Friday, October 18, 2024

ad

Homeകവര്‍സ്റ്റോറിരാഷ്ട്രീയ ഇസ്ലാം 
കേരളത്തില്‍

രാഷ്ട്രീയ ഇസ്ലാം 
കേരളത്തില്‍

പി ജയരാജന്‍

ജിപ്തില്‍ ആരംഭിക്കുകയും സുഡാന്‍, സിറിയ, പലസ്തീന്‍, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് പടരുകയും ചെയ്ത ഇസ്ലാമിക തീവ്രവാദ സംഘടനയാണ് മുസ്ലീം ബ്രദര്‍ഹുഡ്. മുസ്ലീം മതമൗലികവാദിയായ ഹസന്‍ അല്‍ – ബന്ന 1928ല്‍ സ്ഥാപിച്ച സംഘടനയാണിത്. ഖുറാനിലേക്കും ഹദീസിലേക്കും തിരികെ പോവുക എന്ന നിലയില്‍ ഇസ്ലാം മത വിശ്വാസികളെ ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ള ആശയങ്ങളാണ് തുടക്കത്തില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് തീവ്രവാദ മുദ്രാവാക്യങ്ങള്‍ ആവിഷ്കരിക്കുന്നതിലേക്ക് ഈ സംഘടന മാറി.

“അല്ലാഹുവാണ് ഞങ്ങളുടെ ലക്ഷ്യം
പ്രവാചകനാണ് ഞങ്ങളുടെ നേതാവ്
ഖുറാനാണ് ഞങ്ങളുടെ നിയമം
ജിഹാദാണ് ഞങ്ങളുടെ മാര്‍ഗം
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
മരണമടയുക എന്നതാണ് ഞങ്ങളുടെ പ്രതീക്ഷ.”

ഇങ്ങനെ വിശ്വാസികളെ മതഭ്രാന്തിലേക്ക് നയിക്കുകയും അതിനായി സായുധ ശക്തിയായി മാറുകയും 1940കളില്‍ ബോംബാക്രമണത്തിലൂടെയും മറ്റും തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരു നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തുന്നതിലേക്ക് അവര്‍ എത്തുകയും ചെയ്തു. 1948 ഡിസംബറില്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹമൂദ് ഫഹ്മി അല്‍ നുക്രാശിയെ ഉള്‍പ്പടെ കൊലപ്പെടുത്തിയത് ഈ സംഘടനയുടെ നേതൃത്വത്തിലാണ്. 1952ല്‍ ഗമാല്‍ അബ്ദുള്‍ നാസര്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റായതോടെ ഈ ഭീകര പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് 1954 ഒക്ടോബര്‍ 26ന് ഗമാല്‍ അബ്ദുള്‍ നാസറിനെതിരെയും മുസ്ലീം ബ്രദർഹുഡ് വധശ്രമം നടത്തി. പിന്നീട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളോട് സ്വീകരിച്ചിരുന്ന ബഹിഷ്കരണ സമീപനം ഉപേക്ഷിക്കുകയും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ചെയ്തെങ്കിലും ഇടക്കാലത്ത് അവര്‍ക്ക് കിട്ടിയ പാര്‍ലമെന്ററി പ്രാതിനിധ്യം പിന്നീട് പൂര്‍ണമായും നഷ്ടപ്പെടുകയാണ് ചെയ്തത്. 94.7% മുസ്ലീം ജനവിഭാഗമുള്ള ഈജിപ്തില്‍ (അതില്‍ 90%വും സുന്നികളാണ്) മുസ്ലീം ബ്രദര്‍ഹുഡ് സമൂഹത്തില്‍ ഒറ്റപ്പെടുകയാണുണ്ടായത്.

മൗദൂദി മുമ്പോട്ടുവെച്ചത് 
മതരാഷ്ട്രവാദം
രാഷ്ട്രീയ ഇസ്ലാമിന്റെ ഏഷ്യന്‍ അവതാരമാണ് അബ്ദുല്‍ അല്‍ മൗദൂദിയുടെ ആശയങ്ങളും പ്രസ്ഥാനവും. 1930കളില്‍ മതത്തിനതീതമായി സാമ്രാജ്യത്വവിരുദ്ധ സമരം ഇന്ത്യയില്‍ ശക്തിപ്പെട്ടപ്പോഴാണ് ഇസ്ലാമിക തീവ്രവാദ ആശയങ്ങളുമായി മൗദൂദിയുടെ രംഗപ്രവേശം. ഇക്കാലമാവുമ്പോഴേക്ക് ഹിന്ദു – മുസ്ലീം തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ അധികാരം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷട്രീയരംഗത്ത് ഉയര്‍ന്നുവന്ന ഘട്ടത്തിലാണ് സങ്കുചിതമായ മതതീവ്രവാദ ആശയങ്ങളുമായി മൗദൂദി ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ കടന്നുവന്നത്. അതിനൊത്ത വിധം 1941ല്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയ്-ക്ക് അദ്ദേഹം രൂപംകൊടുക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസിനകത്ത് വര്‍ഗീയമായ ചേരിതിരിവ് രൂപപ്പെട്ട അവസരത്തിലാണ് അതു മുതലാക്കി മൗദൂദി മുന്നോട്ടു വരുന്നത്. അതോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും മതനിരപേക്ഷ ആശയങ്ങളും കൂടുതല്‍ പ്രചാരം നേടിയ സന്ദര്‍ഭം കൂടിയാണത്. ചുരുക്കത്തില്‍ ജാതി–മതാടിസ്ഥാനത്തില്‍ വിഭജിതമായ സമൂഹത്തിനകത്ത് ഐക്യത്തിന്റെ സന്ദേശം ഉള്‍പ്പടെയുള്ള നവീനാശയങ്ങള്‍ ശക്തിപ്പെട്ടപ്പോഴാണ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും രംഗത്തു വരുന്നതെന്നത് ശ്രദ്ധേയമാണ്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോവുകയാണെങ്കില്‍ ഭൂരിപക്ഷമായ ഹിന്ദുക്കളുടെ കീഴില്‍ മുസ്ലീങ്ങള്‍ക്ക് തുടരാനാവില്ലെന്നും അവര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായ ഭരണ സംവിധാനത്തിനുകീഴില്‍ മാത്രമേ പൂര്‍ണ വിശ്വാസിയായി തുടരാന്‍ കഴിയൂ എന്ന ചരിത്രവിരുദ്ധ വാദമാണ് മൗദൂദി മുന്നോട്ടുവച്ചത്. ഈ ആശയങ്ങള്‍ മൗദൂദി ഹൈദരാബാദില്‍ നിന്നും പ്രസിദ്ധീകരിച്ച ‘തര്‍ജ്ജമാനുല്‍ ഖുറാന്‍’ എന്ന ഉറുദു മാസികയിലൂടെ പ്രചരിപ്പിച്ചു. അക്കാലത്ത് ഉറുദു അറിയാവുന്ന കേരളത്തിലെ ചില മത പണ്ഡിതന്മാര്‍ക്ക് ഈ മാസിക മുടക്കം കൂടാതെ ലഭിച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന 1930കളില്‍ സമരത്തില്‍ പങ്കെടുത്തിരുന്ന ദേശീയമുസ്ലീങ്ങളെ മൗദൂദി അധിക്ഷേപിച്ചു. ‘‘അമുസ്ലീമായ ബ്രിട്ടീഷുകാരില്‍ നിന്ന് അമുസ്ലീമായ ഇന്ത്യക്കാരിലേക്ക് ഭരണം കൈമാറുന്നതുകൊണ്ട് ഇസ്ലാമിനോ മുസ്ലീങ്ങള്‍ക്കോ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല’’ എന്നാണ് മൗദൂദി പറഞ്ഞത്-. മാത്രമല്ല അമുസ്ലീം ഭരണ സംസ്ഥാപനത്തിനുവേണ്ടി സമരം ചെയ്യുന്നത് മുസ്ലീങ്ങള്‍ക്ക് ഹറാമാണെന്നും മൗദൂദി വാദിച്ചു. സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായ മുസ്ലീങ്ങളെ ‘‘പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികള്‍’’ എന്നാണ് അദ്ദേഹം അധിക്ഷേപിച്ചത്. മൗദൂദിയുടെ അഭിപ്രായത്തില്‍ ഇസ്ലാം ഒരു മതമോ മുസ്ലീങ്ങള്‍ ഒരു സമുദായമോ അല്ല. മറിച്ച് ലോകസാമൂഹികഘടന മാറ്റിമറിച്ച് സ്വന്തം സിദ്ധാന്തത്തിനും ആശയത്തിനും അനുരൂപമായി അതിനെ വാര്‍ത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിപ്ലവ പ്രസ്ഥാനമായാണ് മൗദൂദി കണക്കാക്കിയത്. അതിന്റെ പദ്ധതികളും ലക്ഷ്യങ്ങളും നടപ്പില്‍ വരുത്തുന്നതിനായി അണിനിരക്കുന്ന രാഷ്ട്രീയസംഘമാണ് മുസ്ലീങ്ങളെന്നും ആ ലക്ഷ്യത്തിലേക്കായി മുസ്ലീങ്ങള്‍ നടത്തുന്ന നിരന്തര പോരാട്ടമാണ് ജിഹാദെന്നും മൗദൂദി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഭാഷ്യത്തിലുള്ള ജിഹാദികളല്ലാത്ത മുസ്ലീങ്ങളിലാരെയും മൗദൂദി മുസ്ലീമായി അംഗീകരിക്കുന്നില്ല. ‘‘ഞങ്ങളുടെ മുമ്പില്‍ ഒരേയൊരു ലക്ഷ്യമേയുള്ളൂ അല്ലാഹുവിന്റെ ദാസന്മാരല്ലാത്തവരാല്‍ ഭരിക്കപ്പെടരുത്. മനുഷ്യാധിപത്യം അവസാനിപ്പിച്ച് ഭരണവ്യവസ്ഥ അല്ലാഹു നല്‍കിയ നീതിനിഷ്ഠമായ നിയമങ്ങളില്‍ സ്ഥാപിതമാകണം. ഇംഗ്ലീഷുകാരന്റെയോ കാനേഷുമാരി മുസ്ലീം, ക്രിസ്ത്യന്‍, ഹിന്ദു, സിഖ് തുടങ്ങി മറ്റാരുടെയെങ്കിലുമോ ഭരണത്തെക്കാള്‍ ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത് ഈ ലക്ഷ്യമാണ്. ഇതംഗീകരിക്കുന്നവര്‍ ഞങ്ങളുടെ മിത്രമായിരിക്കും. അംഗീകരിക്കാത്തവനെതിരായാണ് ഞങ്ങളുടെ പോരാട്ടം. അതില്‍ അവന്റെയോ ഞങ്ങളുടേയോ ശക്തി ഞങ്ങള്‍ക്ക് പ്രശ്നമല്ല’’. (സിയാസി കശ്മകശ്, മൗദൂദി, പേജ് 113).

