Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിമികവിൽനിന്ന് 
മികവിലേക്ക് 
കുതിക്കുന്ന
സ്കൂൾ വിദ്യാഭ്യാസം

മികവിൽനിന്ന് 
മികവിലേക്ക് 
കുതിക്കുന്ന
സ്കൂൾ വിദ്യാഭ്യാസം

ഇലക്ഷൻ കാമ്പയിൻ

സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് സമഗ്ര മാറ്റം ലക്ഷ്യം വച്ചുള്ള ചരിത്രപരമായ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. അതിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1,3, 5, 7, 9 ക്ലാസുകളിലെ കുട്ടികൾ പഠിക്കുന്നത് പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ്. 2, 4,6, 8, 10 ക്ലാസുകളിലെ പരിഷ്കരിച്ച പുസ്തകങ്ങൾ 2025 ജൂൺ മാസത്തിന് മുമ്പ് തന്നെ വിദ്യാർത്ഥികളിൽ എത്തും. ഇതോടൊപ്പം ഹയർ സെക്കൻഡറി പരിഷ്കരണവും നടക്കും.

മൂല്യനിർണയം സമഗ്രവും സുതാര്യവും കാര്യക്ഷമവും ആയി നടപ്പാക്കാൻ പരിഷ്കരണ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നു. ഓരോ കുട്ടിയെയും അവരുടെ കഴിവുകൾ പരിഗണിച്ച് മൂല്യനിർണയം നടത്തുന്ന രീതിയാകും അവലംബിക്കുക. നിരന്തര മൂല്യനിർണയം ശക്തിപ്പെടുത്തുന്നതിന് വേണ്ടി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പ്രത്യേക പദ്ധതിയും ആസൂത്രണം ചെയ്തു നടപ്പിലാക്കും.

അധ്യാപക പരിശീലനം ആധുനിക കാലത്തിനനുസൃതമായി പരിഷ്കരിക്കാനുള്ള നടപടികൾ നടന്നു വരികയാണ്. പുതുതായി സർവീസിൽ പ്രവേശിച്ച അധ്യാപകർക്കായി ഒരാഴ്ച നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ പരിശീലനം 2023–24 തന്നെ ആരംഭിച്ചു. ഇത് അധ്യാപകരുടെ സർവീസിന്റെ ഭാഗമാക്കാനുള്ള നടപടികളും നടന്നുവരുന്നു. നിലവിൽ നിർമ്മിത ബുദ്ധിയുടെ പരിശീലനം അടക്കം അധ്യാപകർക്ക് നൽകിക്കഴിഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം എല്ലാ അധ്യാപകർക്കും നിർമ്മിത ബുദ്ധിയുടെ പരിശീലനം നൽകുന്നത്.

രാജ്യത്ത് ആദ്യമായി സ്പോർട്സ് വിദ്യാലയങ്ങൾക്കായി പ്രത്യേക കരിക്കുലം സംസ്ഥാനം തയ്യാറാക്കുന്നു. കുട്ടികൾക്ക് കൂടുതൽ പഠന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികളാണ് ഇതിന്റെ ആദ്യപടി. അക്കാദമിക കാര്യത്തിനും കായിക കാര്യങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന തരത്തിലായിരിക്കും കരിക്കുലം തയ്യാറാക്കുക. സ്പോർട്സുമായി സമന്വയിപ്പിച്ച് വിവിധ വിഷയങ്ങൾ പഠിപ്പിക്കും. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഹെൽത്തി കിഡ്സ് പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. തൊഴിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാൻ 5, 7, 9 ക്ലാസുകളിൽ തൊഴിൽ ഉദ്ഗ്രഥിത പാഠപുസ്തകങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്തുകഴിഞ്ഞു.

ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികാസം മുൻനിർത്തി ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്താദ്യമായാണ് ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ തയ്യാറാക്കി പ്രവർത്തനപഥത്തിൽ എത്തിക്കുന്നത്.

