Thursday, December 5, 2024

ad

Homeകവര്‍സ്റ്റോറികേരളത്തെ പൊറുതിമുട്ടിക്കൽ മോദി സർക്കാരിന്റെ അജൻഡ

കേരളത്തെ പൊറുതിമുട്ടിക്കൽ മോദി സർക്കാരിന്റെ അജൻഡ

കിഫ്ബി എന്ത് ചെയ്യുന്നു?

കിഫ്ബിയുടെ വായ്പ  സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ് എന്നതാണല്ലോ കേന്ദ്ര നിലപാട്?

ഇതേ മാനദണ്ഡം കേന്ദ്ര സർക്കാരിന് ബാധകമാകുന്നുണ്ടോ?

കിഫ്ബിയ്ക്കു നിയമസഭ പാസാക്കിയ നിയമപ്രകാരം നികുതിയുടെ ഒരു വിഹിതം നല്കുന്നുണ്ട്. ഈ പണം അടിസ്ഥാനപ്പെടുത്തി കിഫ്ബി വിപണിയിൽ  നിന്നും വായ്പ എടുത്ത് സംസ്ഥാനത്തിന്റെ മുൻഗണന അനുസരിച്ച് പശ്ചാത്തല സൗകര്യ വികസനത്തിൽ പണം മുടക്കുന്നു. ചില പദ്ധതികൾ വരുമാനം ഉണ്ടാക്കുന്നവയാണ്. ഈ വരുമാനവും, സർക്കാർ എല്ലാ വർഷവും നൽകുന്ന നികുതി വിഹിതവും ഉപയോഗിച്ച് തിരിച്ചടവ് നടത്തും. അങ്ങനെ തിരിച്ചടവ് സാധ്യമാകുന്ന അത്രയും വായ്പ മാത്രമേ കിഫ്ബി എടുക്കൂ. ഇതാണ് കിഫ്ബി മോഡൽ.

പണം തിരിച്ചു കിട്ടാത്ത സ്കൂളുകൾ, ആശുപത്രികൾ, പാലങ്ങൾ, റോഡുകൾ, കളിസ്ഥലങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവ പണമുണ്ടാകുന്ന കാലത്ത് (രണ്ടോ, മൂന്നോ പതിറ്റാണ്ടിനു ശേഷം) ചെയ്താൽ മതിയോ? അല്ലെങ്കിൽ റോഡിനും പാലത്തിനുമെല്ലാം  കടുത്ത ടോൾ  ഏർപ്പെടുത്തി സ്വകാര്യ കമ്പനികൾക്ക് നിർമ്മാണം ഏൽപ്പിച്ചു കൊടുക്കാം. ആശുപത്രിയ്ക്കും സ്കൂളിനുമെല്ലാം വലിയ യൂസർ ഫീസ് എർപ്പെടുത്തി സ്വകാര്യ എജൻസികളെ   ചുമതല ഏൽപ്പിക്കാം. കേരളത്തിന് ഇതു  സ്വീകാര്യമല്ല. അതുകൊണ്ട് ഒരു ബദൽ വേണം. അതാണ് കിഫ്ബി സാധ്യമാക്കുന്നത്.

