സുഡാനിൽ കമ്യൂണിസ്റ്റ് മാധ്യമപ്രവർത്തകയായ ഹനാൻ ആദത്തെയും സഹോദരൻ യൂസഫ് ആദത്തെയും തെക്കൻ ജസീറയിലെ അൽ മദീന അറബ് പ്രദേശത്തുള്ള അവരുടെ വീടാക്രമിച്ച് ആർഎസ്എഫ് (Rapid Support Force) കൊലപ്പെടുത്തി. ജസീറ സംസ്ഥാനത്തെ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിലെ ജേണലിസ്റ്റ് ആയിരുന്നു ഹനാൻ. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ അൽ മൈതാനിലെ ലേഖികയുമായിരുന്നു അവർ. ഈ അറുംകൊലയിൽ സുഡാനിസ് ജേണലിസ്റ്റ് സിൻഡിക്കേറ്റ് അപലപിക്കുകയും മുഹമ്മദ് ഹംദാൻ ഡഗാലോയുടെ നേതൃത്വത്തിൽ ആർഎസ്എഫ് നടത്തുന്ന മാധ്യമപ്രവർത്തകർക്കുനേരെയുള്ള നിരന്തരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്ത് വർദ്ധിതമായ തോതിൽ ഉയരുന്ന അതിക്രമങ്ങൾ കുറയണമെങ്കിൽ വിവരവിനിമയവും ഇന്റർനെറ്റും പുനസ്ഥാപിക്കണമെന്നും സിൻഡിക്കേറ്റ് ആവശ്യപ്പെട്ടു. ഇരു സൈനിക വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ മറവിൽ രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും അതിക്രമങ്ങളും പുറത്തുകൊണ്ടുവരണമെങ്കിൽ ഇന്റർനെറ്റും വിവരവിനിമയവും പുനസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും സിൻഡിക്കേറ്റ് എടുത്തുപറഞ്ഞു.
സുഡാനിസ് ആർമ്ടഡ് ഫോഴ്സ്, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്നീ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള കടിപിടിയുടെ ഭാഗമായി ആഭ്യന്തര യുദ്ധം ശക്തമായിരിക്കുന്ന സുഡാനിൽ മാധ്യമപ്രവർത്തകർക്കുനേരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. ആഭ്യന്തര യുദ്ധം തുടങ്ങിയതിനുശേഷം ഏതാണ്ട് 500ലേറെ അതിക്രമങ്ങളാണ് മാധ്യമപ്രവർത്തകർക്കുനേരെ നടന്നിട്ടുള്ളത്. 2024 ഏപ്രിലിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇതുവരെ 14 ജേണലിസ്റ്റുകളാണ് സുഡാനിൽ കൊല്ലപ്പെട്ടത്. l