കാര്യക്ഷമവും ഗൗരവമാർന്നതുമായ അക്കാദമിക പ്രവർത്തനങ്ങളും പരീക്ഷയും മൂല്യനിർണയവും വിദ്യാലയങ്ങളിൽ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും ഓരോ ക്ലാസിലും ഓരോ കുട്ടിയും അവർ നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ടി ഈ വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുകയാണ്. ഈ വർഷം എട്ടാം ക്ലാസിലും 2025 ൽ എട്ടിലും ഒമ്പതിലും 2026 ൽ എട്ടിലും ഒമ്പതിലും പത്തിലും സബ്ജക്ട് മിനിമം നടപ്പാക്കും. ഓരോ കുട്ടിയെയും അവരുടെ കഴിവുകൾ അനുസരിച്ചുള്ള മികവിലേക്ക് ഉയർത്തുക എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യം വെക്കുന്നത്. ഒരു കുട്ടിയെയും സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് പുറന്തള്ളുക എന്നത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അജൻഡ അല്ല. പഠന പിന്തുണ വേണ്ട എല്ലാ വിദ്യാർത്ഥികൾക്കും അത് ഉറപ്പാക്കി ഒരു ക്ലാസിൽ നിന്ന് അടുത്ത ക്ലാസിലേക്ക് പഠിച്ചു കയറാനുള്ള അവസരം ആയിരിക്കും ഇത്.
വിദ്യാർത്ഥികളുടെ സമഗ്രമായ വികാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം സ്കൂൾ മേളകൾക്കും വലിയ പ്രാധാന്യം നൽകുന്നു. 47 ലക്ഷത്തോളം വിദ്യാർഥികൾ നമ്മുടെ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. ആരോഗ്യവും മികച്ച കായിക ക്ഷമതയുള്ള പൗരർ ഒരു രാജ്യത്തിന്റെ പൊതു സമ്പത്താണ്. കുട്ടികളിൽ മികച്ച ആരോഗ്യ,കായിക സംസ്കാരം രൂപപ്പെടുത്തുന്നതിനോടൊപ്പം മികവ് പ്രകടിപ്പിക്കുന്ന കുട്ടികളെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാന കായിക താരങ്ങളായി വളർത്തിയെടുക്കുക എന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന ലക്ഷ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ കായികമേളകളായ ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പുകൾ എന്നിവയുടെ പ്രാധാന്യം, പ്രസക്തി, സാധ്യത എന്നിവ കുട്ടികളിൽ എത്തിക്കുന്നതിനാണ് ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ വളരെ വിപുലമായി നടത്തുന്നത്.

കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിലും കായികോത്സവത്തിലും ഗൾഫ് മേഖലയിലെ കേരള സിലബസിലുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും പങ്കെടുക്കാം എന്നത് ഇത്തവണത്തെ സവിശേഷതയാണ്. പരിഷ്കരിച്ച മാന്വൽ പ്രകാരമാണ് ഇത്തവണത്തെ കലോത്സവം സംഘടിപ്പിക്കുന്നത്.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യമാണ് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. 2016–24ലെ സർക്കാരിന്റെ കാലത്ത് ഭരണാനുമതി നൽകിയിരുന്ന 5 കോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട 71 സ്കൂൾ കെട്ടിടങ്ങളും 3 കോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട 127 സ്കൂൾ കെട്ടിടങ്ങളും 1 കോടി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെട്ട 188 സ്കൂൾ കെട്ടിടങ്ങളും ഉൾപ്പടെ ആകെ 386 സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൂർത്തിയാക്കി.

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന അതിദരിദ്ര വിഭാഗത്തിൽപ്പെട്ട 614 കുട്ടികളെ കണ്ടെത്തുകയുണ്ടായി. ഈ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിലേക്കായി സർക്കാർ ഈ സാമ്പത്തിക വർഷം 1,50,00,000/- രൂപ (ഒന്നരക്കോടി രൂപ) നീക്കിവച്ചിട്ടുണ്ട്.

ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം സർക്കാർ എയിഡഡ് മേഖലകളിലായി ഹയർ സെക്കണ്ടറി, സർക്കാർ മേഖലയിൽ 2682 അധ്യാപക നിയമനങ്ങളും എയിഡഡ് മേഖലയിൽ 1519 അധ്യാപക നിയമനങ്ങളും നടന്നിട്ടുണ്ട്. ഇത്തരത്തിൽ ആകെ ഹയർ സെക്കണ്ടറിയിൽ 4201 അധ്യാപക നിയമനങ്ങളാണ് നടന്നിട്ടുള്ളത്.

മാലിന്യമുക്ത, 
ലഹരി വിമുക്ത 
സ്കൂൾ ക്യാമ്പസ്

സംസ്ഥാനത്ത് സ്‌കൂൾ ക്യാമ്പസുകൾ മാലിന്യമുക്തമാക്കാനുള്ള വലിയ ക്യാമ്പയിൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുകയാണ്.

