Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിഈ കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചാരണം എന്തുകൊണ്ട്‌?

ഈ കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചാരണം എന്തുകൊണ്ട്‌?

എം വി ഗോവിന്ദൻ

സിപിഐ എമ്മിനും പാർട്ടി നേതൃത്വം നൽകുന്ന എൽഡിഎഫിനും സർക്കാരിനുമെതിരെ വെറിപിടിച്ച പ്രചാരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയുടെ അവസാനകാലത്ത് നടന്ന സർക്കാരിനെതിരായ വ്യാജ പ്രചാരണ പരമ്പരയിലൂടെ തുടർഭരണം ഉണ്ടാകില്ലെന്നാണ് വിരുദ്ധർ മനക്കോട്ട കെട്ടിയത്. എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 2016 ലേതിനെക്കാൾ വലിയ ഭൂരിപക്ഷം നേടി എൽഡിഎഫ് തിളക്കമാർന്ന വിജയം നേടുകയും അങ്ങനെ ചരിത്രത്തിലാദ്യമായി കേരളത്തിൽ എൽഡിഎഫിന്റെ തുടർഭരണം ഉറപ്പാക്കുകയും ചെയ്തു. ഈ ജനവിധി കമ്യൂണിസ്റ്റ് വിരുദ്ധ കേന്ദ്രങ്ങളെയാകെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത്തരമൊരു ജനവിധി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ അവർ രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കം മുതൽ തന്നെ കൊണ്ടുപിടിച്ച പ്രചാരണമാണ് നടത്തിവരുന്നത്. പക്ഷേ, അവർക്ക് ആശ്രയിക്കാനുള്ളത് വ്യാജ പ്രചാരണങ്ങളെ മാത്രമാണ്. ഒന്നിനുപിറകെ ഒന്നായി നുണക്കഥകളുടെ പരമ്പരയാണ് വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും കൈ മെയ് മറന്ന് തൊടുത്തു വിട്ടുകൊണ്ടിരിക്കുന്നത്.

വിരുദ്ധർ നുണപ്രചാരണം 
ശക്തമാക്കുന്നു
ഇത് നമ്മെ 1957 – 59ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്തെയാണ് അനുസ്മരിപ്പിക്കുന്നത്. ആ മന്ത്രിസഭയുടെ കാലത്ത് ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണവും ഉൾപ്പെടെ ജനക്ഷേമപരവും ഒപ്പം നാടിന്റെ വികസനത്തിലൂന്നിയതുമായ പരിപാടികൾ നടത്തിക്കൊണ്ടിരുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കും മന്ത്രിസഭയ്ക്കും അനുകൂലമായ ജനവികാരം ഉയർന്നു വരുന്നുവെന്ന് കണ്ട വിരുദ്ധർ അവയെയെല്ലാം നുണ പ്രചരണങ്ങളിൽ മുക്കിക്കൊല്ലാനും ആ സർക്കാരിനെത്തന്നെ തകർക്കാനുമാണ് കരുനീക്കം നടത്തിയത്. അതിനായി മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമൊപ്പം എല്ലാവിധ ജാതി – മതശക്തികളും അണിചേർന്നുവെന്നതും ചരിത്രം.

സമാനമായ ഒന്നാണ് 2008 മുതൽ 2011 വരെ പശ്ചിമബംഗാളിൽ ഇടതുസർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും തൃണമൂലും മാവോയിസ്റ്റുകളും വിവിധ മത തീവ്രവാദ – വർഗീയ ശക്തികളും ഒന്നിച്ചണിനിരന്നത്. കൃത്യമായും ഒരു മഴവിൽസഖ്യം തന്നെ സിപിഐ എം നേതൃത്വത്തിലുള്ള സർക്കാരിനെ തകർക്കാനായി അവിടെ രൂപംകൊണ്ടു. അങ്ങനെ രൂപംകൊണ്ട മഴവിൽ സഖ്യമാണ് ബംഗാളിലെ ഇടതുപക്ഷത്തെ 2011ൽ പരാജയപ്പെടുത്തിയത്.

ഇതൊരു ആഗോള അജൻഡയുടെ ഭാഗമാണെന്നും രണ്ടാം ലോകയുദ്ധാനന്തര കാലത്തെ ചരിത്രാനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. മൂലധന താല്പര്യങ്ങൾക്ക് ചെറിയ തോതിലെങ്കിലും തടസം നിൽക്കുന്ന, ഇടതുപക്ഷ സ്വഭാവമുള്ള ജനാധിപത്യ ഭരണങ്ങളെ അട്ടിമറിച്ച് സൈനിക – സ്വേച്ഛാധിപത്യവാഴ്ചകൾ സ്ഥാപിച്ച ഒട്ടേറെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇറാനിലും ഗ്വാട്ടിമാലയിലും ചിലിയിലുമെല്ലാം നാം അത്‌ കണ്ടതാണ്. ഇത്തരം അട്ടിമറികൾക്ക് പശ്ചാത്തലമൊരുക്കുന്നത് മാധ്യമങ്ങളും അതേറ്റു പിടിച്ച് വലതുപക്ഷ രാഷ്ട്രീയ കക്ഷികളും മറ്റും നടത്തുന്ന പ്രചാരണങ്ങളും പ്രക്ഷോഭങ്ങളുമാണ്. സാമ്രാജ്യത്വശക്തികളും അവയുടെ ചാര സംഘടനകളും ഇത്തരം പ്രചാരണങ്ങൾക്കും അട്ടിമറികൾക്കും പിന്നിൽ സജീവമായുണ്ടായിരുന്നുവെന്നതും തെളിയിക്കപ്പെട്ടതാണ്. 1959ൽ കേരളത്തിൽ നടന്ന വിമോചന സമരത്തിന് സിഐഎ നൽകിയ സാമ്പത്തിക സഹായത്തെക്കുറിച്ച് അന്നതുമായി സഹകരിച്ചിരുന്ന അമേരിക്കൻ അധികൃതർ തന്നെ പിൽക്കാലത്ത് തുറന്നു പറഞ്ഞിട്ടുമുണ്ട്.

ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിനും എൽഡിഎഫിനും നേരിട്ട തിരിച്ചടിയെ അതിജീവിക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളുകയും താഴെ തലങ്ങളിൽ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുകയും ചെയ്ത വേളയിലാണ് ഇപ്പോൾ കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയ കക്ഷികളും ജാതി– മത – പിന്തിരിപ്പൻ ശക്തികളും ഒപ്പം വലതുപക്ഷ മാധ്യമങ്ങളും വ്യാജ പ്രചാരണങ്ങളുമായി അണിനിരന്നിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കപ്പെടേണ്ടതാണ്. സർക്കാരിനെ അട്ടിമറിക്കുന്നതിനും തുടർ ഭരണസാധ്യത ഇല്ലാതാക്കുന്നതിനുമുള്ള നീക്കം എന്നതിനപ്പുറം പാർട്ടിയെത്തന്നെ തകർക്കുക എന്ന ലക്ഷ്യവും ഈ പ്രചാരണത്തിനുണ്ട്.

കേന്ദ്രസർക്കാരിന്റെ ഉപരോധംമൂലം അടിസ്ഥാന ജനവിഭാഗങ്ങൾക്ക് കൃത്യസമയത്ത് നൽകാൻ കഴിയാതെ പോയ ആനുകൂല്യങ്ങൾ ഒന്നൊന്നായി പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ഈ ശിഥിലീകരണ ശക്തികൾ സർക്കാരിനും പാർട്ടിക്കുമെതിരെ ഇപ്പോൾ കച്ച മുറുക്കി ഇറങ്ങിയിരിക്കുന്നത്. മാത്രമല്ല, ഓണക്കാലത്തുണ്ടാകാറുള്ള വിലക്കയറ്റം തടഞ്ഞുനിർത്താൻ സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളും ജനങ്ങളെ സംതൃപ്തരാക്കിയിരുന്നു. അങ്ങനെ ചില വിഭാഗങ്ങൾക്കിടയിൽ ഉണ്ടായ അസംതൃപ്തി മാറുകയും സർക്കാരിനനുകൂലമായ പൊതുവികാരം ഉയർന്നുവരുകയും ചെയ്യുന്നത് തടയുകയാണ് ഇപ്പോൾ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ ലക്ഷ്യങ്ങളിലൊന്ന്.

വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കുറ്റമറ്റതായിരുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിനോ വലതുപക്ഷ മാധ്യമങ്ങൾക്കോ അതിൽനിന്ന് സർക്കാരിനെതിരെ പ്രയോഗിക്കാൻ ആയുധങ്ങളൊന്നും ലഭിച്ചില്ല. വയനാട്ടിലെ ജനങ്ങളിൽനിന്നു മാത്രമല്ല സർക്കാരിന്റെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചത്; ലോകത്തിന്റെയാകെ ആദരവ് നേടിയതായിരുന്നു ആ പ്രവർത്തനങ്ങൾ. അതും സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തുടർന്നു നടത്തേണ്ട പുനർനിർമാണ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഒരുതരത്തിലുള്ള സഹായവും ലഭിക്കാത്ത പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ദുരിതബാധിതർക്ക് കൈത്താങ്ങായി മാറിയത്‌. കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും സംസ്ഥാന സർക്കാർ ഉറച്ച കാൽവെയ്പുകളോടെ മുന്നോട്ടുനീങ്ങുകയാണ്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിന് തുടർ ഭരണ സാധ്യത ഉണ്ടാകുമോയെന്ന ആശങ്കയിലകപ്പെട്ട വലതുപക്ഷ ശക്തികൾ സിപിഐ എമ്മിനും സർക്കാരിനുമെതിരെ സർവശക്തിയും സമാഹരിച്ചുള്ള നീക്കങ്ങൾക്ക് വീണ്ടും തുടക്കംകുറിച്ചത്. വയനാട് ദുരിതാശ്വാസത്തിനായി ഒന്നും ചെയ്യാത്ത, സംസ്ഥാനത്തെ ഒരുവിധത്തിലും സഹായിക്കാത്ത കേന്ദ്ര സർക്കാരിനെ വെള്ളപൂശാൻ വലതുപക്ഷശക്തികൾ ആസൂത്രിതമായി സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ അഴിച്ചുവിടുകയായിരുന്നു. സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയ നിവേദനത്തിലെ മതിപ്പു ചെലവുകളെ (എസ്റ്റിമേറ്റ്) യഥാർഥ ചെലവുകളായി (എക്സ്പെൻഡിച്ചർ) ചിത്രീകരിച്ച് സംസ്ഥാന സർക്കാരിനെ ആക്രമിക്കാനായിരുന്നു, അവർ തുടക്കത്തിൽ ശ്രമിച്ചത്. വസ്തുതകൾ ചൂണ്ടിക്കാട്ടി അതു പൊളിച്ചതോടെയാണ് പുതിയ പുതിയ ആക്രമണങ്ങൾക്ക് അവർ തുനിഞ്ഞത്.

നേതൃത്വത്തെ 
ദുർബലപ്പെടുത്താനുള്ള നീക്കം 
പാർട്ടിയെ തകർക്കാൻ
കമ്യൂണിസ്റ്റു പാർട്ടിയുടെ സവിശേഷത അത് മുകളിൽനിന്നും കെട്ടിപ്പടുക്കുന്ന ഒന്നാണെന്നതാണ്. അതിനാൽ നേതൃത്വത്തെ ദുർബലപ്പെടുത്തി പാർട്ടിയെ തകർക്കുകയെന്ന നയമാണ് വലതുപക്ഷ ശക്തികൾ അവലംബിക്കുന്നത്. അതിനായാണ് പാർട്ടിയുടെ ആധികാരികതയെയും നേതൃത്വത്തിന്റെ വിശ്വാസ്യതയെയും തകർക്കാൻ യുഡിഎഫും ബിജെപിയും മതമൗലികവാദ സംഘടനകളും ഒരു വിഭാഗം മാധ്യമങ്ങളും ഒത്തുചേർന്ന് തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാർട്ടിയുടെ അടിയുറച്ച മതനിരപേക്ഷ നിലപാട്, പാവപ്പെട്ട ജനങ്ങളോടുള്ള കൂറ്, അഴിമതിവിരുദ്ധ രാഷ്ട്രീയം എന്നിവയാകെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന പ്രചാരണം തുടർച്ചയായി നടത്തുന്നത് ഇതിന്റെ ഭാഗമാണ്. മുൻകാലങ്ങളിൽ പാർട്ടി നേതൃത്വം ഉയർത്തിപ്പിടിച്ചിരുന്ന മൂല്യങ്ങളാകെ ഇന്ന് കെെവെടിഞ്ഞിരിക്കുകയാണെന്ന പ്രചാരണത്തിനു പിന്നിലുള്ള ഗൂഢലക്ഷ്യം കേരളത്തിലെ ഇടതുപക്ഷ മനസ്സിൽ സംശയം ജനിപ്പിക്കലാണ്. മുൻകാലങ്ങളിലും ഈ വിഭാഗങ്ങൾ ഇതേ പ്രചാരണം നടത്തിയിരുന്നുവെന്ന കാര്യം നാം വിസ്മരിക്കരുത്. സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം തകർക്കാനുള്ള സവിശേഷ പദ്ധതികളും ഈ കൂട്ടർ ആസൂത്രണം ചെയ്യുകയാണ്.

