Tuesday, November 5, 2024

ad

Homeകവര്‍സ്റ്റോറിസാമ്പത്തിക 
പ്രതിസന്ധി: പ്രതിക്കൂട്ടിൽ കേന്ദ്ര ബിജെപി 
സർക്കാർ

സാമ്പത്തിക 
പ്രതിസന്ധി: പ്രതിക്കൂട്ടിൽ കേന്ദ്ര ബിജെപി 
സർക്കാർ

യുഡിഎഫും ബിജെപിയും നടത്തുന്ന വ്യാജപ്രചാരണം സംസ്ഥാനം നികുതി പിരിക്കുന്നില്ലയെന്നതാണ്. 2022-നെ അപേക്ഷിച്ച് 2023-ൽ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം 22 ശതമാനമാണു കൂടിയത്. ഇത് ഇന്ത്യ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന വർദ്ധനയാണ്. നികുതിയിതര വരുമാനമാകട്ടെ 45 ശതമാനമാണ് വർദ്ധിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി? ഇവിടെയാണ് കേന്ദ്രം പ്രതിക്കൂട്ടിലാകുന്നത്.

കേന്ദ്രസഹായം എങ്ങനെയൊക്കെ?
കേന്ദ്രം മൂന്ന് രീതികളിലാണു നമുക്ക് ധനസഹായം നൽകുന്നത്.
ഒന്നാമത്തേത്, ഫിനാൻസ് കമ്മീഷൻ തീർപ്പു പ്രകാരമുള്ള നികുതി വിഹിതമാണ്. അതിൽ വർദ്ധനയേ ഉണ്ടായില്ല. 2022-ലും 2023-ലും ലഭിച്ചത് ഏതാണ്ട് ഒന്നു തന്നെ – 13,000 കോടി രൂപ.

രണ്ടാമത്തേത്, കേന്ദ്രം തരുന്ന ഗ്രാന്റുകളും മറ്റുമാണ്. ഇതിൽ ഫിനാൻസ് കമ്മീഷൻ ശുപാർശ ചെയ്ത ഗ്രാന്റുകൾ മാത്രമല്ല കേന്ദ്ര സർക്കാർ അല്ലാതെ തരുന്ന ഗ്രാന്റുകളും ഉൾപ്പെടും. അത് 2022-ൽ 30,000 കോടി രൂപ ലഭിച്ച സ്ഥാനത്ത് 2023-ൽ 27,000 കോടി രൂപയായി. ഏതാണ്ട് 10 ശതമാനത്തിന്റെ കുറവ്.

മൂന്നാമത്തേത്, കേന്ദ്രം അനുവദിക്കുന്ന വായ്പയാണ്. ഇവിടെയാണ് ഭീകരമായ ഇടിവ് ഉണ്ടായത്. 2022-ൽ 43,000 കോടി രൂപ വായ്പയെടുക്കാൻ അനുമതി ലഭിച്ചു. 2023-ൽ അത് 22,000 കോടി രൂപയായി കുറച്ചു. അതായത് വായ്പ ഏതാണ്ട് പകുതിയായി വെട്ടിക്കുറച്ചു.

നികുതിവിഹിതം ഔദാര്യമല്ല
ഇനി നിങ്ങൾ പറയൂ സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറഞ്ഞതുകൊണ്ടാണോ സാമ്പത്തിക പ്രതിസന്ധി? അതോ കേന്ദ്ര സർക്കാരിന്റെ വിവേചനംമൂലമാണോ? നികുതി വിഹിതം വർദ്ധിക്കാത്തതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നില്ല. അതു ധനകാര്യ കമ്മീഷന്റെ തീർപ്പാണ്. ഇതു സമ്മതിക്കുമ്പോൾ നികുതി വിഹിതം എന്തോ കേന്ദ്രത്തിന്റെ ഔദാര്യമാണെന്ന മട്ടിലുള്ള ബിജെപി പ്രചാരണത്തിന്റെ പൊള്ളത്തരവും നാം തിരിച്ചറിയേണ്ടതുണ്ട്. നികുതി വിഹിതം ഭരണഘടനാപരമായ നമ്മുടെ അവകാശമാണ്. ദൗർഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്തുനിന്നും കേന്ദ്രം പിരിക്കുന്ന നികുതിയുടെ 25 ശതമാനമേ നമുക്കു ലഭിക്കുന്നുള്ളൂ. യുപി പോലുള്ള സംസ്ഥാനങ്ങൾക്ക് അവരിൽ നിന്നും പിരിക്കുന്ന നികുതിയുടെ 180 ശതമാനം നൽകുന്നു. ഇതു ധനകാര്യ കമ്മിഷന്റെ തീർപ്പാണ്.

