Monday, October 14, 2024

ad

Homeകവര്‍സ്റ്റോറിവികസനവും ജനക്ഷേമവും ഉറപ്പാക്കുന്ന പ്രവര്‍ത്തന രേഖ

വികസനവും ജനക്ഷേമവും ഉറപ്പാക്കുന്ന പ്രവര്‍ത്തന രേഖ

കെ.എന്‍. ബാലഗോപാല്‍

നോട്ടുനിരോധനത്തില്‍ തുടങ്ങി നിപ്പയും, പ്രളയവും, കോവിഡും ഒക്കെയായി രാജ്യത്താകമാനവും സംസ്ഥാനത്തും കഴിഞ്ഞ 6 വര്‍ഷം നീണ്ടു നിന്ന അത്യപൂര്‍വമായ സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയില്‍നിന്നും കരകയറിത്തുടങ്ങുന്ന അന്തരീക്ഷത്തിലാണ് ഈ ബജറ്റ് അവതരിപ്പിച്ചത്. പശ്ചാത്തല വികസനത്തിലെ മുതല്‍മുടക്കും, ഉല്പാദന മേഖലയ്ക്ക് നല്കിയ പിന്തുണയും സംസ്ഥാനത്തിന്‍റെ സമ്പദ് ഘടനയെ മുന്നോട്ടുകൊണ്ടു പോയിതുടങ്ങി. ആരോഗ്യസംരക്ഷണത്തെ നെടുംതൂണായി കണ്ടുകൊണ്ട് ബജറ്റ് വിഹിതത്തിലൂടെ സൗജന്യ ചികില്‍സ ഉറപ്പുവരുത്തിയതും, വിദ്യാഭ്യാസ ഉല്പാദന രംഗങ്ങളില്‍ ശ്രദ്ധചെലുത്തിയതും നമ്മുടെ സംസ്ഥാനത്തെ ഇതര സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വീണ്ടും മാതൃകയാക്കി മാറ്റി.

2021-22ല്‍ കേരളത്തിന്‍റെ ആഭ്യന്തര വരുമാനം 12.01 ശതമാനം വളര്‍ച്ച കൈവരിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2021-22 ലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒരു വ്യത്യാസം ഉണ്ട്. അത് ഉല്പാദന മേഖലയെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള വളര്‍ച്ച നേടാനായി എന്നതാണ്. ഉല്പാദന മേഖലയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതാണ് ഒരു പ്രദേശത്തെ സാമ്പത്തിക രംഗത്തെ വിലയിരുത്തുന്നതില്‍ ഏറ്റവും പ്രധാനം. ഉല്‍പ്പാദനമേഖലയെ ഉള്‍ച്ചേര്‍ത്തത് പൊതുവില്‍ സമ്പദ്രംഗത്തെ മാത്രമല്ല സര്‍ക്കാരിലേക്കുള്ള നികുതി വരുമാനത്തെയും ഗുണപരമായി ബാധിച്ചു. 2021-22നെ അപേക്ഷിച്ച് നടപ്പുവര്‍ഷം ഏകദേശം 17,000 കോടിയുടെ വര്‍ദ്ധനവ് തനത് വരുമാനത്തിലുണ്ടായി. ഇത്തരത്തില്‍ സമ്പദ ്വ്യവസ്ഥയെ പുനരുദ്ദീപിപ്പിച്ച് ഉല്പാദനവും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നയം.

സാമ്പത്തിക വളര്‍ച്ചയിലെ ഈ മുന്നേറ്റം സര്‍ക്കാരിന്‍റെ തനത് വരുമാനത്തെ ഗുണപരമായി സഹായിക്കുമെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധവുമായി ബന്ധപ്പെട്ട് കേന്ദ്ര നയത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം സംസ്ഥാനത്തിന്‍റെ പൊതുധനകാര്യത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തെ വിഭവശോഷണം വളരെ കൂടുതലാണ്. റവന്യൂ കമ്മി ഗ്രാന്‍റിനത്തില്‍ ഉണ്ടാകാന്‍ പോകുന്ന 8400 കോടി രൂപയുടെ കുറവും ജി.എസ്.ടി നഷ്ടപരിഹാരം നടപ്പിലാക്കിയ വകയില്‍ 5700 കോടി രൂപയുടെ കുറവും വായ്പാ പരിധിയില്‍ കുറവ് വരുത്തിയതുമൂലമുള്ള 5000 കോടി രൂപയും അതോടൊപ്പം കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും വായ്പ സംസ്ഥാനത്തിന്‍റെ പൊതുകടമായി വ്യാഖ്യാനം ചെയ്തതും വിഭവശോഷണത്തിന്‍റെ പ്രധാനകാരണങ്ങളായി. 2023-24ലേക്കുള്ള ബജറ്റ് അവതരിപ്പിച്ച ദിവസം തന്നെ 2769 കോടിയോളം രൂപ നടപ്പുവര്‍ഷത്തെ വിഭവലഭ്യതയില്‍ കുറവ് വരുത്തിയ കേന്ദ്ര തീരുമാനമാണ് നമ്മളെ കാത്തിരുന്നത്. ഇത്രയുമധികം വിഭവശോഷണമുണ്ടാകുന്ന സാഹചര്യത്തില്‍ തന്നെ ശമ്പളവും പെന്‍ഷനും പരിഷ്കരിച്ചതുമൂലമുള്ള അധിക ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവരുന്നത്.