സിപിഐ എമ്മിനെ ദുർബലപ്പെടുത്തിയാൽ മാത്രമേ മതരാഷ്ട്രവാദികൾക്ക് കേരളത്തിൽ കാലുറപ്പിക്കാൻ കഴിയൂവെന്ന് അവർക്കറിയാം. അതിനായി കമ്യൂണിസ്റ്റു പാർട്ടിയെ തകർക്കാൻ ലോകത്തെങ്ങുമെന്ന പോലെ കേരളത്തിലും ഇടതുപക്ഷ മുഖംമൂടിയണിഞ്ഞ പലവിധ ആശയപ്രചാരണങ്ങളും ഇക്കൂട്ടർ നടത്തുന്നുണ്ട്. ഉത്തരാധുനികതയുടെ അടിത്തറയിൽ നിന്നുയർന്നുവരുന്ന സ്വത്വരാഷ്ട്രീയ ആശയങ്ങളും അതിനെ ആധാരമാക്കിയുള്ള പ്രയോഗങ്ങളും ഈ പദ്ധതിയുടെ അടിത്തറയായി മാറിയിട്ടുണ്ട്.

നാനാവിധത്തിലുള്ള നുണപ്രചാരണങ്ങൾ ഇതിന്റെ ഭാഗമായി വ്യാപകമായി സംഘപരിവാർ അഴിച്ചുവിടുന്നുണ്ട്. മദ്രസ അധ്യാപകർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നുവെന്ന പ്രചാരണം അവർ സംഘടിതമായി ഉയർത്തിക്കൊണ്ടുവരുന്നു. ക്ഷേത്രങ്ങളുടെ വരുമാനമാകെ സർക്കാർ കയ്യടക്കുകയാണെന്ന പ്രചാരണവും ഇവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പൗരത്വ ഭേദഗതിയുമായും ഏക സിവിൽകോഡുമായും ബന്ധപ്പെടുത്തി പാർട്ടി സ്വീകരിച്ച നിലപാടുകൾ ദുർവ്യാഖ്യാനം ചെയ്ത് സിപിഐ എം ഹിന്ദു വിരുദ്ധ പാർട്ടിയാണെന്ന അടിസ്ഥാനരഹിതമായ പ്രചാരണമാണ് ഹിന്ദുത്വവാദികൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം ന്യൂനപക്ഷ വർഗീയശക്തികൾ സിപിഐ എം ഹിന്ദുത്വവാദികളുമായി കൂട്ടുകെട്ടുണ്ടാക്കുകയാണെന്ന പ്രചാരവേലയും കൊണ്ടുപിടിച്ചു നടത്തുന്നുണ്ട്. കേരളത്തിൽ ആർഎസ്എസിന്റെ മുന്നേറ്റത്തെ തകർക്കാൻ ശ്രമിച്ചതിന്റെ പേരിൽ 281 സിപിഐ എം പ്രവർത്തകരാണ് ആർഎസ്എസിന്റെ കൊലക്കത്തിക്കിരയായത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപിക്ക് നിയമസഭയിൽ ലഭിച്ച പ്രാതിനിധ്യം ഇല്ലാതാക്കിയത് സിപിഐ എം നടത്തിയ കൃത്യമായ പ്രവർത്തനത്തിന്റെ ഫലമായാണ്. ഇതെല്ലാം മൂടിവെച്ചാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലെയുള്ള ന്യൂനപക്ഷ മതരാഷ്ട്രവാദികളും വർഗീയശക്തികളും മുസ്ലീംവിരുദ്ധ കക്ഷിയാണ്‌ സിപിഐ എം എന്ന പ്രചാരണം നടത്തുന്നത്.

2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസുമായി സിപിഐ എം രഹസ്യധാരണയുണ്ടാക്കിയതാണ് തൃശൂരിൽ ബിജെപി സ്ഥാനാർഥിയുടെ വിജയത്തിന് വഴിയൊരുക്കിയതെന്നാണ് വിരുദ്ധരുടെ മറ്റൊരു പ്രചാരണം. എന്നാൽ ലോക്-സഭാ തിരഞ്ഞെടുപ്പിൽ ഓരോ മുന്നണിക്കും ലഭിച്ച വോട്ടിന്റെ കണക്ക് പരിശോധിച്ചാൽ തന്നെ ഈ വാദത്തിന്റെ പൊള്ളത്തരം പുറത്തുവരും. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തൃശൂരിൽ 2019ൽ ലഭിച്ചതിനെക്കാൾ 16,228 വോട്ട് കൂടുതൽ ലഭിച്ചു. എന്നാൽ യുഡിഎഫ് സ്ഥാനാർഥിക്ക് 2019ൽ ലഭിച്ചതിൽ നിന്ന്‌ 86,965 വോട്ട് ഇത്തവണ നഷ്ടപ്പെടുകയാണുണ്ടായത്. ഇപ്പോൾ ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷമാകട്ടെ 74,666 വോട്ടും. യുഡിഎഫിന് വോട്ട് കുറഞ്ഞില്ലായിരുന്നുവെങ്കിൽ ബിജെപി തൃശ്ശൂരിൽ ജയിക്കില്ലായിരുന്നുവെന്ന് ഈ കണക്കിൽ നിന്നു തന്നെ വ്യക്തമാകുന്നു. കോൺഗ്രസിന്റെ വോട്ടാണ് ബിജെപിക്ക് പോയതെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർഥി തന്നെ പ്രസ്താവിച്ചതും സിപിഐ എം വിരുദ്ധ പ്രചാര വേലക്കാർ കാണുന്നില്ല.