ഇന്ത്യാ – പാക് വിഭജനത്തോടെ പാകിസ്താനിലേക്ക് ചേക്കേറിയ മൗദൂദി അവിടെ ഇസ്ലാമിക രാഷ്ട്ര സംവിധാനം രൂപപ്പെടുത്തുന്നതിന് മുന്‍പന്തിയില്‍ നിന്നിരുന്നു. അദ്ദേഹം ഇന്ത്യയിലെ നിലപാടുകളും അക്കാലത്ത് ഇങ്ങനെ വെളിപ്പെടുത്തി: ‘‘രാജ്യത്തെ മുഴുവന്‍ ഉദ്യോഗങ്ങളും ഞങ്ങള്‍ ഹറാമായി ഗണിച്ചിരുന്നു. അവിടുത്തെ നിയമങ്ങളൊന്നും അനുവദനീയ നിയമങ്ങളായി കണ്ടിരുന്നില്ല. അവിടുത്തെ കോടതികളില്‍ വാദിയായോ പ്രതിയായോ ചെല്ലുന്നത് മതദൃഷ്ട്യാ പാടില്ലാത്തതും കഴിവതും ഒഴിവാക്കേണ്ടതുമായിരുന്നു. അവിടുത്തെ നിയമനിര്‍മ്മാണ സഭകളില്‍ അംഗമാകുന്നതും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും ഇസ്ലാമിനു വിരുദ്ധം പ്രവര്‍ത്തിക്കലായിരുന്നു. മാത്രമല്ല രാഷ്ട്രത്തെ ഇസ്ലാമിക ഭരണ പ്രദേശമാക്കി മാറ്റാന്‍ കഠിന പ്രയത്നം ചെയ്യുന്നില്ലെങ്കില്‍ ആ രാഷ്ട്രത്തില്‍ വെച്ച് ശ്വാസോഛ്വാസം ചെയ്യുന്നതുപോലും മുസ്ലിമിന് അനുവദനീയമല്ല’’. (എം.എ. കാരപ്പഞ്ചേരി, മതരാഷ്ട്രവാദം : ജമാഅത്തെ ഇസ്ലാമി ചോദ്യം ചെയ്യപ്പെടുന്നു). ചുരുക്കത്തില്‍ ഇസ്ലാമിക സങ്കല്പങ്ങളെയും ഖുര്‍ആനെയും ഇസ്ലാമിക പൂര്‍വ അറബി വാക്കര്‍ത്ഥങ്ങളിലൂടെ വിശദീകരിച്ച് ഒരു പുതിയ മതരാഷ്ട്ര സംഹിതയും മതവും ഉണ്ടാക്കാന്‍ മൗദൂദി യത്നിച്ചു.

ജനാധിപത്യത്തെയും 
മതനിരപേക്ഷതയെയും
മൗദൂദിസം ശക്തമായി 
എതിർക്കുന്നു
ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ കാഴ്ചപ്പാടുകളെ മൗദൂദി നഖശിഖാന്തം എതിര്‍ത്തു. അദ്ദേഹം എഴുതുന്നു: ‘‘ഇസ്ലാമിന് ജനാധിപത്യവുമായി യാതൊരു ബന്ധവുമില്ല. ‘ഹാക്കിമിയത്തുള്ള’ (ഹുക്കുമത്തെ ഇലാഹി) എന്നതാണ് ഇസ്ലാമിന് സ്വീകാര്യമായ ഒരേയൊരു ഭരണരീതി’’. (എം.എ. കാരപ്പഞ്ചേരി). മൗദൂദി വിശദീകരിക്കുന്നു: ‘‘നമ്മുടെ വീക്ഷണത്തില്‍ മതനിരപേക്ഷത, ദേശീയത, ജനാധിപത്യം എന്നീ മൂന്ന് ആശയങ്ങളും അബദ്ധജടിലങ്ങളാണ് എന്ന് മാത്രമല്ല മനുഷ്യന്‍ ഇന്ന് അകപ്പെട്ടുപോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായ വേരാണ് എന്ന് നാം ദൃഢമായി വിശ്വസിക്കുന്നു. നാം നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ച് അവയ്ക്കെതിരെ പോരാടിയേ തീരൂ’’. (അബുല്‍ അഅ്ല മൗദൂദി, മതേതരത്വംþദേശീയത്വം–ജനാധിപത്യം: ഒരു താത്വിക വിശകലനംþപേജ് 11) അള്ളാഹുവിന്റെ വചനം സമുന്നതമായിത്തീരുവാന്‍ അള്ളാഹുവിന്റെ സൈന്യം ‘ഹിസ്ബുള്ള’യാണ്. അതു സ്ഥാപിക്കുന്നവരാണ് ഹാക്കിമിയത്തുള്ളായുടെ പ്രചാരകര്‍ (എം.എ. കാരപ്പഞ്ചേരി).

