Wednesday, October 23, 2024

ad

Homeകവര്‍സ്റ്റോറിചെെന ആധുനിക വികസിത 
സോഷ്യലിസത്തിലേക്ക്

ചെെന ആധുനിക വികസിത 
സോഷ്യലിസത്തിലേക്ക്

ആർ അരുൺകുമാർ

1949 ഒക്ടോബർ ഒന്നിന്, മൗ സെ ദൊങ് ജനകീയ ചെെന റിപ്പബ്ലിക്ക് നിലവിൽ വന്നതായി പ്രഖ്യാപിച്ചു. എല്ലാ ജനാധിപത്യ വർഗങ്ങളെയും ദേശീയതകളെയും ഏകോപിപ്പിച്ചുകൊണ്ട്, തൊഴിലാളികളുടെയും കർഷകരുടെയും സഖ്യത്തെ അടിസ്ഥാനമാക്കിക്കൊണ്ട്, തൊഴിലാളിവർഗത്താൽ നയിക്കപ്പെടുന്ന ഒരു ‘പുത്തൻ ജനാധിപത്യ രാഷ്ട്രം അഥവാ ജനകീയ ജനാധിപത്യ രാഷ്ട്ര’മായിരിക്കും ചെെന റിപ്പബ്ലിക് എന്നദ്ദേഹം പ്രഖ്യാപിച്ചു ജനകീയ ചെെന റിപ്പബ്ലിക്. സ്ഥാപിക്കപ്പെട്ടതോടുകൂടി ഒരു അർദ്ധ കൊളോണിയൽ അർദ്ധ ഫ്യൂഡൽ രാജ്യത്തിന്റെ, സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള പരിവർത്തനത്തിനു തുടക്കംകുറിച്ചു. ആ ജനകീയ ചെെന റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടിട്ട് 2024ൽ 75 വർഷം പൂർത്തിയാവുകയാണ്. ഇതൊരു ശ്രദ്ധേയമായ നേട്ടം തന്നെയാണ്; ഒരു തൊഴിലാളിവർഗ ഭരണകൂടം സ്ഥാപിക്കുന്നതിനുള്ള ആദ്യ ശ്രമമായ പാരീസ് കമ്യൂൺ 71 ദിവസം മാത്രമേ നിലനിന്നുള്ളൂ എന്നതോർമ്മിക്കുമ്പോൾ, 1917ൽ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വിജയത്തിലൂടെ രൂപംകൊണ്ട സോവിയറ്റ് യൂണിയൻ 74 വർഷമേ നിലനിന്നുള്ളൂ എന്നതോർമ്മിക്കുമ്പോൾ ഇത് തികച്ചും അനന്യ സാധാരണമായൊരു നേട്ടമാണ്. പാരീസ് കമ്യൂണിനെയും സോവിയറ്റ് യൂണിയനെയുമെല്ലാം മറികടന്ന് നീണ്ട 75 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ജനകീയ ചെെന റിപ്പബ്ലിക്.

ചെെനയുടെ മൂർത്തമായ സാഹചര്യങ്ങളിലേക്ക് മാർക്സിസം – ലെനിനിസത്തെ പ്രയോഗിക്കുക, ചൂഷണമുക്തമായൊരു സമൂഹം സാധ്യമാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ദൃഢചിത്തതയോടെ പ്രവർത്തിക്കുക, എല്ലാത്തിലുമുപരിയായി ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും അവയെ ഈ പാതയിലേക്കു നയിക്കുകയും ചെയ്യുക എന്നിവയെല്ലാം ചേർന്നാണ് ജനകീയ ചെെന റിപ്പബ്ലിക്കിന്റെ അതിജീവനത്തിന് വഴിയൊരുക്കിയത്. ‘‘സവിശേഷമായി പറഞ്ഞാൽ, ചെെനീസ് പശ്ചാത്തലത്തിലേക്കും നമ്മുടെ കാലത്തിന്റെ ആവശ്യകതയിലേക്കും മാർക്സിസത്തെ കടമെടുത്തപ്പോൾ അത് പ്രവർത്തിച്ചു’’ എന്ന വസ്തുതയാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചെെനീസ് സവിശേഷതയിലുള്ള സോഷ്യലിസത്തിന്റെയും വിജയത്തിലേക്ക് നയിച്ചത് എന്ന് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ഷി ജിൻ പിങ് പ്രസ്താവിച്ചു. ഈ സ്വഭാവ സവിശേഷത മാറ്റിക്കൊണ്ടോ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ കെെവെടിഞ്ഞുകൊണ്ടോ ചെെന ഒരിക്കലും അതിന്റെ ‘‘ഗതിമാറ്റുകയില്ല’’ എന്ന് അദ്ദേഹം എടുത്തുപറയുകയുണ്ടായി.

ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായത്തിൽ, ചെെന ഒരു പ്രധാന വികസ്വര രാജ്യമാണ്; അതിപ്പോഴും സോഷ്യലിസത്തിന്റെ പ്രാഥമിക ദശയിൽതന്നെയാണ് നിൽക്കുന്നത്. ‘സമഗ്രവും ഗഹനവുമായ സാമൂഹിക പരിവർത്തന’ത്തിലൂടെ പോയിക്കൊണ്ടിരിക്കുകയുമാണ്. ‘എല്ലാ അധികാരങ്ങളും ജനങ്ങളിൽ നിക്ഷിപ്തമായിട്ടുള്ള, തൊഴിലാളികളുടെയും കർഷകരുടെയും സഖ്യത്തെ’ അടിസ്ഥാനമാക്കി തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൻകീഴിലുള്ള ജനകീയ ജനാധിപത്യ സർവ്വാധിപത്യത്തിന്റേതായ സോഷ്യലിസ്റ്റ് രാജ്യമാണ് ചെെനയെന്ന് സിപിസി പറയുന്നു. ചെെനയിൽ ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയുമാണ് അവർ ‘പ്രാഥമിക ഉൽപാദന ശക്തി’യായി കാണുന്നത്; കഴിവിനെ ‘പ്രാഥമിക വിഭവ’മായും, പുതുക്കിക്കൊണ്ടിരിക്കുക എന്നതിനെ ‘വളർച്ചയുടെ ചാലകശക്തി’യായും കമ്യൂണിസ്റ്റ് പാർട്ടി കാണുന്നു. അസന്തുലിതവും അപര്യാപ്തവുമായ വികസനവും മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടിയുള്ള ജനങ്ങളുടെ സദാ വളർന്നുകൊണ്ടിരിക്കുന്ന ആവശ്യകതകളും തമ്മിലുള്ള വെെരുദ്ധ്യത്തെയാണ് ചെെനീസ് സമൂഹം നേരിടുന്ന മൗലികമായ വെെരുദ്ധ്യമായി അവർ കാണുന്നത്. പാർട്ടി ഏറ്റെടുക്കുന്ന എല്ലാ ഉദ്യമങ്ങളുടെയും കേന്ദ്ര ബിന്ദു ഈ വെെരുദ്ധ്യത്തിനു പരിഹാരം കാണുക എന്നതാണ്.

ഈ ധാരണയുടെ അടിസ്ഥാനത്തിൽ, പൊതു ഉടമസ്ഥത നെടുനായകത്വം വഹിക്കുകയും എല്ലാ ഉടമസ്ഥതാ രൂപങ്ങളും അതോടൊപ്പം ചേർന്ന് വളരുകയും ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥിതി അവർ പിന്തുടരുന്നു. പൊതുമേഖലയെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ ‘സർക്കാരിതര മേഖലയുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും അതിനു പിന്തുണ നൽകുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുകയെന്നതാണ് രാജ്യത്തിന്റെ പ്രധാന കടമ.

ഈ കടമകൾ നിർവഹിക്കുന്നതിന് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് സർക്കാർ ഉടമസ്ഥതയിലുള്ള മൂലധനത്തിന്റെയും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെയും (State Owned Enterprises – – SOES) നവീകരണമെന്നത് ആഴത്തിലാക്കേണ്ടതുണ്ട്; ഒപ്പം തന്നെ ‘‘സർക്കാർ ഉടമസ്ഥതയിലുള്ള മൂലധനവും സംരംഭങ്ങളും കൂടുതൽ ശക്തിപ്പെടുന്നുവെന്നും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നുവെന്നും വിപുലമാകുന്നുവെന്നും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ മുഖ്യ മത്സരക്ഷമത ശക്തിപ്പെടുന്നുവെന്നും’’ ഉറപ്പാക്കേണ്ടതുണ്ട്. ഇത് ചെയ്യുന്നതിനൊപ്പം തന്നെ ‘സ്വകാര്യ സംരംഭങ്ങൾക്ക് സൗകര്യപ്രദമായൊരു പരിതഃസ്ഥിതി’ ഒരുക്കുകയും ‘സ്വകാര്യമേഖലയുടെ വളർച്ചയെ സുഗമമാക്കുക’യും ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും, ‘സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ’ വികസനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം തന്നെ ‘കുത്തകകൾക്കെതിരെയും നീതിയുക്തമല്ലാത്ത മത്സരത്തിനെതിരെയും ശക്തമായ നടപടി’ കെെക്കൊള്ളുന്നുമുണ്ട്.