കേരളം നേരിട്ടുകൊണ്ടിരിക്കുന്നത് ഒരു ഹാര്‍ഡ് ബജറ്റ് പ്രതിബന്ധമാണ് (Hard Budget Constaint). ഈ സ്ഥിതിവിശേഷം നേരിടാന്‍ ഒരു ത്രിതല സമീപനമാണ് ബജറ്റില്‍ വിഭാവനം ചെയ്തത്. ഒന്നാമതായി ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങളെ തകര്‍ക്കുന്നതും സംസ്ഥാനങ്ങളുടെ ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നതുമായ നയങ്ങള്‍ക്കെതിരെ ഇതര സംസ്ഥാനങ്ങളുമായി യോജിച്ച ചെറുത്തു നില്പ് സംഘടിപ്പിക്കുക. രണ്ടാമതായി നികുതി-നികുതിയേതര വരുമാനം പരമാവധി വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുക. മൂന്നാമതായി വിഭവങ്ങളുടെ ഏറ്റവും കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക.

കൂടാതെ, അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ കേരളം അഭിമുഖീകരിക്കാന്‍ സാധ്യതയുള്ള സാമൂഹിക സാമ്പത്തിക മാറ്റങ്ങളെക്കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന് കേരളത്തിന്‍റെ ജനസംഖ്യാ ഘടനയില്‍ നടന്നുകൊണ്ടിരിക്കുന്ന കാതലായ മാറ്റം. കേരളത്തിലെ ജനന നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന പൗരരുടെ അനുപാതം ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. മറുവശത്ത് യുവാക്കളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റ പ്രവണതയും. ഇത്തരം വിഷയങ്ങളെ അഭിമുഖീകരിക്കാന്‍ തദ്ദേശീയമായി ഉല്‍പ്പാദനവും തൊഴിലവസരങ്ങളും ഉറപ്പുവരുത്തേണ്ടതും കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. അതിനായുള്ള ഒരു പുതിയ വികസന മാതൃക കൂടി ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


കേരളത്തിന് പുതിയ വികസന മാതൃക
കാലാകാലങ്ങളായി നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാനായുള്ള സാധനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെയും വിദേശ രാജ്യങ്ങളെയും ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്. ഇത് സ്ഥായിയായ ഒരു മാര്‍ഗ്ഗമല്ല. മാത്രമല്ല, പ്രവാസികളില്‍ നിന്നുള്ള പണത്തിന്‍റെ ഒഴുക്കിനെ അനന്തമായി ആശ്രയിച്ച് ഒരു സംസ്ഥാനത്തെ മുന്നോട്ട് ആസൂത്രണം ചെയ്തുപോകാനും കഴിയില്ല. ലോകസാഹചര്യം മാറുകയാണ്. സ്വാശ്രയം എന്ന പൂര്‍ണ്ണമായ അര്‍ത്ഥത്തിലല്ലെങ്കിലും സാധ്യമായ രീതിയില്‍ തദ്ദേശീയ ഉല്‍പ്പാദനവും തൊഴില്‍/ സംരംഭക/ നിക്ഷേപ അവസരങ്ങളും വര്‍ദ്ധിപ്പിക്കാന്‍ സര്‍വസൗകര്യങ്ങളും ഒരുക്കി ബൃഹത്തായ ഒരു മേക്ക് ഇന്‍ കേരള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. മേക്ക് ഇന്‍ കേരളയുമായി ബന്ധപ്പെട്ട് വിശദമായ ഒരു പഠനം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് നടത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ട് പ്രകാരം 2021-22ല്‍ കേരളത്തിലേക്ക് ഏകദേശം 1,28,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതിചെയ്തത്. ഇതില്‍ 92 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായിരുന്നു. ഇക്കാലയളവില്‍ സംസ്ഥാനത്തിന്‍റെ കയറ്റുമതി ഏകദേശം 74,000 കോടി രൂപയുടേതായിരുന്നു. ഇതില്‍ 70 ശതമാനവും ഇതര സംസ്ഥാനങ്ങളിലേക്കായിരുന്നു. ഈ വ്യാപാര കമ്മിയുടെ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യതയുള്ളവ കണ്ടെത്തി ഉല്‍പ്പാദനക്ഷമത, കൂലിച്ചെലവ്, ലാഭം തുടങ്ങിയവ വിശകലനം ചെയ്ത് അവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നടപടികളാണ് മേക്ക് ഇന്‍ കേരള പദ്ധതിയിലൂടെ മുന്നോട്ടുവെയ്ക്കുന്നത്.


