Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറികിഫ്ബി എന്തു ചെയ്യുന്നു?

കിഫ്ബി എന്തു ചെയ്യുന്നു?

ഇലക്ഷൻ കാമ്പയിൻ

കിഫ്ബിയുടെ വായ്പ  സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ് എന്നതാണല്ലോ കേന്ദ്ര നിലപാട്?

ഇതേ മാനദണ്ഡം കേന്ദ്ര സർക്കാരിന് ബാധകമാകുന്നുണ്ടോ?

കിഫ്ബിയ്ക്കു നിയമസഭ പാസാക്കിയ നിയമ പ്രകാരം നികുതിയുടെ ഒരു വിഹിതം നല്കുന്നുണ്ട്. ഈ പണം അടിസ്ഥാനപ്പെടുത്തി കിഫ്ബി വിപണിയിൽ  നിന്നും വായ്പ എടുത്ത് സംസ്ഥാനത്തിന്റെ മുൻഗണന അനുസരിച്ച് പശ്ചാത്തല സൗകര്യ വികസനത്തിൽ പണം മുടക്കുന്നു. ചില പദ്ധതികൾ വരുമാനം ഉണ്ടാക്കുന്നവയാണ്. ഈ വരുമാനവും, സർക്കാർ എല്ലാ വർഷവും നൽകുന്ന നികുതി വിഹിതവും ഉപയോഗിച്ച് തിരിച്ചടവ് നടത്തും. അങ്ങനെ തിരിച്ചടവ് സാധ്യമാകുന്ന അത്രയും വായ്പ മാത്രമേ കിഫ്ബി എടുക്കൂ. ഇതാണ് കിഫ്ബി മോഡൽ.

പണം തിരിച്ചു കിട്ടാത്ത സ്കൂളുകൾ, ആശുപത്രികൾ, പാലങ്ങൾ, റോഡുകൾ, കളിസ്ഥലങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവ പണമുണ്ടാകുന്ന കാലത്ത് (രണ്ടോ, മൂന്നോ പതിറ്റാണ്ടിനു ശേഷം) ചെയ്താൽ മതിയോ? അല്ലെങ്കിൽ റോഡിനും പാലത്തിനുമെല്ലാം  കടുത്ത ടോൾ  ഏർപ്പെടുത്തി സ്വകാര്യ കമ്പനികൾക്ക് നിർമ്മാണം ഏൽപ്പിച്ചു കൊടുക്കാം. ആശുപത്രിയ്ക്കും സ്കൂളിനുമെല്ലാം വലിയ യൂസർ ഫീസ് എർപ്പെടുത്തി സ്വകാര്യ എജൻസികളെ   ചുമതല ഏൽപ്പിക്കാം. കേരളത്തിന് ഇതു  സ്വീകാര്യമല്ല. അതുകൊണ്ട് ഒരു ബദൽ വേണം. അതാണ് കിഫ്ബി സാധ്യമാക്കുന്നത്.

ഒരു പദ്ധതി സ്വകാര്യ കരാറുകാരനെ / സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നു. അവർ അതിനുള്ള പണം മുടക്കുന്നു. പലിശയും ലാഭവും ചേർത്ത് പറയുന്ന പണം ഈ സ്വകാര്യ ഏജൻസിക്ക്  ഗഡുക്കളായി സർക്കാർ നല്കുന്നു. ഇതാണ് ആന്വിറ്റി മാതൃക.  ഇവിടെ ഒരുകൂട്ടം പൊതു പദ്ധതികളുടെ നിർമ്മാണം , സ്വകാര്യ ഏജൻസിക്കുപകരം ഒരു സർക്കാർ സ്ഥാപനം രൂപീകരിച്ച് അതിനെ ഏൽപ്പിക്കുന്നു. അവർക്ക് പണം സ്വരൂപിയ്ക്കാൻ  നിശ്ചിത നികുതി വിഹിതം നൽകുന്നു. ഇത് ആന്വിറ്റി മാതൃകയാണ്. ഈ പദ്ധതികളുടെ മുതൽമുടക്കിനുള്ള പണം എങ്ങനെയാണ് സ്വകാര്യ ആന്വിറ്റികളിൽ നിന്നും വിഭിന്നമായി സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയാകുന്നത്? അങ്ങനെയാണ് എന്നു തീർപ്പുകൽപ്പിച്ചാണ് കേന്ദ്ര സർക്കാർ അതിനു വേണ്ടി എടുക്കുന്ന വായ്പ വായ്പാപരിധിയിൽ നിന്നും വെട്ടിക്കുറയ്ക്കുന്നത്. ഇതിനൊക്കെ പറയുന്ന ന്യായം കേരളത്തിന്റെ കടം ഇതെല്ലാം ചേരുന്നതാണ്; അത് പരിധിവിടുന്നു എന്നാണ്. ഈ താപ്പ് കേന്ദ്ര സർക്കാരിന് ബാധകമാകുന്നുണ്ടോ? ഇല്ലേയില്ല .അവിടെയാണ് ഇരട്ടത്താപ്പ് .  അവർ ഇഷ്ടം പോലെ ചെയ്യും. ചില കണക്കുകൾ നമുക്കു നോക്കാം.

