വിപ്ലവപാതയിലെ ആദ്യപഥികർ‐ 50
ഇറശ്ശേരി പുത്തൻവീട്ടിൽ ഗോപാലൻനായർ എന്ന ഇ.പി.ഗോപാലൻ പെരിന്തൽമണ്ണ സ്കൂളിൽ ഇ.എം.എസ്സിന്റെ സഹപാഠിയായിരുന്നുവെന്ന് പറയാം. ക്ലാസ്മേറ്റല്ല, സ്കൂൾമേറ്റ്. ഇ.എം.എസ് പഠിക്കുന്ന ക്ലാസിന് രണ്ടുക്ലാസ് താഴെ. വള്ളുവനാട്ടിൽ കർഷകരെ സംഘടിപ്പിച്ച്് ചെങ്കൊടി ആദ്യം ഉയർത്തിക്കെട്ടിയവരിൽ മുൻനിരക്കാരനായ വിപ്ലവകാരിയായിരുന്നു ഇ.പി. വീട്ടിൽനിന്ന് സ്കൂളിൽപോകുന്നുവെന്ന് പറഞ്ഞ് പുറപ്പെട്ട്് കോഴിക്കോട്ടെ കോൺഗ്രസ് ആസ്ഥാനത്തുചെന്ന് സത്യാഗ്രഹിയായ കുട്ടി. കുപ്പായമോ ബനിയനോ ഇല്ലാതെ വെറും ഒറ്റമുണ്ടുടുത്താണ് ഇ.പി.യും സുഹൃത്തുക്കളും കോഴിക്കോട്ടെത്തിയത്. ഖദർ കിട്ടാത്തതിനാലാണ് കുപ്പായമേ ഒഴിവാക്കിയത്. കോഴിക്കോട് നഗരത്തിലെ എട്ടാം നമ്പർ കള്ളുഷാപ്പ് പിക്കറ്റുചെയ്യുന്ന സംഘത്തിലേക്കാണ് കെ.പി.സി.സി. അധ്യക്ഷനായ കെ.മാധവൻ നായർ ഇ.പി.യെ നിയോഗിച്ചത്.
ഒരുമാസത്തോളം ഇ.പി. കള്ളുഷാപ്പ് പിക്കറ്റുചെയ്യാൻ പോയി. കല്ലായി പാലത്തിനപ്പുറമാണ് ഷാപ്പ്. പക്ഷേ വൊളന്റിയർമാർ കൊടിയുമായി പാലത്തിനടുത്തെത്തുമ്പോഴേക്കും പോലീസെത്തി തൂക്കിയെടുത്ത്്് ജീപ്പിലിട്ട് സ്റ്റേഷനിലെത്തിക്കും. വൈകിട്ടാവുമ്പോൾ വിടും. ഇങ്ങനെ നാമമാത്രമായി സമരം തുടർന്നുകൊണ്ടിരിക്കെ ഒരുദിവസം ഇ.പി.യും സുഹൃത്തും ഒരു കാളവണ്ടിയിൽ കയറിപ്പറ്റി ഷാപ്പിനുമുമ്പിലിറങ്ങി. കീശയിൽനിന്ന് കൊടിയെടുത്തു വീശി അവർ മുദ്രാവാക്യം മുഴക്കി പിക്കറ്റിങ്ങ് തുടങ്ങി. കുതിച്ചെത്തിയ പോലീസ് ഇ.പി.യെയും സുഹൃത്തിനെയും തല്ലിച്ചതച്ചു. അടിയും തൊഴിയുമേറ്റ് ബോധംകെട്ട് റോഡിൽ വീണ അവരെ പോലീസ് കോടതിയിൽ ഹാജരാക്കി. നാലര മാസത്തെ തടവുശിക്ഷയാണ് ലഭിച്ചത്. ഒരാഴ്ച കോഴിക്കോട് സബ് ജയിലിൽ. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിൽ. മഹാകവി വള്ളത്തോളിന്റെ മക്കളായ സി.ബാലകൃഷ്ണകുറുപ്പ്, സി.അച്യുതകുറുപ്പ് എന്നിവരും കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ സഹോദരൻ കുറ്റിപ്പുഴ നാരായണപിള്ള, എൻ.സി.ശേഖർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരും കണ്ണൂർ ജയിലിലെ സഹതടവുകാർ. ഹിന്ദി ക്ലാസും ദേശീയപ്രസ്ഥാനത്തെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചുമുള്ള ബോധവൽക്കരണവുമെല്ലാമായി ജയിലിലെ ജീവിതം. എന്നാൽ രാഷ്ട്രീയതടവുകാരോട് ജയിൽ വാർഡന്മാർ ക്രൂരമായാണ് പെരുമാറിയത്. രാവിലെ സെൽ തുറന്നുവിടുമ്പോഴും വൈകീട്ട് സെല്ലിൽ കയറ്റുമ്പോഴും പിടലിക്ക് തല്ലും. പിടലിക്ക് എണ്ണുകയെന്നറിയപ്പെടുന്ന സമ്പ്രദായം. പിടലിക്ക് തല്ലിക്കൊണ്ട്് എണ്ണമെടുക്കൽ. ഈ ക്രൂരതയ്ക്കെതിരെ ജയിലിൽ വലിയ പ്രതിഷേധമുയർത്തി. വാർഡന്മാരുടെ തല്ലിനെതിരെ തിരിച്ചടിതന്നെ നൽകി. അതേ തുടർന്ന് ലാത്തിച്ചാർജ് നടന്നു. അതിൽ അച്ചുതക്കുറുപ്പിനും ഇ.പി.ക്കുമടക്കം പരിക്കേറ്റു. ജയിൽജീവിതം സാമൂഹ്യരാഷ്ട്രീയ കാര്യങ്ങളിൽ വലിയൊരു വിദ്യാഭ്യാസമായി മാറി. മനസ്സിന്റെ ചക്രവാളങ്ങൾ വികസിച്ചു. സ്കൂൾ വിദ്യാർഥിയായിരിക്കെത്തന്നെ ജയിലിലെത്തിയതിൽ എന്തെങ്കിലും പ്രയാസമല്ല, നാടിനുവേണ്ടി എന്തെങ്കിലും ചെയ്യാനായി എന്ന ആവേശമാണ് ഇ.പി.യിൽ സൃഷ്ടിച്ചത്.
