വിഹിതം ബജറ്റ് ചെലവിന്റെ ഏകദേശം 2 ശതമാനം മാത്രമാണ്. വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ബജറ്റ് മൊത്തം ബജറ്റ് ചെലവിന്റെ 0.53 ശതമാനം മാത്രമാണ്. പാർട്ട് എ പദ്ധതികളുടെ ഒരു പ്രധാന ഘടകം പ്രധാനമന്ത്രി ആവാസ് യോജനയാണ്, 2024-–25ല്‍ 59 ശതമാനമായിരുന്നു PMAY വിഹിതമെങ്കില്‍ 2025-–26 ലെ ബജറ്റ് എസ്റ്റിമേറ്റിന്റെ 74 ശതമാനം ഈ പാര്‍പ്പിട പദ്ധതിയാണ്. ഇതിനർത്ഥം സ്ത്രീകളുടെ ക്ഷേമത്തിനും വികസനത്തിനുമായുള്ള മറ്റ് നിരവധി പദ്ധതികൾക്ക് ഫണ്ടില്ല അല്ലെങ്കിൽ നിർത്തലാക്കിയിട്ടുണ്ട് എന്നാണ്. ജെന്‍ഡര്‍ ബജറ്റിന്റെ പാര്‍ട്ട് A യുടെ 74 ശതമാനം സാധാരണഗതിയില്‍ തന്നെ ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതിക്കായി മാറ്റിവെയ്ക്കുക എന്നത് ജെന്‍ഡര്‍ ബജറ്റ് എന്ന ആശയത്തെതന്നെ തെറ്റായി വ്യാഖ്യാനിക്കലാണ്. ഓരോ 29 മിനുട്ടിലും ഒരു സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെടുകയും ഓരോ 16 മിനുട്ടിലും ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തില്‍ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അതിജീവിതരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി ആവിഷ്കരിച്ച മിഷൻ സംബാൽ, സമർത്ഥ്യ എന്നീ പദ്ധതികള്‍ക്കുള്ള യഥാർത്ഥ ചെലവുകൾ ഏകദേശം 50 ശതമാനത്തോളം വെട്ടിക്കുറച്ചു എന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
ഇപ്പോഴും പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജനിക്കാന്‍ അവകാശം നിഷേധിക്കപ്പെടുന്ന പെണ്‍ഭ്രൂണഹത്യ തടയുന്നത് ലക്ഷ്യം വെച്ചുകൊണ്ട് 2015 ജനുവരി 22 ന് കൊട്ടിഘോഷിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ആരംഭിച്ചു. തുടക്കത്തിൽ 100 ജില്ലകൾക്കായി പദ്ധതിയിട്ടിരുന്ന ഇത് 2015-–16 ൽ 61 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു, പിന്നീട് രാജ്യത്തെ 640 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ലിംഗനിർണയം തടയുക, പെൺകുട്ടിയുടെ അതിജീവനം, വിദ്യാഭ്യാസം, ശാക്തീകരണം എന്നിവ അതിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണ സ്റ്റാന്റിംഗ് കമ്മിറ്റി വിമര്‍ശിച്ചത് ഈ പദ്ധതി ആരംഭിച്ച 2015 മുതല്‍ 2019 വരെയുള്ള ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണ കാലത്ത് പദ്ധതി വിഹിതത്തിന്റെ കേവലം 25ശതമാനം മാത്രമാണ് ചെലവഴിച്ചത് എന്നാണ്. അതിനേക്കാള്‍ ഗുരുതരം, ചെലവഴിച്ച തുകയുടെ 80 ശതമാനവും പ്രധാനമന്ത്രിയും സിനിമാതാരങ്ങളുമെല്ലാം അണിനിരന്ന പരസ്യങ്ങള്‍ക്കും മറ്റുമായിട്ടാണ് ഉപയോഗിച്ചത് എന്നതാണ്. ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ പദ്ധതിക്ക് 10 വര്‍ഷം കഴിയുമ്പോള്‍ മദ്ധ്യപ്രദേശ് ,ബീഹാര്‍, കര്‍ണാടക, ഒഡീഷ, ഛത്തീസ്ഢ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ശിശുലിംഗാനുപാതം താഴേക്കു പോവുകയും രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോഴും വലിയ പുരോഗതി ഇല്ലാതിരിക്കുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യം നിര്‍മ്മല സീതാരാമന്റെ ബജറ്റ് പരിഗണിക്കുന്നതേയില്ല!