ഗ്രാന്റുകളിൽ ധനകാര്യ കമ്മീഷൻ തീരുമാനിക്കുന്ന ഗ്രാന്റുകൾ മാത്രമല്ല, കേന്ദ്ര സർക്കാർ തന്നിഷ്ടപ്രകാരം അനുവദിക്കുന്ന ഗ്രാന്റുകളുമുണ്ട്. പണ്ട് കേന്ദ്ര ബജറ്റിന്റെ 30 ശതമാനം കേന്ദ്ര സർക്കാരിന്റെ പ്ലാൻ ഫണ്ട് ആയിരുന്നു. അതിലൊരു ഭാഗം പ്ലാനിംഗ് കമ്മിഷൻ ഒരു ഫോർമുല അനുസരിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പ്ലാനും ഇല്ല. പ്ലാനിംഗ് കമ്മിഷനും ഇല്ല. കേന്ദ്ര സർക്കാർ തന്നിഷ്ടപ്രകാരമാണ് ഈ ഭീമമായ തുക എവിടെ ചെലവഴിക്കണമെന്നു തീരുമാനിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തോടു കടുത്ത വിവേചനമാണ് കേന്ദ്ര സർക്കാർ പ്രകടിപ്പിക്കുന്നത്. ബിജെപി ഭരിക്കുന്ന ഏതു സംസ്ഥാനത്തിനാണു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത്? അവർക്കെല്ലാം പതിനായിരക്കണക്കിനു കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമ്പോൾ കേരളത്തിന് ഇന്നേവരെ ഒരു പാക്കേജും അനുവദിച്ചിട്ടില്ല. കടലാക്രമണം തടയുന്നതിനും റബർ കൃഷിക്കാരെ സഹായിക്കുന്നതിനുമെല്ലാം നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്. അവയ്ക്കൊന്നും ഒരു പരിഗണനയും ലഭിച്ചിട്ടില്ല. എന്നു മാത്രമല്ല ഈ ഇനത്തിൽ 10 ശതമാനം കുറവുവരികയും ചെയ്യും.

റവന്യു കമ്മി ഗ്രാന്റ് – കേന്ദ്ര നിലപാട്

കേന്ദ്ര സർക്കാരിന്റെ നിലപാട് ഇത്തരത്തിൽ സംസ്ഥാനങ്ങൾക്കൊന്നിനും റവന്യു കമ്മി നികത്താൻ പ്രത്യേക ഗ്രാന്റ് നൽകേണ്ടതില്ലയെന്നാണ്. 15-–ാം ഫിനാൻസ് കമ്മിഷനു നൽകിയ പരിഗണനാ വിഷയങ്ങളിൽ ഏറ്റവും പ്രതിഷേധമുണ്ടാക്കിയ വിഷയം ഇതു സംബന്ധിച്ചായിരുന്നു. ഇനി റവന്യു ഡെഫിസിറ്റ് ഗ്രാന്റ് തുടരേണ്ടതുണ്ടോയെന്നു പരിശോധിക്കാൻ കേന്ദ്ര സർക്കാർ ഫിനാൻസ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വാക്കുകൾ വായിക്കുന്ന ആർക്കും സന്ദേശം വളരെ വ്യക്തമായിരുന്നു. റവന്യു ഡെഫിസിറ്റ് ഗ്രാന്റ് തുടരേണ്ടതില്ല.

ഈ പരിഗണനാ വിഷയത്തിനെതിരെ പടനയിച്ചത് കേരള സർക്കാർ ആയിരുന്നു. 15-–ാം ധനകാര്യ കമ്മിഷൻ 1971-ലെ ജനസംഖ്യയ്ക്കു പകരം 2011-ലെ ജനസംഖ്യ മാനദണ്ഡമായി സ്വീകരിച്ചതും വലിയ പ്രതിഷേധമുയർത്തിയ മറ്റൊരു വിഷയമായിരുന്നു. 15–-ാം ധനകാര്യ കമ്മിഷനിലെ പരിഗണനാ വിഷയങ്ങളിൽ പ്രകടമായിരുന്ന ഫെഡറൽ വിരുദ്ധ ചിന്താഗതികൾക്കെതിരെ കേരള സർക്കാർ മുൻകൈയെടുത്ത് തിരുവനന്തപുരം, പുതുശേരി, വിജയവാഡ, ഡൽഹി എന്നിവിടങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. കോൺഗ്രസ് ധനമന്ത്രിമാരും ഈ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. ഡൽഹിയിലെ സെമിനാർ ഉദ്ഘാടനം ചെയ്തത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ആയിരുന്നു.

