Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിദെങ് സിയാവൊപിങ്: 
ധിഷണാശാലിയായ 
കമ്യൂണിസ്റ്റ്

ദെങ് സിയാവൊപിങ്: 
ധിഷണാശാലിയായ 
കമ്യൂണിസ്റ്റ്

ഷി ജിൻപിങ്

ദെങ് സിയാവൊപിങ്ങിന്റെ 
120–ാം ജന്മവാർഷികത്തോടനുബന്ധിച്ച് 
ചേർന്ന സമ്മേളനത്തിലെ പ്രസംഗം

ഖാക്കളേ, സുഹൃത്തുക്കളേ,

നമ്മുടെ പ്രിയങ്കരനായ സഖാവ് ദെങ് സിയാവൊപിങ്ങിന്റെ 120–ാം ജന്മവാർഷികവുമായി ബന്ധപ്പെട്ടാണ് നാമിന്ന് ഇവിടെ കൂടിയിരിക്കുന്നത്.

നമ്മുടെ പാർട്ടിയും സെെന്യവുമാകെ, രാജ്യത്തെ എല്ലാ ദേശീയ വിഭാഗങ്ങളിലെയും ജനങ്ങളാകെ, അംഗീകരിച്ച ഏറെപേരും പെരുമയുമുള്ള പ്രമുഖനായ ഒരു നേതാവായിരുന്നു സഖാവ് ദെങ് സിയാവൊപിങ്; മഹാനായ ഒരു മാർക്സിസ്റ്റായ അദ്ദേഹം പ്രഗൽഭനായ തൊഴിലാളിവർഗ വിപ്ലവകാരിയും ഭരണതന്ത്രഞ്ജനും സെെനികകാര്യ വിദഗ്ധനും നയതന്ത്രശാസ്ത്രഞ്ജനുമാണ്; കാലത്തെ അതിജീവിച്ച കമ്യൂണിസ്റ്റ് പോരാളിയായ ദെങ് പാർട്ടിയുടെ രണ്ടാം തലമുറയിലെ കൂട്ടായ നേതൃത്വത്തിലെ പ്രധാന വ്യക്തിത്വവും ചെെനയുടെ സോഷ്യലിസ്റ്റ് പരിഷ്കാരത്തിന്റെയും തുറന്ന സമീപനത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും മുഖ്യശിൽപ്പിയും ചെെനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസത്തിലെ ആദ്യപഥികനും ദെങ് സിയാവൊപിങ് സിദ്ധാന്തത്തിന്റെ മുഖ്യസ്ഥാപകനും ലോകസമാധാനത്തിനും വികസനത്തിനും പ്രമുഖ സംഭാവനകൾ നൽകിയ മഹാനായ സാർവദേശീയവാദിയുമായിരുന്നു.

മഹനീയമായ ഒരു ജീവിതത്തിന്റെ ഉടമയാണ് സഖാവ് ദെങ് സിയാവൊപിങ്, പോരാളിയുടേതായ ഒരു ജീവിതം, മഹത്തായ ജീവിതം! അദ്ദേഹം പാർട്ടിക്കും ജനങ്ങൾക്കും രാജ്യത്തിനും ലോകത്തിനു തന്നെയാകെയും വളരെ വിലപ്പെട്ട മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്.

സിച്വാൻ പ്രവിശ്യയിലെ ഗ്വാങ്ങാൻ കൗണ്ടിയിലാണ് സഖാവ് ദെങ് സിയാവൊപിങ് ജനിച്ചത്. ഫ്യൂഡൽ വാഴ്ചയുടെയും അഴിമതിയുടെയും പാശ്ചാത്യശക്തികളുടെ കടന്നാക്രമണത്തിന്റെയും വിനാശകരമായ അനന്തരഫലങ്ങൾ അഭിമുഖീകരിച്ച, ജനങ്ങൾ പട്ടിണിയിലും കൊടുംതണുപ്പിലും ദുരിതമനുഭവിക്കുന്നതുകണ്ട യുവാവായ ദെങ് സിയാവൊപിങ് തന്റെ നാട്ടിൽ നടന്ന ബഹുജന സമരങ്ങളിൽ സജീവമായി പങ്കാളിയായി; പിന്നീടദ്ദേഹം പഠനത്തിനും ഒപ്പം തൊഴിൽ തേടിയും യൂറോപ്പിലേക്ക് പോയി; അവിടെവച്ച് അദ്ദേഹം മാർക്സിസത്തിൽ ആകൃഷ്ടനാവുകയും അതിൽ ഉറച്ചുനിൽക്കുകയും നാട്ടിൽ മടങ്ങിയെത്തിയ ഉടൻ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയിൽ അംഗമാവുകയും ചെയ്തു.

