Friday, October 18, 2024

ad

Homeമുഖപ്രസംഗംശ്രീലങ്ക 
ചെങ്കൊടിക്കു കീഴിൽ

ശ്രീലങ്ക 
ചെങ്കൊടിക്കു കീഴിൽ

ശ്രീലങ്കയും ചുവന്നു. മാർക്സിസം–ലെനിനിസം പ്രത്യയശാസ്ത്രമായി അംഗീകരിക്കുന്ന ജനതവിമുക്തി പെരമുന (ജെവിപി)യുടെ നേതാവ് എകെഡി എന്നറിയപ്പെടുന്ന അനുര കുമാര ദിസനായകെ വൻ ഭൂരിപക്ഷത്തോടെയാണ് ശ്രീലങ്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടാം വട്ട വോട്ടെണ്ണലിലൂടെ ഒരാൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ വോട്ടെണ്ണലിൽ ആർക്കും 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം വട്ട വോട്ടെണ്ണൽ വേണ്ടി വന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ബാലറ്റിൽ മുൻഗണനാക്രമം രേഖപ്പെടുത്താനുള്ള സൗകര്യം നിലവിലുള്ളതുകൊണ്ട് ആദ്യ വോട്ടെണ്ണൽ നടന്ന സെപ്തംബർ 22നു തന്നെ രണ്ടാം വട്ട വോട്ടെണ്ണലും പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്താൻ സാധിച്ചു. എതിർപക്ഷത്തുനിന്ന് മത്സരിച്ച വലതുപക്ഷ സ്ഥാനാർഥികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ്, ദിസനായകെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ വട്ട വോട്ടെണ്ണലിൽ ദിസനായകെയ്ക്ക് 43.31 ശതമാനം വോട്ടു ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ സജിത് പ്രേമദാസയ്ക്ക് 32.76 ശതമാനം വോട്ടാണ് ലഭിച്ചത്. നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു (17.27% വോട്ട്). രണ്ടാം വട്ട വോട്ടെണ്ണലിൽ 55.89% വോട്ടുനേടിയാണ് ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടത്.

നാഷണൽ പീപ്പിൾസ് പവർ എന്ന 20 പാർട്ടികളും ബഹുജന സംഘടനകളും ഉൾപ്പെടുന്ന പുരോഗമന മുന്നണിയുടെ സ്ഥാനാർഥിയായാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ദിസനായകെ മത്സരിച്ചത്. 2019ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജെവിപി മുൻ കെെയെടുത്താണ് ഈ മുന്നണി രൂപീകരിച്ചത്. മുന്നണിയിലെ പ്രധാന കക്ഷിയും മുഖ്യശക്തിയും ജെവിപി തന്നെയാണ്.

1960കളിൽ ലോക കമ്യൂണിസ്റ്റു പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പിനെ തുടർന്ന് സിലോണിലെ കമ്യൂണിസ്റ്റു പാർട്ടി സോവിയറ്റ് പക്ഷമായും ചെെന പക്ഷമായും ഭിന്നിച്ചതിന്റെ പശ്ചാത്തലത്തിലാണ് മൂന്നാമതൊരു കമ്യൂണിസ്റ്റു പാർട്ടിയായി ജനതവിമുക്തി പെരമുന (ജനകീയ വിമോചന മുന്നണി) 1965ൽ രൂപപ്പെട്ടത്. 1971ലും 1987–89ലും രണ്ട് സാഹസികമായ സായുധ കലാപങ്ങൾക്ക് നേതൃത്വം നൽകിയ, അതിന്റെ ഫലമായി രൂക്ഷമായ അടിച്ചമർത്തൽ നേരിട്ട പശ്ചാത്തലവും ഇൗ പാർട്ടിക്കുണ്ട്. എന്നാൽ തുടർന്ന് ഈ തീവ്രവാദപരവും അതിസാഹസികവുമായ നിലപാട് കെെവെടിഞ്ഞ് ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള സമരങ്ങളിലേക്കും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കും ചുവടുമാറ്റം നടത്തുകയായിരുന്നു ജെവിപി. 2004ൽ ചന്ദ്രിക കുമാരതുംഗയുടെ പാർട്ടിയുമായി സഖ്യത്തിലായ ജെവിപി പാർലമെന്റിൽ സീറ്റു നേടുകയുമുണ്ടായി. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിസനായകെ ആ മന്ത്രിസഭയിൽ കൃഷി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റിരുന്നു. ആ കാലത്തുതന്നെ വ്യക്തമായ ദിശാബോധമുള്ള മികച്ച ഭരണാധികാരിയാണ് താൻ എന്നു തെളിയിച്ച ദിസനായകെയാണ് ഇപ്പോൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