ക്യാംപയിന്റെ ഭാഗമായി സ്‌കൂൾതലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മാലിന്യമുക്ത പ്രഖ്യാപനം ഉണ്ടാകും.

2024 നവംബർ ഒന്നോടുകൂടി അമ്പത് ശതമാനം സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും.

ഡിസംബർ 31 ഓടു കൂടി നൂറ് ശതമാനം സ്‌കൂളുകളെയും സമ്പൂർണ്ണ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും.

പുതുതായി തയ്യാറാക്കിയ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പരിസരപഠനം, അടിസ്ഥാന ശാസ്ത്രം, ജീവശാസ്ത്രം, ഹിന്ദി എന്നീ പാഠപുസ്തകങ്ങളിൽ മാലിന്യ സംസ്‌കരണവും ശുചിത്വ ബോധവും പ്രതിപാദിക്കുന്നുണ്ട്.

ഈ ക്ലാസ്സുകളിൽ ഉൾപ്പെടെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ആശയത്തിൽ ഊന്നി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട സർക്കാർ വളരെ വിജയകരമായി ഒന്നാംഘട്ട ലഹരി വിരുദ്ധ ക്യാംപയിനിൽ വിദ്യാർത്ഥികൾ അടക്കം ഒരു കോടി പേരെ അണിനിരത്തി.

ഇപ്പോൾ ലഹരി വിരുദ്ധ ക്യാംപയിന്റെ അടുത്ത ഘട്ടമാണ് നമ്മൾ നടപ്പാക്കുന്നത്.



വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ നോൺ വൊക്കേഷണൽ ടീച്ചർ ജൂനിയർ 75 നിയമനങ്ങളും നോൺ വൊക്കേഷണൽ സീനിയർ ടീച്ചർമാരുടെ 44 നിയമനങ്ങളും ഉൾപ്പെടെ 119 നിയമനങ്ങളും നടന്നിട്ടുണ്ട്.

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രൊഫ.എം.എ.ഖാദറിന്റെ അധ്യക്ഷതയിൽ നിയോഗിച്ച സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട ശുപാർശ ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രായോഗികമാക്കണമെങ്കിൽ ഹയർ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസം ഏകീകരിക്കണമെന്നും വിവിധ തലങ്ങളിൽ ഒറ്റ സ്ഥാപന മേധാവിയുടെ കീഴിൽ കൊണ്ടുവരണം എന്നുമായിരുന്നു. റിപ്പോർട്ടിന്റെ ഒന്നാം ഭാഗം സർക്കാർ തത്വത്തിൽ അംഗീകരിച്ചതിന്റെ തുടർച്ചയായി ഡി.പി.ഐ, ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവയെ ഏകോപിപ്പിച്ച് സർക്കാർ ഉത്തരവായി. വ്യത്യസ്ത ഡയറക്ടർമാർ എന്നത് മാറ്റി ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ (ഡി.ജി.ഇ.) എന്ന ഒറ്റ ഡയറക്ടറുടെ കീഴിലാക്കി. കൂടാതെ സ്ഥാപനമേധാവിയായി ഹയർ സെക്കന്‍ഡറി പ്രിൻസിപ്പാളിനെ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ കേരള വിദ്യാഭ്യാസ നിയമത്തിലും ചട്ടങ്ങളിലും വരുത്തിയിട്ടുണ്ട്.

അടുത്ത ഘട്ടമായി ഡയറക്ടറേറ്റുകള്‍ക്ക് കീഴില്‍ വരുന്നതും സ്കൂളുകളിലെയും തസ്തികകള്‍ സംബന്ധിച്ച സ്പെഷ്യല്‍ റൂള്‍ രൂപീകരണമാണ്. ഇതിനായി രൂപീകരിക്കപ്പെട്ട കോർ കമ്മിറ്റി കേരള പൊതുവിദ്യാഭ്യാസ സംസ്ഥാന സർവ്വീസിന്റെ സ്പെഷ്യൽ റൂൾ, കേരള പൊതുവിദ്യാഭ്യാസ സബോർഡിനേറ്റ് സർവ്വീസിന്റെ സ്പെഷ്യൽ റൂൾ എന്നിവ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

