Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിആർഎസ്എസ് ബാന്ധവം 
കോൺഗ്രസിന്റെ അജൻഡ

ആർഎസ്എസ് ബാന്ധവം 
കോൺഗ്രസിന്റെ അജൻഡ

കെ എ വേണുഗേപാലൻ

മ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാൽ കോൺഗ്രസിന്റെ നേതാക്കൾ തന്നെ ഹിന്ദുമഹാസഭയുടെ നേതാക്കളായി പ്രവർത്തിച്ചിരുന്നു എന്ന് നമുക്ക് കാണാൻ പറ്റും. 1915 ൽ രൂപീകരിക്കപ്പെട്ടെങ്കിലും ഹിന്ദുമഹാസഭ സജീവമായി പ്രവർത്തിച്ചിരുന്നില്ല. അത് പുനരുജ്ജീവിപ്പിക്കപ്പെടുന്നത് 1920 കളിലാണ്. 1919ന് ശേഷം സമ്മേളനങ്ങൾ നിർത്തിവച്ചിരുന്ന ഹിന്ദുമഹാസഭ 1921 ൽ ഹരിദ്വാറിൽ സമ്മേളനം വിളിച്ചു ചേർത്തു. ഹിന്ദുമതത്തിൽ പരസ്പരം ശത്രുക്കളായി പ്രവർത്തിച്ചിരുന്ന ആര്യസമാജക്കാരും സനാതനികളും അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മാറ്റിവച്ച് ഏക മനസ്സോടെയാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മുസ്ലിമിനെ പൊതു ശത്രുവായി കാണുന്നതിൽ അവർ ഐക്യം കണ്ടെത്തി. ആര്യസമാജക്കാരുടെ നേതാവായിരുന്ന ലാലാ ലജ്പത് റായിയും സനാതനികളുടെ നേതാവായ മദൻ മോഹൻ മാളവ്യയും കൈകോർത്തു. അങ്ങനെയാണ് ഹിന്ദുമഹാസഭ പുനരുജ്ജീവിപ്പിക്കപ്പെട്ടത്. ഇവർ രണ്ടുപേരും വ്യത്യസ്ത കാലയളവുകളിൽ ഹിന്ദുമഹാസഭയുടെ ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുപേരും കോൺഗ്രസിന്റെ അഖിലേന്ത്യാ ഭാരവാഹികളായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിൽ ഇപ്പോഴും നിലനിൽക്കുന്ന മൃദുഹിന്ദുത്വത്തിന്റെ തുടക്കം ഇവിടെനിന്നാണ് ആരംഭിക്കുന്നത്.

പിന്നീട് കോൺഗ്രസ് അംഗങ്ങളാരും ആർഎസ്എസിൽ അംഗത്വം എടുക്കാൻ പാടില്ല എന്ന് എ ഐ സി സി തീരുമാനിക്കുന്നുണ്ട്. ഗാന്ധിവധത്തിനുശേഷം ആർഎസ്എസ് നിരോധിക്കപ്പെട്ടു. അങ്ങനെ നിരോധിക്കപ്പെട്ട ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നവരെയാകെ കോൺഗ്രസിൽ ചേർക്കുന്നതിനുവേണ്ടി സർദാർ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തിൽ ഒരു ശ്രമം നടക്കുന്നുണ്ട്. കോൺഗ്രസിലെ ഏറ്റവും വലിയ മതനിരപേക്ഷവാദി എന്ന് അവകാശപ്പെടാവുന്ന ജവഹർലാൽ നെഹ്റു വിദേശത്തായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അഭാവത്തിൽ 1949 ഒക്ടോബറിൽ ചേർന്ന എ ഐ സി സി ഉന്നതതല യോഗത്തിൽ വച്ചാണ് ഈ തീരുമാനം എടുക്കുന്നത്. എന്നാൽ നവംബറിൽ വിദേശത്തുനിന്ന് തിരിച്ചെത്തിയ ജവഹർലാൽ നെഹ്റു നിർബന്ധപൂർവ്വം ഈ തീരുമാനം റദ്ദാക്കിക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ നമ്മുടെ കെ സുധാകരനെയും വി ഡി സതീശനെയും പോലുള്ളവർക്ക് ഇത്രയും ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ല.

