Saturday, May 30, 2026

ad

Homeവിശകലനംവെെറ്റ് ഹൗസിൽ 
നവഫാസിസം

വെെറ്റ് ഹൗസിൽ 
നവഫാസിസം

ഫെഡറൽ ജീവനക്കാരുടെ ശമ്പളം ഒരു വർഷം ഒരു ഡോളറായി കുറയ്ക്കാൻ അനുമതി നൽകുന്ന, ഇപ്പോൾ വിസ്മൃതിയിലാണ്ട 1876ലെ ഒരു നിയമത്തെ അടുത്തയിടെ റിപ്പബ്ലിക്കൻ കോൺഗ്രസ്സംഗങ്ങൾ പുനരുജ്ജീവിപ്പിക്കുകയുണ്ടായി; സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്താനുള്ള ആയുധമായാണ് ഇപ്പോൾ അതെടുത്ത് വീശുന്നത്. അധികാര കെെമാറ്റവേളയിൽ, ട്രംപിന്റെ ടീം സൂചിപ്പിച്ചത്, ഒരുപക്ഷേ, കാലാവസ്ഥാ ഗവേഷണത്തിലേർപ്പെട്ടിട്ടുള്ള ലോകത്തിലെ തന്നെ മുൻനിര സ്ഥാപനമായ നാസയുടെ ഗൊദാർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സ്റ്റഡീസിനെ ബഹിരാകാശത്തെ നിഗൂഢതകളെക്കുറിച്ചുള്ള പഠനത്തിനായി മാറ്റുമെന്നാണ്. ഈ സാഹചര്യങ്ങളിൽ, സർക്കാർ ഏജൻസികളിൽ കാലാവസ്ഥാശാസ്ത്രം അക്ഷരാർഥത്തിൽ ഒഴിവാക്കപ്പെടുമെന്നതിൽ സംശയം വേണ്ട; അത് വെെറ്റ് ഹൗസ് മുന്നോട്ടുവയ്ക്കുന്ന അമേരിക്ക ഒന്നാമത് എന്ന തന്ത്രത്തിനു വിരുദ്ധമായതാണ്.

പരിസ്ഥിതിവാദത്തെ പ്രയോഗത്തിലാക്കാനുള്ള നിയമപരമായ എല്ലാ മാനദണ്ഡങ്ങളെയും മറികടക്കാൻ ട്രംപ് ഭരണം തയ്യാറെടുക്കുകയാണെന്ന് വ്യക്തമാണ്; ഇത് ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾക്കും നമ്മുടെ ഭൂഗോളത്തിന്റെ ആവശ്യങ്ങൾക്കും വിരുദ്ധമാണ്. ഡക്കോട്ട അക്സസ് പെെപ്പ്ലെെനിനെ സംബന്ധിച്ച് ‘‘അതിവേഗം അവലോകനം നടത്തി അംഗീകാരം നൽകുന്നതിനായി’’ ആർമി കോർപ്സ് ഓഫ് എഞ്ചിനിയേഴ്സിന് ഉത്തരവ് നൽകിയതായിരുന്നു ട്രംപ് അധികാരത്തിലെത്തി ആദ്യമെടുത്ത നടപടികളിലൊന്ന്. മുൻ തീരുമാനങ്ങളെയാകെ മാറ്റിമറിച്ചും പാരിസ്ഥിതിക താൽപര്യങ്ങളൊന്നും കണക്കിലെടുക്കാതെയും ജലസംരക്ഷണത്തിനായി തദ്ദേശീയ ജനത നടത്തിയ ഉശിരൻ പോരാട്ടങ്ങളെ അവഗണിച്ചും വടക്കൻ ഡക്കോട്ട സംസ്ഥാനത്തെ സ്റ്റാൻഡിങ് റോക്കിൽ മിസൗറി നദിയുടെ അടിത്തട്ട് ഖനനം ചെയ്യുന്ന പദ്ധതിയാണ് ഡക്കോട്ട അക്സസ് പെെപ്പ്ലെെൻ. ഇപ്പോൾ ഫെഡറൽ ഗവൺമെന്റുകൂടി, എല്ലാ എതിർപ്പുകളെയും അവഗണിച്ച് പെെപ്പ്ലെെൻ പദ്ധതിയുമായി മുന്നോട്ടുപോകാൻ തയ്യാറായി നിൽക്കുന്ന വടക്കൻ ഡക്കോട്ട സംസ്ഥാനത്തിനൊപ്പം ചേർന്നതോടെ പെെപ്പ്ലെെൻ പദ്ധതിയെ തടയാനുള്ള സമാധാനപരമായ ജനകീയ പ്രതിഷേധങ്ങളെ കടുത്ത ബലപ്രയോഗത്തിലൂടെയാകും നേരിടുകയെന്നതിൽ യാതൊരു സംശയത്തിനും അവകാശമില്ല. ട്രംപ് ഭരണത്തെ നിർവചിക്കാനുള്ള ‘‘മർദനോപകരണ’’ത്തെക്കുറിച്ച് കോർണൽ വെസ്റ്റ് പറഞ്ഞിട്ടുണ്ട്. ഹാർവാർഡിലെ ഡബ്ല്യുഇബി ഡുബോയ് ഇൻസ്റ്റിറ്റ്യൂട്ടിലെ തന്റെ ശ്രോതാക്കളോട് വെസ്റ്റ് പറഞ്ഞതിങ്ങനെയാണ്: ‘‘അതാണ് അതിന്റെ നവഫാസിസ്റ്റ് മാനം. അത് കേവലം മാധ്യമങ്ങൾക്കെതിരായ ആക്രമണം മാത്രമല്ല. അയാൾ നമ്മളിൽ ചിലരെയും പിടികൂടാനെത്തും. ഡുബോയിയെപോലെ, ഫ്രെഡറിക് ഡഗ്ലസിനെ പോലെ, നാനാനിറക്കാരായ പേരറിയാത്തവരും അജ്ഞാതരുമായ അനേകം സ്വാതന്ത്ര്യ സമര പോരാളികളെപ്പോലെ നാം പറയേണ്ടതുണ്ട്; നമുക്ക് ഉറച്ചു നിൽക്കാൻ കഴിയും… ഡൊണാൾഡ് ട്രംപിനെയും അയാളുടെ നവഫാസിസ്റ്റ് പദ്ധതിയെയും സാധാരണഗതിയിലുള്ള ഒന്നായി കാണാൻ ഞാൻ തയ്യാറല്ല’’. പുതിയ ഭരണം ഈ അടിച്ചമർത്തൽ അഴിച്ചുവിടുന്നത് എങ്ങനെയാണെന്നും അതിന് എന്തുമാത്രം വേഗതയുണ്ടെന്നും ഇപ്പോഴും വ്യക്തമല്ല; എന്നിരിക്കിലും, രേഖകളില്ലാതെ അമേരിക്കയിൽ കഴിയുന്ന കുടിയേറ്റക്കാരെ വൻതോതിൽ നാടുകടത്തുമെന്നതും (ഒബാമ ഭരണകാലത്തേതിനേക്കാൾ അത് വളരെ വലിയ തോതിലായിരിക്കും) യാതൊരു മറയുമില്ലാതെ വംശീയത നടപ്പാക്കുമെന്നതും ഇപ്പോൾ തന്നെ വ്യക്തമാണ്. വംശീയമായി വേർതിരിച്ച് ആളുകളെ കൂട്ടത്തോടെ തടവിലിടുന്ന ‘‘പുതിയ ജിം ക്രോ’’ സമ്പ്രദായത്തെ ട്രംപ് ഭരണം കൂടുതൽ ബലപ്പെടുത്തുമെന്ന കാര്യത്തിലും സംശയമില്ല. ഫെഡറൽ ഗവൺമെന്റിനുകീഴിലുള്ള ജയിലുകൾ ഇനിയും കൂടുതൽ സ്വകാര്യവൽക്കരിക്കേണ്ടത് ആവശ്യമാണെന്ന് ട്രംപ് ഊന്നിപ്പറയുന്നുണ്ട് – ഇതിനകംതന്നെ ഇക്കാര്യം നയമെന്ന നിലയിൽ അവതരിപ്പിച്ചിട്ടുമുണ്ട്. ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നതിനുമുൻപുതന്നെ 1,41,000 ത്തോളം ആളുകൾ ഒപ്പിട്ട ഒരു ഹർജി ഒബാമ ഭരണകാലത്ത് വെെറ്റ് ഹൗസിന് നൽകിയിട്ടുണ്ട് – ബ്രെയ്ത്ബാർട്ടിന്റെ ശക്തമായ പിന്തുണ ഈ നീക്കത്തിനുണ്ട്; ബ്ലാക് ലെെവ്സ് മാറ്റർ പ്രസ്ഥാനത്തെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ഇതിലെ ആവശ്യം. തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപുതന്നെ ട്രംപ‍് ബ്ലാക് ലെെവ്സ് മാറ്റർ രാജ്യത്തിന് ഒരു ‘‘ഭീഷണി’’യാണെന്ന് തറപ്പിച്ച് പറഞ്ഞിട്ടുണ്ട്; അമേരിക്കൻ അറ്റോർണി ജനറലിനോട് ഇക്കാര്യത്തിൽ ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നും ‘‘അത് തികച്ചും കൊള്ളരുതാത്ത കൂട്ടരായതുകൊണ്ട് അവരെ നിരീക്ഷിച്ചുകൊണ്ടാവണം തുടക്കമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു; ഇതിനർഥം വ്യാപകമായ സർവെെലൻസ് ആവശ്യമാണെന്നാണ്. രാജ്യത്തുടനീളം വംശീയാടിസ്ഥാനത്തിൽ ആളുകളെ അടയാളപ്പെടുത്തുന്നത് വ്യാപകമാക്കണമെന്നും അദ്ദേഹം ശക്തമായി പറഞ്ഞിട്ടുണ്ട്. ട്രംപ് ഭരണം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവിന്റെ കരട് ഇപ്പോൾ ചോർത്തപ്പെട്ട് ലഭ്യമായിട്ടുണ്ട്; വ്യക്തികൾക്കും സംഘടനകൾക്കും ഗർഭഛിദ്രം, ഗർഭനിരോധനം, സ്വവർഗ വിവാഹം, എൽജിബിടിക്യുപ്ലസ് വിഭാഗത്തിനുള്ള സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സേവന സാമഗ്രികൾ ലഭ്യമാക്കുന്നതിൽ വിവേചനം കാണിക്കുന്നതിന് നിയമപരമായി അനുമതി നൽകുന്ന ഫെഡറൽ നിയമങ്ങൾക്ക് ഇളവനുവദിക്കുന്നതിന് മതങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് നിർദിഷ്ട ഉത്തരവ്; ഒട്ടേറെ ഫെഡറൽ നിയമങ്ങൾ ലംഘിക്കുന്നതാണിത്. അമേരിക്കൻ സുപ്രീംകോടതിയിലേക്ക് ട്രംപിന്റെ പ്രതിനിധിയായി നിർദേശിക്കപ്പെട്ട നീൽ ഗോർഷ് (Neil Gorsuch), മതത്തിന്റെ പേരിൽ അടിച്ചമർത്തൽ നടപടികളെ ന്യായീകരിക്കുന്നതിന്റെയും കോർപറേഷനുകളുടെ നിയമലംഘനങ്ങൾ അനുവദിക്കുന്നതിന്റെയും ശക്തനായ വക്താവാണ്.