തമിഴ്നാട്ടിൽ ജനസംഖ്യാ മാനദണ്ഡത്തിൽ വരുത്തിയ മാറ്റം വലിയ രാഷ്ട്രീയ പ്രശ്നമായി. അങ്ങനെയാണ് ഒരു ഒത്തുതീർപ്പെന്ന നിലയിൽ റവന്യു കമ്മി നികത്താനുള്ള ഗ്രാന്റ് പുനഃസ്ഥാപിച്ചത്. കേരളത്തിന് 53,000 കോടി രൂപ അനുവദിച്ചെങ്കിലും അതിന്റെ പകുതി ആദ്യവർഷവും പിന്നീടുള്ള രണ്ട് വർഷങ്ങളിൽ കുത്തനെ കുറഞ്ഞ് നാലാം വർഷംകൊണ്ട് ഇല്ലാതാകുന്ന ശുപാർശയാണ് ഫിനാൻസ് കമ്മിഷൻ സമർപ്പിച്ചത്. അങ്ങനെ 2023-ൽ കേരളത്തിന് ഈ ഗ്രാന്റ് ലഭിക്കുന്നത് അവസാനിച്ചു.

പിരിക്കാത്ത നികുതിയോ?
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ച ആക്ഷേപം 50,000 മുതൽ 75,000 കോടി രൂപ വരെ നികുതി പിരിക്കാതെ നഷ്ടപ്പെടുത്തിയെന്നാണ്. ജിഎസ്ടി ഒരു പുതിയ നികുതി സമ്പ്രദായമാണ്. അതുകൊണ്ട് ആ നികുതി പിരിവിന്റെ സാധ്യത പൂർണ്ണതോതിൽ പ്രയോജനപ്പെടുത്തുന്നതിന് അഞ്ച് വർഷമെങ്കിലും കാലതാമസം ഉണ്ടാകുമെന്നതുകൊണ്ടാണ് കേന്ദ്രം അഞ്ച് വർഷത്തേക്കു നഷ്ടപരിഹാരം നൽകുമെന്ന തീരുമാനമെടുത്തത്.
നഷ്ടപരിഹാരം കിട്ടുമല്ലോ. അതുകൊണ്ട് നികുതി പിരിക്കണ്ടയെന്ന നിലപാട് ഒരിക്കലും കേരളം സ്വീകരിച്ചിട്ടില്ല. മറിച്ച്, ജി.എസ്.ടി കൗൺസിലുകളിൽ നിങ്ങളുടെ നഷ്ടപരിഹാരത്തിനുവേണ്ടി കാത്തുനിൽക്കാനല്ല ഉദ്ദേശ്യമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നികുതി വരുമാനം വർദ്ധിപ്പിച്ച് നഷ്ടപരിഹാരത്തിന്റെ ആവശ്യം ഇല്ലാതാക്കാനാണു ആഗ്രഹിക്കുന്നത്. അതിന് അനിവാര്യമായിട്ടും വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ വീഴ്ച കേന്ദ്ര സർക്കാർ വരുത്തിയെന്നു കേരളം തുടർച്ചയായി കുറ്റപ്പെടുത്തുകയാണു ചെയ്തിട്ടുള്ളത്.

