Thursday, December 5, 2024

ad

Homeകവര്‍സ്റ്റോറിമറയ്ക്കപ്പെടുന്ന രാജ്യനീതി

മറയ്ക്കപ്പെടുന്ന രാജ്യനീതി

യനാട്ടിൽ ജൂലായ് മുപ്പതിന് പ്രകൃതിയുടെ അസാധാരണപ്രഹരത്തിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ പുനരധിവാസത്തിനും പുനർനിർമാണത്തിനും കേന്ദ്രസർക്കാരിന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷ മങ്ങുകയാണ്. ചട്ടങ്ങളുടെയും വ്യവസ്ഥകളുടെയും മറപറ്റി സഹായം നിഷേധിക്കുന്ന സമീപനം കേന്ദ്രം തുടരുന്നതാണു കാണുന്നത്. വയനാട് ഉരുൾപൊട്ടലിനെ ദേശീയദുരന്തമായും അതിതീവ്രദുരന്തമായും പ്രഖ്യാപിച്ച് തദനുസൃതമായ സഹായം നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. പ്രത്യേകസഹായമായി 1500 കോടി രൂപയോളമാണു നാം ചോദിച്ചത്. ഓഗസ്റ്റ് പത്തിന് ദുരന്തമേഖല സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുൻപിൽ നേരിട്ടും ആവശ്യങ്ങൾ ബോധിപ്പിച്ചു. ‘‘നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. കേന്ദ്രത്തിൽനിന്നു കിട്ടേണ്ട എല്ലാ സഹായവും കിട്ടും’’ എന്ന് അദ്ദേഹം ഉറപ്പുനൽകിയതുമാണ്. എന്നാൽ, ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്ന വാദമുന്നയിച്ചും കൈമാറിയ ചെറിയ തുകയുടെ കണക്കുപറഞ്ഞും കേരളത്തെ തോൽപ്പിക്കുകയാണ് കേന്ദ്രസർക്കാർ.

ദേശീയ, സംസ്ഥാന ദുരന്തനിവാരണഫണ്ടുകളുടെ ചട്ടമനുസരിച്ച്, ഒരു വിപത്തിനെയും ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നാണ് ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേകപ്രതിനിധിയായ കെ.വി. തോമസിനുനൽകിയ കത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചിരിക്കുന്നത്. പ്രളയം, ഉരുൾപൊട്ടൽ അടക്കം പന്ത്രണ്ടു ദുരന്തങ്ങളുടെ കാര്യത്തിൽ ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനാണെന്നും കൈമലർത്തുന്നു. ഇവയുടെ കാര്യത്തിൽ ദുരിതാശ്വാസം സംസ്ഥാന ദുരന്തനിവാരണഫണ്ടി(എസ്-.ഡി.ആർ.എഫ്.)ൽനിന്ന് സംസ്ഥാനസർക്കാർ നൽകണമത്രേ. ദുരിതാശ്വാസത്തിനുവേണ്ടതായ തുക എസ്.ഡി.ആർ.എഫിൽ ഉണ്ടെന്നും മന്ത്രി കത്തിൽ അവകാശപ്പെടുന്നു. മന്ത്രി പറയുന്ന കണക്ക് ഇതാണ്: 2024-–25 വർഷത്തേക്കായി കേരളത്തിന്റെ എസ്.ഡി.ആർ.എഫിലേക്ക് 388 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 291.2 കോടി രൂപ കേന്ദ്രവിഹിതവും 96.8 കോടി സംസ്ഥാനവിഹിതവുമാണ്. കഴിഞ്ഞ ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് 394.99 കോടി രൂപ കേരളത്തിന്റെ എസ്.ഡി.ആർ.എഫിൽ ഉണ്ടായിരുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് ഉദ്ധരിച്ചും മന്ത്രി വാദിക്കുന്നു.

