ഇക്കഴിഞ്ഞ സെപ്തംബർ 29ന് ഡൽഹിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ‘ദി ഹിന്ദു’ ദിനപ്പത്രത്തിന്റെ പ്രതിനിധി അഭിമുഖം നടത്തുകയുണ്ടായി. തൊട്ടടുത്ത ദിവസം അത് പത്രത്തിൽ അച്ചടിച്ചുവരികയും ചെയ്തു. സ്വർണ്ണകള്ളക്കടത്ത്, ഹവാല പണം എന്നിവയുമായും മലപ്പുറം ജില്ലയുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ പത്രത്തിൽ അച്ചടിച്ചുവന്നു. അക്കാര്യം ശ്രദ്ധയിൽപെട്ട ഉടൻ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തിലൂടെ ഹിന്ദു ദിനപ്പത്രത്തെ അത് അറിയിക്കുകയുണ്ടായി.
തെറ്റ് ബോധ്യപ്പെട്ട ദി ഹിന്ദു പത്രം തങ്ങൾക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞുകൊണ്ടും അതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടും തൊട്ടടുത്ത ദിവസംതന്നെ തിരുത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. അത്തരം ഒരഭിമുഖം നൽകാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി മാധ്യമസമ്മേളനത്തിൽ വിശദീകരിക്കുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ ദി ഹിന്ദു പത്രത്തിൽ ഒരു അഭിമുഖം മുഖ്യമന്ത്രി നൽകണമെന്ന നിർദേശം സിപിഐ എമ്മിന്റെ മുൻ എംഎൽഎ ടി കെ ദേവകുമാറിന്റെ മകൻ ടി ഡി സുബ്രഹ്മണ്യൻ വയ്ക്കുകയുണ്ടായി. അനാവശ്യമായ വിവാദങ്ങളുടെ പിന്നാലെപോകാതെ വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ദേശീയ ദിനപത്രമാണ് ദി ഹിന്ദു. ആ നിലയ്ക്ക് ആ ഇന്റർവ്യൂ നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കും സ്വീകാര്യമായിരുന്നു. അങ്ങനെയാണ് ഇന്റർവ്യൂ നടത്തപ്പെട്ടത്.
ദി ഹിന്ദു ദിനപ്പത്രം നൽകിയ വിശദീകരണത്തിൽ മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ എഴുതിച്ചേർത്തതിനുത്തരവാദി ഒരു പിആർ ഏജൻസിയാണെന്നാണ് പത്രം പറഞ്ഞത്. എന്നാൽ സംസ്ഥാന സർക്കാരിനോ തനിക്കോ ഒരു പിആർ ഏജൻസിയുമില്ല, ഒരു പിആർ ഏജൻസിയുമായും ബന്ധമില്ല എന്ന കാര്യം മുഖ്യമന്ത്രി അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. സാധാരണഗതിയിൽ അതോടെ അതു സംബന്ധിച്ച വിവാദങ്ങൾ അവസാനിക്കേണ്ടതാണ്.
എന്നാൽ എൽഡിഎഫിനെതിരായ മഴവിൽ സഖ്യം, മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപകീർത്തിപ്പെടുത്തി എന്ന ആഖ്യാനം ചമച്ച് തങ്ങളുടെ വിവാദവ്യവസായം കൊഴുപ്പിക്കുകയാണ്. മഴവിൽ സഖ്യത്തിലെ ഓരോരുത്തരായി, മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. പി വി അൻവർ, യുഡിഎഫ് നേതാക്കൾ, ബിജെപി –ആർഎസ്എസ് നേതാക്കൾ, എസ്-ഡിപിഐ –ജമാ അത്തെ ഇസ്ലാമി നേതാക്കൾ എന്നിവരെല്ലാം രംഗത്തുവന്നു. മാപ്രകൾ മുഖ്യമന്ത്രിക്കെതിരെ വാ തുറക്കുന്നവരുടെയെല്ലാം പിന്നാലെ പാഞ്ഞുനടന്നു. രാജീവ് ചന്ദ്രശേഖറിന്റെ ചാനലും മൗദൂദി ചാനലും വുഡ് കട്ടർ ചാനലുമെല്ലാം അന്തിച്ചർച്ചകൾ കൊണ്ട് ഉൽപ്പാദിപ്പിച്ച ശബ്ദമലിനീകരണത്തിന് കയ്യും കണക്കുമില്ല.