വാസ്തവത്തിൽ കള്ളുഷാപ്പ് പിക്കറ്റിങ്ങിന് മുമ്പേതന്നെ ഇ.പി. ഗോപാലൻ ദേശീയപ്രസ്ഥാനത്തിൽ സജീവമായിക്കഴിഞ്ഞിരുന്നു. 1928‐ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്നപ്പോഴാണ് പെരിന്തൽമണ്ണ ഹൈസ്കൂളിൽ ദേശീയപ്രസ്ഥാനത്തിന്റെ വരവറിയിച്ചത്. സ്കൂളിലെ അധ്യാപകനായ രാമൻനായർ ഖദർ വസ്ത്രം ധരിച്ചാണ് എന്നും സ്കൂളിലെത്തിയത്. സൈമൺ കമ്മീഷൻ ഇന്ത്യയിൽവന്നപ്പോൾ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ രാമൻനായർ പ്രത്യക്ഷത്തിൽത്തന്നെ പങ്കാളിയായി. ജോലി ഉപേക്ഷിച്ച് അദ്ദേഹം സമരരംഗത്തിറങ്ങി. ഇത് കുട്ടികൾക്ക് വലിയ പ്രചോദനമായി. ശീമക്കാരേഴുപേരേ മായക്കാരായവരേ… സൈമൺ കമ്മീഷൻ പോ പോ പോ എന്ന മുദ്രാവാക്യം കുട്ടികൾ പാട്ടായി പാടി നടന്നു. അക്കൊല്ലം ഒക്ടോബർ രണ്ടിന് ഇ.പി.യും കൂട്ടുകാരും ഒന്നുകൂടി ചെയ്തു..ഗാന്ധിജിയുടെ ഛായാപടം വെച്ച് അതിന് മുമ്പിൽ നമസ്കരിക്കൽ. പുലാമന്തോളിൽ സംസ്കൃത വിദ്യാലയം നടത്തിയിരുന്ന ടി.ആർ.എഴുത്തച്ഛന്റെ നേതൃത്വത്തിൽ നടത്തിയ ആ ആദരച്ചടങ്ങ് നാട്ടിൽ വലിയ ഒച്ചപ്പാടും ഉണർവുമുണ്ടാക്കി. 1930‐ൽ പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹത്തിനായി പാലക്കാട്ടുനിന്ന് ടി.ആർ.കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിൽ പുറപ്പെട്ട ജാഥയ്ക്ക് ഷൊർണൂരിൽ നൽകിയ സ്വീകരണത്തിൽ മുന്നണിയിൽത്തന്നെയുണ്ടായിരുന്നു ഇ.പി.ഗോപാലൻ.