പാർട്ടിയുടെ നേതൃത്വത്തിൽ തുടങ്ങിയ പുത്തൻ ജനാധിപത്യവിപ്ലവത്തിനായുള്ള സമരത്തിൽ പങ്കെടുക്കുന്നതിനായി സഖാവ് ദെങ് 1927ൽ സോവിയറ്റ് യൂണിയനിൽനിന്ന് മടങ്ങിവന്നു. തുടർന്നദ്ദേഹം ബെയ്സ് കലാപവും ലോങ് ഷൗ കലാപവും ആരംഭിച്ചു; അങ്ങനെ സൗജിയാങ് വിപ്ലവത്താവളം സ്ഥാപിച്ചു; കേന്ദ്ര വിപ്ലവതാവള പ്രദേശവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ പങ്കാളിയാവുകയും ലോങ് മാർച്ചിലും സുൻയി സമ്മേളനത്തിലും വ്യക്തിപരമായിത്തന്നെ പങ്കെടുക്കുകയും ചെയ്-തു. ജാപ്പനീസ് കടന്നാക്രമണത്തിനെതിരായ ചെറുത്തുനിൽപ്പ് യുദ്ധത്തിന്റെയും വിമോചനയുദ്ധത്തിന്റെയും കാലത്ത് ലിയു ബോചെങ്ങുമായും ചെൻ യി യുമായും മറ്റു സഖാക്കളുമായും ഒത്തുചേർന്ന് അദ്ദേഹം ഷാൻസി, ഹേബെയ്, ഷാൻദോങ്, ഹെനാൻ എന്നീ ജാപ്പനീ-സ്-വിരുദ്ധ താവളങ്ങൾ വിജയകരമായി ആരംഭിച്ചു; ആയിരക്കണക്കിന് മെെലുകൾ താണ്ടി ദാബി പർവതനിരയിലേക്ക് അദ്ദേഹം തന്റെ സെെന്യത്തെ നയിച്ചു; ഹ്വായ് ഹായ് കാംപെയ്നും നദികടക്കൽ കാംപെയ്നും അദ്ദേഹം വിജയകരമായി സംഘടിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തു; പാർട്ടിയുടെ നേതൃത്വത്തിൽ ദേശീയ സ്വാതന്ത്ര്യത്തിനും ജനകീയവിമോചനത്തിനും പുതിയ ചെെന സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവന നൽകി.

ജനകീയ ചെെന റിപ്പബ്ലിക് സ്ഥാപിച്ചതിന്റെ തുടക്കത്തിൽ സഖാവ് ദെങ് സിയാവൊപിങ് ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തെക്ക് പടിഞ്ഞാറൻ ബ്യൂറോയുടെ മുഖ്യചുമതലക്കാരനായും സേവനമനുഷ്ഠിച്ചു. സഖാക്കൾ ലിയു ബോചെങ്ങും ഹോ ലോങ്ങുമായി ചേർന്ന് അദ്ദേഹം നയിച്ച സെെനികവിഭാഗം തെക്കുപടിഞ്ഞാറൻ മേഖലയെ മോചിപ്പിച്ചു; അവിടെ രാഷ്ട്രീയാധികാരം സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചു; തിബത്തിലേക്കുള്ള മാർച്ചുമായും തിബത്തിന്റെ സമാധാനപരമായ മോചനവുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പങ്കെടുത്തു; തെക്കു പടിഞ്ഞാറൻ മേഖലയിൽ അടിമുടിമാറ്റം വരുത്തുന്നതിന് അദ്ദേഹം നേതൃത്വം നൽകി.

1952 ജൂലെെ മാസത്തിനുശേഷം സഖാവ് ദെങ് സിയാവൊപിങ് ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി ജനറലായും പൊളിറ്റ് ബ്യൂറോ അംഗമായും ജനകീയ ചെെന റിപ്പബ്ലിക്കിന്റെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു. 1956ൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ എട്ടാമത് കേന്ദ്ര കമ്മിറ്റിയുടെ ഒന്നാമത് പ്ലീനറി സെഷനിൽ വച്ച് പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായും പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സഖാവ് മൗസേദോങ് മുഖ്യസ്ഥാനത്തുള്ള ഒന്നാം തലമുറയിലെ കേന്ദ്ര പാർട്ടിയുടെ നേതൃത്വത്തിലെ പ്രധാന അംഗമായി അദ്ദേഹം മാറി. തുടർന്നുള്ള പത്തു വർഷക്കാലം പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ ദെെനംദിന പ്രവർത്തനങ്ങളിൽ വലിയൊരു ഭാഗത്തിന്റെയും നേരിട്ടുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനായിരുന്നു; ആ കാലത്ത് അദ്ദേഹം ശരിയായ നിരവധി ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയും സോഷ്യലിസ്റ്റു വ്യവസ്ഥ സ്ഥാപിക്കുന്നതിനും സോഷ്യലിസ്റ്റ് നിർമാണത്തിനും പാർട്ടികെട്ടിപ്പടുക്കൽ മെച്ചപ്പെടുത്താനുമായി ഫലപ്രദമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്-തു. സാംസ്കാരിക വിപ്ലവം ആരംഭിച്ച ഉടൻ തന്നെ അദ്ദേഹം തെറ്റായ വിധം വിമർശിക്കപ്പെടുകയും അദ്ദേഹത്തിനെതിരെ നടപടികളുണ്ടാവുകയും അദ്ദേഹം വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കംചെയ്യുകയും ചെയ്തു. 1973ൽ അദ്ദേഹം തന്റെ പ്രവർത്തനം പുനരാരംഭിച്ചു. 1975ൽ അദ്ദേഹം പാർട്ടിയുടെയും സർക്കാരിന്റെയും സെെന്യത്തിന്റെയും ദെെനംദിന പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കാൻ തുടങ്ങി; ‘സാംസ്കാരികവിപ്ലവ’ കാലത്ത് സൃഷ്ടിക്കപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അദ്ദേഹം സമഗ്രമായ തെറ്റുതിരുത്തൽ പ്രവർത്തനത്തിന് നേതൃത്വം നൽകി; ‘നാൽവർ സംഘ’ത്തിനെതിരായി അദ്ദേഹം ഉരുളയ്ക്കുപ്പേരിപോലെ കനത്ത തിരിച്ചടി നൽകി. എന്നാൽ വീണ്ടും അദ്ദേഹത്തെ അന്യായമായവിധം തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും പിന്നെയും വിമർശനങ്ങൾ ചൊരിയുകയുമുണ്ടായി; പക്ഷേ അദ്ദേഹം അചഞ്ചലനായി കമ്യൂണിസ’ത്തോടും സോഷ്യലിസത്തോടുമുള്ള തന്റെ പ്രതിബദ്ധത ഉയർത്തിപ്പിടിച്ചു.