അതേസമയംതന്നെ തൊഴിലാളി യൂണിയനുകളെ, പ്രത്യേകിച്ച് പൊതുമേഖലാ യൂണിറ്റുകളെ കടന്നാക്രമിക്കുന്ന ഒരു നിയമം തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസ് ‘‘ജോലി ചെയ്യാനുള്ള അവകാശം’’ എന്ന ഒരു ദേശീയ നിയമം ചർച്ചയ്ക്കായി കൊണ്ടുവരികയാണ്; യൂണിയനുകൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ധനസഹായം നിഷേധിക്കലാണ് ലക്ഷ്യം; ഇതോടെ തൊഴിലാളികൾ യൂണിയനുകൾക്ക് ഫീസ് നൽകുന്നതിൽ നിന്ന് മുക്തമാക്കപ്പെടും; തൊഴിലാളികൾക്ക് യൂണിയനുകൾ നടത്തുന്ന വിലപേശലുകളുടെ നേട്ടം ലഭ്യമാക്കാനാണ് ഇതെന്ന വാദമാണ് ഉയർത്തുന്നത്; എന്നാൽ ഫലത്തിൽ ഇത് യൂണിയനുകളെ സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെടുത്തും. തൊഴിലിനുള്ള അവകാശം സംബന്ധിച്ച നിയമം ഇപ്പോൾതന്നെ ഇരുപത്തിയേഴ് സംസ്ഥാനങ്ങളിൽ നിലവിലുണ്ട്. യാഥാസ്ഥിതികർക്ക് അമേരിക്കൻ സുപ്രീംകോടതിയിൽ ഭൂരിപക്ഷം ലഭിക്കുന്നതോടെ, വരാനിരിക്കുന്ന കോടതി തീരുമാനങ്ങളിൽ ഇതേഫലംതന്നെ കൂടുതൽ വേഗതയിലുണ്ടാകും; യൂണിയനുകളുമായുണ്ടാക്കിയിട്ടുള്ള കരാർപ്രകാരം തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന് ഏജൻസി ഫീസ് ഈടാക്കി നൽകുന്ന നിലവിലുള്ള രീതി, പൊതുമേഖലാ യൂണിയനുകളെ സംബന്ധിച്ച് ഇതോടെ ഇല്ലാതാകും. ഇതുപോലെ തന്നെയാണ് അധ്യാപകസംഘടനകളെ തകർക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂൾ സ്വകാര്യവൽക്കരണം നടപ്പാക്കുന്നത്. ഇതിന്റെയെല്ലാം ആകെയുള്ള ലക്ഷ്യം നിയമപ്രകാരമല്ലെങ്കിലും ഫലത്തിൽ അമേരിക്കയിലെ തൊഴിലാളികൾക്ക് സംഘടിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കലാണ്. ലേബർ സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് ആദ്യം നിർദേശിച്ച പേര് ഫാസ്റ്റ്ഫുഡ് വ്യവസായരംഗത്തെ വൻപ്രമാണിയായ ആൻഡ്രു പസ്ഡറുടേതായത് (Andrew Puzder) തൊഴിലാളി യൂണിയനുകളെ തകർക്കുകയെന്ന ലക്ഷ്യം നടപ്പാക്കാൻ അനുയോജ്യനായ ആളെന്ന നിലയിലാണ്; പക്ഷേ ശക്തമായ ജനകീയ പ്രതിഷേധവും റിപ്പബ്ലക്കന്മാർക്കിടയിൽതന്നെ എതിർപ്പും ഉയർന്നതിനെ തുടർന്ന് ഈ നിയമന നീക്കത്തിൽ നിന്ന് പിന്തിരിയാൻ ട്രംപ് നിർബന്ധിതനായി. സികെഇ റെസ്റ്റോറന്റ്സ് എന്ന തന്റെ ഫാസ്റ്റ്ഫുഡ് സാമ്രാജ്യത്തിൽ ശമ്പളം, തൊഴിൽ സുരക്ഷ, ഓവർ ടെെം എന്നിവ സംബന്ധിച്ച നിയമങ്ങൾ സ്ഥിരമായി അവഗണിക്കുകയും ലംഘിക്കുകയും ചെയ്യുന്നയാളാണ് പസ്ഡർ.

വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് നിർദേശിച്ചിരിക്കുന്ന പേര് ശതകോടീശ്വരിയായ ബെറ്റ്സി ഡേവോസി (Betsy Devos) ന്റേതാണ്; പൊതുവിദ്യാഭ്യാസം സ്വകാര്യവൽക്കരിക്കുന്നതിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുകയാണവർ; അമേരിക്കയിലെ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വത്തിന്മേൽ നടക്കുന്ന കടന്നാക്രമണത്തിന്റെ പ്രതിനിധിയാണിവർ. അമേരിക്കയിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെയാകെ തകർക്കുകയെന്ന ലക്ഷ്യത്തോടെ ചാർട്ടർ സ്കൂളുകളെയും സ്കൂൾ വൗച്ചറുകളെയും ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഡേവോസി; അവരുടെ അഭിപ്രായത്തിൽ പൊതുവിദ്യാഭ്യാസം അതിന്റെ ‘‘അന്ത്യ’’ത്തിലെത്തിയിരിക്കുകയാണ്. ഫെഡറൽ ഗവൺമെന്റ് കെ –12 പൊതുവിദ്യാഭ്യാസത്തിന് താരതമേ-്യന വളരെ കുറച്ച് പണം മാത്രമേ നൽകുന്നുള്ളൂ; ഇതിന് പ്രധാനമായും പണം നൽകുന്നത് സംസ്ഥാന സർക്കാരുകളും പ്രാദേശിക സർക്കാരുകളുമാണ്. എന്തെങ്കിലും അവശതകളുള്ളവരും താഴ്ന്ന വരുമാനമുള്ള സമൂഹങ്ങളിൽനിന്നുള്ളവരുമായ വിദ്യാർഥികളെ സഹായിക്കുന്നതിനായി ഉഴിഞ്ഞുവെച്ചിട്ടുള്ളതാണ് കൂടുതൽ ഫെഡറൽ പണവും. എന്നാൽ സംസ്ഥാനങ്ങൾ 10,000 കോടി ഡോളറിലധികം തുക വൗച്ചറുകൾക്ക് ഫണ്ട് ചെയ്യാനായി കൊടുക്കണമെന്ന നിർദ്ദേശത്തിനൊപ്പം ട്രംപ് ദേശവ്യാപകമായി വൗച്ചറുകൾക്ക് ഫണ്ട് ചെയ്യാൻ 2000 കോടി ഡോളറാണ് നീക്കിവെച്ചത്; അത് പൊതുവിദ്യാഭ്യാസത്തിൽനിന്നു നേരിട്ടുതന്നെ എടുക്കുകയാണ്. അമേരിക്കയിലെ പൊതുവിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കുന്നതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനാണ് ട്രംപ് ഭരണം ഊന്നൽ നൽകുന്നത് എന്നതിന്റെ സൂചനയാണ് വിദ്യാഭ്യാസ സെക്രട്ടറിയായി ഡേവോസിയെ തെരഞ്ഞെടുത്തതിലൂടെ നൽകുന്നത്; ഇത് വിദ്യാഭ്യാസത്തിന്റെ ലഭ്യതയിൽ വലിയ തോതിലുള്ള അന്തരത്തിനിടയാക്കും; അതിനുപുറമെ അധ്യാപക സംഘടനകളെ തകർക്കുകയും അധ്യാപകരുടെ പ്രൊഫഷണലിസത്തെ ഇല്ലാതാക്കുകയും ചെയ്യും. എന്നാൽ ഡേവോസിന് അതിനപ്പുറമുള്ള ലക്ഷ്യങ്ങളുണ്ട്. സ്കൂളുകൾ സ്വകാര്യവൽക്കരിക്കുന്നതിൽ ‘‘നമ്മുടെ ലക്ഷ്യം ദെെവരാജ്യത്തിലേക്കുള്ള മുന്നേറ്റം തുടരുന്നതിനെ പലവിധത്തിൽ എതിർക്കുന്ന സംസ്കാരവുമായുള്ള ഏറ്റുമുട്ടലാണ്’’ എന്നാണ് അവർ പ്രസ്താവിച്ചത്.

സർവകലാശാലകളെ വരുതിയിലാക്കുന്നതിനുള്ള ട്രംപ് ഭരണത്തിന്റെ നീക്കം വ്യക്തമാക്കുന്നതാണ് ഫെബ്രുവരി ആദ്യം യുസി – ബെർക്ക്ലി കാംപസിലുണ്ടായ ഒരു കലാപത്തോടുള്ള പുതിയ പ്രസിഡന്റിന്റെ പ്രതികരണം; ബന്നന്റെ ഉറ്റ അനുയായിയായ, അന്ന് ബ്രെയ്ത്ബാർത്തിന്റെ സീനിയർ എഡിറ്ററായിരുന്ന മിലൊ യിയാനോ പൗലോസിന്റെ (Milo yianno poulose) ഒരു പ്രഭാഷണം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർ പൊലീസുമായി ഏറ്റുമുട്ടിയപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം; വെള്ള മേധാവിത്വപരവും സ്ത്രീവിരുദ്ധവുമായ വിദേ-്വഷ പ്രസംഗങ്ങളാലാണ് യിയാനോ പൗലോസ് അറിയപ്പെട്ടിരുന്നത്. യിയാനോ പൗലോസിന്റെ പ്രഭാഷണം റദ്ദാക്കപ്പെട്ടതിനെതുടർന്ന് ട്രംപ് ട്വീറ്റ് ചെയ്തത് ബെർക്ക്ലിക്ക് ഇനിമേൽ ഫെഡറൽ ഫണ്ട് ലഭിക്കില്ലെന്നാണ്. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ യൂണിവേഴ്സിറ്റികൾക്കുനേരെയുള്ള വലതുപക്ഷ ആക്രമണം വർധിച്ചിരിക്കുകയാണ്. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ‘ടേണിങ് പോയിന്റ് യുഎസ്എ’ എന്ന വലതുപക്ഷ എൻജിഒ പ്രഖ്യാപിച്ചത്, തങ്ങൾ പ്രൊഫസർമാരുടെ ഒരു ‘‘നിരീക്ഷണ ലിസ്റ്റ്’’ സൃഷ്ടിക്കുമെന്നാണ്; നിരീക്ഷിക്കപ്പെടേണ്ട അപകടകാരികളായ പുരോഗമനവാദികൾ എന്ന നിലയിൽ അമേരിക്കയിലെ ഇരുന്നൂറിലേറെ പ്രൊഫസർമാരെ (ഞാനും അതിലൊരാളാണ്) ആക്രമണ ലക്ഷ്യമാക്കുന്നതാണത്; സർവകലാശാലകളെ ഭീഷണിപ്പെടുത്തുകയെന്ന ലക്ഷ്യംവെച്ചുള്ള നീക്കമാണിത്.

തങ്ങളുടെ നവഫാസിസ്റ്റ് നയങ്ങൾക്കൊത്തവിധം നീങ്ങാൻ മുഖ്യധാരാ മാധ്യമങ്ങളെ നിർബന്ധിതരാക്കാനുള്ള അസാധാരണമായ ഒരു നീക്കമാണ് ട്രംപ് ഭരണത്തെ ഏറെ ശ്രദ്ധേയമാക്കുന്നത‍്. താൻ മാധ്യമങ്ങളുമായി ‘‘യുദ്ധ’’ത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ‘‘ഈ ഭൂമിയിലുള്ളതിൽ തീരെ വിശ്വസിക്കാൻ കൊള്ളാത്തവരാണ്’’ ജേണലിസ്റ്റുകളെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചത്. പ്രസിഡന്റായി ചുമതല ഏറ്റെടുത്ത് കഷ്ടിച്ച് ഒരു മാസത്തിനുള്ളിൽ ട്രംപ് ട്വീറ്റ് ചെയ്തത് മുഖ്യധാരാ മാധ്യമങ്ങൾ ‘‘അമേരിക്കൻ ജനതയുടെ ശത്രുക്കളാണെ’’ന്നാണ്; ന്യൂയോർക്ക് ടെെംസ്, എൻബിസി ന്യൂസ്, എബിസി, സിബിസി, സിഎൻഎൻ എന്നിവയെല്ലാം ‘‘വ്യാജ വാർത്തകൾ’’ നൽകുന്നവരാണെന്നാണ്. നിശ്ചയമായും എഡേ-്വർഡ് ഹെർമനും നോം ചോംസ്കിയും ‘‘പ്രചാരണ മാതൃക’’ എന്നു വിശേഷിപ്പിച്ച, മുഖ്യധാരാ മുതലാളിത്ത മാധ്യമങ്ങൾക്കെതിരായ യുക്തിക്കുനിരക്കുന്ന ആക്രമണങ്ങളല്ല ഇവ – അഥവാ ഇടതുപക്ഷ വിമർശനങ്ങളെ അരികുവൽക്കരിക്കുകയോ ഒഴിവാക്കുകയോ ചെയ്യവെ, മുതലാളിത്തത്തെയും അതിന്റെ അധികാരം കയ്യാളുന്ന പ്രമാണിവർഗത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി വാർത്തകളെ വ്യവസ്ഥാപിതമായി അരിച്ചെടുക്കുന്നവയല്ല. അവയെക്കാളെല്ലാമുപരി അധികാരത്തെയും പൗരാവകാശങ്ങളെയും വേർതിരിച്ചു കാണുന്നതിനെ പൊതുവിൽ പ്രതിരോധിക്കുന്ന മർഡോക്കിന്റേതല്ലാത്ത മുഖ്യധാരാ മാധ്യമങ്ങളെ ഇടിച്ചുകാണിക്കുകയാണ് ട്രംപ്. തിരഞ്ഞെടുപ്പിൽ തനിക്ക് പോപ്പുലർ വോട്ട് കുറഞ്ഞത് വോട്ടെടുപ്പിൽ കൃത്രിമം നടന്നതുമൂലമാണെന്ന ട്രംപിന്റെ അവകാശവാദത്തെ മാധ്യമങ്ങൾ ചോദ്യംചെയ്തതും മുസ്ലീങ്ങൾ ഏറെയുള്ള ഏഴ് രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ നിരോധിച്ചതിന് മാധ്യമങ്ങൾ നൽകിയ കവറേജും റഷ്യയുമായുള്ള പുതിയ സർക്കാരിന്റെ ബന്ധത്തെ മാധ്യമങ്ങൾ വിമർശിച്ചതുമെല്ലാം മുഖ്യധാരാ മാധ്യമങ്ങൾക്കെതിരെ ട്രംപ് തിരിഞ്ഞതിനു കാരണമായി.

