ശ്രീലങ്കയിൽ സെപ്റ്റംബർ 21ന് നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റുകാരനായ അനുര കുമാര ദിസനായകെ വിജയിച്ചിരിക്കുന്നു. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനമായ ജനതാവിമുക്തി പെരമുനയുടെ (ജെവിപി) നേതാവായ ദിസനായകെ നിലവിലെ പ്രസിഡണ്ടായിരുന്ന റനിൽ വിക്രമസിങ്കെ അടക്കമുള്ള 37 സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തികൊണ്ടാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനതാ വിമുക്തി പെരമുനയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ (എൻപിപി)എന്ന സഖ്യത്തിന്റെ ഭാഗമായാണ് അനുര കുമാര ദിസനായകെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ (യുഎൻപി) നേതാവായ റനിൽ വിക്രമസിങ്കെയും അതേപോലെതന്നെ രാജ്യത്തെ ശക്തമായ സാന്നിധ്യമായ സമാഗി ജന ബാലവേഗാവയുടെ സജിത്ത് പ്രേമദാസയെയും അടക്കം പരാജയപ്പെടുത്തിക്കൊണ്ടാണ് ദിസനായകെയുടെ വിജയം. ശ്രീലങ്കൻ രാഷ്ട്രീയത്തെ അടക്കിവാണിരുന്ന പരമ്പരാഗത പാർട്ടികളെ ആകെ പിന്നിലാക്കിക്കൊണ്ട് അനുരാകുമാര ദിസനായകെ നേടിയ ഈ വിജയം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതാണ്. ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായാണ് മാർക്സിസ്റ്റ് ചിന്താധാരയിൽ നിന്നുള്ള ഒരു വ്യക്തി പ്രസിഡൻഷ്യൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നിലവിലെ പാർലമെന്റിൽ ദിസനായകെയുടെ ജെവിപിക്ക് മൂന്ന് സീറ്റാണുള്ളത്. വരാനിരിക്കുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഈ സ്ഥിതിവിശേഷവും മാറിമറിയും എന്ന പ്രതീക്ഷിക്കപ്പെടുന്നു.
ഇടതുപക്ഷത്തിന്റെ ഈ വിജയം ശ്രീലങ്കയിലെ രാഷ്ട്രീയ നിരൂപകർ മുൻകൂട്ടി കണ്ടിരുന്നതാണ്. 2002ലെ സാമ്പത്തിക പ്രതിസന്ധിയെയും അതിനെതിരായി ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ജനങ്ങൾ നടത്തിയ വമ്പിച്ച അരഗാലയ പ്രക്ഷോഭനത്തിന്റെയും വിജയകരമായ പരിസമാപ്തിയായി അനുര കുമാര ദിസനായകയുടെ തിരഞ്ഞെടുപ്പ് വിജയത്തെ നമുക്ക് കാണാം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭക്ഷണവും ഇന്ധനവും വൈദ്യുതിയും അടക്കമുള്ള അവശ്യസാധനങ്ങൾ അടക്കം ലഭിക്കാതെ വന്ന ജനങ്ങൾ ജീവിതം വഴിമുട്ടിയതിനെ തുടർന്ന് അന്നത്തെ ഗവൺമെന്റിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. യഥാർത്ഥത്തിൽ കേവലം ഗവൺമെന്റ് മാറ്റത്തിനുവേണ്ടി ആയിരുന്നില്ല അരഗാലയ. മറിച്ച് വ്യവസ്ഥാപരമായ ഒരു മാറ്റത്തിനു വേണ്ടിയുള്ള പ്രക്ഷോഭം തന്നെയായിരുന്നു അതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രസിഡന്റ് ഗോതബയ രജപക്സെക്ക് നാടുവിടേണ്ടി വന്നതിൽ തുടങ്ങി രാജ്യത്ത് പിന്നീട് അരങ്ങേറിയത് നാടകീയമായ സംഭവവികാസങ്ങളായിരുന്നു. രാജ്യത്ത് ഇപ്പോഴും തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും അരഗാലയ പ്രക്ഷോഭവും ആണ് ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച നിർണായക ഘടകം.