‘സാംസ്കാരിക വിപ്ലവം’ അവസാനിച്ചതിനു ശേഷം, പാർട്ടിയുടെ രണ്ടാം തലമുറ കേന്ദ്ര നേതൃനിരയുടെ നായകനെന്ന നിലയിൽ സഖാവ് ദെങ് സിയാവൊപിങ് പാർട്ടിയെയും ജനങ്ങളെയും ചെെനയിലെ പരിഷ്കാരത്തിന്റെയും തുറന്ന സമീപനത്തിന്റെയും സോഷ്യലിസ്റ്റ് ആധുനികവൽക്കരണത്തിന്റെയും പുതിയ കാലഘട്ടത്തിലേക്ക് വിജയകരമായി നയിച്ചു; ചെെനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനായിരുന്നു അദ്ദേഹം ഇങ്ങനെ പ്രയത്നിച്ചത്.

മഹത്തായൊരു വഴിത്തിരിവിനാണ് സഖാവ് ദെങ് സിയാവൊപിങ് നേതൃത്വം നൽകിയത് ‘സാംസ്കാരിക വിപ്ലവ’ത്തിന്റെ അന്ത്യത്തോടുകൂടി സഖാവ് ദെങ് സിയാവൊപിങ്ങിന് പഴയസ്ഥാനങ്ങൾ തിരിച്ചുകിട്ടി. എങ്ങോട്ട് തിരിയണം എന്ന വലിയ പ്രശ്നത്തെ പാർട്ടിയും ജനങ്ങളും അഭിമുഖീകരിച്ച ഘട്ടത്തിൽ, ഐതിഹാസികമായ ആ ദശാസന്ധിയിൽ വസ്തുതകളിൽനിന്ന് സത്യത്തെ കണ്ടെത്തൽ, ബഹുജന ലെെൻ, സ്വാതന്ത്ര്യം എന്നിവയാണ് മൗ സേദോങ് ചിന്തയുടെ അന്തസ്സത്തയെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു; ‘എന്തായാലും മതി’ എന്ന തെറ്റായ കാഴ്ചപ്പാടിനെതിരെ അദ്ദേഹം സുവ്യക്തമായ നിലപാട് സ്വീകരിച്ചു; സത്യത്തിന്റെ മാനദണ്ഡം എന്തായിരിക്കണമെന്ന വിഷയത്തിൽ ചർച്ച നയിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്തു; എല്ലാ രംഗങ്ങളിലും പടർന്നുപിടിച്ച അരാജകത്വത്തെ തുടച്ചുനീക്കുന്നതിന് പ്രോത്സാഹനം നൽകി; രാജ്യത്തെ ജനങ്ങളെയാകെയും പാർട്ടിയെയാകെയും ഒരുമിച്ച് മുന്നോട്ടുനീങ്ങുന്നതിന് അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ മാർഗദർശനത്തിൻ കീഴിൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ പതിനൊന്നാമത് കേന്ദ്ര കമ്മിറ്റിയുടെ മൂന്നാമത് പ്ലീനറി സമ്മേളനം മനസ്സിനെ മോചിപ്പിക്കലും വസ്തുതകളിൽനിന്ന് സത്യത്തെ കണ്ടെത്തലും സംബന്ധിച്ച പ്രത്യയശാസ്ത്ര നിലപാട് വീണ്ടും കൊണ്ടുവന്നു; ‘വർഗസമരത്തെ മുഖ്യകണ്ണിയായി കണക്കാക്കൽ’ എന്ന വികലമായ ആശയത്തിന്റെ പ്രയോഗം അവസാനിപ്പിക്കുക; പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനത്തിൽ സാമ്പത്തിക നിർമാണത്തിന് മുഖ്യസ്ഥാനം നൽകുന്ന ചരിത്രപരമായ തീരുമാനമെടുക്കുകയും പരിഷ്കരണത്തെയും തുറന്ന സമീപനത്തെയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുക; അങ്ങനെ പാർട്ടിയുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള മഹത്തായൊരു വഴിത്തിരിവ് കൊണ്ടുവന്നു.