ഒരു പദ്ധതി സ്വകാര്യ കരാറുകാരനെ / സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നു. അവർ അതിനുള്ള പണം മുടക്കുന്നു. പലിശയും ലാഭവും ചേർത്ത് പറയുന്ന പണം ഈ സ്വകാര്യ ഏജൻസിക്ക്  ഗഡുക്കളായി സർക്കാർ നല്കുന്നു. ഇതാണ് ആന്വിറ്റി മാതൃക.  ഇവിടെ ഒരുകൂട്ടം പൊതു പദ്ധതികളുടെ നിർമ്മാണം , സ്വകാര്യ ഏജൻസിക്കുപകരം ഒരു സർക്കാർ സ്ഥാപനം രൂപീകരിച്ച് അതിനെ ഏൽപ്പിക്കുന്നു. അവർക്ക് പണം സ്വരൂപിയ്ക്കാൻ  നിശ്ചിത നികുതി വിഹിതം നൽകുന്നു. ഇത് ആന്വിറ്റി മാതൃകയാണ്. ഈ പദ്ധതികളുടെ മുതൽമുടക്കിനുള്ള പണം എങ്ങനെയാണ് സ്വകാര്യ ആന്വിറ്റികളിൽ നിന്നും വിഭിന്നമായി സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയാകുന്നത്? അങ്ങനെയാണ് എന്നു തീർപ്പുകൽപ്പിച്ചാണ് കേന്ദ്ര സർക്കാർ അതിനു വേണ്ടി എടുക്കുന്ന വായ്പ വായ്പാപരിധിയിൽ നിന്നും വെട്ടിക്കുറയ്ക്കുന്നത്. ഇതിനൊക്കെ പറയുന്ന ന്യായം കേരളത്തിന്റെ കടം ഇതെല്ലാം ചേരുന്നതാണ്; അത് പരിധിവിടുന്നു എന്നാണ്. ഈ താപ്പ് കേന്ദ്ര സർക്കാരിന് ബാധകമാകുന്നുണ്ടോ? ഇല്ലേയില്ല .അവിടെയാണ് ഇരട്ടത്താപ്പ് .  അവർ ഇഷ്ടം പോലെ ചെയ്യും. ചില കണക്കുകൾ നമുക്കു നോക്കാം.

• 2022 ലെ കേന്ദ്ര സർക്കാരിന്റെ ആന്വിറ്റി ബാധ്യത(committed annuity liability)  84,903.51 കോടി രൂപയാണ്. ആ വർഷത്തെ മാത്രം ബാധ്യത 5,275.88 കോടി രൂപ. തലേ വർഷം വരെയുള്ള ആന്വിറ്റി കുടിശ്ശിക 38,775.72 കോടി രൂപ. ദേശീയ പാതാ അതോറിറ്റി( National Highway Authority of India-–NHAI) യുടെ കടം 3.05 ലക്ഷം കോടി രൂപയാണ്. ഇതൊന്നും കേന്ദ്ര സർക്കാരിന്റെ direct liability ആയി കണക്കിലെടുത്തിട്ടില്ല.

• 2020-–21 ലെ   കേന്ദ്ര സർക്കാരിന്റെ ബജറ്റേതര കടം 26,665 കോടി രൂപയാണ്. ഇന്ത്യൻ റെയിൽവേയ്ക്കു 10,200 കോടി രൂപയും എയർ ഇന്ത്യ അസ്സറ്റ് ഹോൾഡിങ് കമ്പനിയ്ക്ക് 7,000 കോടി രൂപയും സർക്കാർ പൂർണ്ണമായും തിരിച്ചടയ്ക്കും എന്ന നിബന്ധനയിൽ വായ്പ എടുത്തു. മേൽപ്പറഞ്ഞ ആന്വിറ്റി ബാധ്യതയ്ക്ക് പുറമെയാണിത്. ഇതും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയായി കണക്കിലെടുക്കുന്നില്ല.

കിഫ്ബിയില്ലാക്കാലം എന്നാൽ ?
• 223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ മേൽപ്പാലങ്ങൾ, 15 ഫ്ലൈ ഓവറുകൾ, ഒരു അടിപ്പാത എന്നിവയൊക്കെ 18,445 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചത് കിഫ്ബി വഴിയാണ്.• ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കലിന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട 5,580 കോടി രൂപയും കിഫ്ബി വഴി നൽകിയതാണ്.• 10 പുതിയ കാത്ത്ലാബുകൾ, 44 ജനറൽ ആശുപത്രികളിൽ പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡ്- ഇവയും കിഫ്ബിയാണ്.