ജനങ്ങളുടെ ഭരണമായ ജനാധിപത്യത്തെ അള്ളാഹുവിന്റെ ഭരണം എന്ന കാഴ്ചപ്പാടിന് വിരുദ്ധമായതിനാല്‍ എതിര്‍ത്ത മൗദൂദിയും ശിഷ്യഗണങ്ങളും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനെയും സര്‍ക്കാര്‍ ശമ്പളം സ്വീകരിക്കുന്നതിനെയും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനെയെന്നപോലെ എതിര്‍ത്തു. മൗദൂദി പറയുന്നു: “നിങ്ങളുടെ ആദര്‍ശം സത്യമാണെങ്കില്‍ മറ്റൊരു ദീനില്‍ നിന്നുകൊണ്ട് നിങ്ങള്‍ക്ക് ഉറക്കം പോലും വരികയില്ല. എന്നിട്ടല്ലേ നിങ്ങള്‍ ഇതരദീനുകള്‍ക്ക് സേവനം ചെയ്യുകയും ആ സേവനത്തില്‍ ലഭ്യമാകുന്ന ഭക്ഷണം സന്തോഷത്തോടെ കഴിക്കുകയും സസുഖം കാല്‍ നീട്ടി ഉറങ്ങുകയും ചെയ്യുന്നത്.” (മൗദൂദി ഖുതുബാത്). ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന (1975 പേജ് 3) പറയുന്നു : “ദൈവീകമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും സഹിക്കുന്നവനോ അതിന്റെ നിയമനിര്‍മാണ സഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കൈയൊഴിയുക.” അത് കൂടുതല്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ‘‘ദൈവീകമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ മാര്‍ഗത്തില്‍ നിന്നു കഴിയുംവേഗം ഒഴിവാകുക. (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന, പേജ് 14) (വിശദാംശങ്ങള്‍ക്ക് എം.എ. കാരപ്പഞ്ചേരിയുടെ മതരാഷ്ട്രവാദം: ജമാഅത്തെ ഇസ്ലാമി ചോദ്യം ചെയ്യപ്പെടുന്നു. നോക്കുക).

ജമാഅത്തെ ഇസ്ലാമി 
ഒറ്റപ്പെടുന്നു
ഒരു പരിഷ്കര്‍ത്താവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട മൗദൂദിയെ അംഗീകരിച്ച് മുന്നോട്ടുവന്ന പല മത പണ്ഡിതന്മാരും അദ്ദേഹത്തിന്റെ മതരാഷ്ട്രവാദ നിലപാടുകളും മതമൂല്യങ്ങളുടെ വക്രീകരണവും തിരിച്ചറിഞ്ഞപ്പോള്‍ നിശിതമായ വിമര്‍ശനങ്ങളുമായി രംഗത്തുവരികയുണ്ടായി. അവരില്‍ പ്രമുഖരായിരുന്നു മൗലാനാ അബുള്‍ ഹസന്‍ നദ്വി, മുനാളിര്‍ അഹ്സന്‍ കൈലാനി, സയ്യിദ് സുലൈമാന്‍ നദ്വി, അബ്ദുല്‍ മജീദ് ദരിയാബാദി, ശൈഖ് ഹുസൈന്‍ അഹമ്മദ് മദനി, ശൈഖ് മുഹമ്മദ് സകരിയ്യ കാന്ദലവി തുടങ്ങിയവര്‍. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെപ്പോലും വിചിത്രമായ രീതിയില്‍ വ്യാഖ്യാനിക്കുകയും പ്രാര്‍ത്ഥനകളും 5 നേരത്തെ നിസ്കാരമുള്‍പ്പടെയുള്ള ആരാധനകള്‍ മതരാഷ്ട്ര സ്ഥാപനത്തിനുള്ള പരിശീലനമാണ് എന്ന തരത്തിലുള്ള വിശദീകരണവും പണ്ഡിത – പാമര ഭേദമന്യേ വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തി. മൗദൂദിയുടെ പ്രവാചകചര്യകളോടും ഹദീസുകളോടുമുള്ള നിഷേധാത്മക സമീപനം, പാരമ്പര്യ നിഷേധം, പുണ്യാത്മാക്കളായി കണ്ടുവരുന്ന പൂര്‍വ്വികരോടുള്ള അവഗണന തുടങ്ങിയവ സാമാന്യ ജനങ്ങളുള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ക്കിടയില്‍ മൗദൂദിസം അസ്വീകാര്യമാക്കി. മൗദൂദിയുടെ മത രാഷ്ട്രവാദത്തെ വിമര്‍ശിച്ചുകൊണ്ട് ധാരാളം കൃതികള്‍ ഇരുപതാം നൂറ്റാണ്ടില്‍ തന്നെ രചിക്കപ്പെടുകയുണ്ടായി. ഉദാഹരണത്തിന് സിയാവുദ്ദീന്‍ സര്‍ദാര്‍ എഴുതിയ ‘സ്വര്‍ഗം തേടി – ഒരു മുസ്ലിം സന്ദേഹിയുടെ യാത്രകള്‍’ എന്ന പുസ്തകം നോക്കുക. സ്വര്‍ഗം തേടിയുള്ള അലച്ചിലിനിടയില്‍ രാഷ്ട്രീയ ഇസ്ലാമിന്റെ ലോകത്തെമ്പാടുമുള്ള ആശയങ്ങളെയും സംഘടനകളെയും വക്താക്കളെയും ഇതില്‍ സര്‍ദാര്‍ വിശകലനം ചെയ്യുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മിക്ക മതരാഷട്ര പ്രസ്ഥാനങ്ങളുടെയും മുദ്രാവാക്യം അദ്ദേഹം വിലയിരുത്തുന്നു: ‘‘അന്ധമായ ഗുരുഭക്തിയില്‍ മൗദൂദിയെ പിന്തുടരുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ പല കാര്യങ്ങളിലും ആഴത്തിലുള്ള അജ്ഞത പുലര്‍ത്തുന്നവരാണ്’’. (സിയാവുദ്ദീന്‍ സര്‍ദാര്‍, സ്വര്‍ഗം തേടി – ഒരു മുസ്ലിം സന്ദേഹിയുടെ യാത്രകള്‍)

തുടര്‍ന്ന് സര്‍ദാര്‍ പറയുന്നു: ‘‘ആലോചിച്ചപ്പോള്‍ മരണത്തില്‍ എനിക്ക് വലിയ താല്‍പര്യമില്ല എന്നു തോന്നി. തീര്‍ച്ചയായും അല്ലാഹുവിനുവേണ്ടി ജീവിക്കുക എന്നത് തെരഞ്ഞെടുക്കുന്നതിനാണ് ഞാന്‍ മുന്‍ഗണന നല്‍കിയിരുന്നത്.

ഇത്തരത്തില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെന്നപോലെ കേരളത്തിലും ശക്തമായപ്പോള്‍ ‘ഹുക്കുമത്തെ ഇലാഹി’യല്ല തങ്ങളുടെ ലക്ഷ്യം ‘ഇഖാമത്തുദ്ദീന്‍’ ആണെന്ന് ഇന്ത്യയിലെ മൗദൂദികള്‍ക്ക് പ്രചരിപ്പിക്കേണ്ടി വന്നു. ഫലത്തില്‍ ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ‘ഹുക്കുമത്തെ ഇലാഹി’ എന്നാല്‍ ദൈവികഭരണം. ‘ഇഖാമത്തുദ്ദീന്‍’ എന്നാൽ ദീനിന്റെ സംസ്ഥാപനം. മൗദൂദിയന്‍ വ്യാഖ്യാനത്തില്‍ ദീന്‍ എന്നതിന് നല്‍കുന്ന മതം എന്ന സാമാന്യാര്‍ത്ഥമല്ല മറിച്ച് ഭരണകൂടം/രാഷ്ട്രം/ഹുക്കുമത്ത് എന്നൊക്കെയാണ്. അങ്ങനെ നോക്കിയാലും ഇസ്ലാമിക ഭരണ/രാഷ്ട്ര സംസ്ഥാപനം എന്നാകും.