മാർക്സിസത്തിന്റെ ചെെനാവൽക്കരണത്തിൽ സഖാവ് ദെങ് സിയാവൊപിങ് വലിയൊരു കുതിച്ചുചാട്ടം തന്നെ നടത്തി. അദ്ദേഹം പാർട്ടിയെ ഒന്നാകെ പുതിയ ചെെന സ്ഥാപിക്കപ്പെട്ടതുമുതലുള്ള കാലത്തെ അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങളെ സമഗ്രമായി സംഗ്രഹിക്കുന്ന തലത്തിലേക്ക് എത്തിച്ചു; സെെദ്ധാന്തികമായ നൂതനാനേ-്വഷണങ്ങളെ അദ്ദേഹം നിരന്തരം പ്രോത്സാഹിപ്പിച്ചു; മാർഗദർശകപരമായ പ്രാധാന്യമുള്ള നിരവധി പ്രമുഖ ആശയങ്ങൾ മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ ആഭിമുഖ്യത്തിൽ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി 11–ാമത് കേന്ദ്ര കമ്മിറ്റിയുടെ ആറാമത് പ്ലീനറി സെഷനിൽ ‘‘ജനകീയ ചെെന റിപ്പബ്ലിക് സ്ഥാപിച്ചതുമുതലുള്ള പാർട്ടി ചരിത്രത്തിലെ ചില വിഷയങ്ങൾ സംബന്ധിച്ച പ്രമേയം ’’ അംഗീകരിച്ചു. അതാണ് സഖാവ് മൗ സേദോങ്ങിന്റെ ചരിത്രപരമായ സ്ഥാനം ശരിയായവിധം വിലയിരുത്തുകയും മൗ സേദോങ് ചിന്തയെന്ന ശാസ്ത്രീയമായ സംവിധാനത്തെ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തത്. ‘സാംസ്കാരിക വിപ്ലവം’ എന്ന തെറ്റായ സിദ്ധാന്തത്തെയും പ്രയോഗത്തെയും പരിപൂർണമായി നിഷേധിക്കുന്നതായിരുന്നു ആ പ്രമേയം. മൗ സേദോങ് ചിന്തയെ ഉയർത്തിപ്പിടിക്കേണ്ടതിന്റെയും വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകത ആ പ്രമേയത്തിൽ ഊന്നിപ്പറഞ്ഞു. പാർട്ടിയുടെയും രാജ്യത്തിന്റെയും വികസനത്തിന് ശരിയായ ദിശാബോധം നൽകി. ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പന്ത്രണ്ടാമത് ദേശീയ കോൺഗ്രസിൽ, നമ്മൾ സ്വന്തമായ പാത കണ്ടെത്തണമെന്നും ചെെനീസ് സവിശേഷതയോടെയുള്ള സോഷ്യലിസം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം വ്യക്തമായി നിർദേശിച്ചു. സഖാവ് ദെങ് സിയാവൊപിങ്ങിന്റെ ചിന്തയുടെ അടിസ്ഥാനത്തിൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ 13–ാം കോൺഗ്രസ് സോഷ്യലിസത്തിന്റെ പ്രാഥമികദശയെ സംബന്ധിച്ച് വ്യക്തതയോടെ വിശദീകരിക്കുകയും സോഷ്യലിസത്തിന്റെ പ്രാഥമികദശയിൽ പാർട്ടിയുടെ അടിസ്ഥാനലെെൻ എന്തെന്ന് പൂർണമായും അവതരിപ്പിക്കുകയും ചെയ്തു. ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 14–ാം കോൺഗ്രസ് ചെെനീസ് സവിശേഷതയോടുകൂടിയ സോഷ്യലിസം കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച സഖാവ് ദെങ് സിയാവൊപിങ്ങിന്റെ സിദ്ധാന്തം ഉയർത്തിപ്പിടിച്ചു. പാർട്ടിക്ക് വഴികാട്ടുന്നതിനുള്ള പ്രത്യയശാസ്ത്രമായി ദെങ് സിയാവൊപിങ് സിദ്ധാന്തത്തെ പാർട്ടിയുടെ പതിനഞ്ചാം കോൺഗ്രസ് അംഗീകരിച്ചു. എന്താണ് സോഷ്യലിസമെന്നും അതെങ്ങനെ കെട്ടിപ്പടുക്കാമെന്നുമുള്ള മൗലികമായ പ്രശ്നങ്ങൾക്ക് ദെങ് സിയാവൊപിങ് സിദ്ധാന്തം വ്യക്തതയോടെ മറുപടി നൽകി; സോഷ്യലിസത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുള്ള ആഴത്തിലുള്ള വിശകലനമാണ് ദെങ് സിയാവൊപിങ് സിദ്ധാന്തം. ചെെനയിൽ നടപ്പാക്കേണ്ട പരിഷ്കാരത്തിനും തുറന്ന സമീപനത്തിനും സോഷ്യലിസ്റ്റ് ആധുനികവൽക്കരണത്തിനും വേണ്ടിയുള്ള പ്രവർത്തനപദ്ധതിയും അത് മുന്നോട്ടുവച്ചു; ചെെനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസത്തിന്റെ സെെദ്ധാന്തിക പദ്ധതിയുടെ അടിത്തറയാണത്.