ലോകത്ത് പോഷകാഹാരക്കുറവുകൊണ്ട് മരണമടയുന്ന കുഞ്ഞുങ്ങളുടെ 21 ശതമാനം ഇന്ത്യയിലാണെന്ന അപമാനകരമായ സാഹചര്യത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്. ഭക്ഷ്യ സബ്‌സിഡിയുടെ കൂടുതൽ വെട്ടിക്കുറവുകള്‍ വരുത്തുന്ന ബജറ്റ് വിശപ്പും പോഷകാഹാരക്കുറവും അഭിസംബോധന ചെയ്യുന്നില്ല. സാക്ഷാം അങ്കണവാടിയുടെയും പോഷൺ 2.0 യുടെയും പുതിയ ഘട്ടം ആരംഭിച്ചുകൊണ്ട് പോഷകാഹാര പ്രശ്നം പരിഹരിക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാല്‍ ഇതിനായുള്ള യഥാർത്ഥ വിഹിതത്തില്‍ കഴിഞ്ഞ വർഷത്തെ ബജറ്റിനേക്കാൾ 3 ശതമാനം മാത്രമാണ് വര്‍ദ്ധനവ്.ഇത് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ വളരെ കുറവാണ്. കഴിഞ്ഞ രണ്ട് വർഷമായി പദ്ധതി പ്രകാരം അനുവദിച്ച ഫണ്ട് അനുവദിച്ച വിഹിതത്തേക്കാൾ ഏകദേശം 30 ശതമാനം കുറവാണ്.ഇത്തരം പ്രഖ്യാപനങ്ങളുടെ ആത്മാര്‍ഥതയില്ലായ്മ പ്രകടമാക്കുന്നതാണ് ഈ കണക്കുകള്‍. 2023-–24 ലെ യഥാർത്ഥ ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭക്ഷ്യ സബ്സിഡിയുടെ വിഹിതം വാസ്തവത്തിൽ 8,394 കോടി രൂപ കുറവാണ്. ദരിദ്രരുടെ ഭക്ഷ്യ സുരക്ഷിതത്വവും പോഷകാഹാരക്കുറവുമൊക്കെ പരിഹരിക്കാനെന്ന് അവകാശപ്പെട്ടുകൊണ്ട് ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PM GKAY)യില്‍ കഴിഞ്ഞ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റുകളെ അപേക്ഷിച്ച് വിഹിതം 2250 കോടി രൂപയാണ് കുറച്ചിരിക്കുന്നത്. 7-8 ശതമാനം ഭക്ഷ്യ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ വര്‍ദ്ധിക്കാന്‍ പോകുന്ന പട്ടിണിയുടെ ആഘാതം ഊഹിക്കാനാകും.
പാചക വാതക സബ്സിഡിയില്‍ കഴിഞ്ഞ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിൽ നിന്ന് രണ്ടായിരം കോടി രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. എൽപിജി സബ്‌സിഡിയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ വർഷത്തെ ബജറ്റിന്റെ 33 ശതമാനം മാത്രമാണ് സർക്കാർ ചെലവഴിച്ചത്.ഏറ്റവും ദരിദ്രമായ കുടുംബങ്ങള്‍ക്കു പോലും പാചക വാതക സബ്സിഡി നിഷേധിക്കുകയും ചെലവില്‍ വന്ന കുറവിന്റെ മറവില്‍ സബ്സിഡി വിഹിതം വീണ്ടും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന വഞ്ചനയാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്.