• ഹൈടെക് ആക്കിയ 44,705 ക്ലാസ് മുറികൾ 11,257 സ്കൂൾ ലാബുകൾ, 268 സ്കൂൾ കെട്ടിടങ്ങൾ എന്നിവയും കിഫ്ബി മുതൽമുടക്കാണ്.

• കെ- ഫോണും ട്രാൻസ്ഗ്രിഡ് വൈദ്യുത പ്രസരണ,വിതരണ ശൃംഖലയും കിഫ്ബി തന്നെ

• ഇൻഡസ്ട്രിയൽ പാർക്കുകൾക്കും വിൽക്കാൻ വെച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വാങ്ങുന്നതിനും പണം നല്കിയത് കിഫ്ബിയാണ്.

• സാംസ്കാരിക നിലയങ്ങൾ , മലയോര പാത, തീരദേശ പാത എന്നിവയും കിഫ്ബി മുതൽമുടക്കിലാണ്.

• കിഫ്ബിയില്ലാക്കാലം എന്നാൽ പശ്ചാത്തല സൗകര്യ വികസനം മരവിക്കുക എന്നാണ്.

 

പെൻഷൻ കമ്പനിയെ 
തകർക്കുന്നതെന്തിന് ?
നാലു പാദങ്ങളിലായാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കൊടുത്തിരുന്നത്. സംസ്ഥാന സർക്കാർ വരുമാനം എല്ലാ മാസവും തുല്യമായിട്ടല്ല കിട്ടുന്നത് എന്നതാണ് അതിനു കാരണം. എല്ലാ മാസവും കൊടുക്കാൻ നമ്മുടെ പണലഭ്യത അനുവദിച്ചിരുന്നില്ല. ഇതിനു പരിഹാരം കാണാനുള്ള ശ്രമമാണ് പെൻഷൻ കമ്പനിയിൽ എത്തിക്കുന്നത്. പെൻഷൻ കൊടുക്കാനുള്ള പണം എല്ലാ മാസവും കമ്പനി സഹകരണ മേഖലയിൽ നിന്നും സമാഹരിക്കും. വരുമാനം വരുമ്പോൾ അതതു സാമ്പത്തിക വർഷം തന്നെ തിരികെ കൊടുക്കും. പെൻഷൻ എല്ലാ മാസവും കൊടുക്കാൻ കഴിയുന്നു എന്ന വലിയ നേട്ടം ഇതിലൂടെ കൈവരിച്ചു. പ്രത്യേകം ഓർക്കേണ്ട കാര്യം ഈ വായ്പ ഒരു സഞ്ചിത ബാധ്യതയും ഉണ്ടാക്കുന്നില്ല. കൈവായ്പയാണ് അത്. കൊടുത്തു തീർത്തു പോവുകയാണ്.

 

ഈ ക്രമീകരണം തകർത്തത് ആരാണ്? 
എന്തിനാണ് തകർത്തത്?
പെൻഷൻ കമ്പനി എടുക്കുന്ന ഈ കൈവായ്പ കേരളത്തിന്റെ വായ്പാ പരിധിയിൽപെടുത്തി അതിനെ തകർത്തത് കേന്ദ്ര ബിജെപി ഭരണകൂടമാണ്.

അതിനു കുടപിടിച്ചത് കോൺഗ്രസ്സും യുഡിഎഫും. ഒരു ഭാവി ബാധ്യതയും വരുത്താത്ത ഇത്തരം ഒരു ധന ക്രമീകരണത്തെ ആക്രമിച്ചു തോൽപ്പിക്കാൻ ഇറങ്ങിയതെന്തിനാണ്?

