Wednesday, March 19, 2025

ad

Homeകവര്‍സ്റ്റോറികേരളത്തെ പൂർണമായും
അവഗണിച്ച 
ബജറ്റ്

കേരളത്തെ പൂർണമായും
അവഗണിച്ച 
ബജറ്റ്

പിണറായി വിജയൻ

കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്.

25 ലക്ഷം കോടി രൂപയോളം സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി രൂപ പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതങ്ങളും ഗ്രാന്റുകളും വായ്‌പകളും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതങ്ങളുമായി 25,01,284 കോടി രൂപ അടുത്ത സാമ്പത്തിക വർഷത്തേക്ക്‌ നീക്കിവച്ചിട്ടുണ്ടെന്നും അത്‌ 2023-–24 വർഷത്തെ വകയിരുത്തലിനേക്കാൾ 4,91,668 കോടി രൂപ അധികമാണെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ ആനുപാതിക വർധനയായി 14,258 കോടി രൂപ കേരളത്തിനു അധികം ലഭിക്കേണ്ടതാണ്. എന്നാൽ യഥാർഥ വർധന കഴിഞ്ഞ വർഷം ലഭിച്ചതിൽ നിന്നും 5000 കോടിയോളം രൂപ മാത്രമാണ്.

വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കൊന്നും സഹായമില്ല എന്നാണ് കേന്ദ്ര സർക്കാർ നിലപാട്. എന്നാല്‍, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല. റബ്ബര്‍,- നെല്ല്-, നാളികേര കൃഷികള്‍ക്ക് പരിഗണനയില്ല. അവയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരമില്ല. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കില്ല.

വയനാട്‌ ദുരിതാശ്വാസത്തിനായി 2000 കോടി രൂപയുടെയും വയനാട്‌ ഉൾപ്പടെയുള്ള ജില്ലകൾ നേരിടുന്ന വന്യജീവി പ്രശ്‌നം പരിഹരിക്കാൻ 1000 കോടി രൂപയുടെയും പാക്കേജുകൾ വേണമെന്ന കേരളത്തിന്റെ ആവശ്യങ്ങളോട് പരിപൂർണ്ണ നിസ്സംഗതയാണ് ബജറ്റിൽ പാലിച്ചത്. ദുരന്തബാധിതരുടെ കടബാധ്യതകൾ എഴുതിത്തള്ളണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക്‌ ആശ്വാസമേകുന്ന ഒരു പദ്ധതിയും ബജറ്റിലില്ല. വയനാടിനെക്കുറിച്ച് ഒരു പരാമർശം പോലുമുണ്ടായില്ല എന്നത് അങ്ങേയറ്റം ഖേദകരമായി.

എല്ലാ വിഭാഗം ജനങ്ങളെയും നിരാശപ്പെടുത്തുന്ന കേന്ദ്ര പൊതു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് മുന്നോട്ടു പോകാനും ജനക്ഷേേമം ഉറപ്പാക്കാനും സഹായകമായ ക്രിയാത്മകമായ യാതൊരു നീക്കവും ബജറ്റിൽ ഉണ്ടായിട്ടില്ല. സാമ്പത്തിക സർവേ 2024-–25 റിപ്പോർട്ട്‌ പ്രകാരം നടപ്പു സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ച നിരക്ക്‌ 6.4 ശതമാനത്തിലേക്ക് താഴുമെന്നു പറയുന്നു. അടുത്തവർഷവും കാര്യമായ പുരോഗതി വളർച്ച നിരക്കിൽ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നടപ്പുവർഷം മൂലധനച്ചെലവിൽ 12.3 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വർഷം 7.5 ശതമാനമായിരുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഈ വർഷം 8.4 ശതമാനമായി ഉയർന്നു. കയറ്റുമതി വളർച്ച വെറും 1.6 ശതമാനം മാത്രമാണെങ്കിൽ ഇറക്കുമതി വർധന 5.2 ശതമാനമാണ്.. ബാങ്ക്‌ വായ്‌പ വളർച്ച തോതും ഇടിയുകയാണ്. എന്നാൽ ഈ പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ വരുന്ന തെരഞ്ഞെടുപ്പുകൾ മാത്രം മുന്നിൽക്കണ്ട് തയ്യാറാക്കിയ രാജ്യതാല്പര്യങ്ങൾക്ക് വിരുദ്ധമായ ബജറ്റാണ് തയ്യാറാക്കപ്പെട്ടത്.

ഒ.ബി.സി, പട്ടികജാതി, -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കോ കര്‍ഷക-കര്‍ഷകത്തൊഴിലാളി മേഖലകള്‍ക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല. പട്ടികജാതി, പട്ടികവർഗ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പാക്കുന്ന പ്രത്യേക ഘടക പദ്ധതിയിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങിയതോടെ 16.8 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് ബജറ്റ് വിഹിതം 0.23 ശതമാനവും പട്ടികവർഗ വിഭാഗത്തിൽ 0.35 ശതമാനവുമായി ചുരുങ്ങി. പട്ടികവർഗ വിഭാഗങ്ങളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 100 കോടി രൂപയും ഫെലോഷിപ്പ് തുക 230 കോടി രൂപയും പൂർണമായും ഉപേക്ഷിച്ചു. പട്ടികജാതി കുട്ടികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പും മുൻവർഷത്തെ 6359 കോടി രൂപയിൽ നിന്നും 5900 കോടി രൂപയാക്കി ചുരുക്കി. പിഎം അജയ്‌ പദ്ധതിയിൽ 100 കോടി രൂപയുടെ കുറവാണ് വരുത്തിയത്.