പ്രസ്തുത റിപ്പോര്‍ട്ടില്‍ നിലവിലുള്ള ജീവനക്കാരെ ദോഷകരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങളൊന്നും തന്നെയില്ല. നിലവിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനും മറ്റും യാതൊരുവിധ തടസ്സങ്ങളുമില്ലെന്നു മാത്രമല്ല, സീനിയര്‍ ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് എഡ്യുക്കേഷൻ ഓഫീസർ, സ്കൂൾ എഡ്യൂക്കേഷൻ ഓഫീസർ, അസിസ്റ്റന്റ് സ്കൂൾ എഡ്യൂക്കേഷൻ ഓഫീസർ തുടങ്ങിയ തസ്തികകള്‍ പുതുതായി അനുവദിക്കുന്നതിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ 12026 സർക്കാർ / എയ്‌ഡഡ് വിദ്യാലയങ്ങളിലെ (സ്പെഷ്യൽ വിദ്യാലയങ്ങൾ ഉൾപ്പെടെ) പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുളള 26.19 ലക്ഷം കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂൾ പ്രവൃത്തി ദിനങ്ങളിലും പോഷകപ്രദവും ഗുണമേന്മയുളളതുമായ ഉച്ചഭക്ഷണം നൽകി വരുന്നു. ഇതോടൊപ്പം സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലുൾപ്പെട്ട കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു.

സഹവിദ്യാഭ്യാസം

ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന കോ എഡ്യൂക്കേഷൻ സംവിധാനം പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതനുസരിച്ചു അപേക്ഷകൾ ലഭിക്കുന്ന മുറക്ക് സ്കൂളുകൾ മിക്സഡ് ആക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചു വരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 27 സർക്കാർ സ്കൂളുകളും 29 എയ്ഡഡ് സ്കൂളുകളും ഉൾപ്പെടെ ആകെ 56 സ്കൂളുകൾ മിക്സഡ് ആക്കാൻ അനുമതി നൽകിയിട്ടുണ്ട്.

പാഠപുസ്തകങ്ങളും യൂണിഫോമും ക്ലാസുകൾ തുടങ്ങുന്നതിനു മുമ്പു തന്നെ വിതരണം ചെയ്യാനായി. പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും നേരത്തെ നിശ്ചയിച്ച തീയതിക്ക് മുമ്പു തന്നെ നടത്താനുമായി. പ്ലസ് വൺ പ്രവേശനം ശാസ്ത്രീയവും സുതാര്യവും ആയി നടത്തി. അഡീഷണൽ ബാച്ചുകൾ വേണ്ടിടത്ത് അവ നൽകി. ഫയൽ അദാലത്ത് നടത്തി ആയിരക്കണക്കിന് ഫയലുകൾ തീർപ്പാക്കി.

സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ ലിറ്റില്‍കൈറ്റ്സ് യൂണിറ്റുകള്‍ വഴി ഇതുവരെ 24000 റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി. ഡിസംബര്‍ മാസത്തോടെ 5000 എണ്ണം കൂടി ലഭ്യമാക്കുമ്പോള്‍ മൊത്തം 29000 റോബോട്ടിക് കിറ്റുകള്‍ നമ്മുടെ 2400 സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്കൂളുകളില്‍ ലഭ്യമാകും. ഇതിനായി CSR ഫണ്ടുള്‍പ്പെടെ 2.39 കോടി രൂപയാണ് ചെലവഴിക്കുന്നത്. നിര്‍മിതബുദ്ധി (എ.ഐ.) നിലവില്‍ ഏഴാം ക്ലാസിലെ ഐ.സി.ടി. പുസ്തകത്തില്‍‍ പഠനവിഷയമാണ്. ഹൈസ്കൂള്‍ തലം മുതലുള്ള 80000 അധ്യാപകര്‍ക്ക് കൈറ്റ് എ.ഐ. പരിശീലനം നല്‍കി വരുന്നുണ്ട്.

അടുത്ത അദ്ധ്യയന വര്‍ഷം 8, 9, 10 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളിലും എ.ഐ., റോബോട്ടിക്സ് തുടങ്ങിയവ പഠനവിഷയമാകും. ഇന്ത്യയില്‍ ആദ്യമായാണ് ഈ നടപടികള്‍.

സമഗ്ര ശിക്ഷാ കേരളം വഴി നിരവധി പദ്ധതികൾ നടപ്പാക്കാനായി.