അയോധ്യയിലെ ബാബറി മസ്ജിദ് രാമ ക്ഷേത്രം ആക്കുന്നതിനു വേണ്ടി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം എന്നാവശ്യപ്പെട്ട് പരസ്യമായി പ്രമേയം പാസാക്കിയ ആളായിരുന്നു ബാബാ രാഘവദാസ് എന്ന അയോധ്യ എം എൽ എ. അദ്ദേഹം കോൺഗ്രസുകാരനായിരുന്നു. റാഫി അഹമ്മദ് കിദ്വായ് എന്ന മുസ്ലിം നാമധാരിയായ കോൺഗ്രസുകാരനെ സ്ഥാനാർത്ഥിയാക്കാതിരിക്കുന്നതിനുവേണ്ടി അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കണ്ടെത്തിയ സ്ഥാനാർത്ഥിയായിരുന്നു മൃദുഹിന്ദുത്വവാദിയായ ബാബാരാഘവദാസ്.

ഇന്ത്യ -ചൈന യുദ്ധം ഉണ്ടായപ്പോൾ ഗാന്ധി വധത്തിന്റെ പേരിൽ മാനം കെട്ടുനിന്നിരുന്ന, രാഷ്ട്രീയ രംഗത്തുനിന്ന് തന്നെ അപ്രസക്തമായിരുന്ന, ആർഎസ്എസിനെ പൊക്കിയെടുത്ത് ദേശസംരക്ഷണ പ്രസ്ഥാനമാക്കി അവതരിപ്പിക്കാൻ തയ്യാറായത് നെഹ്റു സർക്കാരായിരുന്നു. ഇന്ത്യ പാകിസ്ഥാൻ യുദ്ധകാലത്ത് ശാസ്ത്രിയും ഈ തെറ്റ് ആവർത്തിച്ചു.

കേരളത്തിലേക്ക് വന്നാൽ കോൺഗ്രസും ജനസംഘവും തമ്മിൽ പരസ്യമായി ആദ്യത്തെ സഖ്യം ഉണ്ടാവുന്നത് 1960ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ്. 1957 ലെ തിരഞ്ഞെടുപ്പിൽ ഇഎംഎസ് നീലേശ്വരത്തുനിന്നാണ് മത്സരിച്ചു ജയിച്ചത്. എന്നാൽ വിമോചന സമരാനന്തരം നടന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഎംഎസ് മത്സരിക്കുന്നത് പട്ടാമ്പിയിൽ നിന്നാണ്. കോൺഗ്രസിനുവേണ്ടി പട്ടാമ്പിയിൽ മത്സരിച്ചത് അഡ്വക്കേറ്റ് രാഘവൻ നായർ ആയിരുന്നു. ജനസംഘം സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത് വി എൻ ഭരതനായിരുന്നു. നാമനിർദ്ദേശപത്രിക പിൻവലിക്കുന്ന സമയത്ത് കോൺഗ്രസും ജനസംഘവും തമ്മിൽ ഐക്യം രൂപപ്പെട്ടിരുന്നില്ല. എന്നാൽ മുഖ്യശത്രു കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും അതിന്റെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇഎംഎസിനെ പരാജയപ്പെടുത്തേണ്ടത് തങ്ങളുടെ കർത്തവ്യമാണ് എന്നും ജനസംഘത്തിനും കോൺഗ്രസിനും പിന്നീട് ബോധ്യപ്പെട്ടു. അപ്പോഴേക്കും നാമനിർദ്ദേശപത്രിക പിൻവലിക്കേണ്ട സമയം കഴിഞ്ഞിരുന്നു. അതുകൊണ്ട് ജനസംഘം സ്ഥാനാർത്ഥിയായ വി എൻ ഭരതൻ സ്വന്തം പേര് വെച്ച് നോട്ടീസടിച്ച് അഡ്വക്കേറ്റ് രാഘവൻ നായർക്ക് പിന്തുണ പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയും ചെയ്തു.നെഹ്റുവും ജനസംഘം നേതാവ് ദീൻ ദയാൽ ഉപാധ്യായയും പട്ടാമ്പിയിൽ വൻ റാലികളെ അഭിസംബോധന ചെയ്തു. ഫലമൊന്നുമുണ്ടായില്ല. ഇഎംഎസ് നല്ല ഭൂരിപക്ഷത്തിന് പട്ടാമ്പിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളിലും കോൺഗ്രസും ജനസംഘവും തമ്മിൽ പലയിടത്തും രഹസ്യ സഖ്യങ്ങൾ ഉണ്ടായിട്ടുണ്ട്.