കൃഷ്ണസ്വാമി അയ്യരുമായി അന്നുണ്ടാക്കിയ ബന്ധം ദേശീയപ്രസ്ഥാനത്തിൽ കൂടുതൽ സക്രിയമാവാൻ ഇ.പി.ക്ക് വഴിയൊരുക്കി. ജനുവരി 26 പൂർണ സ്വാതന്ത്ര്യദിനമായാചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നല്ലോ. 1931 ജനുവരി 26‐ന് പാലക്കാട്ട് കോട്ടമൈതാനത്ത് ത്രിവർണ പതാക ഉയർത്തണമെന്ന് ഇ.പി.ഗോപാലനും കണ്ണൂർ ജയിലിലെ സഹതടവുകാരനായിരുന്ന സി.ബാലകൃഷ്ണകുറുപ്പും (വള്ളത്തോളിന്റെ മകൻ) തീരുമാനിച്ചു. തലേദിവസം പാലക്കാട്ട് ശബരി ആശ്രമത്തിൽ എത്തുക. 26‐ന് രാവിലെ പോലീസിന്റെ കണ്ണുവെട്ടിച്ച് പതാക ഉയർത്തുക എന്നതായിരുന്നു തീരുമാനം. സാഹസികരായ ആറേഴു സുഹൃത്തുക്കളെയും വരാൻ ചട്ടംകെട്ടി. തീരുമാനപ്രകാരം ഇ.പി. ശബരി ആശ്രമത്തിലെത്തിയെങ്കിലും സി.ബാലകൃഷ്ണകുറുപ്പടക്കം മറ്റാരും എത്തിയില്ല. ചെറുപ്പത്തിലേ രോഗിയായിരുന്ന ബാലകൃഷ്ണക്കുറുപ്പ് രോഗമായി കിടപ്പായതിനാലാണ് എത്താതിരുന്നത്. കവി പി.കുഞ്ഞിരാമൻനായർ ശബരി ആശ്രമത്തിൽ മലയാളം അധ്യാപകനാണന്ന്. അദ്ദേഹത്തിന്റെ ഒപ്പം ഇ.പി. അവിടെ കഴിഞ്ഞു. പക്ഷേ പിറ്റേന്ന് കൊടികെട്ടാൻ പോകാൻ മാറ്റാരുമില്ല. (ശബരി ആശ്രമം പയ്യന്നൂരിൽ സ്വാമി ആനന്ദ തീർഥൻ സ്ഥാപിച്ച ശ്രീനാരായണവിദ്യാലയം പോലെ ഒന്നായിരുന്നു. ഹരിജനവിഭാഗത്തിലെ കുട്ടികൾക്ക് താമസിച്ചുപഠിക്കാൻ ഒരിടം).
വൈക്കം സത്യാഗ്രഹത്തിലും പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിലും പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലിൽ കഴിഞ്ഞ ടി.ആർ.കൃഷ്ണസ്വാമി അയ്യർ പാലക്കാട്ട് കോൺഗ്രസ് സമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നു. ബ്രാഹ്മണരെയും ഹരിജനങ്ങളെയും ഒപ്പമിരുത്തി മിശ്രഭോജനം സംഘടിപ്പിച്ചുവെന്നതാണ് ആ സമ്മേളനത്തിന്റെ പ്രാധാന്യങ്ങളിലൊന്ന്. സരോജിനി നായിഡുവാണ് ആ സമ്മേളനത്തിലെ മുഖ്യ പ്രാസംഗിക. ആ സമ്മേളനത്തിന്റെയും മിശ്രഭോജനത്തിന്റെയും പേരിൽ ബ്രാഹ്മണസമുദായത്തിൽനിന്ന് ഭ്രഷ്ടനായ അദ്ദേഹം അകത്തേത്തറയിൽ ഒരു കുടിലുണ്ടാക്കി അവിടെ ഭാര്യയോടൊപ്പം താമസമാക്കുകയായിരുന്നു. തുടർന്ന് അവിടെ ഹരിജൻ കുട്ടികൾക്ക് താമസിച്ചുപഠിക്കാൻ സംവിധാനമുണ്ടാക്കി.‐ അതാണ് പാലക്കാട് ശബരി ആശ്രമം. ടി.ആറിന്റെ ശിഷ്യനെപ്പോലെ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഇ.പി.യുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവും പ്രചോദനവുമായി.
പാലക്കാട്ട് കോട്ടമൈതാനത്ത് പൂർണസ്വാതന്ത്ര്യപ്രഖ്യാപന ദിനത്തിൽ പതാക ഉയർത്താൻ പട്ടാമ്പിയിൽനിന്ന് പാലക്കാട് ശബരി ആശ്രമത്തിലെത്തിയ ഇ.പി, അന്നവിടെ വരാമെന്നേറ്റ മറ്റാരുമെത്താത്തതിൽ നിരാശനായില്ല. അദ്ദേഹം തനിച്ച് ആ കൃത്യം നിർവഹിക്കാൻ തീരുമാനിച്ചു. കോട്ടമൈതാനത്താകെ പോലീസ് ബന്തവസ്സ്. എവിടെത്തിരിഞ്ഞാലും പോലീസ്. പക്ഷേ ഇ.പി.പതറിയില്ല. കുപ്പായത്തിനുള്ളിൽ ത്രിവർണപതാക ഒളിപ്പിച്ച് മൈതാനത്തിന്റെ കേന്ദ്രഭാഗത്ത് ആ കുട്ടി എത്തി. അവിടെ ഒരു വിളക്കുകാൽ. കുപ്പായത്തിനുള്ളിൽനിന്ന് ത്രിവർണപതാകയെടുത്ത് ആ വിളക്കുകാലിൽ കെട്ടി നമസ്കരിക്കുകയും തുടർന്ന് സ്വാതന്ത്ര്യമുദ്രാവാക്യങ്ങൾ മുഴക്കുകയുമായിരുന്നു. അപ്പോഴേക്കും കുതിച്ചെത്തിയ പോലീസ് ദേശീയപതാകയ്ക്കുതാഴെ ഇ.പി.യെ തള്ളിയിട്ട് തല്ലിച്ചതയ്ക്കാൻ തുടങ്ങി, ചവിട്ടയെറിയാൻ തുടങ്ങി. മരണം സംഭവിച്ചേക്കുമെന്ന നിലയായപ്പോൾ മുതിർന്ന ഒരു ഉദ്യോഗസ്ഥനെത്തി മർദ്ദനം തടയുകയായിരുന്നു. നിയമം ലംഘിച്ച് ത്രിവർണപതാക കെട്ടിയതിന് ഇ.പി.വീണ്ടും ജയിലിലായി.