സ്റ്റാര്‍സ് പദ്ധതി പ്രകാരം സെക്കന്ററി, ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ വിദ്യാഭ്യാസം നല്‍കുന്നതിനും അതിലൂടെ അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിനും സഹായിക്കുന്ന പദ്ധതി കൊണ്ടുവന്നു. സംസ്ഥാനത്ത് 14 ജില്ലകളിലുമായി മൊത്തം 236 സ്കില്‍ ഡവലപ്മെന്റ് സെന്ററുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 14 എണ്ണം (ഓരോ ജില്ലയിലും ഓരോന്നു വീതം) പൈലറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ബാക്കിയുള്ള സെന്ററുകള്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ഓരോ കേന്ദ്രത്തിലും ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള 2 വീതം കോഴ്സുകള്‍ (ജോബ്റോളുകള്‍) ആണ് നടപ്പിലാക്കുന്നത്.

സമഗ്ര ശിക്ഷാ കേരളത്തിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍സ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ചുവടെ പറയുന്ന 5 ഇടപെടല്‍ മേഖലകളിലാണ് നടപ്പിലാക്കുന്നത്.

1. ശൈശവകാല വിദ്യാഭ്യാസവും അടിസ്ഥാന വിദ്യാഭ്യാസവും മെച്ചപ്പെടുത്തല്‍.
2. മൂല്യനിര്‍ണയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍.
3. മെച്ചപ്പെട്ട അധ്യാപക പ്രകടനവും ക്ലാസറൂം പരിശീലനവും.
4. സേവന മികവ് ലക്ഷ്യമാക്കിയുള്ള ഭരണസംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍.
5. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും.
സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വീതം ചെലവഴിച്ച് 1108 സ്കൂളുകളില്‍ വര്‍ണ്ണക്കൂടാരം പദ്ധതി പ്രകാരം മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വര്‍ണ്ണക്കൂടാരം പദ്ധതി പ്രകാരം ഓരോ സ്കൂളിലും 13 ആക്ടിവിറ്റി ഏരിയകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 2024-–25 വര്‍ഷം 500 പ്രീസ്കൂളുകളില്‍ കൂടി വര്‍ണ്ണക്കൂടാരം പദ്ധതി ആരംഭിക്കുന്നതിന് 50കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 15 ലക്ഷം വീതം ചെലവഴിച്ച് 42 പ്രീസ്കൂളുകളെ മാതൃകാ പ്രീസ്കൂളുകളാക്കി മാറ്റിയിട്ടുണ്ട്.

ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പഠനം നിലച്ച ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിലെ 530 കുട്ടികൾ, ജി.എൽ.പി.എസ് മുണ്ടക്കൈയിലെ 81 കുട്ടികൾ എന്നിവർക്കുള്ള അധിക സൗകര്യ ങ്ങൾ യഥാക്രമം ജി.എച്ച്.എസ്.എസ്. മേപ്പാടിയിലും, മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള എ.പി.ജെ ഹാളിലും ഒരുക്കി സെപ്തംബർ 2 ന് പുന:പ്രവേശനനോത്സവത്തോടെ ക്ലാസുകൾ ആരംഭിച്ചു. ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതിനായി ജി.എച്ച്.എസ്.എസ് മേപ്പാടിയിൽ 12 ക്ലാസ് മുറികൾ, 2 ഐടി ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും ജി.എൽ.പി.എസ് മുണ്ടക്കൈയിലെ കുട്ടികൾക്കായി എ.പി.ജെ ഹാളിൽ ലഭ്യമായ ഇടം 5 ക്ലാസ് മുറികളായും മാറ്റി.

പൊതു വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ പ്രഥമ ശ്രേണിയിലാണ് കേരളം. നിതി ആയോഗിന്റെ സൂചികകളിൽ കേരളത്തിന്റെ സ്ഥാനം പ്രസക്തമാണ്. ഓൺലൈൻ വിദ്യാഭ്യാസ മികവിന് യുനെസ്കോ റിപ്പോർട്ടിൽ കേരളം ഇടംപിടിച്ചു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണ്. ഗ്രാമ നഗര വ്യത്യാസമില്ലാതെ പെൺകുട്ടികളും ആൺകുട്ടികളും കേരളത്തിൽ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇങ്ങനെ മികവിൽ നിന്ന് മികവിലേക്ക് കുതിക്കുകയാണ് കേരളം. വിദ്യാർത്ഥികളിൽ ഉള്ള നിക്ഷേപം കേരളത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണ്. വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കപ്പെടും. അതിന് പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. ആ പിന്തുണ ലഭിക്കുമെന്ന് ഉറപ്പുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − two =

Most Popular