9.3 ശതമാനം പെൻഷൻകാർക്കാണ് കേന്ദ്ര വിഹിതമുള്ളത്. അതും 200-–300 രൂപ മാത്രം . ഈ തുച്ഛമായ കേന്ദ്ര വിഹിതം സംസ്ഥാനം കൊടുത്തു മേനി നടിക്കേണ്ട എന്നു പറഞ്ഞുകൊണ്ടു കേന്ദ്രം നേരിട്ടു കൊടുക്കാൻ ഇറങ്ങിയിട്ട് എന്തായി? കേന്ദ്ര വിഹിതം നേരത്തെ സംസ്ഥാനം അഡ്വാൻസായി നൽകിയ വകയിൽ 600-–700 കോടി രൂപ വേറെയും കിട്ടാനുണ്ടായിരുന്നത് രണ്ടു കൊല്ലത്തിനു ശേഷമാണ് നൽകിയത്.

• ഒരു വ്യവസ്ഥയുമില്ലാതെ യുഡിഎഫ് തകർത്ത സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയ്ക്കു വ്യവസ്ഥയുണ്ടാക്കിയതും 1000 രൂപ വർദ്ധിപ്പിച്ചതും കുടിശ്ശിക കൊടുത്തു തീർത്തതും എൽഡിഎഫ് സർക്കാരുകളാണ്.

• ഗുണഭോക്താക്കളുടെ എണ്ണം 32 ലക്ഷത്തിൽ നിന്നും 62 ലക്ഷമാക്കിയത് എൽഡിഎഫ് ആണ്.

• എല്ലാമാസവും പെൻഷൻ കൊടുക്കാൻ ഉണ്ടാക്കിയ ധനക്രമീകരണം തകർത്തത് കേന്ദ്ര സർക്കാരും യുഡിഎഫും ചേർന്നാണ്.

• സമാനതകളില്ലാത്ത, ഉപരോധസമാനമായ സാമ്പത്തിക വിവേചനം എത്രതന്നെ നേരിട്ടാലും സമൂഹ്യ സുരക്ഷാ പദ്ധതികൾ മുന്നോട്ടുകൊണ്ടു പോകുക തന്നെ ചെയ്യും.

കേരളം നേരിടുന്ന 
സാമ്പത്തിക പ്രയാസത്തിന്റെ 
അടിസ്ഥാനമെന്താണ്?
• സംസ്ഥാനം പിരിക്കുന്ന വരുമാനവും കേന്ദ്ര സർക്കാർ പിരിച്ച് സംസ്ഥാനത്തിനു കൈമാറുന്ന നികുതിയും ഗ്രാന്റും ചേരുന്നതാണ് ഏതൊരു സംസ്ഥാനത്തിന്റേയും റവന്യൂ വരുമാനം.

• എല്ലാ സംസ്ഥാനങ്ങളുടേയും ശരാശരി എടുത്താൽ ആകെ റവന്യൂ വരുമാനത്തിന്റെ 57 ശതമാനം തനതു പിരിവും കേന്ദ്ര സർക്കാർ കൈമാറ്റം 43 ശതമാനവുമാണ്.

• എന്നാൽ കേരളത്തിന്റെ കണക്കുകൾ നോക്കൂ! തനതു പിരിവ് 73 ശതമാനമാണ്. കേന്ദ്ര വിഹിതമാകട്ടെ 27 ശതമാനം മാത്രം . ബജറ്റിലെ ഈ സ്ഥിതിയേക്കാൾ വളരെ മോശമാണ് ഇപ്പോൾ യാഥാർത്ഥത്തിൽ കിട്ടുന്ന കേന്ദ്ര വിഹിതം. 2023-–24 നവംബർ വരെയുള്ള യഥാർത്ഥ കണക്കുകൾ പ്രകാരം 82 ശതമാനവും സംസ്ഥാനം പിരിക്കുന്ന; കേന്ദ്ര വിഹിതം 18 ശതമാനം മാത്രവുമാണ്.