ജാതിവിവേചനവും അയിത്തവും വള്ളുവനാട്ടിൽ അക്കാലത്ത് മറ്റുമേഖലകളിലേതിനേക്കാൾ തീവ്രമായിരുന്നു. ഹരിജനങ്ങൾക്കുമാത്രമല്ല തീയർ, ആശാരി, കൊല്ലൻ തുടങ്ങിയുള്ള സമുദായങ്ങളിൽപ്പെട്ടവർക്കൊന്നും വഴിനടക്കാൻ സ്വാതന്ത്ര്യമില്ലായിരുന്നു. ഊടുവഴികളിലൂടെവേണം നോക്കിയും കണ്ടും മാറിയും അവർക്ക് നടക്കാൻ. രണ്ടാംതവണത്തെ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇ.പി. ഗോപാലൻ പിന്നീട് അയിത്തവിരുദ്ധ പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി. തന്റെ പ്രദേശമായ മണ്ണേങ്കോട്ട്, പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ അവർണസമുദായത്തിൽപ്പെട്ടവരെ ഒപ്പംകൂട്ടി വഴി നടക്കുക, അവരെ കുളത്തിലിറക്കി കുളിപ്പിക്കുക, അവരെ ഒപ്പംകൂട്ടി ഭക്ഷണം കഴിക്കുക‐ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ അന്ന് ഏറെ സാഹസികമായിരുന്നു. നാട്ടിൽ വലിയ പൊട്ടിത്തെറിതന്നെയുണ്ടാക്കിയ അത്തരം പ്രവർത്തനങ്ങൾക്ക് ഇ.പി.നേതൃത്വം നൽകി. ഇതേകാലത്തുതന്നെ നാട്ടിൽ നടമാടുകയായിരുന്ന അപരിഷ്കൃതവും അനാചാരവുമായ ഒരു വിവാഹസമ്പ്രദായത്തിനെതിരെയും ഇ.പി. ശക്തമായി നിലകൊണ്ടു. അവർണ സമുദായങ്ങളിൽ നിലനിന്ന പാണ്ഡവവിവാഹം എന്ന സമ്പ്രദായത്തിനെതിരെയായിരുന്നു ആ പോരാട്ടം. മൂത്തയാൾ മാത്രം വിവാഹം കഴിക്കുക, അങ്ങനെയെത്തുന്ന ഭാര്യ താഴെയുള്ള സഹോദരന്മാരുടെകൂടി ഭാര്യയാവുക എന്ന സമ്പ്രദായം‐ സമുദായങ്ങൾക്കുള്ളിൽതന്നെ ഇതിനെതിരെ സമരങ്ങൾ വളർന്നുവന്നു, അതിന് പുറത്തുനിന്ന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു ഇ.പി.
ജന്മിത്തത്തിനെതിരായി വള്ളുവനാട്ടിലെ കൃഷിക്കാരെ സമരശക്തിയാക്കി വളർത്തിക്കൊണ്ടാണ് ഇ.പി.ഗോപാലൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കെത്തിയത്. 1928‐ൽ പട്ടാമ്പിയിൽ ചേർന്ന കുടിയാൻ സമ്മേളനത്തിൽ സ്കൂൾ വിദ്യാർഥിയായ ഇ.പി.യും പങ്കെടുത്തു. ഒരു കൃഷിക്കാരനെ ബ്രാഹ്മണനായ ജന്മി കുടിയൊഴിപ്പിച്ചതിനെതിരായ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു സമ്മേളനം. തുടർന്ന് ഒറ്റപ്പാലത്തും മറ്റുമായി കുടിയാൻ സമ്മേളനങ്ങൾ. കാഴ്ചക്കാരനും കേൾവിക്കാരനുമായി ആ സമ്മേളനങ്ങളിൽ പങ്കെടുത്ത ഇ.പി. ജന്മിത്ത ചൂഷണത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും മനസ്സിലാക്കുകയായിരുന്നു. 12 വർഷം കൂടുമ്പോൾ പൊളിച്ചെഴുത്തും മേൽചാർത്തും നടത്തി കർഷകനെ ദ്രോഹിക്കുകയായിരുന്നു അക്കാലത്ത് ജന്മിമാർ. 1935‐36 കാലമായതോടെ വള്ളുവനാട്ടിൽ സംഘടിത കർഷകപ്രസ്ഥാനം രൂപപ്പെടുകയായി. കവളപ്പാറ മൂപ്പിൽ നായർ പ്രസിഡണ്ടും ഇ.പി. സെക്രട്ടറിയുമായി വള്ളുവനാട് താലൂക്ക് നികുതിദായകസംഘം രൂപീകൃതമായി. അല്പകാലത്തിനകംതന്നെ പട്ടാമ്പിയിൽ അഖിലമലബാർ കുടിയാൻ സമ്മേളനം നടന്നു. ഇ.എം.എസ്., കേരളീയൻ, എ.കെ.ജി., പി.നാരായണൻനായർ, പ്രൊഫ.എൻ.ജി.രങ്ക എന്നിവരെല്ലാം പങ്കെടുത്ത ആ സമ്മേളനത്തിന്റെ മുഖ്യസംഘാടകരിലൊരാൾ ഇ.പി.യായിരുന്നു.