കേരളത്തിൽ ആർഎസ്എസുമായി രഹസ്യവും പരസ്യവുമായ ബാന്ധവത്തിൽ ഏർപ്പെട്ട ചരിത്രമുള്ള പാർട്ടിയാണ് കോൺഗ്രസ്. 1959ലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം മുതൽ പരിശോധിച്ചാൽ ഇതിന്റെ വ്യക്തമായ തെളിവുകൾ കാണാൻ കഴിയും. ദേശീയതലത്തിലും പാർലമെന്റിനുള്ളിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുകയും ബാബ്റി മസ്ജിദ് സംരക്ഷിക്കാൻ നിലപാടെടുക്കുകയും ചെയ്ത വി പി സിങ്ങിന്റെ സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കാനും ചില കോർപ്പറേറ്റനുകൂല പിന്തിരിപ്പൻ നിയമനിർമാണങ്ങൾ കൊണ്ടുവരാനും ബിജെപിയുമായി കെെകോർത്ത പാരമ്പര്യം കോൺഗ്രസിന്റേതാണ്. ഇതെല്ലാം മറച്ചുവെച്ചാണ് സിപിഐ എമ്മിനെതിരെ വിരുദ്ധർ കല്ലുവെച്ച നുണകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അൻവറും 
വലതുപക്ഷ മാധ്യമങ്ങളും
എല്ലാക്കാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആര് സഹകരിച്ച് പ്രവർത്തിച്ചാലും അവരെ അതിനിഷ്ഠുരമായി ആക്രമിക്കുന്ന ശെെലിയാണ് വലതുപക്ഷ മാധ്യമങ്ങൾ പിന്തുടർന്നിരുന്നത്. എന്നാൽ ഇതേ ആളുകൾ എപ്പോഴെങ്കിലും പാർട്ടിക്കെതിരെ തിരിയുകയാണെങ്കിൽ അവരെ വിശുദ്ധരാക്കാനും ഈ മാധ്യമങ്ങൾക്ക് മടിയില്ല. എൽഡിഎഫ് പിന്തുണയോടെ പി വി അൻവർ നിലമ്പൂരിൽനിന്ന് ജയിച്ച കാലം മുതൽ അദ്ദേഹത്തിനെതിരെ ഈ മാധ്യമങ്ങൾ നടത്തിയ പ്രചാരണവും ചർച്ചകളും എന്തെല്ലാമെന്ന് ഇപ്പോൾ അദ്ദേഹത്തെ വിശുദ്ധനാക്കി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നവർ ഒന്നോർക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ എട്ട് വർഷക്കാലവും പി വി അൻവർ ഏറ്റവും വലിയ കൊള്ളക്കാരനും ജനദ്രോഹിയും പരിസ്ഥിതി നാശമുണ്ടാക്കുന്നയാളുമായാണല്ലോ വലതുപക്ഷ രാഷ്ട്രീയക്കാരും അവരുടെ സംരക്ഷകരായ വലതുപക്ഷ മാധ്യമങ്ങളും ചിത്രീകരിച്ചിരുന്നത്.

ഭീഷണിപ്പെടുത്തി സ്ഥലം ഒഴിപ്പിക്കാൻ നീക്കം നടത്തുന്നു, പരിസ്ഥിതിലോല പ്രദേശത്ത് വാട്ടർ തീം പാർക്ക് പ്രവർത്തിപ്പിക്കുന്നു, ആദിവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നു തുടങ്ങിയ ആരോപണങ്ങളുടെ ശരശയ്യയിലാക്കുകയായിരുന്നു അവർ അദ്ദേഹത്തെ. തന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് അൻവർ കുറേക്കാലം ആഫ്രിക്കയിലായിരുന്നപ്പോൾ ഇവിടെ മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തിയ പുകിലുകൾ എന്തൊക്കെയായിരുന്നു? ഇത്തരം മാധ്യമ വേട്ടയാടലുകളെയും പ്രതിപക്ഷാക്രമണങ്ങളെയും മറുനാടൻ മലയാളിപോലെയുള്ള ഓൺലെെൻ പ്രചാരകരെയും എതിരിടാനും സ്വയം സംരക്ഷിക്കാനുമായാണ് പി വി അൻവർ നവമാധ്യമ രംഗത്ത് സജീവമായി ഇടപെട്ടത്. എന്നാൽ ഇപ്പോഴോ? ഇക്കൂട്ടർക്കെല്ലാം അൻവർ പരമവിശുദ്ധനായിരിക്കുന്നു. അൻവറാകട്ടെ, മറുനാടൻ മലയാളിയെപ്പോലെയുള്ള അറുവഷളൻ പ്രചാരണത്തിൽ ഏർപ്പെടുന്ന, ഓൺലെെൻ മാധ്യമങ്ങൾ ഉന്നയിച്ചതും അൻവർ തന്നെ എതിർത്തുകൊണ്ടിരുന്നതുമായ നുണക്കഥകൾ പത്രസമ്മേളനങ്ങളിൽ തത്തയെപ്പോലെ ആവർത്തിച്ചുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. എന്തുമാത്രം പരിഹാസ്യമായ നിലപാടാണിത്!. ഇന്ന് അൻവറും വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും ഒരേ തൂവൽ പക്ഷികളായി മാറിയിരിക്കുകയാണ്.

കോൺഗ്രസ് പ്രവർത്തകനായിരുന്ന പി വി അൻവർ പിന്നീട് ഡിഐസിയിൽ പ്രവർത്തിക്കുകയും ഡിഐസി ഇല്ലാതായപ്പോൾ ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കാൻ തുടങ്ങുകയുമാണുണ്ടായത്. അങ്ങനെയാണ് അദ്ദേഹം 2016ൽ നിലമ്പൂരിൽനിന്ന് എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് ജയിക്കാൻ വഴിയൊരുങ്ങിയത്. അങ്ങനെയുള്ള അൻവറാണ് ഇപ്പോൾ വലതുപക്ഷത്തിന്റെ കോടാലിക്കെെയായി എൽഡിഎ-ഫിനും സിപിഐ എമ്മിനുമെതിരെ തിരിഞ്ഞിരിക്കുന്നത്. ഈ കാലത്താകെ താൻ പറഞ്ഞതെല്ലാം അൻവർ ഇപ്പോൾ വിഴുങ്ങുകയാണ്. മാധ്യമങ്ങൾക്കും വലതുപക്ഷ രാഷ്ട്രീയ ശക്തികൾക്കും പി വി അൻവർ ഇപ്പോൾ വിശുദ്ധനും മഹാനും സത്യാന്വേഷിയുമെല്ലാമാകുന്നത് അദ്ദേഹം നടത്തിയ ഈ ചുവടുമാറ്റത്തിന്റെ ഫലമായാണ്.

