Friday, January 10, 2025

ad

Homeരാജ്യങ്ങളിലൂടെവിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിനുത്തരവാദി ഐഎംഎഫ്‌: പാകിസ്‌താനിലെ വിദ്യാർഥികൾ

വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിനുത്തരവാദി ഐഎംഎഫ്‌: പാകിസ്‌താനിലെ വിദ്യാർഥികൾ

ഷിഫ്‌ന ശരത്ത്‌

1984 മുതൽ നിലനിൽക്കുന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകൾക്കുള്ള വിലക്ക്‌ അവസാനിപ്പിക്കണമെന്ന്‌ പാകിസ്താനിലെ വിദ്യാർഥികൾ ആവശ്യമുയർത്തിയിരിക്കുന്നു; സർവകലാശാല ക്യാമ്പസുകളിലെ പട്ടാളവൽക്കരണത്തിന്‌ അറുതിവരുത്തണമെന്ന ആവശ്യവും വിദ്യാർഥികൾ ഉന്നയിച്ചിരിക്കുന്നു.

ഡിസംബർ 22ന്‌ ഇസ്ലാമാബാദിൽ പ്രോഗ്രസീവ്‌ സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ വിദ്യാർഥി പ്രക്ഷോഭപ്രഖ്യാപന സമ്മേളനമാണ്‌ ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചത്‌. ഇസ്ലാമാബാദിലെയും അയൽ പ്രദേശങ്ങളിലെയും നൂറുകണക്കിന്‌ വിദ്യാർഥികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും രാഷ്‌ട്രീയ സംവാദങ്ങളും വിപ്ലവഗാനാലാപനങ്ങളും കൊണ്ട്‌ സമ്മേളനം സജീവമായി. ബലൂചിസ്‌താനിലും ഖൈബർ പാക്‌തൂണിസ്ഥാനിലും മറ്റുമുള്ള വിദ്യാർഥിനേതാക്കളും ഈ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു.

കേവലം വിദ്യാർഥിപ്രശ്‌നങ്ങൾ മാത്രമല്ല, പങ്കെടുത്ത വിദ്യാർഥികളിൽ ഓരോരുത്തരുടെയും പ്രദേശങ്ങളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അതാതിടത്തെ രാഷ്‌ട്രീയപ്രശ്‌നങ്ങളും വിദ്യാർഥികൾ ഈ സമ്മേളനത്തിൽ ചർച്ചാവിഷയമാക്കി. പ്രധാനമായും രണ്ട്‌ പാനൽ ചർച്ചകളാണ്‌ സമ്മേളനത്തിന്റെ ഭാഗമായി നടന്നത്‌. ‘‘പാകിസ്‌താനിലെ വിദ്യാർഥികളെയും യുവജനങ്ങളെയും ബാധിച്ചിട്ടുള്ള വിദ്യാഭ്യാസ പ്രതിസന്ധി’’യാണ്‌ ഒരു വിഷയം. അസിം സജ്ജാദ്‌ അഖ്‌തറും എ എച്ച്‌ നയ്യാറും മൊഹ്‌സിൻ മുദാസറും ചർച്ച നയിച്ചു. ഐഎംഎഫിൽനിന്ന്‌ പാക്‌ സർക്കാർ വാങ്ങിയ വായ്‌പയുടെ നിബന്ധനകളായി ഐഎംഎഫ്‌ അടിച്ചേൽപ്പിച്ച ചെലവുചുരുക്കൽ പരിപാടിയാണ്‌ പാകിസ്‌താനിൽ വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിനിടയാക്കിയതെന്നും പൊതുവിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം എന്നിവയ്‌ക്കുള്ള ബജറ്റ്‌ വിലയിരുത്തൽ വെട്ടിക്കുറച്ചതെന്നും അവർ വിലയിരുത്തി. തന്മൂലം പാകിസ്താനിലെ 22 ദശലക്ഷം കുട്ടികൾക്കാണ്‌ സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്‌. മാത്രമല്ല, ചരിത്രത്തിൽ മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര വലിയ ഫീസ്‌ വർധനവും ഏർപ്പെടുത്തിയിരിക്കുകയാണ്‌. ഇതിനു പുറമേയാണ്‌ തൊഴിലില്ലായ്‌മ രൂക്ഷമാക്കുന്ന വിധത്തിലുള്ള സർക്കാർ നയങ്ങൾ. നിലവിലുള്ള തൊഴിലുകൾ പോലും ഇല്ലാതാക്കുന്നതാണ്‌ പാകിസ്താനിൽ മാറിമാറിവരുന്ന സർക്കാരുകളുടെ നയങ്ങൾ.

‘ഇപ്പോഴത്തെ സാന്പത്തിക‐രാഷ്‌ട്രീയ പ്രതിസന്ധിയിൽ വിദ്യാർഥി രാഷ്‌ട്രീയത്തിനു വഹിക്കാനുള്ള പങ്ക്‌’’ എന്നതാണ്‌ രണ്ടാമത്തെ വിഷയം. ഫാത്തിമ ഷഹ്‌സാദ്‌, വാജിദ്‌ ബലൂയ്‌ തുടങ്ങിയവരാണ്‌ ചർച്ച നയിച്ചത്‌. രാജ്യത്തെ വിദ്യാർഥിപ്രസ്ഥാനത്തിന്റെ ചരിത്രം, 1968ൽ അയൂബ്‌ ഖാന്റെ സ്വേച്ഛാധിപത്യ വാഴ്‌ചയ്‌ക്കെതിരായ സമരത്തിൽ വിദ്യാർഥിപ്രസ്ഥാനം വഹിച്ച പങ്ക്‌ എന്നിവയെല്ലാം ചർച്ചാവിഷയമായി. പ്രതികൂലമായ സാഹചര്യത്തിലും ശക്തമായി ഇടപെട്ടാണ്‌ പാക്‌ ചരിത്രത്തിൽ ആദ്യമായി 1970ലെ തിരഞ്ഞെടുപ്പിന്‌ വിദ്യാർഥി പ്രസ്ഥാനമുൾപ്പെടെ വഴിയൊരുക്കിയത്‌. എന്നാൽ 1984 ആയപ്പോൾ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുതന്നെ നിരോധിക്കുന്ന സ്ഥിതിയായി. രാജ്യത്ത്‌ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ ക്യാന്പസുകളിലെ ജനാധിപത്യത്തിന്‌ വലിയ പങ്കുവഹിക്കാനുണ്ട്‌ എന്നും സമ്മേളനം വിലയിരുത്തി. പാകിസ്താനിലെ ഏറ്റവും വലിയ പുരോഗമന വിദ്യാർഥിസംഘടനയാണ്‌ പ്രോഗ്രസീവ്‌ സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ. 2017ലാണ്‌ ഈ സംഘടന നിലവിൽ വന്നത്‌. ഇതിനകം ഇതിന്റെ നേതൃത്വത്തിൽ ക്യാന്പസ്‌ ജനാധിപത്യത്തിനായും സ്വകാര്യവൽക്കരണത്തിനെതിരെയും നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്‌. അടുത്തഘട്ട സമരത്തിനുള്ള ചുവടുവെയ്‌പാണ്‌ ഈ സമ്മേളനം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 − one =

Most Popular