ഗീബൽസിന്റേതുപോലുള്ള അടവുകൾ അപായകരമായവിധം പ്രകടിപ്പിച്ചുകൊണ്ട് ബന്നൻ ജനുവരിയിൽ ഒരു പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് ‘‘വായടയ്ക്കാൻ’’ പറയുകയും ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു: ‘‘ഇവിടെ ഇപ്പോൾ മാധ്യമങ്ങളാണ് പ്രതിപക്ഷമായിരിക്കുന്നത്… മാധ്യമങ്ങൾക്ക് തെല്ലുപോലും വിശ്വാസ്യതയില്ല; അവയ്ക്ക് തീരെ ബുദ്ധിയുമില്ല, അവ കഠിനാധ്വാനം ചെയ്യുന്നുമില്ല’’. അയാൾ അലറി. ‘‘നിങ്ങളാണ് പ്രതിപക്ഷ പാർട്ടി, ബ്രെയ്ത് ഡെമോക്രാറ്റുകളല്ല. നിങ്ങളാണ് പ്രതിപക്ഷ പാർട്ടി. മാധ്യമങ്ങളാണ് പ്രതിപക്ഷം’’. ബന്നനെ സംബന്ധിച്ചിടത്തോളം ഈ ‘‘പ്രതിപക്ഷ പാർട്ടി’’യെ പൂർണമായും വരുതിയിൽ കൊണ്ടുവരണം. ന്യൂയോർക്ക് ടെെംസ് പ്രസ്താവിച്ചതുപോലെ, മാധ്യമങ്ങൾ വായ്-മൂടിക്കെട്ടി ഒരു പ്രതികരണവും നടത്താതിരിക്കുന്നതിനായി അവയെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയുമാണ് ഇതിന്റെയൊക്കെ ലക്ഷ്യം.

ഗ്ലെയിസ്ഷെെറ്റങ്ങിന്റെ അസാധാരണമായ ഒരു ദൃഷ്ടാന്തമെന്ന നിലയിൽ ട്രംപിന് മേധാവിത്വമുള്ള റിപ്പബ്ലിക്കൻ പാർട്ടി ‘‘മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യതാ സർവെ’’ പ്രസിദ്ധീകരിച്ചു; വെല്ലുവിളികളും തെറ്റിദ്ധാരണാജനകമായ ‘‘വസ്തുത’’കളും പ്രത്യയശാസ്ത്രപരമായ അവതരണവുംകൊണ്ട് നിറഞ്ഞതായിരുന്നു അത്; പൊതുവെ ശാന്തവും സ്ഥിര സ്വഭാവവുമുള്ള നാഷണൽ പബ്ലിക് റേഡിയൊ ഇതിനെ വിശേഷിപ്പിച്ചത് ‘‘ആശ്ചര്യകരമായവിധം പക്ഷപാതപൂർണമാണെ’’ന്നാണ്. ഇതിനെത്തുടർന്ന് ന്യൂയോർക്ക് ടെെംസ്, സിഎൻഎൻ, പൊളിറ്റിക്കൊ, ബുസ്-ഫീഡ് തുടങ്ങിയ മാധ്യമങ്ങളെയാകെ വെെറ്റ് ഹൗസിൽ നടത്തുന്ന മാധ്യമ സമ്മേളനങ്ങളിൽനിന്ന് പൂർണമായും ഒഴിവാക്കുന്ന സ്ഥിതിയുണ്ടായി; ട്രംപ‍് ഭരണത്തെക്കുറിച്ച് അവ അനുകൂല റിപ്പോർട്ടുകൾ നൽകാത്തതുമൂലമാണ് ഈ ഒഴിവാക്കൽ (ഈ നടപടിയിൽ പ്രതിഷേധിച്ച് അസോസിയേറ്റഡ് പ്രസും ടെെമും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു). ബന്നന്റെ ഗ്ലെയിസ്ഷെെറ്റങ് തന്ത്രം ലക്ഷ്യമാക്കിയതും പരമ്പരാഗത വലതുപക്ഷത്തെത്തന്നെയായിരുന്നു. അങ്ങനെ 2016 ഡിസംബറിൽ ബന്നൻ പ്രഖ്യാപിച്ചു: ‘‘നാഷണൽ റിവ്യൂവും ദി വീക്ക്ലി സ്റ്റാൻഡാർഡും, രണ്ടും ഒരേപോലെ ഇടതുപക്ഷ മാഗസീനുകളാണ്; അവ രണ്ടിനെയും ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു’’.

പൊതുവായിട്ടുള്ള ഒരു പ്രത്യയശാസ്ത്ര കാംപെയ്ന്റെ ഭാഗമെന്ന നിലയിൽ മാധ്യമങ്ങൾക്കുനേരെയുള്ള ബന്നന്റെ ആക്രമണത്തിന് (ഫാസിസ്റ്റുകളുടെയും നവ ഫാസിസ്റ്റ് ‘‘തീവ്രവാദികളു’’ടെയും ദീർഘകാലമായുള്ള ഒരു ടെക്നിക്കാണിത്) ഇടതുപക്ഷത്തിന്റെ ഭാഷയാണ് കടമെടുത്തിട്ടുള്ളത് – ‘‘കോർപ്പറേറ്റ്, ആഗോളവൽകൃത മാധ്യമ’’ങ്ങളെ ശത്രുവായി വിശേഷിപ്പിക്കുന്നത് നോക്കുക. എന്നാലും നവഫാസിസത്തിന്റെ യഥാർഥത്തിലുള്ള പ്രത്യയശാസ്ത്രപരമായ ചാലകശക്തി ദേശീയവും വംശീയവുമായ ഒരു സംസ്കാരത്തിന്റെ പുനരുത്ഥാനം എന്ന തീവ്ര ദേശീയവാദപരമായ ഒന്നാണ്. അങ്ങനെയാണ് ബന്നൻ അമേരിക്കയെക്കുറിച്ച് എവോളെയെപോലെ അയാളുടെ പദപ്രയോഗങ്ങളിലൂടെ സംസാരിക്കുന്നത് – ‘‘സംസ്കാരമുള്ളൊരു രാഷ്ട്രമെന്നും അങ്ങനെയായിരിക്കുന്നതിൽ യുക്തിയുണ്ടെന്നും’’ മാണ് അമേരിക്കയെ വിശേഷിപ്പിക്കുന്നത്; അങ്ങനെ ‘‘പരമാധികാരം’’ സംബന്ധിച്ച വേറിട്ട ഒരു തത്വം സൃഷ്ടിക്കുകയുമാണ്. ദേശീയ ‘‘പരമാധികാര’’ത്തിന്റെ പുനഃസ്ഥാപനം എന്ന സങ്കൽപനമാണ് ബ്രെയ്ത്ബാർത്ത് മുന്നോട്ടുവയ്ക്കുന്ന തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പ്രധാന സംഘാടനാ തത്വമായി മാറിയത്; ട്രംപിന്റെ വെെറ്റ് ഹൗസ് മുന്നോട്ടുവയ്ക്കുന്ന കുടിയേറ്റവിരുദ്ധ നിലപാടിനെ ന്യായീകരിക്കാനാണ് ഇത് പ്രയോഗിക്കുന്നത്.