പാർലമെന്ററി രാഷ്ട്രീയത്തിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല ജെവിപിയുടെയും അതിന്റെ നേതാവ് ദിസനായകെയുടെയും പ്രവർത്തനം. നവലിബറലിസത്തിനും സാമ്രാജ്യത്വത്തിനും ശ്രീലങ്കൻ രാഷ്ട്രീയത്തിൽ നടമാടിയിരുന്ന കുടുംബാധിപത്യത്തിനും അഴിമതിക്കുമെതിരായ പോരാട്ടങ്ങളുടെ മുൻനിരയിൽ തന്നെയായിരുന്നു ജെവിപിയും ദിസനായകെയും. 2022ൽ ശ്രീലങ്കയെ പിടിച്ചു കുലുക്കിയ അരഗാലയ എന്നറിയപ്പെടുന്ന പ്രതിഷേധ പ്രക്ഷോഭത്തിന്റെ നേതൃതലത്തിലല്ലെങ്കിലും അതിലെ സജീവ സാന്നിധ്യമായിരുന്നു ജെവിപി. നവലിബറലിസത്തിനും അഴിമതിക്കുമെതിരായ ആ ജനമുന്നേറ്റത്തിന്റെ അനന്തരഫലമാണ് 2024ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ ജനവിധി.

2022ലെ ജനമുന്നേറ്റത്തിൽ അന്നത്തെ പ്രസിഡന്റ് ഗോതബയ രാജപാക്-സെ– തുരത്തിയോടിക്കപ്പെടുകയും രാജപാക്-സെയുടെ കുടുംബവാഴ്ചയ്ക്ക് തിരശീല വീഴുകയും ചെയ്തെങ്കിലും ആ തക്കത്തിൽ അധികാരത്തിൽ നുഴഞ്ഞു കയറിയ റെനിൽ വിക്രമസിംഗെ ശ്രീലങ്കൻ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരമായി ഐഎംഎഫ-ിനെ വായ്പയ്ക്കായി സമീപിക്കുകയാണുണ്ടായത്. 16 തവണ ശ്രീലങ്കയ്ക്ക് വായ്പ നൽകി നവലിബറൽ നയങ്ങൾ അടിച്ചേൽപ്പിച്ച ഐഎംഎഫിനെ തന്നെ വീണ്ടും 290 കോടി ഡോളറിന്റെ രക്ഷാപദ്ധതിക്കായി സമീപിച്ച വിക്രമസിംഗെ അവിടെ ഉയർന്നുവന്ന ജനമുന്നേറ്റത്തെ യഥാർഥത്തിൽ പിന്നിൽ നിന്നുകുത്തുകയാണുണ്ടായത്.

നവലിബറലിസത്തിനെതിരായ, ആഗോളധനമൂലധനത്തിന്റെ അധീശാധിപത്യത്തിനെതിരായ ജനമുന്നേറ്റമായിരുന്നു 2022 ൽ ശ്രീലങ്കയിൽ നടന്നത്. ആ ജനമുന്നേറ്റത്തിന്റെ കൃത്യമായ തുടർച്ച തന്നെയാണ് 2024ലെ ജനവിധി. ഇനിയും നവലിബറലിസത്തിന്റെ ചതിക്കുഴിയിൽ തങ്ങളെപ്പെടുത്താൻ പറ്റില്ലെന്ന ശ്രീലങ്കൻ ജനതയുടെ ദൃ-ഢപ്രഖ്യാപനമാണ് ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചത്. നവലിബറൽ നയങ്ങളുടെ യഥാർഥ ബദൽ, ജനപക്ഷ ബദൽ ഇടതുപക്ഷമാണെന്ന ശ്രീലങ്കൻ ജനതയുടെ തിരിച്ചറിവാണ് ഈ ജനവിധിയിൽ പ്രതിഫലിക്കുന്നത്. 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൂന്ന് ശതമാനം വോട്ടിൽ നിന്ന് 56 ശതമാനത്തോളം വോട്ടുനേടി ദിസനായകെയ്ക്ക് വിജയിക്കാനായത് കൃത്യമായ ഇടതുപക്ഷ ബദൽ ഉയർത്തിയതുമൂലമാണ്. ഭൂപരിഷ്കരണം അടക്കമുള്ള ജനകീയ മുദ്രാവാക്യങ്ങൾ ജെവിപിയുടെ തിരഞ്ഞെടുപ്പ് കാംപെയ്ന്റെ ഭാഗമായിരുന്നു.