സോഷ്യലിസ്റ്റ് ആധുനികവൽക്കരണത്തിലെ പുതിയൊരു സാഹചര്യം ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി സഖാവ് ദെങ് സിയാവൊപിങ് പാർട്ടിയെയും ജനങ്ങളെയും നയിച്ചു. ‘‘മിതമായ വിധം പുരോഗതി പ്രാപിച്ച സമൂഹം കെട്ടിപ്പടുക്കൽ’’ എന്നും ‘‘ആധുനികവൽക്കരണത്തിലേക്കുള്ള ചെെനീസ് ശെെലിയിലെ പാതയിലേക്ക് കടക്കൽ’’ എന്നുമുള്ള ആശയങ്ങൾ അദ്ദേഹം വ്യക്തതയോടെ മുന്നോട്ടുവയ്ക്കുകയും ആധുനികവൽക്കരണത്തിനായുള്ള ‘മൂന്ന് തല’ങ്ങളുള്ള (Three Step) വികസനതന്ത്രം ആവിഷ്കരിക്കാൻ പാർട്ടിക്ക് മാർഗദർശനം നൽകുകയും ചെയ്തു. ഘടനാപരമായ പരിഷ്കാരങ്ങൾ സമഗ്രമായും സമയബന്ധിതമായും ദൃഢനിശ്ചയത്തോടുകൂടിയും മുന്നോട്ടുകൊണ്ടുപോകുന്നതിന് അദ്ദേഹം നമ്മുടെ പാർട്ടിയെ നയിച്ചു; പുറംലോകത്തേക്ക് നമ്മുടെ വാതിലുകൾ അദ്ദേഹം സധെെര്യം തുറന്നിട്ടു. ശാസ്ത്രവും സാങ്കേതികവിദ്യയുമാണ് പ്രാഥമിക ഉൽപ്പാദനശക്തികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി; അറിവിനെയും പ്രതിഭയെയും ആദരിക്കണമെന്ന് അദ്ദേഹം വാദിച്ചു; വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ വികസനത്തിന് അദ്ദേഹം ഒത്താശ നൽകി. ജനാധിപത്യവും നിയമവ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം വലിയ പ്രാധാന്യം നൽകി; പാർട്ടിയെയും സർക്കാർ നേതൃത്വസംവിധാനത്തെയും പരിഷ്കരിക്കുന്നതിനും സ്ഥാപനപരമായ പരിഷ്കരണത്തിനും അദ്ദേഹം പ്രോത്സാഹനം നൽകി. ജനകീയസേനയെ ശക്തവും ആധുനികവൽകൃതവും സ്ഥിരതയുള്ളതുമായ വിപ്ലവസേനയാക്കി മാറ്റേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉൗന്നിപ്പറഞ്ഞു; ചെെനീസ് സവിശേഷതകളോടുകൂടിയ ഉന്നത സേനയുടെ പാത നാം പിന്തുടരണം എന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ മാതൃഭൂമിയുടെ സമ്പൂർണമായ പുനരേകീകരണം യാഥാർഥ്യമാക്കുന്നതിനുള്ള ശരിയായ പാത തെളിച്ചത് സഖാവ് ദെങ് സിയാവൊപിങ്ങാണ്. ചെെനീസ് രാഷ്ട്രത്തിന്റെ മൗലികവും മൊത്തത്തിലുള്ളതും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ താൽപ്പര്യങ്ങൾ കണക്കിലെടുത്ത അദ്ദേഹം ചരിത്രത്തിനും നിലവിലെ സാഹചര്യത്തിനും സമ്പൂർണ പരിഗണന നൽകി; ‘ഒരു രാജ്യം, രണ്ട് വ്യവസ്ഥകൾ’ എന്ന മഹത്തായ ആശയം അദ്ദേഹം സർഗാത്മകമായി മുന്നോട്ടുവച്ചു; അങ്ങനെയാണ് അദ്ദേഹം സമാധാനപരമായ മാർഗത്തിലൂടെ നമ്മുടെ മാതൃഭൂമിയുടെ സമ്പൂർണമായ പുനരേകീകരണം സാക്ഷാത്-ക്കരിക്കുന്നതിനുള്ള പുതിയ പാത തുറന്നത്. ഈ മഹത്തായ ആശയം വെട്ടിത്തുറന്ന വഴിയിലൂടെയാണ് ചെെനീസ് ഗവൺമെന്റ് ഹോങ്കോങ്ങിനും മക്കാവൊയ്ക്കുംമേൽ പരമാധികാരം പുനഃസ്ഥാപിച്ചത്; നൂറ്റാണ്ടുകാലം ചെെനയ്ക്കുമേൽ നിലനിന്ന അപമാനഭാരം കഴുകിക്കളഞ്ഞത് അങ്ങനെയാണ്. ചെെനയെ പിളർക്കാനുള്ള ഗൂഢനീക്കങ്ങൾ തിരിച്ചറിഞ്ഞ അദ്ദേഹം തായ്-വാൻ പ്രശ്നം സമാധാനേതരമായ മാർഗത്തിലൂടെ പരിഹരിക്കണമെന്ന ആശയം പൂർണമായും നിരാകരിക്കുകയും തായ്-വാൻ പ്രശ്നം പരിഹരിക്കുന്നതിന് ശരിയായ നയം മുന്നോട്ടുവയ്ക്കുകയും ചെയ്തു. നാം തായ്-വാൻ കടലിടുക്കിനപ്പുറത്തേയ്ക്കുള്ള സാമ്പത്തികവും സാംസ്കാരികവുമായ വിനിമയങ്ങളും സഹകരണവും ശക്തിപ്പെടുത്തുകയും ‘തായ-്-വാൻ സ്വാതന്ത്ര്യ’ വിഘടനവാദശക്തികളെ നിശ്ചയദാർഢ്യത്തോടെ എതിർക്കുകയും തകർക്കുകയും ചെയ്യുകയും കടലിടുക്കിന് അപ്പുറവുമായുള്ള ബന്ധങ്ങൾ വികസിപ്പിക്കുന്നതിനാവശ്യമായ നേതൃത്വപരമായ പങ്ക് ശരിയായി നാം ഉൾക്കൊള്ളുകയും ചെയ്തു.

