ചീയോതി കാവ് എന്ന സാങ്കൽപിക ലോകത്തെ മായക്കാഴ്‌ചകളാണ് അജയന്റെയും മോഷണം പറയുന്നത്. ഒരു ദേശത്തെ പല കാലങ്ങളാണ് കഥാഭൂമിക. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ മൂന്നു കാലങ്ങളിലെ ടോവിനോ തോമസ് കഥാപാത്രങ്ങളിലാണ് സിനിമയുടെ നെടുംതൂൺ. മൂന്നു പേരും മൂന്ന് തരം ആളുകളാണ്. കുഞ്ഞിക്കേളു ഒരു വീരനാണ്. കള്ളനാണ് മണിയൻ. അജയൻ ഒരു സാധാരണകാരനും. ഒരു കുടുംബത്തിലെ പല തലമുറയുടെ ജീവിതം അതിനെ വിളിക്കിച്ചേർക്കുന്ന ചിയോതിയിലെ ‘അത്ഭുതവിളിക്കും’. ഇതാണ് ഒറ്റവരിയിൽ സിനിമയുടെ ഇതിവൃത്തം.
ആകാശത്തുനിന്നും പൊട്ടിവീണ ഒരു നക്ഷത്രക്കല്ലും അതിൽ നിന്നുണ്ടാക്കിയ ഒരു ക്ഷേത്രവിളക്ക്. ആ നാട്ടിലെ ഏറ്റവും ശക്തമായ ഐതിഹ്യമാണ്. പ്രപഞ്ച ശക്തികളാൽ നിർമിക്കപ്പെട്ട വിളക്കിനെ ദൈവത്തെപ്പോലെയാണ് അവർ കാണുന്നത്. ആ വിളക്കിനെച്ചുറ്റിപ്പറ്റി സൃഷ്ടിച്ചിട്ടുള്ള രഹസ്യങ്ങളും അതിനെ സംബന്ധിച്ചുള്ള കഥകളുമായാണ് സിനിമ പുരോഗമിക്കുന്നത്.
നോൺ ലീനിയർ ആഖ്യാനശൈലിയിൽ കുഞ്ഞിക്കേളുവിൽ തുടങ്ങി അജയനിൽ എത്തുന്ന തരത്തിലാണ് അവതരണം. മുത്തശ്ശി പറയുന്ന കഥയിൽ തുടങ്ങി ഇത്തരം സിനിമകളുടെ പതിവ് രീതി തന്നെയാണ് ചിത്രത്തിന്റേത്. പരിചിതമായ കഥപറച്ചലിൽ തുടങ്ങുന്നുവെങ്കിലും നവാഗതനായ സംവിധായകൻ ജിതിൻ ലാൽ തന്റെ കയ്യടക്കത്തിന്റെ സിനിമാ കാഴ്‌ചയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നുണ്ട്. ദൃശ്യങ്ങളുടെ സമ്പന്നതയാണ് എആർഎമ്മിന്റെ വലിയൊരു മികവ്. കഥാപാത്രങ്ങളുടെ നിർമിത്‌ക്കനുസരിച്ച് ദൃശ്യഭാഷയെ കൂടി ഡിസൈൻ ചെയ്‌തിട്ടുണ്ട് ചിത്രം. അജയൻ ഒരു സാധാരണകാരനാണ്. അതിനാൽ തന്നെ കുഞ്ഞിക്കേളുവിനുും മണിയനും നൽകുന്ന ദൃശ്യങ്ങളുടെ ശക്തി അജയനിലില്ല. കഥാപാത്രങ്ങളുടെ ഉൾക്കരുത് ദൃശ്യങ്ങളിലേക്ക് കൂടി സന്നിവേശിപ്പിച്ച് നടത്തുന്ന സിനിമാറ്റിക്ക് ഇടപെടൽ കൂടിയാണ് ചിത്രം.
ആറു വർഷത്തോളമെടുത്താൻ ജിതിൻ ലാൽ തന്റെ ആദ്യ ചിത്രം ഒരുക്കിയത്. വലിയ മുന്നൊരുക്കത്തിന്റെ മികവ് ചിത്രത്തിലുടനീളമുണ്ട്. മലയാള സിനിമയുടെ സാധ്യതകളിൽ നിന്നുള്ള സാങ്കേതികമായ മികവ് എടുത്ത് പറയേണ്ടതാണ്. സിനിമ ഡയറക്ടേഴ്‌സ് ആർട് ആണെന്ന് അടിവരയിടുന്നുണ്ട് എആർഎം.
