Friday, October 18, 2024

ad

Homeകവര്‍സ്റ്റോറി16‐ാം ധനകാര്യ 
കമ്മീഷനും 
സംസ്ഥാനങ്ങളും

16‐ാം ധനകാര്യ 
കമ്മീഷനും 
സംസ്ഥാനങ്ങളും

ആർ മോഹൻ

സെപ്തംബർ 12-ന് അഞ്ചു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ഉദ്യോസ്ഥരും രാജ്യത്തെ അറിയപ്പെടുന്ന സാമ്പത്തികവിദഗ്ധരും തിരുവനന്തപുരത്ത് സമ്മേളിക്കുകയുണ്ടായി.

16-–ാം ധനകാര്യ കമ്മീഷന് മുൻപാകെ ഉയർത്തേണ്ട മുഖ്യ പ്രശ്നങ്ങൾ വിശദമായി യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. കേരളം, തമിഴ്നാട്, തെലങ്കാന, കർണ്ണാടകം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

എന്താണ് ഇന്ത്യൻ സംസ്ഥാനങ്ങൾ 16-–ാം ധനകാര്യ കമ്മീഷനുമുന്നിൽ ഉയർത്താൻ സാധ്യതയുള്ള മുഖ്യ ആവശ്യം?

നിലവിൽ കേന്ദ്ര നികുതിയുടെ (സർച്ചാർജ്, സെസ്റ്റ്, നികുതി പിരിക്കാനുള്ള ചെലവ് കുറച്ചുള്ളവ) 41 ശതമാനമാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കപ്പെടുന്നത്.

കഴിഞ്ഞ 10 വർഷ കാലയളവിൽ സർച്ചാർജ്, സെസ് എന്നിവ കേന്ദ്ര സർക്കാരിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 20 ശതമാനമായി ഉയർന്നിരിക്കുന്നു. ഇത് നേരത്തെ ഏകദേശം 10 ശതമാനമായിരുന്നു. ചുരുക്കത്തിൽ, സംസ്ഥാനങ്ങളുമായി വീതം വയ്ക്കുന്ന നികുതി സംഖ്യ ചുരുങ്ങിവരികയാണ്. ഇതിന്റെ ഫലമായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ധനകാര്യ അസന്തുലിതാവസ്ഥ വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പൊതുവിൽ പങ്കു വയ്ക്കപ്പെടുന്ന നികുതിയുടെ അനുപാതം 41 ശതമാനത്തിൽ നിന്നും 50 ശതമാനമാക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെടും. 15-–ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടുപ്രകാരം ആകെ നികുതിയുടെ 38 ശതമാനം മാത്രം സംസ്ഥാനങ്ങൾ പിരിക്കുമ്പോൾ മൊത്തം ചെലവിന്റെ 62 ശതമാനവും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടണമെങ്കിൽ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന നികുതിയുടെ അനുപാതവും 50 ശതമാനമായി ഉയർത്തണമെന്ന് കേരളം 15–-ാം ധനകാര്യ കമ്മീഷൻ മുൻപാകെ സമർപ്പിച്ച മെമ്മോറാണ്ഡത്തിൽ ആവശ്യപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും 16–-ാം ധനകാര്യ കമ്മീഷനു മുന്നിൽ ഈ ആവശ്യം ഉയരാനാണ് സാധ്യത.

സർച്ചാർജ്, സെസ് എന്നീ ഇനങ്ങളിൽ പിരിച്ചെടുക്കുന്നതു കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള കേന്ദ്രസഹായമായി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നു എന്ന വാദഗതി ഉയരുന്നുണ്ട്. ഇവിടെ ശ്രദ്ധേയമായ വസ്തുത ഈ സഹായം കർശന നിബന്ധനകളോടെയാണ് ലഭ്യമാകുന്നത് എന്നതാണ്. എന്നാൽ നികുതിവിഹിതമായി ലഭിച്ചാൽ അതിന് നിബന്ധനകൾ ഉണ്ടാകില്ല.