1971-ൽ എ കെ ജി പാലക്കാട് ലോക്-സഭ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ പ്രൊഫ: ടി സി ഗോവിന്ദൻ എന്ന ആർ എസ് എസ് ജില്ലാ കാര്യവാഹക് ആയിരുന്നു അദ്ദേഹത്തിനെതിരായി മത്സരിച്ചത്. ഗോവിന്ദന് പിന്തുണ കൊടുക്കുകയാണ് അന്ന് കോൺഗ്രസ് ചെയ്തത്.

എന്നാൽ പിന്നീട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ആർഎസ്എസ് ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിക്കും മകന്റെ അഞ്ചിന പരിപാടിക്കും പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും മറുഭാഗത്ത് അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ ജയപ്രകാശ് നാരായണന്റെ സമ്പൂർണ്ണ വിപ്ലവ പ്രസ്ഥാനവുമായി കൈകോർക്കുകയും ചെയ്തു. സമ്പൂർണ്ണ വിപ്ലവ പ്രസ്ഥാനം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനതാ പാർട്ടിയായി രൂപപ്പെട്ടു. നിലവിലുണ്ടായിരുന്ന ജനസംഘം അടക്കമുള്ള ബൂർഷ്വാ പ്രതിപക്ഷ പാർട്ടികൾ സ്വന്തം പാർട്ടികൾ പിരിച്ചുവിടുകയും ജനതാപാർട്ടിയിൽ ലയിക്കുകയും ആണ് ചെയ്തത്. പ്രതിപക്ഷത്തുള്ള സിപിഐഎമ്മിനോടും ജനതാ പാർട്ടിയിൽ ചേരുന്നതിന് ജയപ്രകാശ് നാരായണൻ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പാർട്ടി അതിന് തയ്യാറായില്ല. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുകയും ജനതാ പാർട്ടി ജയിച്ച് അധികാരത്തിൽ വരികയും ചെയ്തു. അധികാരത്തിൽ പങ്കാളിത്തം നൽകാമെന്ന് ജനതാ പാർട്ടി സിപിഐ എമ്മിനോട് ആവശ്യപ്പെട്ടെങ്കിലും നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കാനാവാത്തിടത്തോളം കാലം അധികാര പങ്കാളിത്തം ആവശ്യമില്ല എന്ന നിലപാടാണ് പാർട്ടി എടുത്തത്.

1983ല്‍ ഹരിദ്വാറിൽ നടന്ന ഏകാത്മതാ യജ്ഞത്തിൽ ഇന്ദിരാഗാന്ധി പങ്കെടുത്തത് ഹിന്ദുത്വ അനുകൂല നിലപാട് പരസ്യപ്പെടുത്തുന്നതിനായിരുന്നു. വിഘടനവാദത്തിനെതിരെ കോൺഗ്രസുയർത്തിയ അഖണ്ഡ ഭാരത മുദ്രാവാക്യം ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഉൾക്കൊണ്ടുകൊണ്ടുള്ളതായിരുന്നു. 1980ല്‍ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