• 2022 ലെ കേന്ദ്ര സർക്കാരിന്റെ ആന്വിറ്റി ബാധ്യത(committed annuity liability)  84,903.51 കോടി രൂപയാണ്. ആ വർഷത്തെ മാത്രം ബാധ്യത 5,275.88 കോടി രൂപ. തലേ വർഷം വരെയുള്ള ആന്വിറ്റി കുടിശ്ശിക 38,775.72 കോടി രൂപ. ദേശീയ പാതാ അതോറിറ്റി( National Highway Authority of India-–NHAI) യുടെ കടം 3.05 ലക്ഷം കോടി രൂപയാണ്. ഇതൊന്നും കേന്ദ്ര സർക്കാരിന്റെ direct liability ആയി കണക്കിലെടുത്തിട്ടില്ല.

• 2020-–21 ലെ   കേന്ദ്ര സർക്കാരിന്റെ ബജറ്റേതര കടം 26,665 കോടി രൂപയാണ്. ഇന്ത്യൻ റെയിൽവേയ്ക്കു 10,200 കോടി രൂപയും എയർ ഇന്ത്യ അസ്സറ്റ് ഹോൾഡിങ് കമ്പനിയ്ക്ക് 7,000 കോടി രൂപയും സർക്കാർ പൂർണ്ണമായും തിരിച്ചടയ്ക്കും എന്ന നിബന്ധനയിൽ വായ്പ എടുത്തു. മേൽപ്പറഞ്ഞ ആന്വിറ്റി ബാധ്യതയ്ക്ക് പുറമെയാണിത്. ഇതും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയായി കണക്കിലെടുക്കുന്നില്ല.

കിഫ്ബിയില്ലാക്കാലം എന്നാൽ?

• 223 റോഡുകൾ, 91 പാലങ്ങൾ, 57 റെയിൽവേ മേൽപ്പാലങ്ങൾ, 15 ഫ്ലൈ ഓവറുകൾ, ഒരു അടിപ്പാത എന്നിവയൊക്കെ 18,445 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചത് കിഫ്ബി വഴിയാണ്.
• ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കലിന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട 5,580 കോടി രൂപയും കിഫ്ബി വഴി നൽകിയതാണ്.
• 10 പുതിയ കാത്ത്ലാബുകൾ, 44 ജനറൽ ആശുപത്രികളിൽ പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡ്- ഇവയും കിഫ്ബിയാണ് .
• ഹൈടെക് ആക്കിയ 44,705 ക്ലാസ് മുറികൾ 11,257 സ്കൂൾ ലാബുകൾ, 268 സ്കൂൾ കെട്ടിടങ്ങൾ എന്നിവയും കിഫ്ബി മുതൽമുടക്കാണ് .
• കെ- ഫോണും ട്രാൻസ്ഗ്രിഡ് വൈദ്യുത പ്രസരണ,വിതരണ ശൃംഖലയും കിഫ്ബി തന്നെ
• ഇൻഡസ്ട്രിയൽ പാർക്കുകൾക്കും വിൽക്കാൻ വെച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വാങ്ങുന്നതിനും പണം നല്കിയത് കിഫ്ബിയാണ്.
• സാംസ്കാരിക നിലയങ്ങൾ , മലയോര പാത, തീരദേശ പാത എന്നിവയും കിഫ്ബി മുതൽമുടക്കിലാണ്.
• കിഫ്ബിയില്ലാക്കാലം എന്നാൽ പശ്ചാത്തല സൗകര്യ വികസനം മരവിക്കുക എന്നാണ്.