മറ്റൊരു പ്രധാന ആവശ്യം നികുതി വിഹിതം സംസ്ഥാനങ്ങൾക്കിടയിൽ വിതരണം ചെയ്യേണ്ട ഫോർമുല സംബന്ധിച്ചാണ്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ അഭിപ്രായ സമന്വയം ഉണ്ടാകുക നിലവിലെ സാഹചര്യത്തിൽ വിരളമാണ്. കോൺക്ലേവിൽ പങ്കെടുത്ത സംസ്ഥാനങ്ങളുടെ പരാതി അവരുടെ നികുതി വിഹിതം ക്രമാനുഗതമായി കുറഞ്ഞുവരുന്നു എന്നതാണ്. കേരളത്തിന്റെ കാര്യമെടുത്താൽ 11-–ാം ധനകാര്യ കമ്മീഷൻ ശിപാർശ പ്രകാരം 3.057 ശതമാനമായിരുന്ന നികുതി വിഹിതം (2000-–05) 2021-–26 ൽ 15-–ാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ 1.92 ശതമാനമായി കുറഞ്ഞു. കർണാടകമുൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ വിഹിതത്തിലും കുറവ് വന്നിട്ടുണ്ട്. പ്രതിശീർഷ വരുമാനത്തിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളുടെ കാര്യം പരിഗണിക്കുന്നതിനോടൊപ്പം ക്രമാനുഗതമായി നികുതി വിഹിതത്തിൽ ഇടിവ് നേരിടുന്ന സംസ്ഥാനങ്ങളുടെ പ്രശ്നങ്ങൾകൂടി കണക്കിലെടുക്കണമെന്ന ശക്തമായ ആവശ്യവും ഉയർന്നു വരുന്നുണ്ട്.

ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിനും ഉയർന്ന മാനവവിഭവ സൂചികകൾ കൈവരിക്കുന്നതിനും ഗണ്യമായപരിശ്രമം നടത്തിയ സംസ്ഥാനങ്ങൾക്കാണ് നികുതി വിഹിതത്തിൽ ഇടിവ് ഉണ്ടായിരിക്കുന്നത്. നേട്ടങ്ങൾ നിലനിർത്തുന്നതിനും പുതിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഈ സംസ്ഥാനങ്ങളെ സഹായിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ വിശകലനം ചെയ്ത് നികുതി വിതരണ ഫോർമുലയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. സംസ്ഥാനങ്ങൾക്കിടയിലെ നികുതി വിതരണത്തിൽ വരുന്ന അസന്തുലിതാവസ്ഥയ്ക്ക് പരമാവധി പരിഹാരം കാണുന്നതിന് ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ ഫലപ്രദമായി വിനിയോഗിക്കണമെന്ന അഭിപ്രായം ശക്തമാണ്.

അധികാര വികേന്ദ്രീകരണം കാര്യക്ഷമമായി നടപ്പാക്കിയത് തദ്ദേശസ്ഥാപനങ്ങൾക്ക് ഗ്രാന്റുകൾ അനുവദിക്കുമ്പോൾ ഒരു പ്രധാന ഘടകമായി പരിഗണിക്കേണ്ടതുണ്ട്. നിലവിൽ ജനസംഖ്യ, വിസ്തീർണം എന്നീ ഘടകങ്ങൾ മാത്രമാണ് പരിഗണിക്കുന്നത്. ഇത് അപര്യാപ്തമാണ്.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾ വിലയിരുത്തി ദുരന്ത നിവാരണത്തിന് നൽകുന്ന ഗ്രാന്റുകൾ വർദ്ധിപ്പിക്കമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്.

ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അടിസ്ഥാനശിലയാണ് ധനകാര്യ അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്നത്. അതിലേക്കുള്ള ചുവടുവയ്പാണ് സംസ്ഥാനങ്ങൾ ഈ പ്രശ്നങ്ങളെപ്പറ്റി നടത്തുന്ന കൂടിയാലോചന.

16-ാം ധനകാര്യ കമ്മീഷൻ മുൻപാകെ സംസ്ഥാനങ്ങൾക്ക് യോജിച്ച നിലപാടെടുക്കാൻ കഴിഞ്ഞാൽ അത് ഇന്ത്യൻ ധനകാര്യ ഫെഡറലിസത്തിൽ ഒരു പുതിയ അധ്യായം എഴുതിച്ചേ ർക്കലാവും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + twenty =

Most Popular