ട്രംപ് ഭരണത്തിന്റെ ശക്തിയുടെ ഒരു ഭാഗം സ്ഥിതിചെയ്യുന്നത്, പൊതുവെ അനുകൂലിച്ചു നിൽക്കുന്നതും പ്രത്യയശാസ്ത്രപരമായി വലതുപക്ഷത്തും നിൽക്കുന്നതുമായ റിപ്പബ്ലിക്കൻ മേധാവിത്വമുള്ള കോൺഗ്രസിലാണ്. എന്നാൽ, ഗ്ലെയിസ്ഷെെറ്റങ് റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വത്തിലേക്ക് കൂടി വ്യാപിപ്പിക്കുമ്പോൾ ആ പാർട്ടിയിലെ പ്രധാന വ്യക്തികളെയെല്ലാം വിരട്ടി വരുതിയിലാക്കുകയാണ്. ഇതിന്റെയൊരു സൂചനയാണ് ബന്നൻ ബ്രെയ്ത്-ബാർത്തിലെ ഹാണിനെ തന്റെ അസിസ്റ്റന്റായി നിയോഗിച്ചത്; പോൾ റിയാനെയും മറ്റു പ്രമുഖ റിപ്പബ്ലിക്കന്മാരെയും നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നതിലൂടെ ശ്രദ്ധയാകർഷിച്ച ഇവരെ തന്റെ അസിസ്റ്റന്റായി ബന്നൻ നിയോഗിച്ചത് റിപ്പബ്ലിക്കൻ നേതൃത്വത്തിനാകെ ഒരു താക്കീതാണ്; തങ്ങളുടെ താളത്തിനൊത്ത് തുള്ളാൻ അവർ വിസമ്മതിക്കുകയാണെങ്കിൽ അവരെ കാത്തിരിക്കുന്നതെന്തെന്ന ഓർമപ്പെടുത്തലാണത്. ‘‘അതിർത്തികൾ തുറന്നുകൊടുക്കണമെന്ന അയാളുടെ അജൻഡമൂലം തങ്ങളുടെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ഫോട്ടോകൾ അയാളെ കാണിക്കാൻ അവരുടെ അമ്മമാർ സങ്കടത്തോടെ ശ്രമിക്കവെ’’ റിയാൻ അവിടെനിന്ന് ഓടിയൊളിച്ചുവെന്ന് ആരോപിച്ചാണ് ഹാൺ ശ്രദ്ധ പിടിച്ചെടുത്തത്. റിയാൻ ശിങ്കിടി മുതലാളിത്തവുമായി ബന്ധമുള്ള ‘‘ആഗോളവൽക്കരണക്കാരൻ’’ ആണെന്ന് ഹാൺ റിയാനെക്കുറിച്ച് ആരോപണമുന്നയിച്ചു; ‘‘ഹിലരി ക്ലിന്റണെ തിരഞ്ഞെടുക്കുന്നതിനുള്ള മാസങ്ങൾ നീണ്ട പ്രചാരണത്തിന്റെ’’ ബുദ്ധികേന്ദ്രമായിരുന്നു അയാൾ എന്നും അവർ ആരോപിച്ചു. ഇവിടെ റിപ്പബ്ലിക്കൻ പാർട്ടിയെ ലക്ഷ്യംവെച്ചുള്ള ഗ്ലെയിസ്ഷെെറ്റങ് തന്ത്രം വളരെ വ്യക്തമാണ്. ‘‘പ്രതിനിധിസഭാംഗങ്ങളായ നിരവധി റിപ്പബ്ലിക്കന്മാർ വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞത് ഹാന്നിനെ തങ്ങൾക്കെതിരായി ഉപയോഗിക്കാനുള്ള ബന്നന്റെ പദ്ധതിയുടെ സാധ്യതയാണ് അവരെ ഉൾപ്പെടുത്തിയതിലൂടെ സൂചിപ്പിക്കുന്നത് എന്നാണ്; ട്രംപിന്റെ നിയമനിർമാണ സഭാ മുൻഗണനകൾക്കനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ നേതാക്കളെ ഒതുക്കുവാനായി അവരെക്കുറിച്ച് മോശപ്പെട്ട വിമർശനങ്ങൾ എഴുതുകയും ആവശ്യമെങ്കിൽ അണികളെ അവർക്കെതിരെ ഇളക്കിവിടുകയും ചെയ്യാനുള്ള സാധ്യതയും അത് സൂചിപ്പിക്കുന്നു’’. ഇത്തരത്തിൽ വലിയ തോതിൽ ഉത്ക്കണ്ഠപ്പെടുത്തുന്ന നവഫാസിസ്റ്റ് വെെറ്റ് ഹൗസ് ഉയർന്നുവരുന്നത് അമേരിക്കൻ പ്രസിഡന്റിന്റെ അധികാരം വളരെ വലുതായി ഉയർത്തുന്നതിനിടയാക്കും; തന്മൂലം അമേരിക്കൻ ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ള അധികാര വിഭജനമാകെ തകർക്കപ്പെടും. ഭരണഘടനപ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള കോൺഗ്രസിന്റെ അധികാരം ഇല്ലാതാക്കപ്പെട്ടതിനെക്കുറിച്ച് പരക്കെ അറിയാവുന്നതാണ്. സർവോപരി, ദേശാഭിമാന നിയമത്തെയും (Patriotic Act) മറ്റു നടപടികളെയും തുടർന്ന് എക്സിക്യൂട്ടീവ് വിഭാഗത്തിന്റെ അധികാരം ഈ നൂറ്റാണ്ടിൽ വളരെയേറെ വിപുലമായിക്കഴിഞ്ഞിട്ടുണ്ട്. 2011ലെ നാഷണൽ ഡിഫൻസ് ആതറൈസേഷൻ ആക്ടിൽ ഒപ്പിടുമ്പോഴുള്ള തന്റെ പ്രസ്താവനയിൽ ബരാക് ഒബാമ ഖണ്ഡിതമായി പറയുന്നത്. ‘‘അമേരിക്കൻ പൗരരെ യാതൊരു വിചാരണയും കൂടാതെ അനിശ്ചിതകാലത്തേക്ക് സെെനിക തടവിലിടാൻ’’ ഇപ്പോൾ എക്സിക്യൂട്ടീവ് വിഭാഗത്തിന് അധികാരമുണ്ട് എന്നാണ്. അങ്ങനെ ഭരണഘടനപ്രകാരം സ്ഥാപിതമായ വ്യക്തികളുടെ അവകാശങ്ങളും അവയ്ക്കുള്ള കോടതികളുടെ സംരക്ഷണവും നീക്കം ചെയ്യുകയാണ്. ഇതിന്റെ അർഥം ജുഡീഷ്യറിയുടെ അധികാരത്തിനെതിരെ പ്രസിഡന്റിന്റെ അധികാരം വലിയ തോതിൽ ഉയർത്തുന്നുവെന്നാണ്; ‘‘ദേശീയസുരക്ഷ’’യുടെ മേഖലകളിൽ ജുഡീഷ്യൽ അവലോകനത്തിനുള്ള അധികാരം ഇല്ലാതാക്കുന്ന പ്രക്രിയ തുടരുകയാണെന്നാണ്; അമേരിക്കൻ ഭരണഘടനപ്രകാരം ഓരോ വിഭാഗത്തിനും പ്രതേ-്യകമായി നൽകിയിട്ടുള്ള അധികാരം തകർക്കപ്പെടുകയാണ്. പ്രസിഡന്റിന് ഇത്തരത്തിൽ അധികാരം വർധിപ്പിച്ചു നൽകുന്നത് ഭരണകൂടം സേ-്വച്ഛാധിപത്യപരമായ ദിശയിലേക്ക് ചുവടുമാറ്റുന്നതിനുള്ള സാധ്യത സൃഷ്ടിക്കും; നിയമപ്രകാരം തന്നെ പ്രകടമായി അതിന് കഴിയും. അമേരിക്കൻ പൗരരെ വിചാരണ കൂടാതെ സെെനിക തടവിലിടുന്നതിനെ താൻ അംഗീകരിക്കുന്നില്ലെന്ന് 2011ൽ ഒബാമ സൂചിപ്പിക്കുന്നുണ്ടെങ്കിലും (അങ്ങനെ ചെയ്താൽ, ‘‘ഒരു രാഷ്ട്രമെന്ന നിലയിലുള്ള നമ്മുടെ പ്രധാനപ്പെട്ട പാരമ്പര്യങ്ങളുടെയും മൂല്യങ്ങളുടെയും ലംഘനമായിരിക്കുമത്’’ എന്നാണ് ഒബാമ പറഞ്ഞത്) അങ്ങനെ ചെയ്യാൻ ഭാവിയിൽ ഒരു പ്രസിഡന്റിനുള്ള നിയമപരമായ അധികാരത്തെ അദ്ദേഹം ചോദ്യം ചെയ്തില്ല; അഥവാ പൗരർക്കുള്ള ഭരണഘടനാപരമായ സംരക്ഷണം നിഷേധിക്കുന്ന ഈ നിയമത്തിനുള്ളിലെ വ്യവസ്ഥയ്ക്കെതിരെ നിലപാടെടുക്കാൻ അദ്ദേഹം തയ്യാറായില്ല. ഈ നിയമത്തിന്റെ വരവ് ഗവൺമെന്റിന്റെ എക്സിക്യുട്ടീവ് വിഭാഗം നടത്തിയ അക്ഷരാർഥത്തിലുള്ള ‘‘അട്ടിമറി’’യെന്നാണ് ബിൽ മൊയേഴ്സും (Bill Moyers), മെെക്കേൽ വിൻഷിപ്പും (Michael Winship) വിശേഷിപ്പിച്ചത്; ഈ മേഖലയിൽ വെെറ്റ് ഹൗസ് എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുമെന്ന യാതൊരുവിധ ഉറപ്പുമില്ല.