2022 മാർച്ചിൽ അരഗാലയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നതിനു മുൻപ് വരെ ദശകങ്ങളായി ശ്രീലങ്കൻ രാഷ്ട്രീയത്തെ പൂർണ്ണമായും നിയന്ത്രിച്ചിരുന്നത് രജപക്സെ കുടുംബമായിരുന്നു. സഹോദരങ്ങളായ ഗോദബയ രജപക്സെ പ്രസിഡന്റും മഹിന്ദ രജപക്സെ പ്രധാനമന്ത്രിയും ആയിരുന്നു. മറ്റു രണ്ടു സഹോദരങ്ങളായ ബേസിൽ രജപക്സെയും ചമാൽ രജപക്സെയും രാജ്യത്തെ ധനകാര്യ-, ഇറിഗേഷൻ മന്ത്രിമാരായിരുന്നു. ഇത്തരത്തിൽ രജപക്സെ കുടുംബമാണ് ശ്രീലങ്കൻ രാഷ്ട്രീയത്തെ കാലങ്ങളായി ഭരിക്കുകയും 2022ൽ ഉയർന്നുവന്ന സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് എത്തിച്ചതും. രജപക്സെ ഗവൺമെന്റിന്റെ തുടരെത്തുടരെയുള്ള തെറ്റായ സാമ്പത്തിക നടപടികളുടെ ഫലമായി ശ്രീലങ്കയിലെ സാധാരണക്കാർ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആകാത്തത്ര സ്ഥിതിയിൽ അത്രമേൽ ദുരിതത്തിൽ അകപ്പെടുകയായിരുന്നു. അപ്പോഴാണ് പ്രതിഷേധവുമായി ജനങ്ങൾ രംഗത്തിറങ്ങിയത്. കോവിഡ് കാലത്ത് ഗവൺമെൻറ് തെറ്റായ നടപടികൾ കൈക്കൊള്ളുന്നതിന്റെ ഫലമായി രാജ്യത്ത് ആഴ്ചകളോളം ഭക്ഷണമോ മരുന്നോ ഇന്ധനമോ ഇല്ലാത്ത അവസ്ഥയുണ്ടായി. അപ്പോഴൊക്കെയും രജപക്സെ കുടുംബം അധികാരം ദുർവിനിയോഗം ചെയ്യുകയും സാമ്പത്തിക പ്രതിസന്ധിയിൽപെട്ട ഇഴഞ്ഞു കൊണ്ടിരിക്കുന്ന രാജ്യത്തെ ആകെ പിന്നെയും പിന്നെയും കൊള്ളയടിക്കുകയും ചെയ്തുകൊണ്ടിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ചതായിരുന്നു രജപക്സെ ഭരണം. പ്രക്ഷോഭം പൊട്ടി പുറപ്പെട്ടതിനെ അധികാരം കൈവിട്ടു പോകാതിരിക്കാൻ പല അടവുകളും രജപക്സെ ഗവൺമെൻറ് പയറ്റി. ആഴ്ചകളോളം നീണ്ടുനിന്ന പ്രക്ഷോഭത്തെ തുടർന്ന് ആ സമയത്ത് പാർലമെന്റിൽ ഒരു എംപി മാത്രം ഉണ്ടായിരുന്ന യുഎൻപി പാർട്ടിയുടെ റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ചു. യഥാർത്ഥത്തിൽ പറഞ്ഞാൽ 2020ൽ നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ യു എൻപിക്ക് ഒരു സീറ്റ് പോലും കൈവരിക്കാൻ ആയിരുന്നില്ല. പിന്നീട് 2021 ജൂണിൽ ദേശീയ ലിസ്റ്റിലൂടെ നടന്ന നോമിനേഷനിലൂടെയാണ് വിക്രമസിംഗെ പാർലമെൻറിലേക്ക് നിയമിക്കപ്പെട്ടത്. തെറ്റായ സാമ്പത്തിക നടപടികളുടെ ഭാഗമായി രാജ്യം സാമ്പത്തിക തകർച്ച നേരിടുന്ന ഘട്ടത്തിൽ 75 കാരനായ റനിൽ വിക്രമസിംഗെയ്ക്ക് ഐഎംഎഫുമായുള്ള ബന്ധം വെച്ച് രാജ്യത്തെ തകർന്ന സമ്പദ്ഘടനയെ പുനരുദ്ധരിക്കുന്നതിന് വേണ്ടി ഈ നിർണായ ഘട്ടത്തിൽ ഐഎംഎഫിൽ നിന്നും ഒരു വായ്പ തരപ്പെടുത്തുവാൻ കഴിയുമെന്ന് രജപക്സെ കുടുംബം വിലയിരുത്തി. പക്ഷേ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചതുകൊണ്ടോന്നും ജനകീയ പ്രക്ഷോഭത്തെ കെട്ടടക്കാനായില്ല. ഒടുവിൽ ഗോതബായരജപക്സെയ്ക്ക് രാജ്യം വിട്ടു പോകേണ്ടതായി വന്നു. റനിൽ വിക്രമസിംഗെ പ്രസിഡന്റായി നിയമിക്കപ്പെടുകയും ചെയ്തു. പിന്നീട് ഗോതബയ ഗവൺമൻ്ന്റിന്റെ കാലാവധി പൂർത്തിയാകുന്നത് വരെയുള്ള പ്രസിഡൻറായി അദ്ദേഹം തിരഞ്ഞെടുക്കപെടുകയും ഉണ്ടായി.