ഇ.പി.യെ രാഷ്ട്രീയരംഗത്തേക്കാകർഷിക്കുന്നതിൽ പെരിന്തൽമണ്ണ സ്കൂളിലെ അധ്യാപകനായ എം.പി.ഗോവിന്ദമേനോൻ വലിയ പങ്കുവഹിച്ചു. ഇ.എം.എസ്സിന്റെയും അധ്യാപകനായിരുന്ന എം.പി.യെക്കുറിച്ച് ആ അധ്യായത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോൺഗ്രസ്സിന്റെ പ്രമുഖ നേതാവായിരുന്ന എം.പി.നാരായണമേനോന്റെ അനുജനാണ് എം.പി.ഗോവിന്ദമേനോൻ. മലബാർ കലാപവുമായി ബന്ധപ്പെട്ട് 13 വർഷത്തിലേറെ ജയിലിൽകഴിഞ്ഞ നാരായണമേനോൻ 1934‐ൽ ജയിൽമോചിതനായപ്പോൾ വള്ളുവനാട്ടിൽ നൽകിയ വരവേൽപ്പിന്റെ മുഖ്യ സംഘാടകൻ ഇ.പി.യായിരുന്നു. താലൂക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്് അന്ന് ഇ.പി.യായിരുന്നു. എം.പി.ഗോവിന്ദമേനോനാണ് തന്റെ ആദ്യകാല രാഷ്ട്രീയഗുരുവെന്ന് ഇ.പി. അനുസ്മരിക്കുകയുണ്ടായി. ഇ.എം.എസ്സിന്റെ പ്രാഥമിക രാഷ്ട്രീയഗുരുവും എം.പി തന്നെ.
ആദ്യത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഘട്ടത്തിലാണ് ഗുരുവായൂർ സത്യാഗ്രഹം. നാമം ജപിച്ച് സത്യാഗ്രഹം നടത്തുന്നതിൽ ഇ.പി.ക്ക് യോജിപ്പുണ്ടായിരുന്നില്ല. കാരണം ബിംബാരാധനയ്ക്ക് ആദ്യമേതന്നെ അദ്ദേഹം എതിരായിരുന്നു. എന്നാൽ ദേശീയപ്രസ്ഥാനത്തിൽ ജനങ്ങളെ അണിനിരത്തുന്നതിനുള്ള മാർഗവും ജാതീയതയ്‌ക്കെതിരായ പോരാട്ടവുമെന്ന നിലയിൽ ഇ.പി.ഗുരുവായൂർ സത്യാഗ്രഹത്തിന് പിന്തുണ നൽകാനായി ജനങ്ങളെ സംഘടിപ്പിച്ച് നിരവധി ജാഥകൾ നടത്തി.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായതുമുതൽ അതിന്റെ മുൻനിര നേതാക്കളിലൊരാളായി മാറിയ ഇ.പി. 1936‐ൽ സി.എസ്.പി. നടത്തിയ വൊളന്റിയർ ക്യാമ്പിലെ ആദ്യ ബാച്ചിൽ പരിശീലനം നേടിയ ആളാണ്. തിക്കോടിയിൽ ഇ.സി.കുഞ്ഞിക്കണ്ണൻനമ്പ്യാരുടെ ശക്തിമന്ദിരത്തിൽ നടന്ന ക്യാമ്പ്. സർദാർ ചന്ദ്രോത്താണ് ക്യാമ്പ് കമാണ്ടർ. ഓരു ബാച്ചിൽ 40‐50 പേർക്ക് പരിശീലനം. അങ്ങനെ പത്തോളം ബാച്ചുകൾ. ഓരു മാസത്തെ ക്യാമ്പ്്. ആദ്യ ബാച്ചിൽ കേളു ഏട്ടൻ, എം.കുമാരൻ, എ.കെ.രാമൻകുട്ടി, പി.വി.കുഞ്ഞുണ്ണിനായർ, കൊങ്ങശ്ശേരി കൃഷ്ണൻ എന്നിവരുണ്ടായിരുന്നു ഇ.പി.യ്ക്കൊപ്പം.