ട്രംപും അമേരിക്കൻ 
അധീശാധിപത്യത്തിന്റെ
തകർച്ചയും
‘‘അമേരിക്കയെ വീണ്ടും മഹത്തായ രാഷ്ട്രമാക്കും’’ (Make America Great Again) എന്ന ഉറപ്പു നൽകിയാണ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബന്നനും ബ്രെയ്ത്ബാർത്തും മുന്നോട്ടുവച്ച പ്രത്യയശാസ്ത്രപരമായ രൂപരേഖയെ പിൻപറ്റി അദ്ദേഹം വിരൽചൂണ്ടുന്നത്, നിലനിൽക്കുന്ന ചില യാഥാർഥ്യങ്ങളിലേക്കാണ് – സാമ്പത്തിക പ്രതിസന്ധി അഥവാ മന്ദഗതിയിലുള്ള വളർച്ച, ഉയർന്ന തൊഴിലില്ലായ്മ, തൊഴിലാളിവർഗത്തിന്റെ സാമ്പത്തിക സ്ഥിതിയിലുണ്ടാകുന്ന ഇടിവ്, ലോകത്ത് അമേരിക്ക മൊത്തത്തിൽ ദുർബലമാകുന്നത് ഇവയിലേക്കാണ് ട്രംപ് വിരൽചൂണ്ടിയത്. ഇവയെല്ലാം പരിഹരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ഉത്തരം സാമ്പത്തികവും സെെനികവുമായ ദേശീയതയാണ്; ‘‘ചതുപ്പു നിലത്തിലെ വെള്ളം വറ്റിയ്ക്കലാണ്’’ (ശിങ്കിടി മുതലാളിത്തത്തിന് അറുതി വരുത്തൽ); വലിയ സർക്കാരിനുനേരെയുള്ള ആക്രമണവും അതിലുൾപ്പെടുന്നു. ഇവയെയെല്ലാം സ്ത്രീവിരുദ്ധത, വംശീയത, വിദേശീയ വിദേ-്വഷം എന്നിവയുമായി കൂട്ടിക്കെട്ടുന്നു. സാമ്പത്തിക സ്തംഭനാവസ്ഥയ്ക്ക് അറുതിവരുത്തുമെന്നതാണ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്; വാർഷിക വളർച്ചാ നിരക്ക് 4 ശതമാനമാക്കുമെന്നാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വാഗ്ദാനം നൽകുന്നത്; അതേസമയം 2016ൽ ഇത് കേവലം 1.6 ശതമാനം മാത്രമാണ്. വൻതോതിലുള്ള പശ്ചാത്തലവികസന ചെലവഴിക്കലുകളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അമേരിക്കയ്ക്കനുകൂലമല്ലാത്ത വ്യാപാര കരാറുകൾ റദ്ദാക്കുമെന്നും നികുതികളും നിയമപരമായ നിയന്ത്രണങ്ങളും വെട്ടിക്കുറച്ച് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും സെെനിക ചെലവിൽ ഭീമമായ വർധനയുണ്ടാക്കുമെന്നുമെല്ലാമാണ് ട്രംപ് പ്രഖ്യാപിച്ചത്; അതേസമയംതന്നെ സാമൂഹ്യ സുരക്ഷയും മെഡികെയറും പോലെയുള്ള ആനുകൂല്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും പ്രഖ്യാപിച്ചു.

ആധിപത്യം പുലർത്തിയിരുന്ന നവലിബറൽ പ്രത്യയശാസ്ത്രം വർഷങ്ങളായി തങ്ങളെ അവഗണിക്കുകയായിരുന്നെന്ന തോന്നലിനെത്തുടർന്ന് വെള്ളക്കാരിൽ വലിയൊരു വിഭാഗമാണ് പ്രതേ-്യകിച്ച് വെള്ളക്കാരായ പുരുഷന്മാരാണ് (ജനസംഖ്യയിലെ താഴ്ന്ന ഇടത്തരം വർഗത്തിൽപ്പെട്ടവരോ താരതമേ-്യന മെച്ചപ്പെട്ട തൊഴിലാളിവർഗത്തിൽപ്പെട്ടവരോ ആണ് തങ്ങളെന്ന് കരുതുന്ന വിഭാഗം) ട്രംപിന്റെ സാമ്പത്തിക ദേശീയതയ്ക്കും നഗ്നമായ വംശീയതയ്ക്കും പിന്നിൽ അണിനിരക്കുന്നത്. എന്നാൽ ഇവരിൽ ചെറിയൊരു വിഭാഗത്തിനെങ്കിലും ഈ സങ്കൽപനം ശരിക്കും അനിവാര്യമാണോയെന്നതിനെക്കുറിച്ച് ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി നിർദ്ദേശിച്ച ഹിലരി ക്ലിന്റൺ (ഇവർ ശരിക്കും നവലിബറലിസത്തിന്റെ പ്രതിച്ഛായ തന്നെയാണ്; തൃണമൂലതല പിന്തുണയുള്ള സോഷ്യൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ബേണിസാൻഡേഴ്സാണ് നവലിബറലിസത്തിനെതിരായി നിലപാടെടുത്തത്) ട്രംപ് – ബ്രെയ്ത്ബായത്ത് തന്ത്രത്തിന്റെ കയ്യിൽ കളിക്കുകയായിരുന്നു.

ട്രംപ് തിരഞ്ഞെടുപ്പിൽ ശതകോടീശ്വരവർഗത്തിൽനിന്ന്, പ്രതേ-്യകിച്ചും ഫയറിനുള്ളിൽ (ഫിനാൻസ്, ഇൻഷ്വറൻസ്, റിയൽ എസ്റ്റേറ്റ് വിഭാഗം) നിന്നുള്ളവർക്കും ഉൗർജ മേഖലയിൽ നിന്നുള്ളവർക്കുമിടയിൽനിന്ന് ഗണ്യമായ പിന്തുണ നേടിയെടുത്തു. കോർപ്പറേറ്റ് നികുതികൾ വെട്ടിക്കുറയ്ക്കുമെന്നും പശ്ചാത്തല വികസനത്തിൽ ഏർപ്പെട്ടിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് ഫെഡറൽ ഗവൺമെന്റ് ധനസഹായം നൽകുമെന്നും സാമ്പത്തിക ദേശീയതയെ പ്രോത്സാഹിപ്പിക്കുമെന്നും ആ വിഭാഗം കരുതി; തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള വഴിയാകുമിതെന്നും അവർ കരുതി. തിരഞ്ഞെടുപ്പിനുശേഷം വാൾസ്ട്രീറ്റിന്റെ പിന്തുണ ആവേശമായി മാറി; ഓഹരി വിലകൾ കുതിച്ചുയരുന്നതിൽ ഇത് കാണാനാകും. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനും 2017 ഫെബ്രുവരി 24നുമിടയ്ക്ക് ഡൗവിന്റെയും നസ്ഡാക്കിന്റെയും വർധന 13 ശതമാനമാണ്; സ്റ്റാൻഡാർഡ് ആന്റ് പുവറിന്റെ വർധന 10 ശതമാനവും. ഈ ആവേശത്തിന്റെ പ്രധാന കാരണം നികുതി വെട്ടിക്കുറയ്ക്കുമെന്നും വൻതോതിലുള്ള നിയന്ത്രണങ്ങളില്ലാതാക്കൽ ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയാണ്. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫെെനാൻഷ്യൽ ടെെംസ് അഭിപ്രായപ്പെടുന്നത്, ഡൊണാൾഡ് ട്രംപ് ഒരു ശതമാനം പേർക്കായി നല്ലൊരവസരം സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ്. എന്നാൽ തൊഴിലെടുക്കുന്ന ജനവിഭാഗത്തിന്, തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ അദ്ദേഹം ആവർത്തിച്ച് വാഗ്ദാനം നൽകുന്ന പശ്ചാത്തല വികസനത്തിനായുള്ള നിക്ഷേപം ഉണ്ടാകണം. എന്നാൽ ഈ വാഗ്ദാനം പൊതുവെ വെറും തട്ടിപ്പായി അനുഭവപ്പെട്ടിരിക്കുകയാണ്.