സോവിയറ്റ് യൂണിയന്റെ പതനത്തിന്റെയും പൂർവ യൂറോപ്യൻ രാജ്യങ്ങളിലുണ്ടായ പാടെയുള്ള മാറ്റത്തിന്റെയും പശ്ചാത്തലത്തിൽ ചെെനയിൽ 1989 ലെ വസന്തത്തിനും ഗ്രീഷ്മത്തിനുമിടയ്ക്കുള്ള കാലത്ത് ഗുരുതരമായ രാഷ്ട്രീയ കോളിളക്കമാണ് സംഭവിച്ചത്. ആ നിർണായകമായ നിമിഷത്തിൽ സഖാവ് ദെങ് സിയാവൊപിങ് ആ പ്രതിസന്ധി തരണം ചെയ്യുന്നതിന് വ്യക്തതയുള്ള നിലപാടുയർത്തി പാർട്ടിയെയും ജനങ്ങളെയും നയിച്ചു; സോഷ്യലിസ്റ്റ് ഭരണാധികാരത്തെ വിട്ടുവീഴ്ചയില്ലാതെ സംരക്ഷിച്ചു; അങ്ങനെയാണ് കാറും കോളും നിറഞ്ഞ ആ പശ്ചാത്തലത്തിൽ കൊടുങ്കാറ്റും ആർത്തലച്ചുയർന്ന തിരമാലകളും ഉയർത്തിയ കടുത്ത പരീക്ഷണത്തെ പാർട്ടിക്കും രാജ്യത്തിനും അതിജീവിക്കാൻ കഴിഞ്ഞത്. കർണകഠോരമായ ശബ്ദത്തിൽ അദ്ദേഹം ആളുകളെ ഇങ്ങനെ ഗുണദോഷിച്ചു: ‘‘ചെെനയിൽ സോഷ്യലിസത്തെ മാറ്റാനാവില്ല. സ്വയം തെരഞ്ഞെടുത്ത സോഷ്യലിസ്റ്റ് പാതയിലൂടെ പ്രയാണം ചെെന അവസാനം വരെ ഉറച്ച കാൽവെയ്പുകളോടെ തുടരും. ഒരാൾക്കും അതിനെ തകർക്കാനാവില്ല’’.

സഖാക്കളേ, സുഹൃത്തുക്കളേ!

സഖാവ് ദെങ് സിയാവൊ പിങ്ങിന്റെ ചരിത്രപരമായ സാഹസിക കൃത്യങ്ങൾ സർവതലസ്പർശിയും അടിസ്ഥാനപരവുമാണ്; അവയുടെ ആഴത്തിലുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ സ്വാധീനം ചെെനയിലും ലോകത്താകെയും ഉണ്ടാകും. തന്റെ ജീവിത സമരത്തിനിടയിൽ കമ്യൂണിസത്തെയും ചെെനീസ് സവിശേഷതയോടെയുള്ള സോഷ്യലിസത്തെയും സംബന്ധിച്ച് ഉദാത്തമായ ആശയങ്ങളിൽ അദ്ദേഹത്തിനുള്ള അദമ്യമായ ദൃഢവിശ്വാസത്തിന്റെ ഉത്തുംഗ സ്വഭാവം പൂർണമായും അദ്ദേഹം പ്രകടമാക്കി; ജനങ്ങളോട് അദ്ദേഹത്തിനുള്ള അനുപമമായ സ്നേഹം സംബന്ധിച്ച ഉജ്വലമായ വികാരവും സദാ വസ്തുതകളിൽനിന്നും സത്യാനേ-്വഷണം നടത്തുന്നതിലെ സെെദ്ധാന്തികമായ ഉന്നത നിലവാരവും നിരന്തരമായി പുതിയ പരീക്ഷണങ്ങൾക്ക് തിരികൊളുത്താനുള്ള രാഷ്ട്രീയമായ ധീരതയും ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ തന്ത്രപരമായ ചിന്തയും തുറന്നതും സ്വാർഥരഹിതവുമായ വിശാല മനസ്കതയുമെല്ലാം അദ്ദേഹം ഈ കാലത്തിനിടയിൽ പ്രകടമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചരിത്രപരമായ സാഹസികതകൾ സദാ ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ മഹനീയമായ വിപ്ലവനടപടികളെ നമുക്കൊരിക്കലും ആദരിക്കാതിരിക്കാനാവില്ല.

സഖാക്കളേ, സുഹൃത്തുക്കളേ!

സഖാവ് ദെങ് സിയാവൊപിങ് നമുക്കു തന്നിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്ത്രപരമായ സ്വത്ത് ദെങ് സിയാവൊപിങ് സിദ്ധാന്തമാണ്. മാർക്സിസത്തിന്റെ ചെെനാവൽക്കരണത്തിലെയും കാലാനുസൃതമായ ആധുനികവൽക്കരണത്തിലെയും പ്രധാനപ്പെട്ട നാഴികക്കല്ലാണ് ദെങ് സിയാവൊപിങ് സിദ്ധാന്തം.