അധികാരമേറ്റെടുത്തതിനെത്തുടർന്ന് അനുര കുമാര ദിസനായകെ നടത്തിയ പ്രസ്താവനയിൽ ജനങ്ങളുടെയാകെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഐഎംഎഫുമായുള്ളതുൾപ്പെടെ അന്താരാഷ്ട്ര കരാറുകൾ ശ്രീലങ്കൻ ജനതയുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. എന്നാൽ മുൻ സർക്കാരുകളുടെ കാലത്തെ കരാറുകളെല്ലാം റദ്ദാക്കുമെന്ന ഏറ്റുമുട്ടലിന്റെ പാതയല്ല, പക്വമായ നയതന്ത്രജ്ഞതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്നാൽ ജനങ്ങളുടെ പക്ഷത്ത്, ജനതാൽപ്പര്യം കണക്കിലെടുത്ത് മാത്രമേ മുന്നോട്ടുപോകൂയെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രിയായി ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്ന ഡോ. ഹരിണി അമരസൂര്യയെ നിയോഗിച്ചതിലൂടെയും തന്റെ കൃത്യമായ നിലപാടാണ് ദിസനായകെ വ്യക്തമാക്കുന്നത്.

പൊതുവെ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയാർജിച്ചാണ് ജെവിപി അധികാരത്തിൽ വന്നത്; മാത്രമല്ല, തോട്ടം തൊഴിലാളികളുടെ യൂണിയനും പുരോഗമന മഹിളാ സംഘടനയും ഉൾപ്പെടെ നാഷണൽ പീപ്പിൾസ് പവർ മുന്നണിയിൽ ഉൾപ്പെടുന്നുമുണ്ട്. എന്നാൽ ജെവിപിയുടെ മേൽ, അതിലെ ചില വിഭാഗങ്ങൾ 1980കളിൽ തമിഴ് ന്യൂനപക്ഷത്തിനെതിരായ വംശീയ കലാപത്തിൽ പങ്കെടുത്തതുമൂലമുണ്ടായ കറുത്ത പാടുണ്ട്. അതു കഴുകിക്കളയാൻ ദിസനായകെയുടെ ഭരണനടപടികളിലൂടെ കഴിയുമെന്ന്- നമുക്ക് പ്രതീക്ഷിക്കാം.

ലോകം വലതുപക്ഷത്തേക്കെന്ന മൂലധനശക്തികളുടെ പ്രചാരണത്തിനിടെയാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കു പിന്നാലെ ഏഷ്യയിൽ ഇന്ത്യക്ക് തൊട്ടടുത്ത് ശ്രീലങ്ക ഇടതുപക്ഷത്തേക്ക് ഉറച്ച കാൽവെപ്പോടെ നീങ്ങുന്നത്. ഇടതുപക്ഷത്തിന്റെ, തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ മുന്നേറ്റം തടയാൻ ധനമൂലധനം വംശീയതയെയും വർഗീയതയെയുമാണ് കൂട്ടുപിടിക്കുന്നത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും വംശീയ –വർഗീയവാദങ്ങൾക്കെതിരെ ജാഗ്രതയോടെയുള്ള നീക്കവും ദിസനായകെയുടെ ഭാഗത്തുനിന്നു നമുക്ക് പ്രതീക്ഷിക്കാം. ആത്യന്തികമായി ലോകം ഇടതുപക്ഷത്തേക്കുതന്നെയെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ശ്രീലങ്കയിലെ ജനവിധി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + fourteen =

Most Popular