എന്നാൽ സിപിഐ എമ്മാകട്ടെ തികച്ചും ജനാധിപത്യപരമായ നിലപാടാണ് അൻവറിനോട് സ്വീകരിച്ചത്. ഭരണത്തിലെ ഏതെങ്കിലും വിഭാഗവുമായോ വ്യക്തികളുമായോ തനിക്ക് എതിർപ്പോ ആരെയെങ്കിലും കുറിച്ച് പരാതിയോ ഉണ്ടെങ്കിൽ അത് പാർട്ടിയോടോ മുഖ്യമന്ത്രിയോടോ നേരിട്ട് പറയാനും ഇല്ലെങ്കിൽ പാർലമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിക്കാനും അൻവറിന് അവസരമുണ്ടായിരുന്നു. എന്നിട്ടും അത്തരം അവസരമൊന്നും ഉപയോഗിക്കാതെ അദ്ദേഹം നേരിട്ട് മാധ്യമങ്ങൾക്കുമുന്നിൽ കാര്യങ്ങൾ കൊണ്ടുവരികയായിരുന്നു. പാർട്ടിയുടെ രീതിക്കു വിരുദ്ധമായ ഈ സമീപനം അൻവറിൽ നിന്നുണ്ടായിട്ടും മുഖ്യമന്ത്രിയും പാർട്ടിയും അദ്ദേഹവുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ പരാതികൾ എഴുതി നൽകാൻ ആവശ്യപ്പെടുകയുമാണുണ്ടായത്. മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ പകർപ്പ് പാർട്ടിക്കും നൽകി. അൻവർ വാർത്താസമ്മേളനത്തിൽ പൊലീസുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉന്നയിച്ചപ്പോൾ, അതിന്റെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി ‘‘പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെ’’ ശക്തമായ നടപടിയുണ്ടാകുമെന്നു പ്രഖ്യാപിച്ചുവെന്നു മാത്രമല്ല, ചില വിഷയങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിന് ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തു. പൊലീസിലെ ക്രിമിനൽ സ്വഭാവക്കാരെ സംരക്ഷിക്കുന്ന സമീപനമല്ല എൽഡിഎഫ് സർക്കാർ സ്വീകരിച്ചു വരുന്നത്. പക്ഷേ, ഏതു തരത്തിലുള്ള ശിക്ഷാ നടപടിയാണെങ്കിലും അതിനു ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.

പൊലീസിനെ സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ട്. 1957ൽ ഇഎംഎസ് സൂചിപ്പിച്ചതുപോലെ മന്ത്രിസഭ മാറിയാലും ഭരണസംവിധാനത്തിൽ മാറ്റമുണ്ടാകില്ല. ഭരണത്തിന്റെ എല്ലാ മേഖലയിലുമെന്നപോലെ പൊലീസിലും ജനാധിപത്യവിരുദ്ധ നിലപാടുകൾ നിലനിൽക്കും. അങ്ങനെ പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ ഇടപെടുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയുമാണ് എൽഡിഎഫ് സർക്കാർ.

പൊലീസ്‌ സേനയിൽ ആരു കുറ്റം ചെയ്‌താലും ശിക്ഷിക്കപ്പെടും
അൻവർ പ്രധാനമായും ഉന്നയിച്ചത് പൊലീസ് സേനയിലെ രണ്ട്‌ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങളാണ്. പരാതിയിൽ പരാമർശിക്കപ്പെട്ട എസ്-പിയെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു. മലപ്പുറം ജില്ലയിലെ പൊലീസ് സംവിധാനത്തിലാകെ അഴിച്ചുപണി നടത്തി. ഇതെഴുതുന്ന ഘട്ടത്തിൽ പരാമർശവിധേയനായ എഡിജിപിയെ ക്രമസമാധാനപാലനത്തിന്റെ ചുമതലയിൽ നിന്ന് മാറ്റി; കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

എന്നാൽ പൊലീസ് സേനയിൽ ഏതുന്നത പദവി വഹിക്കുന്ന ആളായാലും തെറ്റ് ചെയ്തെന്ന് വ്യക്തമായാൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടും, ആ വാക്കുകൾ അന്വർഥമാകുംവിധമുള്ള നടപടികൾ കൈക്കൊണ്ടുകൊണ്ടിരുന്നിട്ടും അൻവർ പരസ്യപ്രസ്താവനകൾ ആവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊലീസിനെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ പൊതുവെയുള്ള പരാതികളും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിശ്വാസ്യത നൽകുന്ന ഒരന്തരീക്ഷമുണ്ടാക്കി. അതോടൊപ്പം മാധ്യമങ്ങൾ അൻവറിന്റെ വാക്കുകളെ പാർട്ടിയെയും സർക്കാരിനെയും അടിക്കാനുള്ള വടിയാക്കി അത് പൊലിപ്പിച്ചവതരിപ്പിക്കുകയും കൂടി ചെയ്തു. എന്നാൽ ഇതിലെ വസ്തുതകൾ നാം തിരിച്ചറിയേണ്ടതുണ്ട്.

ക്രമസമാധാന പാലനത്തിൽ 
ഏറ്റവും മികച്ച സംസ്ഥാനമാണ്‌ കേരളം
സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു കഴിഞ്ഞാൽ നമ്മുടെ പരിപാടി നടപ്പാക്കാനാവില്ലെന്ന കാഴ്ചപ്പാടാണ് നാം തുടക്കം മുതൽ തന്നെ മുന്നോട്ടുവച്ചത്. അതേസമയം നാട്ടിലുള്ള എല്ലാ ജനവിഭാഗങ്ങളുടെയും ന്യായമായ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുകയെന്നും പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ ഭാഗമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് നീതി ഉറപ്പുവരുത്തുന്നതിനുള്ള സവിശേഷമായ ഇടപെടൽ ഉണ്ടാകുമെന്നും വ്യക്തമാക്കപ്പെട്ടു. യാതൊരു ശുപാർശയും കൂടാതെ നീതി ലഭ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അക്കാലത്തുതന്നെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ജനങ്ങളിൽനിന്നുയർന്ന ഇത്തരം പരാതികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്നു കണ്ട 108 പൊലീസുകാരെ ഈ സർക്കാരിന്റെ കാലത്ത് സർവീസിൽനിന്നും പുറത്താക്കി. ലോക്കപ്പ് മരണമുണ്ടായാൽ സിബിഐ അന്വേഷിക്കണമെന്ന പൊതുനിലപാട് സ്വീകരിച്ചതും ഈ ഭരണകാലത്താണ്; അത്തരം നിലപാട് സ്വീകരിച്ച ഏക സംസ്ഥാനവും കേരളമാണ്. ഇതൊന്നും തന്നെ യുഡിഎഫ് ഭരണകാലത്ത് സാധാരണഗതിയിൽ ആലോചിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ്.