ജി.എസ്.ടി പൂർണ്ണമായും ഓൺലൈനായുള്ള ഒരു നികുതി പിരിവ് സമ്പ്രദായമാണ്. എന്നാൽ അഞ്ചാം വർഷമാണ് ജി.എസ്.ടിയുടെ ഐറ്റി സംവിധാനം പൂർണ്ണമായും പ്രവർത്തനക്ഷമമായത്. കേരളത്തെ സംബന്ധിച്ചിടത്തോളം അന്തർസംസ്ഥാന വ്യാപാരത്തിന് ഇ–വേ- ബില്ലുകൾ ഉണ്ടാകുകയെന്നതു പരമപ്രധാനമാണ്. കാരണം കേരളത്തിൽ ഉപയോഗിക്കുന്ന ചരക്കുകളുടെ 60–-70 ശതമാനം പുറത്തുനിന്നും വരുന്നവയാണ്. അവയ്ക്കെല്ലാം ഇ–വേ- ബില്ലുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ ചരക്കുകൾ വാങ്ങിയപ്പോൾ മറ്റു സംസ്ഥാനങ്ങളിൽകൊടുത്ത ഐ.ജി.എസ്.ടി കേരളത്തിനു ലഭിക്കൂ. ഇത്തരത്തിൽ കേരളത്തിലേക്കു വരുന്ന ചരക്കു വണ്ടികളിൽ ഇ–വേ- ബില്ലുകൾ ഉണ്ടോയെന്ന് തത്സമയം മനസിലാക്കാനുള്ള സൗകര്യം രണ്ട് വർഷം മുമ്പ് മാത്രമാണ് കേന്ദ്ര സർക്കാർ ലഭ്യമാക്കിയത്.

വായ്പയിലുള്ള കടുംവെട്ട്

കടുംവെട്ട് ഉണ്ടായിട്ടുള്ളതു നമുക്ക് അർഹമായിട്ടുള്ള വായ്പയിലാണ്. സംസ്ഥാന വരുമാനത്തിന്റെ 3 ശതമാനം വായ്പയെടുക്കാൻ നമുക്ക് അവകാശമുണ്ട്. ഈ വർഷം ചില പ്രത്യേക മാനദണ്ഡങ്ങൾ പ്രകാരം കൂടുതൽ വായ്പ അനുവദിക്കുമെന്നാണു കരുതിയിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ലഭിച്ചിരിക്കുന്ന വായ്പ മുൻ വർഷത്തേതിന്റെ പകുതിയാണ്. ഇതാണ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.

ഇതു മറച്ചുവയ്ക്കുന്നതിനു കള്ള പ്രചാരണവുമായിട്ട് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞ ചില കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രചാരണം നൽകിയിട്ടുള്ളത് ബിജെപിയുടെ സോഷ്യൽ മീഡിയയാണ്.

സമീപകാലത്ത് സ്വർണ്ണം സംബന്ധിച്ചുണ്ടായ ജി.എസ്.ടി കൗൺസിൽ തീരുമാനം ഈ അവസരത്തിൽ ഓർക്കുന്നതു നന്നായിരിക്കും. താല്പര്യമുള്ള സംസ്ഥാനങ്ങൾക്കു സ്വർണ്ണത്തിന് ഇ–വേ- ബില്ല് ഏർപ്പെടുത്താമെന്ന് ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചു. കേരളത്തിന്റെ നിർബന്ധംമൂലം ഇതിനുവേണ്ടി മന്ത്രിമാരുടെ ഒരു സബ് കമ്മിറ്റി 2020-ൽ രൂപീകരിച്ചതാണ്. ഇപ്പോഴാണു തീരുമാനം ഉണ്ടാകുന്നത്. കേന്ദ്രവും ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളുമായിരുന്നു എതിര്. സ്വർണ്ണത്തിന് ഇ–വേ- ബില്ല് ഇല്ലാത്തതുകൊണ്ട് ഈ മേഖലയിലെ നികുതി വെട്ടിപ്പ് ഭീമമായിരുന്നു. ജി.എസ്.ടിക്കു മുമ്പ് പിരിച്ചിരുന്നതിന്റെ നാലിലൊന്ന് നികുതിപോലും സ്വർണ്ണത്തിൽ നിന്നും ലഭിക്കാത്ത അവസ്ഥയായിരുന്നു. ഈ സ്ഥിതിവിശേഷത്തിന് ഉത്തരവാദികളായ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിനു പകരം സംസ്ഥാന സർക്കാരിനുമേൽ കുതിരകയറുകയാണ് പ്രതിപക്ഷനേതാവ്.

യുഡിഎഫ് 
സർക്കാരും 
നികുതി പിരിവും

വിഎസ് സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ നികുതി വരുമാനം പ്രതിവർഷം 18-–19 ശതമാനംവച്ച് വളർന്നു. തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ നികുതി വരുമാനം 19–-20 ശതമാനംവച്ച് വളർന്നു. പിന്നീടുള്ള മൂന്ന് വർഷവും 10 ശതമാനം വീതമായിരുന്നു വളർച്ച. എന്തുകൊണ്ട് ഇതു സംഭവിച്ചു?