• 2017-–2018 മുതൽ 2021-–2022 വരെയുള്ള ശരാശരി കണക്കുകളും വിശകലന വിധേയമാക്കിയിട്ടുണ്ട്. ഇതു പ്രകാരം കേരളത്തിന്റെ റവന്യൂ വരുമാനത്തിലെ കേന്ദ്ര വിഹിതം 35.3ശതമാനം മാത്രമാണ്.ഏതെങ്കിലും ഒരു വർഷത്തെ കണക്കല്ല, തുടർച്ചയായി ഈ വിവേചനം കേരളം നേരിടുന്നു എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്.

• ഇക്കാലയളവിലെ കേന്ദ്രക്കൈമാറ്റത്തിലെ സംസ്ഥാനങ്ങളുടെ ശരാശരി 45% ആണ്. കേരളത്തിന്റെ ആകെ റവന്യൂ വരുമാനത്തിലെ കേന്ദ്രവിഹിതം എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരിയേക്കാൾ ഗണ്യമായി കുറവാണെന്നു ചുരുക്കം.

കേന്ദ്ര നികുതി വിഹിതം 
കുറയുന്നതെങ്ങനെ?

കീശ കവരുന്ന കേന്ദ്രം
വിഭവ അധികാരങ്ങളുടെയും ചുമതലകളുടെയും വിഭജനത്തിൽ വലിയ അസന്തുലനം നിലവിലുണ്ട്. കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ ഈ അസന്തുലിതാവസ്ഥ പതിനഞ്ചാം ധനകാര്യ കമ്മീഷൻ അളന്നു പറഞ്ഞിട്ടുണ്ട്. ആകെ വരുമാനത്തിൽ 62.7 ശതമാനവും കേന്ദ്ര സർക്കാരിനാണ്. അതേസമയം ചെലവുകളിൽ 62.4 ശതമാനവും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ക്രമീകരണമാണ് ധനകാര്യക്കമ്മീഷൻ. വിഭവക്കൈമാറ്റം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്, അല്ലാതെ എന്തെങ്കിലും ഔദാര്യമല്ല.

ഇത്തരത്തിൽ പങ്കുവയ്ക്കേണ്ട നികുതികൾ ചേരുന്നതിനെയാണ് വിഭജിക്കേണ്ട നികുതിക്കൂട അല്ലെങ്കിൽ divisible pool എന്നു പറയുന്നത്. ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് സെസ്സുകളും സർച്ചാർജുകളും ഒഴികെയുള്ള നികുതിവരുമാനമെല്ലാം ഈ വിഭജിക്കേണ്ട നികുതിക്കൂടയിലിടണം . അപ്പോൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന തന്ത്രമെന്താണെന്നോ? സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ടതില്ലാത്ത സെസുകളും സർച്ചാർജുകളുമായി നികുതി ഈടാക്കും. അതു പങ്കുവെയ്ക്കേണ്ട കണക്കിൽ വരില്ല, സ്വന്തം കീശയിൽ കിടന്നോളുമല്ലോ.നിരന്തരം കൂട്ടുന്ന ഇന്ധനനികുതി divisible pool ൽ വരാത്ത സെസ്സുകളായിട്ടാണ് ഈടാക്കുന്നത്.