ഏറനാട് വള്ളുവനാട് താലൂക്കുകളിൽ കോൺഗ്രസ്സിൽ അംഗങ്ങളെ ചേർക്കാൻ ഇ.എം.എസ്, പി.വി.കുഞ്ഞുണ്ണിനായർ എന്നിവർക്കൊപ്പം ഇ.പി. ആഴ്ചകളോളം യാത്രചെയ്തു. പലദിവസവും പട്ടിണിയായിരുന്നു. കാരണം മുസ്ലിംലീഗുകാർ അക്കാലത്ത് ഗാന്ധിജിക്കും കോൺഗ്രസ്സിനുമെതിരെ രൂക്ഷമായ നിലപാടാണെടുത്തിരുന്നത്. അംഗങ്ങളെ ചേർക്കാനുള്ള ഈ യാത്രയോടെയാണ് വള്ളുവനാട്ടിൽ എല്ലാ പ്രദേശത്തും കോൺഗ്രസ് യൂണിറ്റുകളുണ്ടായത്. എം.പി.ഗോവിന്ദമേനോൻ പ്രസിഡണ്ടും ഇ.പി. ഗോപാലൻ സെക്രട്ടറിയുമായി വള്ളുവനാട്ടിൽ ആദ്യത്തെ കോൺഗ്രസ് കമ്മിറ്റിയുമുണ്ടായി. എ.ഐ.സി.സി. പ്രസിഡണ്ടായ ബാബു രാജേന്ദ്രപ്രസാദിന്റെ പര്യടനത്തിൽ വള്ളുവനാട്ടിലെ പരിപാടികളുടെ നേതൃത്വം ഇ.പി.ക്കായിരുന്നു.
ജന്മിത്തവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി മലബാർ കളക്ടർക്ക് നിവേദനം നൽകാൻ 1938 മധ്യത്തിൽ കാസർക്കോട്ടുനിന്നും പാലക്കാട്ടെ കഞ്ചിക്കോട്ടുനിന്നും ഓരോ ജാഥ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ജന്മിത്തവിരുദ്ധസമരത്തിൽ കേരളത്തിലെ കർഷകമുന്നേറ്റത്തിൽ ആവേശകരമായ ഒരധ്യായം സൃഷ്ടിച്ച ജനമുന്നേറ്റമായിരുന്നു അത്. കഞ്ചിക്കോട്ടുനിന്നുള്ള തെക്കേമലബാർ ജാഥ നയിച്ചത് ഇ.പി.യായിരുന്നു. ജാഥയ്‌ക്ക് കൊണ്ടോട്ടിക്കടുത്ത് ഒരു സ്ഥലത്ത് സ്വീകരണം ലഭിച്ചപ്പോൾ ഒരു മുസ്ലിം ചെറുപ്പക്കാരൻ വേദിയിലെത്തി ഇ.പി.യോടു പറഞ്ഞു, മലബാർ കലാപത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മകനാണ് ഞാൻ‐ വള്ളുവമ്പ്രത്തെ ആ സ്മാരകം പൊളിച്ചു നീക്കണം‐ ഹിച്ച്കോക്കിന്റെ സ്മാരകമാണത്. ക്രൂരതയുടെ പര്യായമായ കളക്ടറാണ് ഹിച്ച്കോക്ക്. ആ യുവാവിന്റെ അഭ്യർഥന വൃഥാവിലായില്ല. ആ സ്മാരകസ്തൂപം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പ്രചാരണംനടത്താൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും തീരുമാനിച്ചു. സി.എസ്.പി. തീരുമാനത്തെ തുടർന്ന് ഹിച്ച്കോക്ക് സ്മാരകവിരുദ്ധ പ്രചാരണത്തിന് ജാഥകൾ നടന്നു. ആ ജാഥകളിലുടനീളം പ്രസംഗിച്ചത് എ.കെ.ഗോപാലനും ഇ.പി.ഗോപാലനുമാണ്. ഒടുവിൽ 1969‐ൽ ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് നരാധമനായ ഹിച്ച്കോക്കിന്റെ സ്മാരകസ്തൂപം പൊളിച്ചുമാറ്റി അവിടെ ബസ് കാത്തിരിപ്പുകേന്ദ്രം പണിതത്.