ഇതിനു യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത മാത്രമല്ല കാരണം. നമ്മുടെ നികുതി സമ്പ്രദായത്തിൽ വലിയൊരു മാറ്റം വന്നു. കേരളത്തിനു പുറത്തുനിന്നും വരുന്ന ഏതാണ്ട് എല്ലാ ചരക്കുകളുടെമേലും വാറ്റ് നികുതിക്കു തുല്യമായ എൻട്രി ടാക്സ് ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ട് അന്തർസംസ്ഥാന വ്യാപാരത്തിൽ നിന്നും നികുതി പിരിക്കാൻ കഴിഞ്ഞു. എന്നാൽ സുപ്രീംകോടതി എൻട്രി ടാക്സ് റദ്ദാക്കിയതോടെ അന്തർസംസ്ഥാന വ്യാപാരത്തിലെ നികുതി ചോർച്ച വലിയ തോതിലായി. നമ്മുടെ നികുതി വരുമാന വർദ്ധനയും ഇടിഞ്ഞു.

എൽഡിഎഫ് സർക്കാർ വന്നിട്ടും ഈ സ്ഥിതിയിൽ മാറ്റമുണ്ടായില്ല. ജി.എസ്.ടിയുടെ നേട്ടം അന്തർസംസ്ഥാന വ്യാപാര ഇറക്കുമതിയുടെമേൽ ഐ.ജി.എസ്.ടി നികുതി കേരളത്തിനു ലഭിക്കുമെന്നുള്ളതാണ്. എന്നാൽ ഇതിനു ഫലപ്രദമായ ഇ–വേ- ബിൽ സമ്പ്രദായം അനിവാര്യമാണ്. അതു പ്രാവർത്തികമാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷമാണു കഴിഞ്ഞത്. ഈ വസ്തുത മറച്ചുവച്ച് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്.

കുടിശ്ശിക പിരിക്കുന്നില്ലേ?
2021 മാർച്ച് 31-ന് 21,798 കോടി രൂപ ആയിരുന്ന കുടിശ്ശിക 2022 മാർച്ച് 31-ന് 28,258 കോടി രൂപയായി ഉയർന്നുവെന്ന് സി&എജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം ചരിത്രത്തിലാദ്യമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കു സംസ്ഥാന രൂപീകരണം മുതൽ നൽകിയ ലോണിന്റെ പലിശയായ 5,980 കോടി രൂപയും വിവിധ സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ലോൺ ഏടുത്തപ്പോൾ സർക്കാർ നൽകിയ ഗ്യാരന്റി ഫീസിനത്തിലെ 635 കോടി രൂപയും കുടിശ്ശികയായി ചേർത്തു. ഇത് കണക്ക് എഴുത്തിലെ ഒരു മാറ്റം മാത്രമാണ്. സാധാരണഗതിയിൽ ഇത്തരം കുടിശ്ശികകൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ സർക്കാർ ഓഹരികളായിട്ടു മാറ്റുകയാണു പതിവ്. അങ്ങനെ സി&എജി ചെയ്തിരുന്നുവെങ്കിൽ കുടിശ്ശിക വർദ്ധനയൊന്നും ഉണ്ടാവില്ലായിരുന്നു. മറിച്ച് സർക്കാർ കുടിശ്ശിക കുറയുന്ന സ്ഥിതി സംജാതമാവുകയും ചെയ്യുമായിരുന്നു.

ഏറ്റവും വലിയ കുടിശ്ശിക സെയിൽസ് ടാക്സിലാണല്ലോ. അതിൽ കളക്ടർമാരുടെ റിപ്പോർട്ടുകൾ പ്രകാരം ജപ്തി നടത്തി പിരിച്ചെടുക്കാൻ കഴിയാത്ത കുടിശ്ശികകളും കോടതി സ്റ്റേയുള്ള കുടിശ്ശികകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശികകളും മാറ്റിയാൽ 3,000 കോടി രൂപയാണ് ആകെ പിരിച്ചെടുക്കാൻ കഴിയുക. ഇതാണ് യാഥാർത്ഥ്യം. l