ഇന്ത്യയിൽ ക്രമസമാധാനപാലനത്തിൽ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ പൊലീസ് സംവിധാനം നിലനിൽക്കുന്നതും കേരളത്തിലാണ്. കുറ്റാന്വേഷണത്തിന്റെ കാര്യത്തിലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സംവിധാനവും നിലനിൽക്കുന്നത് കേരളത്തിലാണ്. പിണറായി സർക്കാരിന്റെ സ്ത്രീ സൗഹൃദ സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണ് പൊലീസിൽ വനിതാ ബറ്റാലിയൻ ആരംഭിച്ചത്; ഒപ്പം മൊത്തത്തിൽ പൊലീസിൽ സ്ത്രീകളുടെ അംഗസംഖ്യ വർദ്ധിപ്പിക്കുകയും ചെയ്തു. പൗരാവകാശം സംബന്ധിച്ച വിവിധ പാഠങ്ങൾ പൊലീസ് ട്രെയിനിങ്ങിന്റെ ഭാഗമാക്കിയത് പൊലീസിൽ ജനാധിപത്യപരമായ നവീകരണമുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു.

പൊലീസ് സംവിധാനത്തെ ഒരു ജനകീയ സേനയാക്കി മാറ്റുന്നതിനുള്ള ഇടപെടലുകളും പിണറായി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഓഖി, പ്രളയം, കോവിഡ് 19 തുടങ്ങിയ ദുരന്തങ്ങളിലും വയനാട് ദുരന്തത്തിലും പൊലീസ് സേന വഹിച്ച പങ്ക് ഒരാൾക്കും വിസ്മരിക്കാനാവില്ല. ഫയർഫോഴ്സ് ഈ രംഗത്ത് നടത്തിയ ഇടപെടലും സർക്കാരിന്റെ ഈ നയത്തിന്റെ തുടർച്ച തന്നെയാണ്.

കോവിഡ് വ്യാപിക്കുകയും ആശുപത്രി സംവിധാനങ്ങൾ അപര്യാപ്തമാവുകയും ചെയ്തതോടെ രോഗം നിയന്ത്രിക്കാൻ കണ്ടെയ്‌ൻമെന്റ് സോണുകൾ സൃഷ്ടിക്കുന്ന രീതി സംസ്ഥാനത്ത് സ്വീകരിച്ചു. കണ്ടെയ്‌ൻമെന്റ് സോണുകൾ നിലനിർത്തുന്നതിനും ജനങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിച്ച്- ജനജീവിതം വലിയ പ്രയാസങ്ങൾ കൂടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും പൊലീസിന്റെ ഇടപെടൽ ഏറെ സഹായകമായി എന്നതും വസ്തുതയാണ്. ജനങ്ങളെ സംരക്ഷിക്കുന്ന ഈ പ്രവർത്തനത്തിനിടയിൽ 18 പൊലീസുകാരാണ് കോവിഡ് ബാധിച്ച്- മരണപ്പെട്ടത്.

കേരളത്തിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള നീക്കങ്ങൾ പല ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. ഹിന്ദുത്വ വർഗീയശക്തികൾ പരസ്യമായി വലിയ പ്രചാരവേലയൊന്നും നടത്താതെ വലിയ ജനക്കൂട്ടത്തെ അണിനിരത്തി കലാപത്തിന് ശ്രമിച്ചപ്പോൾ അത് മുൻകൂട്ടിക്കണ്ട് ഇടപെട്ടതും കേരള പൊലീസായിരുന്നു. അതുപോലെതന്നെ ചില ഛിദ്രശക്തികൾ വാട്സ്ആപ്പ് പ്രചാരണത്തിലൂടെ ഹർത്താൽ നടത്താൻ ശ്രമിച്ചപ്പോൾ അതിനെ തടഞ്ഞതും പൊലീസിൽ നിന്നുള്ള വർഗീയ സംഘർഷങ്ങൾക്കെതിരായ ജാഗ്രതയുടെ ദൃഷ്ടാന്തമാണ്. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ആർഎസ്എസ് – എസ്ഡിപിഐ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും തുടർ പ്രശ്നങ്ങളിലേക്ക് പോകാതെ നിയന്ത്രിക്കാൻ പൊലീസിനു കഴിഞ്ഞതും നമ്മുടെ പൊലീസ് സംവിധാനത്തിന്റെ മതനിരപേക്ഷ നിലപാടുമൂലമാണ്. കഴിഞ്ഞ എട്ടര വർഷത്തിനുള്ളിൽ ഒരു വർഗീയ കലാപം പോലും ഉണ്ടാകാതിരുന്നത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള നിരന്തര ജാഗ്രതയുടെ ഫലമായാണ്. ഇതായിരുന്നോ യുഡിഎഫ് ഭരണകാലങ്ങളിലെ സ്ഥിതി?

പ്രമാദമായ എല്ലാ കേസുകളിലും പ്രതികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കേരളത്തിലെ പൊലീസിന് കഴിയുന്നുണ്ട്. വിവിധതരത്തിലുള്ള 36 ദേശീയ അവാർഡുകളാണ് ഈ കാലയളവിൽ നമ്മുടെ പൊലീസ് സംവിധാനത്തിന് ലഭ്യമായത്. ഇതവരുടെ പ്രവർത്തന മികവിന്റെ മറ്റൊരുദാഹരണമാണ്.

പൊലീസിനെ സംബന്ധിച്ച 
അൻവറിന്റെ പരാതികൾ
സ്വർണ കള്ളക്കടത്ത് തടയേണ്ടത് കസ്റ്റംസിന്റെ ഉത്തരവാദിത്വമാണെന്നും അതിൽ പൊലീസ് ഇടപെടുന്നുവെന്നുമാണ് അൻവറിന്റെ മറ്റൊരു പരാതി. കള്ളക്കടത്ത് തടയാൻ പൊലീസ് ഇടപെട്ടതിന്റെ ഫലമായി പിടിക്കപ്പെട്ട ആളുകളിൽ ചിലരെ രംഗത്ത് കൊണ്ടുവന്ന് പൊലീസിനെതിരെ പ്രചാരണം നടത്താനും അൻവർ തയ്യാറായി. എന്നാൽ എന്താണ് യാഥാർഥ്യം?