രാജ്യത്തിന്റെ ഭൗതികമായ പശ്ചാത്തല സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി ഡോളർ വാഗ്ദാനം നൽകിയിട്ടുണ്ടെന്നത് ശരിയാണെങ്കിലും ഇതൊരിക്കലും ഫെഡറൽ ഗവൺമെന്റിന്റെ നേരിട്ടുള്ള ചെലവഴിക്കലിന്റെ രൂപം ലക്ഷ്യമാക്കിയുള്ളതല്ല. അതിലുപരി ട്രംപിന്റെ വാണിജ്യകാര്യ സെക്രട്ടറി വിൽബർ റോസ് ജൂനിയർ ശരിക്കും ചോദ്യം ചെയ്യപ്പെടാവുന്ന ഒരു റിപ്പോർട്ടിന്റെ രചയിതാവാണദ്ദേഹം; 13,700 കോടി ഡോളർ കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്നത് സ്വകാര്യ കമ്പനികൾക്ക് പത്ത് വർഷത്തിലേറെക്കാലം പശ്ചാത്തല വികസനത്തിനായുള്ള ചെലവഴിക്കൽ ഒരു ലക്ഷം കോടി ഡോളർ നൽകുന്നതിനാണ്. വിൽബർ റോസ് കണക്കുകൂട്ടിയതനുസരിച്ച് മൊത്തം പദ്ധതി പശ്ചാത്തല വികസനത്തിനായുള്ള സർക്കാർ ചെലവഴിക്കലിനെയല്ല ആശ്രയിച്ചിരിക്കുന്നത്, മറിച്ച് മൂലധനത്തിന് മൂലധനം മടക്കിനൽകുന്നതിനെയാണ്; സ്വകാര്യ കരാറുകാർക്ക് ഭീമമായ ലാഭം നൽകുന്നതാണിത്; അതിൽ അധികവും ഏതുവിധത്തിലെങ്കിലും നടപ്പാക്കപ്പെടുന്ന പ്രൊജക്ടുകൾക്ക് സബ്സിഡിയായി നൽകപ്പെടുന്നതാണ്.

ശിങ്കിടി മുതലാളിത്തത്തെ ചെറുക്കുമെന്നും ‘‘ചതുപ്പുകളെ ഈർപ്പമില്ലാത്തതാക്കു’’മെന്നും ട്രംപ് വാഗ്ദാനം നൽകുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കാബിനറ്റ് ശതകോടീശ്വരന്മാരെയും വാൾസ്ട്രീറ്റ് ഇൻസെെഡർമാരെയും കൊണ്ട് കുത്തിനിറച്ചിരിക്കുകയാണ്. ഇതിൽനിന്ന് വ്യക്തമാകുന്നത്, സർക്കാരിനെ തന്നെ കുത്തക ധനമൂലധന ലേലത്തിനെടുത്തിരിക്കുകയാണെന്നാണ്. വിൽബർ റോസിന് 290 കോടി ഡോളർ മൂല്യമുള്ള ആസ്തിയുണ്ട്; ഫോർബ്സ് മാഗസീൻ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്, ‘‘കഴുകൻ’’ എന്നും ‘‘പാപ്പരത്ത’’ത്തിന്റെ രാജാവെന്നുമാണ്. വാണിജ്യകാര്യ ഡെപ്യൂട്ടി സെക്രട്ടറി റ്റോഡ് റിക്കറ്റ്-സിന്റെ ആസ്തി 530 കോടി ഡോളറാണ്. വിദ്യാഭ്യാസ സെക്രട്ടറി ഡേവോസിന് 510 കോടി ഡോളറാണ് ആസ്തി; അതേസമയം അദ്ദേഹത്തിന്റെ സഹോദരൻ എറിക് പ്രിൻസിനെ ഇന്റർസെപ്റ്റ് മാഗസിൻ വിശേഷിപ്പിച്ചത് ‘‘അമേരിക്കയിലെ കുപ്രസിദ്ധനായ കൂലിപ്പട്ടാളക്കാരൻ’’ എന്നാണ്; അയാൾ ട്രംപിന്റെ ഉപദേഷ്ടാവും ആഗോളതലത്തിൽ തന്നെ വെറുക്കപ്പെടുന്ന സെക്യുരിറ്റി സ്ഥാപനമായ ബ്ലാക്-വാട്ടറിന്റെ സ്ഥാപകനുമാണ്. ട്രംപിന്റെ ട്രഷറി സെക്രട്ടറി സ്റ്റീവെൻ നുച്ചിൻ ശതകോടീശ്വരനായ ഒരു ഹെഡ്ജ് ഫണ്ട് നിക്ഷേപകനാണ്. പുതിയ വിദേശകാര്യ സെക്രട്ടറി ടെക്സ് ടില്ലേഴ്സൺ, എക്-സോൺ മൊബീലിന്റെ (EXONMOBIL) മുൻ സിഇഒ ആണ്. ട്രംപ് ആദ്യം നിർദ്ദേശിച്ച 17 കാബിനറ്റ് പേരുകാർക്കെല്ലാം കൂടി (അവരിലൊരാളാണ് പസ്-ഡെർ; എന്നാൽ അയാളെ പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ നിന്നൊഴിവാക്കാൻ ട്രംപ് നിർബന്ധിതനായി) യുള്ള മൊത്തം സ്വത്ത് രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു പേരുടേതിലും അധികമാണ്. ഇതിൽ ട്രംപിന്റെ സ്വത്ത് ഉൾപ്പെടുന്നില്ല; അത് 1000 കോടി ഡോളറാണെന്നത് പ്രസിദ്ധമാണ്. മുൻപൊരുകാലത്തും ഒരു അമേരിക്കൻ സർക്കാരിലും ഇത്രയ്ക്കും കൃത്യമായ ധനാധിപത്യം ഉണ്ടായിട്ടേയില്ല; അത്രയ്ക്കും കടുത്ത ശിങ്കിടി മുതലാളിത്തത്തിന്റെ ദൃഷ്ടാന്തമാണിത്.

ട്രംപിന്റെ നവഫാസിസ്റ്റ് തന്ത്രത്തിന് വഴിയൊരുക്കിയതും അതിനെ യുക്തിക്കു നിരക്കുന്നതാക്കിയതും അമേരിക്കൻ അർഥശാസ്ത്രത്തിലെയും സാമ്രാജ്യത്തിലെയും ആഴമേറി വരുന്ന ദീർഘകാല പ്രതിസന്ധിയാണ്; 2007–09 ലെ ധനപ്രതിസന്ധിക്കുശേഷം മൊത്തം ലോകമുതലാളിത്ത സമ്പദ്ഘടനയെയും ബാധിച്ച പ്രതിസന്ധിയാണ്. ഇത് ആ വ്യവസ്ഥിതിയെ തന്നെ സാമ്പത്തിക സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്; അതിൽനിന്നു പുറത്തുകടക്കാൻ വഴികാണാത്ത സ്ഥിതിയിലുമാണ്. കടബാധ്യതയുടെ വിപുലീകരണവും വിപണി കുമിളകളുംകൊണ്ട് സവിശേഷതയാർന്ന ധനവൽക്കരണ പ്രക്രിയ 1980കളിലും 1990കളിലും മൂലധനത്തിന്റെ അമിത സമാഹരണത്തിന്റെ ഫലമായുണ്ടായ കുഴപ്പത്തിൽനിന്നു പുറത്തുകടക്കാൻ സമ്പദ്ഘടനയെ സഹായിച്ചെങ്കിലും ഇന്നിത് ആവശ്യമായത്ര അളവിൽ ഉണ്ടാവില്ല.