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നടപ്പുവർഷം കേന്ദ്ര വിഹിതത്തിൽ വന്ന വെട്ടിക്കുറവ്
ജി.എസ്.ടി നഷ്ടപരിഹാരക്കുറവ് 12,000 കോടി രൂപ
റവന്യൂ കമ്മി ഗ്രാന്റിലെ കുറവ് 8,400 കോടി രൂപ
വായ്പാനുമതി നിഷേധം മൂലമുണ്ടാകുന്ന കുറവ് 19,600 കോടി രൂപ
നികുതി വിഹിത ശതമാനം കുറച്ചതു മൂലമുള്ള നഷ്ടം (പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.89 ശതമാനം ഉണ്ടായിരുന്ന സംസ്ഥാന വിഹിതം 15–-ാം ധനകാര്യ 
കമ്മീഷന്റെ കാലത്ത് 1.92 ശതമാനമായി വെട്ടിക്കുറച്ചു) 18,600 കോടി രൂപ

 

കേരളത്തിന് കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ള കുടിശ്ശികകൾ
യു.ജി.സി ശമ്പള പരിഷ്കരണ കുടിശ്ശിക 750 കോടി രൂപ
നഗര വികസന ഗ്രാന്റ് 700 കോടി രൂപ 
(ഇതിൽ 500 കോടി രൂപ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചു)
ഗ്രാമവികസന ഗ്രാന്റ് നെല്ല് സംഭരണം ഉൾപ്പടെ 1260 കോടി രൂപ
ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടത് 790 കോടി രൂപ
വിവിധ ദുരിതാശ്വാസങ്ങൾക്കുള്ളത് 138 കോടി രൂപ
സ്റ്റേറ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ട് 69 കോടി രൂപ
ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് സ്പെഷ്യൽ അസിസ്റ്റൻസ് (CAPEX) 1925 കോടി രൂപ
ആകെ 5632 കോടി രൂപ

 

കേന്ദ്ര പദ്ധതികളുടെ പൊള്ളത്തരങ്ങൾ
ലൈഫ് ഭവന പദ്ധതി
വീടൊന്നിന് കേരള സർക്കാർ നൽകുന്നത് 4 ലക്ഷം രൂപ ഫ്ളാറ്റിന് 25 ലക്ഷം രൂപ വരെ കേന്ദ്ര വിഹിതം 75,000 രൂപ മാത്രം
സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷൻ
കേരളം അംഗീകരിച്ച ഗുണഭോക്താക്കൾ 64 ലക്ഷം കേന്ദ്ര സഹായമുള്ള ഗുണഭോക്താക്കൾ 5.88 ലക്ഷം മാത്രം
കേരളം പ്രതിമാസം നൽകുന്നത് 1600 രൂപ വീതം 5.88 ലക്ഷത്തിന് കേന്ദ്ര സഹായം 200 രൂപ വീതവും
കേരളം പ്രതിവർഷം ചെലവിടുന്നത് 12,000 കോടി രൂപ കേന്ദ്ര സർക്കാർ ചെലവ് പ്രതിവർഷം 300 കോടിയിൽ താഴെ മാത്രം
സ്കൂൾ ഉച്ചഭക്ഷണം (പാചക തൊഴിലാളി വേതനം)
കേരള സർക്കാർ നൽകുന്നത് ശരാശരി 12,500 രൂപ കേന്ദ്ര വിഹിതം 600 രൂപ മാത്രം
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
കേരള സർക്കാർ പ്രതിവർഷം നൽകുന്നത് ശരാശരി 1600 കോടി രൂപ കേന്ദ്ര സർക്കാർ പ്രതിവർഷം നൽകുന്നത് ശരാശരി 
150 കോടി രൂപ
കേരളം നിശ്ചയിച്ച ഗുണഭോക്താക്കളായ 42 ലക്ഷം പേർക്ക് 
ശരാശരി ചെലവിടുന്നത് 2,800 രൂപ വീതം കേന്ദ്ര സഹായമുള്ള ഗുണഭോക്താക്കൾ 22 ലക്ഷം മാത്രം. ശരാശരി 600 രൂപ വീതവും
കേരളം നടപ്പാക്കിയ സാർവ്വത്രിക ആരോഗ്യ സുരക്ഷാ 
പദ്ധതിയിൽ ഗുണഭോക്താക്കൾ 80 ലക്ഷം (മെഡിസെപ്, 
കാപ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട് എന്നിവ ഉൾപ്പടെ) ഇതിൽ നാമമാത്ര കേന്ദ്ര സഹായമുള്ളത് 22 ലക്ഷം 
പേർക്ക് മാത്രം.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 5 =

Most Popular