ഇന്ത്യൻ 
ഭരണകൂടത്തെക്കുറിച്ചുള്ള
മൗദൂദിയുടെ കാഴ്ചപ്പാട്
ഇന്ത്യന്‍ ഭരണകൂടത്തെ പൈശാചിക ഭരണകൂടം (താഗൂത്ത്) എന്നാണ് മൗദൂദിയും ശിഷ്യരും കണക്കാക്കിയിരുന്നത്. അതുകൊണ്ടു തന്നെ അവര്‍ അതില്‍ പങ്കാളികളാകുകയോ സഹകരിക്കുകയോ ചെയ്തിരുന്നില്ല. കേരളത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. സലഫികളുടെ ജിഹ്വയായിരുന്ന ‘അല്‍മുര്‍ശിദ്’ വഴി മൗദൂദിയുടെ ‘മുസ്ലിം ഔര്‍ മൗജൂദാ സിയാസികശ്മകശ്’ എന്ന ഗ്രന്ഥം മൊഴിമാറ്റി ഖണ്ഡശ: പ്രസിദ്ധീകരിച്ചിരുന്നു. സലഫി ആദര്‍ശങ്ങള്‍ പിന്‍പറ്റിയിരുന്നവരില്‍ നിന്നും ഒരു വിഭാഗമാണ് മൗദൂദിയുടെ ആശയങ്ങളില്‍ ആകൃഷ്ടരായത്. പിന്നീട് ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ സ്ഥാപകനായ വി.പി. മുഹമ്മദലി മൗദൂദിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി പത്താന്‍കോട്ട് സ്ഥാപിച്ചിരുന്ന ‘ദാറുല്‍ ഇസ്ലാം’ എന്ന ആദര്‍ശഗ്രാമത്തില്‍ കൂടാന്‍ പുറപ്പെട്ടു. ഡല്‍ഹിയില്‍ വച്ച് മൗദൂദിയുടെ കൂടെ കൂടിയ അദ്ദേഹം പത്താന്‍കോട്ടെ ‘ദാറുല്‍ ഇസ്ലാമി’ലെത്തിച്ചേരുകയും 2 വര്‍ഷം അവിടെ താമസിച്ച് കേരളത്തില്‍ മൗദൂദിസം പ്രചരിപ്പിക്കുന്നതിനായി തിരിച്ചുപോരുകയും ചെയ്തു. അടിസ്ഥാനവിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന മുഹമ്മദലി പത്താന്‍കോട്ട് വാസത്തിനിടെ മൗദൂദിയുടെ രണ്ടു പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. വളാഞ്ചേരിയില്‍ ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്തുകൊണ്ട് നിരന്തര സംവാദങ്ങളും ചര്‍ച്ചകളും ക്ലാസുകളും വഴി മൗദൂദിയന്‍ ആശയങ്ങള്‍ ആളുകളിലേക്ക് കടത്തിവിട്ടു. എന്നാല്‍ ‘ജമാഅത്തെ ഇസ്ലാമി’ രൂപീകരിക്കാനല്ല അദ്ദേഹം നോക്കിയത്. മറിച്ച് ബുദ്ധിപൂര്‍വ്വം ‘ജംഇയ്യത്തുല്‍ മുസ്തര്‍ശിദീര്‍’ (സന്‍മാര്‍ഗ കാംക്ഷികളുടെ കൂട്ടായ്മ) എന്ന സംഘടനയാണ് രണ്ട് വര്‍ഷത്തിനുശേഷം അദ്ദേഹം ആരംഭിക്കുന്നത്. ഇത്തരം പ്രച്ഛന്നത ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രത്തിലുടനീളം കാണാന്‍ സാധിക്കും. ജമാഅത്തുകള്‍ക്കിടയില്‍ ഹാജിസാഹിബ് എന്നറിയപ്പെടുന്ന വി.പി. മുഹമ്മദലിയാണ് മൗദൂദിയന്‍ ആദര്‍ശങ്ങളെ കേരളത്തിലുടനീളം പ്രചരിപ്പിച്ചത്. മുസ്തര്‍ശിദീന്‍ എന്ന കൂട്ടായ്മ നിരന്തരം വിപുലീകരിച്ചുകൊണ്ടിരുന്ന വി.പി. മുഹമ്മദലിയും സംഘവും 1948ല്‍ കൂട്ടായ്മയെ ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകമായി പ്രഖ്യാപിക്കുകയായിരുന്നു. അപ്പോഴേക്കും കൂട്ടായ്മയില്‍ പങ്കെടുക്കുന്ന സലഫികളായിരുന്നവരില്‍ പലരും മൗദൂദിയന്‍ ആശയങ്ങളുടെയും മതരാഷ്ട്രവാദത്തിന്റെയും വക്താക്കളായി മാറിയിരുന്നു. എന്നിട്ടും ജമാഅത്തെ ഇസ്ലാമി പ്രഖ്യാപന സമ്മേളനത്തില്‍ (മുസ്തര്‍ശിദീന്‍ കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികം) പങ്കെടുത്തിരുന്ന 40 പേരില്‍ 21 പേര്‍ മാത്രമാണ് ജമാഅത്തെ ഇസ്ലാമിയില്‍ അംഗത്വമെടുത്തത്. (വിശദാംശങ്ങള്‍ക്ക് കാണുക ഒ. അബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്ലാമി കേരളത്തില്‍, പ്രബോധനം : ജമാഅത്തെ ഇസ്ലാമി സുവര്‍ണ്ണജൂബിലി സ്പെഷ്യല്‍, 1992).

ജമാഅത്തെ ഇസ്ലാമിയുടെ കേരള ഘടകം
തുടര്‍ന്ന് 1944ല്‍ ഉത്തര കേരളത്തില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് ജമാഅത്തെ ഇസ്ലാമി കേരള ഘടകം പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തില്‍ മലബാര്‍ കലാപത്തെ തുടര്‍ന്നു മുസ്ലീങ്ങള്‍ക്കിടയില്‍ സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് ആശയങ്ങളോട് വളര്‍ന്നു വന്ന ആഭിമുഖ്യത്തെ ഏതുവിധേനയും ഇല്ലാതാക്കുക എന്നതായിരുന്നു ജമാഅത്തിന്റെ പ്രാരംഭ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത്. ലഘുലേഖകള്‍ക്കു പുറമെ ഇസ്ലാമും സോഷ്യലിസവും തുടങ്ങി അനേകം ഗ്രന്ഥങ്ങളും അച്ചടിച്ച് വിതരണം ചെയ്തു. മാത്രമല്ല അത്തരം വിഷയങ്ങളില്‍ വിശേഷിച്ചും കമ്യൂണിസം, മതനിഷേധം, ദൈവനിരാസം, സോഷ്യലിസം തുടങ്ങി അനേകം പ്രഭാഷണങ്ങളും മറ്റു പ്രചാരണങ്ങളും നിരന്തരം നടത്തുകയുണ്ടായി. മുസ്ലിങ്ങള്‍ക്ക് കമ്യൂണിസ്റ്റാകല്‍ അസാധ്യമാണെന്ന ഇന്നും തുടരുന്ന പ്രചാരണം ജമാഅത്തെ ഇസ്ലാമി അതിന്റെ സംസ്ഥാപനം മുതല്‍ക്കുതന്നെ ആരംഭിച്ചതാണ്. കെ.സി. അബ്ദുള്ള മൗലവി ‘ഇസ്ലാം ആൻഡ് സോഷ്യലിസം’ (Islam and Socialism) എന്ന കൃതി 20–ാം നൂറ്റാണ്ടിന്റെ മധ്യമാകുമ്പോഴേക്കു തന്നെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് വിതരണം ചെയ്തു കഴിഞ്ഞിരുന്നു. ആദ്യത്തെ അമീറായിരുന്ന വി.പി. മുഹമ്മദലിയുടെ മരണത്തെ തുടര്‍ന്ന് കെ.വി. അബ്ദുള്ള മൗലവി ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീറായി നിയമിക്കപ്പെടുകയുണ്ടായി.

ഇന്ത്യന്‍ ജനാധിപത്യം പൈശാചിക ഭരണം (താഗൂത്ത്) ആണെന്നു തുടങ്ങി മൗദൂദിയുടെ മുഴുവന്‍ ആശയങ്ങളും അതേപടി പിന്തുടരുന്നവരായിരുന്നു ആദ്യഘട്ടം മുതല്‍ക്കു തന്നെ മലയാളി ജമാഅത്തുകാരും. മാത്രമല്ല ജനാധിപത്യം അംഗീകരിക്കുകയെന്നാല്‍ വിധിവിലക്കുകളുടെയും നീതി നിര്‍വഹണത്തിന്റെയും പരമാധികാരി എന്ന നിലയ്-ക്കുള്ള ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കാതിരിക്കലാണെന്ന് ജമാഅത്തുകാര്‍ വാദിച്ചു. അതുകൊണ്ടുതന്നെ ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ ഘട്ടം മുതല്‍ക്കു തന്നെ തിരഞ്ഞെടുപ്പില്‍ നിന്നും ഇതര ജനാധിപത്യ പ്രക്രിയകളില്‍ നിന്നും ജമാഅത്തുകാര്‍ വിട്ടുനില്‍ക്കുകയും ആളുകളെ വോട്ടു ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. മാത്രമല്ല മതേതര വിദ്യാഭ്യാസം നേടുന്നതിനും ആദ്യഘട്ടത്തില്‍ ജമാഅത്തുകാര്‍ എതിരായിരുന്നു. ‘കൊലാലയങ്ങള്‍’ എന്നാണവര്‍ കാംപസുകളെ വിശേഷിപ്പിച്ചിരുന്നത്. (എം.എ. കാരപ്പഞ്ചേരി).