രാജീവ് ഗാന്ധിയുടെ കാലഘട്ടമായപ്പോഴാണ് ഭൂരിപക്ഷ – ന്യൂനപക്ഷ താത്പര്യങ്ങളെ മാറിമാറി പ്രീണിപ്പിക്കുക എന്ന നിലപാട് കോൺഗ്രസ് എടുത്തത്. ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഷാബാനു കേസും ബാബറി മസ്ജിദിലെ ക്ഷേത്രം തുറന്നു കൊടുത്തതും. മൊഴി ചൊല്ലപ്പെട്ട മുസ്ലിം വനിതയ്ക്കും കുട്ടികൾക്കും ഭർത്താവ് ചെലവിന് കൊടുക്കാൻ ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി വിധിച്ചു. ഇന്ത്യക്കാർക്ക് ആകെ ബാധകമായ ക്രിമിനൽ നടപടി നിയമത്തിലെ 125-–ാം വകുപ്പ് പ്രകാരമായിരുന്നു സുപ്രീംകോടതിവിധി. അതിനെയാണ് വ്യക്തി നിയമത്തിന്റെ പേരിൽ വെല്ലുവിളിക്കാൻ മുസ്ലിം മതമൗലികവാദികൾ തയ്യാറായത്. രാജീവ് ഗാന്ധി അവർക്ക് വഴങ്ങിക്കൊടുക്കുകയും നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്തു. പ്രകടമായും മുസ്ലീം പ്രീണനമായിരുന്നു ഇത്. ഇത് കോൺഗ്രസ് അനുയായികളായ മതനിരപേക്ഷവാദികളിലടക്കം ശക്തമായ എതിർപ്പുണ്ടാക്കി. മതനിരപേക്ഷവാദികളിൽ നിന്ന് ഉയർന്ന ഈ എതിർപ്പിനെ മറികടക്കാൻ ഹിന്ദുമതമൗലികതയെ പ്രീണിപ്പിക്കുകയാണ് രാജീവ് ഗാന്ധി ചെയ്തത്. ബാബറി മസ്ജിദിനകത്ത് സ്ഥാപിക്കപ്പെട്ടിരുന്ന രാമക്ഷേത്രം നെഹ്റുവിന്റെ കാലം മുതൽ അടച്ചുപൂട്ടപ്പെട്ടു കിടക്കുകയായിരുന്നു. എന്നാൽ ഒരു ജില്ലാ കോടതി വിധിയുടെ മറവിൽ ഈ തർക്ക സ്ഥലം ഹിന്ദുക്കൾക്ക് തുറന്നു കൊടുക്കാൻ രാജീവ് ഗാന്ധി തയ്യാറായി. ഹിന്ദു വർഗീയവാദികൾക്കുമേൽക്കൈ നേടിക്കൊടുത്ത സംഭവമായിരുന്നു ഇത്. കോടതി വിധി പോലും കാറ്റിൽ പറത്തിക്കൊണ്ട് അയോധ്യയിലെ തർക്ക സ്ഥലത്ത് 1989 നവംബർ 8 ന് ഭൂമി പൂജയും നവംബർ 9ന് രാമക്ഷേത്ര നിർമ്മാണത്തിനുള്ള ശിലാസ്ഥാപനവും നടത്താൻ രാജീവ് ഗാന്ധി അനുമതി നൽകി.

1992 ഡിസംബർ ആറിനാണ് മസ്ജിദ് സംഘപരിവാർ ശക്തികൾ തകർത്തത്. അന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങും പ്രധാനമന്ത്രി കോൺഗ്രസുകാരനായ നരസിംഹ റാവുവുമായിരുന്നു. പള്ളി പൊളിക്കൽ തടയുന്നതിനുവേണ്ടി യാതൊന്നും ചെയ്യാൻ പ്രധാനമന്ത്രി തയ്യാറായില്ല. അതോടെയാണ് ഹിന്ദുത്വവാദികൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വാധീനം വർദ്ധിച്ചു തുടങ്ങിയത്.