ആർഎസ്എസ് ഓഫീസിൽനിന്ന് നൽകുന്ന നിർദ്ദേശങ്ങൾ ശിരസാവഹിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഈ വിഷയം ഏറ്റുപിടിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ ഭരണഘടനയിലെ ബന്ധപ്പെട്ട അനുച്ഛേദങ്ങളും റൂൾസ് ഓഫ് ബിസിനസും ഓർമിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി നൽകിയ കത്തിൽ, ഇത്തരം ഒരാവശ്യം ഉന്നയിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. ഗവർണർക്ക് ഇല്ലാത്ത അധികാരം ഉണ്ടെന്നു ഭാവിച്ച് അദ്ദേഹം പ്രയോഗിക്കാൻ ശ്രമിച്ചാൽ അതംഗീകരിക്കില്ലെന്നാണ് മുഖ്യമന്ത്രി അസന്ദിഗ്ധമായി വ്യക്തമാക്കിയത്. ഉദേ-്യാഗസ്ഥ മേധാവികൾ ഗവർണറുടെ മുമ്പിൽ ഹാജരാകാൻ തയ്യാറായതുമില്ല. മുഖ്യമന്ത്രിയും സിപിഐ എമ്മും മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്നു എന്ന ആഖ്യാനം ചരിത്രത്തെത്തന്നെ അവഹേളിക്കലും നിന്ദിക്കലുമാണ്. 1921ലെ മലബാർ കാർഷിക സമരത്തെ മാപ്പിള ലഹളയെന്നാണ് ബ്രിട്ടീഷ് ഭരണാധികാരികൾ അധിക്ഷേപിച്ചത്.
എന്നാൽ അതിലെ സാമ്രാജ്യത്വ വിരുദ്ധ–ജന്മിത്വ വിരുദ്ധ ഘടകങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് അത് ഒരു കാർഷിക ലഹളയാണെന്ന് പ്രഖ്യാപിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. മലബാർ കാർഷിക കലാപത്തിന്റെ 25–ാം വാർഷികത്തിന് മലബാർ കലാപം: ആഹ്വാനവും താക്കീതും എന്ന പേരിലുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമേയവും ഇ എം എസിന്റെ ലേഖനവും പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് പാർട്ടി മുഖപത്രമായ ദേശാഭിമാനിയെ ബ്രിട്ടീഷ് അധികൃതർ നിരോധിച്ചത്. ഇൗ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ പരിധിയിൽ കൊണ്ടുവരാനും സമരസേനാനികൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനുമുള്ള ഇടപെടലുകൾ ശക്തിയായി നടത്തിയത് കമ്യൂണിസ്റ്റ് പാർട്ടിയാണ് എന്നത് ചരിത്രം.
ജാതി, മതം, വംശം, ലിംഗം, പ്രദേശം എന്നീ ഭേദങ്ങളൊന്നുമില്ലാതെ എല്ലാവർക്കും സമത്വം ഉറപ്പാക്കുന്നതാണ് നമ്മുടെ ഭരണഘടന. 1950ൽ ഭരണഘടന നിലവിൽ വന്നെങ്കിലും പല തരത്തിലുള്ള അസമത്വങ്ങളും വിവേചനങ്ങളും തുടർന്നു. അതിലൊന്നാണ് മുസ്ലീങ്ങൾക്ക് ആരാധനാലയങ്ങൾ സ്ഥാപിക്കുന്നതിന് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ. അതിനെതിരെ ശബ്ദമുയർത്തിയതും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതും കമ്യൂണിസ്റ്റു പാർട്ടിയാണ്. എന്നിട്ടും വിലക്കു തുടർന്നു. 1957ലെ ഇ എം എസ് സർക്കാരാണ് ഈ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയത്.