സര്‍ക്കാര്‍ ജോലി സ്വീകരിക്കല്‍ ഹറാമാണെന്ന മൗദൂദിയന്‍ വാദം തന്നെയായിരുന്നു ഇവിടെയും ജമാഅത്തുകാരുടെ നിലപാട്. ‘പ്രബോധനം’ പറയുന്നതു നോക്കൂ : ‘‘ഇസ്ലാമിക വിരുദ്ധമായ ഒരു ഭരണ വ്യവസ്ഥയ്ക്കുകീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്’’. (പ്രബോധനം, ഡിസംബര്‍ 15, 1953). മറ്റൊരു സന്ദര്‍ഭത്തില്‍ കേരളത്തിലെ പരമ്പരാഗത മുസ്ലിങ്ങളെയും അവര്‍ക്കിടയിലെ സംവാദങ്ങളെയും കളിയാക്കിക്കൊണ്ടും ഇത്തരം തീവ്രവാദ നിലപാടുകളോട് മുഖംതിരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടും ജമാഅത്തുകാര്‍ എഴുതി : “ഒരനിസ്ലാമിക ഗവര്‍മെന്റിന്റെ ജോലിയില്‍ നിന്നും ലഭിച്ച, തൊണ്ടയില്‍ നിന്നും കീഴ്പ്പോട്ടിറക്കുന്ന, റൊട്ടിക്കഷണം ഹലാലും പരിശുദ്ധമാണോ അതല്ല ‘താഗൂത്തിനു’ സേവനം ചെയ്ത് കരസ്ഥമാക്കിയതാണോ എന്നൊന്നും ഈ ‘മുത്തഖികള്‍’ നോക്കുകയില്ല. മറിച്ച് അവരുടെ ദൃഷ്ടിയില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ആ ഹറാമു തിന്നതിന് ശേഷം വെള്ളം ഇടതുകൈകൊണ്ടോ വലതുകൈകൊണ്ടോ കുടിച്ചത് എന്നതിലാണ് (പ്രബോധനം, 1950 സെപ്തംബര്‍). അനിസ്ലാമിക ഗവണ്‍മെന്റില്‍ ജോലി ചെയ്യുന്നു എന്നുവച്ചാല്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോകുന്നു എന്നാണത്രേ ജമാഅത്തുകളുടെ വിവക്ഷ.

വോട്ടു ചെയ്യൽ പോലും നിഷിദ്ധം
തിരഞ്ഞെടുപ്പില്‍ പങ്കെടുക്കലും വോട്ടു ചെയ്യലും കേരളത്തിലും ജമാഅത്ത് വിലക്കിയിരുന്നു. അവര്‍ പറയുന്നത് നോക്കൂ : “തിരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ലൗകികമായും (ദുന്‍യവിയായും) ദീനിയായും (ഭരണപരമായും) മുസ്ലിങ്ങള്‍ക്ക് ആപല്‍ക്കരമാണെന്നാണ് നമ്മുടെ അഭിപ്രായം…. അതിനാല്‍ ബോധപൂര്‍വം വിട്ടുനില്‍ക്കുന്നതാണ് അവര്‍ക്ക് നല്ലത്.” (അബുല്ലൈസ്, പ്രബോധനം, ജൂലൈ 1951). മാത്രമല്ല ഇസ്ലാമികേതര ഭരണത്തിനു വേണ്ടി വോട്ടു ചെയ്യല്‍ പോലും മുസ്ലിങ്ങള്‍ക്ക് നിഷിദ്ധവും ശിര്‍ക്കുമാണെന്ന് അവര്‍ വാദിച്ചു. “അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്നു ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ടുചേര്‍ന്ന് ഭരണ നടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്കു വോട്ടു ചെയ്യുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല.” (പ്രബോധനം, 1970 ജൂലൈ 31) മാത്രമല്ല ജമാഅത്തെ ഇസ്ലാമി കൂട്ടിച്ചേര്‍ക്കുന്നു : “ഈ നാട്ടിലെ ഭരണം ഇസ്ലാമികമായിരിക്കണമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്ലാമികമാക്കി മാറ്റുവാന്‍ സാധിക്കുമെന്ന് ജമാഅത്തിന് ബോധ്യപ്പെടുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.” (എം എ കാരപ്പഞ്ചേരി പേജ് 54).

ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ ആധുനിക മൂല്യങ്ങളെയെല്ലാം തിരസ്കരിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ തങ്ങളനുഭവിക്കുന്ന സാമൂഹിക നിരാസം മറികടക്കാന്‍ പലതരം വിദ്യകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ‘ഹുക്കുമത്തെ ഇലാഹി’ എന്ന മത രാഷ്ട്ര സംസ്ഥാപനമാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്നത് സമൂഹത്തിന് ബോധ്യമുള്ളിടത്തോളം വളര്‍ച്ച അസാധ്യമാണെന്ന് മനസ്സിലാക്കിയ ജമാഅത്തുകാര്‍ ചെറിയൊരു ചെപ്പടി വിദ്യ പ്രയോഗിച്ചു. ഹുക്കുമത്തെ ഇലാഹിയല്ല ‘ഇഖാമത്തുദ്ദീന്‍ (രാഷ്ട്ര സംസ്ഥാപനം) ആണ് തങ്ങളുടെ ലക്ഷ്യം എന്നവര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ‘ദീന്‍’ എന്നതിനെ സാധാരണ ആളുകള്‍ ‘മതം’ എന്നും മൗദൂദിയും കൂട്ടരും രാഷ്ട്രം (State) എന്നുമാണ് നിര്‍വചിക്കുന്നത് എന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. അപ്പോള്‍ മൗദൂദിസ്റ്റുകള്‍ക്കിടയില്‍ രാഷ്ട്രസ്ഥാപനം എന്ന ലക്ഷ്യം നിലനില്‍ക്കുമ്പോള്‍ തന്നെ സാധാരണ ജനത്തിനു മുമ്പില്‍ തങ്ങളുടെ ലക്ഷ്യം മതസ്ഥാപനമാണ് എന്നു വാദിക്കാന്‍ ജമാഅത്തുകള്‍ക്ക് സാധിക്കുകയും ചെയ്യുന്നു. അതുവഴി മുസ്ലിങ്ങള്‍ക്കിടയില്‍ തങ്ങളെ സ്വീകാര്യരാക്കാം എന്നായിരുന്നു മൗദൂദിസ്റ്റുകളുടെ വക്രബുദ്ധി. എന്നാല്‍ ഈ പേരുമാറ്റനാടകം മുസ്ലിം സമുദായം പഴയതുപോലെ നിരസിച്ചു. മുസ്ലിം സമുദായം ആധുനിക വിദ്യാഭ്യാസം നേടാനും സര്‍ക്കാര്‍ ജോലികള്‍ നേടാനും മുന്നോട്ടു വന്നപ്പോള്‍ തങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളാകും എന്ന് തിരിച്ചറിഞ്ഞ മൗദൂദിസ്റ്റുകള്‍ അവരുടെ നിലപാടിന്റെ അടിസ്ഥാന സ്വഭാവം തന്നെ ത്യജിക്കാനും മുന്‍ നിലപാടുകളും വാദങ്ങളുടെ സത്ത തന്നെയും വിഴുങ്ങാനും ഒരു മടിയും കാണിച്ചില്ല. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിനെതിരായ നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിരുന്നത്. പാകിസ്താനില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ ബംഗ്ലാദേശികളെ ഇന്ത്യയിലെ ജനങ്ങളും സര്‍ക്കാരും പിന്തുണച്ചപ്പോള്‍ ഇവിടുത്തെ ജമാഅത്തുകാര്‍ ബംഗ്ലാദേശി വിരുദ്ധ യുദ്ധത്തിന്റെ നേതൃനിരയിലുള്ള പാകിസ്താനിലെ മൗദൂദികള്‍ക്കൊപ്പമായിരുന്നു നിലകൊണ്ടത്. സ്വാതന്ത്ര്യകാംക്ഷികളായ ബംഗ്ലാദേശ് മുസ്ലിങ്ങളെ ചുട്ടുകൊല്ലാനും കൂട്ടക്കൊല നടത്താനും മുന്‍നിരയില്‍ സാര്‍വ്വദേശീയ മുസ്ലിം രാഷ്ട്രീയത്തിന്റെ വാഗ്മികളായ ജമാഅത്തെ ഇസ്ലാമിക്കാരായിരുന്നു. (യുദ്ധകാലത്ത് പല കൂട്ടക്കൊലകള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം കൊടുത്ത ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കള്‍ യുദ്ധക്കുറ്റത്തിന് ഈയടുത്ത് ശിക്ഷിക്കപ്പെട്ടത് വാര്‍ത്തയായിരുന്നല്ലോ.) ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തെയടക്കം അവര്‍ ആക്രമിച്ചതും സമീപകാലത്താണ്.