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

തദ്ദേശീയ ഉല്‍പ്പാദനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതോടൊപ്പംതന്നെ ഭാവി വികസന സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള പശ്ചാത്തല സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്‍റെ വികസന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വിഴിഞ്ഞത്തിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ മാതൃകയില്‍ വന്‍ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്‍റ് കണ്ടെയ്നര്‍ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാന്‍ കഴിയും. സമുദ്രഗതാഗതത്തിലെ 30 മുതല്‍ 40 ശതമാനം വരെ ചരക്കുനീക്കവും നടക്കുന്ന തിരക്കേറിയ സമുദ്രപാതയിലാണ് വിഴിഞ്ഞം സ്ഥിതിചെയ്യുന്നത്. നമ്മുടെ രാജ്യത്തിന് സമീപം സ്ഥിതിചെയ്യുന്ന രാജ്യങ്ങള്‍ക്ക് ചരക്കുകള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വാതായനമാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളര്‍ന്നുവന്നത് ഇത്തരത്തിലുള്ള തുറമുഖങ്ങളോട് ചേര്‍ന്നാണ്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട 75 കി.മീ ദൈര്‍ഘ്യം വരുന്ന ഒരു റിങ് റോഡ് നിര്‍മ്മിച്ചാല്‍ അത് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി മാറും. ഈ ഇടനാഴിയുടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും വിപുലമായ താമസസൗകര്യങ്ങളുമടക്കമുള്ള ടൗണ്‍ഷിപ്പുകളുടെ ശൃംഖല രൂപപ്പെടും. ഈ പദ്ധതിക്ക് പ്രത്യേക ഊന്നലാണ് ബജറ്റില്‍ നല്‍കിയിട്ടുള്ളത്.

മേല്‍ സൂചിപ്പിച്ച രീതിയില്‍ രൂപപ്പെടുന്ന നഗര ശൃംഖലകള്‍ നഗരവല്‍ക്കരണത്തെ ത്വരിതപ്പെടുത്തും. രാജ്യത്ത് നഗരവല്‍ക്കരണത്തിന്‍റെ തോത് വളരെ ഉയര്‍ന്ന സംസ്ഥാനമാണ് കേരളം. 2011ല്‍ നഗരജനസംഖ്യ 47.70 ശതമാനമായിരുന്നത് 2021 ആകുമ്പോള്‍ 71 ശതമാനത്തോളമായി മാറാമെന്നാണ് സെന്‍സെസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗരവല്‍ക്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നവകേരളത്തിന് സമഗ്രമായ ഒരു നഗരനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നവകേരള നഗര നയത്തോടൊപ്പം തന്നെ പരിസ്ഥിതിയെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

I. ന്യൂ എനര്‍ജി പാര്‍ക്കുകള്‍: പുനരുപയോഗ സ്രോതസ്സുകളായ സൗരതാപം, കാറ്റ് എന്നിവയില്‍ നിന്ന് ഊര്‍ജ്ജോത്പാദനം നടത്തുന്നതിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ന്യൂ എനര്‍ജി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി 10 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

II. ഗ്രീന്‍ കേരള ഹൈഡ്രജന്‍ ഹബ്ബ്:’ക്ലീന്‍ എനര്‍ജി’ എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്തുണ്ട്. പുനരുല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഊര്‍ജ്ജമുപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന് പരിസ്ഥിതി സൗഹൃദ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. കൊച്ചിയിലും തിരുവനന്തപുരത്തും ഓരോ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് വി.ജി.എഫ്/ ഗ്രാന്‍റ്/ഇക്വിറ്റി പിന്തുണയ്ക്കായി അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 200 കോടി രൂപയുടെ പദ്ധതിയാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ കേരളത്തിന്‍റെ ഭാവി വികസനത്തിനായി പദ്ധതികള്‍ നടപ്പാക്കുന്നതിനോടൊപ്പം സാമൂഹ്യ ക്ഷേമ പദ്ധതികളും നല്ല രീതിയില്‍ തുടരുക എന്നതാണ് ഈ ബജറ്റ് മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാട്.