ലിബറൽ സാമ്പത്തിക നയങ്ങളും ഭരണകൂട പരാജയങ്ങളിലേക്ക് നയിച്ച അഴിമതി അടക്കമുള്ള പ്രശ്നങ്ങളും മൂലം രാജ്യത്തുണ്ടായ സാമ്പത്തിക തകർച്ചയെ ഫലപ്രദമായ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ട് നേരിടാൻ അല്ല വിക്രമസിങ്കെ ശ്രമിച്ചത്, മറിച്ച് ഈ സാമ്പത്തിക പ്രതിസന്ധിക്കെതിരായി ജനങ്ങൾ നടത്തുന്ന പ്രക്ഷോഭത്തെ , പോരാട്ടത്തെ അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് അടിച്ചമർത്താനാണ്. പിന്നീട് ചൈന, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ നൽകിയ വായ്പകൾ കൊണ്ട് സാമ്പത്തിക രംഗത്ത് നേരിയ പുരോഗതി ഉണ്ടാക്കുവാൻ സാധിച്ചു സാമ്പത്തിക വളർച്ചയിൽ നേരിയ ആശ്വാസമുണ്ടായി. എന്നിരുന്നാലും ശ്രീലങ്കയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ ഏറെക്കുറെ അങ്ങനെതന്നെ തന്നെ നിലനിന്നു. പൊതുജനങ്ങൾക്ക് വരുമാനം ഇല്ലാത്തതുമൂലം തങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ പോലും നിർവഹിക്കാൻ സാധിക്കാത്ത അവസ്ഥ, അത്തരമൊരു സാഹചര്യത്തിൽ ഭരണകൂടത്തിൽ നിന്നും യാതൊരുവിധ പിന്തുണയും ലഭിക്കാതിരിക്കുകയും കൂടിയായപ്പോൾ ജനങ്ങളുടെ രോഷം വർദ്ധിച്ചു. ഇതാണ് സെപ്റ്റംബർ 21ന് നടന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച പ്രധാന ഘടകമായി പിന്നീട് മാറിയത്. വിക്രമസ്സിങ്കെ അധികാരത്തിൽ വന്നതിനുശേഷം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് വ്യവസ്ഥാപിതമായ മാറ്റം കണ്ടെത്താനല്ല ശ്രമിച്ചത്, മറിച്ച് വീണ്ടും രാജ്യത്തെ ഐ എം എഫിന്റെ തൊഴുത്തിൽ കൊണ്ട് കെട്ടി ഐഎംഎഫില്‍ നിന്നും 2.9 ബില്യൺ ഡോളറിന്റെ സഹായം ഉപാധികളോട് കൂടി കൈപ്പറ്റി. ഈ ഉപാധികൾപ്രകാരം വൈദ്യുതി അടക്കം വരുന്ന കാര്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സബ്സിഡികൾ നീക്കം ചെയ്യുകയും വാറ്റ് നികുതി ഇരട്ടിയായി വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് ജനങ്ങളുടെ രോഷം വീണ്ടും ശക്തിപ്പെടുത്തുന്നതിനിടയായി. ഈ ഒരു രാഷ്ട്രീയ സാമ്പത്തിക തകർച്ചയും അതിലേക്ക് നയിക്കുകയും ജനങ്ങളോട് കണ്ണടച്ചു നിൽക്കുകയും ചെയ്യുന്ന ശ്രീലങ്കയിലെ ഗവൺമെന്റിന്റെ സമീപനവും ആണ് തിരഞ്ഞെടുപ്പിൽ ദിസനായകെയ്ക്ക് മുന്നേറ്റം ഉണ്ടാക്കിയത്. യഥാർത്ഥത്തിൽ നവ ലിബറൽ സാമ്പത്തിക നയങ്ങളുടെയും ചെലവ് വെട്ടിച്ചുരുക്കൽ, നികുതിവർധനവ് അടക്കമുള്ള ഐ എം എഫിന്റെ സാമ്പത്തിക നിർദ്ദേശങ്ങൾക്കും എതിരായുള്ള ഒരു വിധി തന്നെയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്ന് കണക്കാക്കേണ്ടിയിരിക്കുന്നു. ശ്രീലങ്കയിലെ ജനങ്ങൾ രാജ്യത്ത് നടത്തിയിരുന്നത് വ്യവസ്ഥാപിതമായ മാറ്റത്തിനു വേണ്ടിയുള്ള സമരം തന്നെയായിരുന്നു എന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. അതുതന്നെയാണ് 42.31 ശതമാനം വോട്ടോടുകൂടിയുള്ള ദിസൈനായകയുടെ വിജയം വ്യക്തമാക്കുന്നത്. l