‘സർക്കാർ ഉടമസ്ഥതയിലുള്ള ധനകാരേ-്യതരമായ സംരംഭങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു: മർമപ്രധാനമായ വ്യവസായങ്ങൾ (key industries), സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന അടിസ്ഥാനപരമായ വ്യവസായങ്ങൾ (Pillar Industries), സാധാരണ വ്യവസായങ്ങൾ (Normal Industries) . ചെെനയുടെ ദേശീയ സുരക്ഷയിലും സാമ്പത്തിക വികസന അജൻഡകളിലും ഈ മൂന്ന് വിഭാഗത്തിലുംപെട്ട ‘സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ’ വഹിക്കുന്ന പങ്കിനനുസൃതമായി, ഓരോ വിഭാഗത്തിനുമേലും ഗവൺമെന്റിൽനിന്നും വ്യത്യസ്ത തലത്തിലുള്ള നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുന്നു; അതിൽ ഏറ്റവും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിൽ ‘മർമ പ്രധാനമായ വ്യവസായം’ എന്ന വിഭാഗത്തിൽപ്പെടുന്ന ‘സർക്കാർ സമ്പദ്ഘടനയുടെ തന്ത്രപ്രധാന മേഖലകളിൽ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ’ക്കുമേലാണ് ‘സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ’ പ്രധാന ഘടകമായി നിലകൊള്ളുന്നു. ഊർജം, വേ-്യാമയാനം, ധനകാര്യം, ടെലികോം, ഗതാഗതം തുടങ്ങിയ മർമപ്രധാന വ്യവസായങ്ങളിൽ അവ പ്രബലമായ പങ്കു വഹിക്കുന്നുണ്ട്.

ഗവൺമെന്റിന്റെ നയങ്ങൾ നടപ്പാക്കുന്നതിനുള്ള ഒരുപകരണമാണ് ‘സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ’. സെമി കണ്ടക്ടറുകൾ പോലെയുള്ള മർമപ്രധാനമായ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിവരുന്ന ആഭ്യന്തര വിഭവങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചെെനീസ് ഗവൺമെന്റിന്റെ നീക്കത്തിന്റെ മുന്നണിയിൽ നിൽക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളാണ്. ബെൽറ്റ് ആന്റ് റോഡ് ഇനിഷേറ്റീവിനു കീഴിലുള്ള ആയിരക്കണക്കിനു പ്രോജക്റ്റുകളിൽ ‘സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ’ ഭാഗഭാക്കാണ്. 2020 ആദ്യം കോവിഡ് – 19 പടർന്നുപിടിച്ചതിനെതുടർന്ന് കർക്കശമായ ലോക്ഡൗണിലേക്കു നീങ്ങാൻ ചെെനീസ് സമ്പദ്ഘടന നിർബന്ധിതമായപ്പോൾ, കൂടുതൽ ചെലവഴിച്ചുകൊണ്ട് നിക്ഷേപിച്ചുകൊണ്ടും സമ്പദ്ഘടനയെ താങ്ങിനിർത്തിയത് ‘സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളാണ്-’; അതേസമയം ഈ ഘട്ടത്തിൽ സ്വകാര്യ മേഖല പിൻവാങ്ങുകയാണ് ചെയ്തത്.

2022ൽ നടന്ന ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20–ാം കോൺഗ്രസ് അംഗീകരിച്ച റിപ്പോർട്ട്, ചെെനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസത്തിന് വിജയത്തിന്റെ പുതിയ പടവുകൾ ഉറപ്പാക്കുന്നതിലേക്ക് രാജ്യത്തെ നയിക്കുന്നതിനുവേണ്ടിയുള്ള രാഷ്ട്രീയപരമായ പ്രഖ്യാപനവും പ്രവർത്തന പരിപാടിയുമായിരുന്നു. ‘ചെെനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസത്തിന്റെ മഹത്തായ ബാനർ ഉയർത്തിപ്പിടിക്കുകയും, എല്ലാ അർത്ഥത്തിലും ഒരു ആധുനിക സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പടുക്കുന്നതിനായി ഒരുമയോടെ മുന്നേറുകയും ചെയ്യുക’ എന്നതായിരുന്നു ആ റിപ്പോർട്ടിന്റെ തലക്കെട്ട്.