ടോവിനോയുടെ 50ാമത്തെ ചിത്രമാണിത്. മൂന്നു കഥാപാത്രങ്ങളായി എത്തുന്ന ചിത്രം തന്റെ സിനിമാ ജീവിത്തിന്റെ നാഴികക്കല്ലായി മാറുന്നുണ്ട്. മൂന്നു തരത്തിലുള്ള, വ്യത്യസ്‌ത സ്വഭാവമുള്ള കഥാപാത്രങ്ങളെ അതിനനുസരിച്ച് തന്നെ ടോവിനോ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഇടക്കൽ രാജാവിന്റെ മാനം കാത്ത വീരനാണ് കുഞ്ഞിക്കേളു, ചീയോതിക്കാവിൽ എല്ലാവരും ഭയക്കുന്ന കള്ളനാണ് മണിയൻ, അജയൻ ജീവിക്കുന്നത് കള്ളന്റെ കൊച്ചുമകനെന്ന അതിക്ഷേപവുമായാണ്. മൂന്നുപേരിലെ നായകൻ മണിയനാണ്. ഭാര്യ മാണിക്യം (സുരഭി ലക്ഷ്‌മി) മണിയനെക്കുറിച്ച് പെരുമയോടെ പറയുന്നത് നാടിനെ ജയിച്ച കള്ളൻ എന്നാണ്. കഥാഗതിയിൽ കഥാപാത്രത്തിന്റെ വളരെ സൂക്ഷ്‌മമായ അവതവരണം കൊണ്ട് കൂടി ഞെട്ടിക്കുന്നുണ്ട് ടോവിനോ. വീരനും, കള്ളനും സാധാരണകാരനുമെല്ലാം കാഴ്‌ചയിലും നടനത്തിലും ടോവിനോ കൃത്യമായി സൃഷ്ടിച്ചെടുക്കുന്നുണ്ട്. കഥാപാത്രത്തിനായി ടോവിനോ എടുത്ത പരിശ്രമങ്ങൾക്ക് കയ്യടിച്ചേ മതിയാകു. അതിനൊപ്പം മണിയനായുള്ള വരവിലെ ഊർജം ഗംഭീരമാണ്.
വലിയ അഭിനേതാക്കളുടെ നിരയുള്ള ചിത്രം പൂർണമായും ടോവിനോയുടെ മൂന്ന് കഥപാത്രങ്ങളിൽ കേന്ദ്രീകരിച്ചുള്ള സിനിമയാണ്. ജഗദീഷിന്റെ കൊല്ലൻ നാണുവും സുരഭിയുടെ മാണിക്യവുമാണ് പ്രകടനത്തിൽ എടുത്ത് പറയേണ്ട മറ്റു കഥാപാത്രങ്ങൾ. ചിയോതിക്കാവിനെ ചുറ്റിപ്പറ്റിയുള്ള കഥാഭൂമികയും കഥാപാത്രങ്ങളും സൃഷ്ടിച്ചെടുക്കുന്നതിൽ സുജിത് നമ്പ്യാർ വിജയിച്ചിട്ടുണ്ട്. എന്നാൽ സംഭാഷണങ്ങളിൽ കുറച്ചുകൂടി മുറുക്കം ആവശ്യമായിരുന്നു. ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണം മികവ് പുലർത്തിയിട്ടുണ്ട്. കാലവും ദേശവും അടയാളപ്പെടുത്തുന്നതിൽ ദൃശ്യങ്ങൾക്ക് അത്രമേൽ പങ്കുണ്ട്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തിയത്. നൂറു കോടി പിന്നിട്ട് ചിത്രം ബോക്‌സോഫീസിൽ നേട്ടമുണ്ടാകുകയാണ്. 2ഡിയിലും ത്രീഡിയിലുമായാണ് പുറത്തിറങ്ങിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ചിത്രം 3ഡിയിലാക്കിയതിന്റെ ചില പോരായ്‌മകൾ കാഴ്‌ചയെ ബാധിക്കുന്നുണ്ട്. രംഗങ്ങൾ പലപ്പോഴുെം ഇരുണ്ട് പോകുന്നുണ്ട്. അതേസമയം ബജറ്റിന്റെ പരിമിതികളിൽ നിന്ന് ഇത്തരമൊരു സിനിമ മികച്ച രീതിയിൽ സാധ്യമാക്കിയെന്നതിന് കയ്യടിച്ചേ മതിയാകു. l