കർഷകസംഘത്തിന്റെയും സി.എസ്.പി.യുടെയും പ്രവർത്തനത്തിന്റെ ഭാഗമായി സാംസ്കാരികരംഗത്തും ഇ.പി. ശ്രദ്ധയൂന്നി. കെ.ദാമോദരന്റെ പാട്ടബാക്കി നാടകം കൊടുമുണ്ടയിലെ കർഷകസമ്മേളനവേദിയിൽ അവതരിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും ആ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയുംചെയ്തു. പാട്ടബാക്കിയിൽ ചില വേദികളിൽ വേഷമിടുകയും ചെയ്തു. തന്റെ രാഷ്ട്രീയ ശിഷ്യനായ ചെറുകാടിന്റെ നമ്മളൊന്ന് നാടകം സാക്ഷാത്കരിക്കുന്നതിൽ ഇ.പി.യുടെ പ്രേരണയും പ്രോത്സാഹനവുണ്ട്. പല വേദികളിൽ അവതരിപ്പിച്ചശേഷമാണ് പുസ്തകരൂപത്തിലുള്ള നമ്മളൊന്ന് യാഥാർഥ്യമായത്. നമ്മളൊന്നിൽ ഇ.പി.യും അഭിനേതാവായിരുന്നു.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണസമ്മേളനത്തിൽ പങ്കെടുത്ത ഇ.പി. അതിന്റെ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വള്ളുവനാട് താലൂക്കിൽ കമ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള ചുമതല പി.വി.കുഞ്ഞുണ്ണിനായർക്കും ഇ.പി.ക്കുമായിരുന്നു. സുന്ദരയ്യയും എസ്.വി.ഘാട്ടെയും ചെറുകരയിൽ ഇ.എം.എസ്സിന്റെ വീട്ടിലെത്തി ചർച്ചകൾ നടത്തുമ്പോൾ ഇ.പി.യും കുഞ്ഞുണ്ണിനായരും അവിടെയുണ്ടാകുമായിരുന്നു. 1939 ഡിസംബർ അവസാനം പിണറായിയിൽനടന്ന പാർട്ടി രൂപീകരണസമ്മേളനത്തിൽ ഇ.പി. പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘാടകനും നേതാവുമായതോടെ ജയിലിലോ ഒളിവിലോ ആയി ജീവിതം. യുദ്ധവിരുദ്ധപ്രവർത്തനത്തിന്റെ പേരിൽ 1940 ആദ്യം അറസ്റ്റ്ചെയ്യപ്പെട്ട ഇ.പി.യെ ഒന്നേമുക്കാൽ കൊല്ലത്തെ തടവിന് ശിക്ഷിച്ചു. എന്നാൽ 21 മാസമല്ല കൃത്യം രണ്ടുവർഷംതന്നെ അത്തവണ വിവിധ ജയിലുകളിലായി കഴിയേണ്ടിവന്നു. ജയിലധികൃതരുടെ മർദനനയത്തിനെതിരെ പ്രതിഷേധമുയർത്തിയതിന് മൂന്നുമാസത്തെ അധികതടവനുഭവിക്കേണ്ടിവരുകയായിരുന്നു. സ്കൂൾ വിദ്യാർഥിയായിരിക്കെ മദ്യഷാപ്പ് പിക്കറ്റ് ചെയ്തതിന് നാലരമാസം ജയിലിൽ കഴിയേണ്ടിവന്ന ഇ.പി.യെ 1932‐ലെ നിയമലംഘനസമരത്തിന്റെ പേരിൽ ഒമ്പത് മാസത്തെ തടവിന് ശിക്ഷിച്ചു. കണ്ണൂർ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ജയിൽഗേറ്റിൽവെച്ചുതന്നെ രാജ്യരക്ഷക്കെന്നപേരിൽ വീണ്ടും അറസ്റ്റ് ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ പൂഴ്ത്തിവെപ്പിനെതിരെ സമരം നയിച്ചതിന്റെ പേരിൽ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. വെല്ലൂർ ജയിലിൽ ലാത്തിച്ചാർജിൽ ഇ.പി.ക്ക്് ഗുരുതരമായി പരിക്കേറ്റു. ഒരു തടവുകാരനും വാർഡനും തമ്മിലുണ്ടായ വാക്കേറ്റമാണ് ലാത്തിച്ചാർജിൽ കലാശിച്ചത്. പരിക്കേറ്റ ഇ.പി.യടക്കമുള്ള തടവുകാരെ രാജമുണ്ട്രി ജയിലിലേക്ക് മാറ്റി.