കമ്യൂണിസ്റ്റ് സ്വാധീനം ഇല്ലാതാക്കാന്‍ പോളണ്ടിന്റെ അതേ മാതൃകയില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്ന പേരില്‍ തന്നെ ജമാഅത്തെ ഇസ്ലാമി സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചു. അതിന്റെ ഭാഗമായി ദളിത് മുന്നേറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സമരങ്ങളെ അരാഷ്ട്രീയവല്‍ക്കരിച്ചു. മുന്‍കാല നക്സലൈറ്റുകളെയും റോയിസ്റ്റുകളെയും തങ്ങളുടെ മാധ്യമ സ്ഥാപനങ്ങളിലുള്‍പ്പടെ ചേര്‍ത്തുകൊണ്ട് മതേതര പുരോഗമന മുഖം സൃഷ്ടിക്കാനും അതുവഴി കേരളത്തിന്റെ സാമൂഹികാംഗീകാരം നേടിയെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇതിന്റെ ഭാഗമായി ജമാഅത്തിന്റെ രാഷ്ട്രീയ മുഖമായി, RSS\ന് BJP എന്നപോലെ അമുസ്ലിങ്ങളെ ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിക്കുകയും തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സഹായസംഘമായി പങ്കെടുക്കുകയും ചെയ്യുന്നു. ഫാസിസ്റ്റ് വിരുദ്ധ മുന്നണി എന്ന രൂപത്തില്‍ മുസ്ലിംലീഗില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്വാധീനിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി. അതിനായി പലതരം പൊയ്-മുഖങ്ങളും അവര്‍ കെട്ടിയാടുന്നു.

രാഷ്ട്രീയ ഇസ്ലാമും മാവോയിസ്റ്റുകളും തമ്മില്‍ പ്രായോഗിക സഖ്യത്തിലേര്‍പ്പെടുന്നതും കേരള രാഷട്രീയം ശ്രദ്ധിക്കുന്നവര്‍ക്ക് തിരിച്ചറിയാനാവും. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റവും വംശീയ ഉന്മൂലനവും വലിയതോതിലുള്ള സാമ്രാജ്യത്വ വിരുദ്ധ വികാരം യുവാക്കള്‍ക്കിടയില്‍ വളര്‍ന്നു വരുന്നതിന് കാരണമായിട്ടുണ്ട്. ഇത് മുതലെടുത്തുകൊണ്ട് സാമ്രാജ്യത്വ വിരുദ്ധ മുന്നണി എന്ന നിലയില്‍ കൂട്ടായ്മകള്‍ രൂപപ്പെടുത്താനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിച്ചുവരുന്നത്. ഇതിന് സഹായകരമായ നിലയില്‍ ആശയതലം സൃഷ്ടിക്കുന്നതിന് വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. മാര്‍ക്സിസത്തെ ആശയപരമായി നേരിടുന്നതിലും ഇത്തരം സ്ഥാപനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം വര്‍ഗ സമരം കാലഹരണപ്പെട്ടെന്നും ഇനി സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് നടക്കാന്‍ പോകുന്നതെന്നുമുള്ള വലതുപക്ഷത്തിന്റെ സിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മേല്‍ ആശയതലം സൃഷ്ടിക്കാന്‍ അവർ ശ്രമിക്കുന്നത്.

പ്രച്ഛന്നവേഷം
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുകയും ചെയ്യുമ്പോഴും ജമാഅത്തെ ഇസ്ലാമി പിന്തുടരുന്ന കാപട്യവും പ്രച്ഛന്നവേഷവും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് തങ്ങളുടെ ഭരണഘടന ഭേദഗതി ചെയ്യണം എന്ന ആവശ്യം ജമാഅത്തെ ഇസ്ലാമിക്കകത്ത് തന്നെ ഉയര്‍ന്നു വന്നു. ഇത് ആ സംഘടനയില്‍ വലിയ ആഭ്യന്തര സംഘര്‍ഷത്തിന് വഴിവെച്ചെങ്കിലും ഗത്യന്തരമില്ലാതെ 2019ല്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടു. അതനുസരിച്ച് ഇന്ത്യന്‍ ഭരണഘടന, കോടതി, നിയമ നിര്‍മാണ സഭകള്‍ എന്നിവ ഇസ്ലാമിക വിരുദ്ധമാണെന്ന മൗദൂദിയുടെ നിലപാടില്‍ നിന്നും ജമാഅത്തെ ഇസ്ലാമി പിന്‍വലിഞ്ഞു. എന്നാല്‍ ഭരണഘടനയില്‍ വരുത്തിയ ഈ മാറ്റം ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ദേശീയ തലത്തിലുള്ള വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് ധൈര്യം വന്നില്ല. മറിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് – കേരളയുടെ വെബ്സൈറ്റില്‍ ഈ മാറ്റങ്ങള്‍ പ്രസിദ്ധീകരിച്ചു. ജനാധിപത്യ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാമെന്ന ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം അവരുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കേരളത്തില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള താല്‍ക്കാലിക അടവാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ. അതേ സമയം ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദ നിലപാടുകളില്‍ യാതൊരു മാറ്റവും ഇതുവരെയും വരുത്തിയിട്ടില്ല.

കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ പല വഴി ശ്രമിച്ചിട്ടും ജമാഅത്തെ ഇസ്ലാമിക്ക് സാധിച്ചില്ല. അവരുടെ മതരാഷട്രവാദത്തോടും തീവ്രവാദ നിലപാടുകളോടും മുസ്ലീം സമുദായത്തിന് പൊതുവിലുണ്ടായിരുന്ന വിയോജിപ്പായിരുന്നു, അതിന് കാരണം. ഈ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയും മുസ്ലീംലീഗും അവരവരുടെ പത്രങ്ങള്‍ വഴി ഏറ്റുമുട്ടുകയുണ്ടായി.