രാജ്യത്തിന്റെ പുരോഗതിയുടെ പാത എങ്ങനെയായിരിക്കണമെന്ന് വളരെ വിശദമായി തന്നെ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി മുൻപേതന്നെ വരച്ചിട്ടിരുന്നു; മാത്രമല്ല, അതിനായി ചെയ്തുതീർക്കേണ്ട കാര്യങ്ങൾക്ക് കൃത്യമായ സമയപരിധിയും നിശ്ചയിച്ചിരുന്നു. ഈ ഘട്ടത്തിൽ രണ്ട് ശതാബ്ദി ലക്ഷ്യങ്ങളെ സിപിസി തീരുമാനിച്ചു. ആദ്യത്തേത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്നതായിരുന്നു; 2021ൽ അതായത് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തിനുള്ളിൽ ഈ ലക്ഷ്യം കെെവരിക്കാനും തീരുമാനിച്ചു. രണ്ടാമത്തേത്, ജനകീയ ചെെന റിപ്പബ്ലിക്കിന്റെ ശതാബ്ദി വർഷത്തിനുള്ളിൽ എല്ലാ അർഥത്തിലും ചെെനയെ മഹത്തായൊരു ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കിത്തീർക്കുക. ഇതിൽ ആദ്യത്തെ ശതാബ്ദി ലക്ഷ്യം അവർ കെെവരിച്ചുകഴിഞ്ഞു; രണ്ടാമത്തെ ശതാബ്ദി ലക്ഷ്യം കെെവരിക്കുവാനുള്ള പാതയിൽ രാജ്യത്തെ നയിക്കുകയാണ് ഇപ്പോൾ സിപിസി.

രണ്ടാമത്തെ ശതാബ്ദി ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ചെെന രണ്ടു ചുവടുവെയ്പുകൾ വരുന്ന തന്ത്രപ്രധാന പദ്ധതി കെെ ക്കൊണ്ടു: അതിൽ ആദ്യത്തെ ചുവടുവെയ്പ്, 2020 മുതൽ 2035 വരെയുളള കാലംകൊണ്ട് സോഷ്യലിസ്റ്റ് ആധുനികവൽക്കരണം അടിസ്ഥാനപരമായി യാഥാർത്ഥ്യമാക്കുക; 2030ൽ തുടങ്ങി ഈ നൂറ്റാണ്ടിന്റെ മധ്യകാലത്തുടനീളമുള്ള സമയംകൊണ്ട് സമൃദ്ധവും സുശക്തവും ജനാധിപത്യത്തിലധിഷ്ഠിതവും സാംസ്കാരികമായി ഉയർന്നതും സൗഹാർദ്ദപരവും മനോഹരവുമായ, മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി ചെെനയെ മാറ്റുകയെന്നാണ് രണ്ടാമത്തെ ചുവടുവെയ്പ്.

‘മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യത്തെ’ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇപ്രകാരം വിശദീകരിക്കുന്നു: ‘‘ചെെനീസ് ആധുനികവൽകരണമെന്നാൽ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൻകീഴിൽ നടപ്പാക്കുന്ന സോഷ്യലിസ്റ്റ് ആധുനികവൽക്കരണമാണ്. എല്ലാ രാജ്യങ്ങളുടെയും ആധുനികവൽകരണത്തിൽ പൊതുവായി കാണപ്പെടുന്ന ഘടകങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്, പക്ഷേ അത് കൂടുതലും ചെെനീസ് പശ്ചാത്തലത്തിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതകളാൽ സവിശേഷവത്കരിച്ചിട്ടുള്ളവയാണ്’’.

‘ഭൗതിക നേട്ടത്തിനു’വേണ്ടി മാത്രമല്ല, മറിച്ച് ‘സാംസ്കാരിക – ധാർമ്മിക നേട്ട’ത്തിനുവേണ്ടിയും പ്രവർത്തിക്കുന്നു എന്നുകൂടി സിപിസി അതിന്റെ പരിശ്രമങ്ങളെ നിർവചിക്കുന്നുണ്ട്.