2012ൽ 2009നും 2012നുമിടയ്ക്ക് മന്ത്-ലി റിവ്യൂവിൽ വന്ന ലേഖനങ്ങളെ അടിസ്ഥാനമാക്കി ഞാനും റോബർട്ട് ഡബ്ല്യു മക്ചെസ്-നിയും ചേർന്ന് ദ എൻഡ്ലെസ് ക്രൈസിസ് എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിന്റെ ആദ്യ ഖണ്ഡികയിൽ ഞങ്ങൾ ഇങ്ങനെയെഴുതി:

‘‘2007ൽ അമേരിക്കയിൽ വമ്പൻ സാമ്പത്തികപ്രതിസന്ധിയും മഹാമാന്ദ്യവും ഉയരുകയും വളരെ പെട്ടെന്നുതന്നെ അത് ലോകം മുഴുവനും പടർന്നുപിടിക്കുകയും, ലോക ചരിത്രത്തിലെതന്നെ വഴിത്തിരിവായി അത് അടയാളപ്പെടുത്തപ്പെടുകയും ചെയ്തു. തുടർന്ന് രണ്ട് വർഷത്തിനകത്ത് വീണ്ടെടുക്കലിന്റെ ഘട്ടമുണ്ടായി. എങ്കിലും, പ്രതിസന്ധിക്കുശേഷം അഞ്ചുവർഷം പിന്നിട്ടിട്ടും ലോക സമ്പദ്ഘടന ഇപ്പോഴും സ്തംഭനാവസ്ഥയിലാണ്. അമേരിക്കയും യൂറോപ്പും ജപ്പാനും മിതമായ വളർച്ചയുടെയും ഉയർന്ന തൊഴിലില്ലായ്മയുടെയും സാമ്പത്തിക അസ്ഥിരതയുടെയും പിടിയിലകപ്പെട്ടു; എല്ലാ കാലത്തും പുതിയ പുതിയ സാമ്പത്തികാഘാതങ്ങൾ ഉണ്ടാവുകയും അതിന്റെയെല്ലാം അനന്തരഫലം ആഗോളതലത്തിൽ പടരുകയും ചെയ്യുന്നു. ആഗോളതലത്തിൽ നോക്കുമ്പോൾ, ഉയർന്നുവരുന്ന ഒരുപിടി സമ്പദ്ഘടനകളുടെ, പ്രത്യേകിച്ചും ചെെനയുടെ തടുത്തുനിർത്താനാവാത്ത വ്യാപനമാണ് ലോക സമ്പദ്ഘടനയിലെ ഒരുജ്ജ്വല വെളിച്ചം. എന്നിട്ടും, ചെെനയിലെ തുടരുന്ന സുസ്ഥിരതയും ഇപ്പോൾ പ്രശ്നത്തിലാണ്. അതുകൊണ്ടുതന്നെ, കാര്യജ്ഞാനമുള്ള സാമ്പത്തിക നിരീക്ഷകർക്കിടയിൽ പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ളൊരു കാര്യം, ലോക മുതലാളിത്ത സമ്പദ്ഘടന ദീർഘകാല സാമ്പത്തിക സ്തംഭനത്തിന്റെ (വീണ്ടും വീണ്ടും നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തികമായ ഡീലിവറേജിങ് പദ്ധതിമൂലം ഇത് കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു) ഭീഷണി നേരിടുകയാണ്; ചിലപ്പോഴാക്കെ അതിനെ ‘‘നഷ്ടപ്പെട്ട ദശകങ്ങളു’’ടെ പ്രശ്നമെന്ന് വിശേഷിപ്പിക്കുന്നു. സാമ്പത്തികപ്രതിസന്ധിയെക്കാളും അഥവാ പിന്നോട്ടുപോക്കിനെക്കാളും ഇന്ന് ലോകമാസകലം ഒരു വലിയ പ്രശ്നമായി ഉയർന്നുവരുന്നത് മുതലാളിത്ത സമ്പദ്ഘടനയുടെ സ്തംഭനമെന്ന ഈ വിഷയമാണ്.

അഞ്ചുവർഷത്തിനുശേഷം, ഈ ‘‘വലിയ പ്രശ്നം’’ യാതൊരു കാരണവുമില്ലാതെതന്നെ മാഞ്ഞുപോയി. സാമ്പത്തിക സ്തംഭനം സമ്പദ്-വ്യവസ്ഥയിൽ സഹജമായി വരുന്നതാണ്. സ്തംഭനം സംബന്ധിച്ച തീസിസിനെ ചോദ്യംചെയ്തുകൊണ്ട് അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഫിനാൻഷ്യൽ ടെെംസ് വ്യക്തമാക്കിയത്, വികസിത സമ്പദ്ഘടനകളിലെ വളർച്ചയുടെ ഭൗതിക വേഗതാപരിധി ഇപ്പോഴും പിന്നിട്ട ദശകങ്ങളിലേതിനേക്കാൾ വളരെയധികം താഴെയാണ്.’’ 2010ൽ മഹാമാന്ദ്യം അവസാനിച്ചതിനുശേഷമിങ്ങോട്ട് കേവലം 2.1 ശതമാനത്തിന്റെ ശരാശരി വാർഷിക വളർച്ചമാത്രമാണ് അമേരിക്കൻ സമ്പദ്ഘടനയ്ക്കുണ്ടായിട്ടുള്ളത്. വളർച്ചാനിരക്ക് റെക്കോർഡുചെയ്യാൻ തുടങ്ങിയ 1930കളുടെ ആദ്യം മുതൽ, അതായത് മഹാമാന്ദ്യം അടക്കം ഉൾപ്പെടുന്ന കാലഘട്ടംമുതലിങ്ങോട്ട് ആദ്യമായി രാജ്യം വളർച്ച 3 ശതമാനത്തിൽ താഴെ നിൽക്കുന്ന ഒരു ദശകം പിന്നിട്ടിരിക്കുന്നു. എല്ലാവരുടെയും, പക്ഷേ മുകൾത്തട്ടിലുള്ള ഒരു ശതമാനത്തിന്റെയും വരുമാനത്തിലെ അധ്വാനവിഹിതം നാടകീയമായി ഇടിഞ്ഞു. സാധാരണമായി സമ്പദ്ഘടനയെ മുന്നോട്ടുകൊണ്ടുപോകുന്ന ശിഷ്ട നിക്ഷേപം നിശ്ചലവും ദീർഘകാല തകർച്ചയിലുമാണ്. സമ്പദ്ഘടന ബിസിനസ് സെെക്കിളിന്റെ കൊടുമുടിയിലെത്തിക്കൊണ്ടിരുന്നതിനാൽ 2017ന്റെ തുടക്കത്തിൽ തൊഴിലില്ലായ്മ നിരക്ക് പ്രത്യക്ഷത്തിൽ താഴ്-ന്നു നിന്നിരുന്നു; എന്നാൽ, ദശലക്ഷക്കണക്കിനാളുകൾ തൊഴിൽസേനയിൽനിന്നു വിട്ടുപോകുകയും പാർട്ട്–ടെെം ജോലികളിലും സുരക്ഷിതമല്ലാത്ത തൊഴിലുകളിലും വമ്പിച്ച വർധനവുണ്ടാകുകയും ചെയ്തതുകൊണ്ടാണ് തൊഴിലില്ലായ്മ നിരക്ക് ഏറെയും താഴ്ന്നുനിന്നത‍്. അതേസമയം സമൂഹത്തിൽ വരുമാനത്തിലെയും സമ്പത്തിലെയും അസമത്വം കുതിച്ചുയരുകയാണ്. ഇപ്പോൾ 12.6 ലക്ഷം കോടി ഡോളറിലെത്തിനിൽക്കുന്ന അമേരിക്കൻ കുടുംബങ്ങളുടെ മൊത്തം കടം ഈ ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. വൃദ്ധ ജനസംഖ്യ കണക്കിലെടുക്കുമ്പോഴും, 1965 മുതൽ അമേരിക്കയിൽ സ്വന്തമായി വീടുള്ളവരുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയിലാണ്.

ഈ അവസ്ഥകൾ അമേരിക്കയിൽ മാത്രം ചുരുങ്ങിനിൽക്കുന്നതല്ല. അതിസമ്പന്നരായ ജി 7 രാജ്യങ്ങളെ (കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക) ഒന്നിച്ചെടുത്താൽ, 2016ൽ 1.3 ശതമാനത്തിന്റെ ശരാശരി വളർച്ചാനിരക്കാണ് അവയെല്ലാം കൂടി കാണിക്കുന്നത്; മന്ദഗതിയിലുള്ള വളർച്ചയുടേതായ നീണ്ടകാലത്തെ മൂടിവയ്ക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദശകത്തിൽ യൂറോപ്യൻ യൂണിയന്റെ വളർച്ചാനിരക്ക് കേവലം 1.7 ശതമാനം മാത്രമാണ്; കഴിഞ്ഞ വർഷത്തെ വളർച്ചാനിരക്ക് 1.8 ശതമാനവും (ഈ കണക്കു വെച്ചുനോക്കുമ്പോൾ, 1929 മുതൽ 1939 വരെയുള്ള മാന്ദ്യത്തിന്റെ ദശകത്തിൽ അമേരിക്കൻ സമ്പദ്ഘടനയുടെ ശരാശരി വാർഷിക വളർച്ചാനിരക്ക് 1.3 ശതമാനമായിരുന്നു). l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 3 =

Most Popular