ഇപ്പറയുന്ന പണമുപയോഗിച്ച് കേരളസർക്കാരിന് മുണ്ടക്കൈ ചൂരൽമല ദുരിതാശ്വാസം നടത്താമല്ലോ എന്നാണു മന്ത്രിയുടെ വാദം. ഈ വാദം ഒട്ടും നിഷ്കളങ്കമല്ലെന്നു പ്രത്യേകം പറയേണ്ടതില്ല. പുനരധിവാസത്തിനും പുനർനിർമാണത്തിനുമൊക്കെയായി ഇത്ര നിസ്സാരമായ തുക പോരെന്ന് ആർക്കും എളുപ്പത്തിൽ ഊഹിക്കാവുന്നതേയുള്ളൂ. ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള തത്രപ്പാടാണ് കേന്ദ്രമന്ത്രിയുടെ കത്തിൽ പ്രതിഫലിക്കുന്നത്. അങ്ങനെയൊരു ഉത്തരവാദിത്വം നിയമപരമായി ഇല്ല എന്നുകൂടിയാണ് കേന്ദ്രനിലപാട്. പക്ഷേ, ധാർമികമായും ഭരണപരമായും ആ ഉത്തരവാദിത്വമില്ല എന്നു കേന്ദ്രത്തിനു കരുതാനാകില്ല. രാജ്യത്തിന്റെ ഏതെങ്കിലുമൊരുഭാഗം, അവിടത്തെ ജനത ഭീകരമായ ആഘാതത്തിനു വിധേയമാകുമ്പോൾ, വിമുക്തിയേകാനുള്ള ചുമതല നിയമപരമായി തങ്ങൾക്കില്ല എന്നു ദേശീയഭരണകൂടം നിലപാടെടുക്കുന്ന സാഹചര്യം എത്ര വിചിത്രമാണെന്ന് ഒന്നാലോചിക്കൂ. അങ്ങനെയാണു നിയമത്തിന്റെ ഇതഃപര്യന്തമുള്ള നിലയെങ്കിൽ, അത് ഇനിയങ്ങോട്ട് മാറ്റുകയല്ലേവേണ്ടത്? രാജ്യത്തെ ദുരന്തനിവാരണനിയമങ്ങളിലും ചട്ടങ്ങളിലും യുക്തിസഹവും മനുഷ്യത്വപൂർണവുമായ ഭേദഗതികൾ ആവശ്യമുണ്ടെന്നാണ് മുണ്ടക്കൈ- – ചൂരൽമല സഹായപാക്കേജിന്റെ കാര്യത്തിലുള്ള കേന്ദ്രനിലപാട് വ്യക്തമാക്കുന്നത്. അത്തരമൊരു പൊളിച്ചെഴുത്തിനു നടപടിയുണ്ടാകണം. പക്ഷേ, അതിനു കാത്തുനിൽക്കാതെ, മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിനും പുനർനിർമാണത്തിനും നഷ്ടപരിഹാരവിതരണത്തിനുമായുള്ള സമഗ്രസഹായം കേന്ദ്രത്തിന്റെഭാഗത്തുനിന്നു ലഭിക്കണം. ചട്ടങ്ങളിലെ ന്യൂനത മറയാക്കി മാനുഷികസഹായം നിഷേധിക്കുന്നതു രാജ്യനീതിയല്ല.

(മാതൃഭൂമി മുഖപ്രസംഗം, 2024 നവംബർ 16)

കേരളത്തെ ശ്വാസംമുട്ടിക്കരുത്

ക്കാലവും ഒരു രാഷ്ട്രീയപ്രശ്‌നമായി കേരളത്തിൽ ഉയർന്നുകേൾക്കാറുള്ള വിഷയമാണ് കേന്ദ്രാവഗണന. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന പാർട്ടികളുടെ രാഷ്ട്രീയതാത്പര്യങ്ങളും ഏറ്റുമുട്ടലുമാണ് പലപ്പോഴും ഈ തർക്കങ്ങളുടെ കാതൽ. എന്നാൽ, കേവലമൊരു രാഷ്ട്രീയ തർക്കത്തിനപ്പുറം ഭരണപരമായ പ്രതിസന്ധിയായി അതുമാറാൻ തുടങ്ങിയതായി സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കാപെക്സ് വായ്‌പയിലെ അനിശ്ചിതത്ത്വം. വയനാട് ദുരന്ത പുനരധിവാസത്തിന് പ്രത്യേക സഹായധനം അനുവദിക്കാൻ കേന്ദ്രം വൈമുഖ്യം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് വായ്‌പയിലുമുള്ള നിഷേധാത്മക സമീപനം.

അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പദ്ധതികൾക്കുള്ള മൂലധനച്ചെലവിലേക്ക് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിക്കാറുള്ള ദീർഘകാല വായ്‌പയാണ് കാപെക്‌സ്. പദ്ധതികൾ ആവിഷ്‌കരിച്ച് കേന്ദ്രത്തിനു സമർപ്പിച്ചാൽ നാമമാത്ര പലിശയിൽ കേന്ദ്രം വായ്‌പ നൽകുന്നതാണ് പതിവ്. ഇങ്ങനെ ലഭിക്കുന്ന തുക അമ്പതു വർഷത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി. ഈ വർഷം മൂവായിരം കോടി രൂപ ഈയിനത്തിൽ കിട്ടുമെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ കണക്കുകൂട്ടൽ. വിവിധ പദ്ധതികൾക്കായി ഇതിനകം 1700 കോടി രൂപയുടെ കണക്കും ധനവിനിയോഗ റിപ്പോർട്ടുമൊക്കെ സമർപ്പിച്ചെങ്കിലും കേന്ദ്രം ഇതുവരെ മിണ്ടിയിട്ടില്ല. കേരളം ഓർമ്മക്കത്തയച്ചിട്ടും മറുപടിയുമില്ല. പൊതുമരാമത്തു വകുപ്പിന് 1050 കോടിയും വ്യവസായ വളർച്ചയ്ക്കായുള്ള പദ്ധതികൾക്ക് 800 കോടിയും വിനോദ സഞ്ചാര വികസനത്തിനായി 250 കോടി രൂപയുമാണ് കേരളം പ്രതീക്ഷിക്കുന്ന വിഹിതം. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് മുരടിപ്പു വരാതിരിക്കാൻ ഉത്തേജനം നൽകേണ്ട മേഖലകളാണിതെല്ലാം. അതാണിപ്പോൾ അനിശ്ചിതത്വത്തിലായത്.

