Tuesday, March 18, 2025

ad

Homeകവര്‍സ്റ്റോറിനികുതിയിളവുകൾക്കപ്പുറം 
കേന്ദ്ര ബജറ്റിന്റെ 
സൂക്ഷ്മവായന

നികുതിയിളവുകൾക്കപ്പുറം 
കേന്ദ്ര ബജറ്റിന്റെ 
സൂക്ഷ്മവായന

അമരേന്ദു നന്ദി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റ് സ്ഥൂല സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിലായിരുന്നു; ഉയർന്ന നികുതികളും തൊഴിലില്ലായ്മയും ഇടത്തരം വരുമാനക്കാരെ ഞെരുക്കുന്നു; സ്വകാര്യ നിക്ഷേപം എല്ലാ മേഖലകളെയും കീഴടക്കിയിരിക്കുന്നു; അതുമൂലം വർധിച്ചുവരുന്ന ബാഹ്യമായ പരാധീനതകൾ സാമ്പത്തികവളർച്ചയുടെ പാളം തെറ്റിക്കുന്നു. അതാണ് ഇന്നത്തെ അവസ്ഥ. കൃഷി, ഉൽപ്പാദനം, സൂക്ഷ്മ-– ഇടത്തരം ചെറുകിട സംരംഭങ്ങൾ, സാമൂഹികക്ഷേമം, പശ്ചാത്തലസൗകര്യം എന്നീ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന വികസിത ഭാരതിനായി ഒരു അതിമോഹ ബജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. ഈ ബജറ്റിന്റെ നയപ്രഖ്യാപനങ്ങളും ധനകാര്യ പദ്ധതികളും നാം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

ചോദ്യങ്ങൾ ഉയർത്തുന്ന ലക്ഷ്യങ്ങൾ
ഒന്നാമതായി 2026 സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 4.4 ശതമാനം എന്ന സാമ്പത്തിക ഏകീകരണ ലക്ഷ്യം ഈ ബജറ്റിന്റെ ഒരു പ്രധാന ഹെെലെെറ്റ് ആണ്. ഈ ലക്ഷ്യം കെെവരിക്കുന്നതിന്, മൊത്തം നികുതി വരുമാനത്തിന്റെ 11.2 ശതമാനം വളർച്ചയും 2025 സാമ്പത്തികവർഷത്തിലെ എസ്റ്റിമേറ്റുകളെ അപേക്ഷിച്ച് ആദായനികുതി വരുമാനത്തിൽ 14.4 ശതമാനം വർധനയും ഉൾപ്പെടെയുള്ള മോഹനമായ വരുമാന പ്രവചനങ്ങളെയാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഗണ്യമായ നികുതിയിളവുകളും ആഭ്യന്തര ഉപഭോഗത്തെ മയപ്പെടുത്തുന്നതും ബാഹ്യ ഡിമാൻഡിനെ ദുർബലപ്പെടുത്തുന്നതുമായ നിലവിലെ സാമ്പത്തികപ്രതികൂല കാലാവസ്ഥയും പരിഗണിക്കുമ്പോൾ ഈ പ്രവചനം അമിതമായ ശുഭാപ്തി വിശ്വാസത്തിൽ നിന്നുളവായതാണെന്നേ കരുതാനാവൂ. ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട രണ്ടാം ആസ്തി മോണിട്ടെെസേഷൻ പ്ലാനിന്റെ (2025–30) വിജയത്തെ ആശ്രയിച്ചിരിക്കും ഇതെല്ലാം. മുൻ അസറ്റ് മോണിട്ടെെസേഷൻ പ്രോഗ്രാമിന്റെ പരിതാപകരമായ പ്രകടനം കാര്യമായ ആശങ്കയുയർത്തുന്നതാണ്. എന്നു മാത്രമല്ല ബജറ്റിൽ ലക്ഷ്യമിട്ടിരിക്കുന്ന 11.54 ലക്ഷം കോടി രൂപയുടെ കമ്പോള വായ്പയെടുക്കുക എന്നത് നഷ്ടസാധ്യതയേറിയതാണ്; ക്രെഡിറ്റ് ഡിമാൻഡ് വർധിച്ചിരിക്കുന്ന ഒരു നിർണായക ഘട്ടത്തിൽ സ്വകാര്യ മൂലധനം പുറന്തള്ളപ്പെടാനുള്ള സാധ്യതയേറെയാണ്. അഭിലഷണീയമായ വരുമാനലക്ഷ്യം കെെവരിക്കുന്നതിന് മെച്ചപ്പെട്ട നികുതി വരുമാന വർധനവ്, കൂടുതൽ കാര്യക്ഷമമായ നികുതി ഭരണം, സാമ്പത്തിക ഏകീകരണപദ്ധതി ട്രാക്കിൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് യാഥാർഥ്യബോധത്തോടെയുള്ള അസറ്റ് മോണിട്ടെെസേഷൻ തന്ത്രങ്ങൾ എന്നിവ അനിവാര്യമാണ്.