കാര്‍ഷിക-വ്യവസായ രംഗങ്ങള്‍ക്കു വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാര്‍ഷിക മേഖലയിലെ നാനാതരം സബ്‌സിഡികള്‍ വെട്ടിക്കുറച്ചു.വളം സബ്‌സിഡിയിൽ 3400 കോടി രൂപ കുറഞ്ഞു. വിള ഇൻഷുറൻസിനും വകയിരുത്തലിൽ 3600 കോടി രൂപ കുറച്ചു. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ റദ്ദാക്കണമെന്നുള്ള ആവശ്യവും അസംഘടിത തൊഴിലാളികളുടെ സാർവ്വത്രിക സാമൂഹ്യസുരക്ഷാ ഫണ്ട് എന്ന ആവശ്യവും പരിഗണിക്കപ്പെടാതെ പോയി. തൊഴിൽ മേഖലയിലും തൊഴിലാളികളിലും കേന്ദ്ര ബജറ്റ് ആശങ്കകൾ ഉയർത്തുകയാണ്. തൊഴിലുറപ്പു പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കാശ്വാസകരമായിരുന്നു. അതിനുപോലും അര്‍ഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള വിഹിതം ഉയർത്താൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും കാരണം പ്രതിസന്ധിയിലാകുന്ന ഗ്രാമീണ മേഖലയെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്ന നിഷേധാത്മക നിലപാടാണിത്.

റെയിൽവേ വികസനത്തിൽ കേരളത്തോടുള്ള അവഗണന ഈ ബജറ്റിലും മാറ്റമില്ലാതെ തുടർന്നു. പുതിയ പദ്ധതികൾ കേരളത്തിനു നൽകാൻ റെയിൽവേ തയ്യാറാകുന്നില്ല. അതേ സമയം, പുതിയ പദ്ധതികളില്ലെന്ന ന്യായമുയർത്തി വികസനത്തിനായി തുച്ഛമായ തുക നീക്കിവയ്ക്കുകയും ചെയ്യുന്നു. ഡൽഹി, ഗോവ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് പട്ടികയിൽ കേരളത്തിനു പുറകിലുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറച്ചു വിഹിതം ലഭിച്ചത് കേരളത്തിനാണ്. മഹാരാഷ്ട്രയ്ക്ക് 23,778 കോടി രൂപയും, ഉത്തർപ്രദേശിനു 19,858 കോടി രൂപയും അനുവദിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ വിഹിതം വെറും 3042 കോടി രൂപയാണ്.

സംസ്ഥാനങ്ങളുടെ കടമെടുപ്പ്‌ പരിധി മൂന്നു ശതമാനത്തിൽത്തന്നെ നിലനിർത്തുമ്പോൾ കേന്ദ്ര സർക്കാരിന്റെ കടമെടുപ്പ്‌ 4.4 ശതമാനമായി ഉയർത്താനാണ് തീരുമാനം. കൊട്ടിഘോഷിക്കുന്ന പല പദ്ധതികളും കേരളത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായവയല്ല. ഇവിടെ സംസ്ഥാന സർക്കാർ ഇതിനകം നടപ്പാക്കി കഴിഞ്ഞ കാര്യങ്ങളാണ് പലതും. ഉദാഹരണമായി ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം കൊണ്ടുവരാനുള്ള കേന്ദ്രാവിഷ്കൃത പദ്ധതി എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് സൗകര്യമുള്ള കേരളത്തിൽ എന്തു പ്രയോജനം സൃഷ്ടിക്കാനാണ്? സംസ്ഥാനങ്ങൾക്ക് ആവശ്യമായ രീതിയിൽ മാറ്റം വരുത്തി ഉപയോഗിക്കാൻ സഹായകമായ മാനദണ്ഡങ്ങൾ ഇല്ലെങ്കിൽ ഈ വിഹിതങ്ങൾ ലഭിക്കാത്ത സ്ഥിതിയാണുണ്ടാവുക.

കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി കേന്ദ്ര പൊതുബജറ്റ്. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്‍ഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തെരഞ്ഞടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ ഇത് അട്ടിമറിക്കും. ആണവോർജ്ജമേഖലയുടെ സ്വകാര്യവൽക്കരണവും ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപവും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ പൊതു താല്പര്യങ്ങൾ ഹനിച്ച് വൻകിട കുത്തകകളെ പ്രീണിപ്പിക്കുന്ന നയത്തിന്റെ ഭാഗമാണ്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനം. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × two =

Most Popular