അതുപോലെ മലബാർ സ്പെഷ്യൽ പൊലീസി(എംഎസ്-പി)ൽ മുസ്ലീങ്ങൾക്ക് നിയമനം നിഷേധിക്കപ്പെട്ടിരുന്നു. ഈ വിവേചനത്തിനെതിരെ ശബ്ദമുയർത്തിയതും കമ്യൂണിസ്റ്റ് പാർട്ടിയാണ്. 1957ലെ ഇഎംഎസ് സർക്കാരാണ് മുസ്ലീങ്ങളോടുള്ള ഈ വിവേചനം അവസാനിപ്പിച്ചത്.
1967ലെ ഇഎം എസ് സർക്കാരാണ് മലപ്പുറം ജില്ല രൂപീകരിക്കാനുള്ള തീരുമാനമെടുത്തത്. അതനുസരിച്ച് 1969 ജൂൺ 16ന് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടു. 1947നുമുമ്പുളള കാലത്തെ കോഴിക്കോട്, പാലക്കാട്, വള്ളുവനാട് എന്നീ താലൂക്കുകളുടെ ഭാഗങ്ങളും ഏറനാട്, പൊന്നാനി എന്നീ താലൂക്കുകളുടെ ഏതാണ്ട് മുഴുവൻ ഭാഗങ്ങളും ഉൾപ്പെട്ടതാണ് മലപ്പുറം ജില്ല. 3638 ചതുരശ്ര കിലോമീറ്ററാണ് ഈ ജില്ലയുടെ വിസ്തീർണം. അതിൽ 758.86 ചതുരശ്ര കിലോമീറ്റർ ഭാഗവും വനമാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസരംഗത്തുമൊക്കെ പിന്നാക്കം നിന്ന പ്രദേശങ്ങളായിരുന്നു മലപ്പുറം ജില്ലയിലുൾപ്പെട്ടത് പ്രദേശം. അക്കാര്യങ്ങളൊന്നും പരിഗണിക്കാതെ മുസ്ലീം പ്രീണനത്തിനു വേണ്ടിയാണ് ഇ എം എസ് സർക്കാർ മലപ്പുറം ജില്ല രൂപീകരിച്ചത് എന്നാണ് ഹിന്ദുത്വ ശക്തികൾ വ്യാപകമായി പ്രചരിപ്പിച്ചത്. ആ പ്രചാരണത്തെ തൊണ്ടതൊടാതെ വിഴുങ്ങുകയും മാറ്റൊലികൊള്ളുകയും ചെയ്തവരാണ് കോൺഗ്രസ്സുകാർ. ബിജെപിയുടെ പൂർവരൂപമായ ജനസംഘവുമായി ചേർന്ന് പ്രത്യക്ഷ സമരത്തിലേക്കു നീങ്ങാനും കോൺഗ്രസ് മടിച്ചില്ല. ആ കോൺഗ്രസാണിപ്പോൾ സിപിഐ എമ്മിനെയും എൽഡിഎഫിനെയും മുസ്ലീം വിരുദ്ധരായി ചിത്രീകരിച്ചുകൊണ്ട് രംഗത്തുവരുന്നത്!