‘‘ഭൗതികമായ സമൃദ്ധിയും, സാംസ്കാരികവും ധാർമികവുമായ സമ്പന്നതയും സോഷ്യലിസ്റ്റ് ആധുനികവൽകരണത്തിന്റെ മൗലികമായ ലക്ഷ്യങ്ങളാണ്. ഭൗതികമായ ക്ഷാമം സോഷ്യലിസമോ സാംസ്കാരികമായ ദാരിദ്ര്യവൽകരണമോ അല്ല. ആധുനികവൽകരണത്തിനായുള്ള ഭൗതികാടിത്തറ ഊട്ടിയുറപ്പിക്കുകയും ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് തുടരുമ്പോൾ തന്നെ, പുരോഗമന സോഷ്യലിസ്റ്റ് സംസ്കാരം വികസിപ്പിക്കുന്നതിനും സുശക്തമായ ആദർശങ്ങളും ദൃഢവിശ്വാസവും നെഞ്ചേറ്റുന്നതിനും ചെെനയുടെ സാംസ്കാരിക പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുംവേണ്ടി പരിശ്രമിക്കുകയും വേണം. അതിനാൽ നമ്മൾ മൊത്തത്തിലുള്ള ഭൗതിക സമൃദ്ധിയും അതുപോലെ തന്നെ ജനങ്ങളുടെ സമഗ്രമായ വികസനവും ശക്തിപ്പെടുത്തും’’.

ചെെനീസ് ആധുനികവൽകരണത്തിന്റെ അടിയന്തിരാവശ്യങ്ങളെ സിപിസി ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘‘ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെയും ചെെനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസത്തെയും ഉയർത്തിപ്പിടിക്കുക; ഉന്തന നിലവാരമുള്ള വികസനം പിന്തുടരുക; പരിപൂർണ്ണമായ ജനകീയ ജനാധിപത്യം വികസിപ്പിക്കുക; ജനങ്ങളുടെ സാംസ്കാരിക ജീവിതം സമ്പന്നമാക്കുക; എല്ലാവർക്കും പൊതുവായ സമ്പൽസമൃദ്ധി കെെവരിക്കുക; മനുഷ്യരാശിയും പ്രകൃതിയും തമ്മിലുള്ള പൊരുത്തം സാധ്യമാക്കുക; ലോകത്തൊട്ടാകെയുള്ള മനുഷ്യരെല്ലാം ഒന്നുപോലെ കഴിയുന്നൊരു സമൂഹം കെട്ടിപ്പടുക്കുക; പുതിയ രൂപത്തിലുള്ളൊരു മനുഷ്യപുരോഗതി സൃഷ്ടിക്കുക’’.

പൊതുവായ സമ്പൽസമൃദ്ധിയിലും വിഭവങ്ങളുടെ നീതിയുക്തമായ വിതരണത്തിലുമാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ശ്രദ്ധയൂന്നുന്നത്. വരുമാന വിതരണത്തിന്റെ കാര്യത്തിൽ അവരെ നയിക്കുന്ന പ്രാഥമിക തത്വം ‘ഓരോരുത്തർക്കും അവരുടെ അധ്വാനത്തിനനുസരിച്ച്’ എന്നതാണ്, പലതരത്തിലുള്ള വിതരണ രീതികൾ അവിടെ നിലവിലുണ്ട് എങ്കിലും ഇതാണ് അവരുടെ പ്രാഥമിക തത്വം. ‘‘നമ്മൾ ആദ്യം ചില ആളുകളെ സമ്പന്നരാകാൻ അനുവദിക്കുമ്പോൾ, ഇങ്ങനെ സമ്പന്നരാകുന്നവർ അപ്പോഴും സമ്പന്നരായിട്ടില്ലാത്തവരെ നയിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്’’. ഉയർന്ന മൂല്യത്തിലുള്ള വികസനമില്ലാതെ ഒരിക്കലും നമ്മൾക്ക് പൊതുവായ സമ്പൽസമൃദ്ധിയെന്നത് യാഥാർത്ഥ്യമാക്കാനാവില്ല. ഈ രണ്ടു ഘടകങ്ങളും രാജ്യത്തെ അതിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലേക്ക് നയിക്കുന്നു.