ആദ്യം കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് ഏർപ്പെടുത്തിയ ബ്രാൻഡിങ് വ്യവസ്ഥ കാപെക്സ‌് വായ്‌പയിലും വേണമെന്നാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർബന്ധം. തുടക്കത്തിൽ എതിർത്തെങ്കിലും കേന്ദ്രം പണം തടഞ്ഞുവെച്ചതോടെ കേരളം മനസ്സുമാറ്റി. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേന്ദ്രവും പണം ചെലവഴിക്കുന്നുവെന്ന വാദം സമ്മതിച്ചാണ് വിട്ടുവീഴ്‌ച. അങ്ങനെ, ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ‘ആയുഷ്‌മാൻ ആരോഗ്യമന്ദിറാ’യി. പ്രധാനമന്ത്രിയുടെ പേരും ചിത്രവും ആലേഖനം ചെയ്യുന്ന ‘പി.എം.ശ്രീ’ സ്‌കൂളും തർക്കത്തിനൊടുവിൽ അംഗീകരിച്ചു. പക്ഷേ, പൂർണമായി തിരിച്ചടയ്ക്കേണ്ട വായ്‌പയിൽ കേന്ദ്ര ബ്രാൻഡിങ് എന്തിനാണെന്ന് കേരളം ചോദിക്കുന്നു. അതിലൊരു യുക്തിയുമുണ്ട്. എന്നാൽ, വായ്‌പ പ്രതിസന്ധിയിലാകാതിരിക്കാൻ അതിലും ബ്രാൻഡിങ്ങിന് സമ്മതമറിയിച്ചു. എന്നിട്ടും വായ്‌പയിൽ ചില്ലിക്കാശു ലഭിച്ചിട്ടില്ല.

രാഷ്ട്രീയംകലർന്നുള്ള തർക്കങ്ങൾ വികസനപദ്ധതികൾ വഴിമുട്ടുന്നതിലേക്ക് മാറുന്നതായി വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പദ്ധതികളുടെ നേട്ടം സ്വന്തം നെറുകയിൽ ചൂടാനാണ് ബ്രാൻഡിങ്ങിനുള്ള കേന്ദ്രനിബന്ധന. വികസന പദ്ധതികളുടെ അവകാശവാദം സംസ്ഥാന സർക്കാറും ഉന്നയിക്കാറുണ്ട്. രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടിയുള്ള ഇത്തരം അവകാശവാദങ്ങൾ ഇപ്പോഴൊരു കേന്ദ്ര-സംസ്ഥാന ഭരണതർക്കമായി മാറിയെന്നതാണ് ദൗർഭാഗ്യകരം. വികസനപദ്ധതികളുടെ ഗുണഭോക്താക്കളായ ജനങ്ങൾ ബലിയാടാകുന്നതാണ് ആത്യന്തികഫലം.ഇന്നാട്ടിലെ പൗരന്മാർ നൽകുന്ന നികുതിപ്പണമാണ് പദ്ധതികളായും വിഹിതമായും വായ്പ‌യായുമൊക്കെ ആവിഷ്‌കരിക്കപ്പെടുന്നതെന്ന് ഭരണാധികാരികൾ വിസ്മരിക്കുമ്പോൾ ഉടലെടുക്കുന്നതാണ് ഇത്തരം തർക്കങ്ങൾ. ഭരണഘടനയിൽ വ്യവസ്ഥചെയ്‌തിട്ടുള്ള കേന്ദ്ര-–സംസ്ഥാന സഹകരണ ഫെഡറലിസം നോക്കുകുത്തിയാവുന്നത് ജനാധിപത്യത്തിന് ഭൂഷണവുമല്ല.

(മാതൃഭൂമി മുഖപ്രസംഗം, 2024 നവംബർ 22)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 1 =

Most Popular