പതിമൂന്നാം ധനക്കമ്മീഷന്റെ കാലത്ത് 32 ശതമാനമായിരുന്നു സംസ്ഥാന വിഹിതം. പതിന്നാലാം ധനകാര്യ കമ്മീഷൻ ഇതു 42 ശതമാനമായി ഉയർത്തും എന്ന സ്ഥിതി വന്നപ്പോഴാണ് സംസ്ഥാനങ്ങളുടെ നികുതി വിഹിതം (നികുതിയായും ഗ്രാന്റുകളായും നൽകുന്നത്) വെട്ടിക്കുറയ്ക്കാൻ നരേന്ദ്രമോഡി പിൻവാതിൽവഴി ഇടപെട്ടത്. ആ പിൻവാതിൽ ശ്രമത്തിൽ പങ്കാളിയായിരുന്ന നിതി ആയോഗ് CEO സുബ്രഹ്മണ്യം സാക്ഷ്യം പറഞ്ഞത് ഈ ഇടപെടൽ സംബന്ധിച്ചാണ്. ധനക്കമ്മീഷൻ വഴങ്ങിയില്ല. ഇതു നടക്കാതെ വന്നതുകൊണ്ടാണ് കുറുക്കുവഴിയിലൂടെ യൂണിയൻ സർക്കാർ സംസ്ഥാനങ്ങളുടെ കീശ കവരുന്ന നടപടി സ്വീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം കൂട്ടുന്നത് തടയാൻ നോക്കി; നടന്നില്ല. അപ്പോൾ മോദി സർക്കാർ ചെയ്തത് എന്താണ്? പങ്കുവെയ്ക്കേണ്ട നികുതിക്കൂട ( divisible pool) വെട്ടിയൊതുക്കി.

ഇങ്ങനെ വർദ്ധിക്കുന്ന സെസ്സുകളും, സർച്ചാർജ്ജുകളും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ട നികുതി വിഹിതത്തിൽ എന്തു വ്യത്യാസം വരുത്തും? 2023–-2024 ലെ ബജറ്റ് കണക്കുകൾപ്രകാരം 33,60,858 കോടി രൂപയാണ് കേന്ദ്ര സർക്കാർ പിരിക്കുന്ന ആകെ നികുതി. ഇതിൽ സെസ്സുകളും സർച്ചാർജും 23 ശതമാനം എന്ന മിതമായ കണക്കെടുത്താൽ (GST നഷ്ടപരിഹാര സെസ് 4-5 ശതമാനം കുറച്ചുള്ള കണക്കാണിത്) എത്ര രൂപ വരും? 773000 കോടി രൂപ. ഇതു പത്തു ശതമാനമായി നിജപ്പെടുത്തിയാൽ എത്ര വ്യത്യാസം വരും? 4,37,000 കോടി രൂപകൂടി ഡിവിസിബിൾ പൂളിൽ കൂടുമായിരുന്നു.ഇതിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്കുള്ളതാണല്ലോ? അതെത്ര വരും? 1,80,000 കോടി രൂപ. ഇതിൽ ഇപ്പോഴത്തെ ധനകാര്യക്കമ്മീഷൻ വിഭജനപ്രകാരം 1.9 ശതമാനം കേരളത്തിനു കിട്ടണമല്ലോ? അതെത്ര വരും? 3500 കോടി രൂപ. ഇതാണ് ഇതിന്റെ വലിപ്പം. കേന്ദ്രത്തിന്റെ ഈ പോക്കറ്റടിമൂലം ഏറ്റവും കുറഞ്ഞത് 3500 കോടി രൂപ കേരളത്തിനും പോയിക്കിട്ടി!.

ചരിത്രപരമായ 
നേട്ടത്തിന്റെ വർഷങ്ങൾ
നത് വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ കേരളം ചരിത്രപരമായ നേട്ടം കൈവരിച്ച രണ്ട് വർഷങ്ങളാണ് കടന്നുപോയതെന്നും, കടബാധ്യതയുടെയും കമ്മിയുടെയും കാര്യത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് വരുത്തിയെന്നതും മലയാള പത്രങ്ങൾ കൂടാതെ ടൈംസ് ഓഫ് ഇന്ത്യയിലെയും ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെയും ലേഖനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളം ധനദൃഢീകരണത്തിന്റെ പാതയിലാണ് (fiscal consolidation) എന്നും ഈ ലേഖനങ്ങൾ കണക്കുകൾ സഹിതം പറഞ്ഞുറപ്പിച്ചു.തനത് നികുതി വരുമാനം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ കേരളത്തിന് നേട്ടങ്ങളുടെ വർഷങ്ങളാണ്. 2013-–14 മുതലുള്ള കേരളത്തിന്റെ തനത് നികുതി വരുമാനത്തിന്റെ വാർഷിക വളർച്ച നിരക്ക് നോക്കുക.2013–14, 2015-–16 കാലങ്ങളിൽ 10 ശതമാനമോ അതിൽ താഴെയോ ആണ് തനത് നികുതി വരുമാനത്തിന്റെ വളർച്ച. കോവിഡും പ്രളയവും കാരണമുള്ള തളർച്ചയ്ക്കുശേഷം 2021-–22 ലും 2022-–23 ലും കേരളം നേടിയത് സമീപകാല ചരിത്രത്തിലെ ഏറ്റവും കൂടിയ തനത് വരുമാന വളർച്ചയാണ് – 22 ഉം 23 ഉം ശതമാനം.