സാമ്പത്തിക വളർച്ചയെയും സാമ്പത്തിക വികസനത്തെയും ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി വേർതിരിച്ചു കാണുന്നു. ‘‘സാമ്പത്തിക വളർച്ച ഊന്നുന്നത് സാമ്പത്തിക വലിപ്പം വർധിപ്പിക്കുന്നതിലാണ്; അതേസമയം സാമ്പത്തിക വികസനം എന്നതിൽ സാമ്പത്തിക വലിപ്പം വർധിപ്പിക്കുക എന്നതു മാത്രമല്ല, അതിന്റെ മൂല്യവും ഘടനയും ജനങ്ങളുടെ ഉപജീവനമാർഗവും മെച്ചപ്പെടുത്തുക എന്നതുകൂടി ഉൾപ്പെടുന്നു’’. അതുതന്നെയല്ല, ‘‘ഉന്നത നിലവാരമുള്ള വികസനം ശരിക്കും സൂചിപ്പിക്കുന്നത് ഉയർന്ന മൂല്യമുള്ള സാമ്പത്തിക വികസനത്തെയാണ്’’. കഴിഞ്ഞ രണ്ടു ദശകങ്ങളായി കണ്ടുവന്ന ഉയർന്ന ജിഡിപി വളർച്ചാനിരക്ക് എന്നതിൽനിന്നും പൊതുവായ സമ്പൽസമൃദ്ധി പോലെയുള്ള ആശയങ്ങളിലേക്ക് ചെെനീസ് ഭരണകൂടം ശ്രദ്ധ തിരിച്ചതിന്റെ കാരണമിതാണ്. ‘‘പൊതുവായ സമ്പൽ സമൃദ്ധിക്ക് ഉതകുന്നതല്ലാത്ത വികസനത്തെ ഉന്നത മൂല്യമുള്ള വികസനമായി കണക്കാക്കാനാവില്ല’’.

‘സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും വികാസത്തിലുള്ള കുതിച്ചുചാട്ട’മായാണ് സാമ്പത്തിക വളർച്ചയിൽ നിന്നും സാമ്പത്തിക വികസനത്തിലേക്കുള്ള പരിവർത്തനത്തെ സിപിസി കണക്കാക്കുന്നത്. നിശ്ചിത ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ ഉയർന്ന സാമ്പത്തിക വളർച്ച പിന്നെയും അങ്ങനെതന്നെ നിലനിൽക്കില്ലായെന്നും ഉയർന്ന മൂല്യമുള്ള വികസനം ഒരു ആവശ്യകതയായി മാറുമെന്നും സിപിസി പറയുന്നു. ഉന്നത മൂല്യമുള്ള വികസനമെന്നത് ഒരു സമഗ്രമായ ആശയമാണ്; ‘‘അത് സമ്പദ്ഘടനയുടെയും രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും ഏകോപിത വികസനത്തെ അടിവരയിടുന്നു. അതുമാത്രമല്ല, അത് ജനങ്ങളുടെ മെച്ചപ്പട്ട ജീവിതത്തിനും മൂല്യവത്തായ അഭിവൃദ്ധിക്കും വലിയ വില നൽകുകയും ചെയ്യുന്നു’’.

ഈ സെെദ്ധാന്തികമായ ധാരണയുടെ അടിസ്ഥാനത്തിൽ, ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ അസന്തുലിതമായ പ്രാദേശിക വികസനം, വ്യവസായങ്ങളുടെ അസമമായ വളർച്ച, നഗര – ഗ്രാമീണ മേഖലകൾ തമ്മിലുള്ള വെെജാത്യം കുറയ്ക്കുക എന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. ‘‘ഉൽപാദന ശക്തികളെ കൂടുതൽ കെട്ടഴിച്ചുവിടുകയും വികസിപ്പിക്കുകയും ചെയ്യുക, യഥേഷ്ടം ഭക്ഷണം ലഭ്യമാക്കുകയും പൊതുവായ സമ്പൽസമൃദ്ധിക്കുവേണ്ടി സമ്പത്തിന്റെ സുദൃഢമായൊരു അടിത്തറ പാകുക എന്നിവയാണ് ആകമാനമായ ലക്ഷ്യം; അതിനോടൊപ്പം തന്നെ ചെെനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസ്റ്റ് സംവിധാനം നിരന്തരമായി അഭിവൃദ്ധിപ്പെടുത്തുകയും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അപ്പം വീതിക്കുകയും പൊതുസമൃദ്ധിക്കു വേണ്ടി സ്ഥാപനപരമായ ഗ്യാരണ്ടി ലഭ്യമാക്കുകയും ചെയ്യുക’’.

പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും കണ്ടെത്തുന്ന വീഴ്ചകളെ മറികടക്കുകയും ചെയ്തു കൊണ്ടു മാത്രമേ ഈ ലക്ഷ്യങ്ങളെല്ലാം തന്നെ നേടിയെടുക്കുവാൻ സാധിക്കുകയുള്ളുവെന്ന വ്യക്തമായ ധാരണ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. പാർട്ടിയുടെ അടിത്തറ നിലകൊള്ളുന്നത‍്, ‘പാർട്ടിയുടെ സ്ഥാപക തത്വങ്ങളെയും മാർക്സിസത്തോടും സോഷ്യലിസത്തോടുമുള്ള പ്രതിബദ്ധതയേയും ഒരുകാലത്തും കെെവെടിയുന്നില്ല’ എന്നതിലാണ്. മാർക്സിസത്തെ ഒരു വഴികാട്ടിയായി (guide) കാണുന്നു എന്നതിനർത്ഥം അതിന്റെ സൂത്രവാക്യങ്ങളും വരികളും അതേപടി മനഃപാഠമാക്കുകയും ആവർത്തിച്ചുരുവിടുകയും ചെയ്യുകയെന്നതല്ല; അതിനെ ഒരു വേദവാക്യമായി (Dogma) കാണുകയെന്നതുമല്ല. പാർട്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനമായി നിലവിലുള്ള യഥാർത്ഥ സാഹചര്യങ്ങളെ കാണുവാനും യഥാർത്ഥ പ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും സിപിസി തീരുമാനിച്ചു. ‘‘പ്രയോഗത്തിന് പരിമിതികളില്ല എന്നതുപോലെതന്നെ സെെദ്ധാന്തികമായ പുതുക്കലിന് അവസാനവുമില്ല’’.

ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെെദ്ധാന്തികമായ പുതുക്കലിനും പ്രയോഗത്തിനും ചെെനയിലെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടായിരിക്കുന്നു. 2024 ജൂലെെയിൽ സിപിസി കേന്ദ്ര കമ്മിറ്റി ഇറക്കിയ റിപ്പോർട്ടു പ്രകാരം, 2023 അവസാനത്തിൽ 99.18 ദശലക്ഷം അംഗങ്ങളാണുള്ളത്; അതിൽ 1.14 ദശലക്ഷത്തിലധികം പേർ 2022 മുതൽ പാർട്ടിയിൽ ചേർന്നവരാണ്. പാർട്ടിക്ക് മൊത്തം 5.18 ദശലക്ഷം പ്രാഥമികതല സംഘടനകളുണ്ട‍്. 2023ൽ മാത്രം 2.41 ദശലക്ഷം ആളുകൾ പാർട്ടിയിൽ ചേർന്നു; അതിൽ 82.4 ശതമാനം പേർ 35 വയസ്സോ അതിൽ താഴെയോ ഉള്ളവരാണ്. പാർട്ടി അംഗങ്ങളിൽ ഭൂരിഭാഗവും, അതായത് 33 ശതമാനവും, തൊഴിലാളികളും കർഷകരുമാണ്; അതേസമയം അംഗങ്ങളിൽ 30.4 ശതമാനം പേർ (30.18 ദശലക്ഷം പേർ) സ്ത്രീകളുമാണ്.

ഈ അംഗങ്ങളെയാകെ മാർക്സിസം – ലെനിനിസം എന്താണെന്ന് പഠിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുകയെന്നത് പ്രഥമ കടമയാണ്. ശാസ്ത്രത്തിലുള്ള ജനങ്ങളുടെ അറിവ് വർധിപ്പിക്കുവാനും എല്ലാവരെയും വായിക്കാൻ പ്രോത്സാഹിപ്പിക്കുവാനും സിപിസി തീരുമാനിച്ചു. സദാ പഠനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന മാർക്സിസ്റ്റ് പാർട്ടി’യായി പാർട്ടിയെ മാറ്റിതീർക്കുവാൻ ആഹ്വാനം ചെയ്തു.