പുതിയ യുഗത്തിൽ, പുതിയ പ്രയാണത്തിൽ ദെങ് സിയാവൊപിങ് സിദ്ധാന്തത്തെ ആഴത്തിൽ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നത് നാം തുടരണം; അതിന്റെ ശാസ്ത്രീയമായ വ്യംഗ്യാർഥവും കാതലായ സത്തയും പൂർണമായും ശരിയായും നാം മനസ്സിലാക്കുകയും വേണം. ഉദാഹരണത്തിന്, പാർട്ടിയുടെ അടിസ്ഥാനനയം നൂറ് വർഷത്തേക്ക് നില നിർത്തണമെന്ന് ദെങ് സിയാവൊപിങ് തറപ്പിച്ച് പറഞ്ഞിട്ടുണ്ട്; സാമ്പത്തിക നിർമിതിയെ കേന്ദ്ര കടമയെന്ന നിലയിലും കാതലായ നാല് തത്വങ്ങളായും ആധാരമാക്കി ഏകോപിപ്പിക്കേണ്ടത് അനിവാര്യമാണ്; സോഷ്യലിസ്റ്റ് ആധുനികവൽക്കരണ പ്രക്രിയയിലാകെ പരിഷ്കാരവും തുറന്ന സമീപനവും തുടരണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മനസ്സിനെ മോചിപ്പിക്കുന്നത് വസ്തുതകളിൽനിന്നു സത്യത്തെ കണ്ടെത്തുന്നതിനാണ്; നമ്മുടെ ചിന്ത യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതും സുസ്ഥിരമായി നിലനിൽക്കുന്നതുമാണ്. പാർട്ടിയുടെയും സർക്കാരിന്റെയും നേതൃത്വ സംവിധാനത്തെ ആഴത്തിൽ പരിഷ്കരിക്കുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ മാറ്റം വരുത്താനും പാർട്ടിയുടെ നേതൃത്വത്തെ ദുർബലമാക്കാനുമല്ല; മറിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ നേട്ടങ്ങൾ പ്രകടിപ്പിക്കാനും പാർട്ടിയുടെ നേതൃത്വത്തെ ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനുമാണ്. ജനാധിപത്യകേന്ദ്രീകരണമാണ് ഏറ്റവും സൗകര്യപ്രദവും യുക്തിസഹവുമായ സംവിധാനം; ഉൾപ്പാർട്ടി ജനാധിപത്യവും ജനകീയ ജനാധിപത്യവും ഊർജസ്വലമായി നടപ്പാക്കേണ്ടത് അനിവാര്യമാണ്. അതേസമയംതന്നെ ശരിയായ കേന്ദ്രീകരണം ഉണ്ടാകണം; പാർട്ടിക്കാകെ കാതലായ ഒരു കേന്ദ്രമുണ്ടായിരിക്കണം; പാർട്ടി കേന്ദ്ര കമ്മിറ്റി ആയിരിക്കണം അതിന്റെ അഥോറിറ്റി. ആസൂത്രണവും കമ്പോളവും രണ്ടും സാമ്പത്തിക ഉപകരണങ്ങളാണ്; ഉൽപ്പാദനശക്തികളുടെ വികാസത്തിന് അവ പ്രയോജനപ്രദമാകുന്നിടത്തോളം ഉപയോഗിക്കാനും കഴിയും. നാം സ്വാശ്രയത്വത്തെയും സ്വാതന്ത്ര്യത്തെയും അവലംബമാക്കണം; അതേസമയംതന്നെ നാം നമ്മളിലേക്കുതന്നെ ഒതുങ്ങിക്കൂടാനും അന്ധമായ ദേശീയവികാരത്തിന് അടിപ്പെടാനും പാടില്ല; മറിച്ച് പുറംലോകത്തേക്ക് വാതിലുകൾ തുറന്നിടാനും നാം തയ്യാറാവണം. ചില മേഖലകളെയും ചില ആളുകളെയും ആദ്യം സമ്പത്ത് നേടാൻ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്; അങ്ങനെയാകുമ്പോൾ ആദ്യം സമ്പന്നരായവർക്ക് പിന്നിൽ നിൽക്കുന്നവരെ സമ്പന്നതയിലേക്ക് കെെപിടിച്ചുയർത്താൻ കഴിയും; അങ്ങനെ അന്തിമമായി എല്ലാ ജനങ്ങളുടെയും പൊതുവായ അഭിവൃദ്ധി സാക്ഷാത്കരിക്കപ്പെടും; നാമൊരിക്കലും ധ്രുവീകരണത്തിൽ ഏർപ്പെടരുത്; ഭൗതികമായ സംസ്കാരത്തെയും ഒപ്പംതന്നെ ആത്മീയമായ സംസ്കാരത്തെയും ഇരുവശങ്ങൾ കൊണ്ടും ഉൾക്കൊള്ളുന്നതിൽ നാം ഉറച്ചുനിൽക്കേണ്ടതുണ്ട്; അതേസമയം രണ്ടുവശങ്ങളും സുദൃഢമായിരിക്കുകയും വേണം. പരിഷ്കരണം നടപ്പാക്കുന്ന കാര്യത്തിൽ നാം ധീരമായി ഉറച്ചുനിൽക്കണം. പരിഷ്കരണവും വികസനവും സുസ്ഥിരതയും തമ്മിലുള്ള ബന്ധത്തെ കൃത്യമായി നാം കെെകാര്യം ചെയ്യണം; മറ്റെല്ലാത്തിനും മുകളിലായിരിക്കണം സുസ്ഥിരത. ചെെനയുടെ കാര്യങ്ങൾ നടപ്പാക്കുന്നതിനു നിർണായകമായത് പാർട്ടി തന്നെയാണ്; ഒരു വശത്ത് പരിഷ്കരണത്തെയും തുറന്ന സമീപനത്തെയും ഉൾക്കൊള്ളേണ്ടത് ആവശ്യമായിരിക്കവെതന്നെ മറുവശത്ത് അഴിമതിക്കാരെ കർക്കശമായി ശിക്ഷിക്കുകയും വേണം. ഇവയെല്ലാമാണ് അദ്ദേഹം മുന്നോട്ടുവച്ച സുപ്രധാനമായ ആശയങ്ങൾ; ഈ ആശയങ്ങളാകെ പൂർണമായും വെെരുധ്യാത്മക ഭൗതികവാദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്; മൊത്തത്തിലുള്ള കാഴ്ചപ്പാടും തന്ത്രപരമായ കാഴ്ചപ്പാടും ഉൾച്ചേർന്നതുമാണ് അവ; മുഖ്യവെെരുദ്ധ്യങ്ങളെയും വെെരുദ്ധ്യങ്ങളിലെ മുഖ്യവശങ്ങളെയും ഉൾക്കൊള്ളുന്നവയായിരുന്നു ആ ആശയങ്ങൾ; ദെങ് സിയാവൊപിങ് സിദ്ധാന്തത്തിന്റെ വേറിട്ട ശെെലിയും അനുപമമായ മനോഹാരിതയും വെളിപ്പെടുത്തുന്നവയുമാണത്.