ഇക്കാലത്താണ് 1991ൽ ലോകസഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ ഒരു ലോക്-സഭാ മണ്ഡലത്തിലും ഒരു നിയമസഭാ മണ്ഡലത്തിലും സവിശേഷമായ ഒരു കൂട്ടുകെട്ട് രൂപപ്പെട്ടതായി ജനങ്ങൾക്കാകെ ബോധ്യപ്പെടുകയും പിന്നീട് അത് അതിൽ പങ്കാളിത്തം വഹിച്ചവർക്ക് സമ്മതിക്കേണ്ടി വരികയും ചെയ്തു. ലോക്-സഭാ മണ്ഡലമായ വടകരയിലും നിയമസഭാ മണ്ഡലമായ ബേപ്പൂരും ആണ് ഈ അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെട്ടത്. കോൺഗ്രസും ലീഗും ഉൾക്കൊള്ളുന്ന ഐക്യ ജനാധിപത്യമുന്നണിയും ബിജെപിയും തമ്മിലുള്ള അവിശുദ്ധ സഖ്യമാണ് രൂപപ്പെട്ടത്. ബേപ്പൂർ മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചത് ടി കെ ഹംസയായിരുന്നു. അദ്ദേഹത്തിന് എതിരായി സ്വതന്ത്രനായി മത്സരിച്ചത് ഡോ. മാധവൻകുട്ടിയായിരുന്നു. മാധവൻകുട്ടി കോൺഗ്രസ് ആയിരുന്നില്ല ബിജെപിയായിരുന്നു. എന്തായാലും ഐക്യ ജനാധിപത്യമുന്നണിക്ക് അവിടെ സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. കോൺഗ്രസിന്റെയും ലീഗിന്റെയും ബിജെപിയുടെയും പൊതു സ്ഥാനാർത്ഥിയായാണ് മാധവൻകുട്ടി മത്സരിച്ചത്. ലോക്-സഭയിൽ വടകര മണ്ഡലത്തിലാണ് ഈ പ്രവണത പ്രകടമായത്. സോഷ്യലിസ്റ്റ് കോൺഗ്രസ് നേതാവായിരുന്ന കെ പി ഉണ്ണികൃഷ്ണൻ ആയിരുന്നു അവിടത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി. അദ്ദേഹത്തിന് എതിരായി മത്സരിച്ചത് അഡ്വക്കേറ്റ് രത്നസിംഗ് ആയിരുന്നു. രത്ന സിംഗ് ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്നു. ഐക്യ ജനാധിപത്യമുന്നണി സ്വന്തം സ്ഥാനാർഥിയെ നിർത്താതെ രത്നസിംഗിനെ പിന്തുണയ്-ക്കുകയാണ് ചെയ്തത്. അങ്ങനെയാണ് രാഷ്ട്രീയ രംഗത്ത് കോ ലീ ബി (കോൺഗ്രസ് -ലീഗ്- ബിജെപി )സഖ്യം വ്യാപകമായി പ്രചാരത്തിൽ വരുന്നത്. ഇവർ മൂന്നു കൂട്ടരും ചേർന്നാൽ കിട്ടുന്ന വോട്ടിനെകുറിച്ചുള്ള വലിയ പ്രതീക്ഷയാണ് അന്ന് ബൂർഷ്വാ പത്രങ്ങൾ പ്രചരിപ്പിച്ചത്. പക്ഷേ ജനം ശക്തമായി തിരിച്ചടിച്ചു. മാധവൻകുട്ടിയും രത്നസിംഗും വൻ പരാജയത്തെയാണ് നേരിട്ടത്.