സാമൂഹ്യ സുരക്ഷയിലെ കേരള മാതൃക
2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തിലെ ക്ഷേമപെന്‍ഷന്‍ 600 രൂപയായിരുന്നു. 33 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് അത് നല്‍കിവന്നിരുന്നത്. എന്നാല്‍ ഇന്ന് മാസംതോറും 1600 രൂപ വീതം 62 ലക്ഷം ജനങ്ങള്‍ക്ക് നല്‍കിവരുകയാണ്. ഇതില്‍ 50.66 ലക്ഷം പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ എന്ന നിലയിലും 6.73 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ എന്ന നിലയിലുമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. വരുമാനമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ 4.28 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നു. അതായത് 57 ലക്ഷത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ നേരിട്ടാണ് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് പ്രതിമാസം 200 കോടി രൂപയായിരുന്നു സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവന്ന ചെലവ് എങ്കില്‍ ഇന്നത് 950 കോടി രൂപയാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിലനിര്‍ത്തുക എന്നത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. അത് ഈ നാട്ടിലെ സാധാരണക്കാരുടെ ക്ഷേമവും സുരക്ഷിതത്വവും മുന്നില്‍ കണ്ടുകൊണ്ട് മുന്നോട്ട് കൊണ്ടുപോവുകതന്നെ ചെയ്യും. അതിനെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തിന് ബദല്‍ സംവിധാനം ഏര്‍പ്പടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാകുന്ന തരത്തിലുള്ള ഒരു സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് എന്ന ആശയം മുന്നോട്ടുവെച്ചത്. വിലകൂടിയ മദ്യത്തില്‍ നിന്നും പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നും നിശ്ചിത സെസ്സ് ചുമത്തി ആ തുക സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് വരവ് വെച്ച് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന ബദലിനെ എല്ലാ ജനങ്ങളും സാമൂഹ്യ ഉത്തരവാദിത്തമായി കണക്കാക്കുമെന്നാണ് പ്രതീക്ഷ.

ഇത്തരത്തില്‍ വികസനത്തിനും സാമൂഹ്യ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നതിനോടൊപ്പം തന്നെ വിജ്ഞാന സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തി 2023-24 വര്‍ഷത്തെ ബജറ്റിനോടൊപ്പം ഒരു R&D (Research and Development) ബജറ്റ് കൂടി അവതരിപ്പിച്ചു. പുതിയതും പഴയതുമായ വിജ്ഞാനത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത്. ഉല്‍പ്പാദന മേഖലയില്‍ വിജ്ഞാനത്തിന്‍റെ ഉപയോഗം ഉറപ്പാക്കുന്നതില്‍ R&D യ്ക്ക് വലിയ പങ്കുണ്ട്. ഇത്തരത്തില്‍ ആര്‍ & ഡി ബജറ്റ് അവതരിപ്പിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.

എന്നാല്‍ കേന്ദ്ര ബജറ്റാകട്ടെ ആഗോളതലത്തിലും രാജ്യത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സാമ്പത്തിക മാറ്റങ്ങളെ അവഗണിച്ചുകൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി രൂപപ്പെടുത്തിയ നയരേഖ മാത്രമായി ചുരുങ്ങി.

കേന്ദ്ര ബജറ്റ് 2023-24
കേരളം സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കും വിദ്യാഭ്യാസ മേഖലയ്ക്കും കൃഷിക്കും ഇതര മേഖലകള്‍ക്കും ഒരു കുറവും വരുത്താത്തപ്പോള്‍ കേന്ദ്ര ബജറ്റ് എല്ലാ സബ്സിഡികളും വെട്ടിക്കുറച്ചിരിക്കുകയാണ്. മാത്രമല്ല, ധനക്കമ്മി കേന്ദ്ര ബജറ്റില്‍ 6 ശതമാനത്തിനും മുകളില്‍ തുടരുകയാണ്. കേരളത്തിലാകട്ടെ ധനക്കമ്മിയും റവന്യൂ കമ്മിയും നിയന്ത്രണവിധേയമാക്കി സംസ്ഥാനം ധനദൃഢീകരണത്തിന്‍റെ പാതയിലേക്ക് തിരിച്ചുവന്നു.