മറ്റ് മാർക്സിസ്റ്റ് ക്ലാസിക് എഴുത്തുകാരുടെ സിദ്ധാന്തങ്ങൾ പോലെ തന്നെ ദെങ് സിയാവൊപിങ് സിദ്ധാന്തവും അടിസ്ഥാനപരമായി ദീർഘകാലം പ്രയോഗിക്കാനുള്ള വഴികാട്ടിയായി ഉപയോഗിക്കാവുന്നതാണ്; ആ സിദ്ധാന്തത്തിലൂടെ കടന്നുപോകുന്ന അടിസ്ഥാനതത്വങ്ങളും മാർക്സിസ്റ്റ് നിലപാടും കാഴ്ചപ്പാടും ശെെലികളുംമൂലമാണത്.

ചെെനീസ് ശെെലിയിലുള്ള ആധുനികവൽക്കരണത്തെ സമഗ്രമായി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചെെനീസ് സവിശേഷതയോടുകൂടിയ സോഷ്യലിസം വികസിപ്പിക്കാനുള്ള വിശാലമായ ഒരിടം തുറന്നിടുകയാണ് ചെയ്യുന്നത്. മാർക്സിസം–ലെനിനിസം, മൗ സേദോങ് ചിന്ത, ദെങ് സിയാവൊപിങ് സിദ്ധാന്തം, ‘‘മൂന്ന് പ്രതിനിധാനങ്ങൾ’’ സംബന്ധിച്ച പ്രധാനപ്പെട്ട ആശയം, വികസനത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ ലോകവീക്ഷണം എന്നിവയെ നാം സദാ മുറുകെപ്പിടിക്കുകയും പുതിയ കാലഘട്ടത്തിലേക്കു വേണ്ടിയുള്ള ചെെനീസ് സവിശേഷതയോടുകൂടിയ സോഷ്യലിസത്തെ സംബന്ധിച്ച ചിന്ത സമഗ്രമായി നടപ്പാക്കുകയും മാർക്സിസത്തിന്റെ ആത്മാവുമായും ചെെനയുടെ ഉജ്വലമായ പരമ്പരാഗത സംസ്കാരത്തിന്റെ വേരുകളുമായും സദാചേർന്നുനിൽക്കുകയാണ് വേണ്ടത്; മാനവ സമൂഹത്തിന്റെ ശ്രദ്ധേയമായ സാംസ്കാരിക നേട്ടങ്ങളെയാകെ ഉൾക്കൊള്ളുകയും അതിൽനിന്ന് പഠിക്കുകയുമാണ് നല്ലത്; നിരന്തരം സത്യാനേ-്വഷണത്തിൽ ഏർപ്പെടുക; ചെെനീസ് ശെെലിയിലുള്ള ആധുനികവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുക; ചെെനയും ലോകവും ജനങ്ങളും കാലവും മുന്നോട്ടുവയ്ക്കുന്ന ചോദ്യങ്ങൾക്ക് ഗൗരവമുള്ള ഉത്തരങ്ങൾ കണ്ടെത്തുക. മാർക്സിസത്തിന്റെ ആധുനികവൽക്കരണവും ചെെനാവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നത് നാം തുടരും; അങ്ങനെയാകുമ്പോൾ സമകാലിക ചെെനീസ് മാർക്സിസവും 21–ാം നൂറ്റാണ്ടിലെ മാർക്സിസവും സത്യത്തിന്റെ ഉജ്വലമായ വെളിച്ചത്തിൽ മിന്നിത്തിളങ്ങും. l.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × three =

Most Popular