മലപ്പുറം ജില്ലയെ ഭീകരവാദികളുടെ ഹബ് എന്നാണ് ആർഎസ്എസും അവരുടെ പരിവാർ സംഘടനകളും നിരന്തരം ആക്ഷേപിക്കുന്നത്. അതിനെതിരെ ഒരക്ഷരം ഉരിയാടാത്തവരാണ് കോൺഗ്രസുകാർ. എന്നാൽ അത്തരം കള്ളപ്രചാരണങ്ങളെ എന്നും ചെറുത്തിട്ടുള്ള പ്രസ്ഥാനമാണ് സിപിഐ എം. ദേശാഭിമാനിയുടെ എൺപതാം വാർഷികാഘോഷ വേളയിൽ ‘മലപ്പുറം മഹോത്സവം’ എന്ന പരിപാടി സംഘടിപ്പിക്കപ്പെട്ടു. മലപ്പുറത്തിന്റെ സാംസ്കാരിക, രാഷ്ട്രീയ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന പരിപാടികളാണ് അവിടെ അരങ്ങേറിയത്. വിദ്യാർഥികൾ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ, അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ എല്ലാ മേഖലകളിലുള്ളവരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു മലപ്പുറം മഹോത്സവം. മലപ്പുറം ജില്ലയുടെ വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാറുകളിൽ കനപ്പെട്ടതും ആഴമാർന്നതുമായ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. അവയെ ആസ്പദമാക്കിയുള്ള ചർച്ചകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
മലപ്പുറത്തിന്റെ യഥാർഥ ചരിത്രവും സംസ്കാരവും ബഹുസ്വരതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന പഠനഗ്രന്ഥമാണ് ദേശാഭിമാനി രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ച ‘മലപ്പുറം: മിഥ്യയും യാഥാർഥ്യവും’. മതരാഷ്ട്രവാദത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ ജനകീയ പാഠങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനുവേണ്ടിയാണ് ഈ ഗ്രന്ഥം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, വർഗീയനയങ്ങൾക്കെതിരെ നിരന്തരം പോരാടിയ പാരമ്പര്യമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ഈ നാട്ടിലെ ഏതു കൊച്ചുകുഞ്ഞിനുപോലും അറിയാവുന്ന കാര്യമാണ്. മുഖ്യമന്ത്രിയുടെ വർഗീയവിരുദ്ധ നിലപാടിൽ അരിശം പൂണ്ട ആർഎസ്-എസ് നേതാവ്, പിണറായിയുടെ തല വെട്ടുന്നവർക്ക് രണ്ട് കോടി രൂപ നൽകുമെന്നാണ് പ്രഖ്യാപിച്ചത്. മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ചതും പിണറായിയാണെന്നുള്ള കാര്യം തർക്കമില്ലാത്ത വസ്തുതയാണ്.
സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ കെ മോഹൻദാസിനെ വർഗീയവാദിയെന്നും ആർഎസ്എസു കാരനെന്നും അധിക്ഷേപിക്കാൻ പോലും അൻവർ തയ്യാറായി. എന്നും മതനിരപേക്ഷ രാഷ്ട്രീയവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മോഹൻദാസിനെതിരെ കടുത്ത രാഷ്ട്രീയ ശത്രുക്കൾപോലും ഉന്നയിക്കാൻ തയ്യാറാകാത്ത ആരോപണമാണ് അൻവർ ഉന്നയിച്ചത്. തന്റെ സ്ഥാപിത താൽപ്പര്യങ്ങൾക്കെതിരെ നിലപാടുസ്വീകരിക്കുന്ന ആരെക്കുറിച്ചും എന്തും പറയാവുന്ന മാനസികാവസ്ഥയിലെത്തിയിരിക്കുന്നു അയാൾ. ഇപ്പോൾ വലതുപക്ഷ മാധ്യമങ്ങൾ അൻവറിനെ വല്ലാതെ പൊക്കിപ്പിടിക്കുന്നുണ്ടെങ്കിലും ഓരോ ദിവസം ചെല്ലുന്തോറും അയാളുടെ ചെമ്പ് തെളിയുന്ന കാഴ്ചയാണ് നമുക്കു മുന്നിലുള്ളത്.
മലപ്പുറം ജില്ലയെ കമ്യൂണിസ്റ്റുകാർ അധിക്ഷേപിക്കുന്നു എന്ന ആഖ്യാനം ആരുകൊണ്ടുവന്നാലും ജനങ്ങൾ അത് അവജ്ഞയോടെ തള്ളും എന്ന കാര്യത്തിൽ സംശയമില്ല. l