കേരളത്തിലെ പൊലീസിനെ സംബന്ധിച്ചിടത്തോളം സ്വർണ കള്ളക്കടത്ത് എന്ന പ്രശ്നം ഒരു ക്രമസമാധാന പ്രശ്നമായി മാറുന്ന സ്ഥിതിയുണ്ടായി. കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണക്കള്ളക്കടത്ത് നടത്തിയവരിൽനിന്ന് സ്വർണം തട്ടിയെടുക്കുന്നതിനായി മറ്റൊരു വിഭാഗം ശ്രമിച്ചപ്പോഴുണ്ടായ സംഘട്ടനത്തിൽ രാമനാട്ടുകരയിൽ അഞ്ചുപേർ കൊല്ലപ്പെടുകയുണ്ടായി. അത്തരമൊരു സാഹചര്യത്തിൽ പൊലീസ് ഇടപെടുക എന്നത് അവരുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വമാണ് കേരളത്തിലെ പൊലീസ് ഏറ്റെടുത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അതിനെതിരെയാണ് ഇപ്പോൾ അൻവറും കൂട്ടരും കുരിശുയുദ്ധം നടത്തുന്നത്. എന്നിരുന്നാലും അക്കാര്യത്തിലെ അൻവറിന്റെ പരാതിയും അന്വേഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരിക്കുകയാണ്.

സംസ്ഥാന പൊലീസിനെ ആർഎസ്എസാണ് നിയന്ത്രിക്കുന്നതെന്ന പ്രചാരണവും കുറേക്കാലമായി ചിലർ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഇപ്പോൾ അൻവറും കൂട്ടരും ശ്രമിക്കുന്നത്. പൊലീസ് സേനാംഗങ്ങളും നമ്മുടെ സമൂഹത്തിൽ നിന്നുവരുന്നവരാണ്. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ പ്രവണതകളുടെയും സ്വാധീനം പൊലീസുകാരിലുമുണ്ടാകും. സർവീസിൽ നിന്ന് വിരമിച്ചശേഷം വിവിധ രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട്- അവർ പ്രവർത്തിക്കുന്നതും സാധാരണമാണ്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ വിവിധ പാർട്ടികളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ എത്താറുമുണ്ട്. എന്നാൽ സംസ്ഥാനത്തെ ഡിജിപിയായിരുന്ന ടി പി സെൻകുമാർ തന്നെ സംഘപരിവാറിന്റെ പാളയത്തിൽ എത്തപ്പെട്ടത് യുഡിഎഫിന്റെ കാലത്താണ്. അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നു മാറ്റിനിർത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചത്. അതിനെതിരെ സെൻകുമാർ കോടതിയിൽ പോയി സ്ഥാനം നിലനിർത്തിയപ്പോൾ അദ്ദേഹത്തിനുവേണ്ടി മുന്നിൽ നിന്നത് യുഡിഎഫാണ്. എന്നാൽ യുഡിഎഫിന്റെ കാലത്തെ പൊലീസ് സംവിധാനത്തിൽ സംഘപരിവാർ ബന്ധം കാണുന്നതിന് ഇക്കൂട്ടരൊന്നും തയ്യാറാകുന്നുമില്ല. അക്കാലത്ത് സംഘപരിവാർ അനുകൂലമായി കൈക്കൊണ്ട നടപടികൾ വേറെയും നിരവധി അക്കമിട്ട് നിരത്താനുണ്ട്.

എഡിജിപി എം ആർ അജിത് കുമാറിനെതിരെയാണ് പി വി അൻവർ എംഎൽഎയുടെ മറ്റൊരു പരാതി. തന്റെ പരാതിയിൽ കയ്യോടെ നടപടിയെടുക്കണമെന്നാണ് അൻവറിന്റെ ആവശ്യം. എന്നാൽ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും പരാതിയോ ആരോപണമോ ഉയർന്നാൽ യാതൊരന്വേഷണവും നടത്താതെ ഉടൻ നടപടിയെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്നു കണ്ടാൽ കർക്കശമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നതാണ് എൽഡിഎഫ് സർക്കാർ പിന്തുടരുന്ന സമീപനം. പ്രാഥമിക പരിശോധനയിൽ ആവശ്യമെന്നു കണ്ടാൽ മാറ്റി നിർത്തുകയും ചെയ്യും. ഇക്കാര്യങ്ങളെല്ലാം സംശയാതീതമായി മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. അതുപോലെതന്നെ ആർഎസ്എസ് നേതാക്കളുമായി എഡിജിപി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും സർക്കാർ അന്വേഷിക്കുന്നുണ്ട്.

തൃശൂർ പൂരം അലങ്കോലമാക്കാനുള്ള 
നീക്കത്തിനു പിന്നിലെ 
ആർഎസ്‌എസ്‌ ഗൂഢാലോചന
ഈ പ്രാവശ്യത്തെ തൃശൂർപൂരം നടന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് .ഈ പശ്ചാത്തലത്തിൽ, തൃശൂർപൂരം അലങ്കോലമാക്കാൻ നടത്തിയ ശ്രമത്തിനുപിന്നിൽ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെത്തന്നെ തകർക്കാനുള്ള നീക്കമുണ്ടായിരുന്നുവെന്നാണ് സർക്കാരിന്റെ അന്വേഷണത്തിൽ കണ്ടത്. ഇതിനു പിന്നിൽ ആർഎസ്എസിന്റെ രാഷ്ട്രീയ താൽപര്യമാണുള്ളത് എന്നും വ്യക്തമാകുന്നു. മതവിശ്വാസത്തെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനും അധികാരം നേടുന്നതിനുമുള്ള മാർഗമായി കാണുന്ന ആർഎസ്എസ് ഇത്തരം ഗൂഢ നീക്കങ്ങൾ നടത്തുമെന്നതിൽ അത്ഭുതമില്ല. തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ഹൈക്കോടതി വിധികളും പുറ്റിങ്ങൽ അപകടത്തെത്തുടർന്നുണ്ടാക്കിയ സുരക്ഷാ സംവിധാനങ്ങളും കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷയുറപ്പാക്കി, ഒരു കോട്ടവും കൂടാതെ പൂരം നടത്താനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തിയത്. എന്നാൽ ഈ പ്രാവശ്യത്തെ പൂരത്തിന്റെ ഘട്ടത്തിൽ തുടക്കം മുതൽ തന്നെ അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സമീപനം ദൃശ്യമായി. ഈ സാഹചര്യത്തിലാണ് പൂരവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള എഡിജിപി അജിത് കുമാറിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. എഡിജിപിയുടെ റിപ്പോർട്ട് പരിശോധിച്ച സംസ്ഥാന പൊലീസ് മേധാവി, എഡിജിപിയുടെ ഭാഗത്തും ഇക്കാര്യത്തിൽ പിഴവുകളുണ്ടായി എന്ന് രേഖപ്പെടുത്തി സർക്കാരിനയച്ചു. ഇക്കാര്യങ്ങളാകെ പരിശോധിച്ച സംസ്ഥാന സർക്കാർ കൂടുതൽ വിശദമായ പരിശോധനയും അന്വേഷണവും വേണമെന്ന കണ്ടെത്തലിനെ തുടർന്ന് മൂന്നു തലത്തിലുള്ള അന്വേഷണത്തിന് ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മൂന്ന് സംഘങ്ങളെ ചുമതലപ്പെടുത്തി.