ഈ ക്രമീകരണം തകർത്തത് ആരാണ്? 
എന്തിനാണ് തകർത്തത്?
പെൻഷൻ കമ്പനി എടുക്കുന്ന ഈ കൈവായ്പ കേരളത്തിന്റെ വായ്പാ പരിധിയിൽപെടുത്തി അതിനെ തകർത്തത് കേന്ദ്ര ബിജെപി ഭരണകൂടമാണ്.

അതിനു കുടപിടിച്ചത് കോൺഗ്രസ്സും യുഡിഎഫും. ഒരു ഭാവി ബാധ്യതയും വരുത്താത്ത ഇത്തരം ഒരു ധന ക്രമീകരണത്തെ ആക്രമിച്ചു തോൽപ്പിക്കാൻ ഇറങ്ങിയതെന്തിനാണ്?

9.3 ശതമാനം പെൻഷൻകാർക്കാണ് കേന്ദ്ര വിഹിതമുള്ളത്. അതും 200-–300 രൂപ മാത്രം . ഈ തുച്ഛമായ കേന്ദ്ര വിഹിതം സംസ്ഥാനം കൊടുത്തു മേനി നടിക്കേണ്ട എന്നു പറഞ്ഞുകൊണ്ടു കേന്ദ്രം നേരിട്ടു കൊടുക്കാൻ ഇറങ്ങിയിട്ട് എന്തായി? കേന്ദ്ര വിഹിതം നേരത്തെ സംസ്ഥാനം അഡ്വാൻസായി നൽകിയ വകയിൽ 600-–700 കോടി രൂപ വേറെയും കിട്ടാനുണ്ടായിരുന്നത് രണ്ടു കൊല്ലത്തിനു ശേഷമാണ് നൽകിയത്.

പെൻഷൻ കമ്പനിയെ 
തകർക്കുന്നതെന്തിന്?

നാലു പാദങ്ങളിലായാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കൊടുത്തിരുന്നത്. സംസ്ഥാന സർക്കാർ വരുമാനം എല്ലാ മാസവും തുല്യമായിട്ടല്ല കിട്ടുന്നത് എന്നതാണ് അതിനു കാരണം. എല്ലാ മാസവും കൊടുക്കാൻ നമ്മുടെ പണലഭ്യത അനുവദിച്ചിരുന്നില്ല. ഇതിനു പരിഹാരം കാണാനുള്ള ശ്രമമാണ് പെൻഷൻ കമ്പനിയിൽ എത്തിക്കുന്നത്. പെൻഷൻ കൊടുക്കാനുള്ള പണം എല്ലാ മാസവും കമ്പനി സഹകരണ മേഖലയിൽ നിന്നും സമാഹരിക്കും. വരുമാനം വരുമ്പോൾ അതതു സാമ്പത്തിക വർഷം തന്നെ തിരികെ കൊടുക്കും. പെൻഷൻ എല്ലാ മാസവും കൊടുക്കാൻ കഴിയുന്നു എന്ന വലിയ നേട്ടം ഇതിലൂടെ കൈവരിച്ചു. പ്രത്യേകം ഓർക്കേണ്ട കാര്യം ഈ വായ്പ ഒരു സഞ്ചിത ബാധ്യതയും ഉണ്ടാക്കുന്നില്ല. കൈവായ്പയാണ് അത്. കൊടുത്തു തീർത്തു പോവുകയാണ്.

• ഒരു വ്യവസ്ഥയുമില്ലാതെ യുഡിഎഫ് തകർത്ത സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയ്ക്കു വ്യവസ്ഥയുണ്ടാക്കിയതും 1000 രൂപ വർദ്ധിപ്പിച്ചതും കുടിശ്ശിക കൊടുത്തു തീർത്തതും എൽഡിഎഫ് സർക്കാരുകളാണ്.

• ഗുണഭോക്താക്കളുടെ എണ്ണം 32 ലക്ഷത്തിൽ നിന്നും 62 ലക്ഷമാക്കിയത് എൽഡിഎഫ് ആണ്.

• എല്ലാമാസവും പെൻഷൻ കൊടുക്കാൻ ഉണ്ടാക്കിയ ധനക്രമീകരണം തകർത്തത് കേന്ദ്ര സർക്കാരും യുഡിഎഫും ചേർന്നാണ്.

• സമാനതകളില്ലാത്ത, ഉപരോധ സമാനമായ സാമ്പത്തിക വിവേചനം എത്രതന്നെ നേരിട്ടാലും സമൂഹ്യ സുരക്ഷാ പദ്ധതികൾ മുന്നോട്ടുകൊണ്ടു പോകുക തന്നെ ചെയ്യും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × five =

Most Popular