1987ലാണ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്നും ‘മാധ്യമം’ പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. ഈ പത്രത്തിന് ഇന്ത്യയില്‍ 9 എഡിഷനുകൾ കൂടാതെ ഗള്‍ഫിലും എഡിഷനുകളുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങള്‍ നേരിട്ട് പ്രചരിപ്പിക്കാതെ നിഷ്-പക്ഷ വാര്‍ത്താപത്രം എന്ന നില കൈവരിക്കാനാണ് എഡിറ്റോറിയല്‍ വിഭാഗം ശ്രദ്ധിച്ചത്. ഇതിന്റെ ഫലമായി മുസ്ലീം ജനസാമാന്യത്തിനിടയില്‍ ഇടംനേടാന്‍ മാധ്യമം പത്രത്തിനായി. തുടര്‍ന്ന് 2013ല്‍ മാധ്യമം ബ്രോഡ്കാസ്റ്റിങ്ങിനു കീഴില്‍ ‘മീഡിയാവണ്‍’ ചാനലാരംഭിച്ചു.
മതേതര ചിന്താഗതിക്കാരും മുസ്ലീം സമുദായത്തിലെ മതനിരപേക്ഷവാദികളും നേരത്തെ തന്നെ ജമാഅത്തെ ഇസ്ലാമിയെ എതിര്‍ത്തുകൊണ്ടുള്ള ആശയസമരം നടത്തിയിരുന്നു. എന്നാല്‍ മാധ്യമം പത്രത്തിലൂടെയുള്ള പ്രചാരണവും സമുദായത്തിലെ യുവാക്കള്‍ക്കിടയിലെ തീവ്രവാദ സമീപനവും മറ്റും തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണാണ് ഒഴുക്കിക്കൊണ്ടുപോകുന്നത് എന്ന് തിരിച്ചറിഞ്ഞ ലീഗ് നേതൃത്വം ‘ചന്ദ്രിക’ ദിനപത്രത്തിലൂടെ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെയും പ്രായോഗിക തലത്തില്‍ മൗദൂദിസ്റ്റുകളുടെ ഇരട്ടത്താപ്പും സംഘപരിവാര്‍ ബന്ധുത്വവും തുറന്നുകാട്ടി. ‘ജമാഅത്തെ ഇസ്ലാമി ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യ്’ എന്ന ലേഖന പരമ്പര ഇതിന്റെ തെളിവാണ്. 2005ല്‍ മലപ്പുറം ഓപ്പണ്‍ഫോറം ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2010ല്‍ തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ മലയാളാധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനെതിരെ നടന്ന നിഷ്ഠുരമായ വധശ്രമത്തെ തുടര്‍ന്ന് വര്‍ഗീയ തീവ്രവാദത്തിനെതിരെ സമൂഹത്തിലുയര്‍ന്ന പൊതുവികാരം കണക്കിലെടുത്ത് ലീഗ് നേതൃത്വം മലപ്പുറം കോട്ടക്കലില്‍ മുസ്ലീം മതസംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തു. 7 മതസംഘടനകളെ ക്ഷണിച്ച യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമിയെ അടുപ്പിച്ചില്ല. അധ്യാപകന്റെ കൈവെട്ട് കേസിലേക്ക് നയിച്ച പ്രചാരണങ്ങളില്‍ മുന്‍പന്തിയില്‍ നിന്നത് മാധ്യമം പത്രമായിരുന്നു എന്നതാണ് ഇതിനു കാരണം. ഇതേത്തുടര്‍ന്ന് മാധ്യമം പത്രത്തില്‍ ‘തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം’ എന്ന തലക്കെട്ടില്‍ മുസ്ലീം ലീഗിനെതിരെ ശക്തമായ കടന്നാക്രമണം നടത്തിക്കൊണ്ട് ലേഖനം പ്രത്യക്ഷപ്പെട്ടു. അതില്‍ മുജാഹിദ് സംഘടനകളെയും പത്രം ശക്തമായി വിമര്‍ശിച്ചു. കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ വര്‍ഗീയ സങ്കുചിതത്വം വളര്‍ത്തിയത് വഹാബിസ്റ്റുകളായ സലഫികളാണെന്നും ആഗോള തലത്തില്‍ തന്നെ മുസ്ലീം തീവ്രവാദത്തിന്റെ അടിസ്ഥാനം സലഫിസമാണെന്നും പത്രം ആരോപിച്ചു. തീവ്രവാദ വളര്‍ച്ചയ്-ക്ക് കാരണക്കാര്‍ തങ്ങളല്ലെന്നും, സന്ദിഗ്ധ ഘട്ടങ്ങളില്‍ അധികാരക്കൊതി മൂത്ത മുസ്ലീംലീഗ് നേതൃത്വം സമുദായ താല്‍പര്യങ്ങളെ അവഗണിച്ചതാണന്നും പത്രം തിരിച്ചടിച്ചു. സംഘപരിവാര്‍ നേതൃത്വത്തില്‍ മുസ്ലീങ്ങളുടെ അന്തസ്സും നിലനില്‍പ്പും ചോദ്യംചെയ്യപ്പെട്ട ഘട്ടങ്ങളില്‍ സ്വത്വബോധമുള്‍ക്കൊണ്ട് സമുദായത്തെ നയിക്കാന്‍ തയ്യാറാകാതെ നിന്നത് യുവാക്കള്‍ക്കിടയില്‍ വളര്‍ത്തിയ അരക്ഷിതബോധവും നിരാശയുമാണ് അവരെ തീവ്രവാദ ആശയങ്ങളിലേക്ക് അടുപ്പിച്ചതെന്നും അതിനുത്തരവാദി ലീഗാണെന്നും പത്രമാക്ഷേപിച്ചു.

വെൽഫയർ പാർട്ടി ചെയ്തത്
2015ഓടെ ജമാഅത്തെ ഇസ്ലാമി രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തങ്ങള്‍ അവഗണിക്കാനാവാത്ത രാഷട്രീയ ശക്തിയാണെന്നു ലീഗിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിജയിക്കാനായില്ലെങ്കിലും തങ്ങളുടെ വോട്ടുകള്‍ ക്രോഡീകരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ഇതേത്തുടര്‍ന്ന് മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയോടുള്ള എല്ലാ എതിര്‍പ്പുകളും അവസാനിപ്പിച്ച് മുസ്ലീം ഏകീകരണത്തിനുള്ള ശ്രമത്തില്‍ അവരെക്കൂടി അണിനിരത്താന്‍ ലീഗ് തീരുമാനിച്ചു.

2024ലെ പതിനെട്ടാമത് ലോക്-സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇസ്ലാമിസ്റ്റുകളുടെ പിന്തുണ യുഡിഎഫിനാണ് ലഭിച്ചത്. അതില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയും ഉള്‍പ്പെട്ടിരുന്നു.

ആര്‍എസ്എസ് മുന്നോട്ടുവെച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇസ്ലാമിക ബദലുയര്‍ത്താന്‍ ജമാഅത്തെ ഇസ്ലാമിയെപ്പോലെ ശ്രമിച്ച ഒന്നാണ് മഅ്ദനിയുടെ പ്രസ്ഥാനം. ആര്‍എസ് എസിന് ബദലായി ഐ എസ്എസ് രൂപീകരിച്ചുകൊണ്ടാണ് മഅ്ദനിയുടെ രംഗപ്രവേശം. തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ഇരു സംഘടനകളും പങ്കുവഹിച്ചതായി കലാപത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് അരവിന്ദാക്ഷ മേനോന്‍ കമ്മീഷന്‍ ചൂണിക്കാട്ടിയിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം മഅ്ദനി നടത്തിയ കേരള പര്യടനത്തിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അതുകൊണ്ടുതന്നെ മുസ്ലീം തീവ്രവാദത്തിന്റെ കേരള അംബാസിഡറായി മഅ്ദനിയെ പലരും വിശേഷിപ്പിച്ചു. ഇതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നുവന്നതിന്റെ അടിസ്ഥാനത്തില്‍ മഅ്ദനി ആ സംഘടന പിരിച്ചു വിടുകയും പിഡിപി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. കോയമ്പത്തൂര്‍ സ്ഫോടന കേസിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട് 10 വര്‍ഷത്തോളം വിചാരണ കൂടാതെ തമിഴ്നാട്ടിലെ തടവില്‍ കഴിഞ്ഞ മഅ്-ദനിയോട് പില്‍ക്കാലത്ത് സഹതാപ സമീപനവുമുണ്ടായി. കേരളത്തില്‍ വെച്ച് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്താണ് ഈ കേസില്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത്. അതില്‍ പ്രതിഷേധിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ കണ്ണൂരിലെത്തുമ്പോള്‍ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയും പിന്നീട് വെളിപ്പെട്ടതാണ്. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നിന്നും വിട്ടയക്കപ്പെട്ടതിനെ തുടര്‍ന്ന് മഅ്-ദനിയുടെ തീവ്രവാദ നിലപാടുകളില്‍ മാറ്റം വന്നതായി നായനാര്‍ വധഗൂഢാലോചന കേസിലെ പ്രധാന പ്രതിയുടെ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ കാണാം.

2008 ജൂലൈ 25ന് നടന്ന ബാംഗ്ലൂര്‍ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്നാരോപിച്ച് വീണ്ടും മഅ്-ദനിയെ വിചാരണ തടവുകാരനായി തുറുങ്കിലടച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് വരുത്തിയതിനെ തുടര്‍ന്നാണ് മഅ്-ദനിക്ക് കേരളത്തില്‍ പ്രവേശിക്കാനായത്.