പൂരം അലങ്കോലമാക്കുന്നതിനുപിന്നിലെ ആർഎസ്എസ് ഗൂഢാലോചന വ്യക്തമാണ്. എന്നാൽ അതോടൊപ്പം ഉദ്യോഗസ്ഥതലത്തിലെ പോരായ്മകളും പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം സമഗ്രമായി പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ നടപടി കൈക്കൊള്ളുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

വിവിധ കാരണങ്ങളാൽ മുൻകാലങ്ങളിലും തൃശൂർ പൂരം ആഘോഷങ്ങൾക്ക് നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് കാലത്തുമെല്ലാം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമായിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഇടപെടലിലൂടെ പൂരത്തിന്റെ സാധാരണ ക്രമീകരണത്തിൽ മാറ്റംവരുത്തേണ്ടതായി വരുന്നത് ആദ്യമായിട്ടാണ്. ഇക്കാര്യങ്ങളാകെ കണക്കിലെടുത്തുകൊണ്ടുള്ള അന്വേഷണത്തിനാണ് ഇപ്പോൾ സർക്കാർ ഉത്തരവിട്ടിട്ടുള്ളത്.

‘ദി ഹിന്ദു’ ദിനപ്പത്രവുമായി മുഖ്യമന്ത്രി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം മലപ്പുറം ജില്ലയെ അപമാനിച്ചുവെന്നതായിരുന്നു ഒടുവിൽ വന്ന വിമർശനം. എന്നാൽ താൻ അത്തരം പരാമർശമൊന്നും നടത്തിയിട്ടില്ലെന്നും താൻ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങളാണ് പത്രത്തിൽ അച്ചടിച്ചു വന്നത് എന്നും മുഖ്യമന്ത്രി പ്രസ്താവിക്കുകയും ഹിന്ദു പത്രം തന്നെ തിരുത്ത് കൊടുക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അത് മുഖവിലയ്‌ക്കെടുത്ത് വിവാദം അവസാനിപ്പിക്കുന്നതിനു മാധ്യമങ്ങളും പ്രതിപക്ഷവും അൻവറും തയ്യാറായില്ല. ഹിന്ദു പത്രത്തിലെ തിരുത്തിനും ഖേദപ്രകടനത്തിനുമൊപ്പം പരാമർശിക്കപ്പെട്ട പി ആർ ഏജൻസിയെ പിടിച്ചായി പിന്നീടുള്ള വിവാദങ്ങൾ. തനിക്കൊരു പിആർ ഏജൻസിയും ഇല്ലെന്നും അതു സംബന്ധിച്ച ഹിന്ദുവിലെ പരാമർശം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടും വിവാദ വ്യവസായികൾ അതു തുടരുകയാണ്.

അതുപോലെ തന്നെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയുള്ള അൻവറിന്റെ പരാമർശത്തിന്റെ കാര്യവും. മുഖ്യമന്ത്രിക്കും പാർട്ടിക്കും അൻവർ നൽകിയ ആദ്യ പരാതിയിൽ പി ശശിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിരുന്നില്ല. രണ്ടാമത്തെ പരാതിയിലാകട്ടെ അൻവർ ഉന്നയിച്ച കാര്യങ്ങളിലൊന്നും ഒരാളും പരാതിയുമായി പാർട്ടിയുടെ മുന്നിലെത്തിയിട്ടില്ല. അൻവറിനും അതു സംബന്ധിച്ച വിവരമൊന്നും ഉന്നയിക്കാനും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അന്വേഷണത്തിനും പ്രസക്തിയില്ല.

കമ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായം പറയാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് അൻവർ പറയുന്നത്. എന്നാൽ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയിൽ വിപുലമായ ഉൾപ്പാർട്ടി ജനാധിപത്യമുണ്ട്‌. അതിനെക്കുറിച്ചുള്ള അൻവറിന്റെ അജ്ഞതയാണ് ഈ പ്രസ്താവനയിൽ കാണുന്നത്.

വലതുപക്ഷ ശക്തികളും മതരാഷ്ട്രവാദികളുമെല്ലാം ചേർന്ന് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പാർട്ടിക്കുനേരെ ഈ ശിഥിലീകരണ ശക്തികളാകെ യോജിച്ചു നീങ്ങുന്നത്. ഇത്തരം നീക്കങ്ങളെ ചെറുക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം പരമപ്രധാനമാണ്. ഒപ്പം ജനാധിപത്യ ശക്തികളെയും യോജിപ്പിച്ചണിനിരത്തേണ്ടതുണ്ട്. പാർട്ടിയുടെ പ്രവർത്തനം ചിട്ടയോടെ മുന്നോട്ടു കൊണ്ടുപോവുകയും കമ്യൂണിസ്റ്റ്‌ മൂല്യങ്ങൾ മുന്നോട്ടുവെച്ച്- പ്രവർത്തിക്കുകയും ചെയ്തുകൊണ്ടു മാത്രമേ പാർട്ടിക്കെതിരെ നീങ്ങുന്ന ഇത്തരം വെല്ലുവിളികളെ പിന്തള്ളി നമുക്ക് മുന്നോട്ടുപോകാനാവൂ. അതിന് നിതാന്ത ജാഗ്രതയോടെയുള്ള പ്രവർത്തനമാണാവശ്യം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 19 =

Most Popular