രണ്ടാമതായി പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള വ്യക്തിഗത ആദായനികുതി നിരക്കുകളിലെയും സ്ലാബുകളിലെയും പരിഷ്കാരം, 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നൊഴിവാക്കൽ എന്നിവ ഇടത്തരക്കാർക്ക് ആശ്വാസം പകരുന്നുണ്ട്. എന്നിരുന്നാലും അതിൽ നിന്നുള്ള ഗവൺമെന്റിന്റെ വരുമാനനഷ്ടം ഒരു ലക്ഷം കോടി രൂപയോളം വരും. അത് നിർണായക വികസനപ്രവർത്തനങ്ങൾക്ക് ചെലവഴിക്കാനുള്ള ഗവൺമെന്റിന്റെ ശേഷിയെ പ്രതികൂലമായി ബാധിക്കും. വികസനപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും. ഗാർഹിക സമ്പാദ്യം കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഘടനാപരമായും കുറഞ്ഞുവരുമ്പോഴും നികുതി വരുമാനചോർച്ചയുണ്ടാകും. 2024–25 ലെ സാമ്പത്തിക സർവെ ചൂണ്ടിക്കാട്ടിയത് 2023 സാമ്പത്തികവർഷത്തിൽ ഗാർഹിക സമ്പാദ്യം മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 18.4 ശതമാനമായി കുറഞ്ഞു എന്നാണ്. ഈ നികുതി വെട്ടിക്കുറവുകളുടെ ദീർഘകാല സുസ്ഥിരതയെകുറിച്ച് ഇത് പ്രസക്തമായ നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്, പ്രതേ-്യകിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയുടെ മുന്നോട്ടുപോക്കിന് പശ്ചാത്തല സൗകര്യമേഖലയിലും സാമൂഹികക്ഷേമ മേഖലയിലും പൊതുനിക്ഷേപം നിർണായകമായ ഘട്ടത്തിൽ.

മൂന്നാമതായി, നിർമാണരംഗത്ത് ആഗോള ഉൽപ്പാദനശക്തിയായി ഉയർന്നുവരാനുള്ള ഇന്ത്യയുടെ അഭിലാഷം ഈ ബജറ്റ് ആവർത്തിക്കുന്നു. 2024–25 സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവെ ചൂണ്ടിക്കാട്ടിയത് നിർമാണരംഗത്ത് ഇന്ത്യയുടെ പ്രകടനം പരിതാപകരമായിരുന്നുവെന്നാണ്. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 17 ശതമാനം മാത്രമേ ഉൽപ്പാദനമേഖലയുടെ സംഭാവനയായുള്ളൂവെന്നാണ് സർവെ ചൂണ്ടിക്കാട്ടിയത്. ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഇൻസെന്റിവുകൾ (PLIS) ഇലക്ട്രോണിക്സ് പോലെയുള്ള ചില മേഖലകളിൽ നേരിയ വിജയം സൂചിപ്പിക്കുന്നുണ്ടെങ്കിലും അത് എത്രയായിരിക്കുമെന്നോ അതിന്റെ ദീർഘകാല സ്വാധീനം എന്തായിരിക്കുമെന്നോ ഉള്ള കാര്യം അനിശ്ചിതത്വത്തിൽ ആണ്.

എന്നിരുന്നാലും നിയന്ത്രണത്തിലെ കാര്യക്ഷമതയില്ലായ്മ, പശ്ചാത്തല സൗകര്യമേഖലയിലെ വിടവ്, കുറഞ്ഞ നവീകരണശേഷി എന്നിവ പോലുള്ള പ്രധാന മത്സരാധിഷ്ഠിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ നടപടികൾ അപര്യാപ്തമാണ്. വ്യാവസായിക ഗവേഷണവും വികസനവും ത്വരിതപ്പെടുത്തുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമുള്ള കൃത്യമായ നടപടികളുടെ അഭാവം– നിലവിൽ ജിഡിപിയുടെ 0.64 ശതമാനം മാത്രമാണ് അതിനായി നീക്കി വച്ചിരിക്കുന്നത്. ചെെനയും ജർമനിയും പോലുള്ള നൂതന സമ്പദ്-വ്യവസ്ഥകളുമായി മത്സരിക്കാനുള്ള ഇന്ത്യയുടെ ശേഷിയെ ദുർബലമാക്കുന്നു. ആഗോള മൽസര ക്ഷമത ഇന്ത്യയ്ക്ക് കെെവരിക്കുന്നതിന് ആഴത്തിലുള്ള ഘടനാപരമായ പരിഷ്കാരങ്ങളും, നവീകരണത്തിലും പശ്ചാത്തല സൗകര്യങ്ങളിലും സുസ്ഥിരമായ നിക്ഷേപവും ആവശ്യമാണ്. .

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × one =

Most Popular