ഈ തിരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായെങ്കിലും തുടർന്ന് നടന്ന നിയമസഭാ ലോക്-സഭാ തിരഞ്ഞെടുപ്പുകളിൽ ഒക്കെ ഈ തന്ത്രം വ്യാപകമായി ഉപയോഗപ്പെടുത്താൻ കോൺഗ്രസ്സും ബിജെപിയും തമ്മിൽ സഹകരിച്ചിട്ടുണ്ട്. 2016ൽ നേമം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായ ഒ. രാജഗോപാലിനെ വിജയിപ്പിക്കാൻവേണ്ടി ഇതേ തന്ത്രമാണ് കോൺഗ്രസ് സ്വീകരിച്ചത്. അങ്ങനെയാണ് ആദ്യമായി ഒരു ബിജെപിക്കാരൻ കേരള നിയമസഭയ്ക്ക് അകത്തെത്തുന്നത്.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ ഈ സഖ്യം അരങ്ങേറി. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വീണ എസ് നായരുടെ പോസ്റ്ററുകളും നോട്ടീസുകളും പഴയ കടലാസ് വിൽക്കുന്നവരുടെ കടകളിലും വാഴത്തോട്ടങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്. അന്നത്തെ കെപിസിസി പ്രസിഡന്റ് ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനുതന്നെ യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി കോൺഗ്രസ് നേതാക്കന്മാർ പരിശ്രമിച്ചു എന്ന് സമ്മതിക്കേണ്ടി വന്നു. ആ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിപ്പോകുന്ന സ്ഥിതിയും ഉണ്ടായി. ഇതും കോലീബി സഖ്യത്തിന്റെ പ്രകടമായ ഉദാഹരണങ്ങളായിരുന്നു. തൃശൂർ ലോക്-സഭാ മണ്ഡലത്തിൽ കോൺഗ്രസിനു ചോർന്ന വോട്ട് പരിശോധിച്ചാൽ മനസ്സിലാകും സുരേഷ് ഗോപി ജയിച്ചതെങ്ങനെയെന്ന്.

ഇതാണ് ഇന്ത്യയിൽ ബിജെപിയുടെ ഹിന്ദുത്വ കാഴ്ചപ്പാടും കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ കാഴ്ചപ്പാടും രൂപപ്പെട്ടതിന്റെ ചരിത്രം. ഇതിനിടയിൽ ഒരിടത്തും കമ്മ്യൂണിസ്റ്റുകാരുടെ പേര് ഉയർന്നു വരുന്നില്ല.

വിചാരധാര എഴുതിയ ഗോൾവാൾക്കർ ആഭ്യന്തര ശത്രുക്കൾ ആരൊക്കെ എന്ന് ഒരു സംശയവും ഇല്ലാതെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ്. ആ കമ്മ്യൂണിസ്റ്റുകാരുമായി സഖ്യം ഉണ്ടാക്കാൻ ഒരുകാലത്തും ആർഎസ്എസിന് കഴിയില്ല; ആർഎസ്എസുമായി സഖ്യം ഉണ്ടാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കഴിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാൻ നിരവധി സഖാക്കളെ കൊന്നൊടുക്കിയ സംഘടനയാണ് ആർഎസ്എസ്. വർഗീയതക്കെതിരായി നിരന്തരമായ പോരാട്ടം നടത്തിയതിന്റെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ഈ പാർട്ടിക്ക് ഒരിക്കലും ആർഎസ്എസുമായി സഖ്യം ഉണ്ടാക്കാൻ സാധ്യമല്ല. കോൺഗ്രസിന് അത് മനസ്സിലാവാത്തതല്ല. ഏതു മാർഗമുപയോഗിച്ചും കമ്യൂണിസ്റ്റ് പാർട്ടിയെ ജനങ്ങളിൽനിന്നും അകറ്റുകയെന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. തങ്ങൾ ചെയ്യുന്ന കള്ളത്തരം പുറത്തുവരാതിരിക്കാൻ ഇത്തരത്തിലുള്ള ഒരു കള്ളപ്രചരണം ആവശ്യമാണ് എന്ന് ഒരുപക്ഷേ കോൺഗ്രസ് തീരുമാനിച്ചു കാണും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − three =

Most Popular