2011-–12 മുതൽ 2016-–17 സാമ്പത്തിക വർഷം വരെയുള്ള അഞ്ചുവർഷം (യുഡിഎഫിന്റെ ഭരണകാലം) കൊണ്ട് തനത് നികുതി വരുമാനത്തിൽ ഉണ്ടായ വർദ്ധനവ് വെറും 16,000 കോടി രൂപ മാത്രം (2011-–12 ൽ 25,700 കോടി രൂപ 2016–-17 ൽ 42100 കോടി രൂപ). അതുകഴിഞ്ഞുള്ള 5 വർഷം പ്രളയവും കോവിഡും കാരണമുള്ള സാമ്പത്തിക പ്രതിസന്ധി നികുതി വരുമാനത്തെ സാരമായി ബാധിച്ചു. എന്നാൽ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് മാത്രം ഈ സർക്കാർ സമാഹരിച്ച തനത് വരുമാനം 24,300 കോടി രൂപയാണ്.

2020-–21 ൽ ഏകദേശം 47,600 കോടി രൂപ മാത്രമായിരുന്ന തനത് നികുതി വരുമാനം രണ്ടു വർഷം കൊണ്ട് 71900 കോടി രൂപയിലധികമായി വർദ്ധിച്ചു. ഏകദേശം 51 ശതമാനം വർദ്ധനവ്. തനത് നികുതി വരുമാനത്തിലെ വാർഷിക വളർച്ച നിരക്ക് 23 ശതമാനത്തിലും അധികമാണ്.

വർഷം തനത്‌ നികുതി വളർച്ചാ നിരക്ക്‌
2011-12 18.4
2012-13 16.9
2013-14 6.4
2014-15 10.1
2015-16 10.7
2016-17 8.2
2017-18 10.2
2018-19 9
2019-20 -0.6
2020-21 -5.3
2021-22 22.4
2022-23 23.4

മൊത്തം റവന്യൂ വരുമാനത്തിൽ തനത് വരുമാനത്തിന്റെ അനുപാതം 2020–-21 ൽ 56 ശതമാനം ആയിരുന്നത് 2022–-23 ൽ 65.6 ശതമാനമായി വർദ്ധിച്ചു. 2023-–24 ൽ ഇത് 70 ശതമാനത്തിലും അധികമാവും.

അതായത് മൊത്തം റവന്യൂ വരുമാനത്തിൽ കേന്ദ്ര അനുപാതം കുറഞ്ഞു കുറഞ്ഞു വരുന്നു.

രാജ്യത്തെ ഏതാണ്ട് മുഴുവൻ ഉൽപ്പന്നങ്ങൾക്കുമേലും നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങളിൽ നിന്നും കവർന്നെടുത്ത് ജി.എസ്.ടി നടപ്പിലാക്കിയതിനു ശേഷവും തനത് നികുതി വരുമാനത്തിൽ ഇത്രയും വർദ്ധനവ് ഉണ്ടാക്കാൻ കഴിഞ്ഞത് ഒരു ചെറിയ കാര്യമായി നാം കാണുന്നില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − two =

Most Popular