2023-24 കേന്ദ്ര ബജറ്റില്‍ സാമൂഹ്യ സുരക്ഷ, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, കൃഷി, ഭക്ഷ്യസബ്സിഡി തുടങ്ങി സമസ്ത മേഖലകളിലും മാറ്റിവെച്ച തുകയില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തെ ബജറ്റിനേക്കാള്‍ വന്‍ കുറവാണ് കാണുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെച്ച തുകയില്‍ 2022-23 നേക്കാള്‍ 33 ശതമാനം കുറവ് വന്നിരിക്കുന്നു. ഭക്ഷ്യ സബ്സിഡിയുടെ കാര്യമെടുത്താല്‍ 31.28 ശതമാനം കുറവാണ് നീക്കിയിരുപ്പില്‍ വന്നിട്ടുള്ളത്. 2022-23 ബജറ്റില്‍ കേന്ദ്രം പെട്രോളിയം സബ്സിഡിക്കായി 9171 കോടി രൂപയാണ് മാറ്റിവെച്ചതെങ്കില്‍ ഈ ബജറ്റില്‍ അത് വെറും 2257 കോടി രൂപ മാത്രമാണ്. അതായത് 75.38 ശതമാനം കുറവ്. എല്‍.പി.ജി സബ്സിഡിയുടെ കാര്യത്തിലും 61 ശതമാനം കുറവ് വന്നിരിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റ് കമ്മി 2022-23 ല്‍ 6.4% ആണ്. 2023-24 ല്‍ അത് 5.9% വും 2025-26 ഓടെ 4.5% ആയും കുറയ്ക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ധനമന്ത്രി ബജറ്റില്‍ പറയുന്നത്. ഇതിന് പുറമെയാണ് NHAI, FCI തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ എടുക്കുന്ന വായ്പകള്‍. എന്നാല്‍ കേരളത്തിന് അനുവദിച്ചിരിക്കുന്ന കടത്തിന്‍റെ പരിധി കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ഉള്‍പ്പടെ 3%വും, വൈദ്യുതി മേഖലാ പരിഷ്കാരങ്ങള്‍ക്ക് അധികമായി 0.5% ഉള്‍പ്പടെ 3.5% വും ആണ്.

സംസ്ഥാനത്തിന്‍റെ നികുതി അധികാരങ്ങള്‍ അങ്ങേയറ്റം പരിമിതമായ സാഹചര്യവും സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്രത്തിന്‍റെ സമീപനവും ചേര്‍ന്നു സൃഷ്ടിച്ച ധനഞെരുക്കത്തിനിടയിലും ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും തുടരുകതന്നെ ചെയ്യും.

നികുതി വര്‍ദ്ധനവിനോടൊപ്പം പല നികുതികളും കുറച്ചിട്ടുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് പ്രതിസന്ധിമൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കോണ്‍ട്രാക്ട് ക്യാരേജ്/സ്റ്റേജ് ക്യാരേജ് വാഹനങ്ങള്‍ക്ക് 10 ശതമാനം വരെ നികുതി കുറച്ചിട്ടുണ്ട്. അതിലൂടെ 28 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. മോട്ടോര്‍ വാഹന കുടിശ്ശിക നികുതി അടയ്ക്കുന്നതിനുള്ള തീര്‍പ്പാക്കല്‍ പദ്ധതി ഈ വര്‍ഷവും തുടരുന്നതാണ്. അബ്കാരി കുടിശ്ശിക ഇനത്തില്‍ കിട്ടാനുള്ള 286 കോടി രൂപ തീര്‍പ്പാക്കുന്നതിന് സഹായകരമായ പുതിയൊരു ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി മൈനിംഗ് ആന്‍റ് ജിയോളജി മേഖലയിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ബജറ്റ് കേവലം കണക്കുകള്‍ മാത്രമല്ല, നാടിനെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ള ഒരു സമീപന രേഖയാണ്. നമ്മുടെ നാടിനെ കൂടുതല്‍ പുരോഗതിയിലേക്കും വികസനത്തിലേക്കും നയിക്കാനുള്ള പ്രവര്‍ത്തന രേഖയായി ഈ ബജറ്റ് മാറുമെന്നാണ് എന്‍റെ പ്രതീക്ഷ. ♦

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 1 =

Most Popular