സിമിയുടെ ആവിർഭാവം
1977ല്‍ അലിഗഢ് സര്‍വ്വകലാശാലയില്‍ ആരംഭിച്ച ഇസ്ലാമിസ്റ്റ് യുവജന പ്രസ്ഥാനം സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) ഇത്തരത്തില്‍ മത തീവ്രവാദ ചിന്താഗതിയുള്ള സംഘടനകളില്‍പ്പെട്ട മറ്റൊന്നാണ്. മൗദൂദി, സെയ്ദ് ഖുത്തുബ് തുടങ്ങിയവരുടെ ആശയങ്ങളാല്‍ പ്രചോദിതരായവരാണ് ഈ സംഘടനയ്-ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ‘‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ, മതാതീത ദേശീയതകള്‍ക്ക് പകരം ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുക’’ തുടങ്ങിയവയായിരുന്നു അവർ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായിട്ടാണ് തുടക്കം മുതല്‍ സിമി അറിയപ്പെട്ടിരുന്നത്. ക്രമേണ കൂടുതല്‍ തീവ്രവാദപരമായ നിലപാടുകളിലേക്ക് സിമി എത്തിച്ചേര്‍ന്നു. അതേത്തുടര്‍ന്ന് സിമിയെ ഇന്ത്യാ ഗവണ്‍മെന്റ് നിരോധിച്ചു. അതില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലരാണ് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍ഡിഎഫ്) രൂപീകരിച്ചത്. ആര്‍എസ്എസിനെ നേരിടുന്നതിന് യുവാക്കള്‍ക്ക് എന്‍ഡിഎഫ് കായിക പരിശീലനം നല്‍കി. മുസ്ലീം ലീഗിലെ ഒരു വിഭാഗം എന്‍ഡിഎഫിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കുകയുണ്ടായി. 2006ല്‍ എന്‍ഡിഎഫിന്റെ പ്രവര്‍ത്തനം അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിച്ചു. അങ്ങനെയാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിക്കപ്പെട്ടത്. 2009ല്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്തു. 2014ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് മുപ്പതോളം കൊലപാതകങ്ങള്‍, 86 വധശ്രമങ്ങള്‍, 106 വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതിസ്ഥാനത്താണ്. 2018 ജൂലൈ 2ന് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലയ്-ക്കുപിന്നിലും ഈ തീവ്രവാദ സംഘടനയായിരുന്നു. കാമ്പസുകളിലെ അവരുടെ സംഘടനയാണ് കാമ്പസ് ഫ്രണ്ട്. കാമ്പസ് ഫ്രണ്ട് കലാലയങ്ങളിലും മറ്റും മുസ്ലീം ആരാധനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും അതുവഴി അരാഷ്ട്രീയവല്‍ക്കരണം ഉറപ്പുവരുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. പുരോഗമന രാഷ്ട്രീയ ആശയങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്ന യുവ മനസ്സുകളില്‍ മത സങ്കുചിതത്വത്തിന്റയും പാന്‍ ഇസ്ലാമിസത്തിന്റെയും ആശയങ്ങള്‍ കുത്തിവെക്കുന്നു. ദേശീയത എന്ന കാഴ്ചപ്പാടിനെ ഇസ്ലാമിസ്റ്റുകള്‍ അംഗീകരിക്കുന്നില്ല. ദേശത്തിന്റെ അതിര്‍ത്തിയല്ല, മതവിശ്വാസമാണ് ദേശീയത എന്നതാണ് ഇസ്ലാമിസ്റ്റുകളുടെ കാഴ്ചപ്പാട്. ഏത് രാജ്യക്കാരനാണെങ്കിലും ലോകത്തെവിടെയുമുള്ള മുസ്ലീങ്ങള്‍ ഒറ്റ രാഷ്ട്രമാണെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. ഇതിനെയാണ് പാന്‍ ഇസ്ലാമിസം എന്നു വിളിക്കുന്നത്. ഇസ്ലാമിക രാഷ്ട്രമെന്ന കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ ഇസ്ലാമിന്റെ മുന്നില്‍ സുന്നി, ഷിയ തുടങ്ങിയ വൈവിധ്യങ്ങളില്‍ ഏതിനെ പിന്‍പറ്റും എന്ന ചോദ്യം ഉയര്‍ന്നു വരുന്നത് ഇസ്ലാമിസ്റ്റുകളെ പ്രയാസപ്പെടുത്തുന്ന ഒരു കാര്യമാണ്. ഇത് മതരാഷ്ട്ര വാദത്തിന്റെ അശാസ്ത്രീയതകൂടി വ്യക്തമാക്കുന്നു. ലോകത്തൊരിടത്തും ഇവര്‍ വിഭാവനം ചെയ്യുന്ന ദേശീയത നിലനില്‍ക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം കൂടി നാം തിരിച്ചറിയണം.

മതത്തെ രാഷ്ട്രീയാധികാരവുമായി ബന്ധിപ്പിക്കുന്നതിനെ സുന്നി പോലുള്ള വിഭാഗങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. മുസ്ലീമായി ജീവിക്കണമെങ്കില്‍ രാഷ്ട്രത്തിന്റെ ഘടന മതപരമാകണം എന്ന കാഴ്ചപ്പാടിനെ അവര്‍ തള്ളിക്കളയുന്നു. മതനിഷ്ഠകളോടെ മതേതര രാഷ്ട്രത്തിനകത്ത് ജീവിക്കാമെന്ന സമീപനമാണ് സുന്നി വിഭാഗങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

മതേതര രാഷ്ട്രത്തിനകത്ത് ജീവിക്കാന്‍ പറ്റില്ലെന്ന ഭ്രാന്തന്‍ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ചിലരാണ് ഐഎസ്ഐസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. സിറിയയിലും അഫ്ഗാനിസ്താനിലും പോയി ഇസ്ലാം മത വിശ്വാസികളായ സൈനികരുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട യുവാക്കളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കേരള പൊലീസിന്റെ കയ്യിലുണ്ട്. പക്ഷേ സംഘപരിവാര്‍ ശക്തികള്‍ ഇത്തരം സംഭവങ്ങളെ പര്‍വ്വതീകരിച്ചാണ് പ്രചരിപ്പിക്കുന്നത്. അതിന്റെ ഉത്തമോദാഹരണമാണ് കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്-സഭാ തിരഞ്ഞെടുപ്പിലും സംഘപരിവാര്‍ ശക്തികള്‍ വിവിധ ഭാഷകളില്‍ പ്രചരിപ്പിച്ച ‘ദി കേരള സ്റ്റോറി’ എന്ന സിനിമ ഇടതുപക്ഷ രാഷ്ട്രീയത്തിന് സ്വാധീനമുള്ള മതനിരപേക്ഷ കേരളത്തെ താഴ്ത്തിക്കെട്ടാനും ഭീകരവാദികളുടെ നാടായി കേരളത്തെ ചിത്രീകരിക്കാനുമാണ് ശ്രമിച്ചത്. പക്ഷേ അത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പരാജയപ്പെടുത്തുകയാണുണ്ടായത്. എങ്കിലും മുസ്ലീം സമുദായത്തിനിടയിലുള്ള രാഷ്ട്രീയ ഇസ്ലാമിനെ ആശയപരമായി ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. കാരണം ഈ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ചില തീവ്രവാദ സംഘങ്ങള്‍ കേരളത്തില്‍ നടത്തിയ കൊലപാതകങ്ങള്‍, വര്‍ഗീയ ആക്രമണങ്ങള്‍ എന്നിവ കേരളത്തിന്റെ സാമൂഹ്യ സമാധാനത്തിന് തന്നെ ഭംഗം വരുത്തുന്നുണ്ട്. മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്ന സംഘപരിവാറും രാഷ്ട്രീയ ഇസ്ലാമും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്നു നാം തിരിച്ചറിയണം. അവരിരുവരും ഒരേ തൂവല്‍പക്ഷികളായാണ് പ്രവര്‍ത്തിക്കുന്നത്. അടിയന്തരാവസ്ഥയ്-ക്കുശേഷം 1977ല്‍ ആര്‍എസ്എസ് – ജമാഅത്തെ ഇസ്ലാമി നേതൃത്വങ്ങള്‍ നടത്തിയ രഹസ്യ കൂടിയാലോചനയും രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഖുറേഷി മുന്‍കയ്യെടുത്തു കൊണ്ട് 2023 ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടത്തിയ ആര്‍എസ്എസ് – ജമാഅത്തെ ഇസ്ലാമി നേതൃ ചര്‍ച്ചയും മതരാഷ്ടവാദികളുടെ പരസ്പര സഹകരണം വ്യക്തമാക്കുന്നുണ്ട്.

സ്വാതന്ത്ര്യസമര കാലത്തും സ്വാതന്ത്ര്യാനന്തരവും കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ ദേശീയ മുസ്ലീം ധാര ദുര്‍ബലമായി. രാഷട്രീയ ഇസ്ലാമിന്റെ ആശയ തടവറയിലാണ് മുസ്ലീംലീഗ് നേതൃത്വവും. ഈ സാഹചര്യത്തില്‍ മതരാഷ്ട്രവാദികള്‍ക്കെതിരായ ആശയസമരം കമ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷത്തിന്റെയാകെയും പ്രധാന കടമയായി തീരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + nine =

Most Popular