അതിനുവേണ്ടി രാഷ്ട്രീയ സ്കൂളുകളും സാംസ്കാരിക രൂപങ്ങളും ഉപയോഗപ്പെടുത്തുന്നു. ഉദാഹരണത്തിന്, ചെെനയിലുടനീളം 1600 ലധികം വിപ്ലവ മ്യൂസിയങ്ങളും മെമ്മോറിയലുകളും അതുപോലെതന്നെ 300 ലധികം ഈ ഹെറിറ്റേജ് ടൂറിസം കേന്ദ്രങ്ങളുമാണുള്ളത്. 2023ലെ ടൂറിസം റിപ്പോർട്ടനുസരിച്ച് സിപിസി ഹെറിറ്റേജ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ചെെനീസ് ജനത ചെലവഴിച്ചത് 2 ബില്ല്യണിലധികം തുകയാണ്. സിപിസി ഹെറിറ്റേജ് കേന്ദ്രങ്ങളിലെ സന്ദർശകരിൽ അധികംപേരും 31നും 40നുമിടയിൽ പ്രായമുള്ളവരാണ്; അതായത് ആകെ സന്ദർശകരിൽ 35 ശതമാനം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘മാർക്സിസത്തിലധിഷ്ഠിതമായ ഭരണകക്ഷി’ എന്ന നിലയിൽ, പാർട്ടി നേരിടുന്ന സവിശേഷ വെല്ലുവിളികളെ മറികടക്കുന്നതിന് എക്കാലവും ജാഗ്രതയോടെയും ദൃ-ഢനിശ്ചയത്തോടെയും നിലകൊള്ളണമെന്ന് സിപിസി എടുത്തുപറയുന്നുണ്ട്; ജനങ്ങളുടെ പിന്തുണ നിലനിർത്തുന്നതിനും ‘ദീർഘകാല ഭരണകക്ഷി’ എന്ന പാർട്ടിയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും അനിവാര്യമാണെന്ന് സിപിസി കാണുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയിൽനിന്നും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ സോഷ്യലിസത്തിനേറ്റ തിരിച്ചടിയിൽനിന്നും ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി പഠിച്ച പ്രധാന പാഠങ്ങളിലൊന്നാണിത്. സിപിസിക്ക് ‘ഉയർച്ച താഴ്ച’കളുടേതായ ഈ പതിവു ചാക്രികാവൃത്തിയിലൂടെ സുഗമമായി ഓടിച്ചുപോകുകയും സോഷ്യലിസത്തിന്റെ പാതയിൽ ഉറച്ചുനിൽക്കുകയും വേണം. ‘‘കഠിന പ്രയത്നങ്ങളിലൂടെ, ഉയർച്ച താഴ്ചകളുടേതായ ഈ ചരിത്രപരമായ ആവൃത്തിയിൽനിന്നും എങ്ങനെ രക്ഷപ്പെടണമെന്നതിന് പാർട്ടി ഒരുത്തരം കണ്ടെത്തി – സ്വയം പരിഷ്കരിക്കരണമാണ് ആ ഉത്തരം. സ്വയം ശുദ്ധീകരിക്കുവാനും മെച്ചപ്പെടുത്തുവാനും പുതുക്കുവാനും ശ്രേഷ്ഠമാക്കുവാനുമുള്ള പാർട്ടിയുടെ കഴിവിനെ ഞങ്ങൾ സാകൂതം വർദ്ധിപ്പിച്ചു… പാർട്ടിക്കുള്ളിൽ തന്നെ സത്യസന്ധതയുടേതതായ ഒരു രാഷ്ട്രീയാന്തരീക്ഷം നിരന്തരമായി വളർത്തിയെടുക്കുകയും വികസിപ്പിക്കുകയും ചെയ്തു’’.

പൂർണ്ണമനസ്സോടെ ജനങ്ങളെ സേവിക്കുവാനും ‘ജനങ്ങളിൽനിന്ന് ജനങ്ങളിലേക്ക്’ എന്ന തത്വം പിന്തുടരാനും ഷി ജിൻപിങ് പാർട്ടിയോടാകെ ആഹ്വാനം ചെയ്തു. ജനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തണമെന്നും അവരുടെ വിമർശനവും മേൽനോട്ടവും ഉൾക്കൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘‘നമ്മൾ ജനങ്ങൾ ശ്വസിക്കുന്ന അതേ ജീവവായു തന്നെ ശ്വസിക്കണം, അതേ ഭാവി തന്നെ പങ്കിടണം, അവരോട് സത്യസന്ധത പുലർത്തണം… ഇതുവരെ പറഞ്ഞിട്ടില്ലാത്തത് പറയുവാനും ഇതുവരെ ചെയ്തിട്ടില്ലാത്തത് ചെയ്യുവാനും നമ്മൾ ധെെര്യപ്പെടണം. പുതിയ പ്രയോഗത്തിലേക്ക് നയിക്കുന്നതിന് നമ്മൾ പുതിയ സിദ്ധാന്തത്തെ ഉപയോഗിക്കണം’’.

ഈ കാഴചപ്പാടോടെയാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി ചെെനയെ ഒരു ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുവാൻ പദ്ധതിയിടുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 3 =

Most Popular