ജർമ്മനിയിൽ ഫോക്സ്വാഗൺ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികൾ ഡിസംബർ 9ന് തുടക്കമിട്ട ശക്തമായ പണിമുടക്ക് പ്രക്ഷോഭം വിജയം കണ്ടിരിക്കുന്നു. പത്തു ബില്യൺ യൂറോയിലധികം തുക ചെലവിൽ ചുരുക്കി നിലവിൽ കമ്പനി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ തീരുമാനിച്ച മാനേജ്‌മെന്റിന്റെ ചെലവുചുരുക്കൽ നടപടികൾ, അതായത് പ്ലാന്റുകൾ അടച്ചുപൂട്ടുക, തൊഴിലാളികളുടെ കൂലി കുറയ്ക്കുക, തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുക തുടങ്ങിയ നടപടികൾക്കെതിരായാണ് ഡിസംബർ 9ന് ജർമ്മനിയിലുടനീളം ഫോക്സ്‌വാഗൺ കമ്പനിയുടെ തൊഴിലാളികൾ പണിമുടക്കിയത്. യൂറോപ്പിലെ ഓട്ടോമോട്ടീവ് വ്യവസായ രംഗത്തുടനീളം ബാധിച്ചിട്ടുള്ള തകർച്ചയ്ക്ക് ഫോക്സ്വാഗൺ മാനേജ്മെന്റ് കണ്ട പരിഹാരം അതിന്റെ ഭാരം മുഴുവനും തൊഴിലാളികളുടെ തലയിൽ കെട്ടിവയ്ക്കുക എന്നതാണ്. വൈദ്യുത വാഹനങ്ങൾ കൂടുതൽ പ്രചാരത്തിൽ ആയിക്കൊണ്ടിരിക്കുന്നതും താങ്ങാനാകുന്ന വിലയ്‌ക്ക് ചൈന അവ ഇറക്കുമതി ചെയ്യുന്നതും ഫോക്‌സ്‌വാഗൺ കമ്പനിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. നഷ്ടത്തിന്റെയും മുന്നോട്ടുപോക്കിന്റെയും ഭാരം തൊഴിലാളികളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള മാനേജ്മെന്റ് തീരുമാനത്തെയാണ് പതിനായിരക്കണക്കിന് തൊഴിലാളികൾ കൂട്ടായി അണിനിരന്നുകൊണ്ട് തകർത്തെറിഞ്ഞത്. 10000 തൊഴിലാളികളാണ് വിവിധ കേന്ദ്രങ്ങളിലായി പണിമുടക്കിൽ അണിനിരന്നതെന്ന് യൂണിയൻ ഭാരവാഹികൾ പറയുന്നു.
ഒടുവിൽ ഡിസംബർ 16, 17 തീയതികളിലായി നടന്ന മാരത്തോൺ ചർച്ചയുടെ അവസാനം, തൊഴിലാളികൾ ഉയർത്തിയ ഡിമാന്റുകൾ കമ്പനിക്ക് അംഗീകരിക്കേണ്ടതായി വന്നു. തൊഴിൽ സുരക്ഷ ഉറപ്പാക്കുമെന്നും പ്ലാന്റുകളുടെ പ്രവർത്തനം സംരക്ഷിക്കുമെന്നും ദീർഘകാല വിലപേശൽ കരാറുകൾ ഉറപ്പാക്കുമെന്നും മാനേജ്‌മെന്റ് തൊഴിലാളികൾക്ക് ഉറപ്പുനൽകി. അതേസമയം തങ്ങൾ അധ്വാനിക്കുന്ന ഫോക്സ്വാഗൺ കമ്പനിക്ക് ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് തൊഴിലാളികൾ അവരുടെ ഭാഗത്തുനിന്നും സാധ്യമായത് ചെയ്യാൻ തയ്യാറാവുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ കമ്പനി നേരിടുന്ന പ്രതിസന്ധിക്ക് കാരണം മാനേജ്മെന്റും ഗവൺമെന്റും ആണെന്ന് ട്രേഡ് യൂണിയനുകൾ വ്യക്തമായി പറഞ്ഞുവെക്കുന്നുണ്ട്. വൈദ്യുതി വാഹനങ്ങളുടെ ഉൽപാദനം വേണ്ട സമയത്ത് വ്യാപിപ്പിക്കുവാൻ ഫോക്സ്വാഗൻ കമ്പനി നേതൃത്വം തയ്യാറാകാതിരുന്നതും, വർദ്ധിച്ചുവരുന്ന ഊർജ്ജചെലവുപ്രശ്നത്തെ അഭിമുഖീകരിക്കാൻ ഫെഡറൽ ഗവൺമെൻറ് തയ്യാറാകാതിരുന്നതുമാണ് ഈ പ്രതിസന്ധിക്ക് കാരണം. എന്തായാലും, തിരിച്ചടിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും ഭാരം തൊഴിലാളികളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള കമ്പനിയുടെ ന്യായീകരിക്കാനാകാത്ത നീക്കത്തെയാണ് പണിമുടക്കിലൂടെ തൊഴിലാളികൾ സംഘടിതമായി പരാജയപ്പെടുത്തിയത്. l