സ്ത്രീകളും യുവാക്കളും നേരിടുന്ന തൊഴിൽ പ്രതിസന്ധി ഈ ബജറ്റിലും പരിഹരിക്കപ്പെട്ടിട്ടില്ല. മുൻ ബജറ്റുകളെപ്പോലെ, സ്വകാര്യ നിക്ഷേപങ്ങൾ നേടുന്നതിനുള്ള കൂടുതൽ പരിഷ്കാരങ്ങളും വായ്പാ പരിധി വർദ്ധനയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന തെറ്റിദ്ധാരണയിലാണ് സർക്കാർ ഇപ്പോഴും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 86,000 കോടി രൂപയിൽ തന്നെ തുടരുന്നു, 2023-–24 ലെ യഥാർത്ഥ ചെലവിനേക്കാൾ 3.7 ശതമാനം കുറവാണ്. എന്നു മാത്രമല്ല, 3000 കോടി രൂപയിലധികം വേതന കുടിശ്ശികയും വിഹിതത്തിൽ ഉൾപ്പെടുന്നു.അതിന്റെ അര്‍ഥം 2024-–25 വര്‍ഷത്തേക്കുള്ള പദ്ധതി വിഹിതത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നു എന്നതാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വലിയ പിന്തുണ നല്‍കിക്കൊണ്ട് തൊഴിൽ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പ്രസ്താവിക്കുകയും അവരുടെ വായ്പാ പരിധി വർദ്ധിപ്പിക്കുന്നതിന് നിയമങ്ങൾ പരിഷ്കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനുഭവത്തില്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി 48 ശതമാനം സൂക്ഷ്മതല വ്യവസായ സംരംഭങ്ങള്‍ ,അതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകള്‍ ആരംഭിച്ചവ, അടച്ചുപൂട്ടപ്പെടുകയാണ് ഉണ്ടായത്.എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ പരിശോധിച്ചു പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല എന്ന് ഈ ബജറ്റും കാണിക്കുന്നു. വീട്ടുജോലിക്കാർ, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയ അസംഘടിത മേഖലയിലും താഴ്ന്ന വരുമാനത്തിലും പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ സർക്കാർ പൂർണ്ണമായും അവഗണിച്ചു. ഇന്നും ദാരിദ്ര്യത്തിന്റെയും രോഗങ്ങളുടെയും സാമൂഹിക അവഗണനയുടെയും ആദ്യ ഇരകളായിട്ടുള്ള പട്ടിക ജാതി ജന വിഭാഗത്തിനും പട്ടിക വര്‍ഗ്ഗ ജനവിഭാഗത്തിനുമുളള പദ്ധതി വിഹിതത്തില്‍ 2024-–25 ൽ പട്ടികജാതിക്കാർക്ക് 27,000 കോടി രൂപയുടെ കുറവാണ് വരുത്തിയിട്ടുള്ളത്. പട്ടികവർഗക്കാർക്കുള്ള വിഹിതത്തിലാകട്ടെ 17,000 കോടി രൂപയുടെ കുറവാണ് ബജറ്റില്‍ വരുത്തിയത്.
പട്ടികജാതി, പട്ടികവർഗ, സ്ത്രീകൾ എന്നിവർക്കുള്ള ചെലവുകൾക്കായി ബജറ്റിൽ പ്രത്യേകം പ്രസ്താവനകളുണ്ട്. അവ മുഖവിലയ്‌ക്കെടുത്താൽ പോലും, ബജറ്റ് രേഖകൾ സർക്കാരിന്റെ കടുത്ത നിസ്സംഗത കാണിക്കുന്നു.
2025-–26 വർഷത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള മൊത്തം ചെലവിന്റെ യഥാക്രമം 3.4% ഉം 2.6% ഉം മാത്രമാണ് വകയിരുത്തിയിരിക്കുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതത്തില്‍ തുടര്‍ച്ചയായി വരുന്ന കുറവ് സ്ത്രീകൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് കാണിക്കുന്നത്. 2024-–25 ലെ കേന്ദ്രീകൃത പദ്ധതികളെക്കുറിച്ചുള്ള പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 18 ശതമാനം കുറവാണ്. കഴിഞ്ഞ വർഷം സർക്കാർ വകയിരുത്തിയ തുച്ഛമായ വിഹിതം പോലും ചെലവഴിച്ചിട്ടില്ല എന്നര്‍ത്ഥം. കേന്ദ്ര വിഹിതം കുറയുന്തോറും സംസ്ഥാനങ്ങളുടെ മേല്‍ ഈ പദ്ധതികള്‍ തുടര്‍ന്നുകൊണ്ടുപോകാനുള്ള ഭാരം വര്‍ധിപ്പിക്കുന്നു കേന്ദ്രാവിഷ‍്കൃത പദ്ധതികള്‍ മിക്കതും ഗ്രാമീണ മേഖലയില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സാധാരണ ജനങ്ങളുടെ ക്ഷേമവും തൊഴിലും ഒക്കെയായി ബന്ധപ്പെട്ടവയായിട്ടും അതില്‍ നിന്ന് പിന്മാറുകയെന്ന ജനദ്രോഹമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.