ആകെ ഏഴുവർഷം ജയിലിലും മൂന്ന് വർഷം ഒളിവിലും. ബെല്ലാരി ജയിലിൽ കഴിയുമ്പോഴാണ് കെ.പി.ആറിനെ തൂക്കാൻ വിധിച്ച കാര്യം അറിയുന്നത്. കെ.പി.ആറും ഇ.പി.യുമെല്ലാം ജയിലിൽ വട്ടംകൂടിയിരുന്ന് പുകവലിച്ച് സൊറ പറയുന്നതിനിടയിലാണ് ജയിൽ സൂപ്രണ്ട്്് കെ.പി.ആറിനെ വിളിപ്പിക്കുന്നത്. തൂക്കിക്കൊല്ലാൻ മദ്രാസ് ഹൈക്കോടതി വിധിച്ച കാര്യം സൂപ്രണ്ട് പറഞ്ഞതുകേട്ട്് കെ.പി.ആറിന് യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല. വിവരമറിഞ്ഞശേഷം വാർഡന്മാരോടൊപ്പം തലയുയർത്തിപ്പിടിച്ച് പുഞ്ചിരിതൂകി കെ.പി.ആർ നടന്നുവരുന്ന ദൃശ്യം ഒരിക്കലും മറക്കില്ലെന്ന് ഇ.പി പിൽക്കാലത്ത് അനുസ്മരിക്കുകയുണ്ടായി. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ യാത്രപറയാൻ കണ്ടംഡ് സെല്ലിന്റെ പുറത്തുപോയി താൻ ദുഖത്തോടെ നിന്നപ്പോൾ പുഞ്ചിരിതൂകി തന്നെ ആശ്വസിപ്പിച്ച് യാത്രയയക്കുകയായിരുന്നു കെ.പി.ആർ. എന്നും ഇ.പി. അനുസ്മരിക്കുകയുണ്ടായി.
കെ.ദാമോദരൻ, എൻ.സി.ശേഖർ, എം.എസ്.ദേവദാസ് എന്നിവരെ വള്ളുവനാട് മേഖലയിൽ ഒളിവിൽ സംരക്ഷിക്കുക, അവർക്ക് വിവിധ സ്ഥലങ്ങളിൽ ഷെൽടർ സംഘടിപ്പിക്കുക എന്നീ ചുമതലകൾ ഇ.പി.ക്കായിരുന്നു. 1948‐ൽ പാർട്ടി നിരോധിക്കപ്പെട്ടതുമുതൽ ഇ.പി.യും ഒളിവിലായി. ഇ.പി.യെ തേടി വീട്ടിലെത്തിയ പോലീസ് ഇ.പി.യുടെ ജ്യേഷ്ഠനായ പമ്മുണ്ണിനായരെ അറസ്റ്റ് ചെയ്തു. കമ്യൂണിസ്റ്റുകാർക്ക് ഷെൽടറൊരുക്കിയതിന്റെ പേരിൽ പമ്മുണ്ണിനായരെ ഒരുവർഷത്തെ തടവിന് ശിക്ഷിച്ചു. മൂന്നരവർഷത്തോളമുള്ള ഒളിവുജീവിതത്തിന് ശേഷം ഇ.പി. പുറത്തുവന്നത് നാടകീയമായാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പാർട്ടിക്കുമേലുള്ള നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ വാറണ്ടുള്ളവർ, പിടികിട്ടാപ്പുള്ളികൾ എന്നിവരെയെല്ലാം കിട്ടിയാൽ അറസ്റ്റ്ചെയ്ത് ജയിലിലടക്കും‐ ഇതായിരുന്നു 1951 അവസാനകാലത്തെ അവസ്ഥ. ഒളിവിൽ കഴിയുന്നവർ പോലീസിന് കീഴടങ്ങാതെ പൊതുയോഗങ്ങളിൽ പ്രത്യക്ഷപ്പെടണമെന്നത് പാർട്ടിയുടെ നിർദേശമായിരുന്നു. പോലീസാകട്ടെ ഒളിവിൽകഴിയുന്നതിനിടയിൽത്തന്നെ പിടികൂടി ഞെളിയാനുള്ള ശ്രമത്തിലും. പട്ടാമ്പിയിൽ നടക്കുന്ന പൊതുയോഗത്തിൽ ഇ.പി. ഗോപാലൻ പ്രസംഗിക്കുമെന്ന് പാർട്ടി നോട്ടീസച്ചടിച്ച് പ്രചരിപ്പിച്ചു. പൊതുയോഗത്തിന് മുമ്പ് അറസ്റ്റ് ചെയ്യാൻ പോലീസ് നെട്ടോട്ടത്തിൽ. യോഗസ്ഥലത്തേക്കുള്ള എല്ലാ വഴിയിലും പോലീസ്. മൂവായിരത്തിലധികം പേർ പങ്കെടുത്ത പൊതുയോഗത്തിൽ കൊങ്ങാശ്ശേരി കൃഷ്ണൻ പ്രസംഗിച്ചുകൊണ്ടുനിൽക്കുന്നു.വേദിക്കടുത്തടക്കം പോലീസുണ്ട്. മുണ്ടും ഷർട്ടും ധരിച്ച് തലേക്കെട്ടോടെ ഒരാൾ പെട്ടെന്ന് വേദിയിലെത്തി പ്രസംഗകനെ പിറകോട്ട് വലിച്ച് മാറ്റിനിർത്തി. ഞാനാണ് ഇ.പി.ഗോപാലൻ. ഹർഷാരവങ്ങൾക്കിടയിൽ ഇ.പി.യുടെ പ്രഖ്യാപനം. l