സ്ത്രീകളെ സാമ്പത്തികമായി സ്വാശ്രയരാക്കാന്‍ എന്ന വ്യാജേന വലിയ കടക്കെണിയിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് നിര്‍മ്മല സീതാരാമന്റെ ബജറ്റ് മുന്നോട്ടു വെയ്ക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾ സ്ത്രീകളുടെ ജീവിതത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കും. കാർഷിക മേഖലയിൽ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പാ പരിധി വർദ്ധിപ്പിക്കുമെന്ന് പറയുന്നു. ഉയർന്ന പലിശ നിരക്കിൽ വായ്പ നൽകുന്ന സ്വകാര്യ ബാങ്കുകൾ, എംഎഫ്‌ഐകൾ ( മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ എന്നിവയെയാണ് വനിതാ സ്വയം സഹായ സംഘങ്ങൾക്ക് മുഖ്യമായും ആശ്രയിക്കേണ്ടി വരിക. ഏകദേശം 60 ശതമാനം വായ്പയും നൽകുന്നത് ഇത്തരം സ്ഥാപനങ്ങളാണ് എന്ന് എല്ലാവർക്കും അറിയാം. ഇത് സ്ത്രീകളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലെക്കാണ് നയിക്കുക എന്ന് അനുഭവങ്ങള്‍ കാണിക്കുന്നു. ‘വികസിത് ഭാരത്’ ന്റെ ആറ് പ്രധാന വശങ്ങളിൽ ഒന്നായി, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ 70 ശതമാനം സ്ത്രീകളെയും പങ്കെടുപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന മഹാപ്രഖ്യാപനം ധനമന്ത്രി ബജറ്റില്‍ നടത്തി. എന്നാല്‍ മോദി സർക്കാർ 3 കോടിയിലധികം ജൻ ധൻ അക്കൗണ്ടുകൾ തുറക്കുകയും 2014-–2022 കാലയളവിൽ അക്കൗണ്ടുകളുള്ള സ്ത്രീകളുടെ ശതമാനം 43 ശതമാനത്തിൽ നിന്ന് 70 ശതമാനത്തിന് മുകളിലായി ഉയർന്നതായി അവകാശപ്പെടുകയും ചെയ്തപ്പോഴും ഗ്ലോബൽ ഫിൻഡക്സ് ഇൻഡക്സ് 2021 ചൂണ്ടിക്കാണിച്ചത് ഈ അക്കൗണ്ടുകളിൽ പലതിലും നിക്ഷേപമില്ലായിരുന്നു എന്നും സ്ത്രീകളുടെ അക്കൗണ്ടുകളിൽ കുറഞ്ഞത് 43 ശതമാനമെങ്കിലും നിഷ്‌ക്രിയമായിരുന്നു എന്നുമാണ്. മോദി സര്‍ക്കാരിന്റെ അവകാശവാദങ്ങളും യഥാര്‍ത്ഥ നയങ്ങളും പ്രവര്‍ത്തനങ്ങളും തമ്മില്‍ എത്രമാത്രം വൈരുദ്ധ്യമുണ്ടെന്നും അവ എത്രമാത്രം സ്ത്രീ വിരുദ്ധവും ജനവിരുദ്ധവും ആണെന്നും അടിവരയിടുന്ന രേഖയായി രാജ്യത്തിന്റെ വാര്‍ഷിക ബജറ്റ് അധ:പതിക്കുന്നു. ദൈനംദിന ജീവിതം അതിജീവനത്തിനായുള്ള നിലയ്ക്കാത്ത സമരമായി നേരിടേണ്ടി വരുന്ന ഇന്ത്യയിലെ ഒരു ശരാശരി സ്ത്രീയുടെ ദൈന്യതയെ മറയ്ക്കാന്‍ നിര്‍മ്മല സീതാരാമന്റെ സാരി മാഹാത്മ്യത്തിനു കഴിയില്ല. പകരം അവര്‍ക്ക് അന്നവും തൊഴിലും അന്തസ്സുള്ള ജീവിതവും നല്‍കണം. l